2010/05/30

സോഷ്യലിസ്റ്റ് നേതാവ് ജി.പി.പ്രധാന്‍ അന്തരിച്ചു
പുനെ: മഹാരാഷ്ട്രത്തിലെ മുതിര്‍ന്ന സോഷ്യലിസ്റ്റ് നേതാവും മഹാരാഷ്ട്ര മുന്‍ പ്രതിപക്ഷ നേതാവും എഴുത്തുകാരനുമായിരുന്ന ജി.പി. പ്രധാന്‍(88) മെയ് 29 നു് അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖത്തെത്തുടര്‍ന്നു ദീര്‍ഘകാലമായി ചികിത്സയിലായിരുന്നു. പുണെയിലെ സാനെ ഗുരുജി ആശുപത്രിയിലായിരുന്നു അന്ത്യം.

മഹാരാഷ്ട്രത്തില്‍ സോഷ്യലിസ്റ്റ് പ്രസ്ഥാനം പടുത്തുയര്‍ത്തുന്നതില്‍ പ്രധാന പങ്കുവഹിച്ച ഇദ്ദേഹം ലജിസ്ലേറ്റീവ് കൗണ്‍സിലില്‍ പ്രതിപക്ഷ നേതാവായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ജി.പി. പ്രധാന്‍ എന്ന് അറിയപ്പെടുന്ന ഗണേശ് പ്രഭാകര്‍ പ്രധാന്‍ ( Ganesh Prabhakar Pradhan )1922ഓഗസ്റ്റ് 26നു് ഒരിടത്തരം കുടുംബത്തില്‍ ജനിച്ചു. സ്വാതന്ത്ര്യ സമരസേനാനി കൂടിയായിരുന്ന പ്രധാന്‍ 1942ല്‍ ക്വിറ്റ് ഇന്ത്യ സമരത്തില്‍ പങ്കെടുത്തിട്ടുണ്ട്. 1975 ല്‍ അടിയന്തരാവസ്ഥാ വേളയില്‍ ജയില്‍വാസം അനുഭവിച്ചു.

നിരവധി പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്. സോഷ്യലിസ്‌ററ്‌ ആശയങ്ങളെ ഇന്ത്യന്‍ രൂപത്തില്‍ അവതരിപ്പിച്ച പ്രധാന്‍ നിരവധി പുസ്തകങ്ങള്‍ എഴുതിയിട്ടുണ്ട്‌.


പ്രധാന്റെ മൃതദേഹം അദ്ദേഹത്തിന്റെ മുന്‍ താല്‍പര്യപ്രകാരം വൈദ്യപഠനത്തിനായി വിട്ടുകൊടുത്തു.

പതിനെട്ടാം വയസ്സില്‍ സോഷ്യലിസ്റ്റ് പ്രസ്ഥാനത്തില്‍ ചേര്‍‍ന്ന ഗണേശ് പ്രഭാകര്‍ പ്രധാന്‍ അന്ത്യശ്വാസം വരെയും സോഷ്യലിസ്റ്റായിരുന്നുവെന്നു് അടുത്ത സഖാവും സമാജവാദി ജനപരിഷത്തിന്റെ പ്രധാനനേതാക്കളിലൊരാളുമായ ഭായി വൈദ്യ അനുസ്മരിച്ചു. സമാജവാദി ജനപരിഷത്ത് ദേശീയ പ്രസിഡന്റ് ലിംഗരാജ്, ദേശീയ വൈസ് പ്രസിഡന്റ് സുനില്‍ ഗുപ്ത ദേശീയ സെക്രട്ടറി ജോഷി ജേക്കബ് തുടങ്ങിയവരും ജി പി പ്രധാനന്റെ വിയോഗത്തില്‍ അനുശോചിച്ചു.പ്രധാനന്‍ വര്‍ഷങ്ങളായി സജീവരാഷ്ട്രീയത്തില്‍‍ നിന്നു് വിട്ടു നില്‍‍ക്കുകയായിരുന്നുവെങ്കിലും സമാജവാദി ജനപരിഷത്തിനോടു് അനുഭാവം പുലര്‍‍ത്തിയിരുന്നുവെന്നു് ദേശീയ സെക്രട്ടറി ജോഷി ജേക്കബ് അനുസ്മരിച്ചു.

പ്രധാന്‍റെ വേര്‍പാടില്‍ മഹരാഷ്ട്രയിലെ പ്രമുഖ രാഷ്ട്രീയ- സാംസ്കാരിക പ്രവര്‍ത്തകര്‍ അനുശോചനം രേഖപ്പെടുത്തി. മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ഛഗന്‍ ഭുജ്ബാല്‍, കേന്ദ്രമന്ത്രിമാരായ സുശീല്‍ കുമാര്‍ ഷിന്‍ഡെ, വിലാസ് റാവു ദേശ് മുഖ് തുടങ്ങിയ നേതാക്കള്‍ ജി.പി.പ്രധാന്റെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തി. ലളിതജീവിതവും ഉയര്‍‍ന്ന ചിന്തയുമുണ്ടായിരുന്ന അദ്ദേഹത്തിന്റെ വിയോഗം സമൂഹത്തിനു് തീരാനഷ്ടമാണെന്നു് കേന്ദ്ര മന്ത്രി വിലാസ് റാവു നായിക് പറഞ്ഞു. ജി പി പ്രധാനന്റെ ജീവിതം വരും തലമുറയ്ക്കു് പ്രചോദനമാകുമെന്നു് കേന്ദ്ര മന്ത്രി സുശീല് കുമാര ഷിന്‍‍‍ഡേ പറഞ്ഞു. മഹാരാഷ്ട്രത്തിലെ സാമൂഹിക രാഷ്ട്രീയ മേഖലകളില്‍ നിറഞ്ഞുനിന്നിരുന്ന അതികായരിലൊരാളായിരുന്നു അദ്ദേഹമെന്നു് ഉപമുഖ്യമന്ത്രി ഛഗന് ഭുജ്‍ബല് അനുസ്മരിച്ചു.

ഫോട്ടോ 1 (മുകളില്‍ ) ജി.പി. പ്രധാന്‍ കടപ്പാട് പുണെ മിറര്‍

ഫോട്ടോ 2 (താഴെ) അണ്ണാ ഹസാരെ പുനെയിലെ സാനെ ഗുരുജി ആശുപത്രിയില്‍‍ ജി.പി. പ്രധാന് ആദരാഞ്ജലിയര്‍‍പ്പിക്കുന്നു. കടപ്പാട് ഇന്ത്യന്‍ എക്സ്പ്രസ്സ്

Veteran socialist leader GP Pradhan passes away in Pune


I feel like an orphan now: Hazare

.

0 പ്രതികരണം:

അഭിപ്രായം പറയൂ