2016/03/01

ഒരു സോഷ്യലിസ്റ്റിന്റെ നിരീക്ഷണങ്ങള്‍ഒരു സോഷ്യലിസ്റ്റിന്റെ നിരീക്ഷണങ്ങള്‍
വിന്‍സന്റ് പുത്തൂര്‍
സൗഹൃദം കള്‍ച്ചറല്‍ സൊസൈറ്റി
ഒളരിക്കര
തൃശൂര്‍
ഫോണ്‍ – 9349599302
വ്യത്യസ്ഥമായ ഒരു രാഷ്ര്ടീയഗ്രന്ഥം അതാണ് വിന്‍സന്റ് പുത്തൂര്‍ രചിച്ച ഒരു സോഷ്യലിസ്റ്റിന്റെ നിരീക്ഷണങ്ങള്‍ എന്ന പുസ്തകം. മുഖ്യധാരയില്‍ കാര്യമായി ശ്രദ്ധിക്കപ്പെടാതെ പോയ വ്യക്തികളേയും സംഭവങ്ങളേയുമാണ് ഇതില്‍ മുഖ്യമായും പരാമര്‍ശിക്കുന്നത്. ഒപ്പം കോണ്‍ഗ്രസിനും കമ്യൂണിസ്റ്റിനും ബി.ജെ.പിക്കുമിടയില്‍ ഏറെക്കുറെ കുറ്റിയറ്റുപോയ സോഷ്യലിസ്റ്റ് ചിന്തകളിലേക്കുള്ള ഒരു പിന്‍മടക്കവുമാണ് 90 പേജ് മാത്രമുള്ള ഈ പുസ്തകം. ജനാധിപത്യം വീണ്ടും അപകടത്തിലാവുമ്പോള്‍ ഞാന്‍ വീണ്ടും ബോബുണ്ടാക്കുമെന്ന് പരസ്യമായി പ്രഖ്യാപിച്ച ജോര്‍ജ്ജ് ഫെര്‍ണാണ്ടസിനെക്കുറിച്ചാണ് ആദ്യലേഖനം.

ഇന്ത്യന്‍ രാഷ്ര്ടീയത്തില്‍ തികച്ചും വ്യത്യസ്തനായിരുന്ന ഈ വിപ്ലവകാരി അടിയന്തരാവസ്ഥക്കെതിരേ നയിച്ച ധീരപോരാട്ടവും സഞ്ജയ് ഗാന്ധി അദ്ദേഹത്തെ വധിക്കാന്‍ നിര്‍ദേശിച്ചതുമൊക്കെ ലേഖനത്തില്‍ വിവരിക്കുന്നു. 1974ലെ പ്രസിദ്ധമായ റെയില്‍വേ സമരം, അടിയന്തരാവസ്ഥയിലെ സായുധകലാപം, ജയിലില്‍ കിടന്നും 3.25 ലക്ഷം ഭൂരിപക്ഷം നേടിയത്, വ്യവസായ മന്ത്രിയായി കൊക്കൊകോള നിരോധിച്ചത്, പ്രതിറോധമന്ത്രിയായിരുന്നപ്പോള്‍ കാര്‍ഗില്‍ യുദ്ധം നയിച്ചത് തുടങ്ങി ഫെര്‍ണാണ്ടസിന്റെ ജീവിത്തിലെ പ്രധാന സംഭവങ്ങളെല്ലാം വിന്‍സന്റ് പരാമര്‍ശിക്കുന്നു. അടുത്തയിടെ അന്തരിച്ച നമ്പാടന്‍മാഷുടെ ജീവിതത്തിലെ രസകരമായ അനുഭവങ്ങളാണ് നമ്പാടന്‍ മാഷും സഞ്ചരിക്കുന്ന വിശ്വാസിയും എന്ന ലേഖനം.

രാഷ്ടീയകളരിയിലെ അങ്കചേകവരായിരുന്ന പി ആര്‍ കുറുപ്പ്, കുടിയൊഴിപ്പിക്കലുകള്‍ക്കെതിരെ എവിടെയായലും ഓടിയെത്തി സമരം നയച്ചിരുന്ന ബി. വെല്ലിംഗ്ടണ്‍, വ്യത്യസ്ഥനായ പുരാഹിതനും പോരാളിയുമായിരുന്ന ഫാദര്‍ വടക്കന്‍, സോഷ്യലിസ്റ്റുകള്‍ മറന്നുപോയ ബി.സി. വര്‍ഗീസ് തുടങ്ങിയവരെ കുറിച്ചാണ് പിന്നീടുള്ള കുറിപ്പുകള്‍. ഉടുമ്പന്‍ ചോല, പുല്‍പ്പള്ളി, അമ്പലവയല്‍, ഷാമോഗ, ഗൂഢല്ലൂര്‍, മാങ്കുളം തുടങ്ങി വിവിധ മേഖലകളില്‍ വെല്ലിംഗ്ടണ്‍ നയിച്ച സമരങ്ങള്‍ വിന്‍സന്റ് പുതുതലമുറയെ ഓര്‍മ്മിപ്പിക്കുന്നു. വിശുദ്ധകുര്‍ബാന പോലും സമരായുധമാക്കുകയും കമ്യൂണിസ്റ്റ് സഹചാരിയുമായിരുന്ന വടക്കനച്ചന്‍ വിമോചന സമരകാലത്ത് കമ്യൂണിസ്റ്റ് വിരുദ്ധനായ കഥ വിന്‍സന്റ് വിവരിക്കുന്നു.
1114ലെ ജാഥ നയിച്ച അക്കാമ്മ ചെറിയാന്‍, ഓര്‍ക്കാന്‍ മറന്നുപോയ എ.വി. ആര്യന്‍, ഗോവ കച്ച് സമരങ്ങള്‍ നയിച്ച ശിവരാമഭാരതി, ജനകീയ പ്രതിരോധരംഗത്തെ സോഷ്യലിസ്റ്റ് കെ പി മുഹമ്മദ് തുടങ്ങിയ ലേഖനങ്ങള്‍ മലയാളി പൊതുവില്‍ ഓര്‍ക്കാത്ത നേതാക്കളെ കുറിച്ചുള്ള ഓര്‍മ്മക്കുറിപ്പുകളാണ്. ഉത്തരവാദ ഭരണത്തിനായി തിരുവിതാംകൂറില്‍ നടന്ന വീരോചിതമായ സമരത്തിന്റെ മുന്നണി പോരാളിയായിരുന്ന അക്കാമ്മ ചെറിയാന്‍. 1938 ഒക്‌ടോബര്‍ 23നു ചിത്തിരതിരുന്നാള്‍ രാജാവിന്റെ കൊട്ടാരത്തിലേക്കു കോണ്‍ഗ്രസ് നേതൃത്വത്തില്‍ നടന്ന വന്‍ മാര്‍ച്ചിനു നേരെ വെടിവയ്ക്കാനൊരുങ്ങിയ പട്ടാളമേധാവി കേണല്‍ വാട്കിന്റെ മുന്നില്‍, സ്വന്തം ബ്ലൗസ് കീറി 'വയ്‌ക്കെടാ വെടി'യെന്നു ആക്രോശിക്കുകയായിരന്നു. സ്വാതന്ത്ര്യസമരത്തിലെ ഏറ്റവും ഉജ്വലമായ ഈ ഏട് പുതിയ ഫെമിനിസ്റ്റുകള്‍ക്കുപോലും അറിയാനിടയില്ല.
സി.പി.എമ്മിനെതിരേ കലാപത്തിന്റെ കൊടിയുയര്‍ത്തിയ ആദ്യകാല നേതാവ് എ.വി. ആര്യന്‍ പഞ്ചായത്ത് പ്രസിഡന്റായിരുന്നപ്പോള്‍ ജില്ലാകലക്ടര്‍ക്കും കലക്ടറേറ്റിനും മാത്രമല്ല, അതുവരെ ആരും നികുതി ചുമത്താതിരുന്ന സ്വന്തം ഇല്ലത്തിനു പോലും നികുതി ചുമത്തിയ സംഭവം വിന്‍സന്റ് ഓര്‍മിപ്പിക്കുന്നു.

ഓഗസ്റ്റ് വിപ്ലവത്തിന്റെ കുതിപ്പും കിതപ്പും, വീണ്ടുമൊരു ഉപ്പു സത്യാഗ്രഹം, മാര്‍ക്‌സില്‍ നിന്ന് ഗാന്ധിയിലേക്ക്, സോഷ്യലിസ്റ്റുകളുടെ വര്‍ത്തമാനം തുടങ്ങിയ ലേഖനങ്ങള്‍ ലേഖകന്റെ രാഷ്ര്ടീയ നിലപാട് വ്യക്തമാക്കുന്നു. മേധാ പട്കര്‍, ബിനായക് സെന്‍, സ്വാമി അഗ്നിവേശ് തുടങ്ങിയവരെ പ്രത്യേകം പരാമര്‍ശിക്കുന്നു. അടിയന്തരാവസ്ഥ പ്രഖ്യാപനത്തിനു കാരണമായ ജസ്റ്റിസ് വി ആര്‍ കൃഷ്ണയ്യരുടെ ഇന്ദിരാഗാന്ധിക്കനുകൂലമായ വിധിയെ വിന്‍സന്റ് രൂക്ഷമായി വിമര്‍ശിക്കുന്നു. വിന്‍സന്റ് ഓര്‍മ്മിപ്പിക്കുന്ന മറ്റൊരു പ്രധാന ചരിത്രവസ്തുത ഭൂപരിഷ്‌കരണ ബില്ലിനെ കുറിച്ചാണ്. ഇന്ത്യയില്‍ ആദ്യത്തെ ഭൂപരിഷ്‌കരണബില്‍ കൊണ്ടുവന്നത് പട്ടം താണുപിള്ളയായിരുന്നെന്ന് സമര്‍ത്ഥിക്കുന്ന വിന്‍സന്റിന്റെ കുറിപ്പ് ചരിത്ര രാഷ്ര്ടീയ വിദ്യാര്‍ത്ഥികള്‍ വായിക്കേണ്ടതാണ്. അന്ന് അദ്ദേഹം തിരു - കൊച്ചി മുഖ്യമന്ത്രിയായിരുന്നു. അദ്ദേഹത്തിന്റെ മന്ത്രി സഭാംഗമായിരുന്ന പി എസ് നടരാജന്‍ പിള്ള ബില്ലവതരിപ്പിച്ചത്. എന്നാല്‍, ബില്‍ പാസായാല്‍ തിരു - കൊച്ചി പി.എസ്.പി. ഒറ്റക്കു ഭരിക്കുമെന്ന് ഭയപ്പെട്ട കോണണ്‍ഗ്രസും കമ്യൂണിസ്റ്റും ഭയപ്പെട്ടു. അവിശ്വാസ പ്രമേയത്തില്‍ തട്ടി മന്ത്രിസഭയും ഭുപരിഷ്‌കരണ ബില്ലും വീണു. വിമോചനസമരകാലത്ത് ഗോപാലന്‍ ചേറ്റുപുഴ അവതരിപ്പിച്ച ഈ സമരം മോചനത്തിനാണ്, ഞങ്ങള്‍ വരുന്നു എന്നീ നാടകങ്ങളെ കുറിച്ചുള്ള കുറിപ്പ് രാഷ്ര്ടീയ-നാടക വിദ്യാര്‍ത്ഥികള്‍ക്കും പ്രയോജനപ്പെടും.
കടപ്പാട് മംഗളം ദിനപത്രം 2013 ഓഗസ്റ്റ്0 പ്രതികരണം:

അഭിപ്രായം പറയൂ

കുറിപ്പ്: ഈ ബ്ലോഗിലെ ഒരു അംഗത്തിനു മാത്രമേ അഭിപ്രായം പോസ്റ്റ് ചെയ്യാന്‍ കഴിയൂ.