2010/05/13

കിനാലൂര്‍ പാതയുടെ കാര്യത്തില്‍ പുനര്‍വിചിന്തനം ആവശ്യമാണ്

.
കിനാലൂര്‍: നടപടികളില്‍ സുതാര്യത വേണം: എ.ഐ.വൈ.എഫ്‌.

തൃശൂര്‍: കോഴിക്കോട്‌ കിനാലൂരിലെ വ്യവസായ പാര്‍ക്കുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ സുതാര്യത വേണമെന്ന്‌ തൃശൂരില്‍ നടക്കുന്ന എ.ഐ.വൈ.എഫ്‌. സംസ്‌ഥാന പ്രതിനിധി സമ്മേളനം ആവശ്യപ്പെട്ടു. വ്യവസായ പാര്‍ക്കിലേക്ക്‌ 100 മീറ്റര്‍ വീതിയില്‍ നാലുവരിപ്പാത നിര്‍മിക്കാനുള്ള സര്‍വേ ആരംഭിച്ചെങ്കിലും എന്തു പദ്ധതിയാണു വരുന്നതെന്നു വ്യക്‌തമാക്കിയിട്ടില്ല. കേരളത്തിലെ പ്രത്യേക സാഹചര്യം കാരണം നാഷണല്‍ ഹൈവേ വികസനംപോലും 30 മീറ്റര്‍ വീതിയില്‍ മാത്രമേ പാടുള്ളു എന്ന്‌ അംഗീകരിക്കപ്പെട്ടിരിക്കുന്ന സാഹചര്യത്തില്‍ കിനാലൂര്‍ പാതയുടെ കാര്യത്തില്‍ പുനര്‍വിചിന്തനം ആവശ്യമാണ്‌.

പോലീസ്‌ ലാത്തിച്ചാര്‍ജ്‌ജും അപലപനീയമാണ്‌. സ്‌ത്രീകളും കുട്ടികളും ഉള്‍പ്പെടെ സമരത്തില്‍ പങ്കെടുത്ത നൂറ്റമ്പതോളം ആളുകളുടെ പേരില്‍ വധശ്രമത്തിന്‌ കേസ്‌ എടുത്ത നടപടി പിന്‍വലിക്കണമെന്നും സംസ്‌ഥാന സമ്മേളനം ആവശ്യപ്പെട്ടു.

കിനാലൂര്‍: അനാവശ്യ പദ്ധതി ഉപേക്ഷിക്കണം - എസ് ‌യു സി ഐ (കമ്യൂണിസ്‌റ്റ്‌)

ബാലുശേരി: കിനാലൂരിലെ അനാവശ്യ പാത നിര്‍മാണത്തിനെതിരെ സമരം ചെയ്‌തവര്‍ക്കെതിരെ പൊലീസ്‌ എടുത്ത കള്ളക്കേസുകള്‍ പിന്‍വലിക്കണമെന്ന്‌ എസ് ‌യു സി ഐ (കമ്യൂണിസ്‌റ്റ്‌) ആവശ്യപ്പെട്ടു. ജനവിരുദ്ധപദ്ധതി ഉപേക്ഷിക്കുന്നതിനു പകരം പൊലീസ്‌ അതിക്രമത്തെ ന്യായീകരിക്കുകയും മാധ്യമങ്ങള്‍ക്കെതിരെ പ്രചാരണം നടത്തുകയും ചെയ്യുന്ന ഫാസിസ്‌റ്റ്‌ സമീപനം മന്ത്രി എളമരം കരീമും സിപിഎമ്മും ഉപേക്ഷിക്കണമെന്ന്‌ യോഗം ആവശ്യപ്പെട്ടു. പി.എം.ശ്രീകുമാര്‍ ആധ്യക്ഷ്യം വഹിച്ചു. പി.കെ.മധു, എം.പി.അനില്‍കുമാര്‍, സി.പ്രവീണ്‍കുമാര്‍, എം.മണിദാസ്‌ എന്നിവര്‍ പ്രസംഗിച്ചു.



മനുഷ്യാവകാശ കമ്മിഷന്‍ അംഗം കിനാലൂര്‍ സന്ദര്‍ശിച്ചു
കോഴിക്കോട്‌: കിനാലൂരില്‍ സംഘര്‍ഷം നടന്ന സ്‌ഥലം സംസ്‌ഥാന മനുഷ്യാവകാശ കമ്മിഷന്‍ അംഗം അഡ്വ: കെ. ഇ. ഗംഗാധരന്‍ സന്ദര്‍ശിച്ചു. രണ്ടു വിഭാഗങ്ങളുമായും സംസാരിച്ച കമ്മിഷന്‍ പൊലീസ്‌ അന്വേഷണം നടക്കുന്നതിനാല്‍ കൂടുതല്‍ ഒന്നും പറയുന്നില്ലെന്നു പ്രതികരിച്ചു. അന്വേഷണ സമയത്ത്‌ പൊലീസിന്റെ ഭാഗത്തുനിന്ന്‌ അതിക്രമം ഉണ്ടായാല്‍ ഇടപെടും. ഇപ്പോള്‍ നടക്കുന്ന അന്വേഷണത്തെ മരവിപ്പിക്കുന്ന നടപടിയൊന്നും ഉണ്ടാകില്ലെന്നും കമ്മിഷന്‍ അംഗം പറഞ്ഞു.

ഉച്ചയോടെ കിനാലൂരില്‍ എത്തിയ കമ്മിഷന്‍ അംഗം അര മണിക്കൂര്‍ സ്‌ഥലത്തു ചെലവഴിച്ചു. കടകളുടെ വെളിയില്‍ വച്ചിരുന്ന സാധനങ്ങള്‍ പൊലീസ്‌ എടുത്തു കൊണ്ടു പോയെന്നും വാഹനങ്ങള്‍ തല്ലിത്തകര്‍ത്തെന്നും ജനങ്ങള്‍ കമ്മിഷനോടു

പരാതിപ്പെട്ടു. ലാത്തിച്ചാര്‍ജിലും പൊലീസ്‌ അതിക്രമത്തിലും പരുക്കേറ്റവരെയോ നാശമുണ്ടായ വീടുകളോ കമ്മിഷന്‍ അംഗം സന്ദര്‍ശിച്ചില്ല.


കിനാലൂരില്‍ മനുഷ്യാവകാശ ലംഘനം നടന്നില്ലെന്ന് മനുഷ്യാവകാശ കമ്മിഷന്‍ അംഗം

കോഴിക്കോട്‌: കിനാലൂരില്‍ മനുഷ്യാവകാശ ലംഘനം നടന്നതായി കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്ന്‌ മനുഷ്യാവകാശ അംഗം കെ.ഇ ഗംഗാധരന്‍.

ആരുടെയും പരാതി അനുസരിച്ചല്ല കിനാലൂരില്‍ സന്ദര്‍ശനം നടത്തിയതെന്ന്‌ അദ്ദേഹം പത്ര ലേഖകരോടു പറഞ്ഞു. മാധ്യമ വാര്‍ത്ത അടിസ്‌ഥാനമാക്കിയാണ്‌ സന്ദര്‍ശനം നടത്തിയത്‌. സന്ദര്‍ശനത്തില്‍ അവിടെ വലിയ ഭീകരതയൊന്നും കണ്ടില്ല. കമ്മീഷനോട്‌ പരാതി പറയാന്‍ പോലും ആരു വന്നില്ല. പല വീടുകളും സന്ദര്‍ശിച്ചു. നിരവധി പേരോട്‌ കാര്യങ്ങള്‍ തിരക്കി, പക്ഷെ മനുഷ്യാവകാശ ലംഘനം നടന്നതായി ആരും പറഞ്ഞില്ല.

കമ്മിഷന്‍ അംഗം രാഷ്‌ട്രീയ പ്രേരിതമായാണു പെരുമാറിയതെന്നും ഇത്‌ അംഗീകരിക്കാനാകില്ലെന്നും ജനകീയ ഐക്യവേദി ജനറല്‍ കണ്‍വീനര്‍ നിജേഷ്‌ അരവിന്ദും ജനജാഗ്രതാ സമിതി ജില്ലാ പ്രസിഡന്റ്‌ കെ. റഹ്‌മത്തുല്ലയും പറഞ്ഞു.

വനിതാ കമ്മിഷന്‍ അധ്യക്ഷയെ പുറത്താക്കണം: മഹിളാ മോര്‍ച്ച

കോഴിക്കോട്‌: കിനാലൂര്‍ സംഭവത്തില്‍ പരുക്കേറ്റ സ്‌ത്രീകളെ വാക്കുകള്‍ കൊണ്ട്‌ അപമാനിക്കുകയും ആക്രമിക്കുകയും ചെയ്‌ത വനിതാ കമ്മിഷന്‍ അധ്യക്ഷയെ പുറത്താക്കണമെന്നു മഹിളാ മോര്‍ച്ച സംസ്‌ഥാന പ്രസിഡന്റ്‌ ശോഭാ സുരേന്ദ്രന്‍ പറഞ്ഞു. സംഭവത്തെപ്പറ്റി ജുഡീഷ്യന്‍ അന്വേഷണം വേണമെന്നും തീവ്രവാദബന്ധം ആരോപിച്ച മന്ത്രി എളമരംകരീം അതു പുറത്തുകൊണ്ടുവരാന്‍ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു.

സംസ്‌ഥാന വനിതാ കമ്മിഷന്റെ വിശ്വാസ്യത നഷ്‌ടപ്പെട്ട സാഹചര്യത്തില്‍ ദേശീയ വനിതാ കമ്മിഷന്‍ സ്വമേധയാ കേസെടുക്കണമെന്നും പ്രഥമദൃഷ്‌ട്യാ മനുഷ്യാവകാശ ലംഘനം നടന്നിട്ടില്ലെന്നു കണ്ടെത്തിയ സംസ്‌ഥാന മനുഷ്യാവകാശ കമ്മിഷനെ നേത്രരോഗ ചികിത്സയ്‌ക്കു വിധേയമാക്കണമെന്നും

ആവശ്യപ്പെട്ടു. പൊലീസ്‌ ആക്രമണത്തില്‍ പരുക്കേറ്റ സ്‌ത്രീകളെ ആശ്വസിപ്പിക്കുന്നതിനു പകരം അവരെ അപമാനിച്ചതിലൂടെ വനിതാ കമ്മിഷനിലുള്ള വിശ്വാസം നഷ്‌ടപ്പെട്ടു.

സിപിഎമ്മിന്റെ പോഷക സംഘടന എന്ന നിലയില്‍ തരംതാഴുകയായിരുന്നു വനിതാ കമ്മിഷന്‍. സിപിഎം അനുഭാവികള്‍ ഉള്‍പ്പെടെ വിവിധ മതരാഷ്‌ട്രീയ സംഘടനയില്‍പ്പെട്ട സ്‌ത്രീകളാണു സമരരംഗത്തുണ്ടായിരുന്നത്‌. ഇവരില്‍ ആശയക്കുഴപ്പം സൃഷ്‌ടിക്കാനാണു തീവ്രവാദ ബന്ധം ആരോപിക്കുന്നത്‌. സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തുന്നവരെ കേസില്‍ കുടുക്കുമെന്ന ഭയം കാരണം പരുക്കേറ്റ പലരും ആശുപത്രിയില്‍ പോകാതിരിക്കുകയോ സ്വകാര്യ ആശുപത്രികളെ ആശ്രയിക്കുകയോ ആണു ചെയ്‌തതെന്നും ശോഭാ സുരേന്ദ്രന്‍ പറഞ്ഞു.

വനിതാ അധ്യക്ഷയുടെ നിലപാട്‌ സ്‌ത്രീസമൂഹത്തിന്‌ അപമാനമെന്ന്‌ വനിതാ ലീഗ്‌


ബാലുശേരി: നിര്‍ദിഷ്‌ട മാളിക്കടവ്‌- കിനാലൂര്‍ നാലുവരിപ്പാതയുടെ സര്‍വേ തടഞ്ഞ സ്‌ത്രീകളെയും കുട്ടികളെയും തല്ലിച്ചതച്ച പൊലീസ്‌ നടപടിയെ ന്യായീകരിച്ച വനിതാ കമ്മിഷന്‍ അധ്യക്ഷയുടെ നിലപാട്‌ സ്‌ത്രീസമൂഹത്തിന്‌ അപമാനവും പദവിക്ക്‌ നിരക്കാത്തതുമാണെന്ന്‌ വനിതാ ലീഗ്‌ സംസ്‌ഥാന പ്രസിഡന്റ്‌ ഖമറുന്നിസ അന്‍വറും ജനറല്‍ സെക്രട്ടറി അഡ്വ.നൂര്‍ബിന റഷീദും പറഞ്ഞു.


2010 മെയ് 12
.

0 പ്രതികരണം:

അഭിപ്രായം പറയൂ

കുറിപ്പ്: ഈ ബ്ലോഗിലെ ഒരു അംഗത്തിനു മാത്രമേ അഭിപ്രായം പോസ്റ്റ് ചെയ്യാന്‍ കഴിയൂ.