2008/09/29

കേരളീയ സാമൂഹ്യവ്യവസ്ഥയില്‍ ജാതിയുടെ വിഷപ്പല്ലുകള്‍ ഇപ്പോഴും-- പെരുമ്പടവം ശ്രീധരന്‍


കോട്ടയം- കേരളീയ സാമൂഹ്യവ്യവസ്ഥയില്‍ നിന്നു് ജാതിയുടെ വിഷപ്പല്ലുകള്‍ ഇനിയും പിഴുതെറിയപ്പെട്ടിട്ടില്ലെന്നു് പ്രമുഖ നോവലിസ്റ്റ് ശ്രീ. പെരുമ്പടവം ശ്രീധരന്‍ അഭിപ്രായപ്പെട്ടു.

സോഷ്യലിസ്റ്റ് പ്രസ്ഥാനത്തിന്റെ 75-ആം വാര്‍ഷികത്തിന്റെയും പ്രമുഖ സോഷ്യലിസ്റ്റ് ചിന്തകനും സമാജവാദിജനപരിഷത്ത് നേതാവുമായിരുന്ന കിഷന്‍ പട്നായകിന്റെ 4-ആം ചരമ വാര്‍ഷികദിനാചരണത്തിന്റെയും ഭാഗമായി സമാജവാദിജനപരിഷത്ത് സംഘടിപ്പിച്ച ജാതിസംവരണം സാമൂഹികവിപ്ളവത്തിന് സമഗ്രമായ സംവരണനയത്തിനും വേണ്ടിയെന്ന ദേശീയ സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അധികാരത്തിലുള്ള പങ്ക് ഉണ്ടാകാതെ സാമൂഹികമായ അന്തസ്സ് ലഭ്യമാകുകയില്ല. സാമൂഹികമായ അന്തസിനുവേണ്ടിയുള്ള സമരം അധികാരത്തിനുവേണ്ടിയുള്ള സമരം കൂടിയാണ്.


ഇന്ത്യയുടെ സമ്പന്നമായ സാംസ്കാരിക ജീവിതം ബ്രാഹ്മണിക സാമൂഹിക അധിനിവേശത്താല്‍ അട്ടിമറിക്കപ്പെടുകയുണ്ടായതെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയുടെ സാംസ്കാരിക ജീവിതം രാജഭരണത്തിന്റെയോ അധികാരഘടനയുടെയോ സൃഷ്ടിയല്ല. ഇന്ത്യയുടെ സാംസ്കാരിക ജീവിതം സൃഷ്ടിച്ചത് ആദിവാസിയായ വാല്-മീകിയും മുക്കുവനായ വ്യസനുമാണ്. അവര്‍ രചന നടത്തിയത് ദേവഭാഷയായ സംസ്കൃതത്തിലുമാണ്. അടിസ്ഥാന ജനതക്ക് അക്കാലത്ത് ഇന്ത്യയുടെ സാംസ്ക്കാരികജീവിതത്തില്‍ മേല്‍ക്കയ്യുണ്ടായിരുന്നു വെന്നതിന്റെ സൂചനയാണിത്. പിന്നീട് ജനവിഭാഗങ്ങള്‍ക്ക് വിദ്യയും അറിവും നിഷേധിയ്ക്കുന്ന തരത്തില്‍ മന്ത്രം ചോല്ലിയും മണികുലുക്കിയും ബ്രാഹ്മണവാദികള്‍ ജനസാംസ്ക്കാരിക ജീവിതത്തെ അട്ടിമറിയ്ക്കുകയായിരുന്നു. ജാതിക്കും മതത്തിനും അതീതമായ മാനവികതക്കുവേണ്ടിയുള്ള അന്വേഷണം കൂടി സാമൂഹികാന്തസ്സിനു വേണ്ടിയുള്ള സമരത്തിന്റെ ഭാഗമാക്കണം- അദ്ദേഹം അഭിപ്രായപ്പെട്ടു.


പ്രശസ്ഥ മലയാള കവി പ്രൊഫ.എസ് ജോസഫ്, ലോയേഴ്സ് ഫോര്‍‍ സോഷ്യല്‍ ജസ്റ്റീസ് കര്‍ണ്ണാടക സംസ്ഥാന പ്രസിഡന്റ് യു. ഭൂപതി , മുന്‍ കര്‍ണ്ണാടക വിദ്യാഭ്യാസ മന്ത്രിയും എസ്.സി, എസ്.ടി അഭിഭാഷക ഫോറം പ്രസിഡണ്ടുമായ ശിവമൂര്‍ത്തിനായക് കര്‍ണ്ണാടക വിദ്യാര്‍ത്ഥിയുവജനസഭാ കണ്‍വീനര്‍ അഡ്വ.അഖില എന്നിവര്‍ പ്രസംഗിച്ചു. ജനപരിഷത് ദേശീയ ഉപാദ്ധ്യഷന്‍ ജോഷി ജേക്കബ്ബ് അദ്ധ്യക്ഷത വഹിച്ചു. ജയ്‍മോന്‍ തങ്കച്ചന്‍ സ്വാഗതവും
ജോര്‍ജ് ജേക്കബ്ബ് നന്ദിയും പറഞ്ഞു.

0 പ്രതികരണം:

അഭിപ്രായം പറയൂ

കുറിപ്പ്: ഈ ബ്ലോഗിലെ ഒരു അംഗത്തിനു മാത്രമേ അഭിപ്രായം പോസ്റ്റ് ചെയ്യാന്‍ കഴിയൂ.