2014/04/23

സമാജ്‍വാദി ജനപരിഷത്ത് ജന. സെക്രട്ടറി സുനില്‍ അന്തരിച്ചു

1959 നവംബർ 4 - 2014 ഏപ്രിൽ 21

ന്യൂഡല്‍ഹി: സമാജ് വാദി ജനപരിഷത്തിന്റെ പ്രമുഖ നേതാവും ജന. സെക്രട്ടറിയുമായ സുനില്‍ജി (54) 2014 ഏപ്രില്‍ 21 തിങ്കളാഴ്ച രാത്രി അന്തരിച്ചു. മസ്തിഷ്‌കത്തിലെ രക്തസ്രാവത്തെത്തുടര്‍ന്ന് കഴിഞ്ഞ 16 മുതല്‍ ചികിത്സയിലായിരുന്നു. ശവസംസ്‌കാരം ഡല്‍ഹിയിലെ വൈദ്യുതി ശ്മശാനത്തില്‍ നടത്തി.

സാമ്പത്തിക രാഷ്ട്രീയചിന്തകനും ജനകീയസമരങ്ങളുടെ പോരാളിയുമായ അദ്ദേഹം സാമായിക് വാര്‍ത്തയെന്ന ഹിന്ദി പ്രസിദ്ധീകരണത്തിന്റെ പത്രാധിപനുമായിരുന്നു. ജവാഹര്‍ലാല്‍ നെഹ്രു സര്‍വകലാശാലയിലെ വിദ്യാര്‍ഥിപ്രസ്ഥാനത്തിലൂടെയാണ് രാഷ്ട്രീയത്തിലേക്കുള്ള കടന്നുവരവ്. പിന്നീട് കേസ്ലയില്‍ ആദിവാസികളുടെ ഇടയില്‍ പ്രവര്‍ത്തിക്കാന്‍ ജീവിതം ഉഴിഞ്ഞുെവച്ചു. നര്‍മദയുടെ പോഷകനദിയായ തവ നദിയില്‍ നിര്‍മിച്ച അണക്കെട്ടിനും മിലിട്ടറി പദ്ധതിക്കുമായി കുടിയൊഴിപ്പിച്ച ആദിവാസികളുടെ അവകാശങ്ങള്‍ക്കുംവേണ്ടി കിസാന്‍ ആദിവാസി സംഘടന സ്ഥാപിച്ച് പ്രക്ഷോഭങ്ങള്‍ നടത്തി.

മേധാപട്കറും അരുണാറോയിയും കിഷന്‍ പട്‌നായിക്കും ചേര്‍ന്ന് രൂപംകൊടുത്ത ജനകീയ രാഷ്ട്രീയമുന്നണി (പി.പി.എഫ്.) യുടെയും പിന്നീടുണ്ടായ ലോക് രാജ്‌നീതി മഞ്ചിന്റെയും നേതൃത്വംവഹിച്ചിട്ടുണ്ട്.

പത്രപ്രവര്‍ത്തകയും ആക്ടിവിസ്റ്റുമായ സ്മിതയാണ് ഭാര്യ. മക്കള്‍: ശിവ്‌ലി വനജ (ജവാഹര്‍ലാല്‍ നെഹ്രു സര്‍വകലാശാലയില്‍ സാമ്പത്തിക ശാസ്ത്രഗവേഷണ വിദ്യാര്‍ഥി), ഇക്ബാല്‍ അഭിമന്യു (ജവാഹര്‍ലാല്‍ നെഹ്രു സര്‍വകലാശാലയില്‍ സ്പാനിഷ് ഭാഷാ ബിരുദാനന്തര ബിരുദ വിദ്യാര്‍ഥി).
മാതൃഭൂമി 2014 ഏപ്രില്‍ 23

0 പ്രതികരണം:

അഭിപ്രായം പറയൂ

കുറിപ്പ്: ഈ ബ്ലോഗിലെ ഒരു അംഗത്തിനു മാത്രമേ അഭിപ്രായം പോസ്റ്റ് ചെയ്യാന്‍ കഴിയൂ.