2018/04/04

സോഷ്യലിസ്റ്റ് നേതാവ് ഭായി വൈദ്യ അന്തരിച്ചു


ഭായി വൈദ്യ (1928 ജൂൺ 22 ‍– 2018 ഏപ്രിൽ 2)
(ചിത്രം: എബി ജോൺ വൻനിലം, മാവേലിരാജ്യം
(CC BY-SA 2.5 IN)
രാജ്യത്തെ പ്രമുഖ സോഷ്യലിസ്റ്റ് നേതാവും മുൻ മഹാരാഷ്ട്ര അഭ്യന്തരമന്ത്രിയും പുണെനഗരത്തിന്റെ മുൻമേയറുമായ ഭായി വൈദ്യ (भाई वैद्य) 2018 ഏപ്രിൽ 2 തിങ്കളാഴ്ച രാത്രി ഏഴരകഴിഞ്ഞപ്പോൾ മഹാരാഷ്ട്ര സംസ്ഥാനത്തിലെ പുണെനഗരത്തിലെ ഒരു സ്വകാര്യആശുപത്രിയിൽ വച്ച് അന്തരിച്ചു. അർബുദബാധയെത്തുടർന്ന് പൂന ആശുപത്രിയിൽ ചികിത്സയിലായിരുന്ന അദ്ദേഹത്തിനു് 89 വയസ്സുണ്ടായിരുന്നു.

അഭിജിത് വൈദ്യ എന്നമകനും പ്രാചി റാവൽ എന്ന മകളും കൊച്ചുമകനും കൊച്ചുമകളുമുണ്ടു്. അന്തിമകർമങ്ങൾ നടത്തുന്നതുനുമുമ്പു് മൃതശരീരം രാഷ്ട്രസേവാദള ആസ്ഥാനമായ സാനെഗുരുജിസ്മാരകത്തിൽ പൊതുദർശനത്തിനു വച്ചപ്പോൾ ജീവിതത്തിന്റെനാനാതുറകളിൽ പെട്ടവർ അന്ത്യോപചാരം അർപ്പിച്ചു. ഏപ്രിൽ 3 ചൊവ്വാഴ്ച വൈകീട്ട് പുണെയിലെ വൈകുണ്ഠ ശ്മശാനത്തിൽ ഔദ്യോഗിക ബഹുമതികളോടെ നടന്ന അന്ത്യകർമങ്ങളിൽ രാഷ്ട്രീയ-സാംസ്‌കാരിക നേതാക്കൾ ഉൾപ്പെടെ ഒട്ടേറെപ്പേർ പങ്കെടുത്തു.

സോഷ്യലിസ്റ്റ് നേതാവു് എസ്.എം. ജോഷിയുടെ അടുത്ത അനുയായിയായിയായിരുന്ന ഭായി വൈദ്യയുടെ യഥാർത്ഥ പേരു് ബാലചന്ദ്ര സദാശിവ വൈദ്യ (भालचंद्र सदाशिव वैद्य) എന്നായിരുന്നു. 1928 ജൂൺ 22 മഹാരാഷ്ട്ര സംസ്ഥാനത്തെ പുണെ ജില്ലയിലെ വേല്‌ഹേ താലൂക്കിലെ ദാപോഡെ ഗ്രാമത്തിൽ ജനിച്ച അദ്ദേഹം സാമൂഹിക ശാസ്ത്രത്തിലും രാഷ്ട്രതന്ത്രത്തിലും ബിരുദാനന്തരബിരുദം നേടി.

പതിനാലുവയസ്സുള്ളപ്പോൾ ക്വിറ്റ് ഇന്ത്യാ പ്രക്ഷോഭത്തിൽ പങ്കെടുത്താണ് അദ്ദേഹം പൊതുപ്രവർത്തനത്തിന് തുടക്കമിട്ടത്. 1955ൽ സോഷ്യലിസ്റ്റ് പാർട്ടി നേതാവു് ഡോ. റാം മനോഹർ ലോഹിയാ നയിച്ച ഗോവ വിമോചനസമരത്തിലും 1957ൽ എസ്.എം. ജോഷി നയിച്ച സംയുക്ത മഹാരാഷ്ട്ര പ്രസ്ഥാനത്തിലും 1968-ൽ സംയുക്ത സോഷ്യലിസ്റ്റ് പാർട്ടി നയിച്ച കച്ച് സത്യാഗ്രഹത്തിലും 1974ൽ ലോകനായക ജയപ്രകാശ് നാരായണൻ നയിച്ച സമ്പൂർണ വിപ്ലവ പ്രസ്ഥാനത്തിലും പങ്കുകൊണ്ടു.

1943-ൽ അദ്ദേഹം രാഷ്ട്രസേവാദളത്തിൽ (ആർ.എസ്.ഡി) ചേർന്നു. 1946-ൽ കാങ്ഗ്രസ്സ് സോഷ്യലിസ്റ്റ് പാർട്ടിയിൽ അംഗമായ അദ്ദേഹം 1948-52 കാലത്ത് സോഷ്യലിസ്റ്റ് പാർട്ടിയിലും 1952-55 കാലത്ത് പ്രജാ സോഷ്യലിസ്റ്റ് പാർട്ടിയിലും 1955-64 കാലത്ത് സോഷ്യലിസ്റ്റ് പാർട്ടിയിലും1964-71 കാലത്ത് സംയുക്ത സോഷ്യലിസ്റ്റ് പാർട്ടിയിലും 1971-77 കാലത്ത് സോഷ്യലിസ്റ്റ് പാർട്ടിയിലും 1977-88 കാലത്ത് ജനതാ പാർട്ടിയിലും 1988-90 കാലത്ത് ജനതാദളത്തിലും 1990-91 കാലത്ത് ജനതാദളം (സോഷ്യലിസ്റ്റ്) ലും 1991-93 കാലത്ത് സമാജവാദി ജനതാ പാർട്ടിയിലും 1993-95 കാലത്ത് സോഷ്യലിസ്റ്റ് ഫ്രണ്ടിലും 1995-2011 കാലത്ത് സമാജവാദി ജനപരിഷത്തിലും തുടർന്നു. അദ്ദേഹം 2011ൽ സമാജവാദി ജനപരിഷത്ത് വിട്ട് സോഷ്യലിസ്റ്റ് പാർട്ടി (ഇന്ത്യ) രൂപവൽക്കരിച്ച് അതിന്റെ ആദ്യപ്രസിഡന്റായി.

1986 മുതൽ 1988 വരെ ജനതാ പാർട്ടി ദേശീയ ജനറൽ സെക്രട്ടറിയും 1995മുതൽ 99 വരെ സമാജവാദി ജനപരിഷത്ത് ദേശീയ ജനറൽ സെക്രട്ടറിയും 1999 മുതൽ 2001 വരെ സമാജവാദി ജനപരിഷത്ത് ദേശീയ വൈസ് പ്രസിഡന്റും 2001ൽ രാഷ്ട്രസേവാദളം (ആർ.എസ്.ഡി) പ്രസിഡന്റും 2011 മുതൽ 2016 വരെ സോഷ്യലിസ്റ്റ് പാർട്ടി (ഇന്ത്യ) ദേശീയ പ്രസിഡന്റും ആയി അദ്ദേഹം സേവനമനുഷ്ഠിച്ചു.

1967മുതൽ 1978 വരെ പുണെ മുനിസിപ്പൽ കോർപ്പറേഷൻ കൗൺസിലറും 1974-75ൽ മേയറുമായിരുന്നു. പുണെ നഗരത്തിന്റെ മേയറായിരിയ്ക്കവെ സമ്പൂർണ വിപ്ലവ പ്രക്ഷോഭകാരിയായ ലോകനായക ജയപ്രകാശ് നാരായണന് സ്വീകരണം നല്കിയതു് ഇന്ത്യയാകെ ശ്രദ്ധിച്ച സംഭവമായിരുന്നു. 1975ൽ പുണെ മേയറായിരിയ്ക്കവെ തന്നെ അടിയന്തരാവസ്ഥയ്‌ക്കെതിരെ 20,000 പേരുടെ ജനകീയറാലി സംഘടിപ്പിച്ചു് അറസ്റ്റ് വരിച്ച അദ്ദേഹം അടിയന്തരാവസ്ഥക്കാലം മുഴുവൻ ജയിലിലായിരുന്നു.

1978ൽ ജനതാ പാർട്ടി സ്ഥാനാർത്ഥിയായി ഭവാനി പേഠ് വിധാൻ സഭാമണ്ഡലത്തിൽനിന്നു് മൽസരിച്ച് ഭായി വൈദ്യ മഹാരാഷ്ട്ര നിയമസഭാംഗമായി. 1978-80 കാലത്ത് ശരദ് പവാർ നയിച്ച പുരോഗമന ജനാധിപത്യ മുന്നണി (പ്രോഗ്രസ്സീവ് ഡെമോക്രാറ്റിക് ഫ്രണ്ട് - പി.ഡി.എഫ്.) സർക്കാരിലെ ആഭ്യന്തരമന്ത്രിയായി. ഇന്ത്യയിൽ ആദ്യമായി പോലീസുകാരുടെ വേഷം നിക്കറിനു പകരം പാന്റാക്കിയ പരിഷ്‌കാരം വരുത്തിയത് ഭായി വൈദ്യയായിരുന്നു. അക്കാലത്തൊരിയ്ക്കൽ കള്ളക്കടത്തുകാർ നല്കിയ വലിയ കൈക്കൂലി നിരസിച്ച് അവരെ തുറുങ്കിലടച്ചതു് സത്യസന്ധതയും അഴിമതിയോടുള്ള സന്ധിയില്ലാത്ത മനോഭാവത്തിന്റെ സാക്ഷ്യവുമായി വാഴ്ത്തപ്പെട്ടിരുന്നു.

മുംബൈ തലസ്ഥനമായ മറാഠ ഭാഷാ സംസ്ഥാനത്തിനുവേണ്ടി1957ൽ നടത്തിയ സമരമായ സംയുക്ത മഹാരാഷ്ട്ര പ്രസ്ഥാനത്തിൽ പങ്കെടുത്തു് മൂന്നാഴ്ചയും അടിയന്തരാവസ്ഥക്കാലത്തു് 19 മാസവും ജയിലിൽ കിടന്ന അദ്ദേഹം വിവിധ പ്രക്ഷോഭങ്ങളിൽ പങ്കെടുത്തു് 25 വട്ടമാണു് ജയിൽ വാസം അനുഭവിച്ചിട്ടുള്ളതു്. എ.ആർ. ആന്തുലെയ്ക്കു് കുറ്റപത്രം നല്കണമെന്നു്ആവശ്യപ്പെട്ടും കർഷക അവകാശങ്ങൾക്കുവേണ്ടിയും വിദ്യാഭ്യാസ അവകാശങ്ങൾക്കുവേണ്ടിയും എൻറോൺ കമ്പനിയ്‌ക്കെതിരെയും ആയി നടന്നതടക്കം നിരവധി രാഷ്ട്രീയ സാമൂഹിക പ്രക്ഷോഭങ്ങളുടെ നേതാവായിരുന്നു. 1983 ൽ ജനതാപാർട്ടി നേതാവു് ചന്ദ്രശേഖർ ഭാരതയാത്രയെന്ന പേരിൽ ദെല്ഹിയിൽ നിന്നു് കന്യാകുമാരിവരെ നടത്തിയ 4000 കിലോമീറ്റർ പദയാത്രയിൽ അദ്ദേഹം ആദ്യാവസാനം വരെ പങ്കെടുത്തു.

0 പ്രതികരണം:

അഭിപ്രായം പറയൂ

കുറിപ്പ്: ഈ ബ്ലോഗിലെ ഒരു അംഗത്തിനു മാത്രമേ അഭിപ്രായം പോസ്റ്റ് ചെയ്യാന്‍ കഴിയൂ.