2008/10/01

യോഗേന്ദ്രയാദവിന്റെ കേരളപര്യടനം: 'മലയാള മനോരമ ' നല്കിയ വാര്‍ത്താപരിഗണന

'യുപിഎയും എന്‍ഡിഎയും നേട്ടമുണ്ടാക്കില്ല'

തിരുവനന്തപുരം: അടുത്ത ലോകസഭാ തിരഞ്ഞെടുപ്പില്‍ യുപിഎയും എന്‍ഡിഎയും ഭൂരിപക്ഷത്തിന് അടുത്തൊന്നും എത്തില്ലെന്നു പ്രശസ്ത തിരഞ്ഞെടുപ്പു പ്രവചന വിദഗ്ധനും ഡല്‍ഹിയിലെ സെന്റര്‍ ഫോര്‍ സ്റ്റഡി ഓഫ് ഡവലപിങ് സൊസൈറ്റീസിലെ ഫെലോയുമായ ഡോ. യോഗീന്ദ്ര യാദവ് പറഞ്ഞു. യുപിഎയില്‍ കോണ്‍ഗ്രസിനു വലിയ ക്ഷീണം സംഭവിക്കില്ലെങ്കിലും ഘടകകക്ഷികള്‍ക്കു നഷ്ടം വരും. എന്‍ഡിഎയില്‍ ബിജെപിക്കായിരിക്കും സീറ്റുകള്‍ നഷ്ടപ്പെടുകയെന്നും അദ്ദേഹം പറഞ്ഞു.

ഇന്‍സ്റ്റ്യൂട്ട് ഫോര്‍ പാര്‍ലമെന്ററി അഫയേഴ്സും കേരള സര്‍വകലാശാല പൊളിറ്റിക്കല്‍ സയന്‍സ് വിഭാഗവും ചേര്‍ന്നു നടത്തിയ സെമിനാറില്‍ 'ലോക്സഭാ തിരഞ്ഞെടുപ്പ്-2009, സാഹചര്യങ്ങളും സാധ്യതകളും എന്ന വിഷയത്തെക്കുറിച്ചു പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

യുപിഎയ്ക്കും എന്‍ഡിഎക്കും നഷ്ടമുണ്ടാകുമെങ്കിലും ഇടതുപക്ഷത്തിനോ മൂന്നാം മുന്നണിക്കോ നേട്ടമുണ്ടാകുമെന്നര്‍ത്ഥമില്ല. ബിഎസ്പിക്കു സീറ്റുകള്‍ കൂടുമെങ്കിലും അവര്‍ പ്രതീക്ഷിക്കുന്ന രീതിയില്‍ സര്‍ക്കാര്‍ രൂപവല്‍ക്കരണത്തില്‍ നിര്‍ണായക പങ്കു വഹിക്കാന്‍ മാത്രം സീറ്റു കിട്ടില്ല. തൃണമൂല്‍ കോണ്‍ഗ്രസ്, തെലുങ്കുദേശം, അണ്ണാ ഡിഎംകെ തുടങ്ങിയ കക്ഷികളുടെ നിലപാട് സര്‍ക്കാര്‍ രൂപീകരണത്തെ സ്വാധീനിക്കും.

ഗ്രാമീണ തൊഴിലുറപ്പു നിയമം, വിവരാവകാശ നിയമം, വനാവകാശ നിയമം തുടങ്ങി പുരോഗമനപരമായ ഏറെ നിയമങ്ങള്‍ യുപിഎ സര്‍ക്കാര്‍ കൊണ്ടുവന്നെങ്കിലും അവര്‍ക്ക് അതിന്റെ നേട്ടം തിരഞ്ഞെടുപ്പില്‍ കിട്ടില്ല. നിയമങ്ങള്‍



നടപ്പാക്കുന്നതില്‍ കാണിച്ച അലംഭാവം മൂലമാണിത്. കോണ്‍•സിന്റെ ഉന്നത നേതൃത്വം അരാഷ്ട്രീയവല്‍ക്കരിക്കപ്പെട്ടതാണ് ഇതിനു കാരണം.

ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ പാര്‍ട്ടികളുടെ എണ്ണം കൂടുന്നുണ്ടെങ്കിലും നയപരമായ കാര്യങ്ങളില്‍ പാര്‍ട്ടികള്‍ തമ്മിലുള്ള അന്തരം കുറയുകയാണ്. വോട്ടര്‍മാര്‍ക്കു തിരഞ്ഞെടുക്കാവുന്ന സാധ്യതകള്‍ വിരളമാകുന്നു. തങ്ങള്‍ ഉദ്ദേശിക്കുന്ന ആളുകള്‍ക്കു വോട്ട് ചെയ്യാം, എന്നാല്‍ നയങ്ങള്‍ക്കു വോട്ട് ചെയ്യാനാവില്ലെന്ന എന്ന പ്രതിസന്ധിയാണു ജനം നേരിടുന്നത്. യുപിഎയും എന്‍ഡിഎയും ഇടതുപക്ഷവുമെല്ലാം നവലിബറല്‍ നയങ്ങളാണു പിന്തുടരുന്നത്. സിപിഎം ജനാധിപത്യ പാര്‍ട്ടിയായി മാറിക്കൊണ്ടിരിക്കുന്നു. കമ്യൂണിസ്റ്റ് പാര്‍ട്ടിയെന്ന പേര് കൈവിടുന്നില്ലെന്നേയുള്ളൂ.

തിരഞ്ഞെടുപ്പിനു ശേഷമുണ്ടാകുന്ന അനിശ്ചിതത്വം വലിയ ആപത്തിനൊന്നും വഴിവയ്ക്കില്ല. ഈ അനിശ്ചിതത്വം ഒട്ടേറെ സാധ്യതകള്‍ സൃഷ്ടിക്കും. ഇതില്‍ നിന്നായിരിക്കും ബദല്‍ രാഷ്ട്രീയ മാതൃക ഉരുത്തിരിയുക. രാഷ്ട്രീയ പ്രതിബദ്ധതയുള്ള സാമൂഹ്യ പ്രസ്ഥാനങ്ങളായിരിക്കും അതിനു തുടക്കം കുറിക്കുകയെന്നു വേണം കരുതാന്‍-ഡോ. യാദവ് പ്രവചിച്ചു.

ആ•ാളവല്‍ക്കരണവും വര്‍ഗീയതയുമായിരിക്കും അടുത്ത തിരഞ്ഞെടുപ്പിലെ മുഖ്യവിഷയങ്ങള്‍ എന്നു ചടങ്ങില്‍ അധ്യക്ഷത വഹിച്ച മന്ത്രി എം. വിജയകുമാര്‍ പറഞ്ഞു. ഏകകക്ഷി ഭരണമെന്ന വികലമായ നയം കോണ്‍‍‍ഗ്രസ് നേരത്തെ ഉപേക്ഷിച്ചിരുന്നെങ്കില്‍ വര്‍ഗീയ കക്ഷികള്‍ കേന്ദ്രത്തില്‍ ഒരിക്കലും അധികാരത്തില്‍ വരില്ലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ പാര്‍ലമെന്ററി അഫയേഴ്സ് ഡയറക്ടര്‍ ഡോ.ജെ. പ്രഭാഷ്, പൊളിറ്റിക്കല്‍ സയന്‍സ് വിഭാഗം മേധാവി ഡോ.ജി. ഗോപകുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.

കടപ്പാടു് :-മലയാള മനോരമ 2008 സെപ്തംബര്‍‍ 30, ചൊവ്വ

0 പ്രതികരണം:

അഭിപ്രായം പറയൂ

കുറിപ്പ്: ഈ ബ്ലോഗിലെ ഒരു അംഗത്തിനു മാത്രമേ അഭിപ്രായം പോസ്റ്റ് ചെയ്യാന്‍ കഴിയൂ.