2008/03/19

ചെങ്ങറ സമരം : മുഖ്യമന്ത്രി ഏതു്പക്ഷമെന്നു് വ്യക്തമാക്കണം

സമാജവാദി ജനപരിഷത്തു് അഖിലേന്ത്യാ ഉപാദ്ധ്യക്ഷന്‍ അഡ്വ. ജോഷി ജേക്കബ്


പത്തനംതിട്ട : കോടതികളെ മറയാക്കി പാവപ്പെട്ടവര്‍ക്കു് ഭൂമി നല്‍കുന്നതില്‍നിന്നു് ഒളിച്ചോടുന്ന അനങ്ങാപ്പാറ നയം മുഖ്യമന്ത്രി അവസാനിപ്പിയ്ക്കണമെന്നു് സമാജവാദി ജനപരിഷത്തു് അഖിലേന്ത്യാ ഉപാദ്ധ്യക്ഷന്‍ അഡ്വ. ജോഷി ജേക്കബ് , കേരള കര്‍ഷക മുന്നണി സംസ്ഥാന കണ്‍വീനര്‍ ഇ. വി. ജോസഫ് എന്നിവര്‍ ആവശ്യപ്പെട്ടു.

ജനങ്ങള്‍ക്കാണോ കുത്തക ശക്തികള്‍ക്കാണോ ഭൂമി എന്ന അടിസ്ഥാന ചോദ്യമാണു് ചെങ്ങറ സമരം ഉയര്‍ത്തുന്നതു്. ഇടതു സര്‍ക്കാരിന്റെ ഇതുവരെയുള്ള സമീപനം കുത്തകശക്തികളെ സേവിക്കുന്നതാണു്. ചെങ്ങറ സമരം മുഖ്യമന്ത്രിയോടു് ചോദിയ്ക്കുന്നതു് അദ്ദേഹം ഏതു് പക്ഷത്താണെന്നാണു്. മതികെട്ടാന്‍ മലകേറാനും മൂന്നാറിലേയ്ക്കു് ബോര്‍ഡും ചുമന്നു് പോകാനും താത്പര്യമെടുത്ത മുഖ്യമന്ത്രി കഴിഞ്ഞ എട്ടു് മാസമായി നടക്കുന്ന ചെങ്ങറ സമരത്തെ കാണാത്തതു് എന്തുകൊണ്ടാണു് ?

പതിനോരായിരത്തിലധികം കുടുംബങ്ങള്‍ നടത്തുന്ന സമരം കേരളത്തിന്റെ രാഷ്ട്രീയ ഭൂപടത്തെ മാറ്റി വരയ്ക്കും. ചെങ്ങറ സമരത്തിനു് കൂടുതല്‍ ജനപിന്തുണ ലഭിച്ചുകൊണ്ടിരിയ്ക്കുകയാണു്. മാവോയിസ്റ്റുകളുടേയും നക്ഷലൈറ്റുകളുടേയും മുദ്ര ചാര്‍ത്താനുള്ള സര്‍ക്കാരിന്റെ ശ്രമം സഹന സമരം നടത്തുന്ന ഇരുപത്തേഴായിരത്തോളം ജനങ്ങളെ തകര്‍ക്കാനാണു്. കൊലപാതക രാഷ്ട്രീയത്തിന്റെ രക്തക്കറ പുരണ്ടവര്‍ മത്സരിച്ചു് കശാപ്പു് നടത്തുമ്പോഴാണു് വിചിത്രമായ താറടിയ്ക്കല്‍.

സമരം അടിയന്തിരമായി ഒത്തുതീര്‍പ്പാക്കണം. ചെങ്ങറ സമരം ഒത്തുതീര്‍പ്പാക്കണമെന്നാവശ്യപ്പെട്ടുകൊണ്ടു് ഏപ്രില്‍ മദ്ധ്യത്തില്‍ സമാജവാദി ജനപരിഷത്തിന്റെ ആഭിമുഖ്യത്തില്‍ ചെങ്ങറയില്‍ നിന്നു് തിരുവനന്തപുരത്തെ ഭരണ കേന്ദ്രത്തിലേയ്ക്കു് പദയാത്ര നടത്തും.
സാര്‍വ്വദേശീയ വനിതാ ദിനത്തോടനുബന്ധിച്ചു് ചെങ്ങറയില്‍ സാധുജന വിമോചന സമരവേദി ഒരുക്കിയ യോഗത്തില്‍ സംസാരിക്കുന്നതിനും സമരഭൂമിയിലെ ജനങ്ങളെ സന്ദര്‍ശിക്കുന്നതിനും എത്തിയതാണു് സോഷ്യലിസ്റ്റ് നേതാക്കള്‍.

0 പ്രതികരണം:

അഭിപ്രായം പറയൂ

കുറിപ്പ്: ഈ ബ്ലോഗിലെ ഒരു അംഗത്തിനു മാത്രമേ അഭിപ്രായം പോസ്റ്റ് ചെയ്യാന്‍ കഴിയൂ.