2018/10/10

ചെറു വയൽ രാമന്റെ ചികിത്സ പൂർണമായും സർക്കാർ ഏറ്റെടുക്കണം



തിരുവനന്തപുരം, 2018 ഒക്‌റ്റോബർ 10--
ദുബായിയിൽ ഒരു കൃഷി പരിപാടിയിൽ സംബന്ധിക്കവെ ഗുരുതരമായ ഹൃദയാഘാതം ബാധിച്ചതിനെ തുടർന്ന് ദുബായ് റാഷിദ് ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ച കേരളത്തിന്റെ പരമ്പരാഗത നെൽവിത്തു സംരക്ഷകൻ ചെറുവയൽ രാമന്റെ ചികിത്സ പുർണമായും സർക്കാർ ഏറ്റെടുക്കണമെന്നു് രാഷ്ട്രീയ കിസാൻ സമന്വയ സമിതി ദേശീയ കൺവീനർ അഡ്വ.ജോഷി ജേക്കബ്, സമാജവാദി ജന പരിഷത്ത് സംസ്ഥാന പ്രസിഡന്റ് അഡ്വ.വിനോദ് പയ്യട, കേരള ഗ്രാമ ശക്തി സംസ്ഥാന പ്രസിഡന്റ് എം.കുര്യൻ, ചെലവില്ലാ പ്രകൃതി കൃഷി സമിതി സംസ്ഥാന കൺവീനർ സി.ഗോപാല കൃഷ്ണൻ എന്നിവർ ആവശ്യപ്പെട്ടു.

അതിനായി മുഖ്യമന്ത്രി അടിയന്തിരമായി ഇടപെടണം. ആദിവാസി വിഭാഗത്തിൽപ്പെടുന്ന രാമൻ ഏറെ അംഗീകാരങ്ങൾ നേടിയിട്ടുണ്ട്. കേരള സർക്കാർ തന്നെ അദ്ദേഹത്തിന് പുരസ്‌കാരങ്ങൾ നൽകിയിട്ടുണ്ട്. ആശുപത്രിയിൽ ബന്ധുക്കളാരും തന്നെ ഇല്ല. ചില മലയാളികൾ സഹായിക്കുന്നുണ്ടെങ്കിലും അത് പര്യാപ്തമല്ല. കൃഷി മന്ത്രി സഹായം വാഗ്ദാനം ചെയ്‌തെങ്കിലും അത് ഇതുവരെ പ്രാർത്തികമായിട്ടില്ല.

ഈ സാഹചര്യത്തിൽ കേരള സർക്കാർ അടിയന്തിരമായി ഇടപെടണമെന്ന് അവർ അഭ്യർത്ഥിച്ചു .അത് ഗവൺമെൻറിന്റെ ഉത്തരവാദിത്തമാണെന്നു് അവർ പറഞ്ഞു.
സോഷ്യലിസ്റ്റ് വാർത്താ കേന്ദ്രം 2018

ചെറുവയൽ രാമൻ ഹൃദയാഘാതത്തെത്തുടർന്ന് ദുബായിൽ ആശുപത്രിയിൽ

പരമ്പരാഗത നെൽവിത്തുകളുടെ സംരക്ഷകൻ എന്ന നിലയിൽ പ്രശസ്തനായ വയനാട് സ്വദേശി ചെറുവയൽ രാമനെ ഹൃദയാഘാതത്തെത്തുടർന്ന് ദുബായിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ദുബായിൽ സംഘടിപ്പിച്ചിരുന്ന ജൈവകൃഷിയെ പ്രോത്സാഹിപ്പിക്കുന്ന വയലും വീടും എന്ന പരിപാടിയിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു അദ്ദേഹം.

2018 ഒക്‌റ്റോബർ 4 വ്യാഴാഴ്ച രാത്രി പരിപാടിയുടെ സ്ഥലത്തെത്തി നെൽവിത്തുകൾ തരം തിരിച്ചുകൊണ്ടിരിക്കുമ്പോളാണ് കഠിനമായ നെഞ്ചുവേദന അനുഭവപ്പെട്ടത്. ഉടൻത്തന്നെ ദുബായ് റാഷിദ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആൻജിയോപ്ലാസ്റ്റിക്ക് വിധേയനാക്കി. രക്തം കട്ട പിടിച്ചിരിക്കുന്നത് കളയാൻ മരുന്നുകൾ നൽകുന്നുണ്ട്. ഗുരുതരാവസ്ഥ ഇനിയും തരണം ചെയ്തിട്ടില്ലെന്ന് ഡോക്ടർമാർ അറിയിച്ചതായി പരിപാടിയുടെ സംഘടകർ പറഞ്ഞുവെന്നു് ഒക്‌റ്റോബർ 8നു് മാതൃഭൂമി ദിനപത്രം റിപ്പോർട്ടുചെയ്തു . ബന്ധുക്കളാരും കൂടെയില്ല. മകനെ കൊണ്ടുവരാൻ ശ്രമം നടത്തിയെങ്കിലും അദ്ദേഹത്തിന് പാസ്പോർട്ട് ഇല്ലത്തതിനാൽ അത് സാധിച്ചില്ല. ആകസ്മികമായുണ്ടായ ചികിത്സയും അനുബന്ധ ചെലവുകളും പരിപാടിയുടെ സംഘാടകരെയും ആശങ്കയിലാക്കിയിരിക്കുകയാണ്. ദുബായ് കോൺസുലേറ്റ് വഴി സഹായം ലഭ്യമാക്കാമെന്ന് കൃഷിമന്ത്രി വി.എസ്. സുനിൽകുമാർ നൽകിയ ഉറപ്പാണ് ഇപ്പോൾ അവരുടെ പ്രതീക്ഷ. കേരളത്തിൽ അന്യംനിന്ന് പോയ നിരവധിയിനം നെൽവിത്തുകൾ സൂക്ഷിക്കുകയും അവയ്ക്ക് പ്രചാരം നൽകുകയും ചെയ്ത വ്യക്തിയാണ് രാമൻ.
കടപ്പാടു്: മാതൃഭൂമി ദിനപത്രം


ചെറുവയൽ രാമൻ

വയനാട് മാനന്തവാടി കമ്മനയിലെ ആദിവാസി കർഷകനാണ് തലക്കര ചെറിയ രാമൻ എന്ന 'ചെറുവയൽ രാമൻ'. 2011ൽ ഹൈദരാബാദിൽ വച്ചു നടന്ന ജൈവവൈവിധ്യ സംരക്ഷണത്തിനായുള്ള പതിനൊന്ന് രാജ്യങ്ങളുടെ സമ്മേളനത്തിൽ കേരളത്തിലെ കർഷകരെ പ്രതിനിധീകരിച്ചത് ഇദ്ദേഹമാണ്.


നെല്ലിനങ്ങളുടെ ഒരു ജീൻബാങ്കർ ആണ് ചെറുവയൽ രാമൻ . കുറിച്യസമുദായത്തിൽപ്പെട്ട ഇദ്ദേഹം 45 ഇനം നെല്ല് കൃഷിചെയ്ത് സംരക്ഷിക്കുന്നു. നെൽ വിത്തുകൾ കൂടാതെ പരമ്പരാഗത പച്ചക്കറി ഇനങ്ങളും ഔഷധ സസ്യങ്ങളും വിവിധ വൃക്ഷങ്ങളും ഇദ്ദേഹം തന്റെ തോട്ടത്തിൽ സംരക്ഷിച്ചുവരുന്നു. നിരവധി വിദ്യാർത്ഥികളും ഗവേഷകരും കർഷകരും നിത്യേന ഈ പുരയിടം സന്ദർശിച്ച് പരമ്പരാഗത കൃഷിയെപ്പറ്റി പഠിക്കുന്നു.


1952 ജൂൺ 6 ന് ജനനം. രണ്ടാമത്തെ വയസ്സുമുതൽ പിതാവിനെ പിരിഞ്ഞ് അമ്മാവനോടൊത്ത് വളർന്നു. ദാരിദ്ര്യം നിറഞ്ഞ കുട്ടിക്കാലം. കമ്മന നവോദയ എൽ. പി. സ്കൂളിൽ അഞ്ചാം ക്ലാസ്സ് വരെ മാത്രം പഠനം. പത്താം വയസ്സുമുതൽ കാർഷിക ജീവിതം.

1969 ൽ എംപ്ലോയ്‌മെന്റ് എക്‌ചേഞ്ച് മുഖേന കണ്ണൂർ ഡി.എം.ഒ. ഓഫീസിൽ വാർഡനായി 150 രൂപ ശമ്പളത്തിൽ ജോലി കിട്ടിയെങ്കിലും കൃഷിഭൂമി ഉപേക്ഷിച്ചുപോകാൻ ഇഷ്ടമില്ലാത്തതിനാൽ സർക്കാർ ജോലി വേണ്ടെന്നുവച്ചു .

നെൽവിത്തിന്റെ സംഭരണത്തിൽ പരമ്പരാഗതരീതിയാണ് രാമൻ അനുവർത്തിക്കുന്നത്. വിളവെടുത്ത നെല്ലിനെ ഒരാഴ്ച വെയിലും മഞ്ഞും കൊള്ളിക്കുന്നു. തുടർന്ന് മുളങ്കൂട്ട ചൂടാക്കി വെയിലിന്റെ ചൂടോടെ നെല്ലിനെ അതിൽ സംഭരിക്കും. വൈക്കോൽ, കൂടാരംപോലെ കെട്ടിയുണ്ടാക്കുന്ന വിത്തുകൂടയും നെൽസംഭരണത്തിന് ഉപയോഗിക്കുന്നുണ്ട്. പുഴുങ്ങിക്കുത്തിയ അരിയും ഈവിധം സംഭരിക്കാം. വിത്താകട്ടെ, രണ്ടു വർഷംവരെ മുളയ്ക്കൽശേഷി നഷ്ടപ്പെടാതെ പരമ്പരാഗതരീതിയിൽ സൂക്ഷിക്കാനാവും.


കൃഷിക്കുപുറമെ നല്ലൊരു പരിസ്ഥിതി പ്രവർത്തകൻ കൂടിയാണ് രാമൻ. 2011ൽ ഹൈദരാബാദിൽ വച്ചു നടന്ന ജൈവവൈവിധ്യ സംരക്ഷണത്തിനായുള്ള പതിനൊന്ന് രാജ്യങ്ങളുടെ സമ്മേളനത്തിൽ കേരളത്തിലെ കർഷകരെ പ്രതിനിധീകരിച്ചത് ഇദ്ദേഹമാണ് .

ബഹുമതികൾ
സസ്യജനുസ്സുകളുടെയും കർഷകരുടെ അവകാശങ്ങളുടേയും സംരക്ഷണ അതോറിറ്റി ഏർപ്പെടുത്തിയ 2016 ലെ ജനിതക സംരക്ഷണ പുരസ്‌കാരം കേന്ദ്രകൃഷിവകുപ്പ് മന്ത്രി രാധാ മോഹൻ സിങ്ങിൽ നിന്നും ഏറ്റുവാങ്ങി. രാമന്റെ അപേക്ഷ സമർപ്പിക്കുന്നതിനുള്ളസാങ്കേതീക സഹായം നൽകിയത് എംഎസ് സ്വാമിനാഥൻ ഗവേഷണ നിലയവും കേരളകാർഷിക സർവ്വകലാശാലയുമാണ്.
2011ൽ ഹൈദരാബാദിൽവച്ചുനടന്ന ജൈവവൈവിധ്യ സംരക്ഷണത്തിനായുള്ള പതി നൊന്ന് രാജ്യങ്ങളുടെ സമ്മേളനത്തിൽ കേരളത്തിലെ കർഷകരെ പ്രതിനിധീകരിച്ചത് രാമനാണ്.
2016 ലെ ദേശീയ പ്ലാന്റ് ജീനോം സേവിയർ അവാർഡ്.
സാമൂതിരി ഗുരുവായൂരപ്പൻ കോളജ് പൂർവവിദ്യാർഥികളുടെയും അധ്യാപക-അനധ്യാപകരുടെയും കൂട്ടായ്മയായ ബോധി ചാരിറ്റബിൾ സൊസൈറ്റി കോളജിലെ പൂർവവിദ്യാർഥിയും ജൈവ കർഷകനുമായിരുന്ന അഭിലാഷിന്റെ സ്മരണയ്ക്കായി ഏർപ്പെടുത്തിയ പ്രഥമ പുരസ്‌കാരം. പാരമ്പര്യ നെൽവിത്തുകളുടെ സംരക്ഷണത്തിനും ലാഭേച്ഛയില്ലാതെ ഇവ ആവശ്യക്കാർക്ക് കൈമാറുന്നതിനും നേതൃത്വം നൽകുന്നത് പരിഗണിച്ചാണ് പുരസ്‌കാരം. 25,000 രൂപയും ഫലകവുമടങ്ങുന്ന പുരസ്‌കാരം.
കടപ്പാടു്: വിക്കിപീഡിയ 

0 പ്രതികരണം:

അഭിപ്രായം പറയൂ

കുറിപ്പ്: ഈ ബ്ലോഗിലെ ഒരു അംഗത്തിനു മാത്രമേ അഭിപ്രായം പോസ്റ്റ് ചെയ്യാന്‍ കഴിയൂ.