ചരിത്രം നീങ്ങുന്ന വഴി
വിഷ്ണുനാരായണൻ നമ്പൂതിരി
വ്യാസൻ പണ്ട് ഭീഷ്‌മശപഥത്തെ വാക്കുകൊണ്ട് വരച്ചുവെച്ചു. ജയപ്രകാശ് ആ മിത്തിന് ജീവിതംകൊണ്ട് രക്തവും മാംസവും നൽകി. മഹാസ്വപ്നനങ്ങൾക്ക് പ്രാണബലംകൊണ്ട് ജീവൻ പകരുന്നതെ ങ്ങനെയെന്ന് അദ്ദേഹത്തിൻറെ ശിഷ്ടജീവിതം തെളിച്ചുകാട്ടുന്നു.
പനച്ചിക്കൊള്ളിയിൽ പടർന്ന കാട്ടുതീപോലെ സ്വാതന്ത്ര്യദാഹം ജയപ്രകാശിനെ സാഹസങ്ങളിലേക്ക് ഉണർത്തിവിട്ടു. ക്വിറ്റിന്ത്യാ സമരകാലത്ത് ജയിൽചാടി. ഒളിപ്രവർത്തനങ്ങൾക്കിടയ്ക്ക് നേ
പാളിൽ വെച്ച് പൊലീസിൻെറ വലയിൽ കുടുങ്ങി. ആഴ്ചകളോളം മഞ്ഞുപാളിമേൽ കിടത്തി കശക്കിയിട്ടും അണയാത്ത അഭി മാനത്തിന്റെ ആ തീവ്രശിഖ ഇന്ത്യയുടെ യുവതലമുറയെ ആകെ ഉജ്വലിപ്പിച്ചു. ലാഹോർദണ്‌ഡനമുറകൾ ഇതിഹാ സഗാഥകളായി മാറി. പക്ഷേ, ദില്ലിയിലെ സർക്കാർ വാഹനങ്ങളിൽ ത്രിവർണപതാകനാട്ടി ഓടിച്ച സ്വാതന്ത്ര്യത്തിന്റെ അർധരാത്രിയിൽ ജയപ്രകാശ് ഏതാനും സ്നേഹിതരോടൊപ്പം, സോഷ്യലിസത്തെ ജനാധിപത്യത്തോട് വേൾപ്പിക്കാനുള്ള ദീർഘസത്രത്തിന് തുടക്കമിടുകയാണ് ചെയ്‌തത്. അധികാരത്തിന്റെ കാഞ്ചനപ്രഭയിലേക്ക് ആ ദൃഷ്‌ടിയെ തിരിക്കാൻ നെഹ്റുവിനുപോലും സാധിച്ചില്ല. കമ്പിത്തപാൽ ജീവനക്കാരുടെ ദേശീയയൂണിയൻ സാ രഥ്യം ഏൽക്കുന്നതിൽ ജയപ്രകാശ് തൻ്റെ നിയോഗം കണ്ടെത്തി.
ഒരു മന്ത്രി വാക്കുമാറ്റിയതുമൂലം, തൊഴിലാളികൾക്ക് താൻ നൽകിയ ഉറപ്പ് പാലിക്കാൻ കഴിയാതെ വിഷണ്ണനായ ജയപ്രകാശ്, നമുക്ക് കൈവന്ന ജനാധിപത്യത്തിലെ കള്ളച്ചൂതുകൾ വളരെ വേഗം തിരിച്ചറിഞ്ഞു. സഖാക്കൾക്ക് നീണ്ടൊരു കത്തെഴുതിവെച്ചിട്ട്, അശാന്തനായ ആ ആത്‌മാവ് ആസേതുഹിമാചലം അലഞ്ഞുനട ന്നു - വെളിച്ചം തേടി, മോചനം തേടി, സർവസുഖത്തിനുള്ള
തേടി. ലോകനീതിയിൽ രാജനീതിയെ ഉറപ്പിച്ചുനിർത്താൻ പാടുപെട്ടു. ബീഹാർറിലീഫ്, തിബത്തിന്റെ അസ്തിത്വം, അതിർത്തി ഗ്രാമങ്ങളിലൂടെ ദേശരക്ഷ, പഞ്ചായത്തീരാജ്, ഇടത്തരം സാങ്കേ തികവിദ്യ, സമ്പൂർണവിപ്ലവം... ആൻഡ്രൂമാൽറോവിനെയും ഷൂമാക്കറെയും പോലുള്ള പ്രകാശാത്മാക്കൾ ലോകമെമ്പാടും അദ്ദേഹത്തിൽ ഒരു മുതിർന്ന സഹയാത്രികനെ കണ്ടു. മതാചാരങ്ങൾക്കപ്പുറമുള്ള കേവല മാനവികതയെ ആത്‌മീയമൂല്യമായി സാക്ഷാൽക്കരിച്ച ജയപ്രകാശ്, പൊതുപ്രവർത്തനത്തിലേക്ക് അതിനെ വിള ക്കിച്ചേർത്തു. ചമ്പൽക്കൊള്ളക്കാരനായ മാൻസിങ് സംഘം ചേർന്ന് ആ കാൽക്കൽ ആയുധംവെച്ച്, കൃഷിചെയ്യുന്ന പൗരനായി പു നർജന്മം നേടുമ്പോൾ ഇന്ത്യയുടെ ചിരപുരാതനമായ ഹൃദയം, അംഗുലീമാലനെന്ന കൊള്ളക്കാരനെ ആർഹതനാക്കി മാറ്റിയ ശ്രീബുദ്ധന്റെ പൊരുൾ അയവിറക്കുകയായിരുന്നു.
അടിയന്തരാവസ്‌ഥയിലൂടെ ഇന്ത്യയെ ഗ്രസിച്ച ഇരുട്ടിനു മുമ്പും പിമ്പും, വിവേകത്തിൻറെ കൊടുങ്കാറ്റായി ആ മെലിഞ്ഞ വൃദ്ധൻ
നഗരങ്ങളിലും നാട്ടുമ്പുറങ്ങളിലും ആഞ്ഞടിച്ചത് ഓർമവരുന്നു. ഒ രിക്കൽക്കൂടി, ഇന്ത്യയുടെ ആത്‌മീയത സന്യാസമല്ല, ധർമധീരതയാണെന്ന് ജയപ്രകാശ് നമ്മെ പഠിപ്പിച്ചു. തിരുവനന്തപുരത്തുവെച്ച് രണ്ടുവട്ടം, കൈപ്പാടകലെയിരുന്ന് ആ വിശുദ്ധവാക്കുകൾ ഞാൻ കേട്ടിട്ടുണ്ട്. പ്രഭാഷണത്തേക്കാൾ, നനുത്ത വികാരാർദ്രമായ സല്ലാ പമാണ് അവ. തൊണ്ടയിടറിയും കണ്ണുനനഞ്ഞും തന്റെ ഉള്ളിലെ വലിയ പൊരുളുകളെ അദ്ദേഹം ചുറ്റുപാടിലേക്ക് സംക്രമിപ്പിക്കുന്നു. സ്വപ്നങ്ങളെ കർമങ്ങളിൽ ആവിഷ്‌കരിച്ച കവി. പത്തൊമ്പതുമാസം അർധപ്രാണനായി തുറുങ്കറയിൽ കഴിഞ്ഞ ജയപ്രകാശ്, അഭി പ്രായഭേദങ്ങളെ അപ്രസക്‌തമാക്കുന്ന മനുഷ്യസ്നേഹത്തിന്റെ കാഴ്ചപ്പാടും കർമയോഗവുംകൊണ്ട്, ഇടതിൻെറ ഇടതുതൊട്ട് വലതിന്റെ വലതുവരെയുള്ള രാഷ്ട്രീയകക്ഷികളെ ഒരേ ചരടിൽ കോർ
ത്തിണക്കി നിർത്തി. രാഷ്ട്രീയ പ്രവർത്തന ത്താൽ തന്നെ രാഷ്ട്രീയമാലിന്യങ്ങളെ കഴുകിക്കളയുകയാണ് പോംവഴിയെന്ന് തെളിയിച്ചു. അകത്തും പുറത്തുമുള്ള ശകുനികളുടെ എല്ലാ കണക്കുകളും തെറ്റിച്ചുകൊണ്ട്, ഒരൊറ്റച്ചുവടുവെച്ച്, ഇന്ത്യ വീണ്ടും ഏകാധിപത്യത്തിൻ്റെ പൂട്ടറുത്ത് പുറത്തുവന്നു.
നാടെങ്ങും ജനതാഭരണത്തിൽ സത്യപ്രതിജ്‌ഞചെയ്ത്, മന്ത്രിമാർ അധികാരത്തിന്റെയും ആർത്തിയുടെയും ചൂഷണത്തിൻ്റെയും ചളിക്കുഴികളിലേക്ക് ആർഭാടത്തോടെ യാത്ര പുറപ്പെടുമ്പോൾ, ഋഷിവരിഷ്ഠനായ ജയപ്രകാശ് തീൻമൂർത്തിയിലേക്ക്, ഉറ്റവരെല്ലാം കൈവെടിഞ്ഞ് ഒറ്റപ്പെട്ടും തളർന്നും അന്‌ധാളിച്ചും നിൽക്കുന്ന ഇന്ദിരയുടെ മുന്നിലേക്ക് വീൽച്ചെയറിൽ കടന്നുചെന്നു. പിന്നെ ശിരസ്സിൽ കൈവെച്ചു പറഞ്ഞു: കുഞ്ഞേ, തിരുത്താൻ വയ്യാത്ത ഒരു തെറ്റും ഈ ദുനിയാവിലില്ല" പ്രേമവർഷത്തിൽ ഭൂമി കുതിർ ന്നുപോകുന്ന നിമിഷം. മനുഷ്യവർഗത്തിന്റെ സുകൃതം വറ്റിയിട്ടില്ലെന്നറിയിച്ച മുഹൂർത്തം.
ഒക്കെ കഥയായിക്കഴിഞ്ഞു. എങ്കിലും, പിന്നിട്ട വഴിയിലെ ചുവരെഴുത്തുകൾ മറന്നുകളയാമെന്നു കരുതുന്നത് മൗഢ്യം. ഇരുപത്തൊന്നാം നൂറ്റാണ്ടിലും ഇന്ത്യയിലെ ശരാശരി പൊതുപ്രവർത്തകർ, സ്വന്തം ശരികൊണ്ട് മറ്റുള്ളവരുടെ എല്ലാ ശരികളെയും തിരസ്ക്‌കരിക്കാമെന്നു കണക്കുകൂട്ടുന്നു. നിർഭയവും സൗമ്യവും പളുങ്കുപോലെ നിർമലവുമായ ജയപ്രകാശിന്റെ മാതൃക ഞാൻ സാദരം ഇവരുടെ മുന്നിൽവെക്കുന്നു. ചില്ലറ വ്യത്യാസങ്ങളെല്ലാം നിലനിർത്തിക്കൊണ്ടു തന്നെ ഉദാരമായൊരു ലക്ഷ്യത്തിലേക്ക് കൂട്ടായി നടന്നുനീങ്ങാൻ, ഒരു സുദീർഘ സംസ്ക്‌കാരത്തിൽ പിറന്ന നമുക്ക് കഴിയില്ലേ? കഴിയേണ്ടേ? ചരിത്രത്തിന്റെ ചക്രമുരുളാൻ വേറെ ഏതുണ്ട് വഴി ?
(ജയപ്രകാശ് നാരായണന്റെ നൂറ്റി ഒന്നാം ജന്മവാർഷികദിനമായ 2003 ഒക്ടോബർ 11 (1179 കന്നി 25)ശനിയാഴ്ച ദേശാഭിമാനി ദിനപത്രത്തിൽ പ്രസിദ്ധീകരിച്ചത്.
0 പ്രതികരണം:
അഭിപ്രായം പറയൂ
കുറിപ്പ്: ഈ ബ്ലോഗിലെ ഒരു അംഗത്തിനു മാത്രമേ അഭിപ്രായം പോസ്റ്റ് ചെയ്യാന്‍ കഴിയൂ.