2009/10/03

ഇതു സൗഹൃദമല്ല, ഭീരുത്വമാണ്‌

അഡ്വ. വിനോദ്‌ പയ്യട

കിഴക്കന്‍ ലേയിലെ `മഞ്ഞുകുമാരി' പ്രദേശത്ത്‌ നമ്മുടെ അതിര്‍ത്തിയിലേക്ക്‌ ഒന്നര കിലോമീറ്റര്‍ ദൂരത്തില്‍ കൈയേറ്റം നടത്തി, ചൈനയെന്ന്‌ നമ്മുടെ `കരുത്തി'ന്‍െറ പാറക്കെട്ടുകളില്‍ എഴുതിപ്പിടിപ്പിച്ച സംഭവത്തിനുശേഷം ദിവസങ്ങള്‍ മാത്രം കഴിഞ്ഞ്‌ ചൈന നമ്മുടെ വടക്കുകിഴക്കന്‍ സംസ്‌ഥാനങ്ങളിലെ വിഘടനവാദികളായ തീവ്രവാദ സംഘടനകള്‍ക്ക്‌ അവരുടെ അതിര്‍ത്തിക്കുള്ളില്‍വെച്ച്‌ ആയുധപരിശീലനം നടത്തുന്നതായ വാര്‍ത്തകള്‍ പുറത്തുവന്നിരിക്കുന്നു. ഈ സംഘടനകള്‍ക്ക്‌ വന്‍തോതില്‍ സായുധ സാമ്പത്തിക സഹായങ്ങള്‍ ചൈനയില്‍നിന്ന്‌ ലഭ്യമാവുന്നു.


മഞ്ഞുകുമാരിയില്‍ കൈയേറ്റം നടത്തിയതായി ചൈനയും അത്തരമൊരു കൈയേറ്റം നടന്നിട്ടില്ലെന്ന്‌ ഇന്ത്യയും പറഞ്ഞത്‌ അദ്‌ഭുതപ്പെടേണ്ട കാര്യമല്ല. ചില സ്വകാര്യ ദൃശ്യമാധ്യമങ്ങള്‍ കൈയേറ്റത്തിന്‍െറ ദൃശ്യങ്ങള്‍ പുറത്തുവിട്ടതൊന്നും ഇന്ത്യാ ഗവണ്‍മെന്‍റിന്‌ പരിഗണനാ വിഷയമായിട്ടില്ല. ചൈനയുടെ ഒളിഞ്ഞും തെളിഞ്ഞുമുള്ള കൈയേറ്റങ്ങള്‍ പുതിയ കാര്യങ്ങളല്ല. ചൈന കമ്യൂണിസ്‌റ്റ്‌ ഭരണത്തിലായതിനുശേഷം തിബത്ത്‌ കൈയേറിയതുതന്നെ ഇന്ത്യയെ ലക്ഷ്യമിട്ടുകൊണ്ടായിരുന്നു. തിബത്ത്‌ അധിനിവേശത്തിന്‍െറ ലക്ഷ്യം ഇന്ത്യയോടൊത്ത്‌ വടക്ക്‌ വളരെ നീളത്തില്‍ അതിര്‍ത്തി പങ്കിടുന്നതരത്തില്‍ തന്ത്രപ്രധാനമായ പ്രദേശം കണ്ടെത്തുക എന്നതായിരുന്നു. ഇന്ത്യയും ചൈനയും തമ്മില്‍ നൂറ്റാണ്ടുകളോളം ഉണ്ടായിരുന്ന ആത്‌മീയവും സാംസ്‌കാരികവും ചരിത്രപരവുമായ ബന്‌ധങ്ങളൊന്നും കമ്യൂണിസ്‌റ്റ്‌ ചൈനക്ക്‌ ഇന്ത്യയെ ലക്ഷ്യമാക്കുന്നതിന്‌ തടസ്സമായിരുന്നില്ല. 1950ലും 1959ലുമായി നടന്ന ചൈനയുടെ തിബത്തന്‍ ആക്രമണം ഇന്ത്യന്‍ ആക്രമണത്തിനു മുന്നോടിയാണെന്ന്‌ അന്ന്‌ പറഞ്ഞിരുന്നത്‌ ഡോ. റാം മനോഹര്‍ ലോഹിയയായിരുന്നു. തിബത്ത്‌ കൈയടക്കിയതിനുശേഷം ചൈന രഹസ്യമായും പരസ്യമായും കൈയേറ്റങ്ങള്‍ നടത്തിയിട്ടുണ്ട്‌. തിബത്തിലേക്ക്‌ ഇന്ത്യനതിര്‍ത്തിക്കുള്ളില്‍ ചൈന റോഡ്‌ വെട്ടിയിട്ടുണ്ട്‌. ഒരിക്കല്‍ ഇന്ത്യയുടെ വടക്കുകിഴക്കന്‍ അതിര്‍ത്തിയില്‍ ഇന്ത്യാ ഗവണ്‍മെന്‍റിന്‍െറ വിലക്കുകള്‍ ലംഘിച്ച്‌ സന്ദര്‍ശനം നടത്തിയ ഡോ. ലോഹിയ, മാവോസേതൂങ്ങിന്‍െറ ഭരണം തുടങ്ങിയതില്‍ പിന്നെ ചൈനീസ്‌ പട്ടാളക്കാര്‍ ഇന്ത്യനതിര്‍ത്തിക്കുള്ളിലെ ഗ്രാമങ്ങളില്‍ മാവോയുടെ ചിത്രങ്ങളും ചിത്രങ്ങളടങ്ങിയ ലോക്കറ്റുകളും വീടുകളില്‍ വിതരണംചെയ്യുന്നതായി കണ്ടെത്തിയിരുന്നു. അതിര്‍ത്തിയില്‍ നടന്ന ഈ സംഭവങ്ങളൊന്നും ഇന്ത്യാ ഗവണ്‍മെന്‍റ്‌ ഗൗനിച്ചിരുന്നില്ല. രാഷ്‌ട്രത്തിന്‍െറ മുഖ്യധാരയില്‍നിന്നു വടക്കുകിഴക്കന്‍ സംസ്‌ഥാനങ്ങളെ വേര്‍തിരിച്ച്‌ നിര്‍ത്തുന്ന തരത്തിലുള്ള നയം ഇന്ത്യാ ഗവണ്‍മെന്‍റ്‌ കൈക്കൊള്ളുന്നത്‌ ചൈനക്ക്‌ ഈ മേഖലയില്‍ എന്തും പ്രവര്‍ത്തിക്കുന്നതിനുള്ള സാഹചര്യങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ട്‌.


ചൈനയുമായുള്ള ബന്‌ധത്തില്‍ ഒരിക്കലും നമ്മള്‍ ഇച്‌ഛാശക്‌തിയോടെയുള്ള ഒരു നയം സ്വീകരിച്ചിട്ടില്ല. തിബത്തന്‍ പ്രശ്‌നം മുതല്‍ ഇത്‌ വളരെ വ്യക്‌തവുമാണ്‌. തിബത്തിന്‌ ചൈനയെക്കാള്‍ മുമ്പുതന്നെ ചരിത്രത്തില്‍ സ്വന്തം അസ്‌തിത്വം ഉണ്ടായിരുന്നു, ഒരു രാഷ്‌ട്രമെന്നനിലയില്‍ തന്നെ. ഒരിക്കല്‍ തിബത്ത്‌ ചൈനയെ കീഴ്‌പ്പെടുത്തുകയും ചൈന തിബത്തിന്‍െറ ആത്‌മീയ നേതൃത്വം അംഗീകരിക്കുകയും ചെയ്‌തിട്ടുണ്ട്‌. തിബത്തിന്‌ ചൈനയെക്കാളേറെ ഇന്ത്യയോടാണ്‌ വംശീയവും സാംസ്‌കാരികവും രാഷ്‌ട്രീയവുമായ സാദൃശ്യവും ബന്‌ധവും ഉണ്ടായിരുന്നത്‌. ഇന്ത്യന്‍ വംശജരായ ചക്രവര്‍ത്തിമാര്‍ തിബത്ത്‌ ഭരിച്ചിട്ടുണ്ട്‌. കൂടാതെ ബ്രിട്ടീഷ്‌ അധിനിവേശത്തിനുശേഷം സമീപകാലത്ത്‌ ബ്രിട്ടീഷ്‌ ഇന്ത്യയുടെ ഭാഗമെന്നനിലയില്‍ തിബത്തില്‍ ചില മേഖലകളില്‍ നമുക്ക്‌ ഭരണപരമായ അധികാരവും ഉണ്ടായിരുന്നു. ഈ വസ്‌തുതകളൊക്കെ അവഗണിച്ചാണ്‌ തിബത്ത്‌ ചൈനയുടെ ആഭ്യന്തര കാര്യമാണെന്നുപറഞ്ഞ്‌ നെഹ്‌റു ഗവണ്‍മെന്‍റ്‌ ചൈനീസ്‌ ആക്രമണത്തിനു പിന്തുണ നല്‍കിയത്‌. ഈ മേഖലയില്‍നിന്ന്‌ ഇന്ത്യന്‍ പ്രധാനമന്ത്രിയെന്നതിനപ്പുറം ലോകനേതാവായി ഉയരാനുള്ള ആഗ്രഹത്തിന്‍െറ ഭാഗമായ നയതന്ത്രമാണ്‌ നെഹ്‌റു സ്വീകരിച്ചത്‌. ചൈനയുമായുള്ള സൗഹൃദം നെഹ്‌റുവിന്‌ ആവശ്യമായിരുന്നു. എന്നാല്‍, അദ്ദേഹത്തിന്‍െറ എല്ലാ കണക്കുകൂട്ടലുകളും തെറ്റിച്ചുകൊണ്ട്‌ ചൈന 1962ല്‍ ഇന്ത്യക്കുമേല്‍ പ്രഖ്യാപിതമായി കൈയേറ്റം നടത്തി. ഇന്ത്യാ ചീന ഭായ്‌ ഭായ്‌ എന്ന മധുരത്തില്‍ പൊതിഞ്ഞ മുദ്രാവാക്യം നുണയുന്നതിനിടയില്‍ തന്നെ ചൈന അധിനിവേശത്തിന്‍െറ കയ്‌പ്പുകഷായം നമ്മെ മലര്‍ത്തിക്കിടത്തി വായില്‍ ഒഴിച്ചുതരികയാണുണ്ടായത്‌. 1962ല്‍ യഥാര്‍ഥത്തില്‍ ഇന്ത്യയും ചൈനയും തമ്മില്‍ നടന്നത്‌ യുദ്ധമല്ലെന്നും ചൈന ഏകപക്ഷീയമായി നമ്മുടെ അതിര്‍ത്തിക്കുള്ളിലേക്ക്‌ കയറി അവര്‍ക്കാവശ്യമുള്ള തന്ത്രപ്രധാന ഭൂപ്രദേശങ്ങള്‍ കൈവശപ്പെടുത്തിയതിനുശേഷം ബാക്കിവരുന്ന പ്രദേശങ്ങളില്‍നിന്ന്‌ പിന്‍വാങ്ങുകയായിരുന്നുവെന്നും ഇതുവരെ ഇന്ത്യാ ഗവണ്‍മെന്‍റ്‌ സമ്മതിച്ചിട്ടില്ല. ലോഹ്യയുടെ മുന്നറിയിപ്പ്‌ ശരിയാണെന്ന്‌ 1962ലെ ചൈനീസ്‌ ആക്രമണം തെളിയിക്കുകയുണ്ടായി.


ചൈനക്കു മുമ്പില്‍ നമ്മുടെ ദേശാഭിമാനം അടിയറവെച്ചതിന്‍െറ ചരിത്രം മാത്രമാണ്‌ നമുക്ക്‌ പറയാനുള്ളത്‌. അരുണാചല്‍ പ്രദേശിലെ 11,000 ചതുരശ്ര മൈല്‍ പ്രദേശം ഇപ്പോഴും ചൈനയുടെ കൈവശത്തിലാണ്‌. ആ പ്രദേശങ്ങള്‍ വീണ്ടെടുക്കാനുള്ള എന്തെങ്കിലും ശ്രമങ്ങള്‍ ഇന്നേവരെ ഇന്ത്യ നടത്തിയില്ലെന്നു മാത്രമല്ല ചുരുങ്ങിയപക്ഷം ഈ ആവശ്യം അന്താരാഷ്‌ട്ര വേദികളില്‍ ഉന്നയിക്കുക പോലും ചെയ്‌തിട്ടില്ല. 1947 ആഗസ്‌റ്റ്‌ 15ന്‍െറ അതിര്‍ത്തി സംരക്ഷിക്കുന്ന തരത്തിലുള്ള ആവശ്യങ്ങള്‍ അതിര്‍ത്തി തര്‍ക്ക ചര്‍ച്ചകളില്‍ ഇന്ത്യ ശക്‌തമായി ഉന്നയിച്ചിട്ടില്ല. മുന്‍കൂട്ടി നിശ്‌ചയിച്ച ഒരു കാര്യപരിപാടിയെന്ന നിലയില്‍ മാത്രമാണ്‌ ഈ ചര്‍ച്ചാപ്രഹസനങ്ങള്‍ നടക്കുന്നത്‌. നമ്മുടെ വടക്കുകിഴക്കന്‍ മേഖലകളില്‍ അവകാശവാദം ഉന്നയിക്കാന്‍ ജനങ്ങളിലെ നരവംശ ശാസ്‌ത്രപരമായ പ്രത്യേകതകളെ വളച്ചൊടിച്ച്‌ അവതരിപ്പിക്കുകയാണ്‌. ഇവിടത്തെ ജനങ്ങളും ചൈനീസ്‌ ജനതയും മംഗോളിയന്‍ വംശജരാണെന്നുള്ള ചൈനയുടെ ദുഷ്‌ടലാക്കോടുകൂടിയുള്ള വാദങ്ങളെ ഇന്നേവരെ ഇന്ത്യ ഖണ്‌ഡിച്ചിട്ടില്ല. യഥാര്‍ഥത്തില്‍ ചൈനയുടെ അതിര്‍ത്തി പ്രദേശങ്ങള്‍ക്ക്‌ ഇന്ത്യയോടാണ്‌ സാംസ്‌കാരികവും വംശീയവുമായ അടുപ്പമുള്ളത്‌. ചൈനയുടെ ഹാന്‍സ്‌ വംശീയത എല്ലാറ്റിനുമേലും കടന്നാക്രമണം നടത്തുകയാണ്‌. കിഴക്കന്‍ ചൈനയിലെ മുസ്‌ലിം പ്രദേശങ്ങളില്‍ നടത്തിയ ഹാന്‍സ്‌ വംശീയ ആക്രമണം തിബത്തില്‍ നടത്തിയതിനു സമാനമാണ്‌.


കഴിഞ്ഞ യു.പി.എ ഭരണകാലത്ത്‌ പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ്‌ അരുണാചല്‍ സന്ദര്‍ശിച്ചതിനെ ചോദ്യംചെയ്‌ത ചൈനയുടെ നടപടിക്കെതിരെ ഉയര്‍ന്നുനിന്ന്‌ മറുവാക്കുച്ചരിക്കാന്‍ മഹത്തായ നമ്മുടെ രാജ്യത്തിന്‍െറ ഭരണകൂടത്തിനു ത്രാണിയുണ്ടായിരുന്നില്ല. വടക്കുകിഴക്കന്‍ മേഖലകള്‍ക്കുവേണ്ടിയുള്ള പദ്ധതികളെ ചൈനീസ്‌ ഭരണകൂടം നിരന്തരം എതിര്‍ക്കുകയാണ്‌. ഇന്ത്യക്കെതിരെ ലഘുലേഖകള്‍ വിതരണംചെയ്യുക അവരുടെ പതിവുമാണ്‌. ചൈനയോടുള്ള ഇന്ത്യയുടെ ബന്‌ധം എന്നും ഭീരുത്വത്തിലൂന്നിയുള്ളതായിരുന്നു. അതുകൊണ്ടാണ്‌ ` മഞ്ഞുകുമാരി'യിലുള്ള കൈയേറ്റത്തെ ഇന്ത്യ കണ്ടില്ലെന്ന്‌ നടിച്ചത്‌. 1962ലെ അതിദയനീയമായ പരാജയത്തിന്‍െറ കാരണവും ഈ ഭീരുത്വം തന്നെയായിരുന്നു. നെഹ്‌റുവിന്‍െറ അക്കാലത്തെ ചൈനാ നയത്തിന്‍െറ അടിസ്‌ഥാനഭാവം ദൗര്‍ബല്യമായിരുന്നു. 1947 ആഗസ്‌റ്റ്‌ 15ന്‌ നമുക്ക്‌ കിട്ടിയ അതിര്‍ത്തിപോലും സംരക്ഷിക്കാന്‍ കഴിഞ്ഞില്ല. ചൈന വളരെ തന്ത്രപരമായി പാക്കിസ്‌ഥാനെ ആദ്യംതന്നെ അംഗീകരിച്ചു. ഈ ആവശ്യം അവര്‍ യു.എന്നില്‍ ഉന്നയിക്കുകയും ചെയ്‌തു. എന്നാല്‍, ചൈനയില്‍നിന്ന്‌ വേറിട്ടുപോയ ചിയാംഗ്‌കൈഷക്കിന്‍െറ തായ്‌വാനെ ഇന്ത്യ അംഗീകരിച്ചില്ല. ചൈനീസ്‌ ഭരണാധികാരിയായിരിക്കെ ചിയാംഗ്‌ കൈഷക്കും കുമിന്താംഗ്‌ കക്ഷിയും ഇന്ത്യക്കു വേണ്ടപ്പെട്ടവരായിരുന്നതുപോലെ നെഹ്‌റുവിന്‍െറ അടുത്ത സുഹൃദ്‌ബന്‌ധത്തിലുള്ളവരുമായിരുന്നു. ഇന്ത്യയെ വിഭജിക്കാനുള്ള ആംഗ്ലോഫഅമേരിക്കന്‍ നീക്കങ്ങളെക്കുറിച്ച്‌ യഥാസമയം അറിയിപ്പ്‌ നല്‍കുകയും ഇന്ത്യാ വിഭജനത്തിനെതിരായി ലോകാഭിപ്രായം ഉണ്ടാക്കിയെടുക്കാന്‍ ശ്രമിക്കുകയും ചെയ്‌ത ചിയാംഗ്‌ കൈഷക്കിന്‍െറ ചൈന നിലനിര്‍ത്തിയ സൗഹൃദമാണ്‌ പിന്നീട്‌ ചൈനീസ്‌ സാമ്രാജ്യം തകര്‍ത്തത്‌.

1962ലെ ആക്രമണ കാലത്ത്‌ ചൈന തുറന്ന യുദ്ധമുഖത്തിനു ബദലായി ചൈനീസ്‌ ആക്രമണം പ്രതിരോധിക്കുന്നതിനും യുദ്ധത്തിലെ ഏകപക്ഷീയത ഒഴിവാക്കി ഇന്ത്യയുടേതായ ഒരു യുദ്ധമുഖം തുറക്കുന്നതിനും വേണ്ടി തിബത്തിനെ മോചിപ്പിക്കാന്‍ തിബത്തിലേക്ക്‌ സൈന്യത്തെ അയക്കണമെന്ന ആവശ്യം അക്കാലത്ത്‌ ഇന്ത്യാ ഭരണകൂടം ചെവിക്കൊണ്ടില്ല. ഈ ദൗര്‍ബല്യത്തെയാണ്‌ ചൈന എന്നും ഉപയോഗിച്ചുവരുന്നത്‌. തിബത്തിനെ രക്ഷിക്കാന്‍ ഒരു ചെറുവിരല്‍പോലും അനക്കാന്‍ ഇന്ത്യക്ക്‌ പറ്റാതിരുന്നതിന്‍െറ പില്‍ക്കാല അനുഭവമാണ്‌ നമ്മളോട്‌ ഏറെ അടുപ്പമുള്ളതും അടുപ്പം നിലനിര്‍ത്തേണ്ടതുമായ നേപ്പാളിനെ ചൈനക്കൊപ്പം നിര്‍ത്താനും ഇന്ത്യക്കെതിരെ നിലപാടെടുക്കാനും മാവോവാദികളിലൂടെ ചൈനക്ക്‌ കഴിഞ്ഞത്‌.

കമ്യൂണിസ്‌റ്റ്‌ ആധിപത്യത്തിലായതിനുശേഷം ചൈനീസ്‌ ജനത ഭൗതികാസക്‌തിയുള്ളവരായി മാറിയിട്ടുണ്ട്‌, ഒരു രാഷ്‌ട്രമെന്ന നിലയില്‍, കൂടുതല്‍ ശരിയായി പറഞ്ഞാല്‍ സാമ്രാജ്യമെന്ന നിലയില്‍ ഭൂവിസ്‌തൃതി വര്‍ധിപ്പിക്കാനും സമ്പന്നമാകാനുമുള്ള ആര്‍ത്തിയാണ്‌ ഇപ്പോള്‍ ചൈന പ്രകടിപ്പിച്ചുകൊണ്ടിരിക്കുന്നത്‌. എല്ലാ എതിര്‍പ്പുകളെയും മറികടന്ന്‌ ബീജിംഗ്‌ ഒളിമ്പിക്‌സ്‌ വിജയിപ്പിക്കുക എന്നത്‌ ചൈന എന്തിനും കെല്‍പുള്ള ഒരു ഏകകമാണെന്ന്‌ കാണിക്കാനുള്ള ചൈനയുടെ അവസരമായിട്ടാണ്‌ കണ്ടിരുന്നത്‌. ലോകത്തിലെ വന്‍ കോര്‍പറേറ്റ്‌ കമ്പനികള്‍ക്ക്‌ മുതലിറക്കാന്‍ ആശ്രയിക്കാവുന്ന ഒരു വ്യവസ്‌ഥയെ കാണിച്ചുകൊടുക്കാനുള്ള അവസരവും.

ഇവയെല്ലാം കാണിക്കുന്നത്‌ ഇന്ത്യ സൂക്ഷിക്കണമെന്നുതന്നെയാണ്‌. എന്നാല്‍, അയല്‍രാജ്യമെന്ന നിലയില്‍ ചൈനയുമായി സൗഹൃദത്തില്‍ കഴിയുന്നതിനുള്ള സാധ്യതകള്‍ അന്വേഷിക്കാതിരിക്കണമെന്നല്ല. നമ്മുടെ രാജ്യതാല്‍പര്യം ഉയര്‍ത്തിപ്പിടിച്ചുകൊണ്ടും ചൈനയുടെ ധിക്കാരവും ധാര്‍ഷ്‌ട്യവും നിറഞ്ഞ പെരുമാറ്റങ്ങളെ അതിശക്‌തമായ ഭാഷയില്‍ ചോദ്യംചെയ്‌തുകൊണ്ടും നാം നടത്തുന്ന സൗഹൃദ ശ്രമങ്ങള്‍ക്കു മാത്രമേ പ്രസക്‌തിയുള്ളൂ. ഇന്ത്യയും ചൈനയും തമ്മില്‍ യഥാര്‍ഥ സൗഹൃദം ഉണ്ടാകണമെങ്കില്‍ ചൈന ജനാധിപത്യവത്‌കരിക്കപ്പെടുകയും ഇന്ത്യയും ചൈനയും തമ്മില്‍ നിലനില്‍ക്കുന്ന, ബുദ്ധമത കാലത്തോളം പഴക്കമുള്ള സാംസ്‌കാരികവും ആത്‌മീയവുമായ പാരമ്പര്യം അവര്‍ മുമ്പത്തെപ്പോലെ തിരിച്ചറിയുകയും കണ്‍ഫ്യൂഷ്യസ്‌ സംസ്‌കൃതിയില്‍ അവര്‍ ഒരിക്കല്‍ക്കൂടി തങ്ങളുടെ പാരമ്പര്യത്തെ ദര്‍ശിക്കുകയും ചെയ്യുന്നതുവരെ ഒരുപക്ഷേ നാം കാത്തിരിക്കേണ്ടിവരും. അതുവരെ ഇന്ത്യാ ചൈന സൗഹൃദമെന്നത്‌ ഭീരുത്വത്തിന്‍െറ പ്രകടിത ഭാവമെന്ന നിലയില്‍ അധഃപതിക്കുന്നത്‌ തടയാനുള്ള ആര്‍ജവം നാം കാണിക്കേണ്ടതാണ്‌.

(സമാജവാദി ജനപരിഷത്ത് സംസ്ഥാപ്രസിഡന്റാണു് ലേഖകൻ)

http://www.madhyamam.com/news_details.asp?id=8&nid=234719&page=1

0 പ്രതികരണം:

അഭിപ്രായം പറയൂ

കുറിപ്പ്: ഈ ബ്ലോഗിലെ ഒരു അംഗത്തിനു മാത്രമേ അഭിപ്രായം പോസ്റ്റ് ചെയ്യാന്‍ കഴിയൂ.