തിരുവനന്തപുരം, 2018 ജനുവരി 1: സാമൂഹിക സമത്വം കൈവരിക്കുന്നതിനാണ് സംവരണമെന്നും എന്നാൽ സംവരണത്തിനുള്ളിൽ ഉരുത്തിരിഞ്ഞിട്ടുള്ള അസന്തുലിതാവസ്ഥയും അസമത്വവും പരിഹരിച്ച് സംവരണത്തെ കൂടുതൽ ചലനാത്മകമാക്കണമെന്നും സമാജവാദി ജനപരിഷത്ത് മുൻ ദേശീയ അദ്ധ്യക്ഷനും ദേശീയ നിർവാഹക സമിതിയംഗവുമായ അഡ്വ. ജോഷി ജേക്കബ്ബ് അഭിപ്രായപ്പെട്ടു. പിണറായി സർക്കാരിന്റെ മുന്നാക്ക സമുദായ സംവരണ നയം സംവരണത്തിന്റെ ലക്ഷ്യങ്ങളെ അട്ടിമറിക്കുന്നതാണെന്നു് അദ്ദേഹം ചൂണ്ടിക്കാട്ടി.
സംവരണ ലക്ഷ്യങ്ങളെ അട്ടിമറിക്കുന്ന മുന്നാക്ക സമുദായ സംവരണ നയം പിൻവലിക്കുക, സമഗ്രമായ സംവരണ നയം ആവിഷ്‌ക്കരിച്ച് കാലോചിതമായി സംവരണം പരിഷ്‌ക്കരിക്കുക. ദലിത മുസ്ലീങ്ങൾ, ദലിത ക്രൈസ്തവർ, മറ്റു ശുപാർശിത വിഭാഗങ്ങൾ എന്നിവരെ പട്ടികജാതികളായി ഉൾപ്പെടുത്തുക, സംവരണത്തിനുള്ളിലെ അസന്തുലിതാവസ്ഥയും അസമത്വവും പരിഹരിക്കുക, പാർലമെന്റിലും നിയമസഭകളിലും, വനിതകൾക്ക് മൂന്നിലൊന്ന് സീറ്റുകൾ സംവരണം ചെയ്യുക, സാമ്പത്തിക സമത്വവും തൊഴിലും മനുഷ്യാന്തസ്സും ഉറപ്പുവരുത്തുന്ന വികസനനയംകൊണ്ടുവരിക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് സമാജവാദി ജനപരിഷത്ത് സെക്രട്ടേറിയേറ്റിനു മുമ്പിൽ സംഘടിപ്പിച്ച സത്യാഗ്രഹം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അഡ്വ. ജോഷി ജേക്കബ്.
സാമൂഹികമായ കാരണങ്ങളാൽ പിന്തള്ളപ്പെട്ട വിഭാഗങ്ങളുടെ പ്രാതിനിധ്യം ഉറപ്പാക്കുകയാണു് സംവരണത്തിന്റെ ലക്ഷ്യമെന്നും ദാരിദ്ര്യവും തൊഴിലില്ലായ്മയും പരിഹരിയ്ക്കേണ്ടത് വികസന നയത്തിലൂടെയാണെന്നും മുഖ്യപ്രഭാഷണം നടത്തിയസംസ്ഥാന ജനറൽ സെക്രട്ടറി എബി ജോൺ വൻനിലം പറഞ്ഞു.
സംസ്ഥാന ഉപാദ്ധ്യക്ഷൻ എം.എൻ. തങ്കപ്പൻ ആദ്ധ്യക്ഷം വഹിച്ചു. ജില്ലാ കൺവിനർ നെയ്യാറ്റിൻകര ബിനു സ്വാഗതവും രാജു കക്കാടംപള്ളി നന്ദിയും പറഞ്ഞു.