2012/12/20

അഡ്വ. ജോഷി ജേക്കബ് സമാജവാദി ജനപരിഷത്ത് ദേശീയ ജനറല്‍ സെക്രട്ടറി

അഡ്വ. ജോഷി ജേക്കബ് (വലതു്), ചെലവില്ലാ പ്രകൃതികൃഷിയുടെ
ഉപജ്ഞാതാവു് സുഭാസ് പാലേക്കരോടൊപ്പം.
 ഛായ: സോഷ്യലിസ്റ്റ് വാര്‍ത്താകേന്ദ്രം
വര്‍ദ്ധ (മഹാരാഷ്ട്രം): അഡ്വ. ജോഷി ജേക്കബ്ബിനെ സമാജവാദി ജനപരിഷത്തിന്റെ ദേശീയ ജനറല്‍ സെക്രട്ടറിയായി വര്‍ദ്ധയിലെ സേവാശ്രമത്തില്‍ ഡിസംബര്‍ 13 മുതല്‍ 16വരെ നടന്ന ദേശീയ കൗണ്‍സില്‍ യോഗം ഏകകണ്ഠമായി തെരഞ്ഞെടുത്തു. സോമനാഥ ത്രിപാഠി സ്ഥാനമൊഴിഞ്ഞതിനെത്തുടര്‍ന്നാണു് ഇതു്.

1995-ല്‍ സമാജവാദി ജനപരിഷത്ത് രൂപം കൊള്ളുമ്പോള്‍ അതിന്റെ ആദ്യ സെക്രട്ടറിമാരിലൊരാളായിരുന്നു ജോഷി. പിന്നീടു് ദേശീയ ഉപാദ്ധ്യക്ഷനും കേരള സംസ്ഥാന അദ്ധ്യക്ഷനും ആയി പ്രവര്‍ത്തിച്ചു. ദേശീയതലത്തിലും സംസ്ഥാന തലത്തിലുമുള്ള നിരവധി സമരങ്ങളില്‍ പങ്കെടുത്തു് അറസ്റ്റുവരിയ്ക്കുകയും ജയില്‍വാസമനുഭവിയ്ക്കുകയും ചെയ്തിട്ടുള്ള നേതാവാണിദ്ദേഹം.

ലോക് നായക് ജയപ്രകാശ് നാരായണന്റെയും ഡോ. രാം മനോഹര്‍ ലോഹിയയുടെയും ആദര്‍ശങ്ങളില്‍ ആകൃഷ്ടനായി വിദ്യാര്‍ത്ഥി പ്രസ്ഥാനത്തിലൂടെ കടന്നുവന്ന ഈ സോഷ്യലിസ്റ്റു് നേതാവു് 1965-ലാണു് ജനിച്ചതു്.

http://samajawadijanaparishad.blogspot.in/2012/12/blog-post.html


2012/01/10

സച്ചിദാനന്ദ സിഹ്ന കോട്ടയത്തു്



സച്ചിദാനന്ദ സിഹ്ന
കോട്ടയം‍, 1187 ധനു 24: പരാജയപ്പെട്ട പുത്തന്‍ സാമ്പത്തികനയം പിന്‍വലിയ്ക്കുക എന്നാവശ്യപ്പെട്ടുകൊണ്ടു് സമാജവാദിജനപരിഷത്ത് ജനുവരി ഒന്നു് മുതല്‍ ദേശീയതലത്തില്‍ നടത്തിവരുന്ന പ്രക്ഷോഭത്തിന്റെഭാഗമായി ലോഹിയാധാരയില്പെട്ട പ്രമുഖ ഇന്ത്യന്‍ സോഷ്യലിസ്റ്റ് ചിന്തകനും എഴുത്തുകാരനുമായ സച്ചിദാനന്ദ സിഹ്ന ധനു 24 (ജനുവരി 11 ) ബുധനാഴ്ച കോട്ടയത്തു് പ്രഭാഷണം നടത്തും. പുത്തന്‍ സാമ്പത്തികനയവും അതിജീവനത്തിന്റെ പുതിയ രാഷ്ട്രീയവും എന്ന വിഷയത്തെ അധികരിച്ചാണു് പ്രഭാഷണം.

വൈകുന്നേരം അഞ്ചു് മണിയ്ക്കു് കോട്ടയം തിരുനക്കര ബാങ്ക് എംപ്ലോയീസ് ഹാളില്‍ സമാജവാദി ജനപരിഷത്ത് ജില്ലാപ്രസിഡന്റ് ജോസ് വാഴാംപ്ലാവന്റെ അദ്ധ്യക്ഷതയില്‍ ചേരുന്ന യോഗത്തില്‍ സമാജവാദി ജനപരിഷത്ത് ദേശീയ സെക്രട്ടറി അഡ്വ. ജോഷി ജേക്കബ്, സംസ്ഥാന ഖജാന്‍ജി എം എന്‍ തങ്കപ്പന്‍, സംസ്ഥാന സെക്രട്ടറി അഡ്വ. ജയിമോന്‍ തങ്കച്ചന്‍, സെക്രട്ടറി ജെയിംസ് തോമസ്, പ്രഭാത് എം സോമന്‍ തുടങ്ങിയവര്‍ പ്രസംഗിയ്ക്കും.

വന്‍തോതിലുള്ള കുടിയൊഴിപ്പിയ്ക്കലിനും കടുത്ത വിലക്കയറ്റത്തിനും കാര്‍ഷികമേഖലയുടെ തകര്‍ച്ചയ്ക്കും രണ്ടു്ലക്ഷത്തോളം കര്‍ഷകരുടെ ആത്മഹത്യയ്ക്കും ഇടയാക്കിയതും രണ്ടുദശകങ്ങളായി നടപ്പാക്കിവരുന്നതുമായ പുത്തന്‍ ഉദാരവല്‍ക്കരണ സാമ്പത്തികനയം പരാജയപ്പെട്ടുവെന്നു് പ്രഖ്യാപിച്ചുകൊണ്ടു് ഈയിടെ ബീഹാറില്‍ ചേര്‍ന്ന സമാജവാദിജനപരിഷത്ത് ദേശീയ സമ്മേളനമാണു് ദേശീയപ്രക്ഷോഭത്തിനു് തീരുമാനമെടുത്തതു്.

കടപ്പാടു്: സമാജവാദി ജளപരിഷത്ത്