2010/07/10

ജനാധിപത്യ ധ്വംസനം നടത്തിയവര്‍ അധികാരത്തില്‍ തുടരുന്നു -കുല്‍ദീപ് നയ്യാര്‍

.


അടിയന്തരാവസ്ഥ തടവുകാരെ രാഷ്ട്രീയ തടവുകാരായി അംഗീകരിക്കണം

കൊച്ചി: അടിയന്തരാവസ്ഥക്കാലത്ത് കുറ്റകൃത്യങ്ങള്‍ക്കും ജനാധിപത്യ ധ്വംസനങ്ങള്‍ക്കും നേതൃത്വം നല്‍കിയവര്‍ ഇന്നും ഭരണതലങ്ങളില്‍ തുടരുകയാണെന്ന് പ്രശസ്ത പത്രപ്രവര്‍ത്തകന്‍ കുല്‍ദീപ് നയ്യാര്‍ അഭിപ്രായപ്പെട്ടു. ജൂലായ് 9-നു് എറണാകുളം ടൗണ്‍ ഹാളില്‍ സംഘടിപ്പിച്ച അടിയന്തരാവസ്ഥവിരുദ്ധ കണ്‍വെന്‍ഷന്‍ വീഡിയോ കോണ്‍ഫറന്‍സ് സംവിധാനത്തിലൂടെ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

അടിയന്തരാവസ്ഥയ്ക്കു ശേഷം ഇന്ദിരാഗാന്ധിക്ക് രാജിവെച്ചൊഴിയേണ്ടിവന്നത് ജനാധിപത്യ ശക്തികളുടെ ജാഗ്രതകൊണ്ടു മാത്രമാണ്. എന്നാല്‍, ജനാധിപത്യത്തെ തകര്‍ക്കുന്നതില്‍ പങ്കാളികളായവരില്‍ പലരും ഇന്ന് പശ്ചാത്തപിക്കാന്‍ പോലും തയ്യാറാകാതെ ഭരണതലങ്ങളില്‍ തുടരുകയാണ്. ഭോപ്പാല്‍ വിഷവാതക ദുരന്തമുള്‍പ്പെടെയുള്ള വിഷയങ്ങള്‍ ജനങ്ങള്‍ക്കുള്ള മുന്നറിയിപ്പാണെന്നും നയ്യാര്‍ വ്യക്തമാക്കി.


രാജ്യത്ത്‌ വികസനത്തിന്റെ പേരില്‍ കോര്‍പറേറ്റ്‌ കുത്തകകളുടെ താത്‌പര്യങ്ങള്‍ മാത്രമാണ്‌ നടപ്പാക്കുന്നതെന്ന്‌ കുല്‍ദീപ്‌ നയ്യാര്‍ പറഞ്ഞു തീവ്രവാദബന്ധമുള്ളവരെന്നും മാവോയിസ്റ്റ്‌ എന്നും പറഞ്ഞ്‌ എന്തും ചെയ്യാന്‍ കഴിയുന്ന സാഹചര്യമാണ്‌ രാജ്യത്ത്‌ നിലനില്‌ക്കുന്നത്‌. ഇത്തരമൊരു സാഹചര്യം അടിയന്തിരാവസ്ഥാനാളുകളെയാണ്‌ ഓര്‍മിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

രാഷ്‌ട്രീയത്തില്‍ ഇന്ന്‌ ധാര്‍മികതയും മൂല്യവും ഇല്ലാതായിക്കൊണ്‌ടിരിക്കുകയണ്‌, ധാര്‍മികതയെയും മൂല്യത്തെയും രാഷ്‌ട്രീയത്തില്‍നിന്ന്‌ ഒഴിവാക്കുന്നതിന്റെ തുടക്കം അടിയന്തിരാവസ്ഥയിലുടെ ഇന്ദിരാഗാന്ധിയാണ്‌ തുടങ്ങിവെച്ചതെന്നും കുല്‍ദീപ്‌ നയ്യാര്‍ പറഞ്ഞു.

അടിയന്തിരാവസ്ഥയ്‌ക്കെതിരെ സമരം ചെയ്‌തതിന്റെ പേരില്‍ തടവിലാക്കപ്പെട്ടവരെ രാഷ്‌ട്രീയത്തടവുകാരായി അംഗീകരിക്കണമെന്ന പ്രമേയം കണ്‍വന്‍ഷന്‍ അംഗീകരിച്ചു. പഞ്ചാബ്‌, ഉത്തര്‍പ്രദേശ്‌, മധ്യപ്രദേശ്‌ തുടങ്ങിയ സംസ്ഥാനങ്ങളില്‍ അടിയാന്തിരാവസ്ഥാ തടവുകാരെ രാഷ്‌ട്രീയ തടവുകാരായി അംഗീകരിച്ചുകൊണ്‌ട്‌ അവര്‍ക്ക്‌ പെന്‍ഷന്‍ അടക്കമുളള ആനുകൂല്യങ്ങള്‍ നല്‍കുന്നുണെ്ടന്നും കേരളത്തില്‍ ഇടതുമുന്നണി സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ഉടനെ അടിയന്തിരാവസ്ഥ തടവുകാരെ രാഷ്‌ട്രീയതടവുകാരായി അംഗീകരിക്കുമെന്ന്‌ പ്രഖ്യാപനം നടത്തിയിരുന്നെങ്കിലും തുടര്‍നടപടികളുണ്‌ടായില്ലെന്നും ഇക്കാര്യത്തില്‍ അടിയന്തിര നടപടികള്‍ വേണമെന്നും പ്രമേയത്തില്‍ ആവശ്യപ്പെട്ടു. പ്രമേയം ടി.എന്‍. ജോയി അവതരിപ്പിച്ചു.

ഹിന്ദ് മസ്ദൂര്‍ സഭ അഖിലേന്ത്യാ പ്രസിഡന്റ് അഡ്വ. തമ്പാന്‍ തോമസ്, സിഐടിയു സംസ്ഥാന ജനറല്‍ സെക്രട്ടറി എം.എം. ലോറന്‍സ്, പ്രൊഫ. നൈനാന്‍ കോശി പി സി ഉണ്ണിച്ചെക്കന്‍, എം എസ്‌ ജയകുമാര്‍, അയ്യപ്പഹുഗാര്‍, പ്രഫ. കെ അരവിന്ദാക്ഷന്‍, ഡോ. സെബാസ്റ്റ്യന്‍പോള്‍, ചാള്‍സ്‌ ജോര്‍ജ്‌, അഡ്വ. പി കെ ഇബ്രാഹിം എന്നിവര്‍ പ്രസംഗിച്ചു.

കണ്‍വെന്‍ഷനോടനുബന്ധിച്ച് സംഘടിപ്പിച്ച ചിത്രപ്രദര്‍ശനം ലളിതകലാ അക്കാദമി ചെയര്‍മാന്‍ സി എന്‍ കരുണാകരന്‍ ഉദ്‌ഘാടനം ചെയ്‌തു. ഇരുപതോളം ചിത്രകാരന്മാര്‍ തങ്ങളുടെ സൃഷ്‌ടികള്‍ പ്രദര്‍ശനത്തിനു് നല്‍കിയിരുന്നു.

ഫോട്ടോ: ഹിന്ദ് മസ്ദൂര്‍ സഭ അഖിലേന്ത്യാ പ്രസിഡന്റ് അഡ്വ. തമ്പാന്‍ തോമസ് യോഗത്തെ സംബോദന ചെയ്യുന്നു. വലത്തേയറ്റത്ത് നൈനാന്‍ കോശി. -മാതൃഭൂമി
.

2010/07/09

കിനാലൂര്‍ നാലുവരിപ്പാത: ലക്ഷ്യം ഭൂമി കച്ചവടം

ബാലുശേരി: കിനാലൂരില്‍ ഭൂമി കൈമാറിയ ചെരുപ്പു നിര്‍മാണ കമ്പനികള്‍ക്കു കണ്ടെയ്നര്‍കൊണ്ടു പോകാനെന്നു പറഞ്ഞു നാലുവരിപ്പാത നിര്‍മിക്കാനുള്ള നീക്കത്തില്‍ സമാജ‌വാദി ജന പരിഷത്ത് പ്രതിഷേധിച്ചു. നേരത്തെ ഇവിടേക്കു മലേഷ്യന്‍ കമ്പനിക്കാരെ സ്വീകരിച്ചാനയിച്ച വകയില്‍ സര്‍ക്കാര്‍ ഖജനാവില്‍നിന്നു ചെലവഴിച്ച തുകയുടെ കണക്ക് വെളിപ്പെടുത്തണം.പുതിയ പാത നിര്‍മാണത്തിനായി പൊലീസും സിപിഎമ്മും ഒന്നിച്ചിരിക്കുകയാണ്. സമരം ചെയ്യുന്നവരുടെ ഭൂമി അക്രമ മാര്‍ഗത്തിലൂടെ പിടിച്ചെടുക്കുന്ന നന്ദിഗ്രാം മോഡലാണ് ഇവിടെ നടക്കാന്‍ പോകുന്നത്. ഇതിനെതിരെ നാട്ടുകാര്‍ നടത്തുന്ന സമരത്തിനു പിന്തുണ നല്‍കാനും സമാജ്‌വാദി ജന പരിഷത്ത് ജില്ലാസമിതി തീരുമാനിച്ചു. സുരേഷ് നരിക്കുനി ആധ്യക്ഷ്യം വഹിച്ചു. അഡ്വ. കുതിരോട്ട് പ്രദീപന്‍, പി. ടി. മുഹ്മദ് കോയ എന്നിവര്‍ പ്രസംഗിച്ചു.

മലയാള മനോരമ

2010/07/08

ദേശീയപാത: സര്‍വകക്ഷി തീരുമാനം നടപ്പിലാക്കണമെന്ന്‌ എന്‍എപിഎം

കൊച്ചി,ജൂലായ് 7: ബിഒടി വ്യവസ്ഥയിലല്ലാതെ ആയിരക്കണക്കിന്‌ കുടുംബങ്ങളെ കുടിയൊഴിപ്പിക്കാതെ 30 മീറ്ററില്‍ നാലുവരി പാത നിര്‍മിക്കാനുള്ള സര്‍വകക്ഷി തീരുമാനം നടപ്പിലാക്കണമെന്ന്‌ ജനകീയ പ്രസ്ഥാനങ്ങളുടെ ദേശീയ സഖ്യം (എന്‍എപിഎം) സംസ്ഥാന സമിതിയോഗം സര്‍ക്കാരിനോട്‌ ആവശ്യപ്പെട്ടു. പഞ്ചായത്ത്‌ തെരഞ്ഞെടുപ്പിന്‌ മുന്നോടിയായി കേരളത്തിലെ എല്ലാ ജനകീയ സമരങ്ങളെയും നവസാമൂഹ്യ പ്രസ്ഥാനങ്ങളേയും പങ്കെടുപ്പിച്ചുകൊണ്ടുള്ള മഹാസംഗമം ആഗസ്റ്റ്‌ 7,8 തീയതികളില്‍ തൃശൂരില്‍ നടത്തുമെന്ന്‌ എന്‍എപിഎം സംസ്ഥാന സമിതി അറിയിച്ചു.

ഈ സംഗമത്തില്‍ മേധാപട്ക്കര്‍ ഉള്‍പ്പടെയുള്ള ദേശീയനേതാക്കള്‍ പങ്കെടുക്കുമെന്ന്‌ സംസ്ഥാന കോ-ഓര്‍ഡിനേറ്റര്‍ ജിയോ ജോസ്‌ പറഞ്ഞു. യോഗത്തില്‍ സി.ആര്‍.നീലകണ്ഠന്‍, സ്വതന്ത്ര മല്‍‍സ്യ ത്തൊഴിലാളി ഫെഡറേഷന്‍ നേതാവ് ടി.പീറ്റര്‍, സോഷ്യലിസ്റ്റ് നേതാവു് ജോഷി ജേക്കബ്‌, പിടിഎം ഹുസൈന്‍, കേരള സര്‍വോദയമണ്ഡലത്തിന്റെ ഈസാബിന്‍ അബ്ദുള്‍ കരീം തുടങ്ങിയവര്‍ സംസാരിച്ചു.