2016/10/23

ആദ്യകാല സോഷ്യലിസ്റ്റ് പത്രപ്രവർത്തകൻ ആർ.കെ. നമ്പ്യാർ അന്തരിച്ചു


കോഴിക്കോട്: സ്വാതന്ത്ര്യസമരസേനാനിയും പത്രപ്രവർത്തകനും പ്രമുഖ സോഷ്യലിസ്റ്റുമായിരുന്ന രയരോത്ത് കൃഷ്ണൻനമ്പ്യാർ (ആർ.കെ. നമ്പ്യാർ-86) കക്കോടി എൻ.വി.റോഡിലെ 'ഹരിശ്രീ'യിൽ ഒക്ടോബർ 23 ശനിയാഴ്ച അന്തരിച്ചു.

30 വർഷം കോഴിക്കോട്ട് എക്സ്?പ്രസ്സിന്റെ സ്റ്റാഫ് റിപ്പോർട്ടറായിരുന്നു. 1930 ഫെബ്രുവരി രണ്ടിന് രയരോത്ത് വീട്ടിൽ നാരായണിയമ്മയുടെയും കെ.പി.അപ്പൻനായരുടെയും മകനായി ജനിച്ചു. വിദ്യാഭ്യാസകാലത്ത് സ്വാതന്ത്ര്യസമരപ്രസ്ഥാനവുമായി ബന്ധപ്പെട്ട ജാഥനയിച്ചതിന് സ്‌കൂളിൽനിന്ന് പുറത്താക്കപ്പെട്ടു. ഹൈസ്‌കൂൾ വിദ്യാഭ്യാസത്തിനുശേഷം ചൊക്ലി വി.സി. കുഞ്ഞിരാമൻ വൈദ്യരുടെ ഓറിയന്റൽ സംസ്‌കൃതസ്‌കൂളിൽ ചേർന്നു. പിതാവിന്റെ നിര്യാണത്തെത്തുടർന്ന് പഠനം മുടങ്ങി. ജോലി അന്വേഷിച്ച് കോഴിക്കോട്ടെത്തി 'മാതൃഭൂമി'യുടെ വിതരണക്കാരനായി.
1963-ലാണ് എക്സ്?പ്രസ്സിൽ പത്രപ്രവർത്തകനായത്. കാലിക്കറ്റ് ടൈംസ്, പടയണി(തലശ്ശേരി) എന്നീ പത്രങ്ങളിലും പ്രവർത്തിച്ചു. കോഴിക്കോട് പ്രസ്‌ക്ലബ്ബിന് രൂപംകൊടുക്കുന്നതിന് ശ്രമിച്ചവരിൽ പ്രധാനിയാണ്. പ്രസ്‌ക്ലബ്ബിന്റെ ഖജാൻജിയായും പ്രവർത്തിച്ചു.
സോഷ്യലിസ്റ്റ് നേതാക്കളായ പി.ആർ. കുറുപ്പ്, അരങ്ങിൽ ശ്രീധരൻ, കെ. കുഞ്ഞിരാമക്കുറുപ്പ്, കെ.ബി.മേനോൻ, പത്മപ്രഭാഗൗഡർ, ബി.സി.വർഗീസ് എന്നിവരുമായി ബന്ധമുണ്ടായിരുന്നു.
പി.വി.കെ.നെടുങ്ങാടി അവാർഡ്, സീനിയർ പത്രപ്രവർത്തക അവാർഡ്, തേജസ് അവാർഡ് ഉൾപ്പെടെ ഒട്ടേറെ പുരസ്‌കാരങ്ങൾ ലഭിച്ചു.
ഭാര്യ: പരേതയായ സരോജിനി കെ. നമ്പ്യാർ, മക്കൾ: ആർ. അജയകുമാർ (നിയോസെൽ വേൾഡ്, കോഴിക്കോട്), ആർ. കൃഷ്ണകുമാർ(കേരഫെഡ്). മരുമകൾ: ഷീജ. സഹോദരങ്ങൾ: ആർ. ഗോപാലൻ, ആർ. ഗോപാലൻ, പരേതയായ ആർ. ലക്ഷ്മി. ശവസംസ്‌കാരം ഒക്ടോബർ 23 ഞായറാഴ്ച രാവിലെ ഒമ്പതിന് മാവൂർറോഡ് ശ്മശാനത്തിൽ നടന്നു.

ആദ്യകാല സോഷ്യലിസ്റ്റ് പത്രപ്രവർത്തകനായിരുന്ന നമ്പ്യാർ സമാജവാദി ജന പരിഷത്തിനോട് എക്കാലത്തും ആത്മബന്ധം പുലർത്തിയ വ്യക്തിയായിരുന്നുവെന്നു് സമാജവാദി ജന പരിഷത്ത് നേതാവു് സുരേഷ് നരിക്കുനി അനുസ്മരിച്ചു. നമ്പ്യാരുടെ വേർപാട് സംഘടനയ്ക്കും, വ്യക്തിപരമായും, വലിയൊരു നഷ്ടമാണെന്നു് അദ്ദേഹം പറഞ്ഞു




2016/10/13

കൊലപാതക രാഷ്ട്രീയം ഇനിയും മുന്നേറുന്നത് തടയണം

  – അഡ്വ ജോഷി ജേക്കബ്

    
കൊലപാതകം മത്സരിച്ച് നടത്തുന്ന സ്ഥിതിവിശേഷം വീണ്ടും വന്നിരിക്കുന്നു. സിപിഎം ഉം ബിജെപി /ആർ എസ് എസ് ഉം മത്സരിച്ച് നടത്തുന്ന ഈ കൊലയുടെ കാരണങ്ങൾ തേടി പരസ്പരം പഴിചാരുന്ന പതിവ് വ്യായാമം ആരും ഗൗരവമായി എടുക്കില്ല. കൊലയുടെ ഉന്മാദം തേടുന്ന അണികളൊഴികെ ഇരുകൂട്ടരുടെയും അണികൾ പോലും കശാപ്പിന്റെ ഈ മത്സരത്തെ അംഗീകരിക്കുന്നുണ്ട് എന്ന് തോന്നുന്നില്ല. അനാഥരാകുന്ന കുഞ്ഞുങ്ങളും ഭാര്യമാരും അമ്മമാരും അച്ഛൻമാരും എത്രയോ ഹൃദയഭേദകമായ ദുഃഖമാണ് കയ്പുനീരായി കുടിക്കുന്നത്. അടഞ്ഞ ഫാസിസ്റ്റ് സംഘടനാ തത്വങ്ങൾ ഉയർത്തിപ്പിടിക്കുന്ന ആർ എസ് എസ് ഉം കമ്യൂനിസ്റ്റുകളും ഇതുപോലെ കൊലപാതക രാഷ്ട്രീയ മത്സരത്തിന് പുറപ്പെട്ടാൽ വിശ്വാസികളായ അനുയായികൾ നേതൃത്വം പറയുന്ന ന്യായങ്ങൾ വിഴുങ്ങും. എന്നാൽ അവരും ക്രമേണ കൊലപാതക രാഷ്ട്രീയത്തിന്റെ പൊള്ളത്തരം അംഗീകരിക്കുവാൻ നിർബന്ധിതരായി തീരും.

ജനങ്ങളുടെ ജീവിതത്തിൽ കാതലായ ഒന്നും നൽകുവാനില്ലാതെ വരുമ്പോൾ രാഷ്ട്രീയ നേതൃത്വത്തിന് ജനങ്ങളുടെ ശ്രദ്ധ തിരിക്കുവാൻ പരസ്പര കിടമത്സരത്തിന്റെ വഴിയാണ് ഏറ്റവും എളുപ്പമുള്ളത്. കേന്ദ്രം ഭരിക്കുന്ന ബിജെപിയും കേരളം ഭരിക്കുന്ന സിപിഎം ഉം യഥാര്‍ത്ഥമായ മാറ്റം കൊണ്ടുവരുന്നതിൽ അങ്ങേയറ്റം പരാജയപ്പെട്ടിരുന്നു. ഇരുകൂട്ടരും കോർപ്പറേറ്റ് ശക്തികളെ പ്രീണിപ്പിക്കുവാനാണ് ബദ്ധശ്രദ്ധരായിരിക്കുന്നത്. കർഷകരെയും കൈവേലക്കാരെയും പിച്ചിച്ചീന്തുന്ന ലോക വ്യാപാര സംഘടനയുടെയും ലോക ബാങ്കിന്റെയും രാജ്യത്തിന്റെ സാമ്പത്തിക നയങ്ങളിൽ അട്ടിമറി നടത്തുന്ന ഐ. ഐ. എം. എഫിന്റെയും നയങ്ങൾ ശിരസ്സാ വഹിച്ച് നടപ്പിലാക്കുന്നവരാണ് ബിജെപിയും സിപിഎം ഉം ഭരണം കിട്ടുമ്പോൾ ഇതുപോലെ ജനശ്രദ്ധ തിരിക്കുന്ന ഏതൊരു സംഗതിയും ആർത്തിയോടെ ഏറ്റെടുക്കും. എന്നിരുന്നാലും കൊലപാതക രാഷ്ട്രീയം അതിന് തെരഞ്ഞടുക്കുമോ എന്ന് ആരും സംശയിച്ച് പോകും. അത്രയേറെ വില കൊടുക്കേണ്ടതാണല്ലോ കൊലപാതക രാഷ്ട്രീയം.

നേതാക്കന്മാരെ പരസ്പരം കൊല്ലുവാൻ ഇരുകൂട്ടരും തുടങ്ങിയാൽ പെട്ടെന്ന് ഒരു ഒത്തുതീര്‍പ്പിന് സാദ്ധ്യതയുണ്ട്. മുമ്പ് ഒരിക്കൽ നേതാക്കളും ഭയപ്പെട്ടോ എന്ന ഒരു ഭീഷണി ഉണ്ടായപ്പോൾ തല്ക്കാല വെടിനിർത്തൽ ഉണ്ടായതാണ്.

എന്നാൽ അങ്ങനെ കൊലപാതകത്തിലൂടെയല്ല ഈ പ്രശ്നം പരിഹരിക്കേണ്ടത്. വാസ്തവത്തിൽ ഇരുകൂട്ടരിലെയും സാധാരണ അണികൾക്ക് മാത്രമല്ല കൊലപാതക രാഷ്ട്രീയം ഒരു ഭാരമായിത്തീർന്നിട്ടുള്ളത്. നേതാക്കൾക്കും അങ്ങനെ തന്നെയാണ്. എന്നാൽ അക്രമത്തെ ആരാധിക്കുന്ന ഇരുകൂട്ടരുടെയും പ്രത്യയശാസ്ത്രം അവരെ കൊലപാതക രാഷ്ട്രീയത്തിന്റെ ഊരാകുടുക്കിൽ ആക്കിയിരിക്കുകയാണ്. ഇരുകൂട്ടരുടെയും കൊലപാതക സംഘങ്ങൾ കൊലക്കത്തികൾക്ക് മൂർച്ച കൂട്ടുമ്പോൾ അതിനെ എതിർക്കുവാൻ അക്രമത്തെ ആരാധിക്കുന്ന ഇത്തരം പ്രസ്ഥാനങ്ങളിൽ ആരുമുണ്ടാകാറില്ല. ജനങ്ങൾ നിർഭയരാകുന്ന ഒരു സമയമാണ് ജനങ്ങളുടെ ഏറ്റവും വലിയ ശാക്തീകരണം ഉണ്ടാകുന്നത്. കൊലപാതക രാഷ്ട്രീയം ഭയത്തിന്റെ അന്തരീക്ഷമാണ് സമൂഹത്തിൽ ഉണ്ടാക്കുന്നത്. കലാലയ രാഷ്ട്രീയത്തിലും ഭയത്തിന്റെ അന്തരീക്ഷം സംജാതമാക്കി സംഘടന വളർത്തുന്ന സമീപനമാണ് ഇക്കൂട്ടർ പുലർത്തുന്നത്. ഇക്കാലത്തും അന്ധമായി ഇതിനെ പിൻചെല്ലുന്നവർ ഉണ്ട് എന്നത് അത്ഭുതകരമാണ്.

കേരളത്തിലെ ചെറുപ്പക്കാർ ഇനിയും ഇത്തരം വിധ്വംസക രാഷ്ട്രീയത്തിന്റെ പിന്നാലെ പോകരുത്. നമ്മെ ചൂഷണം ചെയ്യുന്ന മുതലാളിത്ത കോർപ്പറേറ്റ് ശക്തികളെയും ജാതി മേൽക്കോയ്മയുടെ രാഷ്ട്രീയത്തെയും ലിംഗപരമായ അസമത്വത്തത്തെയും ചെറക്കുവാൻ ഒരുപാട് ചെയ്യുവാനുണ്ടെന്ന് തിരിച്ചറിയണം.
2016 ഒക്ടോബർ 13ന് ചേതസ്സ് പ്രസിദ്ധീകരിച്ചത്