സമഗ്രമായ സംവരണ നയം വേണം
ഇന്ത്യയെ അറിയാന്‍ ജാതി വ്യവസ്ഥയെക്കുറിച്ച് മനസ്സിലാക്കണം. പണ്ടെന്നപോലെ ഇന്നും ഇന്ത്യയുടെ കയ്യും മെയ്യും മന:സ്സാക്ഷിയും മൂന്ന് സഹസ്രാബ്ദത്തിലധികം പഴക്കമുള്ള ജാതിയുടെ കള്ളികള്‍ക്കകത്താണ്. ശ്രീബുദ്ധനും, ബാബേ സാഹേബ് അംബേഡ്കരും ശ്രീനാരായണ ഗുരുവും മഹാത്മഫൂലെയും പെരിയോര്‍ ഈ.വി.രാമസ്വാമി നായ്ക്കരും അയ്യങ്കാളിയും ഉള്‍പ്പെടെയുള്ള അനേകം മഹാത്മക്കള്‍ ജാതി മേല്‍ക്കൊയ്മയ്ക്കു് അറുതിവരുത്താനും സമൂഹത്തെ നവീകരിക്കാനും ആദ്യകാലം മൂതല്‍ ശ്രമംനടത്തിയിട്ടുണ്ട്.
ജാതിയുടെ നിന്ദ്യമായ ക്രൂരതകള്‍ കണ്ടിട്ടാണ് സ്വാമി വിവേകാനന്ദന്‍ കേരളത്തെ ഒരു ഭ്രാന്താലയമെന്ന് വിളിച്ചത്. മഹ്ത്മാഗാന്ധി, ദേശീയ സ്വാതന്ത്ര്യസമര പ്രസ്ഥാനത്തിന്റെ നേതൃത്വത്തില്‍ വന്നതുമുതല്‍ അയിത്തോച്ഛാടനവും ദലിത ജനതയുടെ ഉദ്ധാരണവും സ്വാതന്ത്ര്യസമര പ്രവര്‍ത്തനത്തിന്റെ പരിപാടിയില്‍ ഉള്‍പ്പെടുത്തി.
എന്നാല്‍ മഹാത്മക്കളായ ഗാന്ധിജിയുടേയും ഡോ.അംബേഢ്കറുടെയും നിലപാടുകളിലെ വൈരുദ്ധ്യം രൂക്ഷമായ ആശയ സംഘട്ടനങ്ങള്‍ക്കും ഇന്നും നിലനില്‍ക്കുന്ന വിവാദങ്ങള്‍ക്കും വഴിവച്ചു.
ജാതിപരമായ മേല്‍ക്കോയ്മയും അതിന്റെ ശ്രേണീഘടനയും സാമൂഹിക ജീവിതത്തില്‍ മാത്രമല്ല രാഷ്ട്രീയ അധികാരത്തിലും സാമ്പത്തികഘടനയിലും പ്രതിഫലിക്കുന്നു എന്ന യാഥാര്‍ത്ഥ്യം സോഷ്യലിസ്റ്റ് നേതാവ് ഡോ.രാമ മനോഹര്‍ ലോഹിയ ഉന്നയിക്കുകയുണ്ടായി. അതിനെ പടിഞ്ഞാറന്‍ യുക്തിവാദിയായിരുന്ന നെഹ്രുവും യാഥാസ്ഥിതിക ശക്തികള്‍ കയ്യടക്കിയ കോണ്‍ഗ്രസും മാത്രമല്ല എതിര്‍ത്തത്, വര്‍ഗീയ ശക്തികളായ ജനസംഘവും(ഇന്നത്തെ ഭ.ജ.പ.) തുറന്ന മുതലാളിത്തവാദികളും കമ്യൂണിസ്റുകളും ഉള്‍പ്പെടുന്ന വ്യവസ്ഥപിത ആശയധാരകളെല്ലാം ആയിരുന്നു.
ഭരണഘടനയുടെ പട്ടികയില്‍ ഉള്‍പ്പെടുത്തി ദലിതജാതികള്‍ക്കും ഗോത്രവര്‍ഗങ്ങള്‍ക്കും സംവരണം നേടിക്കൊടുത്തത് ഡോ.അംബേഡ്കറാണു്. അതുപോലെ ജാതി നിര്‍മ്മൂലനമെന്ന ഒരു സിദ്ധാന്തവും അദ്ദേഹം മുന്നോട്ട് വച്ചു. എന്നാല്‍ മറ്റുപിന്നോക്ക വര്‍ഗ സമൂഹങ്ങള്‍ക്കു് ചില സംസ്ഥാനങ്ങളിലൊഴിച്ചു് സംവരണം നല്‍കിയിരുന്നില്ല.
സംവരണത്തെയും ജാതിയേയും ശരിയായി വിശകലനം ചെയ്തു് സ്ത്രീകള്‍ ,ആദിവാസി, ദലിത പിന്നോക്ക , ന്യൂനപക്ഷ വിഭാഗങ്ങളുടെ അധികാര പങ്കാളിത്തം ഉറപ്പിക്കുന്നതിനുള്ള രാഷ്ട്രീയ ദര്‍ശനം ഡോ.ലോഹിയയാണ് മുന്നോട്ട് വച്ചത്. എന്നാല്‍ അത് ഏതെങ്കിലും ഒരു ജാതിയുടെ തലത്തില്‍ ചുരുങ്ങുന്നതും ഇടുങ്ങിയതുമായ ഒരു പരിപാടി ആയിരുന്നില്ല. അത് സമൂഹത്തില്‍ വിപ്ളവകരമായ മാറ്റം വരുത്തി എല്ലാവിധത്തിലും സമത്വം നേടിയെടുക്കുന്നതിനുള്ള ഒരു മാര്‍ഗമായിരുന്നു.
ദലിത, പിന്നോക്ക ജനസമൂഹങ്ങളുടെ അധികാര പങ്കാളിത്തം എന്ന സാമൂഹിക വിപ്ളവത്തിന് നന്ദികുറിക്കുന്നതിനാണ് സംവരണം നടപ്പിലാക്കിയത്. എന്നാല്‍ സാമൂഹിക സംവരണത്തെയും അതിന്റെ ലക്ഷ്യങ്ങളെയും അട്ടിമറിക്കുവാന്‍ ആദ്യകാലം മുതല്‍ തല്‍പ്പരക്ഷികള്‍ നടത്തിവരുന്ന ശ്രമം പുതിയ രൂപഭാവങ്ങള്‍ കൈവരിച്ചിരിക്കുകയാണ്. കാലങ്ങളായി അടിച്ചമര്‍ത്തപ്പെട്ട ജനസമൂഹങ്ങളുടെ അധികാര പങ്കാളിത്തം നിഷേധിക്കുന്നതിന് അത് ഇടയാക്കിയിരിക്കുകയാണ്.
ദലിത സമൂഹത്തില്‍ നിന്ന് മതപരിവര്‍ത്തനം ചെയ്തവര്‍, മിശ്രവിവാഹിതര്‍, പുന:മതപരിവര്‍ത്തികള്‍ തുടങ്ങിയ ഓരോരോ ഗണങ്ങളെ പട്ടികജാതി, പിന്നോക്കസംവരണത്തില്‍ നിന്നും അടിസ്ഥാനതത്വങ്ങള്‍ ലംഘിച്ചുകൊണ്ട് പുറത്താക്കുകയാണ്. അത് താരതമ്യേന സാമൂഹികമായി ഏറെ പിന്നാക്കാവസ്ഥയിലുള്ള വലിയൊരു വിഭാഗം സമൂഹങ്ങളെയാണ് ആസൂത്രിതമായി മാറ്റി നിര്‍ത്തുവാന്‍ വഴിവയ്ക്കുന്നത്.
1950 ലെ രാഷ്ടപതിയുടെ ഉത്തരവുമുതല്‍ ആരംഭിച്ച ആ പ്രക്രീയ ഇന്ന് കൂടുതല്‍ വിപുലമാക്കിയ സ്ഥിതിയാണ്. ദലിത ക്രൈസ്തവരും ദലിത മുസ്ളീങ്ങളും അതിനിരയായി കഴിയുന്നു. ഇപ്പോള്‍ പുന:മതപരിവര്‍ത്തിതരായി സര്‍ക്കാര്‍ സര്‍വ്വീസിലുള്ള അനവധി ആളുകള്‍ക്കാണ് പിരിച്ചുവിടാതിരിക്കല്‍ കാരണം കാണിക്കല്‍ നോട്ടീസ് ലഭിച്ചിരിക്കുന്നത്. ജാതി സര്‍ട്ടിഫിക്കറ്റില്‍ കൃത്രീമം കാണിച്ചുവെന്ന തെറ്റായ ആരോപണമാണ് അവര്‍ക്കെതിരെ ഉന്നയിച്ചിരിക്കുന്നതും , ആയിരക്കണക്കിന് വേറേയും ഉദ്യോഗസ്ഥര്‍ അതിന്റെ ഭീഷണിയിലുമാണ്.
മുസ്ളീം ജനവിഭാഗത്തിലെ പട്ടികജാതിക്കാരുടെയും പിന്നോക്കവിഭാഗങ്ങലുടെയും സ്ഥിതി ഏറ്റവും പരിതാപകരമാണെന്ന ജസ്റീസ് രജീന്ദര്‍ സച്ചാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് മതങ്ങള്‍ക്കതീതമായി നില്‍കുന്ന ഇന്ത്യയിലെ ജാതിവ്യവസ്ഥയുടെ കാഠിന്യം വെളിപ്പെടുത്തുന്നു. എന്നാല്‍ കോണ്‍ഗ്രസും വിശ്വഹിന്ദു പരിഷത്തും ജനങ്ങളെ പിന്നിപ്പിക്കുന്ന മുതലെടുപ്പ് നയമാണ് സ്വീകരിച്ചിരിക്കുന്നത്. സംസ്ഥാന സര്‍ക്കരിനും സമൂഹ്യപിന്നോക്കാവസ്ഥയെക്കുറിച്ച് വ്യക്തതയില്ല. വോട്ട് നേടുക എന്ന ലക്ഷ്യം മാത്രം വ്യവസ്ഥാപിത കക്ഷികള്‍ ഉയര്‍ത്തിപ്പിടിക്കുന്ന സാഹചര്യം രാജ്യത്തിനാകെയും ദലിത, പിന്നോക്കജനസമൂഹങ്ങള്‍ക്കും ദോഷകരമാണ്.
വ്യാജമായ ജാതി സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ച് സംവരണം കവര്‍ന്നെടുക്കുന്നവരെ കണ്ടുപിടിക്കുവാന്‍ ചുമതലപ്പെടുത്തിയ കിര്‍ത്താഡ്സ് എന്ന ഏജന്‍സി അന്യായമായ കാരണങ്ങള്‍ കണ്ടുപിടിച്ച് സംവരണാവകാശത്തില്‍ നിന്ന് ചൂഷിതരും അടിച്ചമര്‍ത്തപ്പെട്ടവരുമായ ദലിതരെയും പട്ടികവര്‍ഗക്കാരെയും പുറത്താക്കിക്കൊണ്ടിരിക്കുകയാണ്. കൂടാതെ ഏറെക്കാലമായി പരിശോധനയില്‍ തീര്‍പ്പുണ്ടാക്കാതെയും അവരെ വിഷമിപ്പിക്കുന്നു.
സര്‍ക്കാരിന്റെയും രാഷ്ട്രീയകക്ഷികളുടെയും ബുദ്ധിജീവികളുടെയും കാഴ്ച്ചപ്പാടിലുള്ള അവ്യക്തതയും പരാജയവുമാണ് കിര്‍ത്താഡ്സ് പോലെയുള്ള ഉദ്ദ്യോഗസ്ഥ നിയന്ത്രിത ഏജന്‍സികള്‍ കോടതി വിധികളെപ്പോലും അപ്രസക്തമാക്കുന്ന വിധം സംവരണം ലഭിക്കുന്നവരെ വെട്ടിച്ചുരുക്കുന്നത്.
ജാതിയെക്കുറിച്ചുള്ള വൃക്തമായ ആശയടിത്തറ ഇല്ലാതെയും സാമൂഹികമായി അടിച്ചമര്‍ത്തപ്പെട്ടവരുടെ മുഴുവന്‍ ഉയര്‍ത്തെഴുന്നേല്പ് ലക്ഷ്യമാക്കാതെയും പ്രശ്നങ്ങള്‍ പരിഹരിക്കുവാന്‍ കഴിയില്ല.
പുതിയ മുന്നേറ്റത്തിനുള്ള ആശയാടിത്തറ ഉണ്ടാക്കുകയും അടിച്ചമര്‍ത്തപ്പെട്ട ജനതയുടെ മുന്നേറ്റം ഉണ്ടാക്കിയെടുക്കുകയും അസമത്വം വര്‍ദ്ധമാനമാക്കുന്ന ഇന്നത്തെ കാലഘട്ടത്തില്‍ സമത്വത്തിലേക്ക് മുന്നേറുവാനുള്ള പ്രസ്ഥാനം കെട്ടിപ്പടുക്കുകയുമാണ് ‘ജാതിസംവരണം സാമൂഹിക വിപ്ളവത്തിന്, സമഗ്രമായ സംവരണ നയം വേണം’ എന്ന മുദ്രവാക്യം ലക്ഷ്യമിടുന്നത്.
2008/09/29
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
പത്തറുപതു കൊല്ലം ജാതിസംവരണവും കൊണ്ട് നാം നടന്നില്ലേ. ഒന്നും നേടിയില്ല് എന്നു പറയുന്നില്ല. പക്ഷേ, ഇനിയെങ്കിലും അതിനു പകരം ‘മിശ്രവിവാഹത്തെ’ സര്‍ക്കാര്‍ തലത്തില്‍ പ്രോത്സാഹിപ്പിച്ചാല്‍ സംവരണം മൂലം ലഭിച്ചതിനേക്കാള്‍ സാമൂഹ്യ വിപ്ലവം നേടാനാകുമെന്ന് എനിക്കു തോന്നുന്നു.
മറുപടിഇല്ലാതാക്കൂ