2014/03/13

യോഗേന്ദ്രജാലം


- സൂത്രധാരന്‍ - യോഗേന്ദ്ര യാദവ്
● തയ്യാറാക്കിയത്- ഫിറോസ് അലി

നിറകുടം തുളുമ്പില്ല എന്ന പഴഞ്ചൊല്ല് അന്വര്‍ഥമാണ് ആം ആദ്മി പാര്‍ട്ടി നേതാവ് യോഗേന്ദ്ര യാദവിന്റെ കാര്യത്തില്‍. അത്രയ്ക്കുണ്ട് പാകതയും പക്വതയും. തിരഞ്ഞെടുപ്പ് വിശകലന വിദഗ്ധനെന്നനിലയില്‍ വര്‍ഷങ്ങളോളം ചാനലുകളില്‍ നിറഞ്ഞുനിന്നിട്ടുണ്ട്.

ക്യാമറകള്‍ക്കുവേണ്ടിയുള്ള വിനയ പ്രകടനവും കൃത്രിമ ചിരിയും പക്ഷേ, കൂടെക്കൂട്ടിയില്ല. മാന്യത രാഷ്ട്രീയക്കാരന് അധിക അലങ്കാരമാണെന്നു യാദവ് പറയാതെ പറയുന്നു. എണ്ണപ്പെട്ട അക്കാദമീഷ്യനും ബുദ്ധിജീവിയുമാണെങ്കിലും മണ്ണില്‍ ചവിട്ടിയാണ് നടപ്പ്. കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പില്‍ രാഹുല്‍ ഗാന്ധി ഉപദേശം തേടിയിരുന്ന വിദഗ്ധരിലൊരാളായിരുന്നു. ഇത്തവണ ഡബിള്‍ റോളില്‍. ആം ആദ്മി പാര്‍ട്ടിയുടെ പ്രധാന ബുദ്ധികേന്ദ്രമായി അണിയറയില്‍. ഹരിയാനയിലെ ഗുഡ്ഗാവില്‍ പാര്‍ട്ടി സ്ഥാനാര്‍ഥിയായി അരങ്ങില്‍.

അരവിന്ദ് കേജ്‌രിവാള്‍ ചീഫ് കമാന്‍ഡറായ ആം ആദ്മി പാര്‍ട്ടിയുടെ സെക്കന്‍ഡ് ലഫ്റ്റനന്റാണു യോഗേന്ദ്ര യാദവ്. ഹരിയാനയില്‍ ജനിച്ചു എന്നതില്‍ തീരുന്നു ഇരുവരും തമ്മിലുള്ള സാമ്യം. മെക്കാനിക്കല്‍ എന്‍ജിനീയറിങ്ങില്‍ ഐഐടി ബിരുദധാരിയാണു കേജ്‌രിവാള്‍. യാദവ് പഠിച്ചതും ശ്വസിച്ചതും സാമൂഹിക ശാസ്ത്രം. അതില്‍ത്തന്നെ, രാഷ്ട്രീയ മീമാംസയോട് വല്ലാത്തൊരു അഭിനിവേശമുണ്ട്. താന്‍ പിടിച്ച മുയലിന് മൂന്നു കൊമ്പ് എന്ന ശാഠ്യക്കാരനാണ് കേജ്‌രിവാള്‍.

വിശാലമായ ജനാധിപത്യ ബോധമാണ് യാദവിന്റെ മുഖമുദ്ര. അഭിപ്രായങ്ങള്‍ മൂര്‍ച്ചയോടെ പറയുമ്പോഴും വിയോജിപ്പുകള്‍ക്ക് അര്‍ഹമായ പരിഗണന നല്‍കുന്ന പ്രതിപക്ഷ ബഹുമാനം. വിവാദങ്ങളില്‍ വിശ്വാസമേയില്ല. സംവാദ പ്രിയന്‍. എഴുതിയ പുസ്തകങ്ങളെല്ലാം ജനാധിപത്യത്തെക്കുറിച്ചായതില്‍ അദ്ഭുതപ്പെടാനൊന്നുമില്ല. മാധ്യമങ്ങളില്‍ പയറ്റിത്തെളിഞ്ഞവര്‍ ആം ആദ്മി പാര്‍ട്ടിയില്‍ അനവധിയുണ്ടെങ്കിലും, മുഖ്യ വക്താവ് യോഗേന്ദ്ര യാദവാണ്. എന്തുപറയണമെന്നല്ല, എന്തൊക്കെ പറയരുത്, എങ്ങനെ പറയണം എന്നതിലും നല്ല ബോധ്യമുണ്ട്.

രാജസ്ഥാന്‍ സര്‍വകലാശാലയില്‍ ബിരുദം, ഡല്‍ഹി ജെഎന്‍യുവില്‍ എംഎ, പഞ്ചാബ് സര്‍വകലാശാലയില്‍ എംഫില്‍, അവിടെത്തന്നെ പ്രഫസറായി കുറച്ചുകാലം. പിന്നീട് സെന്റര്‍ ഫോര്‍ സ്റ്റഡി ഓഫ് ഡവലപ്പ്മെന്റ് സയന്‍സില്‍ (സിഎസ്ഡിഎസ്) സീനിയര്‍ ഫെലോ. ജനാധിപത്യ പഠനത്തിനായുള്ള സിഎസ്ഡിഎസ് ലോക്നീതി ഗവേഷണ പദ്ധതിയുടെ സ്ഥാപക ഡയറക്ടര്‍.

വിവിധ ദേശീയ ചാനലുകള്‍ക്കായി തിരഞ്ഞെടുപ്പ് സര്‍വേകള്‍ നടത്തി. ഇതിനിടെ, യുപിഎ സര്‍ക്കാര്‍ രണ്ടു പ്രധാന പദവികള്‍ നല്‍കി. വിദ്യാഭ്യാസ അവകാശ നിയമവുമായി ബന്ധപ്പെട്ട ദേശീയ ഉപദേശക സമിതിയിലുള്‍പ്പെടുത്തി. യുജിസി അംഗമാക്കി. എഎപിയില്‍ ചേര്‍ന്നതിനെത്തുടര്‍ന്ന്, താല്‍പര്യ സംഘര്‍ഷം ചൂണ്ടിക്കാട്ടി യുജിസിയില്‍നിന്നു പുറത്താക്കി—വ്യക്തിപരമായ നഷ്ടത്തോടെയാണ് രാഷ്ട്രീയത്തിലേക്കു ഹരിശ്രീ കുറിച്ചത്.

ലോഹിയന്‍ സോഷ്യലിസത്തിന്റെ വക്താവായ മുന്‍ എംപി കിഷന്‍ പട്നായിക്ക് ആണ് രാഷ്ട്രീയ ഗുരു. കിഷന്‍, സമാജ്‌വാദി ജന്‍പരിഷത് എന്ന രാഷ്ട്രീയ പാര്‍ട്ടിക്കു രൂപം നല്‍കിയപ്പോള്‍ അതിന്റെ അണിയറക്കാരനായി. ചെറുതും വലുതുമായി അനവധി സാമൂഹിക സമരങ്ങളില്‍ പങ്കെടുത്തു.

ജന്‍ലോക്പാല്‍ ബില്ലിനായി അണ്ണാ ഹസാരെ സമരം നടത്തിയ കാലത്താണ് കേജ്‌രിവാള്‍ സംഘവുമായി അടുക്കുന്നത്. വേദിയില്‍ പ്രസംഗിക്കാനെത്തിയ അതിഥിയായിട്ടായിരുന്നു തുടക്കം. രാഷ്ട്രീയ മൃഗമെന്നു സ്വയം വിശേഷിപ്പിക്കുന്ന യാദവാണ്, സന്നദ്ധ സംഘമായിരുന്ന കേജ്‌രിവാള്‍ ടീമിനെ രാഷ്ട്രീയത്തിലേക്കു വഴിതെളിച്ചത്. നയരൂപവത്കരണത്തിന്റെ ചുമതലയേറ്റെടുത്ത് പാര്‍ട്ടിയുടെ താത്വികാചാര്യ പദവി ഭംഗിയാക്കുകയും ചെയ്തു.

ഡല്‍ഹി തിരഞ്ഞെടുപ്പ് ഗോദയില്‍ ഇറങ്ങുന്നതിനെക്കുറിച്ച് സാക്ഷാല്‍ കേജ്‌രിവാളിനുപോലും ശങ്കയുണ്ടായിരുന്നു. ജനങ്ങളുടെ പള്‍സ് അറിയാന്‍ യാദവിന്റെ കാര്‍മികത്വത്തില്‍ നടത്തിയ സര്‍വേയോടെയാണ് ആത്മവിശ്വാസത്തിന്റെ ചൂലെടുക്കാന്‍ അവര്‍ തീരുമാനിച്ചത്. ലോക്സഭ അങ്കം ഒരു തുടക്കമാണ്. ഒക്ടോബറിലാണ് ഹരിയാന നിയമസഭ തിരഞ്ഞെടുപ്പ്. ഡല്‍ഹിയില്‍ കേജ്‌രിവാള്‍ ചെയ്തത്, ഹരിയാനയില്‍ യോഗേന്ദ്ര യാദവിന്റെ നേതൃത്വത്തില്‍ കഴിയുമെന്നാണ് എഎപി അണികളുടെ ആത്മവിശ്വാസം.

കടപ്പാടു് മലയാള മനോരമ 2014 മാര്‍ച്ച് 11 പൂര്‍ണരൂപം ഇവിടെ