2024/05/12

മുസ്ലിങ്ങളെ വശത്താക്കാനൊരു നെട്ടോട്ടം!


അഡ്വ. ജോഷി ജേക്കബ്‌


കേരളത്തിലെ പ്രബല വോട്ട്‌ ബാങ്കായ മുസ്ലിം ജനവിഭാഗത്തിന്റെ പിന്തുണ ഉറപ്പാക്കണമെന്ന ഉദ്ദേശത്തോടെ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ മുന്നണിഭേദമില്ലാതെ എല്ലാവരും കഠിന യത്നത്തിലായിരുന്നു. അതിനെ വയനാട്‌ ലോക്‌സഭാ സീറ്റിന്റെ പശ്‌ചാത്തലത്തില്‍ വിശകലനം ചെയ്യുന്നത്‌ അഭികാമ്യമായിരിക്കും.

വോട്ട്‌ ബേയ്‌സ് വര്‍ധിപ്പിക്കാനുള്ള ശ്രമം ഊര്‍ജിതമാക്കണമെന്ന പ്രതിസന്ധിയിലായിരുന്നു ഇത്തവണ സി.പി.എം. അതിനാല്‍ രാഹുല്‍ ഗാന്ധിയുടെ വയനാട്ടിലെ സ്‌ഥാനാര്‍ത്ഥിത്വത്തിനെതിരേ ഒളിഞ്ഞും തെളിഞ്ഞും തെരഞ്ഞെടുപ്പിനു മുമ്പേതന്നെ അവര്‍ ശബ്‌ദ കോലാഹലമുണ്ടാക്കി.

വയനാട്ടില്‍ മുസ്ലീം ലീഗിന്റെ പച്ചകൊടിയെ പാകിസ്‌താന്‍ പതാകയായി ചിത്രീകരിച്ച്‌ രാഹുല്‍ ഗാന്ധി ആ രാജ്യത്തിന്റെ പതാകയുമായാണ്‌ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതെന്ന്‌ ബി.ജെ.പി. നേതൃത്വത്തിലുള്ള ഹിന്ദുത്വ ഫാഷിസ്‌റ്റ് ശക്‌തികള്‍ ഇത്തവണയും രാജ്യമൊട്ടാകെ പ്രചരിപ്പിച്ചു. ഇതിനെ ജാഗ്രതയോടെ നേരിടാനാണ്‌ കോണ്‍ഗ്രസ്‌ നേതൃത്വം തീരുമാനിച്ചത്‌. അത്‌ പൗരത്വനിയമം മറയാക്കി കോണ്‍ഗ്രസിനെ ആക്രമിച്ചുവന്ന സി.പി.എമ്മിന്റെ കൈയില്‍ ആയുധമായി.

ജന്മനാ സ്വാഭാവിക പൗരത്വം നേടാത്തവര്‍ക്ക്‌ ഇനി പൗരത്വം നല്‌കുന്നത്‌ മുസ്ലീം മതവിശ്വാസികളെ ഒഴിവാക്കിയായിരിക്കും എന്ന പ്രാകൃതവും കിരാതവുമായ ഭേദഗതിയാണ്‌ ഇന്ത്യാ ഗവണ്‍മെന്റ്‌ കൊണ്ടുവന്നത്‌. അതിനെ എതിര്‍ക്കുന്നതില്‍ ഇന്ത്യാ മുന്നണിയിലെ എല്ലാ കക്ഷികളും അണിനിരന്നിരുന്നു. രാഹുല്‍ ഗാന്ധിയും കോണ്‍ഗ്രസും അക്കാര്യത്തില്‍ മുന്നില്‍തന്നെയുണ്ടായിരുന്നു. എന്നാല്‍, കോണ്‍ഗ്രസ്‌ പാര്‍ട്ടി പൗരത്വ നിയമ ഭേദഗതി തള്ളിക്കളയുമെന്ന്‌ തങ്ങളുടെ പ്രകടന പത്രികയില്‍ എടുത്തുപറഞ്ഞിട്ടില്ല. അത്‌ അവരുടെ വിശ്വാസ്യതയെ ചോദ്യം ചെയ്യുന്നതാണ്‌ എന്ന്‌ വിമര്‍ശനമുന്നയിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയനും സി.പി.എമ്മിനും അവകാശമുണ്ട്‌. എന്നാല്‍, അതിനപ്പുറത്തേക്ക്‌ വിമര്‍ശനം കടക്കുന്നതാണ്‌ കേരളത്തില്‍ കണ്ടത്‌.

" മുഖ്യമന്ത്രി പിണറായി വിജയന്‍ 24 മണിക്കൂറും എന്നെ വിമര്‍ശിക്കുന്നു. ബി.ജെ.പിയെ വിമര്‍ശിക്കുന്നതിനേക്കാള്‍ അധികമാണ്‌ അദ്ദേഹം എന്നെ വിമര്‍ശിക്കുന്നത്‌. അദ്ദേഹത്തിന്റെ ശത്രു ഞാനാണെന്ന്‌ തോന്നും." രാഹുല്‍ ഗാന്ധിയുടെ ഈ വാക്കുകള്‍ ചില സൂചനകള്‍ തരുന്നുണ്ട്‌. ലീഗിന്റെ പച്ചപതാക മറക്കുന്നതിനുവേണ്ടി ഒരു പതാകയും ഉപയോഗിക്കാതെ രാഹുല്‍ ഗാന്ധിയുടെ മണ്ഡലത്തിലെ പ്രചാരണം നടക്കവെ പിണറായി വിജയന്റെ കടന്നാക്രമണം രൂക്ഷമായി. ഇന്ത്യയിലെ ഒരു പാര്‍ട്ടിയുടെ പതാകയ്‌ക്ക് പാകിസ്‌താന്റെ പതാകയുടെ നിറമായതിനാല്‍ അത്‌ ഒരു രാജ്യദ്രോഹ പ്രവൃത്തിയായി ചിത്രീകരിക്കുന്നത്‌ ഹിന്ദുത്വാനാന്തര ഫാഷിസത്തിന്റെ വികലമായ സമീപനമാണ്‌. ഈ അടിസ്‌ഥാന പ്രശ്‌നം മറന്നുകൊണ്ട്‌ കോണ്‍ഗ്രസിന്റെ പതാകമുക്കല്‍ പ്രവൃത്തിയെ അടര്‍ത്തിമാറ്റി വിമര്‍ശിക്കുന്നത്‌ രാഷ്‌ട്രീയ പാപ്പരത്തമാണ്‌. അതിലെ ഫാഷിസത്തിന്റെ കുപ്രചാരണവും അസത്യങ്ങള്‍ സത്യങ്ങളായി അവതരിപ്പിക്കുന്ന ഗീബത്സ്യന്‍ തന്ത്രങ്ങളും ഏറ്റവും ശക്‌തമായി ചോദ്യം ചെയ്യാന്‍ കമ്യൂണിസ്‌റ്റുകള്‍ക്ക്‌ ധാര്‍മിക ഉത്തരവാദിത്വം ഇല്ലാന്നാണോ മുഖ്യമന്ത്രി ഉദ്ദേശിച്ചത്‌?

ഇന്ത്യയിലെ നുഴഞ്ഞുകയറ്റക്കാരാണ്‌ മുസ്ലിംകളെന്നും അവര്‍ക്കാണ്‌ രാജ്യത്തിന്റെ സമ്പത്തില്‍ ആദ്യ അവകാശമെന്ന്‌ കോണ്‍ഗ്രസ്‌ പറഞ്ഞുവെന്നും നിങ്ങളുടെ സമ്പത്ത്‌ പിടിച്ചടക്കി മുസ്ലിംകള്‍ക്ക്‌ വീതം വയ്‌ക്കുമെന്നും താലിമാല പോലും പൊട്ടിച്ചെടുക്കുമെന്നും നരേന്ദ്ര മോദി തെരഞ്ഞെടുപ്പ്‌ യോഗങ്ങളില്‍ തുടരേ പ്രസംഗിച്ചു. മുഖ്യമന്ത്രി ഒരു പ്രതികരണം അക്കാര്യത്തില്‍ നടത്തിയതായി കണ്ടില്ല. അദ്ദേഹത്തിന്റെ ഒരു സന്ധിചെയ്യലായി അതിനെ വ്യാഖ്യാനിക്കാമോ? അത്തരം ആവര്‍ത്തിക്കുന്ന നുണകള്‍ സത്യമാക്കാന്‍ ഗീബത്സ്‌ മാതൃക യന്ത്രമല്ലാതെ മറ്റൊരു മന്ത്രവാദവും മോദിയുടേയും ബി.ജെ.പിയുടേയും കൈയിലില്ല. അത്‌ ഏതൊരു ജനാധിപത്യവാദിയേയും ആശങ്കയിലാഴ്‌ത്തുന്നതും അവരെ കര്‍മ്മനിരതരാക്കേണ്ടതുമാണ്‌. എന്നാല്‍, ഇക്കാര്യത്തില്‍ പിണറായി വിജയന്‍ സംശയത്തിന്റെ നിഴലിലാകുന്ന സംഭവവികാസങ്ങളാണ്‌ പിന്നീടുള്ള ഇ.പി. ജയരാജന്‍ വെളിപ്പെടുത്തല്‍ സംഭവത്തില്‍ ഉണ്ടായത്‌. മുസ്ലിംകളിലെ വോട്ടുചെയ്യാനിടയുള്ള ഏതാണ്ട്‌ 90% ആളുകള്‍ രാജ്യത്തെ ഇന്നത്തെ സ്‌ഥിതി വിശേഷം മനസിലാക്കുന്നവരും തിരിച്ചറിയുന്നവരുമാണ്‌. അവരുടെ വോട്ടുകളില്‍ വലിയ മാറ്റം പ്രതീക്ഷിക്കേണ്ടതില്ല. ഏതാണ്ട്‌ 10% ആളുകളുടെ വോട്ട്‌ വശത്താക്കാനുള്ള തത്രപ്പാട്‌ എന്ന നിലയില്‍ മാത്രമേ പിണറായി വിജയന്റെ സമീപനത്തെ കാണാന്‍ കഴിയൂ. മുഖ്യമന്ത്രിയെന്നനിലയില്‍ അധികാരം നിലനിര്‍ത്താന്‍ അത്‌ അദ്ദേഹത്തിന്‌ അത്യാവശ്യമായിരിക്കാം.

മത-സാമുദായിക സംഘടനയായ സമസ്‌തയില്‍ അനാവശ്യമായ ഭിന്നിപ്പുണ്ടാക്കുവാന്‍ മാത്രമാണ്‌ പിണറായി വിജയന്റെ നിലപാട്‌ ഇടയാക്കിയത്‌. ആളുകളെയും ജനവിഭാഗങ്ങളേയും അവിഹിതമായി സ്വാധീനിക്കാന്‍ മോദി എങ്ങനെയാണോ പ്രവര്‍ത്തിക്കുന്നത്‌ അതേ ചാലകശക്‌തി കേരളത്തില്‍ സജീവമാക്കുന്നത്‌ അത്രനല്ല കീഴ്‌വഴക്കമല്ല. കാലങ്ങളായി ഇവിടുത്തെ കോണ്‍ഗ്രസും കമ്യൂണിസ്‌റ്റുകളും സ്വീകരിക്കുന്ന ഒരു മാര്‍ഗമാണ്‌ അത്‌. എന്നാല്‍ ഹിന്ദുത്വ ഫാഷിസ്‌റ്റാനന്തര യുഗത്തില്‍ അത്തരം തന്ത്രങ്ങളെക്കുറിച്ച്‌ പുനര്‍ചിന്തനം നടത്താന്‍ എല്ലാവരും തയാറാകണം. അത്‌ ബി.ജെ.പി. പ്രചരിപ്പിക്കുന്നതുപോലെ ന്യൂനപക്ഷ വിഭാഗങ്ങളുടെ പ്രീണനം എന്ന നിലയില്‍ കാണേണ്ടതില്ല. കാരണം, സംഘടനകള്‍ക്കും ചില സമുദായ പ്രവര്‍ത്തകര്‍ക്കും നേതാക്കള്‍ക്കും നേട്ടമുണ്ടാകുമെന്നല്ലാതെ അത്തരം അവിഹിതമായ കിടപ്പറ പങ്കാളിത്തംകൊണ്ട്‌ ജനങ്ങള്‍ക്ക്‌ നേട്ടമുണ്ടാകുന്നില്ല.


ജാതി സെന്‍സസിന്റെ പ്രധാന്യം അവഗണിക്കുന്നവര്‍


പൗരത്വ നിയമം പോലെ തന്നെ പ്രാധാന്യമുള്ളതാണ്‌ ജാതി സെന്‍സസും. ഇന്ത്യാ മുന്നണി ആ വിഷയത്തിലും ധാരണയുണ്ടാക്കുകയും കോണ്‍ഗ്രസ്‌ നേതാവ്‌ രാഹുല്‍ ഗാന്ധി പരസ്യമായി പ്രഖ്യാപിക്കുകയും ചെയ്‌തിട്ടുള്ളതാണ്‌. എന്നാല്‍ കേരളത്തില്‍ ഇന്ത്യാ മുന്നണിയില്‍ ഉള്‍പ്പെട്ട പാര്‍ട്ടികള്‍ ആരും ജാതി സെന്‍സസ്‌ രാഷ്‌ട്രീയ പ്രശ്‌നമായി അവതരിപ്പിക്കുന്നില്ല. സി.പി.എമ്മിന്‌ ബഹുജനാടിത്തറയുള്ള കേരളത്തില്‍പ്പോലും മൊത്തം ജനസംഖ്യയുടെ പകുതിയിലധികം വരുന്ന വിഭാഗങ്ങളെ ബാധിക്കുന്ന ജാതി സെന്‍സസ്‌ ഉന്നയിക്കാത്തത്‌ ഒരു പ്രഹേളികയായി തുടരുന്നു.

മിത്തുകള്‍ക്കുപരിയായി കേരളത്തിലെ മുസ്ലിംകളുടെ സാമൂഹിക സ്‌ഥിതിയും അറിയേണ്ടതുണ്ട്‌. കേരളത്തില്‍ ദളിത്‌ ൈക്രസ്‌തവര്‍, വേളാര്‍ സമുദായം/കുശവന്‍, വിവിധ മതവിശ്വാസികളായ മുക്കുവ സമുദായം, ഏറെ പിന്നാക്കാവസ്‌ഥയിലുള്ള ആദിവാസി ഗോത്രങ്ങള്‍ മുതല്‍ മറ്റു പിന്നാക്ക സമുദായങ്ങള്‍ വരെയുള്ള അനവധിയായ വിഭാഗങ്ങള്‍ ജാതി സെന്‍സസിനെ വളരെ പ്രതീക്ഷയോടെ കാത്തിരിപ്പുണ്ട്‌. എന്നാല്‍ അവരെയെല്ലാം നിരാശരാക്കി ഇവിടുത്തെ പാര്‍ട്ടികള്‍ ജാതി സെന്‍സസിനെ സംബന്ധിച്ച്‌ നിശബ്‌ദരായിരിക്കുകയാണ്‌.

വടകര സീറ്റില്‍ യു.ഡി.എഫ്‌. സ്‌ഥാനാര്‍ത്ഥിയായിരുന്ന ഷാഫി പറമ്പിലിനെ വര്‍ഗീയ വാദിയെന്ന്‌ മുദ്രകുത്താനുള്ള സിപി.എം. ശ്രമം ഈ പശ്‌ചാത്തലത്തില്‍ പരിശോധിക്കുന്നത്‌ രസാവഹമായിരിക്കും. കോണ്‍ഗ്രസ്‌ ഐയുടെ മുസ്ലീം സമുദായത്തില്‍പ്പെട്ട ഏക സ്‌ഥാനാര്‍ത്ഥിയാണ്‌ ഷാഫി പറമ്പില്‍. ഇടതു-വലതു മുന്നണികളുടെ രണ്ടു കൂട്ടരുടേയും ആകെ മുസ്ലീം സ്‌ഥാനാര്‍ത്ഥികള്‍ രണ്ടു പേരാണ്‌. ആലപ്പുഴയില്‍ സി.പി.എമ്മിന്റെന്റെ എ.എം. ആരിഫും, ഷാഫിയും. ഷാഫിയെ വര്‍ഗീയവാദിയെന്ന്‌ ചിത്രീകരിക്കുമ്പോള്‍ സി.പി.എം. മാത്രമാണ്‌ വര്‍ഗീയത തൊട്ടുതീണ്ടാത്ത മതേതര മുസ്ലീമിനെ സ്‌ഥാനാര്‍ത്ഥിയാക്കിയ പ്രസ്‌ഥാനമെന്ന്‌ അവര്‍ അവകാശപ്പെടുന്നു.

സ്‌ഥാനാര്‍ഥിയെ നിശ്‌ചയിക്കുമ്പോള്‍ മണ്ഡലത്തിലെ സാമുദായിക ബലാബലവും മറ്റും നോക്കുന്നതില്‍ കോണ്‍ഗ്രസുള്‍പ്പെടെയുള്ള വ്യവസ്‌ഥാപിത പാര്‍ട്ടികളില്‍നിന്ന്‌ സി.പി.എമ്മിന്‌ എന്തെങ്കിലും പ്രത്യേകത അവകാശപ്പെടാനുണ്ടോ? അങ്ങനെയെങ്കില്‍ കഴിഞ്ഞ തവണ പാലക്കാട്‌ നിയമസഭാ സീറ്റില്‍ ഷാഫി പറമ്പില്‍ മത്സരിച്ചപ്പോള്‍ സി.പി.എം. അത്തരമൊരു ആക്ഷേപം ഉയര്‍ത്തിയോ? എതിര്‍ സ്‌ഥാനാര്‍ത്ഥിയുടെ സമുദായ, ജാതി ഘടകങ്ങള്‍ തങ്ങളുടെ രാഷ്‌ട്രീയ ഘടകങ്ങളെ നിര്‍വീര്യമാക്കികളയുമോയെന്ന ഭയം ശരിയായ രാഷ്‌ട്രീയം ഉയര്‍ത്തുന്നവര്‍ക്ക്‌ സ്വാഭാവികമായും ഉണ്ടാകാം. വൈകാരികത കൂടുതലായുള്ള സമുദായങ്ങളില്‍നിന്ന്‌ ഒരു സ്‌ഥാനാര്‍ഥി ഉണ്ടാകുമ്പോള്‍ അയാളോടുണ്ടാകുന്ന വൈകാരിക അടുപ്പം കൂടുതലായിരിക്കും. അതിനെ വര്‍ഗീയതയെന്ന്‌ മുദ്രകുത്തുന്നതില്‍ അര്‍ഥമില്ല. സി.പി.എം അത്‌ ചൂഷണം ചെയ്യുവാന്‍ മുന്നില്‍ നില്‍്‌ക്കുന്ന ഒരു പാര്‍ട്ടിയാണ്‌. അതുകൊണ്ട്‌ പെട്ടെന്നൊരു ദിവസം അതെല്ലാം വര്‍ഗീയതയാണെന്ന്‌ പ്രചരിപ്പിക്കുമ്പോള്‍ അത്‌ സ്വാഭാവികമായും ചില സമുദായങ്ങളെ ഒറ്റപ്പെടുത്തുന്നതായിത്തീരും. പ്രത്യേകിച്ചും സവര്‍ണേതര സമൂഹങ്ങളെയായിരിക്കും.

സമൂഹത്തില്‍ അധികാര പ്രാപ്‌തിയും പ്രാതിനിധ്യവും കുറവുള്ള വിഭാഗങ്ങളെ പ്രത്യേക പരിഗണനയോടെ സ്‌ഥാനാര്‍ഥികളാക്കുന്നത്‌ ഡോ. റാം മനോഹര്‍ ലോഹ്യയുടെ രാഷ്‌ട്രീയാധികാര സിദ്ധാന്തപ്രകാരം സോഷ്യലിസ്‌റ്റ് പ്രസ്‌ഥാനം ഇന്ത്യയില്‍ വ്യാപകമായി പ്രയോഗിച്ചിട്ടുള്ളതാണ്‌. അത്തരം വിശാലവും മഹത്തരവുമായ ലക്ഷ്യത്തോടെയുള്ള പ്രവര്‍ത്തനവും സമുദായ പ്രീണന ലക്ഷ്യത്തോടെ നടത്തുന്ന സ്‌ഥാനാര്‍്‌ഥി നിര്‍ണയവും തമ്മിലുള്ള വ്യത്യാസം നിര്‍ണയിക്കുവാന്‍ വലിയ പ്രയാസമാണ്‌. ഒരു നേര്‍രേഖയായി ആ വ്യത്യസ്‌തതകളെ കാണുകയാണെങ്കില്‍ അധികാരം പിടിക്കാനുള്ള അവസരവാദം ആ രേഖയെ നേര്‍ത്തില്ലാതെയാക്കും. കമ്യൂണിസ്‌റ്റുകള്‍ മേല്‍ പറഞ്ഞ അധികാര പ്രാപ്‌തിയുടെ സാമൂഹിക ഘടകങ്ങളെ ഒരിക്കലും മനസിലാക്കാത്തവരാണ്‌. അവര്‍ വര്‍ഗ=സമരം മാത്രം ഒറ്റമൂലിയായി കാണുന്നു. കോണ്‍ഗ്രസുള്‍പ്പെടെയുള്ള എല്ലാ വ്യവസ്‌ഥാപിത കക്ഷികളും സാമൂഹികവശങ്ങളെ കാണാത്തവര്‍ തന്നെ. ഡോ. ലോഹ്യ സാമൂഹികവശങ്ങള്‍ക്ക്‌ രാഷ്‌ട്രീയത്തില്‍ പ്രാധാന്യം കൊടുത്തപ്പോള്‍ ഒരിക്കലും അത്‌ സാമ്പത്തികവും രാഷ്‌ട്രീയവും സാംസ്‌കാരികവുമായ ഘടകങ്ങളെ ഒട്ടും അപ്രധാനമാക്കിയിരുന്നില്ല. എന്നാല്‍ പിന്നീട്‌ അദ്ദേഹത്തിന്റെ കാലശേഷം ആ വിശാല ലക്ഷ്യങ്ങളെ അവഗണിച്ച്‌ ജാതി രാഷ്‌ട്രീയമായി അത്‌ പരിണമിച്ചത്‌ ഖേദകരമാണ്‌.

അവസരവാദപരമായ രാഷ്‌ട്രീയത്തെ ആദര്‍ശരാഷ്‌ട്രീയമായി ചിത്രീകരിച്ച്‌ മുതലെടുക്കുന്നത്‌ സമൂഹത്തില്‍ ഉണ്ടാക്കുന്ന ദൂരവ്യാപകമായ പ്രത്യാഘാതം മനസിലാക്കാതെ നടത്തുന്ന പ്രചാരണ പ്രവര്‍ത്തനങ്ങള്‍ ആരുടെ ഭാഗത്തുനിന്നുണ്ടായാലും അപലപനീയമാണ്‌. അതുപോലെ വിശാലവും മഹത്തരവുമായ ലക്ഷ്യങ്ങളെ കാറ്റില്‍ പറത്തി അവസരവാദ സമുദായക്കളി രാഷ്‌ട്രീയത്തെ കീഴടക്കുന്നതും വന്‍ വിപത്താണ്‌. പ്രത്യേകിച്ചും ഹിന്ദുത്വ രാഷ്‌ട്രീയം ഉയര്‍ത്തിപ്പിടിക്കുന്ന ശ്രേണീബദ്ധമായ ബ്രാമ്‌ണവാദം പ്രച്‌ഛന്നവേഷത്തില്‍ അവതരിപ്പിച്ച്‌ ആദിവാസി, ദളിത്‌, മറ്റു പിന്നാക്ക, ന്യൂനപക്ഷ, സ്‌ത്രീ പ്രാതിനിധ്യമെന്ന കാപട്യം വലിയ വിഭാഗം ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച ഈ കാലഘട്ടത്തില്‍. ഹിന്ദുത്വ രാഷ്‌ട്രീയത്തിന്റെ മുഖംമൂടിയായി കുറേക്കാലത്തേക്കുകൂടി അത്തരം തന്ത്രങ്ങള്‍ ഇറക്കുമെന്നതിനാല്‍, അത്‌ ഗൗരവമായി രാഷ്‌ട്രീയത്തെ കാണുന്നവര്‍ ഇടപെടേണ്ട ഒരു പ്രശ്‌നമാണ്‌.

2024 മെയ് 12 മംഗളം ദിനപത്രം

അഡ്വ. ജോഷി ജേക്കബ്‌


( ലേഖകന്റെ ഫോണ്‍: 9447347230. )

https://www.mangalam.com/news/detail/708960-opinion.html

0 പ്രതികരണം: