2022/12/24

വിഷ്‌ണുദേവ്‌ ഗുപ്‌ത

 വിഷ്‌ണുദേവ്‌ ഗുപ്‌ത (विष्णुदेव गुप्त ,Vishnu Dev Gupta) (1920 നവംബർ 15 -2001 നവംബർ 25) സ്വാതന്ത്ര്യ സമര സേനാനി, ജനാധിപത്യ സമര സേനാനി, സോഷ്യലിസ്റ്റ് നേതാവ്, ബിഹാറിലെ മുൻ എംഎൽഎ, സമാജവാദി ജനപരിഷത്തിന്റെ ദേശീയ പ്രസിഡന്റ് എന്നീനിലകളിൽ സേവനമനുഷ്ഠിച്ചു.


1920 നവംബർ 15 ന്, അസംഗഡ് (ഇപ്പോൾ മൗ) ജില്ലയിലെ നന്ദൗർ (മധുബൻ) ഗ്രാമത്തിൽ അദ്ദേഹം ജനിച്ചു. ഭഗത് സിങ്ങിന്റെ സോഷ്യലിസ്റ്റ് റിപ്പബ്ലിക്കൻ ആർമിയിൽ അംഗമായിരുന്ന അദ്ദേഹം രാം മനോഹർ ലോഹിയാ, കിഷൻ പട്നായിക്, ജോർജ്ജ് ഫെർണാണ്ടസ് എന്നിവരോടൊപ്പം സോഷ്യലിസ്റ്റു പാർട്ടിയിലും പ്രവർത്തിച്ചു.


സമാജവാദി ജനപരിഷത്തിന്റെ രണ്ടാമത്തെ ദേശീയ അദ്ധ്യക്ഷനായിരുന്നു.1997 ജനുവരി 18,19 തീയതികളിൽ ബീഹാറിലെ സിവാൻ ജില്ലയിൽ പഞ്ച്‌വാർ എന്ന സ്ഥലത്തു ചേർന്ന സമാജവാദി ജനപരിഷത്തിന്റെ ഒന്നാം ദ്വൈവാർഷിക ദേശീയസമ്മേളനത്തിൽ (2-ആമത് ദേശീയ സമ്മേളനം) ദേശീയ അദ്ധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ടു. 1999 ഫെബ്രുവരി 13,14 തീയതികളിൽ സാരനാഥിൽ കൂടിയ 2-ആമത് ദ്വൈവാർഷിക സമ്മേളനം (3-ആമത് ദേശീയ സമ്മേളനം) വരെ തുടർന്നു. മഹാരാഷ്ട്രയിൽ രത്നഗിരിജില്ലയിൽ എൻറോൺ എന്ന ബഹുരാഷ്ട്ര കമ്പനിക്കെതിരെ സമാജവാദി ജനപരിഷത്തിന്റെ മറ്റു നേതാക്കളോടൊപ്പം സമരം നയിച്ച് അദ്ദേഹം അവസാനത്തും ജയിലിൽ  പോയി.


വാർദ്ധക്യസഹജമായ അസുഖത്തെത്തുടർന്ന്‌ 2001 നവംബർ 25 അന്തരിച്ചു. 2002 ഫെബ്രുവരി 28 മുതൽ മാർച്ച്‌ വരെ രിവായിൽ കൂടിയ സമാജവാദി ജനപരിഷത്തിന്റെ നാഷണൽ എക്‌സിക്യുട്ടീവ്‌ (രാഷ്ട്രീയകാരിണി) അനുശോചനം രേഖപ്പെടുത്തി. 2003 -ലെ ദേശീയസമ്മേളനനഗരിക്ക്‌ (ഇട്ടാർസി, മദ്ധ്യപ്രദേശ്‌ - ഫെബ്രുവരി 1,2,3) വിഷ്‌ണുദേവഗുപ്‌ത നഗർ എന്നാണ്‌ പേര്‌ നൽകിയിരുന്നത്‌.

2022/11/25

അതികാരിൽ അതികായനായ നരേന്ദ്രദേവ



ഇന്ത്യൻ സോഷ്യലിസ്റ്റ് പ്രസ്ഥാനത്തിന്റെ എക്കാലത്തെയും നേതാവായ ആചാര്യ നരേന്ദ്രദേവയുടെ വ്യക്തിത്വം തലമുറകൾക്ക് അതീതമായി ഉയർന്നുനിൽക്കുന്നു. മനുഷ്യരത്നം എന്ന് ഗാന്ധിജി വിശേഷിപ്പിച്ച ആചാര്യ നരേന്ദ്രദേവ  ഇന്ത്യൻ സോഷ്യലിസ്റ്റ് ചിന്താഗതിക്ക് കനത്ത സംഭാവനകൾ നൽകിയ നേതാവായി ഗണിയ്ക്കപ്പെടുന്നു

അഡ്വക്കേറ്റ് പോൾ വി.കുന്നിൽ എഴുതിയത്


സമകാലികരുടെ ഇടയിൽ എവറസ്ററ് കൊടുമുടി പോലെ ഉയർന്നു നിന്ന മഹാനായ ഒരു സോഷ്യലിസ്റ്റ് ആചാര്യനായിരുന്നു ആചാര്യ നരേന്ദദേവ (1889 ഒക്ടോബർ 31 - 1956 ഫെബ്രുവരി 19). ഒരു സമ്പന്ന കുടുംബത്തിൽ 1889 ഒക്ടോബർ 31 ന് അദ്ദേഹം സീതാപുരിൽ ജനിച്ചു. അയോദ്ധ്യാ, സീതാപുർ, ഫൈസാബാദ് എന്നീ മൂന്നു പട്ടണങ്ങൾ അടുത്തടുത്ത് സ്ഥിതിചെയ്യുന്നു. പിതാവ് നല്ല ഒരു അഭിഭാഷകൻ ആയിരുന്നു. പിതാവിന്റെ പ്രാക്ടീസ് മെച്ചപ്പെടുത്തുന്നതിനുവേണ്ടി കുറെ കഴിഞ്ഞു് ഫെയിസാബാദിലേക്ക് കുടുംബതാമസം മാറ്റി.

ഫെയിസാബാദിൽ കൊട്ടാരതുല്യമായ ഒരു വീടാണ് അവർക്കുണ്ടായിരുന്നത്. അവിടെയായിരുന്നു നരേന്ദദേവ ബാല്യവും സ്കൂൾ വിദ്യാഭ്യാസകാലവും ചിലവഴിച്ചത്.

ആചാര്യ നരേന്ദദേവിന്റെ പിതാവ് രാഷ്ട്രീയത്തിലും സ്വാതന്ത്യസമര പ്രസ്ഥാനത്തിലും അതീവതൽപരനായിരുന്നു. തൻമൂലം ചെറുപ്പത്തിൽ തന്നെ നരേന്ദ്ര ദേവ് രാഷ്ട്രീയത്തിലേക്ക് കടന്നു. പത്താമത്തെ വയസിനുള്ളിൽ തുളസീദാസിന്റെ രാമചരിതം അദ്ദേഹം വായിച്ചു. അതിലെ 700 ശ്ലോകങ്ങൾ കാണാപ്പാഠം പഠിച്ചു. ലക്നൗവിൽനിന്ന് കോൺഗ്രസ് ദേശീയ സമ്മേളനത്തിൽ പിതാവിനോടൊത്ത് പത്താമത്തെ വയസിൽ അദ്ദേഹം സംബന്ധിച്ചു. 10-ാം സ്റാൻഡേർഡ് പരീക്ഷ ഫെയിസബാദിൽ നിന്നു ജയിച്ചശേഷം ഇൻറർമീഡിയറ്റും ബി എ യും അലഹബാദിലെ മ്യൂർ സെൻട്രൽ കോളേജിൽ നിന്നും പാസായി. അവിടെ വച്ച് ലാലാ ലജ്പത്റായി,  ബാലഗംഗാധര തിലകൻ തുടങ്ങിയ നേതാക്കളുടെ പ്രസംഗങ്ങൾ കേൾക്കാൻ ഇടയായി. പിന്നീട് ബനാറസിൽപോയി എം.എ. പാസ്സായി. ബനാറീസിൽനിന്നും വീണ്ടും അലഹബാദിൽ പോയി അവിടെ നിന്നും എൽ.എൽ.ബി. ബിരുദം എടുത്തു. 1916-ൽ ഫെയിസാബാദിൽ മടങ്ങിയെത്തി അഭിഭാഷകനായി പ്രാക്ടീസ് തുടങ്ങി. ആനിബസൻറ് മദാമ്മ ആരംഭിച്ചിരുന്ന ഹോംറൂൾ പ്രസ്ഥാനത്തിൽ അദ്ദേഹം സജീവമായി പങ്കെടുത്തു. 1921-ൽ നിസ്സഹകരണ പ്രസ്ഥാനം ആരംഭിച്ചപ്പോൾ പ്രാക്ടീസ് നിറുത്തി. ബാബു ശിവപ്രസാദ് ഗുപ്തയും മറ്റും ചേർന്ന് സ്വാതന്ത്ര്യസമരസേനാനികൾക്ക് പഠിക്കാൻ കാശി വിദ്യാപീഠ് എന്ന കോളേജ് ആരംഭിച്ചിരുന്നു. ഇദ്ദേഹത്തിന്റെ ഇംഗിതമനുസരിച്ച് കാശി വിദ്യാപീഠിൽ അദ്ധ്യാപകനായി. 1926-ൽ പ്രിൻസിപ്പാളുമായി. 1929-ൽ ഈ കോളേജിലെ ബിരുദ ദാന ചടങ്ങു് ഗാന്ധിജിയാണ് നിർവ്വഹിച്ചത്. അന്ന് ഗാന്ധിജിയും നരേന്ദ്രദേവും തമ്മിൽ പരിചയപ്പെട്ടു. ശ്രീപ്രകാശമാ യിരുന്നു പരിചയപ്പെടുത്തിയത്. അന്നുമുതൽ അവർ സുഹത്തുക്കളായി മാറി. 1921 മുതൽ 1930 വരെ കാശി വിദ്യാപീഠിൽ ചിലവഴിച്ച വർഷങ്ങൾ ജീവിതത്തിലെ ഏറ്റവും നല്ല വർഷങ്ങളായിഅദ്ദേഹം പരിഗണിച്ചിരുന്നു. വളരെയേറെ സമയം അക്കാലത്ത് വായനയ്ക്കായി അദ്ദേഹം ചിലവഴിച്ചു.

നരേന്ദ്രദേവ് ഒരു മാർക്സിസ്റ്റായിരുന്നു. എന്നാൽ മാർക്സിന്റെ പല സിദ്ധാന്തങ്ങളും അദ്ദേഹത്തെ ആകർഷിച്ചില്ല. തൊഴിലാളിവർഗ്ഗസർവ്വാധിപത്യം കേന്ദ്രീകൃത ജനാധിപത്യം, എക്കണോമിക് ഡിറ്റർമിനിസം തുടങ്ങിയവ അദ്ദേഹം സ്വീകരിച്ചില്ല. വർഗ്ഗ സമരത്തിലും വർഗ്ഗരഹിത സമൂഹത്തിലും അദ്ദേഹം വിശ്വസിച്ചിരുന്നു. 1920-ൽ ആയിരുന്നു ഇൻഡ്യൻ കമ്മ്യൂണിസ്റ്റ് പാർട്ടി രൂപം കൊണ്ടത്. എന്നാൽ അതിൽ ചേരുവാൻ അദ്ദേഹം കൂട്ടാക്കിയില്ല. റഷ്യയുടേയും ചൈനയുടെയും ഉപദേശങ്ങൾ അനുസരിച്ചായിരുന്നു കമ്മ്യൂണിസ്റ്റ് പാർട്ടികൾ പ്രവർത്തിച്ചിരുന്നത്. ഇത്അദ്ദേഹത്തിന് ഇഷ്ടപ്പെട്ടിരുന്നില്ല. 

1934 ൽ കോൺഗ്രസിലെ യുവ സോഷ്യലിസ്റ്റുകൾ നാസിക് ജയിലിൽ കിടന്നിരുന്നപ്പോൾ ഒരു സോഷ്യലിസ്റ്റ് ഗ്രൂപ്പ് സംഘടിപ്പിച്ചിരുന്നു. ഇവർ കോൺഗസിനുള്ളിൽ ഒരു പ്രസ്ഥാനം സംഘടിപ്പിക്കുവാൻ തീരു മാനിച്ചു.പട്ടണയിൽചേർന്ന ആദ്യത്തെ കോൺഗ്രസ് സോഷ്യലിസ്ററ് യോഗത്തിൽ ആദ്ധ്യക്ഷ്യം വഹിക്കുവാൻ ജയപ്രകാശ് നാരായണൻ ക്ഷണിച്ചപ്പോൾ നരേന്ദദേവ് സമ്മതിച്ചു. നരേന്ദ്രദേവിന്റെ സോഷ്യലിസ്റ്റ് ചിന്താഗതി ജനാധിപത്യത്തെയും മാനുഷിക മൂല്യങ്ങളേയും അടിസ്ഥാനമാക്കിയുള്ള ഒന്നായിരുന്നു. ശാസ്ത്രം, ദേശീയത, ജനാധിപത്യം, ബുദ്ധമതതത്വങ്ങൾ, അഹിംസ എന്നിവയ്ക്ക് അതിൽ പ്രസക്തിയുണ്ടായിരുന്നു. ഡോ:ലോഹിയ, ജയപ്രകാശ്. നരേന്ദ്രദേവ് എന്നിവരായിരുന്നു ഇന്ത്യൻസോഷ്യലിസ്റ്റ് പ്രസ്ഥാനത്തിന്റെ താത്വികാചാര്യർ.

1948 -ൽ കോൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടി കോൺഗ്രസിൽ നിന്നും പിരിഞ്ഞ് ഇന്ത്യൻ സോഷ്യലിസ്റ്റ് പാർട്ടി രൂപവൽക്കരിച്ചു. ഇന്ത്യയിൽ സോഷ്യലിസത്തിലും ജനാധിപത്യത്തിലും വിശ്വസിക്കുന്ന ഒരു പ്രതിപക്ഷത്തെ വളർത്തിയെടുക്കാനും അധികാരം പിടിച്ചെടുത്ത് സോഷ്യലിസ്റ്റ് മാതൃകയിലുള്ള ഒരു സമൂഹം കെട്ടിപ്പടുക്കാനുമായിരുന്നു ഇങ്ങനെ ചെയ്തത്. ഇക്കാലത്ത് കോൺഗസ്സ് വർക്കിങ് കമ്മറ്റിയിൽ ഒരംഗമായിരുന്നു നരേന്ദ്ര ദേവ. കേന്ദ്രമന്ത്രി സ്ഥാനമോ ഏതെങ്കിലും സംസ്ഥാനത്തെ മുഖ്യമന്ത്രി സ്ഥാനമോ അദ്ദേഹത്തിന് അപാപ്യമായിരുന്നില്ല. നെഹ്രു, ഗാന്ധിജി എന്നിവരുടെ അടുത്ത സുഹൃത്തായിരുന്നു നരേന്ദദേവ്. അദ്ദേഹത്തെ കോൺഗ്രസ് പ്രസിഡൻറാക്കുവാൻ രണ്ടു തവണ ഗാന്ധിജി തയ്യാറായതാണ്. എന്നാൽ സർദാർ പട്ടേലിന്റെ എതിർപ്പുകാരണം അത് നടന്നില്ല എന്നു മാത്രം. കോൺഗസ്സ് സോഷ്യലിസ്കാർ കോൺഗ്രസ്സ് വിട്ടപ്പോൾ ജെ.പി. ലോഹിയാ തുടങ്ങിയവരോടൊപ്പം നരേന്ദദേവ കോൺഗ്രസ്സ് വിട്ട്പുറത്തുവന്നു. അദ്ദേഹത്തിൻറ മാഹാത്മ്യമാണ് ഈ സംഭവം വ്യക്തമാക്കുന്നത്. സി.എസ്.പി.-യിലെ പല നേതാക്കളും കോൺഗസ്സിൽതന്നെ നിലകൊണ്ടു. അവർ കേന്ദ്രമന്ത്രിമാരും സംസ്ഥാന മന്ത്രിമാരുമായി. പക്ഷേ ഇത്തരം പ്രലോഭനങ്ങൾ നരേന്ദദേവിനെ ബാധിച്ചില്ല. 

1947 ൽ അദ്ദേഹം ലക്നൌ സർവകലാശാലയുടെ വൈസ് ചാൻസലർ ആയി തെരഞ്ഞെടുക്കപ്പെട്ടു. വിദ്യാഭ്യാസപ്രവർത്തകൻ, പണ്ഡിതൻ,  രാഷ്ട്രീയ നേതാവ് എന്നീ നിലകളിൽ അദ്ദേഹം ശോഭിച്ചരുന്നു. നരേന്ദദേവ് എളിയ ജീവിതം നയിച്ച വിനയാന്വിതനായ ഒരു നേതാവായിരുന്നു. ദേശീയ സമരത്തിൽ പങ്കെടുത്ത് അനേക വർഷക്കാലം അദ്ദേഹം ജയിലുകളിൽ കഴിച്ചുകൂട്ടി. തൊഴിലാളികളെയും ദരിദ്രരായ കർഷകരെയും എങ്ങനെ ഉദ്ധരിക്കാം എന്നതിനെപ്പറ്റിയായിരുന്നു അദ്ദേഹത്തിന്റെ എപ്പോഴും ഉള്ള ചിന്ത. അദ്ദേഹം എല്ലാവരെയും സ്നേഹിച്ചു. യഥാർത്ഥത്തിൽ ഇന്ത്യൻ രാഷ്ട്രീയത്തിലെ അജാതശത്രു തന്നെയായിരുന്നു അദ്ദേഹം.

നരേന്ദ്ര ദേവ ഒരു ബഹുഭാഷാ പണ്ഡിതനായിരുന്നു. ടാഗോറിന്റെ കൃതികൾ വായിക്കാനും പഠിക്കാനും വേണ്ടി അദ്ദേഹം ബംഗാളി ഭാഷ പഠിച്ച് അതിൽ അളവറ്റ പാണ്ഡിത്യം നേടി. പാലി, സംസ്കൃതം തുടങ്ങിയ ഭാഷകളിൽ അദ്ദേഹം പ്രവീണനായിരുന്നു പല വിദേശ ഭാഷകളും അദ്ദേഹത്തിന് അറിയാമായിരുന്നു.

ഹിന്ദിയിൽ അക്കാലത്തെ ഏറ്റവും ഉജ്ജ്വല പ്രാസംഗികനായിരുന്നു നരേന്ദ്ര ദേവ. മൗലാന ആസാദ് കഴിഞ്ഞാൽ ഉർദുവിലെ ഏറ്റവും നല്ല പ്രാസംഗികനും.

ലളിത ജീവിതത്തിൽ രാജേന്ദ്രപ്രസാദിനോട് തുല്യൻ, രാഷ്ട്രീയ രംഗത്ത് രാജാജിയെ പോലെ സമർഥൻ , പാണ്ഡിത്യത്തിനും എഴുത്തിലും പ്രസംഗ പാടവത്തിലും മൗലാന ആസാദിനോടും സദൃശൻ. ജവഹർലാൽ നെഹ്രുവിന്റെ ആകർഷകത്വവും അദ്ദേഹത്തിനുണ്ടായിരുന്നു.

നരേന്ദ്ര ദേവ വളരെ കാലം രാജ്യസഭാംഗമായിരുന്നു ഓരോ വിഷയത്തെയും കുറിച്ച് പഠിച്ച് അദ്ദേഹം രാജ്യസഭയിൽ ചെയ്തിരുന്ന പ്രസംഗങ്ങൾ എല്ലാ അംഗങ്ങളെയും സ്വാധീനിച്ചിരുന്നു. നരേന്ദ്രദേവ ഒരു ബുദ്ധമത അനുയായിയായിരുന്നു. ബുദ്ധമതത്തിലെ പ്രാമാണിക ഗ്രന്ഥങ്ങൾ അദ്ദേഹം പഠിച്ചിരുന്നു. പല ഗ്രന്ഥങ്ങളും അദ്ദേഹം തർജ്ജമ  ചെയ്യുകയും ചില ഗ്രന്ഥങ്ങൾ പുത്തനായി രചിക്കുകയും ചെയ്തിരുന്നു.

 ഇന്ത്യൻ സോഷ്യലിസ്റ്റ് പ്രസ്ഥാനത്തിൻറെ ജനയിതാക്കളിൽ പ്രമുഖനായിരുന്നു നരേന്ദ്രദേവ.  ഡോക്ടർ ലോഹിയയുമായി അദ്ദേഹം വളരെ അടുപ്പത്തിലായിരുന്നു. ഗാന്ധിജി കഴിഞ്ഞാൽ ഇന്ത്യൻ രാഷ്ട്രീയത്തിലെ ഇന്ത്യൻ രാഷ്ട്രീയ രംഗത്തെ അതികായനായ നേതാവ് നരേന്ദ്രദേവ ആണ് എന്ന് ഡോക്ടർ ലോഹിയാ പലപ്പോഴും പറയാറുണ്ടായിരുന്നു. 1956 ൽ 67 ആമത്തെ വയസ്സിൽ അദ്ദേഹം നിര്യാതനായി. ഇന്ത്യൻ ജനത ഒരിക്കലും നരേന്ദ്രദേവയെ വിസ്മരിക്കുകയില്ല. ഇന്ത്യൻ സോഷ്യലിസ്റ്റ് പ്രസ്ഥാനത്തിന് അദ്ദേഹം നൽകിയിട്ടുള്ള സംഭാവനകൾ ഒരിക്കലും വിസ്മൃതമാവുകയില്ല.

(അവകാശരേഖ; 1991 ജനുവരി 22)