കിനാലൂരിലേക്കു നാലുവരിപ്പാത നിര്‍മിക്കുന്നതിനെതിരായി സമരം നടത്തുന്നവര്‍ വികസനവിരോധികളാണെന്നാണു് സി.പി.എമ്മിന്റെയും ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെയും ഉറച്ച നിലപാട്. സമരരംഗത്തുള്ള ഗ്രാമവാസികളെ നയിക്കുന്ന സോഷ്യലിസ്റ്റുകളടക്കമുള്ളവരെ `വ്യാജ ഇടതുപക്ഷമെന്നും അറുപിന്തിരിപ്പന്മാരെന്നും മതതീവ്രവാദികളെന്നും' മുദ്രകുത്തുകയും ചെയ്യുന്നു. കിനാലൂര്‍ മോഡല്‍ സമരങ്ങള്‍ കേരളത്തിന്റെ വികസനത്തെ പിറകോട്ടടിപ്പിക്കുകയേയുള്ളൂ എന്നാണ് ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ പൊതു കാഴ്‌ചപ്പാട്. മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്റെ ഭാഗത്തു മാത്രമേ അല്‍പ്പം മയമുള്ളൂ.
വികസനത്തിന്റെ കാര്യത്തില്‍ സി.പി.എമ്മും സി.പി.ഐയുമെല്ലാം കേരളത്തില്‍ സാമാന്യേന കൈക്കൊണ്‌ടുപോരുന്ന സമീപനത്തിന്റെ പ്രത്യക്ഷോദാഹരണമാണ് കിനാലൂര്‍. തങ്ങള്‍ ഭരണം കൈകാര്യം ചെയ്യുന്ന പ്രദേശങ്ങളില്‍ എന്തു് വിലകൊടുത്തും വിനാശകരമായതായാലും വികസനം നടപ്പില്‍വരുത്തിയേ തീരൂ അവര്‍ക്ക്. ഗ്രാമവാസികളെ കുടിയൊഴിപ്പിച്ചായാലും അവരുടെ കൃഷിഭൂമി പിടിച്ചെടുത്തുകൊണ്‌ടായാലുമൊക്കെ, ലക്ഷ്യം ഒന്നുതന്നെ- വികസനം.
അതേസമയം, ഒറീസയില്‍ സി.പി.എമ്മിന്റെയും സി.പി.ഐയുടെയും കാഴ്‌ചപ്പാട് വ്യത്യസ്‌തമാണു്. അത്തരം സന്ദര്‍ഭങ്ങളില്‍ ജനതാല്‍പ്പര്യത്തോടൊപ്പം മുന്‍നിര്‍ത്തി വിനാശകരമായ വ്യവസായങ്ങള്‍ വരുന്നതിനെതിരായി സി.പി.എം-സി.പി.ഐ കക്ഷികള്‍ നിലപാടെടുക്കുന്നു. നവീന്‍ പട്‌നായിക് ഭരിക്കുന്ന ഒറീസയില്‍ പോസ്‌കോ ഇന്ത്യ സ്ഥാപിക്കാനുദ്ദേശിക്കുന്ന സ്റ്റീല്‍ പ്ലാന്റിനെതിരായുള്ള സമരത്തില്‍ സോഷ്യലിസ്റ്റുകളോടൊപ്പം സി.പി.ഐയും സി.പി.എമ്മും സജീവമാണ്. കിനാലൂരിലെ ജനകീയപ്രക്ഷോഭകര്‍ പറയുന്നതെന്താണോ, അതൊക്കെയാണു സി.പി.എമ്മും സി.പി.ഐയും ഫോര്‍വേഡ് ബ്ലോക്കും സമാജ്‌വാദി പാര്‍ട്ടിയും രാഷ്ട്രീയ ജനതാദളും ജെ.എം.എമ്മുമടങ്ങുന്ന കക്ഷികളും പറയുന്നത്. മെയ് 15ന് സമരക്കാരെ പിരിച്ചുവിടാന്‍ സായുധപോലിസ് ലാത്തിച്ചാര്‍ജും വെടിവയ്‌പും നടത്തുകയുണ്ടായി. കൊറിയന്‍ കമ്പനിക്ക് ഉരുക്കുപ്ലാന്റുണ്ടാക്കാന്‍ ജനങ്ങളുടെ ഭൂമി കവര്‍ന്നെടുക്കുന്ന നവീന്‍ പട്‌നായിക്കിന്റെ വ്യവസായനയത്തിനെതിരായാണ് ഈ പ്രക്ഷോഭം. ചുരുക്കത്തില്‍, കിനാലൂരില്‍ നടക്കുന്നതെന്തോ, അതുതന്നെ.
ഒറീസയില്‍ നടക്കുന്ന ഈ പ്രക്ഷോഭത്തെപ്പറ്റി നമ്മുടെ വ്യവസായമന്ത്രി എളമരം കരീമും ധനമന്ത്രി തോമസ് ഐസക്കും എന്തു പറയും? കിനാലൂരില്‍ സമരത്തിനു നേതൃത്വം നല്‍കുന്നത് തീവ്രവാദികളാണെന്ന വാദം ശരിയാണെങ്കില്‍ ഒറീസയിലെ സമരത്തിനു പ്രചോദനമായി വര്‍ത്തിക്കുന്ന സി.പി.ഐ ജനറല്‍ സെക്രട്ടറി എ ബി ബര്‍ദനെയും അക്കൂട്ടത്തില്‍ ഉള്‍പ്പെടുത്തേണ്ടേ? മൂന്നു ഗ്രാമപ്പഞ്ചായത്തുകളിലെ ജനങ്ങളാണ് ബലിതൂത്തയില്‍ പോലിസിനെ തടഞ്ഞത്. അവരോട് സംഭാഷണം നടത്തി പ്രശ്‌നം പരിഹരിക്കണമെന്നാണ് സി.പി.എമ്മിന്റെയും സി.പി.ഐയുടെയും കാഴ്‌ചപ്പാട്. അവിടത്തെയും ഇവിടത്തെയും സി.പി.എം-സി.പി.ഐ കക്ഷികള്‍ വേറെവേറെയാണെന്നാണോ നാം കരുതേണ്‌ടത്?
കമ്യൂണിസ്റ്റുകളില്‍ നിന്നു് വ്യത്യസ്ഥമായി സോഷ്യലിസ്റ്റുകള്‍ ഒറീസയിലും കേരളത്തിലും ഒരേനിലപാടാണെടുക്കുന്നതു്. കിനാലൂരിലേക്കു നാലുവരിപ്പാത നിര്‍മിക്കുന്നതിനെതിരായ സമരത്തിലും പോസ്‌കോ ഇന്ത്യ സ്ഥാപിക്കാനുദ്ദേശിക്കുന്ന സ്റ്റീല്‍ പ്ലാന്റിനെതിരായുള്ള സമരത്തിലും സമാജവാദി ജനപരിഷത്ത് സജീവമായി പങ്കെടുക്കുന്നു. ഒറീസയിലായാലും കേരളത്തിലായാലും പോലിസ് ജനകീയ പ്രക്ഷോഭകര്‍ക്കെതിരായി മര്‍ദ്ദനങ്ങള്‍ അഴിച്ചുവിടുന്നതില്‍ സോഷ്യലിസ്റ്റുകള്‍ പ്രതിഷേധിക്കുകയും ചെയ്യുന്നു.
- ഒരു ലേഖകന്‍
.
2010/05/22
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
0 പ്രതികരണം:
അഭിപ്രായം പറയൂ
കുറിപ്പ്: ഈ ബ്ലോഗിലെ ഒരു അംഗത്തിനു മാത്രമേ അഭിപ്രായം പോസ്റ്റ് ചെയ്യാന്‍ കഴിയൂ.