എം.പി.ബാലകൃഷ്ണൻ 1936-2018 |
സോഷ്യലിസ്റ്റ് നേതാവും ഗാന്ധിയനും വിദ്യാഭ്യാസ പ്രവർത്തകനുമായ എം.പി.ബാലകൃഷ്ണൻ തലശ്ശേരി പാലയാടിലെ ഡയറ്റിന് സമീപത്തെ ഡാലിയ എന്നു പേരുള്ള തന്റെ വീട്ടിൽ വച്ചു് 2018 ഏപ്രിൽ 28 ശനിയാഴ്ച അന്തരിച്ചു. പാലയാട് ഡയറ്റിന്റെ മുൻ പ്രിൻസിപ്പലും ചൊക്ലി രാമവിലാസം ഹൈസ്‌കൂളിലെയും പാലയാട് ട്രെയിനിങ് സ്‌കൂളിലെയും അധ്യാപകനും ചാവശ്ശേരി, അഴിയൂർ, പാലയാട് ഹൈസ്‌കൂളുകളിലെ പ്രഥമാധ്യാപകനുമായിരുന്നു അദ്ദേ
ഹം. 82 വയസ്സായിരുന്നു. പിറ്റേന്നു് ഏപ്രിൽ 29നു് ഉച്ചയ്ക്ക് 12ന് മൃതദേഹം വീട്ടിൽ നിന്നും എടുത്തു് അടുത്തുതന്നെയായ ചിറക്കുനിയിലെ തറവാട്ടു വീട്ടുപറമ്പിൽ സംസ്‌കരിച്ചു.
സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ, എ.എൻ.ഷംസീർ എംഎൽഎ, കെപിസിസി ജനറൽ സെക്രട്ടറിമാരായ പി.രാമകൃഷ്ണൻ, വി.എ.നാരായണൻ, സമാജവാദി ജനപരിഷത്ത് നേതാക്കളായ കെ.രമേശൻ, സ്‌നേഹാ രമേശ്, സർവോദയമണ്ഡലം നേതാക്കളായ കെ.പി.എ.റഹീം, തായാട്ട് ബാലൻ,ജനതാ ദൾ - സെക്കുലർ നേതാക്കളായ എം.കെ.പ്രേംനാഥ്, വി.കെ. കുഞ്ഞിരാമൻ, മനയത്ത് ചന്ദ്രൻ, ജനതാദൾ -യുണൈറ്റഡ് (ശരദ് യാദവ് വിഭാഗം) ജില്ലാ പ്രസിഡന്റ് കെ.പി.മോഹനൻ സിപിഐ കൺട്രോൾ കമ്മിഷൻ അംഗം സി.പി.മുരളി, യുഡിഎഫ് ജില്ലാ ചെയർമാൻ പ്രഫ. എ.ഡി.മുസ്തഫ, മണ്ഡലം ചെയർമാൻ സി.രഘുനാഥ്, ആർട്ടിസ്റ്റ് കെ.കെ.മാരാർ, മദ്യനിരോധന സമിതി നേതാവ് മാത്യു എം.കണ്ടത്തിൽ, ബാലസാഹിത്യകാരൻ ടികെഡി മുഴപ്പിലങ്ങാട്, രമാശക്തി മിഷൻ കേരള ഘടകം ജനറൽ സെക്രട്ടറി ടി.ഭാസ്‌കരൻ കാവുംഭാഗം തുടങ്ങിയവർ വീട്ടിലെത്തി അന്തിമോപചാരമർപ്പിച്ചു. സംസ്‌കാരത്തിന് ശേഷം പഞ്ചായത്ത് പ്രസിഡന്റ് സി.പി.ബേബി സരോജത്തിന്റെ അധ്യക്ഷതയിൽ അനുസ്മരണ യോഗവും ചേർന്നു.
ഉത്തരകേരളത്തിൽ അങ്ങോളമിങ്ങോളം സോഷ്യലിസ്റ്റ് ചിന്താഗതി പ്രചരിപ്പിക്കുന്നതിൽ എം.പി. വഹിച്ച പങ്ക് അവിസ്മരണീയമാണെന്നു് ജനതാദൾ - യുണൈറ്റഡ് (ശരദ് യാദവ് വിഭാഗം) സംസ്ഥാന പ്രസിഡന്റ് എം.പി.വീരേന്ദ്രകുമാർ എം.പി. കോഴിക്കോട്ടുനിന്നു് പുറപ്പെടുവിച്ച അനുശോചനസന്ദേശത്തിൽ പറഞ്ഞു. വിദ്യാഭ്യാസപ്രവർത്തകൻ, സാംസ്‌കാരിക പ്രവർത്തകൻ എന്നീ നിലകളിലെല്ലാം അദ്ദേഹം വ്യക്തിമുദ്ര പതിപ്പിച്ചുവെന്നും അനുശോചനസന്ദേശത്തിൽ പറയുന്നു. അവസാനനിമിഷം വരെ സോഷ്യലിസ്റ്റ് ആദർശത്തിനുവേണ്ടി നിലകൊണ്ട എം.പി.ബാലകൃഷ്ണന്റെ നിര്യാണം സോഷ്യലിസ്റ്റ് പ്രസ്ഥാനത്തിന് കനത്ത നഷ്ടമാണെന്ന് സമാജവാദിജനപരിഷത്ത് ദേശീയ നിർവാഹക സമിതിയംഗവും മുൻ ദേശീയ പ്രസിഡന്റുമായ ജോഷി ജേക്കബ്ബ് അനുസ്മരിച്ചു. സത്യസന്ധനും നിസ്വനും സ്‌നേഹസമ്പന്നനുമായ സോഷ്യലിസ്റ്റ് ആയിരുന്നു എം പി ബാലകഷ്ണൻ മാഷെന്നു് സംസ്ഥാന പ്രസിഡന്റ് വിനോദ് പയ്യട പറഞ്ഞു.
പരേതരായ എം.ചന്തുഗുരുക്കളുടെയും കെ.ശ്രീദേവിയമ്മയുടെയും മകനായി കണ്ണൂർ ജില്ലയിൽ തലശ്ശേരി താലൂക്കിലെ തലശ്ശേരി ബ്ലോക്കിൽ ധർമ്മടം ഗ്രാമപഞ്ചായത്തിന്റെ ഭാഗമായ ചിറക്കുനി-പാലയാട് ഗ്രാമത്തിൽ ജനിച്ചു വളർന്ന എം.പി.ബാലകൃഷ്ണൻ കുട്ടിക്കാലത്തുതന്നെ ഗാന്ധിമാർഗത്തിലേക്ക് ആകൃഷ്ടനായി. പിന്നീടു് സോഷ്യലിസ്റ്റ് ആശയങ്ങളുടെ പ്രചാരകനും ഡോ. രാമ് മനോഹര് ലോഹിയായുടെ അനുയായിയുമായി. സോഷ്യലിസ്റ്റ് പാർട്ടിയുടെ മുൻനിര പ്രസംഗകനായിരുന്നു. ജയപ്രകാശ്, ലോഹിയ തുടങ്ങിയ ദേശീയ സോഷ്യലിസ്റ്റ് നേതാക്കളുടെ പ്രസംഗം അദ്ദേഹം അനായാസമായി തർജമ ചെയ്യുമായിരുന്നു.
മനോഹരമായ ഭാഷയിൽ, ഏതു ഗഹനവിഷയങ്ങളിലും അനായാസമായി പ്രഭാഷണം നടത്തുമായിരുന്നു. ബി.എഡ്. വിദ്യാർഥിയായിരിക്കെ ചൊക്ലി രാമവിലാസം സ്‌കൂളിൽ പ്രസംഗിച്ചതുകേട്ട സ്‌കൂൾ മാനേജർ അദ്ദേഹത്തെ 'പഠനം കഴിഞ്ഞാൽ ഇവിടെത്തന്നെ അധ്യാപകനായി ചേരണം' എന്നു പറഞ്ഞു് അധ്യാപകവൃത്തിയിലേയ്ക്കു ക്ഷണിച്ചു. അധ്യാപകനായതോടെ രാഷ്ട്രീയപ്രവർത്തനം കുറച്ചു.
ഗാന്ധിയൻ പഠനവും അതിന്റെ പ്രയോഗവത്കരണവും അദ്ദേഹത്തിന്റെ പ്രവർത്തനമണ്ഡലത്തെ വ്യത്യസ്തമാക്കി. ഗാന്ധിയൻ തത്ത്വചിന്തയിലായിരുന്നു പി.ജി. ബിരുദം. ഗാന്ധിദർശൻ തലശ്ശേരി എന്ന കൂട്ടായ്മയ്ക്ക് രൂപം നൽകി. സ്‌കൂളുകൾ കേന്ദ്രീകരിച്ച് ഗാന്ധിയൻ പഠനക്ലാസുകൾക്ക് നേതൃത്വം നൽകി. എം.പി.യെന്നും ബാലകൃഷ്ണൻ മാഷെന്നും എല്ലാവരും സ്നേഹാദരങ്ങളോടെ വിളിച്ചിരുന്ന എം.പി ബാലകൃഷ്ണൻ പകൽ സ്‌കൂളിലെ മാഷും അതുകഴിഞ്ഞാൽ സമൂഹത്തിലെ മാഷുമായിരുന്നു. എം.പി. എന്ന വിളിപ്പേരായിരുന്നു ആദ്യകാസഹപ്രവർത്തകർ അദ്ദേഹത്തിനു് നല്കിയതു്.
സ്‌കൂൾ പ്രവൃത്തിദിനങ്ങൾ, അവധിക്കാല പാഠ്യേതര പ്രവർത്തനങ്ങൾ എന്നിവയെക്കുറിച്ച് പഠിക്കാൻ 1968-ൽ സംസ്ഥാന സർക്കാർ നിയോഗിച്ച കമ്മിഷൻ അംഗമായിരുന്നു എം.പി.ബാലകൃഷ്ണൻ. ഡിപ്പാർട്ട്മെന്റൽ ഗ്രാജ്വേറ്റ് ടീച്ചേഴ്സ് അസോസിയേഷൻ സംസ്ഥാന സെക്രട്ടറിയായിരുന്നു. സർക്കാർജീവനക്കാരുടെ നിരവധി സമരങ്ങൾക്ക് നേതൃത്വം നൽകിയിട്ടുണ്ട്. കോഴിക്കോട് സർവകലാശാല സെനറ്റംഗവും കണ്ണൂർ സർവകലാശാല രൂപവത്കരണത്തിന്റെ ഭാഗമായ വിഷയനിർണയ സമിതി അംഗവുമായിരുന്നു.
കണ്ണൂർ മഹാത്മാ മന്ദിരം, തലശ്ശേരി ഗുണ്ടർട്ട് ഫൗണ്ടേഷൻ, ഗാന്ധിദർശൻ, തലശ്ശേരി ബുക്ക് ക്ലബ്ബ് എന്നിവയുടെ സംഘാടകനും ഭാരവാഹിയുമായിരുന്നു. കേരള സർവോദയസംഘം, മദ്യനിരോധന സമിതി എന്നിവയുടെ നേതൃനിരയിൽ പ്രവർത്തിച്ചിട്ടുണ്ട്. മയ്യഴി വിപ്ലവ അനുസ്മരണ സമിതിയുടെ രക്ഷാധികാരിയുമായിരുന്നു.
സാമൂഹികപ്രവർത്തനത്തിന് എം.പി.മന്മഥൻ അവാർഡ്, സർദാർ ചന്ത്രോത്ത് അവാർഡ്, പി.കുഞ്ഞിരാമൻ വക്കീൽ അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട്.
പ്രമുഖ സോഷ്യലിസ്റ്റും സ്വാതന്ത്ര്യ സമര നേതാവുമായിരുന്ന യൂസഫ് മെഹറലിയുടെ ജീവചരിത്രം മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയിട്ടുണ്ട്. വിവിധ ആനുകാലികങ്ങളിൽ ലേഖനങ്ങളും കവിതകളും എഴുതിയിട്ടുണ്ട്.
ഭാര്യ കെ.പ്രഭ പാലയാട് ഹൈസ്‌കൂൾ റിട്ട. അധ്യാപികയാണ് . മക്കളില്ല.
സഹോദരങ്ങൾ രാഘവൻ (കനറാ ബാങ്ക് റിട്ട. ഉദ്യോഗസ്ഥൻ), മാലതി (മുംബൈ), ലക്ഷ്മിക്കുട്ടി (കൂടാളി), പത്മനാഭൻ (മുംബൈ), ദാമോദരൻ, രവീന്ദ്രകുമാർ, രഞ്ജിനി (ചാല) എന്നിവരാണു്.