2013/02/18

പ്രകൃതിചൂഷണം പ്രശ്‌നങ്ങള്‍ക്ക് കാരണം: ഒ.വി.ഉഷ


കോട്ടയം, ഫെ.15: ശാസ്ത്രത്തെ അനാവശ്യമായി ഉപയോഗിച്ച് പ്രകൃതിയെ നശിപ്പിക്കുകയാണെന്നും പ്രകൃതിയുടെ മേല്‍ നടത്തുന്ന ക്രമംതെറ്റിയ ചൂഷണമാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമെന്നും ഒ.വി.ഉഷ പറഞ്ഞു. സമാജവാദി ജനപരിഷത്ത് സംസ്ഥാനസമിതി പശ്ചിമഘട്ട കര്‍ഷക സംരക്ഷണ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍. സമാജവാദി ജനപരിഷത്ത് ദേശീയ ജനറല്‍ സെക്രട്ടറി അഡ്വ. ജോഷി ജേക്കബ് അധ്യക്ഷത വഹിച്ചു.

മാധവ് ഗാഡ്ഗില്‍ റിപ്പോര്‍ട്ട് വായിക്കാത്തവരാണ് അതിനെ തള്ളിപ്പറയുന്നതെന്ന് കണ്‍വെന്‍ഷനില്‍ സംസാരിച്ച ജൈവവൈവിധ്യ ബോര്‍ഡ് മുന്‍ അധ്യക്ഷന്‍ ഡോ. വി.എസ്.വിജയന്‍ പറഞ്ഞു. ആറ് സംസ്ഥാനങ്ങളുടെ അതിജീവനത്തിന്റെ പ്രശ്‌നമാണ്. ഇവയുടെ നിലനില്‍പ്പിനും വികസനത്തിനും പശ്ചിമഘട്ടമലനിരകളുടെ സംരക്ഷണം ആവശ്യമാണ്. ഒരോ മേഖലയിലെയും വിദഗ്ദ്ധരുടെ അഭിപ്രായങ്ങളുടെ അടിസ്ഥാനത്തിലാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത് -അദ്ദേഹം പറഞ്ഞു.

ചെലവില്ലാ പ്രകൃതി കൃഷി സംസ്ഥാന കോ-ഓര്‍ഡിനേറ്റര്‍ എം.കുര്യന്‍, ഫ്രാന്‍സിസ് ഞാളിയന്‍, അഡ്വ. ജയമോന്‍ തങ്കച്ചന്‍, പരമ്പരാഗത മണ്‍പാത്ര നിര്‍മ്മാണ തൊഴിലാളി കെ.എം.ദാസ്, കണക്കംപാറ ബാബു, എബി ജോണ്‍ വന്‍നിലം എന്നിവര്‍ സംസാരിച്ചു.

അഡ്വ. ജോഷി ജേക്കബും എം. കുര്യനും ചേര്‍ന്നെഴുതിയ 'അതിജീവനത്തിന്റെ പലേക്കര്‍ കൃഷി'യെന്ന പുസ്തകം ചടങ്ങില്‍ ഒ.വി.ഉഷ പ്രകാശനം ചെയ്തു.
മാതൃഭൂമി