2016/04/28

പി.ബി.ആർ.പിള്ള അന്തരിച്ചു

പി.ബി.ആർ.പിള്ള
ചിത്രത്തിനു് കടപ്പാടു് കേരള നിയമസഭയോടു്
കോട്ടയം -- ഏറ്റുമാനൂർ നിയോജകമണ്ഡലത്തെ രണ്ടുതവണ നിയമസഭയിൽ പ്രതിനിധീകരിച്ച മുൻ സോഷ്യലിസ്റ്റ് എം.എൽ.എ പി.ബി.ആർ.പിള്ള (പി.ബി.രാമൻപിള്ള) ഏപ്രിൽ 25ആം തീയതി തിങ്കളാഴ്ച (കൊല്ലവര്‍ഷം 1191 മേടം12) അന്തരിച്ചു. 85 വയസായിരുന്നു. ഏറെനാളായി വിശ്രമജീവിതം നയിച്ചുവരികയായിരുന്ന അദ്ദേഹം ഏപ്രിൽ 10-നു് ചികിത്സയ്ക്കായി തിരുവനന്തപുരത്ത് എത്തിയപ്പോൾ ബസ്സ് ഇടിച്ചു് പരിക്കേറ്റതിനെ തുടർന്ന് ചികിത്സയിലായിരുന്നു. കോട്ടയത്തിനടുത്ത് കുമ്മനത്ത് സഹോദരി സരസ്വതിയമ്മയുടെ വസതിയിലായിരുന്നു അന്ത്യം. സംസ്കാരം പിറ്റേന്നു് ഏപ്രിൽ 25ആം തീയതി ചൊവ്വാഴ്ച വൈകീട്ട് നാലുമണിയ്ക്കു് ഔദ്യോഗിക ബഹുമതികളോടെ കോട്ടയത്തെ അയ്മനം മര്യാത്തുരുത്തിലെ പുതുവായിൽ വീട്ടുവളപ്പിൽ നടന്നു.

കോട്ടയത്തെ അയ്മനത്തിനടുത്തുള്ള മര്യാത്തുരുത്തിലെ പുതുവാ കുടുംബാംഗമായ പി.ബി.ആർ.പിള്ള കൊല്ലവര്‍ഷം 1106 മേടം 19നു് പി.എസ്.കൃഷ്ണപിള്ളയുടെ മകനായി ജനിച്ചു. അവിവാഹിതനായിരുന്നു. സഹോദരങ്ങൾ പരേതനായ പി കെ കൃഷ്ണപിള്ള, സരസ്വതിയമ്മ എന്നിവരാണു്.

രാഷ്ട്രീയ രംഗത്ത്

സി.എം.എസ്. കോളജ് ഹൈസ്കൂളിൽ ഒൻപതാം ക്ലാസിൽ പഠിക്കുമ്പോൾ സോഷ്യലിസ്റ്റ് ആശയങ്ങളിൽ ആകൃഷ്ടനായി. പിന്നീടു് വിദ്യാർഥി കോൺഗ്രസിലൂടെ (Students Congress) വിദ്യാർഥിരാഷ്ട്രീയ രംഗത്തെത്തി. 1951ൽ സോഷ്യലിസ്റ്റ് പ്രസ്ഥാനത്തിൽ ചേർന്ന അദ്ദേഹം അതിന്റെ വിവിധകാലത്തെ മുഖങ്ങളായ ഇന്ത്യൻ സോഷ്യലിസ്റ്റ് പാർട്ടി (ഐ.എസ്.പി.), പ്രജാ സോഷ്യലിസ്റ്റ് പാർട്ടി (പി.എസ്.പി.), സോഷ്യലിസ്റ്റ് പാർട്ടി (1955), സംയുക്ത സോഷ്യലിസ്റ്റ് പാർട്ടി (എസ്.എസ്.പി.), സോഷ്യലിസ്റ്റ് പാർട്ടി, ജനതാ പാർട്ടി, ജനതാദൾ എന്നീ പാർട്ടികളിൽ പ്രവർത്തിച്ചിട്ടുണ്ട്.

നാലാം കേരള നിയമ സഭയിലും (1970 - 1977) അഞ്ചാം കേരള നിയമ സഭയിലും (1977 - 1979) ഏറ്റുമാനൂർ നിയോജകമണ്ഡലത്തെ പ്രതിനിധാനം ചെയ്തു. 1970-ൽ സോഷ്യലിസ്റ്റ് പാർട്ടി (SOP) സ്ഥാനാർഥിയായി മത്സരിച്ചു് 23171 വോട്ടു നേടി കേരള കോൺഗ്രസിലെ (KEC) എം.എം. ജോസഫിനെയും (18130വോട്ടു്) സ്വതന്ത്രനായ ജോർജ് ജോസഫ് പൊടിപാറയെയും തോൽപ്പിച്ചു. 1977-ൽ മറ്റൊരു ത്രികോണമത്സരത്തിൽ പി.ബി.ആർ.പിള്ള ജനതാ പാർട്ടി (BLD ചിഹ്നത്തിൽ) സ്ഥാനാർഥിയായി മത്സരിച്ചു് 23,795 വോട്ടു നേടി കോൺഗ്രസിലെ (INC) എം.സി.ഏബ്രാഹാമിനെ 242 വോട്ടുകൾക്ക് തോൽപ്പിച്ചു. സ്വതന്ത്ര സ്ഥാനാർഥിയായിരുന്ന ജോർജ്ജ് ജോസഫ് പൊടിപാറയാണു് 14,817 വോട്ടുകൾ നേടി മൂന്നാമതെത്തിയതു്.1980-ൽ കോട്ടയം മണ്ഡലത്തിൽനിന്നു് ജനതാ പാർട്ടി (JNP) സ്ഥാനാർഥിയായി മത്സരിച്ച് 25624 വോട്ടു നേടിയെങ്കിലും വിജയിച്ചില്ല. സി.പി.എമ്മിന്റ കെ എം അബ്രാഹം (37588 വോട്ടു്) ആണ് അദ്ദേഹത്തെ തോല്പിച്ചതു്.

നിയമസഭയിൽ എത്തിയ ആദ്യവർഷംതന്നെ ഗവർണറുടെ പ്രസംഗം തടസ്സപ്പെടുത്തിയതിനു ജയിൽവാസം അനുഭവിച്ചു. ഗവർണറുടെ നയപ്രഖ്യാപന പ്രസംഗം മലയാളത്തിൽ വേണമെന്ന് ആവശ്യപ്പെട്ടായിരുന്നു സഭയിൽ ഗവർണറുടെ പ്രസംഗം തടസ്സപ്പെടുത്തിയത്. എൻ.എൻ.വാഞ്ചുവായിരുന്നു അന്നു് ഗവർണർ.

നിരവധി തവണ സോഷ്യലിസ്റ്റ് - തൊഴിലാളി സമരങ്ങളിൽ പങ്കെടുത്തു് ജയിലില്‍ കിടന്നിട്ടുണ്ട്. 1974-ൽ ഇന്ദിരാഗാന്ധി കോട്ടയം സന്ദർശിച്ചപ്പോൾ കരിങ്കൊടി കാണിച്ചതിനു് അറസ്റ്റ് ചെയ്യപ്പെട്ട അദ്ദേഹം ജയിലിൽ കൊടിയ പോലീസ് മർദനത്തിനിരയായി. അടിയന്തരാവസ്ഥ കാലത്ത് മിസയനുസരിച്ച് അറസ്റ്റ് ചെയ്യപ്പെട്ട പി.ബി.ആര്‍. പിള്ള 19 മാസം തിരുവനന്തപുരം സെന്‍ട്രല്‍ ജയിലില്‍ ജയിലില്‍ കിടന്ന എം.എൽ.എയായിരുന്നു.

ജനതാ പാർട്ടി നിയമസഭാ കക്ഷിയുടെ വിപ്പ്, സോഷ്യലിസ്റ്റ് പാർട്ടി കോട്ടയം ജില്ലാ സെക്രട്ടറി, കേരള സംസ്ഥാന ഹാന്റ്ലൂം വർക്കേഴ്സ് വെൽഫയർ ഫണ്ട് ബോർഡ് ചെയരമാന ട്രാൻസ്പോരട്ട് വർക്കേഴ്സ് ഫെഡറേഷൻ ജനറൽ സെക്രട്ടറി എന്നീ ചുമതലകൾ വഹിച്ചിട്ടുണ്ടു്. ഇന്ത്യാ- ചീനാ ഫ്രണ്ട്ഷിപ് അസോസിയേഷന്റെ എക്സിക്യൂട്ടീവ് അംഗമായിരുന്നിട്ടുള്ള അദ്ദേഹം പ്രതിനിധിസംഘ അംഗമെന്ന നിലയിൽ ചീന സന്ദർശിച്ചിട്ടുമുണ്ടു്.

മാറ്റം, സമാജ് വാദി എന്നീ പ്രസിദ്ധീകരണങ്ങൾ അദ്ദേഹം നടത്തിയിരുന്നു.

ജനതാദളത്തിന്റെ ശൈഥില്യത്തിനുശേഷം അദ്ദേഹം വിശ്രമജീവിതമാണു് നയിച്ചതു്. സോഷ്യലിസ്റ്റ് പ്രസ്ഥാനം പുനഃസംഘടിപ്പിക്കുന്നതിനുവേണ്ടി നടന്ന നീക്കങ്ങളുടെ ഭാഗമായില്ല.

പി.ബി.ആർ.പിള്ള
ചിത്രത്തിനു് കടപ്പാടു് ന്യൂ ഇന്ത്യൻ എക്സ്പ്രസ്സിനോടു്
കോട്ടയത്ത് 2015 ജൂണ്‍ 24-ന് ബിജെപി കോട്ടയം ജില്ലാ പ്രസിഡന്റ് ഏറ്റുമാനൂര്‍ രാധാകൃഷ്ണന്‍ അദ്ധ്യക്ഷത വഹിച്ചതും ആർ.എസ്.എസ് നേതാക്കൾ പങ്കെടുക്കുകയും ചെയ്ത അടിയന്തരാവസ്ഥയുടെ നാല്‍പതാം വാര്‍ഷികഅനുസ്മരണച്ചടങ്ങ് അദ്ദേഹം ഉദ്ഘാടനം ചെയ്തതു് വിവാദമായി. അടിയന്തിരാവസ്ഥയ്ക്കെതിരായ സമ്മേളനമായതുകൊണ്ടാണു് താനതിൽ പങ്കെടുത്തതെന്നും സോഷ്യലിസ്റ്റായിരുന്ന തനിയ്ക്കൊരിയ്ക്കലും ബിജെപിയിലോ ആർ.എസ്.എസിലോ പ്രവർത്തിനാവില്ലെന്നും അദ്ദേഹം പിന്നീടു് വ്യക്തമാക്കിയെന്നു് കോട്ടയത്തെ അഡ്വ. ജെയിമോന്‍ തങ്കച്ചൻ അനുസ്മരിയ്ക്കുന്നു.

അടിയന്തിരാവസ്ഥപോലുള്ള ഏകാധിപത്യഭരണം ഇനിയും ആവര്‍ത്തിക്കാതിരിക്കാന്‍ ജാഗരൂകരാവണമെന്നാണു് മേല്പറഞ്ഞ 2015 ജൂണ്‍ 24ന് നടന്ന അടിയന്തരാവസ്ഥയുടെ നാല്‍പതാം വാര്‍ഷികഅനുസ്മരണച്ചടങ്ങ് ഉദ്ഘാടനം ചെയ്തുകൊണ്ടു് പി.ബി. ആര്‍. പിള്ള പറഞ്ഞതു്. അധികാരം തലയ്ക്ക് പിടിച്ച അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി പ്രഖ്യാപിച്ച ഏകാധിപത്യ നടപടിയായിരുന്നു 1975 ജൂണ്‍ 25ന് പ്രഖ്യാപിച്ച അടിയന്തിരാവസ്ഥയെന്നും അദ്ദേഹം പറഞ്ഞു.


പി.ബി.ആർ.പിള്ള
ചിത്രത്തിനു് മലയാള മനോരമയോടു് കടപ്പാടു്
മരണം
2016 ഏപ്രിൽ 10-നു് ചികിത്സയ്ക്കായി തിരുവനന്തപുരത്ത് എത്തിയപ്പോൾ കെ.എസ്.ആർ.റ്റി.സി. ബസ്സ് ഇടിച്ചുണ്ടായ പരിക്കാണു് പി.ബി.ആർ.പിള്ളയുടെ മരണത്തിനിടയാക്കിയതു്. എം.എല്‍.എ. ക്വാര്‍ട്ടേഴ്‌സിന് മുന്നിലെ റോഡ് മുറിച്ചു കടന്നു് തൊട്ടടുത്തുള്ള ഓട്ടോ സ്റ്റാന്‍ഡിലേക്ക് പോകുവാൻ ശ്രമിയ്ക്കുന്നതിനിടെയാണു് ബസിടിച്ചത്. എംഎൽഎ ഹോസ്റ്റലിനു മുന്നിൽ ബസിടിച്ച് വീണ ഇദ്ദേഹത്തിന്റെ തലയ്ക്ക് ആഴത്തിൽ പരുക്കേറ്റിരുന്നു. വാരിയെല്ലുകളിലും പൊട്ടലുണ്ടായി. ബസ് ഡ്രൈവറും എംഎൽഎ ഹോസ്റ്റൽ ജീവനക്കാരും ചേർന്നു് ആശുപത്രിയിൽ എത്തിച്ചു. ആദ്യം പ്രവേശിപ്പിച്ച മെഡിക്കൽ കോളജ് ആശുപത്രിയിൽ നിന്നു് അദ്ദേഹത്തെ അന്നു് രാത്രി തന്നെ മെച്ചപ്പെട്ട സൗകര്യമുള്ള ഒരു സ്വകാര്യ ആശുപത്രിയിലെ ക്രിട്ടിക്കൽ ഐ.സി.യു.വിലേയ്ക്കു മാറ്റി . അദ്ദേഹം ബോധം വീണ്ടെടുത്തെന്നും അപകടനില തരണം ചെയ്തെന്നും ആശുപത്രി അധികൃതർ ഏപ്രിൽ 12നു് അറിയിച്ചതിനു് ശേഷം കോട്ടയത്തേയ്ക്കു് കൊണ്ടുപോയി. കോട്ടയത്തിനടുത്ത് കുമ്മനത്ത് സഹോദരി സരസ്വതിയമ്മയുടെ വസതിയിൽ ഏപ്രിൽ 25 തിങ്കളാഴ്ച രാത്രി പത്തേമുക്കാലോടെയായിരുന്നു അന്ത്യം.
സംസ്‌കാരത്തിനുതൊട്ടുമുമ്പു് പോലീസ് സേന ഗാർഡ് ഓഫ് ഓണർ അർപ്പിയ്ക്കുന്നു
 ചിത്രത്തിനു് കടപ്പാടു് മാതൃഭൂമിയോടു്

പ്രമുഖ നേതാക്കള്‍ ഉള്‍പ്പെടെ വന്‍ ജനാവലി ആദരാഞ്ജലിയര്‍പ്പിക്കാനെത്തി
അയ്മനം മര്യാത്തുരുത്ത് പുതുവായില്‍ തറവാട് വീട്ടുവളപ്പില്‍ ഏപ്രിൽ 25ആം തീയതി ചൊവ്വാഴ്ച വൈകീട്ടുനാലുമണിയ്ക്കുനടന്ന സംസ്‌കാരച്ചടങ്ങില്‍ വിവിധ മേഖലകളില്‍പ്പെട്ട പ്രമുഖ നേതാക്കള്‍ ഉള്‍പ്പെടെ വന്‍ ജനാവലി പങ്കെടുത്തു. വിവിധ പാർട്ട‍ികളുടെ ആദ്യകാല നേതാക്കളും എത്തിയിരുന്നു.

സി.പി.എം. പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍, മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, എല്‍.ഡി.എഫ്. കണ്‍വീനര്‍ വൈക്കം വിശ്വന്‍, സമാജവാദി ജനപരിഷത്ത് അഖിലേന്ത്യാ പ്രസിഡന്റ് അഡ്വ. ജോഷി ജേക്കബ്ബ്, കെ.സുരേഷ് കുറുപ്പ് എം.എല്‍.എ., ജസ്റ്റിസ് കെ.ടി.തോമസ്, ജനതാദള്‍ (യു) സംസ്ഥാന സെക്രട്ടറി ജനറല്‍ ഡോ. വര്‍ഗീസ് ജോര്‍ജ്, കോണ്‍ഗ്രസ് (എസ്) സംസ്ഥാന പ്രസിഡന്റ് രാമചന്ദ്രന്‍ കടന്നപ്പള്ളി, മുൻ മന്ത്രി എന് എം ജോസഫ്, ജനതാദള്‍ (യു) സംസ്ഥാന സമിതി അംഗം ആര്‍.കെ.കര്‍ത്ത, സമാജവാദി ജനപരിഷത്ത് സംസ്ഥാന സമിതി അംഗം അഡ്വ. ജെയിമോന്‍ തങ്കച്ചൻ, സി.പി.എം. ജില്ലാ സെക്രട്ടറി വി.എന്‍.വാസവന്‍. ഡി.സി.സി.പ്രസിഡന്റ് ടോമി കല്ലാനി, തോമസ് ചാഴികാടന്‍, ജനതാദള്‍ (എസ്) ജില്ലാ സെക്രട്ടറി എം.ടി.കുര്യന്‍, സിപിഎം കോട്ടയം നിയോജക മണ്ഡലം സ്ഥാനാര്‍ഥി റെജി സഖറിയാ, ബിജെപി മുന്‍ കോട്ടയം ജില്ലാ പ്രസിഡന്റും സംസ്ഥാന കമ്മറ്റി അംഗവുമായ ഏറ്റുമാനൂര്‍ രാധാകൃഷ്ണന്‍, ബിജെപി കോട്ടയം നിയോജക മണ്ഡലം സ്ഥാനാര്‍ഥിയും ബിഎംഎസ് സംസ്ഥാന വൈസ്പ്രസിഡന്റുമായ എം.എസ്. കരുണാകരന്‍, ബി.ഡി.ജെ.എസ്. സംസ്ഥാന പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി, കോട്ടയം എസ്.എന്‍.ഡി.പി.യൂണിയന്‍ പ്രസിഡന്റ് എ.ജി.തങ്കപ്പന്‍, കോട്ടയം എന്‍.എസ്.എസ്. യൂണിയന്‍ പ്രസിഡന്റ് പി.ബാലകൃഷ്ണപിള്ള, സെക്രട്ടറി എ.എം.രാധാകൃഷ്ണന്‍നായര്‍ തുടങ്ങിയവര്‍ വസതിയിലെത്തി അന്ത്യോപചാരമര്‍പ്പിച്ചു. എം.പി.വീരേന്ദ്രകുമാര്‍ എം.പി.ക്കുവേണ്ടി മാതൃഭൂമി കോട്ടയം യൂണിറ്റ് മാനേജര്‍ ടി.സുരേഷ് മൃതദേഹത്തില്‍ പുഷ്പചക്രം അര്‍പ്പിച്ചു.
സംസ്‌കരിക്കുന്നതിനുതൊട്ടുമുമ്പു് പോലീസ് സേന ഗാർഡ് ഓഫ് ഓണർ അർപ്പിച്ചു

പി.ബി.ആര്‍.പിള്ളയുടെ ജ്യേഷ്ഠസഹോദരന്‍ പി.കെ.കൃഷ്ണപിള്ളയുടെ മകന്‍ അഡ്വ. കെ.സന്തോഷ്‌കുമാര്‍, സഹോദരി സരസ്വതി അമ്മയുടെ മക്കളായ പി എസ് ഗോപകുമാര്‍, പ്രിയദര്‍ശന്‍, സതീഷ്‌കുമാര്‍ എന്നിവരാണ് അന്ത്യകര്‍മങ്ങള്‍ നടത്തിയത്. സഹോദരി സരസ്വതി അമ്മയുടെ മകനായ പി എസ് ഗോപകുമാര്‍ ചിതയ്ക്കു് തീ കൊളുത്തി.

അനുശോചിച്ചു
പി.ബി.ആർ.പിള്ള
ചിത്രത്തിനു് കടപ്പാടു് മലയാള മനോരമയോടു്
പഴയകാല സോഷ്യലിസ്റ്റ് പോരാളിയുടെ സമരമുന്നേറ്റങ്ങളുടെ ഓർമകളുണർത്തി സംസ്‌കാരത്തിനുശേഷം അനുസ്മരണയോഗം ചേർന്നു. സമാജവാദി ജനപരിഷത്ത് അഖിലേന്ത്യാ പ്രസിഡന്റ് അഡ്വ. ജോഷി ജേക്കബ്ബ്, അഡ്വ. കെ സുരേഷ്കുറുപ്പ് എംഎല്‍എ തുടങ്ങി നിരവധി പേര്‍ സംസാരിച്ചു.

മുന്‍ എം.എല്‍.എ. പി.ബി.ആര്‍. പിള്ളയുടെ നിര്യാണത്തില്‍ സ്പീക്കര്‍ എന്‍. ശക്തന്‍ അനുശോചനം രേഖപ്പെടുത്തി. 'എല്ലാ മേഖലകളിലും ദീര്‍ഘവീക്ഷണത്തോടെ ചിന്തിച്ച് പ്രവര്‍ത്തിച്ച കരുത്തനായ സാമാജികനായിരുന്നു അദ്ദേഹം. എഴുപതുകളില്‍, ആദ്യമായി തൊഴില്‍രഹിതര്‍ക്ക് തൊഴിലില്ലായ്മ വേതനം നല്കണമെന്ന് അദ്ദേഹം സഭയില്‍ പ്രമേയമവതരിപ്പിച്ചു. വര്‍ഷങ്ങള്‍ക്കുശേഷം അത് പ്രാബല്യത്തില്‍ വന്നു. പി.ബി.ആര്‍. പിള്ളയുടെ സഭാ പ്രവര്‍ത്തനം നമുക്ക് മാതൃകയാക്കാവുന്നതാണ് '- സ്പീക്കര്‍ അനുശോചന സന്ദേശത്തില്‍ പറഞ്ഞു.

പഴയകാല സോഷ്യലിസ്റ്റ് നേതാവും എം.എല്‍.എയും ആയിരുന്ന പി.ബി.ആര്‍.പിള്ളയുടെ നിര്യാണത്തില്‍ സമാജവാദി ജനപരിഷത്ത് സംസ്ഥാന പ്രസിഡന്റ് രമേശ് രാമുണ്ണിയും മുതിർന്ന സംസ്ഥാന നേതാക്കളിലൊരാളായ വിനോദ് പയ്യടയും അനുശോചിച്ചു.

പിണറായി വിജയന്‍ അനുശോചിച്ചു
പി.ബി.ആർ.പിള്ള
ചിത്രത്തിനു് കടപ്പാടു് മാതൃഭൂമിയോടു്
ഏറ്റുമാനൂര്‍ മുൻ എം.എല്‍.എ. പി.ബി.ആര്‍. പിള്ളയുടെ നിര്യാണത്തിൽ സി.പി.ഐ. എം. പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയൻ അനുശോചിച്ചു. അദ്ദേഹത്തോടൊപ്പം നിയമസഭയില്‍ ഒരുമിച്ചു പ്രവർത്തിയ്ക്കുവാന്‍ അവസരം ലഭിച്ചിട്ടുണ്ടു്. അദ്ദേഹത്തിന്റെ വേർപാട് കനത്ത നഷ്ടമാണെന്നും അന്ത്യോപചാരമര്‍പ്പിച്ച ശേഷം പിണറായി അനുസ്മരിച്ചു.

ഏപ്രിൽ 10-നു് ചൊവ്വാഴ്ച പിണറായി വിജയന്‍ ഏറ്റുമാനൂരിൽ ഉദ്ഘാടനം ചെയ്യാനിരുന്ന എല്‍.ഡി.എഫ്. ഏറ്റുമാനൂര്‍ നിയോജക മണ്ഡലം പ്രചാരണ സമ്മേളനം പി.ബി.ആര്‍. പിള്ളയുടെ നിര്യാണത്തെ തുടര്‍ന്ന് മാറ്റിവെച്ചു. 1970 മുതല്‍ 79 വരെ ഏറ്റുമാനൂര്‍ നിയോജക മണ്ഡലത്തിലെ എം.എല്‍.എ. ആയി സേവനം അനുഷ്ഠിച്ച സോഷ്യലിസ്റ്റ് നേതാവ് പി.ബി.ആര്‍. പിള്ളയുടെ നിര്യാണത്തില്‍ അനുശോചിയ്ക്കുന്നതായി എല്‍.ഡി.എഫ്. ഏറ്റുമാനൂര്‍ നിയോജകമണ്ഡലം കമ്മിറ്റി അറിയിച്ചു.

കടപ്പാട് സമാജവാദി ജനപരിഷത്ത്

0 പ്രതികരണം:

അഭിപ്രായം പറയൂ

കുറിപ്പ്: ഈ ബ്ലോഗിലെ ഒരു അംഗത്തിനു മാത്രമേ അഭിപ്രായം പോസ്റ്റ് ചെയ്യാന്‍ കഴിയൂ.