2020/05/03

സോഷ്യലിസ്റ്റ് നേതാവ് ഡോ. സ്വാതി അന്തരിച്ചു



വാരണാസി: പ്രമുഖ സോഷ്യലിസ്റ്റ് നേതാവും സമാജവാദി ജനപരിഷത്ത് ദേശീയ ഉപാദ്ധ്യക്ഷയുമായ ഡോ. സ്വാതി വാരണാസിയിൽ അന്തരിച്ചു. 

മെയ് രണ്ടാം തീയതി ശനിയാഴ്ച വൈകിട്ട് എട്ടരയ്ക്കു് വാരണാസിയിലെ സർ സുന്ദർലാൽ ആശുപത്രിയിൽ* വച്ചായിരുന്നു അന്ത്യം. കഴിഞ്ഞ കുറച്ച് മാസങ്ങളായി അർബുദ ബാധയെ തുടർന്ന് ചികിത്സയിലായിരുന്നു. 72 വയസ്സായിരുന്നു. സംസ്കാരം പിറ്റേന്നു് വൈകീട്ട് ഗംഗയുടെ തീരത്ത് ഹരിശ്ചന്ദ്ര ഘട്ടിൽ നടന്നു.

ഡോ. സ്വാതിയുടെ നിര്യാണത്തിൽ സമാജവാദി ജനപരിഷത്ത് സംസ്ഥാന സമിതിയും ദേശീയ ഉപാദ്ധ്യക്ഷൻ ജോഷി ജേക്കബ്, ദേശീയ സമിതി അംഗം വിനോദ് പയ്യട, കിനാലൂർ ജനജാഗ്രതാ സമിതി ചെയർമാൻ റഹ്മത്തുള്ള മാസ്റ്റർ സംസ്ഥാന പ്രസിഡന്റ് എബി ജോൻ വൻനിലം, ജനറൽ സെക്രട്ടറി സുരേഷ് നരിക്കുനി,നേതാക്കളായ പ്രദീപൻ കുതിരോട്ട്, അഡ്വ ജയമോൻ തങ്കച്ചൻ എന്നിവർ അനുശോചിച്ചു.


1948 ഏപ്രിൽ 21 ന് മധ്യപ്രദേശിലെ ഗ്വാളിയറിൽ ഒരു മധ്യവർഗ ബംഗാളി കുടുംബത്തിലാണ് സ്വാതിജി ജനിച്ചത്. പിതാവ് സത്യേന്ദ്രനാഥ് ദത്ത് സിവിൽ എഞ്ചിനീയറും അമ്മ പുഷ്പലത ദത്ത് വിദ്യാസമ്പന്നയായ ഒരു വീട്ടമ്മയുമായിരുന്നു. അവരുടെ പൂർവ്വികർ ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ കിഴക്കൻ ബംഗാളിലെ (ഇപ്പോൾ ബംഗ്ലാദേശ്) ഫരീദ്പൂർ ജില്ലയിൽ നിന്നു് ഗ്വാളിയറിൽ വന്നുതാമസമാക്കിയവരാണു്. 1967 ൽ ഗ്വാളിയറിലെ കമല രാജ മഹിളാ കോളേജിൽ നിന്ന് ബിഎസ്‌സി ഫിസിക്‌സ്, സ്വർണ്ണ മെഡൽ നേടിയ ശേഷം മുംബൈയിലെ പ്രശസ്തമായ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിൽ നിന്ന് ഭൗതികശാസ്ത്രത്തിൽ എംഎസ്‌സി (1969) നേടി ഭൗതികശാസ്ത്രത്തിൽ അമേരിക്കൻ ഐക്യനാടുകളിൽ നിന്ന് പിഎച്ച്ഡി നേടിയ അവർ ബനാറസ് ഹിന്ദു യൂണിവേഴ്സിറ്റി കാമ്പസിലെ വിമൻസ് കോളേജിലെ ഭൗതികശാസ്ത്ര വിഭാഗത്തിലെ ഫാക്കൽറ്റി അംഗമായി.

സമാജവാദി യുവജന സഭയിലൂടെയാണ് രാഷ്ട്രീയത്തിലെത്തുന്നത്. 1981 ൽ ദില്ലിയിൽ നടന്ന സമത യുവജന സഭയുടെ ദേശീയ സമ്മേളനം ഡോ. സ്വാതിയെ ദേശീയ വൈസ് പ്രസിഡന്റായി തെരഞ്ഞെടുത്തു. 1980കളിൽ സോഷ്യലിസ്റ്റ് നേതാവ് കിഷൻ പട്ടനായക് സ്ഥാപിച്ച സമത സംഘടനയുടെ പ്രധാന നേതാക്കളിലരാളായി അവർ അറിയപ്പെട്ടു. ഡോ. റാം മനോഹർ ലോഹിയായ്ക്കു ശേഷം ഉരുത്തിരിഞ്ഞ ഇന്ത്യയിലെ നവ സോഷ്യലിസ്റ്റ് ധാരയുടെ ശക്തയായ വക്താവും പ്രചാരകയുമായിരുന്നു ഡോ. സ്വാതി.

പുതിയ സോഷ്യലിസ്റ്റ് പാർട്ടിയായ സമാജവാദി ജനപരിഷത്തിന്റെ രൂപീകരണ പ്രക്രിയയിൽ അവർ പ്രധാന പങ്കുവഹിച്ചു. സമതസംഘടന, ദലിത് സംഘർഷ് സമിതി (കർണാടക), ഉത്തർ ബാംഗ് തപോസിലി ജതി ആദിവസി സംഘടൻ (ഉത്ജാസ്), ചത്ര യുവസംഘർഷ് വാഹ്നി, ജൻ സംഘർഷ് വാഹിനി, യുവ ക്രാന്തിദൾ (യുക്രാന്ത്) എന്നിവ ചേർന്നുരൂപംകൊടുത്ത ജന ആന്ദോളൻ സമന്വയസമിതി എന്ന സഖ്യത്തിലെ സംഘടനകളും മഹാരാഷ്ട്രത്തിലെ സോഷ്യലിസ്റ്റ് ഫ്രണ്ട്, സോഷ്യലിസ്റ്റ് പാർട്ടി (ലോഹിയ)എന്നിവയും ഒത്തുചേർന്ന് 1995ൽ സമാജവാദി ജനപരിഷത്ത് സ്ഥാപിച്ചപ്പോൾ അതിന്റെ ആദ്യ സെക്രട്ടറിമാരിലൊരാളായി.

രാജ്യത്തെ ലിംഗസമത്വത്തിനു വേണ്ടിയുള്ള ചെറുതും വലുതുമായ നിരവധി മുന്നേറ്റങ്ങളുടെ സംഘാടകയായിരുന്നു. സുനിൽ ഭായിയ്ക്കും ഡോ. അനിൽ സദ്ഗോപാലിനുമൊപ്പം വിദ്യാഭ്യാസ അവകാശ സംരക്ഷണത്തിനായി ആൾ ഇന്ത്യാ ഫോറം ഫോർ റൈറ്റ് ടു എജുക്കേഷൻ എന്ന പേരിൽ പ്രസ്ഥാനം രൂപീകരിക്കുന്നതിലും മുഖ്യ പങ്കാളിത്തം വഹിച്ചു.

ഭർത്താവ് അഫ്ലാത്തൂൻ സമാജവാദി ജനപരിഷത്ത് ദേശീയ ജനൽ സെക്രട്ടറിയും മഹാത്മാഗാന്ധിയുടെ സന്തതസഹചാരി മഹാദേവ ദേശായിയുടെ പുത്രനായ നാരായൺ ദേശായിയുടെ മകനുമാണ്. ജർമ്മനിയിൽ സോഫ്റ്റ് വെയർ എഞ്ചിനിയറായ റിജുവും സുപ്രീം കോടതി അഭിഭാഷകയും പൗരാവ കാശ പ്രവർത്തകയുമായ പ്യോലി സ്വാതിജയുമാണ് മക്കൾ.



*Sir Sunderlal Hospital, IMS - BHU

0 പ്രതികരണം:

അഭിപ്രായം പറയൂ

കുറിപ്പ്: ഈ ബ്ലോഗിലെ ഒരു അംഗത്തിനു മാത്രമേ അഭിപ്രായം പോസ്റ്റ് ചെയ്യാന്‍ കഴിയൂ.