2008/03/19

കേന്ദ്രസര്‍ക്കാര്‍ കര്‍ഷകദ്രോഹ നയം മാറ്റണമെന്നു് സമാജവാദി ജനപരിഷത്തു് ദേശീയ നിര്‍വാഹകസമിതി


കോട്ടയം : കാര്‍ഷിക വായ്പ എഴുതിത്തള്ളുവാനുള്ള കേന്ദ്രബജറ്റിലെ പ്രഖ്യാപനം ഒരു വിഭാഗം കര്‍ഷകര്‍ക്കു് ആശ്വാസമാണെങ്കിലും വലിയ ഒരു വിഭാഗത്തെ ഒഴിവാക്കിയതു് അന്യായമാണെന്നു് സമാജവാദി ജനപരിഷത്തു് അഖിലേന്ത്യ എക്സിക്ക്യൂട്ടീവ് കമ്മറ്റിയോഗം അഭിപ്രായപ്പെട്ടു.

കര്‍ഷക ആത്മഹത്യകള്‍ പെരുകി വന്നിട്ടും കഴിഞ്ഞ മൂന്നു് ബജറ്റുകളിലും മന്‍മോഹന്‍ സര്‍ക്കാര്‍ കാര്‍ഷിക വായ്പ എഴുതിത്തള്ളുന്നതില്‍ വീഴ്ചവരുത്തുകയാണു് ചെയ്തതു്. വൈകിയെത്തിയ ഈ ആശ്വാസ നടപടിയില്‍ നിന്നു് അഞ്ചേക്കറില്‍ കൂടുതലുള്ളവരെ ഒഴിവാക്കുന്നതു് കൂടുതല്‍ ഭൂമിയും കുറഞ്ഞ വരുമാനവുമായി കഴിയുന്ന പിന്നാക്കപ്രദേശങ്ങളിലെയും ജലസേചനമില്ലാത്ത മേഖലകളിലെയും ദരിദ്ര കര്‍ഷകരെ പ്രത്യേകിച്ചു് ദോഷകരമായി ബാധിയ്ക്കും. കര്‍ഷക ആത്മഹത്യകള്‍ക്കു് കുപ്രസിദ്ധിയാര്‍ജ്ജിച്ച വിദര്‍ഭയും മറാഠ്‍വാഡയും തെലുങ്കാനയും അത്തരം മേഖലകളാണു്. കോടിക്കണക്കായ ബിഹാര്, ഉത്തരപ്രദേശം., ഒരീസ തുടങ്ങിയ സംസ്ഥാനങ്ങളിലെ കൂടുതല്‍ ഭൂമിയുള്ള ദരിദ്രരായ ഭക്ഷ്യധാന്യ കര്‍ഷകരെയും ചിദംബരം പുറന്തള്ളിയിരിയ്ക്കുകയാണു്.

അഞ്ചേക്കറിനു് മുകളിലുള്ളവര്‍ക്കു് പ്രഖ്യാപിച്ച നടപടി കര്‍ഷകര്‍ക്കു് താങ്ങാനാവാത്തതാണു്. തുകയുടെ 75% ഒന്നാകെ ഒടുക്കിയാല്‍ മാത്രമാണു് 25% ഇളവു് ലഭിയ്ക്കുന്നതു്. അതിനു് നല്‍കിയതാവട്ടെ വളരെ ചുരുങ്ങിയ ഒരു കാലയളവുമാണു്.

വായ്പ എഴുതി തള്ളുന്നതു്കൊണ്ടു് മാത്രം പ്രശ്നങ്ങള്‍ക്കു് പരിഹാരമാവില്ല. ഒന്നരലക്ഷത്തിലധികം കര്‍ഷക ആത്മഹത്യകള്‍ക്കു് കാരണമായതു് സര്‍ക്കാരിന്റെ കര്‍ഷക വിരുദ്ധനയങ്ങളാണു്. ആ നയങ്ങള്‍ തിരുത്തുവാന്‍ സര്‍ക്കാര്‍ തയ്യാറാകണം. ബജറ്റിന്റെ പൊതുവായ ലക്ഷ്യം കര്‍ഷകവിരുദ്ധ നയങ്ങള്‍ക്കു് കൂടുതല്‍ വ്യാപ്തി നല്‍കുകയാണു് ചെയ്യുന്നതു്. വിദര്‍ഭയില്‍ പ്രധാനമന്ത്രിയുടെ 2005 ജൂലൈ സന്ദര്‍ശനവും പാക്കേജ് പ്രഖ്യാപനവും ആത്മഹത്യകള്‍ക്കു് അറുതിവരുത്താതിരുന്നതു് അടിസ്ഥാന കാരണങ്ങള്‍ പരിഹാരിയ്ക്കാത്തതു്കൊണ്ടാണു്.

ജനകീയ മുന്നേറ്റങ്ങളെ അടിച്ചമര്‍ത്തുന്നതിനെതിരെ

ജനകീയ മുന്നേറ്റങ്ങളെ നിയന്ത്രിക്കാനും അടിച്ചമര്‍ത്താനും മാവോയിസ്ററു്കള്‍ക്കെതിരായ നടപടികളുടെ പേരു്പറഞ്ഞു് വിവിധ സംസ്ഥാന സര്‍ക്കാരുകള്‍ നടത്തുന്ന ശ്രമങ്ങളില്‍ യോഗം പ്രതിഷേധിച്ചു. സമാധാനപരമായ പരിവര്‍ത്തനത്തിലും അക്രമരാഹിത്യത്തിലും ആഴമേറിയ ബോദ്ധ്യമുള്ള ഗാന്ധി-അംബേഡ്കര്‍-സോഷ്യലിസ്റ്റ് ധാരകളിലുള്ളവരുടെയും മറ്റും നേര്‍ക്കു് പോലീസ് ഉപദ്രവങ്ങള്‍ ഇതിന്റെ മറവില്‍ നടമാടുകയാണു്. ഡോ. ബാബാ അഡാവ്, മേധാ പാട്കര്‍, സുരേഷ് ഖൈര്‍നാര്‍, നാഗേഷ് ചൗധരി തുടങ്ങിയവരെപ്പോലും മാവോയിസ്റ്റ്-നക്ഷലൈറ്റ് പട്ടികയില്‍ ഉള്‍പ്പെടുത്തിയ പോലീസ് അധികാരികളുടെ നടപടി അതിന്റെ ഉത്തമോദാഹരണമാണു്.

സമാജവാദി ജനപരിഷത്തിന്റെ നേതാക്കളും മദ്ധ്യപ്രദേശിലെ ബേത്തൂള്‍, ഹര്‍ദ്ദ, ഖാണ്ഡ്വ ജില്ലകളില്‍ 'ശ്രമിക്ക് ആദിവാസി സംഘടന'യുടെ സംഘാടകരുമായ ഷമീം അനുരാഗ്, അനുരാഗ മോദി എന്നിവര്‍ക്കും, ആദിവാസികള്‍ക്കും നേരെ പോലീസ്-ഗുണ്ടാ കൂട്ടുകെട്ടു് അതിക്രമങ്ങള്‍ നടത്തുകയാണു്. അവിടുത്തെ പോലീസ്- ഗുണ്ടാ അതിക്രമങ്ങള്‍ അവസാനിപ്പിയ്ക്കണമെന്നാവശ്യപ്പെട്ടു് ഏപ്രില്‍ അവസാനം ഹര്‍ദ്ദയില്‍ ബഹുജന റാലിയും പിറ്റേന്നു് ഭോപ്പാലില്‍ പ്രമുഖ നേതാക്കളുടെ ധര്‍ണ്ണയും നടത്തും.

സ്ഥാനാര്‍ത്ഥികളെ നിര്‍ത്തും

അടുത്ത ലോകസഭാ തെരഞ്ഞെടുപ്പിലും മഹാരാഷ്ട്ര, മദ്ധ്യപ്രദേശ്, ഒറീസ, നിയമസഭാ തെരഞ്ഞെടുപ്പുകളിലും സ്ഥാനാര്‍ത്ഥികളെ നിര്‍ത്തുവാന്‍ യോഗം തീരുമാനിച്ചു. തെരഞ്ഞെടുപ്പ് തന്ത്രങ്ങളും സംഘടനാ പ്രവര്‍ത്തനങ്ങളും മെയ് 20, 21, 22, 23 തീയതികളില്‍ ഉത്തരപ്രദേശിലെ ബല്ലിയയില്‍ ചേരുന്ന ദേശീയ കൗണ്‍സില്‍ യോഗത്തില്‍ ചര്‍ച്ച ചെയ്ത് തീരുമാനിയ്ക്കും.

പ്രസിഡന്റ് സുനിലിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ജനറല്‍ സെക്രട്ടറി ലിംഗരാജ്, സീനിയര്‍ സോഷ്യലിസ്റ് നേതാവ് പന്നലാല്‍ സുരാണ, ഉപാദ്ധ്യക്ഷരായ സഞ്ജീവ് സാനേ, ജോഷി ജേക്കബ്ബ്, സംഘടനാ സെക്രട്ടറി ഡോ. സോമനാഥ് ത്രിപാഠി, സെക്രട്ടറി അഡ്വ. നിഷാ ശിവുര്‍ക്കര്‍, ശിവപൂജന സിംഹ്, വിശ്വനാഥ് ബാഗി, സുഭാഷ് ലോംടെ, അഡ്വ. പ്രവീണ്‍ വാഘ്, അശ്വനികുമാര്‍ ശുക്ള, ജെ.പി. സിംഹ്, രമാകാന്ത് വര്‍മ്മ, വിലാസ് ഭൊംഗാഡേ, ചന്ദ്രഭൂഷണ്‍ ചൗധരി, ലിംഗരാജ് ആസാദ്, വിക്രമ മൗര്യ, രജ്ജിത് റോയ്, ഷമീം അനുരാഗ്, ശിവ്ജിസിംഹ്, ഡോ. സന്തുഭായ് സന്ത്, രബിശങ്കര്‍ പ്രധാന്‍ പ്രൊഫ. സുധീര്‍ ദേശമുഖ്, സുഭാഷ് ഗായ്ക്‍വാഡ് , ശിവശങ്കര്‍ ഠാക്കുര്‍‍‍ എന്നിവര്‍ സംബന്ധിച്ചു.
-------
Political Resolution of the National Executive of the Samajawadi Janaparishad (India)

RESOLUTION OF THE SAMAJAWADI JANAPARISHAD NATIONAL EXECUTIVE ON POLICE REPRESSION OF PEOPLE’S STRUGGLES IN THE NAME OF CAMPAIGN AGAINST MAOISTS

ചെങ്ങറ സമരം : മുഖ്യമന്ത്രി ഏതു്പക്ഷമെന്നു് വ്യക്തമാക്കണം

സമാജവാദി ജനപരിഷത്തു് അഖിലേന്ത്യാ ഉപാദ്ധ്യക്ഷന്‍ അഡ്വ. ജോഷി ജേക്കബ്


പത്തനംതിട്ട : കോടതികളെ മറയാക്കി പാവപ്പെട്ടവര്‍ക്കു് ഭൂമി നല്‍കുന്നതില്‍നിന്നു് ഒളിച്ചോടുന്ന അനങ്ങാപ്പാറ നയം മുഖ്യമന്ത്രി അവസാനിപ്പിയ്ക്കണമെന്നു് സമാജവാദി ജനപരിഷത്തു് അഖിലേന്ത്യാ ഉപാദ്ധ്യക്ഷന്‍ അഡ്വ. ജോഷി ജേക്കബ് , കേരള കര്‍ഷക മുന്നണി സംസ്ഥാന കണ്‍വീനര്‍ ഇ. വി. ജോസഫ് എന്നിവര്‍ ആവശ്യപ്പെട്ടു.

ജനങ്ങള്‍ക്കാണോ കുത്തക ശക്തികള്‍ക്കാണോ ഭൂമി എന്ന അടിസ്ഥാന ചോദ്യമാണു് ചെങ്ങറ സമരം ഉയര്‍ത്തുന്നതു്. ഇടതു സര്‍ക്കാരിന്റെ ഇതുവരെയുള്ള സമീപനം കുത്തകശക്തികളെ സേവിക്കുന്നതാണു്. ചെങ്ങറ സമരം മുഖ്യമന്ത്രിയോടു് ചോദിയ്ക്കുന്നതു് അദ്ദേഹം ഏതു് പക്ഷത്താണെന്നാണു്. മതികെട്ടാന്‍ മലകേറാനും മൂന്നാറിലേയ്ക്കു് ബോര്‍ഡും ചുമന്നു് പോകാനും താത്പര്യമെടുത്ത മുഖ്യമന്ത്രി കഴിഞ്ഞ എട്ടു് മാസമായി നടക്കുന്ന ചെങ്ങറ സമരത്തെ കാണാത്തതു് എന്തുകൊണ്ടാണു് ?

പതിനോരായിരത്തിലധികം കുടുംബങ്ങള്‍ നടത്തുന്ന സമരം കേരളത്തിന്റെ രാഷ്ട്രീയ ഭൂപടത്തെ മാറ്റി വരയ്ക്കും. ചെങ്ങറ സമരത്തിനു് കൂടുതല്‍ ജനപിന്തുണ ലഭിച്ചുകൊണ്ടിരിയ്ക്കുകയാണു്. മാവോയിസ്റ്റുകളുടേയും നക്ഷലൈറ്റുകളുടേയും മുദ്ര ചാര്‍ത്താനുള്ള സര്‍ക്കാരിന്റെ ശ്രമം സഹന സമരം നടത്തുന്ന ഇരുപത്തേഴായിരത്തോളം ജനങ്ങളെ തകര്‍ക്കാനാണു്. കൊലപാതക രാഷ്ട്രീയത്തിന്റെ രക്തക്കറ പുരണ്ടവര്‍ മത്സരിച്ചു് കശാപ്പു് നടത്തുമ്പോഴാണു് വിചിത്രമായ താറടിയ്ക്കല്‍.

സമരം അടിയന്തിരമായി ഒത്തുതീര്‍പ്പാക്കണം. ചെങ്ങറ സമരം ഒത്തുതീര്‍പ്പാക്കണമെന്നാവശ്യപ്പെട്ടുകൊണ്ടു് ഏപ്രില്‍ മദ്ധ്യത്തില്‍ സമാജവാദി ജനപരിഷത്തിന്റെ ആഭിമുഖ്യത്തില്‍ ചെങ്ങറയില്‍ നിന്നു് തിരുവനന്തപുരത്തെ ഭരണ കേന്ദ്രത്തിലേയ്ക്കു് പദയാത്ര നടത്തും.
സാര്‍വ്വദേശീയ വനിതാ ദിനത്തോടനുബന്ധിച്ചു് ചെങ്ങറയില്‍ സാധുജന വിമോചന സമരവേദി ഒരുക്കിയ യോഗത്തില്‍ സംസാരിക്കുന്നതിനും സമരഭൂമിയിലെ ജനങ്ങളെ സന്ദര്‍ശിക്കുന്നതിനും എത്തിയതാണു് സോഷ്യലിസ്റ്റ് നേതാക്കള്‍.