2021/07/21

പെഗാസസ്: സർവ്വം വിഴുങ്ങുന്ന അശരീരിയായ രാക്ഷസൻ

 ആദ്യ മോദി സർക്കാരിന്റെ കാലത്തെ തീഷ്ണമായ കർഷക സമരങ്ങളെ മധ്യപ്രദേശിലും രാജസ്ഥാനിലും നരേന്ദ്ര മോദി ഭരണത്തിന്റെ കീഴിൽ സംസ്ഥാന ബി.ജെ.പി. സർക്കാരുകൾ നിരായുധരായ കർഷകരുടെ നേരെ വെടിയുണ്ടകൾ പായിച്ചാണ് അടിച്ചമർത്തിയത്. സായുധമായ ഏറ്റുമുട്ടൽ അല്ലാതെ ജനങ്ങളെ പകൽ കൊള്ള നടത്തുകയും കോർപറേറ്റുകളുടെ പകൽ കൊള്ളയ്ക്ക് ഒത്താശ ചെയ്യുകയും ജനാധിപത്യ അവകാശങ്ങൾ പിച്ചി ചീന്തുകയും ചെയ്യുന്ന ഭരണാധികാരികൾക്ക് എതിരെ മറ്റൊരു മാർഗ്ഗവും ഇല്ലെന്ന് വരുന്നത് സാമൂഹികമായും രാഷ്ട്രീയമായും വലിയൊരു തകർച്ചയാണ് വരുത്തി വയ്ക്കുന്നത്.
ഇസ്രായേലി സൈബർ ആംസ് സംരംഭമായ എൻ.എസ്.ഒ. ഗ്രൂപ്പ് വികസിപ്പിച്ചെടുത്ത ചാരവൃത്തി നടത്തുന്നതിനുള്ള കമ്പ്യൂട്ടർ സോഫ്‍റ്റ് വെയറാണ് പെഗാസസ്. അതിന് ഏത് കമ്പ്യൂട്ടറിലും സ്മാർട്ട് ഫോൺ അല്ലെങ്കിൽ ഇന്റർനെറ്റ് കണക്ഷനുള്ള ഫോൺ ഇവയിലെല്ലാം നുഴഞ്ഞു കയറി വാസമുറപ്പിച്ച് അതിലെ ഫയൽ ഉൾപ്പെടെയുള്ള ഏതു വിവരങ്ങളും ചിത്രങ്ങളും മറ്റും ചോർത്തിയെടുക്കുവാൻ ശേഷിയുള്ളതാണ്.  ചാരവൃത്തിക്കുള്ള ആ സോഫ്‍റ്റ്‍വെയർ ലോകത്തിലെ സർക്കാരുകൾക്ക് മാത്രം നൽകുന്നതാണ്.
ലോകത്തുള്ള സകല ഭീകര സംഘടനകളെല്ലാം ചേർത്താലും അതിനെക്കാൾ ശക്തവും സൂക്ഷ്മമായ ഇടപെടലും നടത്തുവാൻ ശേഷിയുള്ള ഭീകര സ്വഭാവവും ഉൾച്ചേർന്ന ഒരു രാഷ്ട്ര ശക്തിയാണ് ഇസ്രാഈൽ. അമേരിക്കയിലെ ഏറ്റവും ശക്തരായ പണമിടപാട് സ്ഥാപനങ്ങളും മറ്റ് കോർപറേറ്റ് ബിസിനസ്സുകളും നിയന്ത്രിക്കുന്ന ഒരു വിഭാഗം ജൂതലോബി ഇസ്രാഈൽ രാഷ്ട്ര ശക്തിയുമായി കൂടിക്കുഴഞ്ഞതാണ്.
ലോകത്തിന്റെ പലഭാഗത്തുമുള്ള രാജ്യങ്ങളെയും ഭരണാധികാരികളെയും അട്ടിമറിക്കുവാനും മാറ്റിമറിക്കുവാനും ആ അമേരിക്കൻ കോർപറേറ്റ് ലോബിയ്ക്ക് ഇതുവരെ കഴിഞ്ഞിട്ടുണ്ട്. അവരുടെ നിയന്ത്രണത്തിലാണ് ലോകത്തിലെ ഏത് കാര്യത്തിലും സ്വമേധയാ കടന്നു ചെല്ലാൻ ശേഷിയുള്ള പെഗാസസ് എന്ന ചാരവൃത്തി സോഫ്റ്റ് വെയർ എന്ന് അറിയുമ്പോൾ അശരീരിയായ ആ രാക്ഷസീയ ശക്തിയുടെ ബലവും പ്രത്യാഘാതങ്ങളും എത്രമാത്രമെന്ന് തിരിച്ചറിയുവാൻ കഴിയുകയുള്ളൂ.
 നരേന്ദ്രമോദി സർക്കാരിൽ ഇൻഫർമേഷൻ ടെക്നോളജി വകുപ്പിന്റെ മന്ത്രി രവി ശങ്കർ പ്രസാദ് ചുമതലയിൽ ആയിരിക്കുമ്പോഴാണ് 2019 ൽ ഇന്ത്യ പെഗാസസ് വാങ്ങി ഉപയോഗിച്ചു തുടങ്ങിയത്. ഇന്ത്യക്ക് പുറത്തുള്ള ഏതെങ്കിലും ശത്രു രാജ്യങ്ങളുടെയോ ഭീകര സംഘടനകളുടെയോ വിവരങ്ങൾ ചോർത്തുകയെന്നതിനേക്കാൾ ഇന്ത്യക്ക് അകത്തുള്ള പ്രതിപക്ഷ നേതാക്കൾ, പത്രപ്രവർത്തകർ, ജഡ്ജിമാർ, സാമൂഹിക രാഷ്ട്രീയ പ്രവർത്തകർ, അഭിഭാഷകർ, തെരഞ്ഞെടുപ്പ് കമ്മീഷണർ തുടങ്ങിയ എല്ലാ മേഖലകളിലുള്ളവരും ഭരണാധികാരിയുടെ രഹസ്യ നോട്ടത്തിലായി. പെഗാസസ് സോഫ്റ്റ്വെയർ ഉപയോഗിച്ച് ഒരാളുടെ ഫോണിലും കമ്പ്യൂട്ടറിലും മൈക്രോഫോണും ക്യാമറയും സ്ഥാപിച്ച് വിവരങ്ങൾ ചോർത്തുവാനും കഴിയും.
ഫോണിലും കമ്പ്യൂട്ടറിലും എന്ത് വിവരങ്ങളും ഫയലുകളും നിക്ഷേപിക്കുവാനും പെഗാസസ് ചാര സോഫ്റ്റ് വെയർ ഉപയോഗപ്പെടുത്താം. ഒരാളെ ദേശദ്രോഹിയാക്കുന്നവിധം ദേശദ്രോഹപരമായ കാര്യങ്ങൾ കടത്തിവിട്ട് അധികാരികൾക്ക് ഇഷ്ടമുള്ളവരെ ഭീകര പ്രവർത്തകനാക്കി ശിക്ഷിപ്പിക്കുവാനും തുറുങ്കിൽ അടയ്ക്കുവാനും ആ സോഫ്‍റ്റ്‍വെയർ സഹായിക്കുന്നു.
ഫാ. സ്റ്റാൻ സാമി തന്റെ കമ്പ്യൂട്ടറിൽ അന്വേഷണ ഏജൻസി മാവോയിസ്റ്റ് ബന്ധങ്ങൾ കാണിക്കുന്ന ഫയലുകൾ കൃത്രിമമായി ചേർത്തതാണെന്ന് കോടതിയിൽ പറഞ്ഞത് നിസ്സഹായന്റെ ദീനരോദനമായി ഇന്ത്യയൊട്ടാകെ മുഴങ്ങുന്നു. നിരപരാധികളെ നിഷ്‌കരുണം കുറ്റവാളികളാക്കുന്ന മോദി സർക്കാരിന് ശുദ്ധജീവിതം നയിക്കുന്ന ആദിവാസികൾക്ക് നിസ്വാർത്ഥമായ സേവനം ചെയ്യുന്ന ഒരു പുരോഹിതനെപോലും ഇരയാക്കുവാൻ മടിയില്ല.
കുഷ്ഠ രോഗികൾക്ക് നിസ്വാർത്ഥമായി ജീവിതം സമർപ്പിച്ച ഗ്രഹാം സ്റ്റെയിൻസിനെയും രണ്ടു കുഞ്ഞുങ്ങളെയും ഹിന്ദുത്വ ഭീകരർ ചുട്ടുകരിച്ചു കൊലപ്പെടുത്തിയതിനോട് മാത്രമേ ഫാ. സ്റ്റാൻ സാമിയെ തുറുങ്കിൽ അടച്ചശേഷം കൃത്രിമമായി കമ്പ്യൂട്ടറിൽ ഫയൽ നിക്ഷേപിച്ചതിനെയും ജാമ്യം നിഷേധിച്ച് തടവറയിലിട്ട് കൊലപ്പെടുത്തിയതിനെയും സാമ്യപ്പെടുത്തുവാനുള്ളൂ. സർക്കാരിന്റെ ദുർബുദ്ധിയുടെ ആഴവും പരപ്പും അതിൽ പ്രകടമാണ്.
രാജ്യത്തെ ഞെട്ടിക്കുന്ന വിധം വിവരം ചോർത്തലിന് വിധേയമായവരുടെ വിവരങ്ങൾ പുറത്തുവന്നു കഴിഞ്ഞു. ദി വാഷിംഗ്ടൺ പോസ്റ്റ്, ദി ഗാർഡിയൻ, ലി മൊന്ദെ ഉൾപ്പെടെയുള്ള ലോകത്തെ പതിനാല് മാധ്യമങ്ങളിലൂടെ ഒരേ സമയം പുറത്തുവിട്ടിരിക്കുന്ന വിവരം അനുസരിച്ച് ഇന്ത്യയിൽ പ്രതിപക്ഷ നേതാക്കളുടെയും സഹായികളുടെയും വിവരങ്ങൾ ചോർത്തിയത് അധാർമ്മികവും ജനാധിപത്യ വിരുദ്ധവും ആണെങ്കിലും അധികാര ആർത്തിയുള്ള ഒരു ഭരണാധികാരിയിൽ നിന്ന് പ്രതീക്ഷിക്കാവുന്നതാണ്.
എന്നാൽ മോദിയെ കുറ്റവിമുക്തനാക്കിയ  തെരഞ്ഞെടുപ്പ് കമ്മീഷനിൽ അതിനോട് വിയോജിച്ച ഒരു കമ്മീഷണറുടെ ഫോണും സുപ്രീകോടതി ചീഫ് ജസ്റ്റീസിനെതിരെ പരാതിപ്പെട്ട സ്റ്റാഫിന്റെ ഫോണും ചോർത്തിയെന്ന് പറയുമ്പോൾ അധികാരത്തിലിരിക്കുന്നവരുടെ രഹസ്യനോട്ടത്തിൽ ഏതെല്ലാം ഉള്ളറകളാണ് തുറക്കുന്നതെന്ന് കാണാവുന്നതാണ്.
രാഷ്ട്രത്തിന്റെ എല്ലാ സ്തംഭങ്ങളും ഭരണാധികാരി  രഹസ്യമായി നീരിക്ഷിക്കുന്ന അവസ്ഥ  സമ്പൂർണ്ണമായ ഏകാധിപത്യത്തിന്റെ പെരുമ്പറയാണ് മുഴക്കുന്നത്. ഇന്ത്യയിൽ കഴിഞ്ഞ കാലങ്ങളിൽ ഉണ്ടായ ഏകാധിപത്യത്തിന്റെ  സ്വഭാവത്തിൽ നിന്ന് ഇപ്പോഴുണ്ടായിരിക്കുന്ന ഭീഷണിയുടെ വ്യത്യാസം പ്രത്യയശാസ്ത്ര അടിസ്ഥാനത്തിൽ ഫാഷിസ്റ്റ് സ്വഭാവത്തോടുകൂടിയ ഒരു സംഘടനയുടെ പിൻബലത്തിൽ സമഗ്രമായി സംഭവിക്കാവുന്നതാണെന്ന് എല്ലാവർക്കും അറിയാം.
സമ്പൂർണ്ണമായ അരാജകത്വവും സമ്പൂർണ്ണമായ ഏകാധിപത്യവും വിചിത്രമായി സമ്മേളിക്കുന്ന സാങ്കേതികവിദ്യയുടെ ഒരു അത്ഭുതമാണ് പെഗാസസ് ഉണ്ടാക്കിയിരിക്കുന്നത്.  പുറമെയുള്ള ജനാധിപത്യത്തിന്റെ പുറന്തോട് പൊട്ടിച്ച് ഏത് നേരവും ഫാഷിസ്റ്റ് ഏകാധിപത്യത്തിന്റെ കുഞ്ഞിനെ വിരിയിക്കുവാൻ ചരിത്രവും അക്കാദമിക മേഖലയും ദേശീയ പ്രതീകങ്ങളും തന്ത്രപ്രധാനമായ  സ്ഥാനങ്ങളും ഉൾപ്പെടെയുള്ളവയെല്ലാം മാറ്റി മറിക്കുന്ന തയ്യാറെടുപ്പുകൾ നടന്നു വരുമ്പോൾ ഏറെ ആശങ്കാ ജനകമാണ്.  സാമൂഹിക അസമത്വം ഊട്ടിയുറപ്പിക്കുന്ന ഹിന്ദുത്വ രാഷ്ട്രീയ ആശയങ്ങൾ മധുരം പൊതിഞ്ഞ് ജനങ്ങളെ കഴിപ്പിക്കുമ്പോൾ ഫാഷിസ്റ്റ് അടിച്ചമർത്തിലിന് അവകാശികളായി അധീശ വർഗവും ഉണ്ടാകും.
അവിശ്വാസവും വ്യക്തിഗതമായി മനസിലുളളത് യന്ത്രത്തിലാക്കിയത്, ആശയ വിനിമയം  എന്നിവ രഹസ്യമായി ചോർത്തിയെടുക്കുന്ന അവസ്ഥയും സ്വതന്ത്ര്യമായ പ്രവർത്തനങ്ങളെ തടയുന്നത് ജനാധിപത്യത്തിൽ സ്വതന്ത്രമായും നിർഭയമായും പ്രവർത്തിക്കേണ്ട പ്രതിപക്ഷം, മാധ്യമങ്ങൾ, നീതിന്യായ സംവിധാനം,  തെരഞ്ഞെടുപ്പ് കമ്മീഷൻ എന്നിവയെ നിശ്ചേതനമാക്കും. ജനാധിപത്യം രാഷ്ട്രം സ്തംഭിപ്പിക്കുകയാണ് നരേന്ദ്രമോദിയും അമിത് ഷായും ഉൾപ്പെടെയുള്ള ഭരണാധികാരികൾ ചെയ്യുന്നത്.
ലോകത്തെ ജനാധിപത്യ രാഷ്ട്രീയം പരിശോധിച്ചാൽ അത്തരം പ്രവർത്തികൾ ചെയ്യുന്നതായി തെളിയുമ്പോൾ അധികാരം വിട്ടൊഴിയുവാൻ ഭരണാധികാരി അല്ലെങ്കിൽ മന്ത്രിസഭ നിർബന്ധിതമാകുന്ന ചരിത്രമാണ് ഉള്ളത്. ജനങ്ങളുടെ ജീവൽ പ്രശ്നങ്ങൾ പോലും ഉയർത്തുവാൻ ശേഷിയില്ലാതെ ആക്കിയ ഒരു ജനതയായി നാം പരിണമിക്കുമ്പോൾ കേവലം രാജ്യത്തിന്റെ ജനാധിപത്യ പുറന്തോട് മാത്രം സംരക്ഷിക്കുവാൻ ജനശക്തിയെ ലഭ്യമാകില്ല.
 
പാർലമെന്റ് സ്തംഭിച്ചാലും ജനങ്ങൾ തെരുവുകൾ നിറച്ച് സമാധാനപരമായി കൈയ്യടക്കിയാലും കുലുങ്ങാത്ത ഭരണാധാകാരികൾ ആണ് ഇവിടെയുള്ളതെന്ന് അനേകമാസങ്ങൾ നീണ്ട കർഷക സമരം തെളിയിച്ചു കഴിഞ്ഞു.  സമാധാനപരമായ സമരങ്ങൾ ആണെങ്കിൽ ഫലരഹിതമായി തീരുന്നു. അല്പമെങ്കിലും തീഷ്ണത കാണിച്ചാൽ രാഷ്ട്രീയ ഗുണ്ടകളും പൊലീസ് സേനയും വെടിവെച്ച് അടിച്ചമർത്തുകയും  ചെയ്യും.
ആദ്യ മോദി സർക്കാരിന്റെ കാലത്തെ തീഷ്ണമായ കർഷക സമരങ്ങളെ മധ്യപ്രദേശിലും രാജസ്ഥാനിലും നരേന്ദ്രമോദി ഭരണത്തിന്റെ കീഴിൽ സംസ്ഥാന ബി.ജെ.പി. സർക്കാരുകൾ നിരായുധരായ കർഷകരുടെ നേരെ വെടിയുണ്ടകൾ പായിച്ചാണ് അടിച്ചമർത്തിയത്.
സായുധമായ ഏറ്റുമുട്ടൽ അല്ലാതെ ജനങ്ങളെ പകൽ കൊള്ള നടത്തുകയും കോർപറേറ്റുകളുടെ പകൽ കൊള്ളയ്ക്ക് ഒത്താശ ചെയ്യുകയും ജനാധിപത്യ അവകാശങ്ങൾ പിച്ചി ചീന്തുകയും ചെയ്യുന്ന ഭരണാധികാരികൾക്ക് എതിരെ മറ്റൊരു മാർഗ്ഗവും ഇല്ലെന്ന് വരുന്നത് സാമൂഹികമായും രാഷ്ട്രീയമായും വലിയൊരു തകർച്ചയാണ് വരുത്തി വയ്ക്കുന്നത്.
രാഷ്ട്രമെന്ന നിലയിൽ ഭരണാധികാരികൾ അതിന്റെ അടിത്തറ മാന്തുമ്പോൾ ജനാധിപത്യത്തിന്റെ ഒരു സംവിധാനവും രക്ഷയ്ക്ക് വരുവാൻ ശേഷിയില്ലെങ്കിൽ അത് ആപൽക്കരമായി തീരും. പ്രത്യക്ഷമായി ഇന്ത്യയുടെ ജനാധിപത്യത്തെ തകർക്കുന്ന ഒരു നടപടിയും എടുക്കുവാൻ അതിന് ആഗ്രഹമുണ്ടെങ്കിൽ കൂടി കോർപറേറ്റ് ശക്തികൾ പാശ്ചാത്യ പൊതുജനാഭിപ്രായത്തെ കണക്കിലെടുത്ത് മുതിരില്ല.
കോർപറേറ്റ് ശക്തികളുടെ പിൻബലത്തിലും കെട്ടുപിണഞ്ഞും കിടക്കുന്ന ഹിന്ദുത്വ ശക്തികൾ അവരുടെ ആജ്ഞകൾ അവഗണിക്കില്ല. അതിനാൽ പെട്ടെന്നൊരു സുപ്രഭാതത്തിൽ അവർ ആഗ്രഹിക്കുന്നെങ്കിൽ കൂടി ജനാധിപത്യത്തിന്റെ പുറന്തോട് തകർക്കുവാൻ ഇന്നത്തെ സാഹചര്യത്തിൽ തുനിയില്ലായെന്നു വേണം കരുതുവാൻ.
എന്നാൽ മുൻ പറഞ്ഞതുപോലെ ജനാധിപത്യത്തെ അരാജകത്വവും ഏകാധിപത്യവും കൂട്ടിക്കുഴച്ച് നിശ്ചേതനമാക്കുമ്പോൾ ക്രമേണയായി രാജ്യത്തെ ഒരു വേദിയും ജനങ്ങൾക്ക് പ്രതീക്ഷയർപ്പിക്കുവാൻ ഇല്ലാതാകും.
അത്തരമൊരു സാഹചര്യത്തിൽ രൂപപ്പെടാവുന്ന സായുധ സംഘർഷങ്ങളെ സമ്പൂർണ്ണാധിപത്യത്തിന് ഉപകരിക്കുമെന്ന തെറ്റായ കണക്കുകൂട്ടലിൽ ഹിന്ദുത്വ ശക്തികൾ ഇഷ്ടപ്പെട്ടേക്കാം. മുസ്ലീങ്ങളെ ശാശ്വതമായി തോൽപ്പിക്കാമെന്ന കണക്കുകൂട്ടൽ ആയിരിക്കും അതിന്റെ പ്രേരണാ ശക്തി. അതുപോലെ ജനങ്ങളുടെ സമാധാനപരമായ സമരങ്ങൾ ഒരുപാട് ഓരോ വൻകിട പദ്ധതികളുടെയും മേഖലകളിൽ നടക്കുന്നു.
അത്തരം മേഖലകളിൽ മുന്നോട്ടുള്ള പോക്ക് അസാധ്യമായ ഇടങ്ങളിൽ സായുധ സംഘർഷങ്ങൾ കോർപറേറ്റ് ശക്തികളും പശ്ചിമേഷ്യയിലെയും മധ്യേഷ്യയിലെയും പോലെ സ്വാഗതം ചെയ്യാം. മഹായുദ്ധങ്ങൾ ഇല്ലാതെ തന്നെ ലോകം അരാജകത്വത്തിന്റെയും സംഘർഷത്തിന്റെയും പുതിയൊരു ഭൂപടം നിർമ്മിക്കുന്നതിന്റെ വക്കിലാണ്.
പാരീസ് ആസ്ഥാനമാക്കിയ ഫൊർബിഡൻ സ്റ്റോറീസ് എന്ന സന്നദ്ധ സംഘടനയും ആംനസ്റ്റി ഇന്റർനാഷണലിന്റെ മനുഷ്യാവകാശ ഗ്രൂപ്പും നടത്തിയ അന്വേഷണങ്ങളാണ് മേൽ പരമാർശിച്ച മാധ്യമങ്ങളിലെ വാർത്തകൾക്ക് ഉറവിടമായത്. ആ വാർത്തകൾ പെഗാസസ് നിഷേധിച്ചെങ്കിലും എല്ലാ  'ദുരുപയോഗ'-ങ്ങളും 'അന്വേഷിക്കു'മെന്ന് പെഗാസസ് പറയുന്നു.
ആ അവകാകവാദങ്ങൾ മുഖവിലയ്ക്ക് എടുക്കുവാൻ പറ്റാത്ത സാഹചര്യമാണിപ്പോൾ ലോകത്ത്. എന്നാൽ പാശ്ചാത്യ രാജ്യങ്ങളെപ്പോലെ ഇസ്രാഈലിലെ തൊഴിലാളികക്ഷിയിലൂടെ കടന്നു വന്ന ജനാധിപത്യ സോഷ്യലിസ്റ്റ് ആശയങ്ങൾ സൃഷ്ടിച്ച ചില ജനാധിപത്യ സംവിധാനങ്ങളും അവകാശങ്ങളും ഒരു പക്ഷേ ഈ വിഷയത്തിൽ ഒരു കച്ചിതുരുമ്പായി തീരാം.
അതിനുള്ള മുറവിളി ലോകത്തെ മനുഷ്യാവകാശ പ്രവർത്തകരും ജനാധിപത്യ വാദികളും ഉയർത്തികൊണ്ടു വന്നാൽ അതൊരു പക്ഷേ ഇന്ത്യയിലെ ജനാധിപത്യത്തിനും രക്ഷയായി തീരാം. എന്നിരുന്നാലും നരഭോജികളുടെ സ്വഭാവമനുസരിച്ച് ജനാധിപത്യ സംവിധാനങ്ങളുടെയും പ്രതിപക്ഷങ്ങളുടെയും സ്വതന്ത്രമായ പ്രവർത്തനങ്ങളുടെയും മേലുള്ള ചാരവൃത്തി അവസാനിപ്പിക്കുവാൻ മറ്റു മാർഗ്ഗങ്ങൾ ഉറപ്പായും ഇന്നത്തെ ഭരണാധികാരികൾ തേടുമെന്നുള്ളതും ഉറപ്പായ കാര്യമാണ്.
 
രാജ്യത്തെ നിയമങ്ങൾ അനുസരിച്ച് ഒരാളുടെയും ഫോൺ ചോർത്തുവാൻ പാടില്ലായെന്നും കഴിയില്ലായെന്നുമാണ് മുൻ നിയമ - ഐ.റ്റി. മന്ത്രി  രവിശങ്കർ പ്രസാദിന്റെ പെഗാസസ് വിവാദത്തിലുള്ള പ്രതികരണം.  അപ്രകാരം നിയമാനുസരണം മാത്രം പ്രവർത്തിക്കുകയും ജനാധിപത്യ മര്യാദകൾ പാലിക്കുകയും ചെയ്യുന്ന ഒരു സർക്കാരിനുവേണ്ടി ഇനി നാം എത്രകാലം കാത്തിരിക്കണം.

 2021 ജൂലൈ 21ന്  ഡൂൾ ന്യൂസ് പ്രസിദ്ധീകരിച്ചത്