.
അഡ്വ. ജോഷി ജേക്കബ്
(സമാജവാദി ജനപരിഷത്തിന്റെ അഖിലേന്ത്യാ സെക്രട്ടറി)
ഭോപ്പാല്‍ ദുരന്തത്തിന്റെ വിധി വന്നപ്പോള്‍ മാധ്യമങ്ങളില്‍ നിറഞ്ഞ ഏതാനും പരാമര്‍ശങ്ങള്‍ ശ്രദ്ധേയമാണ്.
ആയിരങ്ങള്‍ മരിച്ച സംഭവത്തില്‍ 26 വര്‍ഷങ്ങള്‍ക്കുശേഷം വന്ന വിധിയില്‍ രണ്ടുവര്‍ഷം തടവുശിക്ഷ മാത്രമാണ് വിധിച്ചത്, യൂണിയന്‍ കാര്‍ബൈഡ് മേധാവിയായ വാറന്‍ ആന്‍ഡേഴ്‌സണെക്കുറിച്ച് വിധിയില്‍ പരാമര്‍ശമില്ല, പ്രതികള്‍ക്ക് ഉടന്‍ ജാമ്യമനുവദിച്ചു എന്നിവയാണു ശ്രദ്ധിക്കേണ്ട ഈ പരാമര്‍ശങ്ങള്‍.
ഇന്ത്യന്‍ ശിക്ഷാ നിയമം 304 എ വകുപ്പ് പ്രകാരമുള്ള കുറ്റം മാത്രമേ നിലനില്‍ക്കൂ എന്ന സുപ്രീംകോടതിയുടെ തീര്‍പ്പനുസരിച്ചാണ് വിചാരണക്കോടതി കുറ്റം ചുമത്തിയതും വിധി പ്രസ്‌താവിച്ചതും. കുറ്റം ചെയ്‌തതായി കണ്ട വകുപ്പനുസരിച്ചുള്ള പരമാവധി ശിക്ഷയായ രണ്ടുവര്‍ഷം തടവും കോടതി പ്രതികള്‍ക്കു നല്‍കി.
വാറന്‍ ആന്‍ഡേഴ്‌സണ് സമന്‍സും വാറന്റും അയച്ച് വിചാരണയ്‌ക്കു കോടതിയിലെത്തിക്കാന്‍ പറ്റാത്ത സാഹചര്യത്തില്‍ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച് അറസ്‌റ്റ് വാറന്റ് നിലനിര്‍ത്താനേ കോടതിക്കു കഴിയുകയുള്ളൂ. വിദേശത്തുള്ള കുറ്റവാളിയെ സര്‍ക്കാര്‍തലത്തില്‍ വിദേശ സര്‍ക്കാരുമായി ബന്ധപ്പെട്ടാണ് കോടതിക്കു മുന്നില്‍ കൊണ്ടുവരേണ്ടത്. സ്വാഭാവികമായും പിടികിട്ടാപ്പുള്ളിയുടെയും കോടതിയില്‍ ഹാജരായ മറ്റു പ്രതികളുടെയും കേസുകള്‍ രണ്ടാക്കി വിഭജിച്ച് വിചാരണ നടത്തേണ്ടതുണ്ട്. അപ്രകാരം ആന്‍ഡേഴ്‌സണെതിരേയുള്ള കേസ് നിലനിര്‍ത്തിക്കൊണ്ട് മറ്റ് പ്രതികള്‍ക്കെതിരേ വിചാരണ നടത്തി വിധി പ്രസ്‌താവിക്കുമ്പോള്‍ ഇനിയും വിചാരണ നേരിടാനിരിക്കുന്ന ഒരു പ്രതിയെക്കുറിച്ച് വിധിയില്‍ പരാമര്‍ശിക്കുവാന്‍ കോടതി ബാധ്യസ്‌ഥമല്ല.
മൂന്നാമതായി, മൂന്നു വര്‍ഷം വരെ തടവുശിക്ഷ വിധിക്കപ്പെട്ട ഏതൊരു പ്രതിക്കും ചില പ്രത്യേക സ്‌ഥിതിവിശേഷങ്ങളിലൊഴികെ അപ്പീല്‍ ബോധിപ്പിക്കുന്ന കാലാവധി വരെ ജാമ്യം ലഭിക്കാന്‍ അര്‍ഹതയുണ്ട്. കോടതിയെക്കുറിച്ച് ദുസൂചനകള്‍ ധ്വനിപ്പിക്കുന്നതരത്തില്‍ വാര്‍ത്തകള്‍ ജനിച്ചതും പ്രചരിച്ചതും മാധ്യമരംഗത്തെ അപക്വതയും സൂക്ഷ്‌മതയില്ലായ്‌മയുമാണ് സൂചിപ്പിക്കുന്നത്.
വാതക ദുരന്തത്തിലെ പ്രതിയായ അമേരിക്കന്‍ മേധാവി വാറന്‍ ആന്‍ഡേഴ്‌സണ്‍ വിചാരണ നേരിടാതെ നില്‍ക്കുന്നെങ്കില്‍ ഉത്തരവാദി കേന്ദ്ര സര്‍ക്കാരാണ്. ഇന്ത്യയില്‍ നടന്ന കുറ്റകൃത്യത്തില്‍ പ്രതിയായ ആന്‍ഡേഴ്‌സണെ രാജ്യാന്തര തലത്തില്‍ കുറ്റവാളികളെ കൈമാറുന്ന സംവിധാനങ്ങള്‍ ഉപയോഗപ്പെടുത്തി ഇന്ത്യയില്‍ വിചാരണയ്‌ക്കു കൊണ്ടുവരുന്നതിനു കേന്ദ്രസര്‍ക്കാര്‍ ഒരിക്കലും ഇച്‌ഛാശക്‌തി കാണിച്ചിട്ടില്ല. ആന്‍ഡേഴ്‌സണെ ഒഴിവാക്കിയിട്ടില്ല ആന്‍ഡേഴ്‌സണെതിരേയുള്ള കേസ് നിലനില്‍ക്കുകയാണെന്നു കേന്ദ്ര നിയമമന്ത്രി പറയുമ്പോള്‍ എന്തുകൊണ്ടാണ് അക്കാര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഇച്‌ഛാശക്‌തി കാണിക്കാത്തതെന്ന് വിശദീകരിക്കുവാന്‍ അദ്ദേഹത്തിനു ബാധ്യതയുണ്ട്. കൂടാതെ ആന്‍ഡേഴ്‌സണെതിരായ കേസ് നിലനില്‍ക്കുന്നുണ്ടെന്നു പറയുമ്പോഴും വിചാരണയില്‍നിന്ന് ഒഴിഞ്ഞു നില്‍ക്കുന്ന അദ്ദേഹത്തെ എന്നെങ്കിലും വിചാരണയ്‌ക്കു കൊണ്ടുവരുമോ ഇല്ലയോ എന്ന സംഗതിയും അക്കാര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ നയതന്ത്രപരമായും രാഷ്‌ട്രീയമായും എന്തു നടപടികളും സമ്മര്‍ദങ്ങളുമാണ് ഇനി കൈക്കൊള്ളുകയെന്നും വിശദീകരണം ലഭിക്കേണ്ടതുണ്ട്.
നിരപരാധികളായ പൊതുജനങ്ങളെ ബോംബുസ്‌ഫോടനത്തില്‍ കൊലചെയ്യുന്ന നീചന്മാരായ ഭീകര പ്രവര്‍ത്തകരേക്കാള്‍ ഒട്ടും കുറഞ്ഞ ഉത്തരവാദിത്തമല്ല ഭോപ്പാല്‍ ദുരന്തംപോലുള്ള കൂട്ടക്കശാപ്പില്‍ വാറന്‍ ആന്‍ഡേഴ്‌സണുള്ളത്.
ഡിസംബര്‍ മൂന്നിന് ലോകത്തെ നടുക്കിയ ഭോപ്പാല്‍ ദുരന്തമുണ്ടായശേഷം ഡിസംബര്‍ ഏഴിനു ഫാക്‌ടറി സന്ദര്‍ശിക്കാനെത്തിയ വാറന്‍ ആന്‍ഡേഴ്‌ണനെ അറസ്‌റ്റ് ചെയ്യാനുള്ള ധൈര്യം ജില്ലാ ഭരണകൂടം കാണിച്ചു. എന്നാല്‍ അന്നത്തെ മുഖ്യമന്ത്രി കോണ്‍ഗ്രസ് നേതാവായ അര്‍ജുന്‍ സിംഗിനു വന്ന ഒരു ഫോണ്‍കോളിന്റെ അടിസ്‌ഥാനത്തില്‍ അദ്ദേഹം നിര്‍ദേശിച്ചതനുസരിച്ച് അന്നത്തെ ചീഫ് സെക്രട്ടറി വിളിച്ചുവരുത്തിയാണ് ആന്‍ഡേഴ്‌സണെ താന്‍ മോചിപ്പിച്ചതെന്നാണ് അന്നത്തെ കലക്‌ടറായ മോത്തിസിംഗ് വെളിപ്പെടുത്തിയിട്ടുള്ളത്. കൂടാതെ ജാമ്യ നടപടികള്‍ പൂര്‍ത്തിയാക്കി മോചിപ്പിച്ച ആന്‍ഡേഴ്‌സണ് രാജ്യം വിടുന്നതിന് സര്‍ക്കാര്‍ വിമാനം സജ്‌ജമാക്കി നിര്‍ത്തിയിട്ടുള്ളതായും കലക്‌ടറെ അറിയിച്ചിരുന്നു.
ആന്‍ഡേഴ്‌സണെ അമേരിക്കയില്‍നിന്ന് വിചാരണയ്‌ക്ക് കൊണ്ടുവരുന്നതില്‍നിന്ന് പിന്തിരിയുവാന്‍ അന്വേഷകരുടെ മേല്‍ വിദേശമന്ത്രാലയം സമ്മര്‍ദ്ദം ചെലുത്തിയെന്ന് സി.ബി.ഐ. ഉദ്യോഗസ്‌ഥന്‍ വെളിപ്പെടുത്തുന്നു. ആ സംഭവവും കോണ്‍ഗ്രസ് ഭരണത്തിന്‍ കീഴിലാണ്.
അര്‍ജുന്‍സിംഗിനു വന്ന ഫോണ്‍വിളി ആരുടേതാണെന്ന ചോദ്യം പ്രസക്‌തമാണ്. അര്‍ജുന്‍സിംഗ് അമേരിക്കന്‍ സമ്മര്‍ദത്തിനു വഴങ്ങി ആന്‍ഡേഴ്‌സണെ മോചിപ്പിച്ചതായിരിക്കാം എന്ന് അന്നത്തെ സംസ്‌ഥാന മന്ത്രിസഭാംഗമായിരുന്ന കോണ്‍ഗ്രസ് നേതാവ് ദിഗ്‌വിജയ്‌സിംഗ് പറഞ്ഞതിനു പിന്നില്‍ ആ ചോദ്യമാണെന്നു വേണം കരുതാന്‍. അമേരിക്കന്‍ സമ്മര്‍ദത്തിന് വഴങ്ങിയായിരിക്കാം മോചിപ്പിച്ചതെന്ന് ദിഗ്‌വിജയ്‌സിംഗ് ഇരുപത്തിയാറു വര്‍ഷങ്ങള്‍ക്കുശേഷം പറയുമ്പോള്‍ മന്ത്രിസഭാംഗമായിരുന്ന ദിഗ്‌വിജയ്‌സിംഗിന്റെ ഉത്തരവാദിത്തം ഒഴിവാക്കുന്ന യാതൊന്നും ആ നീണ്ടകാലയളവിനുള്ളില്‍ ഒരിക്കലും സംഭവിച്ചിട്ടില്ല.
അമേരിക്കന്‍ സ്വാധീനത്തിന് വഴങ്ങിയായിരിക്കാം അര്‍ജുന്‍സിംഗ് മോചിപ്പിച്ചതെന്ന് പറയുമ്പോള്‍ അതേ അര്‍ജുന്‍സിംഗ് അധ്യക്ഷനായി കേന്ദ്രമന്ത്രിമാരുടെ ഉപസമിതി ഉണ്ടാക്കിയതും ഉപസമിതി മനഃപൂര്‍വം യാതൊന്നും ചെയ്യാത്തതും ദിഗ്‌വിജയ്‌സിംഗിന് അലോസരമുണ്ടാക്കിയില്ല.
സംസ്‌ഥാന മുഖ്യമന്ത്രി മാത്രമല്ല അമേരിക്കന്‍ സ്വാധീനത്തിന് വഴങ്ങിയതെന്ന് മനസിലാക്കുവാന്‍ അധികം ബുദ്ധിമുട്ടേണ്ടതില്ല. വിമാനം ഒരുക്കി നിര്‍ത്തിയതുള്‍പ്പെടെ കേന്ദ്രസര്‍ക്കാര്‍ തലത്തിലാണ് അമേരിക്കന്‍ സമ്മര്‍ദം വന്നതെന്ന് സംശയലേശമന്യേ പറയുവാന്‍ കഴിയും. അപ്രകാരമാണെങ്കില്‍ കേന്ദ്രത്തില്‍നിന്നുള്ള ഫോണ്‍വിളി അത്ര ചെറിയ ഒരാളില്‍നിന്നാവില്ല. സോണിയാഗാന്ധി കുടുംബത്തിന്റെ വിശ്വസ്‌തനായ ദിഗ്‌വിജയ്‌സിംഗ് ഫോണ്‍വിളി നടത്തിയ ഉന്നതനെ, അല്ലെങ്കില്‍ ഫോണ്‍ വിളിക്കാന്‍ നിര്‍ദേശിച്ച ഉന്നതനെ മൂടിവയ്‌ക്കുവാന്‍ കിണഞ്ഞു ശ്രമിക്കുകയാണ്.
ഭോപ്പാല്‍ വാതക ദുരന്തവുമായി ബന്ധപ്പെട്ട സിവിലും ക്രിമിനലും ഉള്‍പ്പെടെയുള്ള കേസുകളെല്ലാം സുപ്രീംകോടതിയും സര്‍ക്കാരും കമ്പനിയും ഏകപക്ഷീയമായി തീരുമാനിച്ച 715 കോടി രൂപയ്‌ക്ക് തീര്‍പ്പാക്കിയിരിക്കുന്നുവെന്ന് സുപ്രീംകോടതി ചീഫ് ജസ്‌റ്റിസ് ആര്‍.എസ്. പാഠക് ഉള്‍പ്പെടുന്ന ബെഞ്ച് വിധി പ്രസ്‌താവിച്ചത് ജുഡീഷ്യറിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ നാണക്കേടും വലിയ ചതിയുമായിരുന്നു. മരണമടഞ്ഞവരുടെ ആശ്രിതരോ ശാരീരികക്ഷതമേറ്റവരോ ആയ ആര്‍ക്കും നഷ്‌ടപരിഹാരത്തിന് അന്യായം ബോധിപ്പിക്കാമെന്നിരിക്കെ അവരെ ആരെയും കക്ഷികളാക്കാതെ സുപ്രീംകോടതി ഏകപക്ഷീയമായി തീര്‍പ്പുണ്ടാക്കിയത് നീതിന്യായ തത്വങ്ങളുടെ തികഞ്ഞ ലംഘനമായിരുന്നു. കൂടാതെ ക്രിമിനല്‍കുറ്റം ചെയ്‌തിട്ടുണ്ടോ എന്ന് പരിശോധിക്കേണ്ട വിചാരണക്കോടതിയുടെ മുന്നിലുള്ള പ്രശ്‌നം യഥാര്‍ഥ ആവലാതിക്കാരാരും അറിയാതെ അര്‍ഹമായതിലും വളരെ കുറഞ്ഞ ഒരു സംഖ്യ ആകെ നഷ്‌ടപരിഹാരമായി നിശ്‌ചയിച്ച് ക്രിമിനല്‍ക്കേസും തീര്‍പ്പാക്കിയതായി വിധിച്ചതും നീതിന്യായ ചരിത്ത്രിന്റെ ലജ്‌ജാകരമായ അധ്യായമാണ്.
എന്നാല്‍ ആരോപണ വിധേയനായ ആര്‍.എസ്. പാഠകിനെ പ്രാഗ് ആസ്‌ഥാനമായുള്ള അന്താരാഷ്‌ട്ര കോടതിയില്‍ ജഡ്‌ജിയായി രാജീവ്‌ഗാന്ധി സര്‍ക്കാര്‍ നാമനിര്‍ദേശം ചെയ്യുകയും ബഹുരാഷ്‌ട്ര ഭീമനായ യൂണിയന്‍ കാര്‍ബൈഡ് ആവശ്യമായ വോട്ടുകള്‍ വാങ്ങിക്കൊടുത്തു വിജയിപ്പിക്കുകയും ചെയ്‌തു.
കാര്‍ബൈഡ് കമ്പനിയോടും ആന്‍ഡേഴ്‌സണോടുമുള്ള കൂറ് അമേരിക്കന്‍ സ്വാധീനത്തിന് വഴങ്ങിയ ഒരു അര്‍ജുന്‍സിംഗില്‍നിന്നല്ല എന്ന് മനസിലാക്കുവാന്‍ ഒട്ടും പ്രയാസമില്ല.
എന്നാല്‍ രാജീവ്‌ഗാന്ധി സര്‍ക്കാര്‍ 1989ലെ തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ട് പുറത്തായി. പുതിയ കോണ്‍ഗ്രസേതര സര്‍ക്കാരിന്റെ കാലത്ത് ആരോപണവിധേയനായ അന്നത്തെ ചീഫ് ജസ്‌റ്റിസിന്റെ കാലാവധി കഴിഞ്ഞ് വീണ്ടും ലോക കോടതി ജഡ്‌ജിയാവാനുള്ള ഊഴത്തിന് ശ്രമിച്ചപ്പോള്‍ അന്നത്തെ കേന്ദ്രസര്‍ക്കാര്‍ അത് നിരസിച്ചു. എന്നാല്‍ യൂണിയന്‍ കാര്‍ബൈഡിന് തീര്‍ത്താല്‍ തീരാത്ത കടപ്പാടുണ്ടെന്ന് തെളിയിക്കുന്ന വിധം അയര്‍ലന്‍ഡിന്റെ പ്രതിനിധിയായി അദ്ദേഹത്തെ മത്സരിപ്പിച്ച് വിജയിപ്പിക്കാന്‍ അവര്‍ക്ക് കഴിഞ്ഞു.
മാറിമാറി ഭരിച്ച കോണ്‍ഗ്രസും ബി.ജെ.പിയും കമ്യൂണിസ്‌റ്റ് പിന്തുണയോടെ ഭരിച്ചവരും ദുരന്തത്തിനിരയായവര്‍ക്കുവേണ്ടി അര്‍ഥവത്തായ യാതൊന്നും ചെയ്യാത്തതില്‍ ഐക്യമുന്നണിയാണ്.
ഇപ്പോഴിതാ വിചാരണക്കോടതിയുടെ വിധി വന്നതോടെ എല്ലാവരും ജാഗരൂകരായി അഭിനയിക്കുന്നു. ആഭ്യന്തരമന്ത്രി ചിദംബരം അധ്യക്ഷനായി മന്ത്രിസഭാ ഉപസമിതി പുനഃസംഘടിപ്പിച്ചു. ബി.ജെ.പിയുടെ സംസ്‌ഥാന സര്‍ക്കാരും നെടുങ്കന്‍ അവകാശവാദങ്ങള്‍ നിരത്തുന്നു.
എന്നാല്‍ ചിദംബരത്തിന് എതിരേ ഏറെ ആരോപണങ്ങള്‍ ഉയര്‍ന്നിട്ടുള്ളതാണ്. ലണ്ടന്‍ ആസ്‌ഥാനമായി പ്രവര്‍ത്തിക്കുന്ന വേദാന്താ കമ്പനിയിലെഓഹരിയിടപാടും ബാല്‍കോ ഓഹരി സ്‌റ്റെറിലൈറ്റിനു വിറ്റതിലെ ഇടപാടും
നോവാര്‍ട്ടീസ് എന്ന ബഹുരാഷ്‌ട്ര കുത്തകയായ മരുന്നു കമ്പനിക്കുവേണ്ടി രായ്‌ക്കുരാമാനം കുത്തകാവകാശ നിയമത്തിലെ (പേറ്റന്റ് നിയമം) ഭേദഗതിയുടെ ഓര്‍ഡിനന്‍സ് ഇറക്കിയതും നെതര്‍ലന്‍ഡ്‌സില്‍നിന്നുള്ള വിദേശ ബാങ്കിന് ലൈസന്‍സ് നല്‍കുന്നതില്‍ വഴിവിട്ടു പ്രവര്‍ത്തിച്ചതുമെല്ലാം ചിദംബരത്തിന്റെ തൊപ്പിയിലെ തൂവലുകളാണ്.
രാഷ്‌ട്രീയ പാര്‍ട്ടികളുടെയും ഭരണത്തിന്റെയും താക്കോല്‍സ്‌ഥാനങ്ങളില്‍ ബഹുരാഷ്‌ട്ര കുത്തകകളുടെ ഏജന്റുമാര്‍ നുഴഞ്ഞുകയറിയിരിക്കുകയാണെന്ന് പകല്‍പോലെ വ്യക്‌തം. പ്ലാച്ചിമടയില്‍ ജലചൂഷണം നടത്തിയ കൊക്കകോളയ്‌ക്കുവേണ്ടി കണ്ണീരൊഴുക്കുന്ന കേരള വ്യവസായ സെക്രട്ടറി മുതല്‍ നയരൂപീകരണക്കാരും മുതല്‍മുടക്കുകാരും തമ്മില്‍ നല്ല ബന്ധമുണ്ടാക്കാനുള്ള ഇടനില ചെയ്യുന്ന ബ്രിഡ്‌ജ് എന്ന സര്‍ക്കാരിതര സംഘടനയ്‌ക്കു നേതൃത്വം നല്‍കുന്ന ആസൂത്രണ കമ്മിഷന്‍ ഉപാധ്യക്ഷന്‍ മൊണ്ടെക്‌സിംഗ് ആലുവാലിയവരെ എന്തിനുവേണ്ടിയാണു നിലകൊള്ളുന്നതെന്നു ചിന്തിക്കണം.
കോണ്‍ഗ്രസ്, ബി.ജെ.പി. ചേരികളും കുറ്റാരോപിതരും കുപ്രസിദ്ധരുമായ സലീം കമ്പനിക്കുവേണ്ടി നന്ദിഗ്രാമില്‍ ജനങ്ങളെ നിര്‍ദയം വെടിവച്ചുകൊല്ലാന്‍പോലും മടിക്കാത്ത സി.പി.എം. പരിവാരങ്ങളും നയങ്ങളില്‍ യാതൊരു വ്യത്യാസവുമില്ലാത്ത മുലായം, ലാലു, മായാവതി കക്ഷികളും ഉള്‍പ്പെടെയുള്ള വ്യവസ്‌ഥാപിത രാഷ്‌ട്രീയകക്ഷികള്‍ ആന്‍ഡേഴ്‌സണ്‍മാരെ വിചാരണയ്‌ക്ക് കൊണ്ടുവരുമെന്ന് വിശ്വസിക്കാനാവില്ല.
പാശ്‌ചാത്യമൂലധനത്തെയും വികസനത്തെയും ഉപാസിക്കുവാന്‍ പഞ്ചപുച്‌ഛമടക്കി നില്‍ക്കുന്ന വ്യവസ്‌ഥാപിത കക്ഷികള്‍ക്കൊന്നിനും 'അധ്യായം' അടഞ്ഞിട്ടില്ല. വിചാരണയ്‌ക്ക് ആന്‍ഡേഴ്‌സണെ വിട്ടുതരണമെന്ന് അമേരിക്കയോട് പറയുവാനുള്ള രാഷ്‌ട്രീയ ഇച്‌ഛാശക്‌തിയില്ല. ആന്‍ഡേഴ്‌സണെയും വരാനിരിക്കുന്ന അഭിനവ ആന്‍ഡേഴ്‌സണ്‍മാരെയും നിയമത്തിനു മുന്നില്‍ കൊണ്ടുവരാന്‍ ജനകീയ രാഷ്‌ട്രീയത്തിന്റെ പുതിയ ഒരു ശക്‌തി ഉണ്ടാകണം.
കടപ്പാടു് മംഗളം 2010 ജൂണ്‍ 16
2010/06/16
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
0 പ്രതികരണം:
അഭിപ്രായം പറയൂ
കുറിപ്പ്: ഈ ബ്ലോഗിലെ ഒരു അംഗത്തിനു മാത്രമേ അഭിപ്രായം പോസ്റ്റ് ചെയ്യാന്‍ കഴിയൂ.