2016/10/23

ആദ്യകാല സോഷ്യലിസ്റ്റ് പത്രപ്രവർത്തകൻ ആർ.കെ. നമ്പ്യാർ അന്തരിച്ചു


കോഴിക്കോട്: സ്വാതന്ത്ര്യസമരസേനാനിയും പത്രപ്രവർത്തകനും പ്രമുഖ സോഷ്യലിസ്റ്റുമായിരുന്ന രയരോത്ത് കൃഷ്ണൻനമ്പ്യാർ (ആർ.കെ. നമ്പ്യാർ-86) കക്കോടി എൻ.വി.റോഡിലെ 'ഹരിശ്രീ'യിൽ ഒക്ടോബർ 23 ശനിയാഴ്ച അന്തരിച്ചു.

30 വർഷം കോഴിക്കോട്ട് എക്സ്?പ്രസ്സിന്റെ സ്റ്റാഫ് റിപ്പോർട്ടറായിരുന്നു. 1930 ഫെബ്രുവരി രണ്ടിന് രയരോത്ത് വീട്ടിൽ നാരായണിയമ്മയുടെയും കെ.പി.അപ്പൻനായരുടെയും മകനായി ജനിച്ചു. വിദ്യാഭ്യാസകാലത്ത് സ്വാതന്ത്ര്യസമരപ്രസ്ഥാനവുമായി ബന്ധപ്പെട്ട ജാഥനയിച്ചതിന് സ്‌കൂളിൽനിന്ന് പുറത്താക്കപ്പെട്ടു. ഹൈസ്‌കൂൾ വിദ്യാഭ്യാസത്തിനുശേഷം ചൊക്ലി വി.സി. കുഞ്ഞിരാമൻ വൈദ്യരുടെ ഓറിയന്റൽ സംസ്‌കൃതസ്‌കൂളിൽ ചേർന്നു. പിതാവിന്റെ നിര്യാണത്തെത്തുടർന്ന് പഠനം മുടങ്ങി. ജോലി അന്വേഷിച്ച് കോഴിക്കോട്ടെത്തി 'മാതൃഭൂമി'യുടെ വിതരണക്കാരനായി.
1963-ലാണ് എക്സ്?പ്രസ്സിൽ പത്രപ്രവർത്തകനായത്. കാലിക്കറ്റ് ടൈംസ്, പടയണി(തലശ്ശേരി) എന്നീ പത്രങ്ങളിലും പ്രവർത്തിച്ചു. കോഴിക്കോട് പ്രസ്‌ക്ലബ്ബിന് രൂപംകൊടുക്കുന്നതിന് ശ്രമിച്ചവരിൽ പ്രധാനിയാണ്. പ്രസ്‌ക്ലബ്ബിന്റെ ഖജാൻജിയായും പ്രവർത്തിച്ചു.
സോഷ്യലിസ്റ്റ് നേതാക്കളായ പി.ആർ. കുറുപ്പ്, അരങ്ങിൽ ശ്രീധരൻ, കെ. കുഞ്ഞിരാമക്കുറുപ്പ്, കെ.ബി.മേനോൻ, പത്മപ്രഭാഗൗഡർ, ബി.സി.വർഗീസ് എന്നിവരുമായി ബന്ധമുണ്ടായിരുന്നു.
പി.വി.കെ.നെടുങ്ങാടി അവാർഡ്, സീനിയർ പത്രപ്രവർത്തക അവാർഡ്, തേജസ് അവാർഡ് ഉൾപ്പെടെ ഒട്ടേറെ പുരസ്‌കാരങ്ങൾ ലഭിച്ചു.
ഭാര്യ: പരേതയായ സരോജിനി കെ. നമ്പ്യാർ, മക്കൾ: ആർ. അജയകുമാർ (നിയോസെൽ വേൾഡ്, കോഴിക്കോട്), ആർ. കൃഷ്ണകുമാർ(കേരഫെഡ്). മരുമകൾ: ഷീജ. സഹോദരങ്ങൾ: ആർ. ഗോപാലൻ, ആർ. ഗോപാലൻ, പരേതയായ ആർ. ലക്ഷ്മി. ശവസംസ്‌കാരം ഒക്ടോബർ 23 ഞായറാഴ്ച രാവിലെ ഒമ്പതിന് മാവൂർറോഡ് ശ്മശാനത്തിൽ നടന്നു.

ആദ്യകാല സോഷ്യലിസ്റ്റ് പത്രപ്രവർത്തകനായിരുന്ന നമ്പ്യാർ സമാജവാദി ജന പരിഷത്തിനോട് എക്കാലത്തും ആത്മബന്ധം പുലർത്തിയ വ്യക്തിയായിരുന്നുവെന്നു് സമാജവാദി ജന പരിഷത്ത് നേതാവു് സുരേഷ് നരിക്കുനി അനുസ്മരിച്ചു. നമ്പ്യാരുടെ വേർപാട് സംഘടനയ്ക്കും, വ്യക്തിപരമായും, വലിയൊരു നഷ്ടമാണെന്നു് അദ്ദേഹം പറഞ്ഞു
0 പ്രതികരണം:

അഭിപ്രായം പറയൂ

കുറിപ്പ്: ഈ ബ്ലോഗിലെ ഒരു അംഗത്തിനു മാത്രമേ അഭിപ്രായം പോസ്റ്റ് ചെയ്യാന്‍ കഴിയൂ.