2010/05/18

മുഖ്യമന്ത്രിയ്ക്കു് ജനജാഗ്രതാ സമിതിയുടെ തുറന്ന കത്ത്

ബഹുമാനപ്പെട്ട മുഖ്യമന്ത്രീ,


മേയ് ആറിന് വ്യാഴാഴ്ച കിനാലൂരില്‍ നടന്ന പൊലീസ്നായാട്ട് ദൃശ്യമാധ്യമങ്ങളിലൂടെ കണ്ട താങ്കള്‍ സര്‍വേ നിറുത്തിവെക്കാനും പൊലീസിനെ പിന്‍വലിക്കാനും ഉത്തരവിട്ടത് മനുഷ്യത്വപൂര്‍ണമായ നടപടിയായി ഞങ്ങള്‍ മനസ്സിലാക്കുന്നു. എങ്കിലും താങ്കളുടെ ഭരണത്തിനും ഭരണകൂടത്തിനും തീരാകളങ്കം തീര്‍ത്ത കിനാലൂര്‍സംഭവം കൂടുതല്‍ ആപത്കരവും ജനവിരുദ്ധവുമായ അവസ്ഥയിലേക്ക് എത്താതിരിക്കാന്‍ താങ്കള്‍ അടിയന്തരമായി ഇടപെടണമെന്ന് അഭ്യര്‍ഥിക്കുകയാണ്.

കിനാലൂര്‍ കേരളത്തിലെ ഒരു സാധാരണ ഗ്രാമമാണ്. കുന്നും മലയും വയലും നീര്‍ത്തടങ്ങളുമൊക്കെയായി ഗ്രാമഭംഗി നിറഞ്ഞ ഒരു പ്രദേശം. പരിസരപ്രദേശങ്ങളില്‍ വേനല്‍ക്കാലത്ത് ജലം ലഭ്യമാക്കുന്നതിലും മഴക്കാലത്ത് വെള്ളപ്പൊക്കമുണ്ടാവാതെ നിയന്ത്രിക്കുന്നതിലും കിനാലൂരിന്റെ ഭൂപ്രകൃതിയുടെ പങ്ക് ഏറെ വലുതാണ്. പൊതുവെ ശാന്തിയും സമാധാനവും ആഗ്രഹിക്കുന്ന സാധാരണക്കാരാണ് കിനാലൂര്‍പ്രദേശത്ത് ജീവിക്കുന്ന ജനങ്ങള്‍.

ദുഃഖകരമെന്ന് പറയട്ടെ, ഇപ്പോള്‍ കിനാലൂരിലെയും പരിസരപ്രദേശങ്ങളിലെയും ജനജീവിതം താറുമാറാക്കപ്പെട്ടിരിക്കുന്നു. റോഡ്സര്‍വേക്ക് എന്ന പേരില്‍ ജില്ലാഭരണകൂടത്തിന്റെ അകമ്പടിയായെത്തിയ പൊലീസ് എത്ര വേഗത്തിലാണ് കിനാലൂര്‍ഗ്രാമത്തെ പോര്‍ക്കളമാക്കി ക്കളഞ്ഞത്. തികച്ചും ജനാധിപത്യപരമായി സമരം ചെയ്യുകയായിരുന്ന ജനങ്ങളെ അവര്‍ നിഷ്ഠുരമായി മര്‍ദിക്കുന്നത് ടെലിവിഷന്‍ സ്ക്രീനിലൂടെ താങ്കള്‍ കണ്ടതാണല്ലോ. സ്ത്രീകളെയും കുഞ്ഞുങ്ങളെയും പോലും അവര്‍ വെറുതെവിട്ടില്ല. ഉമ്മയോടൊപ്പം സമരത്തിനെത്തിയ ഏഴരവയസ്സുകാരി നാഫിയയും 13 വയസ്സുകാരന്‍ ഷാദാനും 15 വയസ്സുകാരന്‍ ഹംദാനും പൊലീസിന്റെ അടിയേറ്റ് ആശുപത്രിയിലായി. ആക്രോശത്തോടെ വീടുകളിലേക്ക് പാഞ്ഞുകയറിയ കാക്കിപ്പട്ടാളം കണ്ണില്‍ കണ്ടതെല്ലാം തകര്‍ത്തെറിഞ്ഞു. നിറുത്തിയിട്ട വണ്ടികള്‍ അടിച്ചുതകര്‍ത്തു. വൃദ്ധന്‍മാരെപ്പോലും തല്ലിച്ചതച്ചു. ഇപ്പോഴും കിനാലൂരും പരിസരങ്ങളും പൊലീസ്വേട്ടയുടെ നിഴലില്‍ തന്നെയാണ്. സമരം ചെയ്തവര്‍ക്കെതിരെ വധശ്രമത്തിനാണ് കേസെടുത്തിരിക്കുന്നത്. കാക്കിധാരികള്‍ ഏതു നിമിഷവും പ്രതികാരദാഹത്തോടെ ചാടിവീഴാമെന്ന് ജനങ്ങള്‍ ഭയക്കുന്നു. പീഡനം ഭയന്ന് പലരും ഒളിവില്‍ കഴിയുകയാണ്. പലവീടുകളിലും ആളൊഴിഞ്ഞിരിക്കുന്നു. ആളുകളുള്ളിടത്ത് തന്നെ ആണുങ്ങളാരുമില്ല.

സര്‍, ഇതിനുമാത്രം എന്തുതെറ്റാണ് കിനാലൂരിലെ മനുഷ്യര്‍ ചെയ്തത്? കിനാലൂരിലേക്ക് ഏതു വികസനത്തെയും സ്വാഗതം ചെയ്തവരാണ് ഞങ്ങള്‍. വികസനം ഞങ്ങളുടെ മണ്ണിനെയും ഇവിടത്തെ മനുഷ്യരെയും ദ്രോഹിക്കാതെ വേണമെന്നു മാത്രമാണ് ഞങ്ങള്‍ ആവശ്യപ്പെട്ടത്. എന്നിട്ടും താങ്കളുടെ മന്ത്രിസഭയിലെ വ്യവസായമന്ത്രി ആരോപിക്കുന്നു, ഞങ്ങള്‍ വികസന വിരോധികളാണെന്ന്. മാവോയിസ്റ്റുകളും മതതീവ്രവാദികളുമാണെന്ന്. 60 മീറ്റര്‍ വീതിയിലുള്ള മാളിക്കടവ്^കിനാലൂര്‍ (ഇപ്പോള്‍ 30 മീറ്ററാണെന്നു പറയുന്നു) സമര്‍പ്പിത നാലുവരിപ്പാതയാണ് അദ്ദേഹത്തിന്റെ ഏക വികസന അജണ്ട. പാതയിലൂടെ സഞ്ചരിച്ചെത്തിയാല്‍ പിന്നെ എന്താണെന്ന് അദ്ദേഹത്തിനുമറിയില്ല. മലേഷ്യന്‍കമ്പനിയുടെ സാറ്റലൈറ്റ് സിറ്റിയാണെന്ന് ഒരിക്കല്‍ പറഞ്ഞു. അല്ല, മെഡിസിറ്റിയാണെന്ന് മറ്റൊരിക്കല്‍. ചെരിപ്പുകമ്പനിയാണെന്ന് ഒടുവിലത്തെ പ്രഖ്യാപനം. പദ്ധതിയൊന്നും നിലവിലില്ലെന്ന് കെ.എസ്.ഐ.സിയുടെ വിശദീകരണം. ഉണ്ടെന്നുപോലും ഉറപ്പില്ലാത്ത നിഗൂഢപദ്ധതിയുടെ പേരില്‍ നൂറുകണക്കിനു കുടുംബങ്ങള്‍ ജന്മഭൂമിയില്‍നിന്ന് കുടിയൊഴിഞ്ഞോടണോ? ഒട്ടനേകം കുന്നുകള്‍ ഇടിച്ചുനിരത്തി അനാവശ്യമായൊരു പാത പണിയേണ്ടതുണ്ടോ? ഞങ്ങള്‍ക്കും മക്കള്‍ക്കും അന്നം നല്‍കുന്ന വയലും കൃഷിയും മണ്ണിട്ടുമൂടുന്നത് ഞങ്ങള്‍ നോക്കിനില്‍ക്കണോ? ഏക്കര്‍കണക്കിന് തണ്ണീര്‍ത്തടങ്ങള്‍ നികത്തിക്കളഞ്ഞ് അവസാനമില്ലാത്ത വെള്ളപ്പൊക്കദുരന്തം ഏറ്റുവാങ്ങണോ?

ഈ ചോദ്യങ്ങളാണ് കിനാലൂരിലെയും നിര്‍ദിഷ്ട പാതയോരത്തെ മോരിക്കര, നന്മണ്ട, കാക്കൂര്‍ എന്നിവിടങ്ങളിലെയും നിവാസികളെ സമരത്തിലേക്ക് എടുത്തെറിഞ്ഞത്. ഞങ്ങളുടെ ഈ ചോദ്യങ്ങളെ നേരിടുന്നതിനുപകരം ചോരയില്‍ മുക്കിക്കൊല്ലാനുള്ള വ്യവസായമന്ത്രിയുടെ ശ്രമത്തെ താങ്കള്‍ക്ക് അനുകൂലിക്കാനാവുമോ? കിനാലൂരിലെത്താന്‍ വിനാശകരമല്ലാത്ത രണ്ടു പാതകള്‍ ചൂണ്ടിക്കാണിച്ചിട്ടും മന്ത്രി ധാര്‍ഷ്ട്യത്തോടെ പുറംതിരിയുന്നതെന്തുകൊണ്ടാണ്? കിനാലൂരിലെ വികസനത്തിന്റെ മറവില്‍ റിയല്‍ എസ്റ്റേറ്റ് രംഗത്ത് രൂപംകൊണ്ടിരിക്കുന്ന മന്ത്രി^മാഫിയ ബന്ധത്തെക്കുറിച്ച ആരോപണങ്ങള്‍ താങ്കള്‍ ഗൌരവത്തിലെടുക്കുമെന്നാണ് ഞങ്ങളുടെ പ്രതീക്ഷ. തല തല്ലിപ്പൊളിച്ചുണ്ടാക്കുന്ന വികസനം നാടിന് വേണ്ടിയാവുമെന്ന് കരുതാന്‍ ഒരു ന്യായവുമില്ല. നിഗൂഢതാല്‍പര്യങ്ങള്‍ക്കുവേണ്ടിയുള്ള ഒരു നിഗൂഢ പാതയായി മാത്രമേ ജനങ്ങള്‍ക്ക് ഇതിനെ കാണാനാവൂ. അതുകൊണ്ടുതന്നെ ഈ ജനവിരുദ്ധപാത എന്നന്നേക്കുമായി റദ്ദുചെയ്യാന്‍ മുഖ്യമന്ത്രിയെന്ന നിലയില്‍ താങ്കള്‍ തയാറാകണം.


ജനകീയപ്രതിരോധത്തെ നിര്‍വീര്യമാക്കാന്‍ വ്യവസായമന്ത്രി നടത്തുന്ന നീചമായ ശ്രമങ്ങള്‍ മന്ത്രിസഭക്കുതന്നെ അപമാനമാണെന്നു പറയാതെ വയ്യ. പൊലീസ്മര്‍ദനത്തില്‍ പരിക്കേറ്റയാളെ നാട്ടുകാര്‍ മര്‍ദിച്ചെന്നാരോപിച്ച് പ്രദര്‍ശിപ്പിക്കുക, ജാതി^മത^കക്ഷി ഭേദമന്യേ സര്‍വരും ഒറ്റക്കെട്ടായി നടത്തുന്ന സമരത്തെ മതതീവ്രവാദികളുടെ ഗൂഢാലോചനയാണെന്ന് പ്രചരിപ്പിക്കുക, സമരത്തെ പിന്തുണക്കുന്ന സോളിഡാരിറ്റിയെപ്പോലുള്ള സംഘടനകളെ തീവ്രവാദ മുദ്രകുത്തി വേട്ടയാടുക, വധശ്രമമാരോപിച്ച് പീഡിപ്പിക്കുക തുടങ്ങിയ വഴികളാണ് അദ്ദേഹം സ്വീകരിച്ചിരിക്കുന്നത്. ഇത്തരം ജനവിരുദ്ധപ്രവണതകള്‍ താങ്കള്‍ ഇടപെട്ട് അവസാനിപ്പിച്ചിട്ടില്ലെങ്കില്‍ ആ ബാധ്യതയും ജനങ്ങള്‍ ഏറ്റെടുക്കേണ്ടിവരും. കൈയേറ്റത്തിനിരയായ മനുഷ്യരുടെ സ്വാഭാവികപ്രതികരണങ്ങളെ ഭീകരാക്രമണമായി ചിത്രീകരിക്കുന്നത് എന്തുമാത്രം ക്രൂരമല്ല?


150 ആളുകളുടെ പേരിലെടുത്തിരിക്കുന്ന വധശ്രമക്കേസുകള്‍ അടിയന്തരമായി റദ്ദ് ചെയ്തേ മതിയാവൂ. മാധ്യമങ്ങളുടെ നിതാന്തജാഗ്രതയും രാഷ്ട്രീയ സാംസ്കാരിക കേരളത്തിന്റെ സമ്പൂര്‍ണപിന്തുണയുമാണ് മറ്റൊരു പൊലീസ് വേട്ടയെ തടഞ്ഞുനിറുത്തുന്നത്. ജനങ്ങളുടെ ആശങ്കയകറ്റി മുന്നോട്ടുപോകുമെന്നാണ് ഇപ്പോള്‍ മന്ത്രി പറയുന്നത്. ജനങ്ങള്‍ക്കുള്ളത് ആശങ്കകളല്ല, നിര്‍ദിഷ്ടപാത സൃഷ്ടിക്കാന്‍ പോകുന്ന വിനാശങ്ങളെക്കുറിച്ച ഉറച്ച ബോധ്യങ്ങളാണ്. അതുകൊണ്ടുതന്നെ ഈ സമരം ഉപേക്ഷിക്കാന്‍ അവര്‍ക്ക് സാധ്യമല്ല.


ഇത് ജീവിതത്തിനും ഭൂമിക്കും വേണ്ടിയുള്ള പോരാട്ടമാണ്. ഏത് ജനകീയപോരാട്ടവും പോലെ ഇതും വിജയിച്ചേ മതിയാവൂ. ആ വിജയത്തില്‍ താങ്കള്‍ താങ്കളുടെ പങ്ക് നിര്‍വഹിക്കുമെന്ന പ്രതീക്ഷ ഞങ്ങള്‍ക്കുണ്ട്. ആയതിനാല്‍, താഴെ പറയുന്ന കാര്യങ്ങള്‍ അടിയന്തരമായി ചെയ്യണമെന്ന് അഭ്യര്‍ഥിക്കുകയാണ്.


1. മാളിക്കടവ്-കിനാലൂര്‍ ജനവിരുദ്ധ പാത എന്നന്നേക്കുമായി ഉപേക്ഷിക്കുക.
2. ഞങ്ങള്‍ മുന്നോട്ടുവെച്ച ബദല്‍ നിര്‍ദേശങ്ങള്‍ പരിഗണിക്കുക.
3. കിനാലൂരിലെ പൊലീസ് മര്‍ദനത്തെക്കുറിച്ച് അന്വേഷിച്ച് കുറ്റക്കാരെ ശിക്ഷിക്കുക.
4. ജനങ്ങളെ പീഡിപ്പിക്കാന്‍ നേതൃത്വം കൊടുത്ത ജില്ലാകലക്ടര്‍ക്കും മന്ത്രിക്കുമെതിരെ നടപടി സ്വീകരിക്കുക.
5. ജനങ്ങളുടെ പേരിലെടുത്ത കള്ളക്കേസുകള്‍ പിന്‍വലിക്കുക.


കെ. റഹ്മത്തുല്ല

പ്രസിഡന്റ്, ജനജാഗ്രതാ സമിതി

കടപ്പാടു് മാധ്യമം മെയ് 12 2010

0 പ്രതികരണം:

അഭിപ്രായം പറയൂ

കുറിപ്പ്: ഈ ബ്ലോഗിലെ ഒരു അംഗത്തിനു മാത്രമേ അഭിപ്രായം പോസ്റ്റ് ചെയ്യാന്‍ കഴിയൂ.