2017/03/06

ജനാർദനൻ നമ്പൂതിരി: നഷ്ടമായത് പ്രാദേശിക ഭാഷാ സ്നേഹിയെ


മലയാള മനോരമ സ്വന്തം ലേഖകൻ

ചെർപ്പുളശേരി∙ മുതിർന്ന സോഷ്യലിസ്റ്റ് നേതാവ് കെ.ജനാർദനൻ നമ്പൂതിരി യാത്രയാകുമ്പോൾ നഷ്ടമാകുന്നതു ജനകീയ ഭാഷകളുടെ പ്രചാരണത്തിന്റെ മുൻ നിരയിൽനിന്ന ഒരാളെ. സംസാരത്തിലും കത്തെഴുത്തിലും പരമാവധി പ്രാദേശിക ഭാഷകൾ മാത്രം ഉപയോഗിക്കണമെന്ന് അദ്ദേഹത്തിനു നിർബന്ധമുണ്ടായിരുന്നു. മേൽവിലാസം എഴുതുമ്പോൾ പോലും ഈ നിഷ്കർഷ സ്വയം പുലർത്തിയിരുന്നു. പോസ്റ്റ് എന്നതിനു പകരം തപാൽ എന്നേ എഴുതിയിരുന്നുള്ളൂ.

ഹിന്ദി ഭാഷയുടെ പ്രചാരണത്തിന് എല്ലാ പിന്തുണയും നൽകി. ദേശീയതലത്തിലുള്ള മുതിർന്ന നേതാക്കളും പ്രവർത്തകരുമായി ഹൃദ്യമായ വ്യക്തി ബന്ധം സൂക്ഷിക്കാൻ ഈ ഭാഷാ സ്നേഹത്തിലൂടെ കഴിഞ്ഞു. മഹാത്മാഗാന്ധി, ഡോ. റാം മനോഹർ ലോഹ്യ എന്നിവരുടെ പുസ്തകങ്ങൾ പ്രചരിപ്പിക്കാനും മുൻകയ്യെടുത്തു.

ഈ പുസ്തകങ്ങൾ നിറച്ച ഖാദി സഞ്ചിയുമായി കേരളം മുഴുവൻ അവസാന കാലംവരെ യാത്ര ചെയ്തു. പ്രായത്തിന്റെ അവശതകൾ മാറ്റിവച്ചും ജനകീയ പ്രസ്ഥാനങ്ങളും സമരങ്ങളും സംഘടിപ്പിക്കുന്നതിനുള്ള യാത്രകളിലായിരുന്നു അദ്ദേഹം. അനുശോചിച്ചു മുതിർന്ന സോഷ്യലിസ്റ്റ് നേതാവ് കെ.ജനാർദനൻ നമ്പൂതിരിയുടെ നിര്യാണത്തിൽ സമാജ്‌ വാദി ജൻപരിഷത് ദേശീയ പ്രസിഡന്റ് ജോഷി ജേക്കബ്, ലോഹ്യാ വിചാർ വേദി സംസ്ഥാന ജനറൽ സെക്രട്ടറി ഇ.കെ.ശ്രീനിവാസൻ എന്നിവർ അനുശോചിച്ചു.

മലയാള മനോരമ

0 പ്രതികരണം:

അഭിപ്രായം പറയൂ