2010/05/22

പാലേരിയില്‍ സി ആര്‍ നീലകണ്‌ഠനു നേരെ ഡി.വൈ.എഫ്‌.ഐ ആക്രമണം

കുറ്റിയാടി: പാലേരിയില്‍ സാംസ്‌്‌കാരിക സംഘടനയുടെ പൊതുയോഗം ഡി.വൈ.എഫ്‌.ഐ പ്രവര്‍ത്തകര്‍ കൈയേറി. പരിസ്ഥിതി പ്രവര്‍ത്തകന്‍ സി ആര്‍ നീലകണ്‌ഠനു പരിക്കേറ്റു.
പ്രതിചിന്ത പാലേരി സംഘടിപ്പിച്ച ഒരു പൊതുപരിപാടിക്കു നേരെ പ്രകോപനമില്ലാതെ ഡി.വൈ.എഫ്‌.ഐക്കാര്‍ ആക്രമണം നടത്തുകയായിരുന്നു. മെയ് 20നു് വൈകീട്ട്‌ 6.30 ഓടെയാണ്‌ സംഭവം. കസേരകളെടുത്ത്‌ നീലകണ്‌ഠനെ പ്രഹരിച്ചു. മര്‍ദ്ദനത്തില്‍ അദ്ദേഹത്തിന്റെ കൈ ഒടിയുകയും വയറിനു പരിക്കേല്‍ക്കുകയും ചെയ്‌‌തു. നീലകണ്‌ഠനെ മെഡിക്കല്‍ കോളജ്‌ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തിനു ശേഷം ഡി.വൈ.എഫ്‌.ഐ പ്രവര്‍ത്തകര്‍ ടൗണില്‍ പ്രകടനം നടത്തി. കണ്‌ടാലറിയുന്ന ഏതാനും ഡി.വൈ.എഫ്‌.ഐ പ്രവര്‍ത്തകര്‍ക്കെതിരേ പേരാമ്പ്ര പോലിസ്‌ കേസെടുത്തു.

നീലകണ്‌ഠനെ മര്‍‍ദിച്ചതില്‍ സാഹിത്യ സാംസ്‌കാരിക പ്രവര്‍ത്തകരായ യു കെ കുമാരന്‍, ടി പി രാജീവന്‍, കേരള സര്‍വോദയ മണ്ഡലം പ്രസിഡന്റു് തായാട്ട്‌ ബാലന്‍, സമാജവാദി ജനപരിഷത്ത് സംസ്ഥാന പ്രസിഡന്റ് അഡ്വ. വിനോദ്‌ പയ്യട, പ്രഫ. ടി ശോഭീന്ദ്രന്‍ പ്രതിഷേധിച്ചു.
അഭിപ്രായവ്യത്യാസം പ്രകടിപ്പിക്കുന്നവര്‍ക്കു നേരെ മാന്യത കൈവിടുമെന്ന സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്റെ ആഹ്വാനത്തിന്റെ ആദ്യത്തെ ഇരയാണ്‌ സി ആര്‍ നീലകണ്‌ഠനെന്ന്‌ ജനതാദള്‍ സംസ്ഥാന പ്രസിഡന്റ്‌ എം പി വീരേന്ദ്രകുമാര്‍ പറഞ്ഞു.
അവലംബം തേജസ്

0 പ്രതികരണം:

അഭിപ്രായം പറയൂ

കുറിപ്പ്: ഈ ബ്ലോഗിലെ ഒരു അംഗത്തിനു മാത്രമേ അഭിപ്രായം പോസ്റ്റ് ചെയ്യാന്‍ കഴിയൂ.