2017/05/01

സമാജവാദി ജനപരിഷത്ത് കമൽ ബാനർജി ദേശീയ പ്രസിഡന്റ്, അഫ്‌ലാത്തുൻ ജനറൽ സെക്രട്ടറി


കമൽ ബാനർജി


അഫ്‌ലാത്തുൻ

ജടേശ്വർ, (ജൽപായിഗുഡി ജില്ല, പശ്ചിമ ബംഗാൾ): സമാജവാദി ജനപരിഷത്തിന്റെ പതിനൊന്നാം ദ്വൈ വാർഷിക ദേശീയ സമ്മേളനം പുതിയ ദേശീയ പ്രസിഡന്റായി അഡ്വ. കമൽ ബാനർജിയെയും (പശ്ചിമ ബംഗാൾ) ജനറൽ സെക്രട്ടറിയായി അഫ്‌ലാത്തുനിനെയും (ഉത്തരപ്രദേശ്) രണ്ടു് വർഷത്തേയ്ക്കുള്ള ദേശീയ നിർവാഹക സമിതിയെയും തെരഞ്ഞെടുത്തു. പുതിയ ദേശീയ നിർവാഹക സമിതിയോഗംചേർന്നു് വൈസ് പ്രസിഡന്റുമാരായി അഡ്വ. നിഷ ശിവുർക്കർ മഹാരാഷ്ട്രം),ലിംഗരാജ് ആസാദ് (ഉഡീഷ) അജയ് ഖരെ (മദ്ധ്യപ്രദേശ്) എന്നിവരെയും ഖജാൻജിയായി ചന്ദ്രഭൂഷൺ ചൗദ്ധരിയെയും (ഝാർഖണ്ഡ്) സംഘടനാ സെക്രട്ടറിയായി രഞ്ജിത് റായിയെയും (പശ്ചിമ ബംഗാൾ) സെക്രട്ടറിയായി ഫാഗ് റാമിനെയും (മദ്ധ്യപ്രദേശ്) തെരഞ്ഞെടുത്തു. കേരളത്തിൽനിന്നുള്ള അഡ്വ. ജോഷി ജേക്കബ്ബ് ദേശീയ നിർവാഹക സമിതിയംഗമാണു്.
ജോഷി ജേക്കബ്ബ്

പശ്ചിമ ബംഗാളിലെ ജൽപായിഗുഡി ജില്ലയിലെ ജടേശ്വർ നഗരത്തിൽ സോഷ്യലിസ്റ്റ് നേതാവ് ചിത്തഡേയുടെ പേരുനല്കിയ സമ്മേളന സ്ഥലത്ത് ഏപ്രിൽ 29, 30 മെയ് 1 തിയ്യതികളിലായാണു് ദേശീയ സമ്മേളനം നടന്നതു്. സ്ഥാനമൊഴിയുന്ന ദേശീയ പ്രസിഡന്റ് അഡ്വ. ജോഷി ജേക്കബ്ബിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന സമ്മേളനം പ്രമുഖസോഷ്യലിസ്റ്റ് ചിന്തകനായ സച്ചിദാനന്ദ സിൻഹയാണു് ഉദ്ഘാടനം ചെയ്തതു്.

പുതിയ ജനറൽ സെക്രട്ടറി അഫ്‌ലാത്തുൻ, മഹാത്മാഗാന്ധിയുടെ പേഴ്‌സണൽ സെക്രട്ടറിയും സ്വാതന്ത്ര്യസമരസേനാനിയുമായിരുന്ന മഹാദേവ ദേശായിയുടെ മകനായ നാരായണദേശായിയുടെ മകനാണു്.