കടപ്പാടു് മാതൃഭൂമി |
തൃശ്ശിവപേരൂര്‍, ജനുവരി 16:മാവോവാദികള്‍ അക്രമമാര്‍ഗം ഉപേക്ഷിച്ച് പങ്കാളിത്ത ജനാധിപത്യത്തിന്റെ മാര്‍ഗം സ്വീകരിക്കണമെന്ന് ജനകീയപ്രസ്ഥാനങ്ങളുടെ ദേശീയസഖ്യത്തിന്റെ അധ്യക്ഷ മേധ പട്കര്‍ പറഞ്ഞു. തൃശ്ശിവപേരൂരില്‍ നടന്ന വിബ്‌ജിയോര്‍ രാജ്യാന്തര ചലച്ചിത്രോത്സവത്തിന്റെ സമാപനദിവസം ഡോക്യുമെന്ററി സംവിധായകന്‍ സി ശരത്ചന്ദ്രന്‍ അനുസ്മരണ പ്രഭാഷണം നടത്തുകയായിരുന്നു അവര്‍.
ഇരുന്നൂറോളം ജില്ലകള്‍ മാവോബാധിതമെന്നാണ് കേന്ദ്രത്തിന്റെ കണ്ടെത്തല്‍. അവിടത്തെ ഗ്രാമീണര്‍ക്ക് മാവോ ആരെന്നുപോലും അറിയില്ല. മാവോവാദികള്‍ അധികാരത്തില്‍ വന്നാല്‍ എന്താണ് സ്ഥിതിയെന്ന് നേപ്പാള്‍ കാട്ടിത്തന്നു. പോരാട്ടത്തിലെ ആദര്‍ശങ്ങള്‍ അവര്‍ മറന്നു. രാജ്യത്ത് വിദേശനിക്ഷേപം സ്വീകരിക്കുന്നതിന് ആവശ്യമെങ്കില്‍ മാവോവാദിയെന്ന പേര് പോലും ഉപേക്ഷിക്കുമെന്ന് ഇപ്പോള്‍ അവര്‍ പറയുന്നു. ഛത്തിസ്ഗഢിലെ 644 ഗ്രാമങ്ങള്‍ കോര്‍പ്പറേറ്റ് ബാധിതമാണ്. അധികാരം കിട്ടിയാല്‍ ഇവയൊക്കെ വേണ്ടെന്ന് വെയ്ക്കാന്‍ മാവോയിസ്റ്റുകള്‍ തയ്യാറാകുമോ? അവര്‍ ഇന്ത്യയുടെ മണ്ണിലേക്ക് ഇറങ്ങിവരണം. സമാധാനത്തിന്റെ പാത തന്നെയാണ് ഉചിതം. ജനാധിപത്യത്തെ സ്വീകരിക്കണം. ഇപ്പോഴത്തെ ജനാധിപത്യം ശരിയായ ദിശയിലാണ് പോകുന്നതെന്ന് കരുതുന്നില്ല. അതിന്റെ പോരായ്‌മകള്‍ പരിഹരിക്കാനുള്ള പോരാട്ടത്തില്‍ മാവോയിസ്‌റ്റുകള്‍ക്കും പങ്കെടുക്കാവുന്നതാണ്. ജനങ്ങളുടെ പാര്‍ലമെന്റ് തുടങ്ങിയ സംവിധാനങ്ങളിലൂടെ ഞങ്ങള്‍ ശ്രമിക്കുന്നതു് ഇപ്പോഴത്തെ ജനാധിപത്യത്തിന്റെ പോരായ്‌മകള്‍ പരിഹരിക്കുന്നതിനാണ്. അത് അധികാര രാഷ്ട്രീയത്തില്‍ നിന്നും വ്യത്യസ്തമാണ്-മേധ പറഞ്ഞു.
കടപ്പാടു് ദി ഹിന്ദു |
കോര്‍പ്പറേറ്റുകളെ ആര് നേരിടുമെന്നതാണ് ഇന്നത്തെ വലിയ വെല്ലുവിളിയെന്ന് മേധ പട്കര്‍ ചൂണ്ടിക്കാട്ടി. ഭരണകൂടത്തിന്റെ എല്ലാ തൂണുകളും ആ ചോദ്യം നേരിടുന്നു. ജനാധിപത്യം ദുര്‍ബലമാകുമ്പോള്‍ മാധ്യമങ്ങളിലും ജുഡീഷ്യറിയിലുമാണ് അവസാന പ്രതീക്ഷ. എന്നാലിതിന് മങ്ങലേല്‍ക്കുന്നതാണ് റാഡിയ സംഭവങ്ങളടക്കം കാണിക്കുന്നത്. ജുഡീഷ്യറിയിലും മാധ്യമങ്ങളിലുമുളള പ്രതീക്ഷകള്‍ പോലും സംശയിക്കപ്പെടുന്നു. മീഡിയയും റാഡിയയും തമ്മില്‍ അകലമില്ലാതാകുന്നു.
പാര്‍ശ്വവല്‍ക്കരിക്കപ്പെടുന്ന ജനങ്ങളുടെ പ്രശ്‌നങ്ങള്‍ ജനകീയ സമരങ്ങളിലൂടെയാണ് ഉയര്‍ത്തേണ്ടത്. ജനകീയ പ്രശ്‌നങ്ങള്‍ കലയിലൂടെ ശക്തമായി അവതരിപ്പിക്കാനാകും. ഡോക്യുമെന്ററിയിലൂടെ ശരത്‌ചന്ദ്രന്‍ അത് തെളിയിച്ചു. എന്‍ഡോസള്‍ഫാന്‍ ജനങ്ങളെ എത്രമാത്രം ദോഷകരമായി ബാധിച്ചു എന്ന് തെളിയിക്കപ്പെട്ടു കഴിഞ്ഞതാണെന്ന് മേധ പറഞ്ഞു. ഭരണാധികാരികള്‍ക്ക് കോര്‍പറേറ്റുകളോടാണ് കൂറ്. എന്‍ഡോസള്‍ഫാന്‍ നിരോധിക്കണം എന്ന ആവശ്യത്തെ കേന്ദ്രത്തിന് എത്ര കാലം അവഗണിക്കാനാകുമന്നും അവര്‍ ചോദിച്ചു.
മഹാനഗരങ്ങളില്‍ കോര്‍പ്പറേറ്റുകളുടെ സ്ഥലക്കൊതിക്കു മുന്നില്‍ സാധാരണക്കാരുടെ കൂരകള്‍ തകര്‍ക്കപ്പെടുന്നു. മനുഷ്യത്വത്തിന്റെ വറ്റു പോലും ഇല്ല. ആദര്‍ശ് ഫ്‌ളാറ്റിന്റെ അഴിമതി വെളിച്ചത്തുകൊണ്ടുവന്നത് ജനകീയപ്രസ്ഥാനങ്ങളുടെ വിജയമാണ്. മുംബൈയില്‍ മാത്രം 75000ത്തോളം വീടുകളാണ് വന്‍ നിര്‍മതാക്കള്‍ക്കുവേണ്ടി ഇടിച്ചുപൊളിക്കാന്‍ ഒരുങ്ങുന്നത്. നഗരദരിദ്രരുടെ വലിയ ചെറുത്തുനില്‍പ്പാണ് ഇതിനൊക്കെയെതിരെ ഉയരുന്നത്- അവര്‍ പറഞ്ഞു. ആദര്‍ശ് ഫ്‌ളാറ്റ് അനധികൃതമായി നിര്‍മിച്ചതാണ്. അത് പൊളിക്കുന്നെങ്കില്‍ ജനങ്ങളുടെ വിജയമാണ്. `ആദര്‍ശും' `ലവാസ'യും കോര്‍പറേറ്റുകളും കരാറുകാരും കെട്ടിട നിര്‍മാതാകളും രാഷ്ട്രീയ നേതൃത്വവും ചേര്‍ന്ന കൂട്ടുകെട്ടിന്റെ അഴിമതിയാണ്.അതിരപ്പിള്ളി വിഷയത്തില്‍ കേന്ദ്ര ജല കമീഷന്റെ റിപ്പോര്‍ട്ട് താന്‍ പരിശോധിച്ചിട്ടില്ല. ഇക്കാര്യത്തില്‍ ചാലക്കുടിപ്പുഴ സംരക്ഷണ സമിതിയുടെ നിഗമനങ്ങളോടാണ് യോജിപ്പ്. രാജ്യത്തെ പ്രധാന നദികളില്‍ നീരൊഴുക്ക് കുറയുകയാണെണന്നും മേധ പറഞ്ഞു.
0 പ്രതികരണം:
അഭിപ്രായം പറയൂ
കുറിപ്പ്: ഈ ബ്ലോഗിലെ ഒരു അംഗത്തിനു മാത്രമേ അഭിപ്രായം പോസ്റ്റ് ചെയ്യാന്‍ കഴിയൂ.