2019/05/20

സമാജവാദി ജനപരിഷത്ത് പന്ത്രണ്ടാം ദ്വൈവാർഷിക സംസ്ഥാന സമ്മേളനം

തലശ്ശേരി,2019 മെയ് 19 ഞായറാഴ്ച: ജനാധിപത്യവിരുദ്ധമായ സർഫാസി നിയമം പിൻവലിയ്ക്കുവാൻ കേന്ദ്രസർക്കാർ മുൻകയ്യെടുക്കണമെന്നു് തലശ്ശേരിയിൽ കൂടിയ സമാജവാദി ജനപരിഷത്ത് പന്ത്രണ്ടാം ദ്വൈവാർഷിക സംസ്ഥാന പ്രതിനിധി സമ്മേളനം ആവശ്യപ്പെട്ടു. മുൻ ദേശീയപ്രസിഡന്റും ദേശീയനിർവാഹകസമിതിയംഗവുമായ അഡ്വ.ജോഷി ജേക്കബ് സമ്മേളനം ഉദ്ഘാടനംചെയ്തു. അഡ്വ.വിനോദ് പയ്യട അദ്ധ്യക്ഷത വഹിച്ചു. 

പുതിയ സംസ്ഥാന പ്രസിഡന്റായി എബി ജോൺ വൻനിലം (എറണാകുളം) ജനറൽ സെക്രട്ടറിയായി സുരേഷ് നരിക്കുനി (കോഴിക്കോട്) എന്നിവരെയും 21 അംഗ സംസ്ഥാനസമിതിയെയെയും സമ്മേളനം തെരഞ്ഞെടുത്തു. വൈസ് പ്രസിഡന്റായി അഡ്വ. വിനോദ് പയ്യട (കണ്ണൂർ) എം.എൻ തങ്കപ്പൻ (കോട്ടയം)  ഖജാൻജിയായി കെ രമേശൻ (കണ്ണൂർ) എന്നിവരെ പുതിയ സംസ്ഥാനസമിതി പിന്നീട് യോഗം ചേർന്നു് തെരഞ്ഞടുത്തു

2019/05/11

സമാജവാദി ജനപരിഷത്തിന്റെ പന്ത്രണ്ടാം ദ്വൈവാർഷിക സംസ്ഥാന സമ്മേളനം മെയ് 19ന് തലശ്ശേരിയിൽ



കൂത്താട്ടുകുളം -- സമാജവാദി ജനപരിഷത്തിന്റെ പന്ത്രണ്ടാമതു് ദ്വൈവാർഷിക സംസ്ഥാന പ്രതിനിധി സമ്മേളനം 2019 മെയ് 19 ഞായറാഴ്ച തലശ്ശേരി ഫിനിക്സ് കോളെജ് ഓഡിറ്റോറിയത്തിൽ നടക്കും. റാം മനോഹര് ലോഹിയായുടെ പേരുനല്കിയിട്ടുള്ള സമ്മേളനനഗരിയിൽ രാവിലെ ഒമ്പതുമണിയ്ക്കു് മുൻ ദേശീയ പ്രസിഡന്റുകൂടിയായ ദേശീയ നിർവാഹക സമിതിയംഗം ജോഷി ജേക്കബ് പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യും. സംസ്ഥാനപ്രസിഡന്റ്‌ അഡ്വ വിനോദ്‌ പയ്യട അദ്ധ്യക്ഷത വഹിയ്ക്കും. സംഘടനാ റിപ്പോർട്ട്‌ ജനറൽ സെക്രട്ടറി എബി ജോൺ വൻനിലം അവതരിപ്പിയ്ക്കും. അടുത്ത രണ്ടുവര്‍ഷത്തേയ്ക്കുള്ള ഭാരവാഹികളെയും സംസ്ഥാനസമിതിയെയും പ്രതിനിധിസമ്മേളനം തെരഞ്ഞെടുക്കും.

സമാജവാദി ജനപരിഷത്തിന്റെ പന്ത്രണ്ടാമതു് ദേശീയ സമ്മേളനം 2019 ജൂൺ 7,8,9 തീയതികളിൽ ഝാ‍ർഖണ്ഡിന്റെ തലസ്ഥാനമായ റാഞ്ചിയിൽ ചേരുന്നതിന്റെ മുന്നോടിയായാണു് സംസ്ഥാന പ്രതിനിധി സമ്മേളനം ചേരുന്നതെന്നു് സംസ്ഥാന ജനറൽ സെക്രട്ടറി എബി ജോൺ വൻനിലം അറിയിച്ചു.


2019/05/10

സോഷ്യലിസ്റ്റ് നേതാവു് സ.എൻ.വി. മത്തായി നാരേക്കാട്ട് അന്തരിച്ചു



കൂത്താട്ടുകുളം-- സോഷ്യലിസ്റ്റ് നേതാവു് എൻ.വി. മത്തായി നാരേക്കാട്ട് വാർദ്ധക്യസഹജമായ രോഗങ്ങളെത്തുടർന്നു് എറണാകുളത്തെ മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ വച്ച് 2019 മെയ് 9 വ്യാഴാഴ്ച രാത്രി പത്തരയ്ക്കു് അന്തരിച്ചു. എൺപതു വയസ്സായിരുന്നു.
എറണാകുളം ജില്ലയിലെ പിറവത്ത് 1939 മാർച്ച് 25 ന് സ്വാതന്ത്ര്യ സമരസേനാനിയും സോഷ്യലിസ്റ്റ് നേതാവുമായിരുന്ന സ. നാരെക്കാട്ട് എൻ.എം വറുഗീസിന്റെ മകനായി ജനിച്ചു. 1955ൽ വിദ്യാർത്ഥിയായിരിയ്ക്കവെ കൊളംബോ ഹോട്ടലിൽ വച്ചു് ഡോ.റാം മനോഹർ ലോഹിയയെകാണാൻ ആർ. എം മനയ്ക്കലാത്ത് വിളിച്ചുവരുത്തിയതുമുതൽ രാഷ്ട്രീയ പ്രവർത്തകനായി. സംയുക്ത സോഷ്യലിസ്റ്റ് പാർട്ടി ജില്ലാതലത്തിൽ സംഘടിപ്പിച്ച സമരങ്ങളിൽ പങ്കെടുത്തു. അടിയന്തരാവസ്ഥാവിരുദ്ധസമരത്തിൽ പങ്കെടുത്ത അദ്ദേഹം പിടിയ്ക്കപ്പെടുമെന്നായപ്പോൾ ഒളിവിൽ പോയി.
പഴയ സോഷ്യലിസ്റ്റ് പാർട്ടിയുടെ എറണാകുളം ജില്ലാക്കമ്മിറ്റിയംഗമായിരുന്ന അദ്ദേഹം 1980കളിൽ രാജ് നാരായണനും ശിവരാമഭാരതിയും പുനഃസംഘടിപ്പിച്ച സോഷ്യലിസ്റ്റ് പാർട്ടിയുടെ എറണാകുളം ജില്ലാപ്രസിഡന്റായിരുന്നു. സമാജവാദി ജനപരിഷത്തു് രൂപം കൊണ്ടപ്പോൾ അതിന്റെ എറണാകുളം ജില്ലാപ്രസിഡന്റും സംസ്ഥാനസമിതിയംഗവുമായിരുന്നു.
പിറവത്തെ ആദ്യകാല പാരൽ കോളജ് അദ്ധ്യാപകനായിരുന്ന അദ്ദേഹം തൊഴിൽ സംബന്ധമായി ദീർഘകാലം ഝാർഖണ്ഡിലും ഒഡീസയിലും ചെലവൊഴിച്ചു. ഏഴക്കരനാട് മണീട് പുല്ലംകോട്ടിൽ പി വിഏലിയാമ്മയാണു ഭാര്യ. സോഷ്യലിസ്റ്റ് പ്രവർത്തകനായ അഡ്വ. എൻ. എം വറുഗീസാണു് മൂത്ത മകൻ. തമ്പി എൻ. മാത്യു. റോബിൻ മാത്യു, ജോൺ മാത്യു, നവോമി മനോജ് എന്നിവരാണു് മറ്റുമക്കൾ.
എബി ജോൺ വൻനിലം (സമാജവാദി ജനപരിഷത്തു്, സംസ്ഥാന സമിതി ജനറൽ സെക്രട്ടറി)

എൻ.വി. മത്തായി നാരേക്കാട്ട് 1939 മാർച്ച് 25 - 2019മെയ് 9