2016/05/18

പി.കെ. ആണ്ടിയച്ചൻ (1920 - 2016)

ആണ്ടവൻ മാഷ്‌ 
പുഴയ്ക്കലിടം പി.കെ ആണ്ടിഅച്ചൻ (ആണ്ടവൻ മാസ്റ്റർ) (1920 - 2016) മുൻ സോഷ്യലിസ്റ്റ് നേതാവും ജീവിതാവസാനസമയത്ത് പാലക്കാട്ടുശ്ശേരി ശേഖരീവർമ വലിയ രാജാവും ആയിരുന്നു. ആണ്ടവൻ മാഷ്‌ (ആണ്ടവൻ മാസ്റ്റർ), പാലക്കാട്ടുശേരി ശേഖരിവർമ വലിയ രാജ പി.കെ ആണ്ടിയച്ചൻ എന്നെല്ലാം വിളിയ്ക്കപ്പെട്ടിരുന്നു. 2016 ഫെബ്രു 8 തിങ്കളാഴ്ച 96-ആമത്തെ വയസ്സിൽ തീപ്പെട്ടു.

കാവശ്ശേരി പടവീട്ടിൽ കെ.പി. കുഞ്ചുമേനോന്റെയും വടക്കഞ്ചേരി പുഴയ്ക്കലിടം പി.കെ. മീനാക്ഷിനേത്യാരുടെയും മകനായി 1920-ൽ ജനിച്ചു. സഹോദരങ്ങൾ പി.കെ. കേലുഅച്ചൻ, കെ.പി. അപ്പുക്കുട്ടച്ചൻ, പി.കെ. അമ്മുനേത്യാര്‍, ഇട്ടിപ്പങ്ങിയച്ചൻ എന്നിവരായിരുന്നു. ആരും ഇന്നു് ജീവിച്ചിരുപ്പില്ല.

പൊതുജീവതം

കിഴക്കഞ്ചേരി ചീരക്കുഴിയിലുള്ള സ്വന്തം സ്‌കൂളിൽ (ചീരക്കുഴി എല്‍.പി. സ്‌കൂൾ) അധ്യാപകനായി ജോലിചെയ്യുമ്പോഴാണ് സോഷ്യലിസ്റ്റ് ആശയങ്ങളിൽ ആകൃഷ്ടനായി സാമൂഹ്യരംഗത്തേക്കു കടന്നുവന്നത്‌. പിന്നീട്‌ അരനൂറ്റാണ്ടിലേറെക്കാലം വിവിധ രംഗങ്ങളിൽ ആണ്ടവൻ മാഷ്‌ നിറഞ്ഞുനിന്നു. സോഷ്യലിസ്റ്റ് പാർട്ടിയിൽ സജീവമായിരുന്ന ആണ്ടവൻ മാഷ്‌ പാർട്ടിയുടെ സമുന്നത നേതൃനിരയിലെ പ്രമുഖനായിരുന്നു. ജയപ്രകാശ്‌ നാരായണൻ, മന്ത്രിയായിരുന്ന എൻ.കെ. ശേഷൻ, കെ.എ. ശിവരാമഭാരതി, സി.എം. സുന്ദരം എന്നിവരുമായി ഏറ്റവും അടുത്ത ബന്ധമുണ്ടായിരുന്നു. സോഷ്യലിസ്റ്റ്‌ പാർട്ടി മറ്റു രൂപങ്ങളിലേക്കു മാറിയപ്പോഴും മാഷ്‌ തന്റെ ആശയങ്ങളിൽനിന്നും വ്യതിചലിക്കാൻ തയാറായില്ല.

കിഴക്കഞ്ചേരി ചീരക്കുഴി എൽ.പി. സ്‌കൂൾ മാനേജരായും കിഴക്കഞ്ചേരി സർവീസ് സഹകരണബാങ്ക് ഡയറക്ടറായും പ്രവർത്തിച്ചു.

20 കൊല്ലത്തോളം രാജാ ഹരിശ്ചന്ദ്ര നാടകം പരിശീലിപ്പിക്കുന്നതിലും അഭിനയിക്കുന്നതിലും സജീവമായിരുന്നു.

കുടുംബജീവിതം
ജീവിതാവസാനകാലത്ത് ജന്മി പെൻഷൻ കൂടാതെ രാജപദവിയിലുള്ള ചെറിയൊരു തുക മാത്രമായിരുന്നു വരുമാന മാർഗം. അമ്മാളുനേത്യാരായിരുന്നു ഭാര്യ (ജീവിച്ചിരുപ്പില്ല). മീനാക്ഷി, പ്രഭാവതി, കലാവതി, അംബുജാക്ഷി എന്നിവരാണു് മക്കൾ. ശശി, രാജൻ, പരേതനായ മണി, മണികണ്ഠൻ എന്നിവർ മരുമക്കളും. ആദ്യം കൊടിക്കാട്ടുകാവ്‌ ക്ഷേത്രത്തിനടുത്തു പത്തായപ്പുരയിലായിരുന്നു താമസം. പിന്നീട്‌ തറവാടുവീട്‌ ജീർണിച്ചതിനെ തുടർന്ന് വാടകവീട്ടിലേയ്ക്കു് മാറി. വടക്കഞ്ചേരി ഗ്രാമത്തിലെ വാടകവീട്ടിൽ താമസിക്കുമ്പോൾ മകൾ അംബുജാക്ഷിയാണ്‌ ആണ്ടവൻ മാഷിനൊപ്പമുണ്ടായിരുന്നതു്. മറ്റു മക്കൾ ഇടയ്‌ക്കിടെ അദ്ദേഹത്തെ അവരുടെ വീട്ടിലേയ്ക്കു് കൊണ്ടുപോകുമായിരുന്നു.
ആണ്ടവൻ മാഷ്‌ 

പാലക്കാട്ടുശേരി ശേഖരിവർമ വലിയരാജ 

2015 ഓഗസ്റ്റ് 7 വെള്ളിയാഴ്ച പാലക്കാട്ടുശ്ശേരി രാജാവായിരുന്ന എം.എസ്. വർമയുടെ വിയോഗത്തെത്തുടർന്നു് പുഴയ്ക്കലിടം ആണ്ടിയച്ചൻ രാജപദവിയിലെത്തി. പാലക്കാട്ടുശേരി എന്നറിയപ്പെടുന്ന പാലക്കാട് രാജസ്വരൂപത്തിന്റെ രാജാവ് പാലക്കാട്ടുശേരി ശേഖരിവർമ വലിയ രാജ എന്നാണറിയപ്പെടുന്നതു്. ഒന്നാം രാജാവായിരുന്ന എം.എസ്.വർമ (കെ. പി. കേശവമേനോന്റെ മകൻ) കഴിഞ്ഞ ആഗസ്റ്റിൽ തീപ്പെട്ടതിന് ശേഷം പി.കെ.ആണ്ടിഅച്ചനെ ഒന്നാം രാജാവായി സ്ഥാനനിർണയം ചെയ്ത് കളക്ടറുടെ ഉത്തരവ് മാസങ്ങൾക്കു് ശേഷമാണു് വന്നത്.

രാജസ്ഥാനം ഏറ്റെടുത്തതിന് ശേഷം 2016 ജനുവരി 15 വെള്ളിയാഴ്ച മകരസംക്രമത്തിൽ അകത്തേത്തറ കല്ലേക്കുളങ്ങര ശ്രീ ഹേമാംബിക ഏമൂര്‍ ഭഗവതിക്ഷേത്രത്തിൽ പാലക്കാട്ടുശേരി രാജാവെന്ന നിലയിൽ ദേവിദര്‍ശനം നടത്തി. നാലാം രാജാവ് ധർമനച്ചൻ, അഞ്ചാം രാജാവ് കെ.കെ ചാത്തുഅച്ചൻ എന്നിവരോടൊപ്പം ക്ഷേത്രദർശനത്തിന് എത്തിയ പാലക്കാട്ടുശേരി ശേഖരിവർമ വലിയ രാജ പി.കെ ആണ്ടിഅച്ചനെ പാലക്കാട്ടുശേരി സേവന സമാജം ഭാരവാഹികൾ പൊന്നാടണയിച്ച്‌ പൂർണ്ണകുംഭത്തോടെ സ്വീകരിച്ചു. സേവനസമാജം ഭാരവാഹികളായ സേതുമാധവൻ, വി.കെ ശങ്കരവർമ, വി.കെ രാമചന്ദ്രവർമ, ടി.പി സുരേന്ദ്രമേനോൻ, പി. സോഹൻ, കെ. അച്യുതൻകുട്ടിമേനോൻ തുടങ്ങിയവരാണു് അതിനു് നേതൃത്വം നല്‍കിയതു്.

മരണം
1191 മീനമാസത്തിൽ അരിയിട്ട് വാഴ്ച നടത്താൻ തീരുമാനിച്ചിരിയ്ക്കെ അപ്രതീക്ഷിതമായി ഫെബ്രുവരി 8 തിങ്കളാഴ്ച പുലർച്ചെ 2.15ന് വലിയ രാജ തീപ്പെട്ടു. വടക്കഞ്ചേരി ഗ്രാമത്തിലുള്ള വീട്ടിലായിരുന്നു അന്ത്യം. ഫെബ്രുവരി 8 തിങ്കളാഴ്ച വൈകീട്ട് നാലുമണിയോടെ പുഴയ്ക്കലിടം തറവാട്ട് ശ്മശാനത്തിൽ സംസ്‌കരിച്ചു.


ജില്ലാഭരണകൂടത്തെ പ്രതിനിധാനംചെയ്ത് ആർ.ഡി.ഒ. കെ. ശെൽവരാജ് റീത്ത് സമർപ്പിച്ചു. തഹസിൽദാർ അജിത് കുമാർ, ഹൈക്കോടതി ജഡ്ജി പി.എൻ. രവീന്ദ്രൻ, മലബാർ ദേവസ്വം ബോർഡ് പാലക്കാട് ഏരിയാ ചെയർമാൻ കെ. ഗോപിനാഥ്, മുൻ മന്ത്രി വി.സി. കബീർ, വടക്കഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് അനിത പോൾസൺ തുടങ്ങിയവർ ആദരാഞ്ജലിയർപ്പിച്ചു.

പഴയകാല സോഷ്യലിസ്റ്റ് നേതാവായിരുന്ന ആണ്ടവൻ മാഷിന്റെ നിര്യാണത്തിൽ സമാജവാദി ജനപരിഷത്ത് അഖിലേന്ത്യാ പ്രസിഡന്റ് അഡ്വ. ജോഷി ജേക്കബ്ബ് സംസ്ഥാന പ്രസിഡന്റ് രമേശ് രാമുണ്ണി, സംസ്ഥാന സമിതിയംഗം ജനാർദ്ദനൻ നമ്പൂതിരി തുടങ്ങിയവർ അനുശോചിച്ചു.


Puzhakkal Edom P.K Andi Achan പി.കെ ആണ്ടിഅച്ചൻ

0 പ്രതികരണം:

അഭിപ്രായം പറയൂ

കുറിപ്പ്: ഈ ബ്ലോഗിലെ ഒരു അംഗത്തിനു മാത്രമേ അഭിപ്രായം പോസ്റ്റ് ചെയ്യാന്‍ കഴിയൂ.