2020/10/15

പുതിയ കര്‍ഷകനിയമങ്ങളുടെ വരുംവരായ്കകള്‍

  – അഡ്വ. ജോഷി ജേക്കബ്


കൊറോണ വൈറസിന്റെ വ്യാപനവും അതിനോട് അനുബന്ധിച്ച അടച്ചുപൂട്ടലും നടക്കുന്നതിനിടയില്‍ കേന്ദ്രസര്‍ക്കാര്‍ വളരെ വലിയ ഒരു അത്യാവശ്യം എന്ന പോലെ കാര്‍ഷികമേഖലയെ സംബന്ധിച്ച് മൂന്നു ഓര്‍ഡിനന്‍സുകള്‍ പുറപ്പെടുവിച്ചു. പിന്നീട് അതേ ഓര്‍ഡിനന്‍സുകള്‍, പാര്‍ലമെന്റ് അത്യാവശ്യമായി വിളിച്ചുകൂട്ടി അവതരിപ്പിച്ചു. ലോക്‌സഭയില്‍ ബി.ജെ.പിക്ക് മൃഗീയ ഭൂരിപക്ഷം ഉള്ളതിനാല്‍ കാര്യമായ ചര്‍ച്ചകള്‍ ഇല്ലാതെ വളരെ എളുപ്പത്തില്‍ 2020 സെപ്റ്റംബര്‍ 20-ന് ബില്ല് പാസ്സാക്കി. രാജ്യസഭയില്‍ പ്രതിപക്ഷ കക്ഷികള്‍ വോട്ടെടുപ്പ് ആവശ്യപ്പെട്ടിട്ടും രാജ്യസഭയുടെ ഉപാധ്യക്ഷന്‍ പാര്‍ലമെന്ററി സംവിധാനത്തെ പോലും അട്ടിമറിച്ചുകൊണ്ട് ശബ്ദവോട്ടെടുപ്പ് എന്നു പറഞ്ഞ് ഭൂരിപക്ഷത്തെ മറി കടന്ന് ആ മൂന്നു ബില്ലുകളും പാസ്സായതായി പ്രഖ്യാപിച്ചു.

മൂന്നു പുതിയ നിയമങ്ങള്‍


ഈ മൂന്നു നിയമങ്ങളുടെയും നിര്‍മാണത്തില്‍ അനുവര്‍ത്തിച്ചത് ജനാധിപത്യവിരുദ്ധതയാണ്. അതുപോലെ സംസ്ഥാനങ്ങളുടെ നിലപാടുകള്‍ പരിശോധിക്കുകയോ കണക്കിലെടുക്കുകയോ ചെയ്യാതെ ഭരണഘടനയുടെ കണ്‍കറന്റ് പട്ടികയില്‍പ്പെട്ട കാര്‍ഷിക രംഗത്ത്, ഏകപക്ഷീയമായി നിയമങ്ങള്‍ പാസാക്കിയത് ഫെഡറല്‍ ലംഘനവുമാണ്. എന്നാല്‍ ഇതിനെല്ലാം അപ്പുറം കൃഷിക്കാരും രാജ്യതാല്പര്യമുള്ളവരും കണക്കിലെടുക്കേണ്ടത്, കര്‍ഷകര്‍ ഒരു വിഭാഗമെന്ന നിലയില്‍ തുടച്ച് നീക്കപ്പെടുന്ന പ്രക്രിയ മുന്‍പേ തന്നെ ഇവിടെ ആരംഭമിട്ടു എന്ന സംഗതിയാണ്. കാര്‍ഷികോത്പന്നങ്ങളുടെ വിലയിടിക്കുന്ന സര്‍ക്കാര്‍, കമ്പോള സംവിധാനങ്ങളും ഇറക്കുമതിയും കൃഷിഭൂമിയില്‍ നിന്ന് നേരിട്ടുള്ള വ്യാപകമായ കുടിയൊഴിപ്പിക്കലും അവിരാമം മുന്നോട്ടുകൊണ്ടുപൊയ്‌ക്കൊണ്ടിരിക്കുകയാണ്. സ്വാഭാവികമായും അത് കര്‍ഷകരുടെ അന്ത്യംകുറിക്കും. പുതിയ നിയമങ്ങള്‍ ആ പ്രക്രിയയ്ക്ക് ആക്കം കൂട്ടും. പുതിയ നിയമങ്ങളെക്കുറിച്ച് നിരന്തരമായി നുണ പ്രചാരണങ്ങള്‍ പ്രധാനമന്ത്രിയും മറ്റു മന്ത്രിമാരും സര്‍ക്കാര്‍ സംവിധാനമൊട്ടാകെയും നടത്തി വരുന്ന സാഹചര്യത്തില്‍ ആ നിയമങ്ങളെ പരിശോധിക്കേണ്ടത് അത്യാവശ്യമാണ്.

കര്‍ഷക ശാക്തീകരണ വിലസംരക്ഷണ കാര്‍ഷിക സേവനബില്‍ കര്‍ഷക ഉല്‍പ്പാദന വ്യാപാര വാണിജ്യ പ്രോത്സാഹന നിയമം, അവശ്യസാധന നിയമഭേദഗതി ബില്‍ എന്നിവയാണ് ആ നിയമങ്ങള്‍. അടിയന്തിരമായ ആവശ്യമെന്ന നിലയില്‍ പാസ്സാക്കിയതിനു പുറമെ തൊഴില്‍ രംഗത്തെ നിയമങ്ങളുടെ ഭേദഗതി ഉള്‍പ്പെടെ വേറെയും നിയമങ്ങള്‍ പാസ്സാക്കി.

കര്‍ഷകരെ വളരെ ദോഷകരമായി ബാധിക്കുന്നവ എന്ന നിലയില്‍ ബി.ജെ.പി.യുടെ മുന്നണിയായ എന്‍.ഡി.എ. യിലെ പ്രധാനഘടക കക്ഷികളില്‍ ഒന്നായ അകാലിദളം ആദ്യം കേന്ദ്ര മന്ത്രിസഭയില്‍ നിന്നും പിന്നീട് ബി.ജെ.പി. മുന്നണിയില്‍ നിന്നും പിന്മാറുവാന്‍ നിര്‍ബന്ധിതമായി. ആര്‍.എസ്.എസ്.ഉം ആയി ബന്ധപ്പെട്ട ചില കര്‍ഷക സംഘടനകളും പുതിയ നിയമങ്ങള്‍ക്കെതിരെ പ്രതിഷേധരംഗത്ത് വന്നിരിക്കുകയാണ്. കോണ്‍ഗ്രസ്സും കമ്യൂണിസ്റ്റ് പാര്‍ട്ടികളും ഉള്‍പ്പെടെ പ്രതിപക്ഷ കക്ഷികളും സമരത്തിലാണ്. നൂറിലധികം കര്‍ഷക സംഘടനകളുടെ ഏകോപന വേദിയായ രാഷ്ട്രീയ കിസാന്‍ സമന്വയ സമിതിയും (ആര്‍.കെ.എസ്.എസ്.) ശക്തമായ പ്രക്ഷോഭത്തിലാണ്. അവയെല്ലാം സൂചിപ്പിക്കുന്നത് ഭരണത്തില്‍ കസേരയിലുള്ളവരൊഴികെ രാജ്യം മുഴുവന്‍ ആ പുതിയ നിയമങ്ങളെ എതിര്‍ക്കുന്നു എന്നാണ്. ജനങ്ങളുടെ പ്രത്യേകിച്ച് കര്‍ഷകരുടെ ശക്തമായ എതിര്‍പ്പുകളെ മാനിക്കാതെയുമാണ് ഒരു ഭേദഗതി പോലും അനുവദിക്കാതെ നിയമങ്ങളുമായി സര്‍ക്കാര്‍ മുന്നോട്ടുപോകുന്നത്.

പുതിയ കാര്‍ഷിക നിയമങ്ങളുടെ ഉദ്ദേശ്യവും പ്രത്യാഘാതങ്ങളും

കര്‍ഷകരുടെ ശാക്തീകരണത്തിനും വിലസംരക്ഷണം ഉറപ്പുവരുത്തുന്നതിനും എന്ന പേരില്‍ കൊണ്ടുവന്ന നിയമമാണ് പുതിയ കാര്‍ഷിക നിയമങ്ങളുടെയെല്ലാം ആണിക്കല്ല്. അത് കരാര്‍കൃഷി എന്ന കോര്‍പ്പറേറ്റ് കൃഷിയെ സ്ഥാപിച്ചെടുക്കുന്നതിനും കാര്‍ഷികോത്പ്പന്നങ്ങളുടെ വിലയില്‍ കോര്‍പ്പറേറ്റുകളുടെ വ്യവസ്ഥകള്‍ കര്‍ഷകര്‍ക്കുമേല്‍ അടിച്ചേല്‍പ്പിക്കുന്നതിനുമുള്ള ഒരു കരിനിയമമാണ്. മനുഷ്യഉപഭോഗത്തിനുള്ള ഏതുതരം ഭക്ഷ്യവസ്തുക്കളും എല്ലാത്തരം ധാന്യങ്ങള്‍, കടല, പയറുവര്‍ഗങ്ങള്‍, ഭക്ഷ്യഎണ്ണക്കുരു, എണ്ണ, പച്ചക്കറികള്‍, പഴവര്‍ഗങ്ങള്‍, അണ്ടിവര്‍ഗങ്ങള്‍, സുഗന്ധവ്യഞ്ജനങ്ങള്‍, കരിമ്പ് എന്നിവയും കൂടാതെ, കോഴി, പന്നി, ആട്, മത്സ്യങ്ങള്‍, പാലുല്‍പ്പന്നങ്ങള്‍ എന്നിവയും അവയുടെ പ്രകൃതിദത്തമായ രൂപത്തിലോ സംസ്‌ക്കരിച്ച രൂപത്തിലോ ഉള്ളതെല്ലാം പുതിയ നിയമപ്രകാരം കാര്‍ഷികോത്പ്പന്നങ്ങളാണ്.

ആ നിയമത്തിലെ വ്യക്തി എന്നാല്‍ ഒരു മനുഷ്യവ്യക്തി, പങ്കേര്‍പ്പാട് സംരംഭം, കമ്പനി, സഹകരണസംഘം തുടങ്ങിയവയെല്ലാം. വാണിജ്യപ്രദേശം എന്നാല്‍ കൃഷിയിടത്തിന്റെ പടിവാതില്‍, ഫാക്ടറി വളപ്പ്, വെയര്‍ഹൗസസ്, കോള്‍ഡ് സ്റ്റോറേജ് മറ്റേതെങ്കിലും സ്ഥലങ്ങള്‍ ഉള്‍പ്പെടെയുള്ള ഏത് പ്രദേശവും അല്ലെങ്കില്‍ ലൊക്കേഷന്‍, ഉല്പാദനസ്ഥലം എന്നിവയെല്ലാം വാണിജ്യ പ്രദേശമാണ്. എന്നാല്‍ എ.പി.എം.സി. അഥവാ അഗ്രികള്‍ച്ചര്‍, പ്രൊഡ്യൂസസ് മാര്‍ക്കറ്റിംഗ് കമ്മിറ്റി നിര്‍ണയിച്ചിരിക്കുന്ന ഏതെങ്കിലും സ്ഥലമോ ഇടങ്ങളോ വാണിജ്യ പ്രദേശമായി കണക്കാക്കുന്നില്ല. ആ നിയമത്തിലെ ആറാം വകുപ്പില്‍ പറഞ്ഞിരിക്കുന്ന സ്‌പോണ്‍സര്‍ എന്ന പുതിയ തരം ഒരു വ്യക്തി കമ്പനികളാണ്. സ്‌പോണ്‍സറാണ് കാര്‍ഷികോത്പന്നങ്ങളുടെ വിളവെടുപ്പിലെ വിലയുള്‍പ്പെടെ തീരുമാനിച്ച് കര്‍ഷകരുടെ കൃഷിയെ സ്‌പോണ്‍സര്‍ ചെയ്യുന്നത്. അവിടെ കൃഷി ചെയ്യുന്നതും പരിപാലിക്കുന്നതും വിലയും ഗുണമേന്മയും ഉള്‍പ്പെടെയുള്ള എല്ലാ കാര്യങ്ങളും കരാറുടമ്പടിയില്‍ വ്യവസ്ഥ ചെയ്യുന്നതിനാല്‍ കര്‍ഷകരുടെ സ്വാതന്ത്ര്യവും അധികാരവും അവിടെ അവസാനിക്കുന്നു.

കര്‍ഷകനുമായി ഇടപാടുകള്‍ നടത്തുന്ന ഓരോ വ്യാപാരിയും/ സ്‌പോണ്‍സറും വ്യാപാരദിവസം അല്ലെങ്കില്‍ രസീതില്‍ സൂചിപ്പിച്ചിരിക്കുന്ന 30 ദിവസത്തിനുള്ളിലെ ഏതെങ്കിലും ദിവസം പ്രതിഫലം നല്‍കിയിരിക്കണം. കൃഷി ചെയ്യുന്നയാളും വ്യാപാരിയും/ സ്‌പോണ്‍സറും തമ്മിലുള്ള തര്‍ക്കങ്ങള്‍ രാജ്യത്തെ യാതൊരു കോടതിയിലും ഉന്നയിക്കുന്നതിനോ കേസ് ബോധിപ്പിക്കുന്നതിനോ അവകാശമുണ്ടായിരിക്കുന്നതല്ല. പരസ്പരം സമ്മതിക്കുന്ന അനുരഞ്ജന സംവിധാനത്തിലോ സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റിന് നല്‍കുന്ന അപേക്ഷയിന്മേല്‍ മജിസ്‌ട്രേറ്റ് ഉണ്ടാക്കുന്ന അനുരഞ്ജന ബോര്‍ഡിനോ മാത്രമേ അത്തരം തര്‍ക്കങ്ങള്‍ പരിഗണിക്കാനാവൂ. സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റ് നിയമിക്കുന്ന അനുരഞ്ജന സമിതിയില്‍ രണ്ടില്‍ കുറയാത്തതും എന്നാല്‍ നാലില്‍ കൂടാത്തതുമായ അംഗങ്ങളുമായിരിക്കണം. മേല്‍പറഞ്ഞ തര്‍ക്കങ്ങള്‍ സമ്മറി വിചാരണയില്‍ 30 ദിവസത്തിനുള്ളില്‍ തീര്‍ത്തിരിക്കണം. ഏതെങ്കിലും കക്ഷിക്ക് സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റിന്റെ അധികാരത്തില്‍ വന്ന തീരുമാനത്തില്‍ കളക്ടര്‍ അല്ലെങ്കില്‍ കളക്ടര്‍ നിയമിക്കുന്ന അഡീഷണല്‍ കളക്ടര്‍ മുന്‍പാകെ 30 ദിവസത്തിനകം അപ്പീല്‍ ബോധിപ്പിക്കാവുന്നതുമാണ്.

മേല്‍പറഞ്ഞ വ്യവസ്ഥകളെല്ലാം കര്‍ഷകരെക്കൊണ്ട് കോര്‍പ്പറേറ്റുകള്‍ക്കുവേണ്ടി കൃഷി ചെയ്യിപ്പിക്കുന്നതിനു വേണ്ടിയുള്ള കരാര്‍ കൃഷിയുടെ വ്യവസ്ഥകളാണ്. കൃഷി ചെയ്യുന്ന കര്‍ഷകര്‍ക്ക് കാര്‍ഷിക ഉല്‍പ്പന്നങ്ങളുടെ വില ഉറപ്പുവരുത്തുന്നതാണെന്ന് തോന്നിപ്പിക്കുവാനാണ് സര്‍ക്കാരിന്റെ ശ്രമം. കാര്‍ഷിക ഉല്‍പ്പന്നങ്ങളുടെ വില തീരുമാനിക്കുന്ന കാര്യത്തില്‍ സര്‍ക്കാരിന്റെ പങ്കാളിത്തം പൂര്‍ണമായും ഒഴിവാക്കപ്പെടുകയാണ്. തുടക്കം മുതല്‍ കമ്പോളം കര്‍ഷകരോട് നീതി കാണിച്ചിട്ടില്ല. കമ്പോളത്തിലെ വലിയ ശക്തികള്‍ വില നിര്‍ണയിക്കും. വിലയിടിക്കാനും കാര്‍ഷിക ഉല്‍പ്പന്നങ്ങളുടെ ഉല്‍പ്പാദകര്‍ വ്യാപാരികള്‍ക്ക് വില്‍പ്പന നടത്തിക്കഴിഞ്ഞ സീസണുകളില്‍ കൃത്രിമമായി വിലയിടിക്കാനും കമ്പോളത്തിലെ വന്‍ശക്തികള്‍ക്ക് എന്നും കഴിയുന്നുണ്ട്. വന്‍ ശക്തികള്‍ നിയന്ത്രിക്കുന്ന കമ്പോളത്തിനാണ് വില നിര്‍ണയിക്കാനുള്ള അധികാരമെങ്കില്‍ എന്നും അവര്‍ അങ്ങനെ തന്നെ ചെയ്യും. അപ്രകാരം കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ക്ക് കമ്പോളത്തിലെ വലിയ ശക്തികള്‍ കര്‍ഷകരുടെ വിളവെടുപ്പു കാലങ്ങളില്‍ അങ്ങേയറ്റം വിലയിടിക്കുന്ന പതിവും ഭക്ഷ്യ വിഭവങ്ങള്‍ ഉപഭോക്താക്കള്‍ക്ക് മിതമായ നിരക്കില്‍ ലഭ്യമാക്കുകയെന്ന ലക്ഷ്യവും മുന്നില്‍ കണ്ടാണ് സര്‍ക്കാര്‍ കാര്‍ഷികോല്‍പ്പന്നങ്ങള്‍ക്ക് താങ്ങുവില പ്രഖ്യാപിക്കുന്നതും കാര്‍ഷികോല്‍പ്പന്നങ്ങള്‍ പ്രഖ്യാപിച്ച താങ്ങുവിലയ്ക്ക് സംഭരിക്കുന്നതും എന്നാണ് വയ്പ്.

2020 

എഴുത്ത്  മാസികയിൽ പ്രസിദ്ധീകരിച്ചത്



 [അനന്തരം സംഭവിച്ചത് :- രാജ്യവ്യാപകമായ കർഷകസമരങ്ങളെത്തുടർന്ന് 2021 ജനുവരി 12-ന് സുപ്രീം കോടതി കാർഷിക നിയമങ്ങൾ നടപ്പാക്കുന്നത് സ്റ്റേ ചെയ്യുകയും കാർഷിക നിയമങ്ങളുമായി ബന്ധപ്പെട്ട കർഷക പരാതികൾ പരിശോധിക്കാൻ ഒരു സമിതിയെ നിയമിക്കുകയും ചെയ്തു. 2021 നവംബർ 19-ന് ഒരു ടെലിവിഷൻ പ്രസംഗത്തിൽ, ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി , ഡിസംബറിൽ നടക്കാനിരിക്കുന്ന പാർലമെന്റ് സമ്മേളനത്തിൽ ഈ നിയമങ്ങൾ പിൻവലിക്കാമെന്ന് സമ്മതിച്ചു.  2021 ഡിസംബർ 1-ന്, നിയമങ്ങൾ ഔപചാരികമായി റദ്ദാക്കി.  സുപ്രീം കോടതി നിയോഗിച്ച സമിതി റിപ്പോർട്ട് 2022 മാർച്ച് 21-ന് പരസ്യമാക്കി. ]

2020/09/07

പുതിയ വിദ്യാഭ്യാസ നയം: അജണ്ട എന്ത്?

 

ദേശിയ വിദ്യാഭ്യാസ ദിനത്തോട് അനുബന്ധിച്ച് പുതിയ വിദ്യാഭ്യാസ നയത്തിന്റെ അജണ്ടയെ കുറിച്ച് നടത്തിയ ഓൺലൈൻ ചർച്ച.

 ഉദ്ഘാടനം: ഡോ. അനിൽ സദ്ഗോപാൽ,

സ്വാഗതം: പ്രദീപൻ കുതിരോട്ട്, 

അധ്യക്ഷൻ: അഡ്വ. ജോഷി ജേക്കബ്

പ്രസംഗകർ: അഡ്വ. വിനോദ് പയ്യട, ഡോ. എൻ. വി. ഗോപകുമാരൻ നായർ, ഡോ. പി പ്രസാദ് ഡോ. ഷൈമ പച്ച, ഡോ. കരുണാ ഝാ. 

കൃതജ്ഞത: സുരേഷ് നരിക്കുനി Samajwadi JanaParishad യൂറ്റ്യൂബ് ചാനൽ https://www.youtube.com/watch?v=13xnce6Fe_A

2020/05/31

തങ്കം ശിവരാമഭാരതി അന്തരിച്ചു


വിട പറഞ്ഞത് സ്‌നേഹനിധിയായ അമ്മ

എ.രാമചന്ദ്രൻ
ചിറ്റൂർ: സോഷ്യലിസ്റ്റ് ആചാര്യനായിരുന്ന കെ.എ.ശിവരാമ ഭാരതി പൊതുരംഗത്ത് നിറഞ്ഞുനില്ക്കുന്ന സമയം. അദ്ദേഹത്തെ കാണാനും പരാതി ബോധിപ്പിക്കാനും കൊഴിഞ്ഞാമ്പാറയിലെ വീട്ടിൽ എന്നും സാധാരണക്കാരുടെ തിരക്കായിരുന്നു. വീട്ടിൽ വരുന്നവർക്ക് ഒരു ഗ്ലാസ് ചായയെങ്കിലും കൊടുത്തെങ്കിൽ മാത്രമെ തങ്കം അമ്മയ്ക്ക് മനസമാധാനമാകൂ.

ജോർജ് ഫെർണാണ്ടസ്, പട്ടം താണുപിള്ള തുടങ്ങിയ ഒരുപാട് നേതാക്കൾക്കും ചിറ്റൂർ, കൊഴിഞ്ഞാമ്പാറ, ചാലക്കുടി മലക്കപ്പാറ, നെല്ലിയാമ്പതി ഭാഗത്തെ സോഷ്യലിസ്റ്റ് പ്രവർത്തകർക്കും തൊഴിലാളികൾക്കും സ്‌നേഹത്തോടെ വെച്ചുവിളമ്പിയ അമ്മയാണ് നാടിന്റെ ഓർമ മാത്രമായത്.

കെ.എ.ശിവരാമ ഭാരതി സോഷ്യലിസ്റ്റ് പ്രസ്ഥാനം കെട്ടിപ്പടുക്കുന്നതിൽ മുൻപന്തിയിലായിരുന്നു. ഇദ്ദേഹത്തിന്റെ ഭാര്യയെന്ന നിലയിൽ തങ്കം അമ്മയുടെ സ്‌നേഹവും ഏറെ അനുഭവിച്ചറിഞ്ഞവരാണ് കരംപൊറ്റയിൽ എത്തുന്നവർ. തീരെ ഗതിയില്ലാതെ സഹായം തേടിയെത്തുന്ന പാവപ്പെട്ടവർക്ക് ചിലവ് കാശ് കൊടുത്തയക്കുന്നതും പതിവാണ്. ശിവരാമ ഭാരതി വീട്ടിലില്ലെങ്കിലും വരുന്നവരുടെ പ്രശ്നങ്ങൾ കേട്ടറിഞ്ഞ് അദ്ദേഹത്തോട് പറഞ്ഞ് കാര്യങ്ങൾ ബോദ്ധ്യപ്പെടുത്താനും തങ്കം ഏറെ ശ്രദ്ധിച്ചു. ശിവരാമഭാരതി 19 മാസം ജയിൽവാസമനുഷ്ഠിച്ച സമയത്ത് കുടുംബാംഗങ്ങൾക്കും അണികൾക്കുമെല്ലാം ആശ്വാസമേകി അവർ സജീവമായിരുന്നു.

കടപ്പാട് കേരളകൗമുദി 2020 മെയ് 31 ഞായറാഴ്ച 12:37 എ.എം

കേരളകൗമുദി

2020/05/03

സോഷ്യലിസ്റ്റ് നേതാവ് ഡോ. സ്വാതി അന്തരിച്ചു



വാരണാസി: പ്രമുഖ സോഷ്യലിസ്റ്റ് നേതാവും സമാജവാദി ജനപരിഷത്ത് ദേശീയ ഉപാദ്ധ്യക്ഷയുമായ ഡോ. സ്വാതി വാരണാസിയിൽ അന്തരിച്ചു. 

മെയ് രണ്ടാം തീയതി ശനിയാഴ്ച വൈകിട്ട് എട്ടരയ്ക്കു് വാരണാസിയിലെ സർ സുന്ദർലാൽ ആശുപത്രിയിൽ* വച്ചായിരുന്നു അന്ത്യം. കഴിഞ്ഞ കുറച്ച് മാസങ്ങളായി അർബുദ ബാധയെ തുടർന്ന് ചികിത്സയിലായിരുന്നു. 72 വയസ്സായിരുന്നു. സംസ്കാരം പിറ്റേന്നു് വൈകീട്ട് ഗംഗയുടെ തീരത്ത് ഹരിശ്ചന്ദ്ര ഘട്ടിൽ നടന്നു.

ഡോ. സ്വാതിയുടെ നിര്യാണത്തിൽ സമാജവാദി ജനപരിഷത്ത് സംസ്ഥാന സമിതിയും ദേശീയ ഉപാദ്ധ്യക്ഷൻ ജോഷി ജേക്കബ്, ദേശീയ സമിതി അംഗം വിനോദ് പയ്യട, കിനാലൂർ ജനജാഗ്രതാ സമിതി ചെയർമാൻ റഹ്മത്തുള്ള മാസ്റ്റർ സംസ്ഥാന പ്രസിഡന്റ് എബി ജോൻ വൻനിലം, ജനറൽ സെക്രട്ടറി സുരേഷ് നരിക്കുനി,നേതാക്കളായ പ്രദീപൻ കുതിരോട്ട്, അഡ്വ ജയമോൻ തങ്കച്ചൻ എന്നിവർ അനുശോചിച്ചു.


1948 ഏപ്രിൽ 21 ന് മധ്യപ്രദേശിലെ ഗ്വാളിയറിൽ ഒരു മധ്യവർഗ ബംഗാളി കുടുംബത്തിലാണ് സ്വാതിജി ജനിച്ചത്. പിതാവ് സത്യേന്ദ്രനാഥ് ദത്ത് സിവിൽ എഞ്ചിനീയറും അമ്മ പുഷ്പലത ദത്ത് വിദ്യാസമ്പന്നയായ ഒരു വീട്ടമ്മയുമായിരുന്നു. അവരുടെ പൂർവ്വികർ ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ കിഴക്കൻ ബംഗാളിലെ (ഇപ്പോൾ ബംഗ്ലാദേശ്) ഫരീദ്പൂർ ജില്ലയിൽ നിന്നു് ഗ്വാളിയറിൽ വന്നുതാമസമാക്കിയവരാണു്. 1967 ൽ ഗ്വാളിയറിലെ കമല രാജ മഹിളാ കോളേജിൽ നിന്ന് ബിഎസ്‌സി ഫിസിക്‌സ്, സ്വർണ്ണ മെഡൽ നേടിയ ശേഷം മുംബൈയിലെ പ്രശസ്തമായ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിൽ നിന്ന് ഭൗതികശാസ്ത്രത്തിൽ എംഎസ്‌സി (1969) നേടി ഭൗതികശാസ്ത്രത്തിൽ അമേരിക്കൻ ഐക്യനാടുകളിൽ നിന്ന് പിഎച്ച്ഡി നേടിയ അവർ ബനാറസ് ഹിന്ദു യൂണിവേഴ്സിറ്റി കാമ്പസിലെ വിമൻസ് കോളേജിലെ ഭൗതികശാസ്ത്ര വിഭാഗത്തിലെ ഫാക്കൽറ്റി അംഗമായി.

സമാജവാദി യുവജന സഭയിലൂടെയാണ് രാഷ്ട്രീയത്തിലെത്തുന്നത്. 1981 ൽ ദില്ലിയിൽ നടന്ന സമത യുവജന സഭയുടെ ദേശീയ സമ്മേളനം ഡോ. സ്വാതിയെ ദേശീയ വൈസ് പ്രസിഡന്റായി തെരഞ്ഞെടുത്തു. 1980കളിൽ സോഷ്യലിസ്റ്റ് നേതാവ് കിഷൻ പട്ടനായക് സ്ഥാപിച്ച സമത സംഘടനയുടെ പ്രധാന നേതാക്കളിലരാളായി അവർ അറിയപ്പെട്ടു. ഡോ. റാം മനോഹർ ലോഹിയായ്ക്കു ശേഷം ഉരുത്തിരിഞ്ഞ ഇന്ത്യയിലെ നവ സോഷ്യലിസ്റ്റ് ധാരയുടെ ശക്തയായ വക്താവും പ്രചാരകയുമായിരുന്നു ഡോ. സ്വാതി.

പുതിയ സോഷ്യലിസ്റ്റ് പാർട്ടിയായ സമാജവാദി ജനപരിഷത്തിന്റെ രൂപീകരണ പ്രക്രിയയിൽ അവർ പ്രധാന പങ്കുവഹിച്ചു. സമതസംഘടന, ദലിത് സംഘർഷ് സമിതി (കർണാടക), ഉത്തർ ബാംഗ് തപോസിലി ജതി ആദിവസി സംഘടൻ (ഉത്ജാസ്), ചത്ര യുവസംഘർഷ് വാഹ്നി, ജൻ സംഘർഷ് വാഹിനി, യുവ ക്രാന്തിദൾ (യുക്രാന്ത്) എന്നിവ ചേർന്നുരൂപംകൊടുത്ത ജന ആന്ദോളൻ സമന്വയസമിതി എന്ന സഖ്യത്തിലെ സംഘടനകളും മഹാരാഷ്ട്രത്തിലെ സോഷ്യലിസ്റ്റ് ഫ്രണ്ട്, സോഷ്യലിസ്റ്റ് പാർട്ടി (ലോഹിയ)എന്നിവയും ഒത്തുചേർന്ന് 1995ൽ സമാജവാദി ജനപരിഷത്ത് സ്ഥാപിച്ചപ്പോൾ അതിന്റെ ആദ്യ സെക്രട്ടറിമാരിലൊരാളായി.

രാജ്യത്തെ ലിംഗസമത്വത്തിനു വേണ്ടിയുള്ള ചെറുതും വലുതുമായ നിരവധി മുന്നേറ്റങ്ങളുടെ സംഘാടകയായിരുന്നു. സുനിൽ ഭായിയ്ക്കും ഡോ. അനിൽ സദ്ഗോപാലിനുമൊപ്പം വിദ്യാഭ്യാസ അവകാശ സംരക്ഷണത്തിനായി ആൾ ഇന്ത്യാ ഫോറം ഫോർ റൈറ്റ് ടു എജുക്കേഷൻ എന്ന പേരിൽ പ്രസ്ഥാനം രൂപീകരിക്കുന്നതിലും മുഖ്യ പങ്കാളിത്തം വഹിച്ചു.

ഭർത്താവ് അഫ്ലാത്തൂൻ സമാജവാദി ജനപരിഷത്ത് ദേശീയ ജനൽ സെക്രട്ടറിയും മഹാത്മാഗാന്ധിയുടെ സന്തതസഹചാരി മഹാദേവ ദേശായിയുടെ പുത്രനായ നാരായൺ ദേശായിയുടെ മകനുമാണ്. ജർമ്മനിയിൽ സോഫ്റ്റ് വെയർ എഞ്ചിനിയറായ റിജുവും സുപ്രീം കോടതി അഭിഭാഷകയും പൗരാവ കാശ പ്രവർത്തകയുമായ പ്യോലി സ്വാതിജയുമാണ് മക്കൾ.



*Sir Sunderlal Hospital, IMS - BHU