2018/03/26

ആദിവാസികളുടെ അവശേഷിക്കുന്നതും ഉദാരീകരണം കവർന്നെടുക്കും: ഷമീംമോദി



ഉദാരവൽക്കരണ നയങ്ങളുടെ കാലഘട്ടത്തിൽ ആദിവാസി ജനതയുടെ പ്രതിസന്ധികൾ എന്നവിഷയത്തിൽ സമാജവാദി ജനപരിഷത്ത് കേരളസംസ്ഥാനസമിതിയുടെ ആഭിമുഖ്യത്തിൽ 2018 മാർച്ച് 24 നു് തിരുവനന്തപുരം പ്രസ്സ്‌ക്ലബ് ഹാളിൽ സംഘടിപ്പിച്ച ഡോ. റാം മനോഹർ ലോഹിയാ ജന്മവാർഷിക പരിപാടിയിൽ മദ്ധ്യപ്രദേശസംസ്ഥാനത്തെ സോഷ്യലിസ്റ്റ് നേതാവും മുംബൈ ടാറ്റാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസിലെ ഫെലോയുമായ ഷമിം മേഘാനി മോദി സംസാരിയ്ക്കുന്നു. ഷീലാ ജഗധരൻ, സമാജവാദി ജനപരിഷത്ത് ദേശീയ നിർവാഹക സമിതിയംഗവുമായ ജോഷി ജേക്കബ്, നെയ്യാറ്റിൻകര ബിനു, കേരള ഹിസ്റ്ററി കോൺഗ്രസ്സ് ജനറൽ സെക്രട്ടറി ഡോ.എൻ.വി. ഗോപകുമാർ, അഡ്വ. ജയ്മോൻ തങ്കച്ചൻ, ഫ്രാൻസിസ് ഞാളിയൻ, കോവളം സുകുമാരി എന്നിവർ സമീപം.


തിരുവനന്തപുരം, മാർച്ച് 24 (കാലിക സമാചാരം) -
ആദിവാസികളുടെ അവശേഷിക്കുന്നതും ഉദാരീകരണം നയം മൂലം കവർന്നെടുക്കുമെന്ന് മദ്ധ്യപ്രദേശസംസ്ഥാനത്തെ സോഷ്യലിസ്റ്റ് നേതാവും മുംബൈ ടാറ്റാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസിലെ ഫെലോയുമായ ഷമിം മേഘാനി മോദി അഭിപ്രായപ്പെട്ടു. ഉദാരവൽക്കരണ നയങ്ങളുടെ കാലഘട്ടത്തിൽ ആദിവാസി ജനതയുടെ പ്രതിസന്ധികൾ എന്നവിഷയത്തിൽ സമാജവാദി ജനപരിഷത്ത് കേരളസംസ്ഥാനസമിതിയുടെ ആഭിമുഖ്യത്തിൽ 2018 മാർച്ച് 24 നു് തിരുവനന്തപുരം പ്രസ്സ്‌ക്ലബ് ഹാളിൽ സംഘടിപ്പിച്ച ഡോ. റാം മനോഹർ ലോഹിയാ ജന്മവാർഷിക പരിപാടിയിൽ സംസാരിയ്ക്കുകയായിരുന്നു അവർ.

ഉദാരവല്ക്കരണനയങ്ങളുടെഏറ്റവും വലിയഇരയായിമാറിയതു് ആദിവാസികളാണെന്നു് ഷമിം മോദി ചൂണ്ടിക്കാട്ടി. ഇന്ത്യ ഉദാരവൽക്കരണനയം സ്വീകരിച്ചതിനുശേഷമുള്ള ഏറ്റവും കൂടുതൽ വിദേശനിക്ഷേപവാഗ്ദാനമുണ്ടായതു് ഇരുമ്പ് ഐരു് ബോക്‌സൈറ്റ് ഖനനപദ്ധതികൾക്കായിരുന്നു. ഈ ഖനനപദ്ധതികൾക്കായി വിട്ടുകൊടുക്കുവാൻ കണ്ടെത്തിയതാകട്ടെ ബിഹാർ, ഝാർഖണ്ഡ്, ഛത്തീസ്ഗഢ് ഉഡീസ സംസ്ഥാനങ്ങളിലെ ആദിവാസി മേഖലകളും വനങ്ങളുമായിരുന്നു. ആദിവാസികളെ ബലമായി കുടിയോഴിപ്പിച്ചു് ധാതുവിഭവങ്ങളും വനവിഭവങ്ങളും ചുളുവിലയ്ക്കു കടത്തി ലാഭം കൊയ്യാൻ വ്യവസായികളും അവർക്കു് ഒത്താശ ചെയ്തു് വീതം പറ്റാൻ രാഷ്ട്രീയ- ഉദ്യോഗസ്ഥ പരിഷകളും ഉണ്ടാക്കിയ കൂട്ടുകെട്ടു് ആദിവാസിജനതകളുടെ ജീവിതം നരകതുല്യമാക്കിയെന്നു് ഷമിം മോദി പറഞ്ഞു. ഈ അനീതികൾക്കെതിരെ ജനാധിപത്യപരവും ഭരണഘടനാപരവുമായ മാർഗങ്ങളിലൂടെ നടന്ന നിയമഗിരി മലകളിലെ ചെറുത്തുനില്പിന്റെയും പോസ്‌കോ പദ്ധതിവിരുദ്ധസമരത്തിന്റെയും വിജയങ്ങൾ ലോകശ്രദ്ധനേടിയവയാണു്. ആദിവാസികളുടെ ജനാധിപത്യപരവും ഭരണഘടനാപരവുമായ മാർഗങ്ങളിലൂടെയുള്ള ചെറുത്തുനില്പിനുപകരം അവരെ സായുധസമര മാർഗങ്ങളിലേയ്ക്കു് തിരിച്ചുവിട്ട് സ്വാധീനമുണ്ടാക്കാൻ മാവോവാദികൾ ശ്രമിയ്ക്കുന്നതിനെയും മാവോവാദികളല്ലാത്ത ആദിവാസികളെയും അവരുടെ സമരങ്ങളെയും മാവോവാദികളെന്നുമുദ്രകുത്തി അടിച്ചമർത്തുന്ന ഭരണകൂടഭീകരതയെയും ആദിവാസിജനത നേരിടേണ്ടിവരുന്നു. ഇന്ത്യയുടെ ജനാധിപത്യഭരണഘടനയിലെ ആദിവാസിസംരക്ഷണമുറപ്പുവരുത്തുന്ന വകുപ്പുകൾ ഉപയോഗപ്പെടുത്തിക്കൊണ്ടു് ആദിവാസികൾ ഇപ്പോഴത്തെ പ്രതിസന്ധികളെ അതിജീവിയ്ക്കണമെന്നു് ഷമിം മോദി ആഹ്വാനം ചെയ്തു.

പ്രമുഖ സോഷ്യലിസ്റ്റ് നേതാവും സമാജവാദി ജനപരിഷത്ത് ദേശീയ നിർവാഹക സമിതിയംഗവുമായ ജോഷി ജേക്കബ് അദ്ധ്യക്ഷനായിരുന്നു. ദേശീയ മൽസ്യത്തൊഴിലാളി ഫോറം ജനറൽ സെക്രട്ടറി ടി. പീറ്റർ, കേരള ഹിസ്റ്ററി കോൺഗ്രസ്സ് ജനറൽ സെക്രട്ടറി ഡോ.എൻ.വി. ഗോപകുമാർ,കേരള കർഷക മുന്നണി സെക്രട്ടറി ഷീലാ ജഗധരൻ, ഫ്രാൻസിസ് ഞാളിയൻ, സി.സാവിത്രി, ബി.അയ്യപ്പൻ, കോവളം സുകുമാരി, മുരളിധരൻപിള്ള എന്നിവർ പ്രസംഗിച്ചു. തിരുവനന്തപുരം ജില്ലാ കൺവീനർ നെയ്യാറ്റിൻകര ബിനു സ്വാഗതവും, അഡ്വ. ജയ്മോൻ തങ്കച്ചൻ കൃതജ്ഞതയും പറഞ്ഞു. (കാലിക സമാചാരം, 2018 മാർച്ച് 24)
-0-




ജീവിയ്ക്കുന്ന രക്തസാക്ഷി

ഭർത്താവ് അനുരാഗ മോദിയോടൊപ്പം ശ്രമിക് ആദിവാസി സംഘടന സംഘടിപ്പിച്ചു് ആദിവാസികൾക്ക് വനത്തിലും മണ്ണിലും വെള്ളത്തിലുമുള്ള അവകാശത്തിനു വേണ്ടി 27 വർഷമായി പൊരുതിക്കൊണ്ടിരിക്കുന്ന സാമൂഹിക പ്രവർത്തകയാണു് ഷമിം മോദി (शमीम मोदी). 2009 ൽ ഉണ്ടായ വധശ്രമത്തെ മാരകമായ പരിക്കുകളോടെ അതിജീവിച്ച ഷമിം മോദി ജീവിയ്ക്കുന്ന രക്തസാക്ഷിയാണു്.
ആദിവാസി ഗോത്രജനങ്ങളുടെയും തൊഴിലാളികളുടെയും കേസുകൾ മദ്ധ്യപ്രദേശ് ഹൈക്കോടതിയിൽ നടത്തിയ അവർ ആദിവാസി ഗോത്രക്കാരെ അവരുടെ അവകാശങ്ങളെപ്പറ്റി പഠിപ്പിക്കുകയും അവരുടെ ക്ഷേമത്തിനു വേണ്ടി തന്റെ സംഘടനയിലൂടെ പ്രവർത്തിക്കുകയും ചെയ്തു

മഹാത്മാ ഗാന്ധിയുടെയും ലോകനായക് ജയപ്രകാശ് നാരായണന്റെയും ഡോ. അംബേഡ്കരിന്റെയും റാം മനോഹർ ലോഹിയയുടെയും ആദർശങ്ങൾക്കു വേണ്ടി പ്രവർത്തിയ്ക്കുന്ന ജനാധിപത്യ പ്രസ്ഥാനമായ സമാജവാദി ജനപരിഷത്തിന്റെ മദ്ധ്യപ്രദേശ് സംസ്ഥാന നേതാവാണു്. രണ്ടു് പ്രാവശ്യം നിയമസഭാ തെരഞ്ഞെടുപ്പിൽ മുൻ റവന്യൂ മന്ത്രി കമൽപട്ടേലിനെതിരെയും ഒരു പ്രാവശ്യം ലോകസഭാ തെരഞ്ഞെടുപ്പിലും മൽസരിച്ചു.

രാഷ്ട്രീയ പ്രവർത്തകരും ഉദ്യോഗസ്ഥ ഭരണക്കാരും തമ്മിലുള്ള അഴിമതി കൂട്ടുകെട്ട് ശ്രമിക് ആദിവാസി സംഘടനയും സമാജവാദിജന പരിഷത്തും പുറത്തു കൊണ്ടു വന്നു. ആദിവാസി ഗോത്രക്കാർക്ക് നേരെയുള്ള ക്രൂരതകളും ഖനന മാഫിയയും വനമാഫിയയുമായി സംസ്ഥാനത്ത് ഭരണത്തിലുള്ള ഭാരതീയ ജനതാപാർട്ടിയ്ക്കുള്ള ബന്ധവും ചൂണ്ടിക്കാട്ടി ഷമിം മോദി ജബൽപുർ ഹൈക്കോടതിയിൽ 4644-ആം നമ്പരായി ഒരു പൊതു താൽപര്യ ഹർജി (public interest litigation [PIL]) ഫയൽ ചെയ്തതു് ശ്രദ്ധിയ്ക്കപ്പെട്ട സംഭവമായിരുന്നു. താൻ അറസ്റ്റു് ചെയ്യപ്പെട്ടേക്കാം എന്ന ഭയം പൊതു താൽപര്യ ഹർജിയിൽ ഉടനീളം ഷമീം വ്യക്തമാക്കിയിരുന്നതിനാൽ ഷമിമിന്റെ ജീവിതത്തിനും സ്വാതന്ത്ര്യത്തിനും എതിരെയുള്ള ഭീഷണി പരിഗണിച്ച് ഹർജി തീർപ്പാക്കുന്നതു വരെ ഷമിമിനെ അറസ്റ്റ് ചെയ്യുന്നത് ഹൈക്കോടതി വിലക്കുകയും 2 സായുധ കാവൽക്കാരെ ഏർപ്പാടാക്കുകയും ചെയ്തിരുന്നു. 2008 ജൂലായ് 17 ന് ഈ പൊതു താൽപര്യ ഹർജിയിൽ ഹൈക്കോടതി ഉത്തരവായി. പോലീസ് കയ്യാമം വച്ച ആദിവാസി ഗോത്രക്കാരായ മൂന്ന് പേർക്കും നഷ്ടപരിഹാരം നൽകാൻ വിധിക്കുകയും പുതിയ ട്രൈബൽ റൈറ്റ് നിയമപ്രകാരമുള്ള വേരിഫിക്കേഷൻ നടപടിക്രമം കഴിയുന്നതുവരെ ആദിവാസി ഗോത്രക്കാരെ വനഭൂമിയിൽ നിന്ന് നീക്കം ചെയ്യരുതെന്നും അനധികൃത ഖനനത്തിലേർപ്പെട്ടിരിക്കുന്നവർക്കെതിരെ നടപടിയെടുക്കണമെന്നും ഉത്തരവാവുകയും ചെയ്തു. ഒരു നടപടിയും ഉണ്ടാകാത്തതിന്റെപേരിൽ ഷമിം കോടതിലക്ഷ്യ പരാതി നൽകിയപ്പോൾ രാഷ്ട്രീയ പ്രേരിതമായി ചുമത്തിയ കേസുകളുടെ പേരിൽ 2009 ഫെബ്രുവരിയിൽ ഷമിമിനെ അറസ്റ്റു് ചെയ്ത് 22 ദിവസം തടവറയിലടച്ചു.

2003-ലെ നിയമസഭാ തെരെഞ്ഞെടുപ്പിൽ ഭാരതീയ ജനതാ പാർട്ടി നേതാവ് കമൽ പട്ടേലിനെതിരെ (സംസ്ഥാന മുൻ റവന്യു മന്ത്രി) മത്സരിച്ചതുതൊട്ട് പോലീസ് ഷമിനെ വേട്ടയാടിത്തുടങ്ങിയതു്. തെരെഞ്ഞെടുപ്പു ഫലം പ്രഖ്യാപിച്ചയുടനെ തന്നെ 2003-ൽ ഷമിമിനെ പോലിസ് അറസ്റ്റു് ചെയ്തിട്ടു് മൂന്നു് ദിവസം കഴിഞ്ഞാണു് മോചിപ്പിച്ചതു്. 2009 ഫെബ്രുവരിയിലെ തടങ്കലും നിയമസഭാതെരഞ്ഞെടുപ്പുകഴിഞ്ഞയുടനെയായിരുന്നു. 2009 ജൂലൈ 23-ആം തീയതി മുംബൈയിലെ വസായിയിൽ വച്ചു് ഫ്‌ലറ്റിന്റെ വാച്ച്മാൻ കത്തികൊണ്ടു് കുത്തി കൊലപ്പെടുത്താൻശ്രമിച്ചു. മാരകമായ പരിക്കേറ്റ അവർ മരിച്ചെന്നുകരുതിയാണു് അക്രമി ഉപേക്ഷിച്ചുപോയതു്.

11--ആം പഞ്ചവത്സര പദ്ധതിയുടെ തയ്യാറെടുപ്പിനായുള്ള ട്രൈബൽ സബ് ഗ്രൂപ്പിലെ അംഗം, പേരുകേട്ട സാമൂഹിക പ്രവർത്തകനായിരുന്ന ബാബ ആംട്ടെയോടും മേധാപട്ക്കറോടുമൊപ്പം ജനസഹയോഗ് ട്രസ്റ്റിലെ ഒരു ട്രസ്റ്റി തുടങ്ങിയ നിലകളിലൊക്കെ അവർ പ്രവർത്തിച്ചിട്ടുണ്ടു്.

ദില്ലിയിലെ ലേഡി ശ്രീറാം കോളേജിൽ നിന്ന് ബിരുദാനന്തര ബിരുദവും മുംബൈയിലെ ടാറ്റാ ഇൻസ്‌റിറ്റിയൂട്ട് ഓഫ് സോഷ്യൽ സയൻസസ് (TISS) ൽ നിന്ന് എംഫിലും ഭോപാൽ സർവകലാശാലയിൽ നിന്ന് നിയമബിരുദവും നേടിയിട്ടുള്ള അഭിഭാഷകകൂടിയായ ഷമിമിന് 55 വയസ്സുണ്ട്.
--(കാലിക സമാചാരം, 2018 മാർച്ച് 24)


2018/03/23

ഡോ. റാം മനോഹർ ലോഹിയാ ജന്മവാർഷിക പ്രഭാഷണം തിരുവനന്തപുരത്ത്


ഷമിം മോദി (ഫയൽ ഫോട്ടോ)

തിരുവനന്തപുരം, 2018 മാർച്ച് 24 (കാലിക സമാചാരം) — സോഷ്യലിസ്റ്റ് നേതാവും മുംബൈ ടാറ്റാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസിലെ ഫെലോയുമായ ഷമിം മേഘാനി മോദി 2018 മാർച്ച് 24 ഉച്ചകഴിഞ്ഞ് നാലുമണിയ്ക്കു് തിരുവനന്തപുരം പ്രസ്സ്‌ക്ലബ് ഹാളിൽ ഡോ. റാം മനോഹർ ലോഹിയാ ജന്മവാർഷിക പ്രഭാഷണം നടത്തും. നവഉദാരവല്ക്കരണകാലഘട്ടത്തിൽ ആദിവാസിജനതയുടെ പ്രതിസന്ധികൾ എന്ന വിഷയത്തെ അധികരിച്ച് സമാജവാദി ജനപരിഷത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ചിട്ടുള്ള പ്രഭാഷണ പരിപാടി സമാജവാദി ജനപരിഷത്ത് ദേശീയ സചിവൻ അനുരാഗ് മോദി ഉദ്ഘാടനം ചെയ്യും.

പ്രമുഖ സോഷ്യലിസ്റ്റ് നേതാവും സമാജവാദി ജനപരിഷത്ത് ദേശീയ നിർവാഹക സമിതിയംഗവുമായ ജോഷിജേക്കബ് അദ്ധ്യക്ഷത വഹിയ്ക്കും. കേരള ഹിസ്റ്ററി കോൺഗ്രസ്സ് ജനറൽ സെക്രട്ടറി ഡോ.എൻ.വി. ഗോപകുമാർ, ദേശീയ മൽസ്യത്തൊഴിലാളി ഫോറം ജനറൽ സെക്രട്ടറി ടി. പീറ്റർ, ജനതാ ദളം യുണൈറ്റഡ് മുൻ സംസ്ഥാന കമ്മിറ്റിയംഗം മലയിൻകീഴ് ശശികുമാർ, കേരള കർഷക മുന്നണി സെക്രട്ടറി ഷീലാ ജഗധരൻ, ഫ്രാൻസിസ് ഞാളിയൻ, ജയ്‌മോൻ തങ്കച്ചൻ, ജനപരിഷത്ത് സംസ്ഥാന സെക്രട്ടറി എം എൻ തങ്കപ്പൻ, ദലിത ക്രൈസ്തവ മുന്നേറ്റ നേതാവു് പി.ഒ പീറ്റർ, ഷാജിമോൻ പി.കെ. , നെയ്യാറ്റിൻകര ബിനു എന്നിവർ സംസാരിയ്ക്കും.

ഡോ. റാം മനോഹർ ലോഹിയാ 108ആമത് ജന്മവാർഷികം മാർച്ച് 23നായിരുന്നു.

___