2011/02/25

എം.എ. ജോണിന്‌ അന്ത്യാഞ്‌ജലി


താന്‍‍ നട്ടുവളര്‍ത്തിയ ഇലഞ്ഞിച്ചോട്ടില്‍ എം.എ. ജോണിന്‌ അന്ത്യനിദ്ര


കുറവിലങ്ങാട്‌: ഒത്തുതീര്‍പ്പുകള്‍ക്കും വിട്ടുവീഴ്‌ചകള്‍ക്കും തയാറാകാതെ ആദര്‍ശരാഷ്‌ട്രീയത്തിനായി ജീവിതാന്ത്യംവരെ പോരാടിയ എം.എ. ജോണിന്‌ ആയിരങ്ങളുടെ അന്ത്യാഞ്‌ജലി. ഫെ 22നു് രാവിലെ ഹൃദയാഘാതത്തെത്തുടര്‍‍ന്നു് അന്തരിച്ച മുന്‍‍ കോണ്‍ഗ്രസ്‌ നേതാവും പരിവര്‍ത്തനവാദിയുമായിരുന്ന എം.എ ജോണിന്റെ മൃതദേഹം സഹപ്രവര്‍ത്തകരുടെയും സുഹൃത്തുക്കളുടെയും നാട്ടുകാരുടെയും സാന്നിധ്യത്തില്‍ കുര്യനാട്‌ മറ്റത്തില്‍ മാന്നുള്ളില്‍ വീടിനോടു ചേര്‍ന്നുള്ള വളപ്പില്‍ നട്ടുവളര്‍ത്തിയ ഇലഞ്ഞിമരച്ചുവട്ടില്‍ തയാറാക്കിയ കല്ലറയില്‍ മതപരമായ ചടങ്ങുകളൊഴിവാക്കി സംസ്‌കരിച്ചു. ഫെ 24നു് വൈകിട്ട്‌ നാലേകാലോടെയായിരുന്നു സംസ്‌കാരം. സംസ്‌കാരസമയത്തു കനത്ത മഴയായിരുന്നു.

മതാചാരങ്ങളില്‍നിന്ന്‌ അകന്നു നിന്നിരുന്ന എംഎ ജോണ്‍ മരിക്കുന്നതിനു മുന്‍പ്‌ മക്കളോടു നിര്‍ദേശിച്ചതനുസരിച്ചാണ്‌ വീടിന്റെ മുന്‍വശത്ത്‌ അദ്ദേഹംതന്നെ നട്ടുവളര്‍ത്തിയ ഇലഞ്ഞിമരച്ചുവട്ടില്‍ കല്ലറ ഒരുക്കിയത്‌. എം.എ. ജോണിന്റെ ഭാര്യ ലൂസിയാമ്മയും മൂത്ത മകള്‍ ജയശ്രീയും ചെറുമകളും പുഷ്‌പങ്ങള്‍ അര്‍പ്പിച്ചതോടെ മൃതദേഹം സംസ്‌കാരത്തിനായി പുറത്തേയ്‌ക്കെടുത്തു. കുടുംബാംഗങ്ങളും ബന്ധുക്കളും ചേര്‍ന്നാണ്‌ മൃതദേഹം കല്ലറയിലേക്ക്‌ ഇറക്കിയത്‌. തുടര്‍ന്ന്‌ എല്ലാവരും പുഷ്‌പങ്ങള്‍ വിതറി ആവേശകരമായ മുദ്രാവാക്യങ്ങള്‍കൊണ്ട്‌ കേരളത്തെ ഇളക്കിമറിച്ച ജനനേതാവിന്‌ കോരിച്ചോരിയുന്ന മഴയത്തും യാത്രാമൊഴിയേകാന്‍ ആയിരങ്ങള്‍ എത്തിയിരുന്നു. ജോണ്‍ നട്ടുവളര്‍ത്തിയ ഇലഞ്ഞിമരത്തിന്റെ ചുവട്ടില്‍ തയാറാക്കിയ കല്ലറയിലാണ്‌ മൃതദേഹം അടക്കം ചെയ്‌തത്‌.


സര്‍ക്കാരിനുവേണ്ടി മന്ത്രി ജോസ്‌ തെറ്റയില്‍ റീത്ത്‌ സമര്‍പ്പിച്ചു. പ്രതിപക്ഷ നേതാവ്‌ ഉമ്മന്‍ചാണ്ടി, എല്‍.ഡി.എഫ്‌. കണ്‍വീനര്‍ വൈക്കം വിശ്വന്‍, കെ.പി.സി.സി.-ഐ പ്രസിഡന്റ്‌ രമേശ്‌ ചെന്നിത്തല, കേരള കോണ്‍ഗ്രസ്‌(എം) ചെയര്‍മാന്‍ കെ.എം. മാണി, കോണ്‍ഗ്രസ്‌ -ഐ നേതാവ്‌ വി.എം. സുധീരന്‍, സമാജവാദി ജനപരിഷത്ത് അഖിലേന്ത്യാ സെക്രട്ടറി ജോഷി ജേക്കബ്, സമാജവാദി ജനപരിഷത്ത് സംസ്ഥാന ജനറല്‍‍ സെക്രട്ടറി എബി ജോണ്‍‍ വന്‍‍നിലം, എം കുര്യന്‍‍, ഗാന്ധി സ്മാരക സേവാകേന്ദ്രം (കോട്ടയം) എന്നിവര്‍ റീത്ത്‌ സമര്‍പ്പിച്ചു.


മലങ്കര ഓര്‍‍ത്ത‍ഡോക്സ് സുറിയാനി സഭയുടെ കണ്ടനാടു് കിഴക്കു് ഭദ്രാസന മെത്രാപ്പോലീത്ത ഡോ. തോമസ്‌ മാര്‍ അത്താനാസിയോസ്‌, റവ. ഡോ. ജോസഫ്‌ മലേപ്പറമ്പില്‍, മുന്‍ മേഘാലയ ഗവര്‍ണര്‍ എംഎം ജേക്കബ്‌, മുന്‍ മന്ത്രിമാരായ ടി.യു. കുരുവിള, എ. നീലലോഹിതദാസന്‍നാടാര്‍, എ.സി. ഷണ്‍മുഖദാസ്‌, ടി.എച്ച്‌. മുസ്‌തഫ, ഡോ. എം.എ. കുട്ടപ്പന്‍, കെപിസിസി-ഐ വക്‌താവ്‌ എം.എം. ഹസന്‍, എം.എല്‍.എമാരായ കെ. മുഹമ്മദാലി, ഡൊമിനിക്‌ പ്രസന്റേഷന്‍, തോമസ്‌ ചാഴികാടന്‍, മോന്‍സ്‌ ജോസഫ്‌, കെ.സി. ജോസഫ്‌, വി.എന്‍. വാസവന്‍, മുന്‍ എം.പി.മാരായ കെ. സുരേഷ്‌കുറുപ്പ്‌, ഫ്രാന്‍സീസ്‌ ജോര്‍ജ്‌, കെ.പി.സി.സി. ജനറല്‍ സെക്രട്ടറിമാരായ ജോസഫ്‌ വാഴയ്‌ക്കന്‍, ലതികാ സുഭാഷ്‌, റോസമ്മ ചാക്കോ, മുന്‍ സ്‌പീക്കര്‍ എ.സി. ജോസ്‌, മുന്‍ ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ടി.എന്‍. രമേശന്‍, പ്രഫ. കെ.കെ. എബ്രാഹം, കുര്യന്‍ ജോയി, ബെന്നി ബഹനാന്‍, ഡോ. സെബാസ്‌റ്റിയന്‍ പോള്‍, എം.സി ജോസഫൈന്‍, കെ.എം.ഐ മേത്തര്‍, കെ.ബി മുഹമ്മദ്‌കുട്ടി, ഡോ. എ.ടി ദേവസ്യ, ഡോ. എം. ഗംഗാധരന്‍, സിവിക്‌ ചന്ദ്രന്‍, ജോസഫ്‌ പുലിക്കുന്നേല്‍ എം.സി. ജോസഫൈന്‍ തുടങ്ങി ജീവിതത്തിന്റെ നാനാതുറകളില്‍പെട്ട ഒട്ടേറെ പ്രമുഖര്‍ അന്ത്യാഞ്‌ജലി അര്‍പ്പിക്കാനെത്തിയിരുന്നു.

ജൈവദർശനം: ജോൺ....നികത്താനാകാത്ത നഷ്ടം...

തെരഞ്ഞെടുപ്പ്‌ ചെലവ്‌ പരിധി ഉയര്‍ത്തി

നവദല്‍ഹി: ലോക്‌സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ സ്‌ഥാനാര്‍ഥികള്‍ക്കു് ചെലവഴിയ്ക്കാവുന്ന തുകയുടെ പരിധി കേന്ദ്രസര്‍ക്കാര്‍ വര്‍ധിപ്പിച്ചു. ലോക്‌സഭാ സ്‌ഥാനാര്‍ഥികള്‍ക്കു് ഇനി മുതല്‍ 40 ലക്ഷം രൂപയും നിയമസഭാ സ്‌ഥാനാര്‍ഥികള്‍ക്കു് 16 ലക്ഷം രൂപയും ചെലവഴിയ്ക്കാം. ഇതുവരെ ഇതു് 25 ലക്ഷം രൂപയും 10 ലക്ഷം രൂപയുമായിരുന്നു. രാഷ്‌ട്രീയകക്ഷികളുടെ നിരന്തര ആവശ്യത്തേത്തുടര്‍ന്നാണു്‌ തെരഞ്ഞെടുപ്പ്‌ ചെലവിന്റെ പരിധി ഉയര്‍ത്തിയത്‌.