2009/07/31

വിമോചനസമരത്തിന്റെ അമ്പതാം വാര്‍ഷികം

അമിതാധികാരം ജനം പൊറുക്കില്ല
തമ്പാന്‍ തോമസ്

ഇന്ന് 1959ല്‍ നടന്ന വിമോചനസമരം ജനാധിപത്യവിരുദ്ധവും അവിശുദ്ധവുമാണെന്നും മറിച്ച് ജനാധിപത്യവും പൌരാവകാശങ്ങള്‍ നിലനിര്‍ത്താന്‍ നടത്തിയതാണെന്നും ഉള്ള രണ്ടഭിപ്രായങ്ങള്‍ പ്രബലങ്ങളായിട്ടുണ്ട്.
1957ല്‍ കേരളത്തില്‍ നടന്ന ആദ്യതെരഞ്ഞെടുപ്പാണ് ബാലറ്റുപേപ്പറിലൂടെ ലോകത്തില്‍ ആദ്യമായി കമ്യൂണിസ്റ്റ് പാര്‍ട്ടിയെ അധികാരത്തിലെത്തിച്ചതെന്ന് അവകാശപ്പെടുന്നു. ആ തെരഞ്ഞെടുപ്പ് ഒരു ബഹുകോണ മല്‍സരമായിരുന്നു. കാര്യമായ മുന്നണികള്‍ ഒന്നുമില്ലാതെ അവിഭക്ത കമ്യൂണിസ്റ്റ്പാര്‍ട്ടിയും കോണ്‍ഗ്രസും ആര്‍.എസ്.പിയും കെ.എസ്.പിയും പി.എസ്.പി, ലീഗ് സഖ്യങ്ങളുമൊക്കെ തനിച്ചു മല്‍സരിച്ച തെരഞ്ഞെടുപ്പ്. കമ്യൂണിസ്റ്റ്പാര്‍ട്ടിക്ക് ഒറ്റക്ക് മന്ത്രിസഭ രൂപപ്പെടുത്താന്‍ കേവലഭൂരിപക്ഷം കിട്ടി. കേവലം 35 ശതമാനം സമ്മതിദായകരുടെ പിന്തുണ മാത്രമാണ് അവര്‍ക്കുണ്ടായിരുന്നത്. അത്തരമൊരു സര്‍ക്കാര്‍ ജനതാല്‍പര്യം അവഗണിച്ച് പാര്‍ട്ടി താല്‍പര്യങ്ങള്‍ക്കുവേണ്ടി മാത്രം പ്രവര്‍ത്തിക്കുമ്പോള്‍ അതിനെതിരെയാണ് സമരം നടന്നത്. അത്തരം ജനവിരുദ്ധഗവണ്‍മെന്റുകളെ പിരിച്ചുവിടുന്നതില്‍ ധാര്‍മികമായ തെറ്റൊന്നുമില്ല.

വിമോചനസമരം യഥാര്‍ഥത്തില്‍ ഒരു വിദ്യാര്‍ഥി സമരത്തില്‍നിന്നാണ് രൂപമെടുത്തത്. അക്കാലയളവില്‍ ഈ ലേഖകന്‍ ആലുവ യു.സി കോളജിലെ യൂനിയന്‍ സെക്രട്ടറിയും, കേരളത്തിലെ പ്രബല വിദ്യാര്‍ഥിസംഘടനയായ ഐ.എസ്.ഒയുടെ സംസ്ഥാനസെക്രട്ടറിയും ആയിരുന്നു. 1958ല്‍ കമ്യൂണിസ്റ്റ്പാര്‍ട്ടിക്കാരായ ട്രാന്‍സ്പോര്‍ട്ട്ജീവനക്കാരും മഹാരാജാസ്കോളജിലെ വിദ്യാര്‍ഥികളും തമ്മില്‍ ബോട്ടുജെട്ടിയില്‍ ഉണ്ടായ സംഘര്‍ഷങ്ങള്‍ സംസ്ഥാനവ്യാപകമായ വിദ്യാര്‍ഥിസമരമായി മാറി. വിദ്യാര്‍ഥികളുടെ ബസ്^ബോട്ട് നിരക്ക് വര്‍ധിപ്പിച്ചതായിരുന്നു പ്രക്ഷോഭത്തിനു കാരണം. വിദ്യാര്‍ഥികള്‍ക്ക് നേതൃത്വം കൊടുത്തത് മഹാരാജാസ് കോളജില്‍ എം. കൃഷ്ണമേനോന്‍, വയലാര്‍ രവി, കെ.എം. റോയി എന്നിവരും സെന്റ് ആല്‍ബര്‍ട്ട്സില്‍ എ.സി. ജോസ്, കെ.ടി. തോമസ് (മുന്‍ സുപ്രീംകോടതി ജഡ്ജി), ലോകോളജില്‍ പി.എം. മുഹമ്മദലി, കെ.ആര്‍. കുറുപ്പ് തുടങ്ങിയവരായിരുന്നു. മത്തായി മാഞ്ഞൂരാന്‍ വിദ്യാര്‍ഥികള്‍ക്ക് പിന്തുണ നല്‍കി. പോലിസ് ലാത്തിച്ചാര്‍ജിലും പഠിപ്പുമുടക്കിലും എത്തിച്ചേര്‍ന്ന സമരം പിന്നീട് മത്തായി മാഞ്ഞൂരാന്റെ നേതൃത്വത്തില്‍ അന്നത്തെ മുഖ്യമന്ത്രി ഇ.എം.എസുമായി നടന്ന സംഭാഷണങ്ങളിലൂടെ ഒത്തുതീര്‍പ്പായി. 1959 അധ്യയന വര്‍ഷാരംഭത്തില്‍ വീണ്ടും വിദ്യാര്‍ഥികളുടെ ബോട്ടുനിരക്ക് വര്‍ധിപ്പിച്ചതിനെത്തുടര്‍ന്ന് പി.എം. മുഹമ്മദാലിയുടെ നേതൃത്വത്തില്‍ ഐ.എസ്.ഒക്കാര്‍ പുളിങ്കുന്നില്‍ ബോട്ട് പിടിച്ചുകെട്ടി. തുടര്‍ന്നുണ്ടായ വിദ്യാര്‍ഥിപ്രക്ഷോഭത്തിനുനേരെ കമ്യൂണിസ്റ്റ് പാര്‍ട്ടിക്കാര്‍ അക്രമങ്ങള്‍ അഴിച്ചുവിട്ടു. ചെങ്ങന്നൂരില്‍ ചന്ദ്രന്‍ എന്ന യുവാവ് കൊല്ലപ്പെട്ടു.

സര്‍ക്കാര്‍ തങ്ങളുടേതാകയാല്‍ സംസ്ഥാനത്തുടനീളം പാര്‍ട്ടിസെല്ലുകള്‍ ഭരണാധികാരം നിയന്ത്രിക്കാന്‍ തുടങ്ങി. കോടതികളില്‍നിന്ന് സമന്‍സ് അയക്കുന്നതുപോലെ നോട്ടീസ് അയച്ച് കക്ഷികളെ വരുത്തി സെല്‍കമ്മിറ്റികള്‍ തീര്‍പ്പു കല്‍പ്പിച്ചു. പാര്‍ട്ടിസഖാക്കളുടെ ഈ ഇടപെടല്‍ വളരെവേഗം സെല്‍ഭരണം എന്ന അപരനാമം നേടി. വിദ്യാര്‍ഥികള്‍ നടത്തുന്ന സമരങ്ങളുടെ നേരെ പോലിസുകാര്‍ക്കൊപ്പം പാര്‍ട്ടിപ്രവര്‍ത്തകര്‍ സംഘര്‍ഷങ്ങള്‍ അഴിച്ചുവിട്ടു. വിദ്യാര്‍ഥിസമരംമൂലം കലുഷമായ അന്തരീക്ഷത്തില്‍ ഭരണകൂടത്തിനെതിരെ തിരിഞ്ഞ ക്രിസ്ത്യന്‍, നായര്‍സമുദായങ്ങള്‍ പ്രക്ഷോഭം ഏറ്റെടുത്തു. സെല്‍ ഭരണം അവസാനിപ്പിക്കുക, കുട്ടി സഖാക്കള്‍ പോലിസായാല്‍, പട്ടാളപ്പണി ഞങ്ങളെടുക്കും എന്നീ മുദ്രാവാക്യവുമായി ജനസഹസ്രങ്ങള്‍ തെരുവിലിറങ്ങി.

ഇതിനിടെ കൊല്ലത്ത് ചേര്‍ന്ന പ്രജാ സോഷ്യലിസ്റ്റ് പാര്‍ട്ടിയുടെ സമ്മേളനം പട്ടംതാണുപിള്ള, പി.കെ. കുഞ്ഞ്, ബി.സി.വര്‍ഗീസ്, സി.ജി. ജനാര്‍ദനന്‍, പൊന്നറ ശ്രീധര്‍, അരങ്ങില്‍ ശ്രീധരന്‍, പി.എം. കുഞ്ഞിരാമന്‍നമ്പ്യാര്‍, പി.ആര്‍. കുറുപ്പ്, പി. വിശ്വംഭരന്‍, വി.പി.പി. നമ്പൂതിരി തുടങ്ങിയവരുടെ നേതൃത്വത്തില്‍ പ്രക്ഷോഭങ്ങളെ സഹായിക്കാന്‍ തീരുമാനമെടുത്തു. എന്‍. ശ്രീകണ്ഠന്‍നായര്‍, ടി.കെ. ദിവാകരന്‍, ബേബിജോണ്‍ എല്ലാം ഉള്‍പ്പെടുന്ന ആര്‍.എസ്.പിയും സമരത്തില്‍ പങ്കുചേര്‍ന്നു. മലബാറില്‍ കാട്ടാമ്പള്ളിയിലും മുതുകാട്ടിലും അരങ്ങില്‍ ശ്രീധരന്‍, പി.ആര്‍. കുറുപ്പ്, കുഞ്ഞിരാമക്കുറുപ്പ് തുടങ്ങിയവരുടെ നേതൃത്വത്തില്‍ നടത്തിയ കര്‍ഷകസമരം സര്‍ക്കാറിനെതിരെയുള്ള ബഹുജന സമരമായി. തൃശൂര്‍ ജില്ലയില്‍ പുതുക്കാട്, വരന്തരപ്പള്ളി, അന്തിക്കാട് തുടങ്ങിയ പ്രദേശങ്ങളില്‍ ഓട്ടുകമ്പനി തൊഴിലാളികളും കമ്യൂണിസ്റ്റ് പാര്‍ട്ടിക്കാരും തമ്മില്‍ നടന്ന സംഘര്‍ഷങ്ങളും ബഹുജനസമരമായി മാറി. വിദ്യാര്‍ഥികളും തൊഴിലാളികളും കര്‍ഷകരും ആരംഭിച്ച സമരങ്ങളെ നേരിടാന്‍ പോലിസിനേക്കാള്‍ ഉപരി പാര്‍ട്ടി സഖാക്കള്‍ ഇടപെട്ടത് സമരത്തിന് ജനപിന്തുണ വര്‍ധിപ്പിച്ചു. ഈയവസരത്തില്‍ കേരള ഗവണ്‍മെന്റിന്റെ വിദ്യാഭ്യാസ നയങ്ങള്‍ക്കെതിരെ ശക്തമായ നിലപാടെടുത്ത കത്തോലിക്ക, നായര്‍, സമുദായങ്ങള്‍ പ്രക്ഷോഭങ്ങളുടെ നടുക്കളത്തേക്ക് മന്നത്ത് പത്മനാഭന്റെയും മറ്റും നേതൃത്വത്തില്‍ മുന്നോട്ടുവന്നു.

സംസ്ഥാന വ്യാപകമായി സമരത്തെ നേരിടാന്‍ പോലിസ് വെടിവെപ്പുകളും ലാത്തിച്ചാര്‍ജുകളും തുടങ്ങി. അങ്കമാലിയില്‍ കുഞ്ഞവര പൌലോസ് എന്ന വിദ്യാര്‍ഥിയടക്കം ഏഴുപേര്‍ പോലിസ് വെടിവെപ്പില്‍ മരിച്ചു. വലിയതുറയില്‍ ഫ്ലോറി എന്ന ഗര്‍ഭിണിയായ മല്‍സ്യത്തൊഴിലാളി മരിച്ചതോടെ തീരപ്രദേശമാകെ ഇളകിമറിഞ്ഞു. 18 ആളുകളാണ് പോലിസ് വെടിവെപ്പിലും ലാത്തിച്ചാര്‍ജിലുമായി ജീവനൊടുക്കിയത്. മുദ്രാവാക്യങ്ങളുമായി ആബാലവൃദ്ധം ജനങ്ങള്‍ തെരുവിലിറങ്ങി. സര്‍ക്കാര്‍ ഓഫീസുകള്‍ സ്തംഭിച്ചു. കമ്യൂണിസ്റ്റ്പാര്‍ട്ടിക്ക് ഇതിനെ ചെറുത്തു തോല്‍പിക്കാന്‍ കഴിഞ്ഞില്ല. എങ്കിലും പാര്‍ട്ടിയിലെ എം.എല്‍.എമാര്‍ ഒറ്റക്കെട്ടായി നിന്നു.

പോലിസും പാര്‍ട്ടി സഖാക്കളും ഒരുമിച്ചുള്ള ആക്രമണപരമ്പരയാണ് സംസ്ഥാനത്തെമ്പാടും നടന്നത്. ഇത് സമരരംഗം പ്രക്ഷുബ്ധമാക്കി. വിദ്യാര്‍ഥി സമരം എല്ലാ വിദ്യാലയങ്ങളിലേക്കും വ്യാപിച്ചു. കേരളത്തിലെ സ്റ്റുഡന്റ്സ് ഫെഡറേഷന്‍ ഒഴികെയുള്ള എല്ലാ വിദ്യാര്‍ഥിസംഘടനകളും യോജിച്ച് വിദ്യാര്‍ഥി സമരസമിതി രൂപവത്കരിച്ചു. ഈ സമരസമിതിയുടെ ആദ്യകണ്‍വീനര്‍ ആര്‍.എസ്.പി നിയന്ത്രണത്തിലുള്ള പ്രോഗ്രസീവ് സ്റ്റുഡന്റ്സ് യൂനിയനിലെ വി.പി. രാമകൃഷ്ണപിള്ളയായിരുന്നു. സമരസമിതി വിദ്യാര്‍ഥികളുടെ 18 അടിയന്തരാവശ്യങ്ങളടങ്ങുന്ന ഒരു മെമ്മോറാണ്ടം മുഖ്യമന്ത്രിക്ക് സമര്‍പ്പിച്ചു. സംസ്ഥാനത്ത് ഒട്ടാകെ തുടര്‍ച്ചയായ പഠിപ്പുമുടക്കലുണ്ടായി. ആയിരക്കണക്കിന് വിദ്യാര്‍ഥികള്‍ അറസ്റ്റുവരിച്ച് ജയിലുകള്‍ നിറച്ചു. വിദ്യാര്‍ഥിപ്രക്ഷോഭങ്ങളുടെ നേരെ പോലിസ് ലാത്തിച്ചാര്‍ജും ടിയര്‍ഗ്യാസ്പ്രയോഗവും വെടിവെപ്പും ഉണ്ടായി. കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള കമ്യൂണിസ്റ്റിതര പാര്‍ട്ടിയുടെ അണികള്‍ പൂര്‍ണമായും സമരം ഏറ്റെടുത്തു. കമ്യൂണിസ്റ്റ് അക്രമങ്ങള്‍ നേരിടാന്‍ പ്രാദേശിക സന്നദ്ധസേനകള്‍ രൂപപ്പെട്ടു. കെ.പി.സി.സി നേതൃത്വം ഔപചാരികമായി സമരത്തിന് പിന്തുണ പ്രഖ്യാപിച്ചില്ലെങ്കിലും സംസ്ഥാനത്തൊട്ടാകെ കോണ്‍ഗ്രസ് അണികള്‍ സമരരംഗത്തായി. കമ്യൂണിസ്റ്റ്ഭരണത്തില്‍ ആര്‍.എസ്.പി നേതൃത്വത്തിലുള്ള കശുവണ്ടി തൊഴിലാളികള്‍ നടത്തിയ പ്രക്ഷോഭങ്ങള്‍ ചന്ദനത്തോപ്പില്‍ വെടിവെപ്പില്‍ കലാശിച്ചു. മൂന്നാറിലും തേയിലത്തോട്ട തൊഴിലാളികള്‍ക്കുനേരെ വെടിവെപ്പുണ്ടായി. കോണ്‍ഗ്രസ് ഒരു രാഷ്ട്രീയ കക്ഷി എന്ന നിലയില്‍ ആദ്യഘട്ടങ്ങളില്‍ ഈ പ്രക്ഷോഭങ്ങളില്‍ ഉണ്ടായിരുന്നില്ല. സി.കെ. ഗോവിന്ദന്‍നായര്‍, കെ.സി. എബ്രഹാം, ആര്‍. ശങ്കര്‍ തുടങ്ങിയവര്‍ പി.എസ്.പി, കെ.എസ്.പി, ആര്‍.എസ്.പി നേതാക്കളെ പോലെ സമരരംഗത്ത് സജീവമായിരുന്നില്ല.

വ്യവസ്ഥാപിതഭരണകൂടം ഉപയോഗിച്ച് പാര്‍ട്ടിസഖാക്കള്‍ ഭരണകര്‍ത്താക്കളായത് ജനങ്ങളെ ചൊടിപ്പിച്ചു. പോലിസ്സ്റ്റേഷനുകളിലും സര്‍ക്കാര്‍ ഓഫീസുകളിലും സബ് ഇന്‍സ്പെക്ടര്‍ക്കും സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കും ഒപ്പം കസേര നല്‍കി അവരുടെ നിര്‍ദേശപ്രകാരം പ്രവര്‍ത്തിക്കുന്നു എന്നതാണ് ഏറ്റവും കൂടുതല്‍ എതിര്‍പ്പുണ്ടാക്കിയത്. എപ്പോഴൊക്കെ അമിതാധികാര ശക്തികള്‍ ഭരണം നിയന്ത്രിക്കാന്‍ ശ്രമിക്കുന്നുവോ അപ്പോഴെല്ലാം ജനങ്ങള്‍ അതിനെതിരെ പ്രതികരിച്ചിട്ടുണ്ട്. 1975ലെ അടിയന്തരാവസ്ഥയും ഇന്ത്യയിലുടനീളം പ്രതികരണമുണ്ടായത് സഞ്ജയ്ഗാന്ധിയുടെയും അനുയായികളുടെയും അമിതാധികാര പ്രവര്‍ത്തനങ്ങളുടെ ഫലമായിട്ടാണ്.

1959ലെ വിമോചനസമരം യഥാര്‍ഥത്തില്‍ വിദ്യാര്‍ഥികള്‍ ആരംഭിച്ച പ്രക്ഷോഭം കര്‍ഷകരും തൊഴിലാളികളും ജനങ്ങളും ഏറ്റെടുത്തതാണ്. പോലിസ് വെടിവെപ്പിലൂടെയും ആക്രമണത്തിലൂടെയും ജനങ്ങളെ അടിച്ചമര്‍ത്താമെന്ന ഗവണ്‍മെന്റിന്റെ നയമാണ് സമരത്തെ ചൂടുപിടിപ്പിച്ചത്. കേന്ദ്രഗവണ്‍മെന്റ് ഇടപെട്ട് ഇ.എം.എസ് മന്ത്രിസഭ പിരിച്ചുവിട്ടില്ലായിരുന്നെങ്കില്‍ മറ്റൊരു വലിയ ആഭ്യന്തരകലാപത്തിലേക്ക് കേരളം വഴുതിവീഴുമായിരുന്നു. 1973^74ല്‍ ബീഹാറിലും ഗുജറാത്തിലും ജയപ്രകാശ്നാരായണന്റെ നേതൃത്വത്തില്‍ നടന്ന വമ്പിച്ച പ്രക്ഷോഭങ്ങള്‍ തെരഞ്ഞെടുക്കപ്പെട്ട ഗവണ്‍മെന്റുകളെ പിരിച്ചുവിടാനായിരുന്നു. സി.പി.എം ഉള്‍പ്പെടെ ഇടതുപക്ഷകക്ഷികള്‍ പിന്തുണ നല്‍കിയ സമരങ്ങളാണവ. ഈ പ്രക്ഷോഭങ്ങളാണ് പിന്നീട് കേന്ദ്രത്തിലും ഒട്ടുമിക്ക സംസ്ഥാനങ്ങളിലും വ്യാപിച്ച വന്‍ സമരമായിത്തീര്‍ന്നത്.

ഇത്തരം സമരങ്ങള്‍ക്കുശേഷം നടന്ന തെരഞ്ഞെടുപ്പുകളുടെ ഫലം വിലയിരുത്തിയാല്‍ ബാലറ്റിലൂടെ ജനങ്ങള്‍ സമരങ്ങളില്‍ ഉന്നയിച്ച ആവശ്യങ്ങളെ അംഗീകരിക്കുന്നു എന്നാണ് വെളിവാകുന്നത്. തെരഞ്ഞെടുപ്പുഫലം വിമോചനസമരത്തെയും ബീഹാര്‍, ഗുജറാത്ത് സമരങ്ങളെയും ന്യായീകരിക്കുന്നു. അതിനാല്‍ 50 വര്‍ഷംമുമ്പ് കേരളത്തില്‍ നടന്ന വിമോചന സമരത്തിലും ജെ.പിയുടെ പ്രക്ഷോഭങ്ങളിലും ധാര്‍മികവും നൈതികവുമായ തെറ്റുകള്‍ കാണാന്‍ കഴിയില്ല. ജനകീയ പ്രക്ഷോഭങ്ങള്‍ ജനങ്ങളുടെ അഭിപ്രായം രൂപവത്കരിക്കപ്പെടുന്ന ശില്‍പശാലകളാണ്. ഒരു ഭരണകൂടത്തിന്റെ ദുശ്ചെയ്തികള്‍ക്കെതിരെ സംഘടിക്കാനും സമരം ചെയ്യാനുമുള്ള അവകാശം ഏറ്റവും മൌലികമായ ജനകീയാവകാശമാണ്. വ്യവസ്ഥാപിതമായ ഭരണസംവിധാനത്തില്‍ അമിതാധികാര ശക്തികള്‍ ഭരണകാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നത് ഒരു ജനാധിപത്യസമ്പ്രദായം വെച്ചുപൊറുപ്പിക്കില്ല. ജനങ്ങളുടെ സ്വാതന്ത്ര്യത്തിനുമേല്‍ പാര്‍ട്ടി തീരുമാനങ്ങള്‍ അടിച്ചേല്‍പിക്കുന്നത് അമിതാധികാരശക്തികളുടെ അധികാര ദുര്‍വിനിയോഗമാണ്. ഈ പാര്‍ലമെന്റ് തെരഞ്ഞെടുപ്പിലും ജനങ്ങള്‍ നടത്തിയ വിധിയെഴുത്ത് നിശãബ്ദമായി ഈ യാഥാര്‍ഥ്യങ്ങള്‍ അംഗീകരിക്കുന്നവയാണ്.

ഹിന്ദ് മസ്ദൂര്‍‍ സഭയുടെ ദേശീയ അദ്ധ്യക്ഷനാണു് ലേഖകന്‍‍‍
കടപ്പാടു് മാധ്യമം ദിനപ്പത്രം 2009 ജൂലയ് 31

2009/07/07

ഗവര്‍ണരുടെ നടപടി ഫെഡറല്‍‍ പാര്‍ലമെന്ററി വ്യവസ്ഥയ്ക്കെതിരെയുള്ള കടന്നാക്രമണമല്ല- ജോഷി

കോട്ടയം : സംഘത്തലവനെ മുറിവേല്‍പ്പിക്കാനിടയായാല്‍ ഒരു അധോലോകസംഘം കാട്ടിക്കൂട്ടുന്ന അക്രമങ്ങളോട് സമാനമാണ് ലാവലിന്‍ കേസില്‍ ഗവര്‍ണ്ണറുടെ തീരുമാനത്തിന്റെ പേരില്‍ ഒറ്റപ്പെട്ടതെങ്കിലും സി. പി. എം. അഴിച്ചുവിട്ട അക്രമങ്ങളെന്ന് സോഷ്യലിസ്റ്റ് നേതാവ് അഡ്വ. ജോഷി ജേക്കബ് അഭിപ്രായപ്പെട്ടു. ഒരു രാഷ്ട്രീയകക്ഷി ആ വിധത്തില്‍ തരം താഴാമോ എന്ന് സി. പി. എമ്മിലെ നേതാക്കള്‍ ചിന്തിക്കണം. ആരെയെങ്കിലും ഭയപ്പെടുത്തി ആധിപത്യമുറപ്പിക്കാമെന്ന വ്യാമോഹമാണെങ്കില്‍ ജനങ്ങളില്‍നിന്ന് കൂടുതല്‍ അകലുവാനേ അത് ഇടയാക്കുകയുള്ളു.

നിഷിപ്ത താല്പര്യത്തിന്റെ വക്താവ് എന്നതുപോലെ നിരുത്തരവാദപരമായ അഭിപ്രായങ്ങള്‍ പ്രകടിപ്പിച്ച ആഭ്യന്തര മന്ത്രി കോടിയേരി ബാലകൃഷ്ണന്‍ ഗവര്‍ണ്ണരുടെ തീരുമാനത്തെക്കുറിച്ച് മുഖ്യമന്ത്രി പറഞ്ഞതിന്റെ വെളിച്ചത്തില്‍ മന്ത്രിസഭയില്‍ നിന്നും രാജി വെയ്ക്കുകയാണ് വേണ്ടത്.

ഗവര്‍ണ്ണറുടെ നടപടികളെ ഫെഡറല്‍പാര്‍ലമെന്ററി വ്യവസ്ഥയ്ക്കെതിരെയുള്ള കടന്നാക്രമണമായി ചിത്രീകരിക്കുവാന്‍ നടത്തുന്ന ശ്രമം പാഴ്‍‍വേലയാണ്. കഴിഞ്ഞ മന്‍മോഹന്‍ സിംഹ് സര്‍ക്കാരിനെ സി. പി. എം. പിന്‍താങ്ങിയിരുന്ന കാലഘട്ടത്തില്‍ ത്സാര്‍ഖണ്ഡിലും ഗോവയിലും കേന്ദ്ര സര്‍ക്കാര്‍ ഗവര്‍ണ്ണര്‍മാരെ കരുവാക്കി നടത്തിയ കാലുമാറ്റ രാഷ്ട്രീയക്കളികളെ സി. പി. എം. പിന്തുണയ്ക്കുകയാണ് ചെയ്തത്.

എന്നാല്‍ ലാവലിന്‍ കേസില്‍ ഗവര്‍ണ്ണര്‍ മന്ത്രിസഭയുടെ ശുപാര്‍ശകളെ നിരാകരിച്ചതില്‍ രാഷ്ട്രീയപ്രശ്നമല്ല ഉള്‍ക്കൊള്ളുന്നത്. പ്രഥമദൃഷ്ട്യാ തെളിവുകള്‍ നിരത്തിയിട്ടും നിയമത്തിനുമുന്നില്‍ എല്ലാ പൌരന്‍മാരും തുല്യരാണെന്ന ഭരണഘടനയുടെ അടിസ്ഥാന തത്വം കുഴിച്ചുമൂടും വിധം പിണറായി വിജയനെ പ്രതിയാക്കുന്നതിന് അനുമതി നിഷേധിക്കുവാന്‍ കിണഞ്ഞുശ്രമിച്ച മന്ത്രിസഭയാണ് രാഷ്ട്രീയ പ്രേരിതമായി പ്രവര്‍ത്തിച്ചത്. ഗവര്‍ണറുടെ കാര്യത്തില്‍ സി. പി. എം. പറയുന്ന യുക്തി, രാഷ്ട്രീയ തീരുമാനപ്രകാരം നിയമിതനായ അഡ്വക്കേറ്റ് ജനറലിനും ബാധകമാണ്.

പിണറായി വിജയനെ പ്രതിസ്ഥാനത്ത് ചേര്‍ത്തത് രാഷ്ട്രീയ പ്രേരിതമാണെന്ന് വാദത്തിനുവേണ്ടി സമ്മതിച്ചാല്‍ പോലും തെളിവുകളുടെ അടിസ്ഥാനത്തില്‍ കോടതിയില്‍ വിചാരണ നേരിടണമെന്നല്ലാതെ മറ്റ് യാതൊരു ബാദ്ധ്യതയും അതുണ്ടാക്കുന്നില്ല. മുന്‍കൂര്‍ തടവോ അറസ്റ്റോ പോലും വേണ്ടിവരാത്ത സാഹചര്യത്തില്‍ കുറ്റാരോപിതനായി എന്നതൊഴിച്ച് യാതൊരവകാശങ്ങളും ഹനിക്കപ്പെടുന്നുമില്ല. നിരപരാധിയാണെങ്കില്‍ കോടതിയില്‍ തെളിയിക്കാനും ദുരുദ്ദേശ്യത്തോടെ അന്യായമായി കേസില്‍ പ്രതിയാക്കിയവര്‍ക്കെതിരെ കേസ് കൊടുക്കുവാനും പിണറായി വിജയന് അവസരമുണ്ട്. ആ സാഹചര്യത്തില്‍ അനാവശ്യമായി അക്രമങ്ങളും വിവാദത്തിന്റെ ഒച്ചപ്പാടുകളും ഉണ്ടാക്കുന്നത് സി. പി. എം. നേരിടുന്ന ആശയപരവും രാഷ്ട്രീയവുമായ പ്രതിസന്ധിയുടെ ലക്ഷണമാണ്. പ്രോസിക്യൂഷന്‍ തീരുമാനത്തെ ജനാധിപത്യ രീതിവിട്ട് അസഹിഷ്ണമായി നേരിടുന്ന ശൈലിതുടര്‍ന്നാല്‍ സി. പി. എം. നകത്തെ പ്രതിസന്ധി മാത്രമല്ല ഇടതുമുന്നണിയിലെയും സംസ്ഥാന സര്‍ക്കാരിലെയും പ്രതിസന്ധികളും രൂക്ഷമാകും.

ലാവലിന്‍ അഴിമതിയെക്കുറിച്ചു പറയുവാനുള്ള കോണ്‍ഗ്രസിന്റെ അവകാശം ചോദ്യം ചെയ്യുവാന്‍ സി. പി. എം. ന്റെ ധാര്‍മ്മിക ശക്തി ചോര്‍ന്ന് പോയിരിക്കുകയാണ് ലാവലിന്‍ കമ്പനിയുമായി കേന്ദ്രത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍ ഏര്‍പ്പാടുകള്‍ക്ക് തുനിയുന്നത് ചോദ്യം ചെയ്യുവാന്‍ ആരോപണത്തിന്റെ നിഴലില്‍ നില്‍ക്കുന്ന നേതാവിനെയും ചുമലിലേറ്റി സി. പി. എം. ന് കഴിയില്ല. തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് ആണവകരാറിന്റെ ഭാഗമായി അഴിമതിക്കേസില്‍ പ്രതിയായ കുപ്രസിദ്ധ ലാവലിന്‍ കമ്പനിയുമായി ഇടപാടുകള്‍ക്ക് ചര്‍ച്ച നടത്തിയ മന്‍മോഹന്‍ സിംഗ് സര്‍ക്കാറിന്റെ നടപടി പിണറായി വിജയനെ കവച്ചുവയ്ക്കുന്ന കോണ്‍ഗ്രസ് കുംഭകോണത്തിനാണെന്ന് സംശയിക്കാവുന്നതാണ്.

സംസ്ഥാനത്തിന്റെ ഖജനാവ് കൊള്ളയടിക്കാനും അതില്‍ ഭരണാധികാരികളുടെ വീതം ഒപ്പിക്കാനും ഉതകുന്ന കണ്‍സള്‍ട്ടന്‍സി എന്ന ഏര്‍പ്പാട് ഉള്‍പ്പെടെയുള്ള വിദേശ ചൂഷണത്തെക്കുറിച്ചാണ് ചര്‍ച്ചകള്‍ ഉണ്ടാകേണ്ടത്. എന്നാല്‍ യു. ഡി. എഫും, എല്‍. ഡി. എഫും. അത്തരം അടിസ്ഥാന പ്രശ്നങ്ങളില്‍ നിന്ന് ശ്രദ്ധതിരിക്കുവാന്‍ മന:പൂര്‍വ്വം ഒച്ചപ്പാടുണ്ടാക്കുകയാണ്.

2009/04/15

സമാജ്‌വാദി ജനപരിഷത്തിന്റെ തെരഞ്ഞെടുപ്പു്പ്രചരണ പര്യടനം പൂര്‍ത്തിയായി


കോട്ടയം കോട്ടയം ബാറിലെ അഭിഭാഷകനായ ജയ്‌മോന്‍ തങ്കച്ചന്‍ സമാജ്‌വാദി ജനപരിഷത്തിന്റെ കേരളത്തിലെ ആദ്യത് ലോക്‌സഭാ സ്ഥാനാര്‍ത്ഥിയാണ്‌.നിരവധി ജനകീയസമരങ്ങളില്‍ പങ്കെടുത്തിട്ടുള്ള ഈ 39 കാരന്റെ കന്നിയങ്കമാണിത്‌. ഗ്ലാസ്‌ ടംബ്ലറാണ്‌ ചിഹ്നം.


വിദ്യാര്‍ഥിയായിരിക്കുമ്പോള്‍ സോഷ്യലിസ്റ്റ്‌ പ്രസ്ഥാനത്തില്‍ ആകൃഷ്ടനായി. 1992 മുതല്‍ലോഹിയാ വിചാരവേദിയില്‍ പ്രവര്‍ത്തനം തുടങ്ങി. ഡങ്കല്‍ വിരുദ്ധജാഥ, പൂയംകുട്ടി പദ്ധതിവിരുദ്ധ പദയാത്ര, പ്ലാച്ചിമടയിലെ കൊക്കക്കോള വിരുദ്ധസമരം തുടങ്ങിയവയില്‍ പങ്കാളിയാണ്‌. ദളിത്‌ ക്രൈസ്‌തവര്‍, മിശ്രവിവാഹിതരുടെ മക്കള്‍ തുടങ്ങിയ വിഭാഗങ്ങളെ ഏകോപിപ്പിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്നു. സമാജ്‌വാദി ജനപരിഷത്തിന്റെ കോട്ടയം ജില്ലാ ജനറല്‍ സെക്രട്ടറിയുമാണ്‌ ഈ കടപ്പൂര്‍സ്വദേശി. സ്‌കൂളധ്യാപികയായ ശാലിനിയാണ്‌ ഭാര്യ. ആര്‍ദ്ര മകളും.

ലോക്‌സഭാ മണ്ഡലത്തിലെ പിന്നാക്കം നില്‍ക്കുന്ന പ്രദേശങ്ങളിലുള്‍പ്പെടെ ചെന്ന്‌ സമ്മതിദായകരെ നേരില്‍ക്കണ്ട്‌ വോട്ടുചോദിക്കുകയാണ്‌ ജയ്‌മോന്‍. അവരുടെ പ്രശ്‌നങ്ങള്‍ കണ്ടുമനസ്സിലാക്കുയും ചെയ്യുന്നു.


 കോട്ടയം ലോകസഭാമണ്ഡലത്തിലെ മാതൃകാ ബാലറ്റ്




2009/04/11

സാമ്രാജ്യത്വവിധേയരുടെ വിപ്ലവ മുഖംമൂടി

ഡോ. ആസാദ്‌ 

മുഖ്യധാരാ രാഷ്ട്രീയപ്രസ്ഥാനങ്ങളെല്ലാം ഇടതുവലതുഭേദമില്ലാതെ സാമ്രാജ്യത്വ ആഗോളീകരണത്തിന്റെ നയസമീപനങ്ങള്‍ക്ക്‌ കീഴ്‌പെട്ടുകഴിഞ്ഞ സന്ദര്‍ഭത്തിലാണ്‌ പതിനഞ്ചാം ലോകസഭാ തിരഞ്ഞെടുപ്പ്‌ നടക്കുന്നത്‌. 
എല്‍.ഡി.എഫ്‌., യു.ഡി.എഫ്‌., ബി.ജെ.പി. എന്നിങ്ങനെയുള്ള മൂന്ന്‌ പ്രബല ചേരികളാണല്ലോ കേരളത്തിലുള്ളത്‌. ഈ മൂന്നു ചേരികളും ഒരേ സാമ്പത്തിക വികസനനയങ്ങളില്‍ എത്തിപ്പെട്ടിരിക്കുന്നു. സാമ്രാജ്യത്വ ധനകാര്യസ്ഥാപനങ്ങളെ വന്‍തോതില്‍ ആശ്രയിക്കാനും ഊഹമൂലധനശക്തികള്‍ക്ക്‌ സ്വാഗതമരുളാനും ഇവരെല്ലാം മുന്നിലുണ്ട്‌. വികസ്വരരാഷ്ട്രങ്ങളുടെ സാമ്പത്തിക, രാഷ്ട്രീയ ഘടനകള്‍ പുതുക്കിപ്പണിയാനുള്ള സാമ്രാജ്യത്വത്തിന്റെ ഗവണ്‍മെന്റ്‌ നവീകരണപദ്ധതി (ങംജ) കള്‍ക്ക്‌ കളമൊരുക്കിക്കൊടുക്കുന്നതും മറ്റാരുമല്ല. ഇതുമൂലം പഴയ സോഷ്യലിസ്റ്റനുഭാവമുള്ള സാമ്പത്തികാസൂത്രണ പദ്ധതികളുടെയും മനോഭാവത്തിന്റെയും ചിറകുകളാണ്‌ അരിഞ്ഞുവീഴ്‌ത്തപ്പെട്ടത്‌. 
പൊതുമേഖലാ സംരംഭങ്ങള്‍ തകര്‍ക്കപ്പെടുകയോ നിര്‍ജീവമാക്കപ്പെടുകയോ ചെയ്‌തു. ക്ഷേമപ്രവര്‍ത്തനങ്ങള്‍ മന്ദഗതിയിലായി. ഭൂരഹിതരുടെയും തൊഴില്‍ രഹിതരുടെയും എണ്ണം വര്‍ധിച്ചു. ഒരുഭാഗത്ത്‌ വന്‍കിട കൈയേറ്റങ്ങള്‍ വര്‍ധിച്ചപ്പോള്‍ മറുഭാഗത്ത്‌ ഭൂമിയില്‍നിന്നു കുടിയിറക്കപ്പെടുന്നവരുടെ എണ്ണം വര്‍ധിച്ചു. ആരോഗ്യമേഖല വന്‍കിട ഔഷധകുത്തകകളുടെ കൈവെള്ളയിലമര്‍ന്നു. വിദ്യാഭ്യാസം ധന മാഫിയാസംഘങ്ങളും സാമുദായികശക്തികളും കച്ചവടസംരംഭമാക്കി. തൊഴില്‍ശാലകള്‍ അടച്ചുപൂട്ടുകയായി. സ്വകാര്യസംരംഭകര്‍ക്ക്‌ ഒരു തൊഴില്‍നിയമവും ബാധകമല്ലാതെ അഴിഞ്ഞാടാന്‍ അവസരം നല്‌കി. കുടിവെള്ളം വില്‌പനച്ചരക്കാക്കി. പ്രകൃതിവിഭവങ്ങള്‍ വലിയ തോതില്‍ കൊള്ളയടിക്കപ്പെട്ടു. ഈ നയങ്ങളുടെ പേരില്‍ നമ്മുടെ നാട്ടില്‍ സമരങ്ങളുടെ വേലിയേറ്റമുണ്ടായില്ല. സമരപ്രസ്ഥാനങ്ങള്‍ മിതവാദികളോ മുതലാളിത്ത പക്ഷപാതികളോ ആയി മാറി. 
ഇത്തരമൊരു സാഹചര്യത്തില്‍ ലോക്‌സഭാ തിരഞ്ഞെടുപ്പു വരുമ്പോള്‍ സ്വാഭാവികമായും ചര്‍ച്ച ചെയ്യപ്പെടേണ്ടത്‌ ജനങ്ങളുടെ ജീവല്‍പ്രശ്‌നങ്ങളാണ്‌. അവ ചര്‍ച്ചയ്‌ക്കുവന്നാല്‍ അതിനെ അഭിമുഖീകരിക്കാനുള്ള കെല്‌പ്‌ മുഖ്യധാരാ രാഷ്ട്രീയപ്രസ്ഥാനങ്ങള്‍ക്കില്ല. അതിനാല്‍ അവരെല്ലാം വ്യാജപ്രശ്‌നങ്ങള്‍ ഉയര്‍ത്തുകയാണ്‌. അവിശുദ്ധവും രാജ്യത്തിന്റെ ഭാവിക്ക്‌ അപകടകരവുമായ കൂട്ടുകെട്ടുകളില്‍ ഏര്‍പ്പെട്ടിരിക്കുകയാണ്‌. സാമുദായികശക്തികളെ വന്‍തോതിലാണ്‌ ഇക്കൂട്ടര്‍ ആശ്രയിക്കുന്നത്‌. വിവിധ ജാതി, മത, സമുദായ വിഭാഗങ്ങളില്‍പ്പെട്ട സാധാരണ മനുഷ്യരുടെ പൊതുവായ പ്രശ്‌നങ്ങള്‍ക്ക്‌ പരിഹാരം കാണേണ്ട രാഷ്ട്രീയപ്രസ്ഥാനങ്ങള്‍ പണമേധാവിത്വത്തിനും സാമ്രാജ്യത്വത്തിനും വഴങ്ങി അതിന്റെ ജീര്‍ണതകളെയും വാരിപ്പുണരുകയാണ്‌. വര്‍ഗീയ ലഹളകളിലേക്ക്‌ നയിക്കുംവിധമുള്ള ഭൂരിപക്ഷ, ന്യൂനപക്ഷ വര്‍ഗീയതകളുടെ ചേരിതിരിവിന്‌ സഹായകരമാം വിധത്തിലാണ്‌ പിണറായി വിജയന്‍- മഅദനി ബന്ധം രൂപപ്പെട്ടിരിക്കുന്നത്‌. ഇത്തരം അവിശുദ്ധബന്ധങ്ങള്‍ വലതുപക്ഷ പ്രസ്ഥാനങ്ങള്‍ക്ക്‌ മുമ്പേ ശീലവുമാണ്‌. 
നവമുതലാളിത്തത്തിന്റെ സാമ്പത്തിക, വികസന നയങ്ങള്‍ പിന്തുടരുമ്പോള്‍ അവയുടെ ജീര്‍ണതകള്‍ കടന്നുകയറുക എളുപ്പമാണ്‌. '90-കളുടെ മധ്യത്തോടെ ഇടതുപക്ഷം, വിശേഷിച്ചും സി.പി.എം. നാലാംലോകം വഴി എത്തിപ്പെട്ടത്‌ സാമ്രാജ്യത്വവികസന പാതയിലാണ്‌. അതിന്റെ സ്വാഭാവികമായ പരിണതിയാണ്‌ ലാവലിന്‍കേസ്‌. അതിന്റെ ഓരോ ചുവടിലും പ്രകടമായ രാഷ്ട്രീയവ്യതിയാനമുണ്ട്‌. ബെല്‍ എന്ന പൊതുമേഖലാസ്ഥാപനത്തെ നിരാകരിച്ചതിലും ബാലാനന്ദന്‍ കമ്മിറ്റി റിപ്പോര്‍ട്ട്‌ തള്ളിക്കളഞ്ഞതിലും കോഴയാകാമെന്നു തീരുമാനിച്ചതിലുമെല്ലാം അതു പ്രകടമാണ്‌. 
വലിയ സാമ്രാജ്യത്വവിരുദ്ധതയുടെ മുഖംമൂടിയണിഞ്ഞാണ്‌ ഇവരെല്ലാം വോട്ട്‌ തേടുന്നത്‌. സാമ്രാജ്യത്വാനുകൂല സാമ്പത്തിക, വികസനനയങ്ങള്‍ നടപ്പാക്കുന്നവര്‍ സാമ്രാജ്യത്വവിരുദ്ധരാകുന്നത്‌ എങ്ങനെയാണ്‌? ആണവക്കരാറിന്റെയും ഇസ്രായേല്‍ ബന്ധത്തിന്റെയും കാര്യമാണ്‌ ചിലര്‍ ഉയര്‍ത്തുന്നത്‌. ശീതയുദ്ധത്തെത്തുടര്‍ന്ന്‌ 1991-ല്‍ പുത്തന്‍ സാമ്പത്തികനയവും അമേരിക്കാനുകൂലമായി ചേരിചേരാ നയത്തില്‍ വന്ന മാറ്റവുമാണ്‌ രണ്ടിനും അടിസ്ഥാനം. നരസിംഹറാവു ഗവണ്‍മെന്റാണ്‌ രണ്ടിനും തുടക്കം കുറിച്ചത്‌. തുടര്‍ന്നുവന്ന ബി.ജെ.പി. ഗവണ്‍മെന്റും ഇപ്പോള്‍ കാലാവധി തീരുന്ന യു.പി.എ. ഗവണ്‍മെന്റും പലപ്പോഴായി ആണവക്കരാറിന്റെ മുന്നുപാധികളില്‍ ഒപ്പിട്ടിരുന്നു. ഇതിന്റെ ഭാഗമായി പലപ്പോഴും അമേരിക്കന്‍ സൈനികവിമാനങ്ങള്‍ ഇന്ത്യയിലെത്തി. സംയുക്താഭ്യാസപരിശീലനങ്ങള്‍ നടന്നു. അപ്പോഴൊന്നും കനത്ത പ്രതിഷേധമുയര്‍ത്താന്‍ ഇടതുപക്ഷത്തിനും കഴിഞ്ഞില്ല. തിരഞ്ഞെടുപ്പിനു തൊട്ടുമുമ്പാണ്‌ 'നല്ല ബുദ്ധി' തോന്നുന്നത്‌. ഇസ്രായേല്‍ വിഷയവും അങ്ങനെത്തന്നെ. നരസിംഹറാവു ഗവണ്‍മെന്റ്‌ ഇസ്രായേലിന്‌ അംഗീകാരം നല്‌കിയത്‌ സാമ്രാജ്യത്വ സമ്മര്‍ദംമൂലമാണ്‌. തുടര്‍ന്നുവന്ന കോണ്‍ഗ്രസ്‌, ബി.ജെ.പി. മുന്നണി സര്‍ക്കാറുകള്‍ക്കും ഇടതുപക്ഷപിന്തുണയുള്ള സര്‍ക്കാറിനും ഇസ്രായേലിനുള്ള അംഗീകാരം പിന്‍വലിക്കാന്‍ കഴിഞ്ഞില്ല. മുസ്‌ലിം ഭൂരിപക്ഷപ്രദേശങ്ങളില്‍ ഇപ്പോള്‍ പരസ്‌പരം ചളിവാരിയെറിയുന്നത്‌ ഇസ്രായേലിന്റെ പേരിലാണ്‌. 
ചുരുക്കത്തില്‍ മുന്നണികള്‍ തമ്മില്‍ അവ സ്വീകരിക്കുന്ന രാഷ്ട്രീയ, സാമ്പത്തിക നയങ്ങളുടെ കാര്യത്തില്‍ ഒരു വ്യത്യാസവുമില്ലാതായിരിക്കുന്നു. ദേശീയ പ്രസ്ഥാനത്തിന്റെയും തൊഴിലാളിവര്‍ഗ പ്രസ്ഥാനങ്ങളുടെയും പാരമ്പര്യമുള്ള ഒരു പുതിയ പ്രസ്ഥാനം അനിവാര്യമായിട്ടുണ്ട്‌. ഇടതുപക്ഷ ഏകോപനസമിതി ഈ ലക്ഷ്യത്തോടെയാണ്‌ തിരഞ്ഞെടുപ്പിനെ നേരിടുന്നത്‌. 

കടപ്പാടു് : ഏപ്രില്‍‍‍ 11 2009 മാതൃഭൂമി

മുന്നണികള്‍‍ക്കു് പുറത്തുള്ള രാഷ്ട്രീയം സ്വാധീനമാര്‍‍ജിയ്ക്കം - ജോഷി

കൂത്താട്ടുകുളം:  കേരളത്തില്‍ എല്‍ ഡി എഫ് –യു ഡി എ ഫ് – ഭാ ജ പ മുന്നണികളെ അപ്രസക്തമാക്കിക്കൊണ്ടുള്ള ജനകീയ രാഷ്ട്രീയം വളര്‍‍ച്ച നേടുമെന്നു് സമാജവാദി ജനപരിഷത്തു്  ദേശീയ ഉപാദ്ധ്യക്ഷന്‍ അഡ്വ. ജോഷി ജേക്കബ്  പ്രസ്താവിച്ചു. സമാജവാദി ജനപരിഷത്തിനു്സ്ഥാനാര്‍ഥിയില്ലാത്ത ലോകസഭാ മണ്ഡലങ്ങളില്‍  ജനകീയ സമരപ്രസ്ഥാനങ്ങളുടെയും ആഗോളസല്ക്കരണവിരുദ്ധ പ്രസ്ഥാനങ്ങളുടെയും സ്ഥാനാര്‍ഥികളെ പിന്തുണയ്ക്കും.

 

തൃശൂര്‍ ലോകസഭാ മണ്ഡലത്തില്‍  മുരിയാട് കര്‍ഷക മുന്നേറ്റം സ്ഥാനാര്‍ഥി കുഞ്ഞന്‍ പുലയനെയും എറണാകുളം ലോകസഭാ മണ്ഡലത്തില്‍ മൂലമ്പിള്ളി  കോ-ഓര്‍ഡിനേഷന്‍ കമ്മറ്റി സ്ഥാനാര്‍ഥി മേരി ഫ്രാന്‍സിസിനെയും  എംസിപിഐ –യുണൈറ്റഡ് ( The Marxist Communist Party of India-United [ MCPI-U] ) മത്സരിക്കുന്ന,ചാലക്കുടിയില്‍ ടി.എസ്‌. നാരായണനെയും കൊല്ലത്തു് പി. കൃഷ്‌ണമ്മാളിനെയും  ഇടതുപക്ഷഏകോപന സമിതി മത്സരിക്കുന്ന,പൊന്നാനിയില്‍ഡോ. ആസാദിനെയും പാലക്കാട്ട് എം.ആര്‍.മുരളിയെയും കോഴിക്കോട് മണ്ഡലത്തില്‍ അഡ്വ. കുമാരന്‍ കുട്ടിയെയും വടകരയില്‍ടി.പി.ചന്ദ്രശേഖരനെയും ആറ്റിങ്ങലില്‍ എം ജയകുമാറിനെയും ആണു് സമാജവാദി ജനപരിഷത്തു് പിന്തുണയ്ക്കുന്നതു്. കോട്ടയം ലോകസഭാ മണ്ഡലത്തില്‍  സമാജവാദി ജനപരിഷത്തു് സ്ഥാനാര്‍ഥി അഡ്വ. ജയ്‌മോന്‍ തങ്കച്ചന്‍‍ മത്സരിക്കുന്നുണ്ടു്.

പോരാട്ടവീര്യത്തോടെ ഇവരും.....

മാതൃഭൂമി

കോട്ടയം: വോട്ടിന്റെ കണക്കുകള്‍ക്കപ്പുറം തങ്ങള്‍ പ്രതിനിധീകരിക്കുന്ന രാഷ്‌ട്രീയ പ്രസ്ഥാനങ്ങളുടെ ആശയങ്ങളും ആദര്‍ശങ്ങളും ജനങ്ങളിലെത്തിക്കുകയും നാടിന്റെ പ്രശ്‌നങ്ങളില്‍ സജീവമായി ഇടപെടുകയും ചെയ്യുന്ന ചില സ്ഥാനാര്‍ത്ഥികള്‍കൂടി കോട്ടയത്ത്‌ തിരഞ്ഞെടുപ്പുഗോദായിലുണ്ട്‌. 

അവരില്‍, സമാജ്‌വാദി ജനപരിഷത്തിന്റെ അഡ്വ.ജയ്‌മോന്‍ തങ്കച്ചന്‍, ബി.എസ്‌.പി.യുടെ അഡ്വ.സ്‌പെന്‍സര്‍ മാര്‍ക്കസ്‌, സി.പി.ഐ. (എം.എല്‍.)സ്ഥാനാര്‍ത്ഥി ശശിക്കുട്ടന്‍ വാകത്താനം എന്നിവര്‍ മണ്ഡലത്തില്‍ ശ്രദ്ധേയരാണ്‌. 

കോട്ടയം ബാറിലെ അഭിഭാഷകനായ ജയ്‌മോന്‍ തങ്കച്ചന്‍ സമാജ്‌വാദി ജനപരിഷത്തിന്റെ കേരളത്തിലെ ആദ്യത്തെ ലോക്‌സഭാ സ്ഥാനാര്‍ത്ഥിയാണ്‌. നിരവധി ജനകീയസമരങ്ങളില്‍ പങ്കെടുത്തിട്ടുള്ള ഈ 39 കാരന്റെ കന്നിയങ്കമാണിത്‌. ഗ്ലാസ്‌ ടംബ്ലറാണ്‌ ചിഹ്നം. 

വിദ്യാര്‍ഥിയായിരിക്കുമ്പോള്‍ സോഷ്യലിസ്റ്റ്‌ പ്രസ്ഥാനത്തില്‍ ആകൃഷ്ടനായി. 1992 മുതല്‍ ലോഹ്യാവിചാരവേദിയില്‍ പ്രവര്‍ത്തനം തുടങ്ങി. ഡങ്കല്‍ വിരുദ്ധജാഥ, പൂയംകുട്ടി പദ്ധതിവിരുദ്ധ പദയാത്ര, പ്ലാച്ചിമടയിലെ കൊക്കക്കോള വിരുദ്ധസമരം തുടങ്ങിയവയില്‍ പങ്കാളിയാണ്‌. ദളിത്‌ ക്രൈസ്‌തവര്‍, മിശ്രവിവാഹിതരുടെ മക്കള്‍ തുടങ്ങിയ വിഭാഗങ്ങളെ ഏകോപിപ്പിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്നു. സമാജ്‌വാദി ജനപരിഷത്തിന്റെ കോട്ടയം ജില്ലാ ജനറല്‍ സെക്രട്ടറിയുമാണ്‌ ഈ കടപ്പൂര്‍സ്വദേശി. സ്‌കൂളധ്യാപികയായ ശാലിനിയാണ്‌ ഭാര്യ. ആര്‍ദ്ര മകളും. 

ലോക്‌സഭാ മണ്ഡലത്തിലെ പിന്നാക്കം നില്‍ക്കുന്ന പ്രദേശങ്ങളിലുള്‍പ്പെടെ ചെന്ന്‌ സമ്മതിദായകരെ നേരില്‍ക്കണ്ട്‌ വോട്ടുചോദിക്കുകയാണ്‌ ജയ്‌മോന്‍. അവരുടെ പ്രശ്‌നങ്ങള്‍ കണ്ടുമനസ്സിലാക്കുയും ചെയ്യുന്നു. 

ബി.എസ്‌.പി. സ്ഥാനാര്‍ത്ഥി അഡ്വ.സ്‌പെന്‍ഡര്‍ മാര്‍ക്കസ്‌ മത്സരിക്കുന്നത്‌ ആന ചിഹ്നത്തിലാണ്‌. കൊട്ടാരക്കര വിലങ്ങറ സ്വദേശിയായ ഈ നാല്‌പതുകാരന്‍ കൊല്ലം ബാറിലെ അഭിഭാഷകനാണ്‌. പാര്‍ട്ടിയുടെ മുന്‍ സംസ്ഥാനസമിതിയംഗമായ ഇദ്ദേഹത്തിന്‌ ഇത്‌ കന്നിയങ്കവും. അവിവാഹിതനാണ്‌. 

കേരളത്തിലെ ദളിത്‌-ആദിവാസി സമരങ്ങളുടെ മുന്നണിപ്പോരാളിയാണ്‌ ഇദ്ദേഹം. ആദിവാസിഭൂമിപ്രശ്‌നവുമായി ബന്ധപ്പെട്ട്‌ 1992ല്‍ സി.കെ.ജാനുവിന്റെ നേതൃത്വത്തില്‍ സെക്രട്ടേറിയറ്റിനുമുന്നില്‍ നടന്ന നിരാഹാരസമരം, 2000ല്‍ നടന്ന കുടില്‍കെട്ടിസമരം എന്നിവയുടെ കണ്‍വീനറായിരുന്നു സ്‌പെന്‍സര്‍. ചെങ്ങറ ഐക്യദാര്‍ഢ്യസമിതിയുടെ കണ്‍വീനര്‍മാരിലൊരാളുമാണ്‌. 

ദളിത്‌ ക്രൈസ്‌തവരുടെ സംവരണം, ഭൂമിയുടെ പ്രശ്‌നം തുടങ്ങിയവ ഉയര്‍ത്തിയാണ്‌ തിരഞ്ഞെടുപ്പുപ്രചാരണം. ഗ്രാമങ്ങളും ഉള്‍പ്രദേശങ്ങളും കോളനികളും കേന്ദ്രീകരിച്ച്‌ ഊര്‍ജ്ജിതമായ പ്രചാരണം നടത്തുന്നുണ്ട്‌. 

സി.പി.ഐ. (എം.എല്‍.) സ്ഥാനാര്‍ത്ഥി ശശിക്കുട്ടന്‍ വാകത്താനം കവിയും ശില്‌പിയുമാണ്‌. 15 വര്‍ഷമായി പാര്‍ട്ടിയുടെ സജീവപ്രവര്‍ത്തകനായ ഇദ്ദേഹം ജില്ലാ സെക്രട്ടേറിയറ്റംഗം, കള്‍ച്ചറല്‍ ഫോറം ജില്ലാ കണ്‍വീനര്‍ എന്നീ ചുമതലകളും വഹിക്കുന്നു. സിവില്‍ എന്‍ജിനിയറിങ്ങില്‍ ഡിപ്ലോമയുണ്ട്‌ ഈ 53 കാരന്‌. 'ഒരുപിടി മണ്ണ്‌', 'സ്വാതന്ത്ര്യത്തിന്റെ നാനാര്‍ത്ഥങ്ങള്‍' എന്നീ കവിതാസമാഹാരങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്‌. 

തിരഞ്ഞെടുപ്പ്‌ വര്‍ഗ്ഗസമരത്തിനുള്ള പോരാട്ടവേദിയായി ഇദ്ദേഹം കാണുന്നു. ജയപരാജയങ്ങള്‍ സാങ്കേതികം മാത്രം. ജനങ്ങളിലേക്കിറങ്ങിച്ചെന്ന്‌ രാഷ്‌ട്രീയനിലപാടുകള്‍ വിശദീകരിച്ച്‌ വോട്ടുതേടുകയാണ്‌ ഇദ്ദേഹം. നാട്ടുകാരില്‍നിന്നു പിരിവെടുത്ത്‌ കെട്ടിവയ്‌ക്കാനുള്ള തുക സ്വരൂപിച്ചു. പ്രചാരണത്തിനുള്ള ധനം സമാഹരിച്ചതും പൊതുജനങ്ങളില്‍നിന്നുതന്നെ. സി.പി.എം., കോണ്‍ഗ്രസ്‌, ബി.ജെ.പി. എന്നിവയ്‌ക്കെതിരെ ജനകീയജനാധിപത്യബദല്‍ എന്ന സന്ദേശം ഉയര്‍ത്തി തിരഞ്ഞെടുപ്പുപൊതുയോഗങ്ങളും വാഹനപര്യടനങ്ങളും സംഘടിപ്പിക്കുന്നുണ്ട്‌. ബീനയാണ്‌ ഭാര്യ. മീനു മകളും. പട്ടമാണ്‌  ശശിക്കുട്ടന്‍ വാകത്താനത്തിന്റെ തിരഞ്ഞെടുപ്പുചിഹ്നം. 

 

കടപ്പാടു് : ഏപ്രില്‍‍‍ 10 2009 മാതൃഭൂമി

2009/04/09

ഉള്ളടക്കം

1. ഭരണഘടനയുടെ ആമുഖത്തില്‍ 'സോഷ്യലിസം' തുടരാം
2. ഭരണഘടനയിലെ സോഷ്യലിസം
3. സോഷ്യലിസ്റ്റ് പുനരേകീകരണം യാഥാര്‍ഥ്യമാകുമെന്നു് സുരേന്ദ്രമോഹനന്‍
4. ചെങ്ങറ സമരം : മുഖ്യമന്ത്രി ഏതു്പക്ഷമെന്നു് വ്യക്തമാക്കണം
5. കേന്ദ്രസര്‍ക്കാര്‍ കര്‍ഷകദ്രോഹ നയം മാറ്റണമെന്നു് സമാജവാദി ജനപരിഷത്തു് ദേശീയ നിര്‍വാഹകസമിതി
6. സമാജവാദി ജനപരിഷത്ത് സംസ്ഥാന ശിബിരം വെള്ളിയാഴ്ച തുടങ്ങും
7. കേരളീയ സാമൂഹ്യവ്യവസ്ഥയില്‍ ജാതിയുടെ വിഷപ്പല്ലുകള്‍ ഇപ്പോഴും-- പെരുമ്പടവം ശ്രീധരന്‍
8. ജാതിസംവരണം സാമൂഹിക വിപ്ളവത്തിന്
9. യോഗേന്ദ്രയാദവിന്റെ കേരളപര്യടനം: 'മലയാള മനോരമ ' നല്കിയ വാര്‍ത്താപരിഗണന
10യോഗേന്ദ്രയാദവിന്റെ കേരളപര്യടനം: 'കോട്ടയം വാര്‍ത്ത' നല്കിയ വാര്‍ത്താപരിഗണന
11. ജാതി സംവരണം സമഗ്രമായസംവരണ നയത്തിലൂടെ സഫലമാക്കണം: യോഗേന്ദ്രയാദവ്
12 യോഗേന്ദ്രയാദവിന്റെ കേരളപര്യടനം: 'മംഗളം ദിനപത്രം' നല്കിയ വാര്‍ത്താപരിഗണന
13 കിഷന്‍ പട്‌നായക്‌ സ്‌മാരക ദേശീയ സെമിനാര്‍: 'കോട്ടയം വാര്‍ത്ത' നല്കിയ വാര്‍ത്താപരിഗണന
14ഷമിംമോദിയെ മോചിപ്പിക്കുക
15 ഭീകരതയ്‌ക്കെതിരെ സദ്‌ബുദ്ധി
16 കാര്‍ഷിക പ്രതിസന്ധിയെക്കുറിച്ച്‌ കേരള കര്‍ഷക മുന്നണി സെമിനാര്‍
17 അടിസ്ഥാനപ്രശ്‌നങ്ങളുമായി സമാജ്‌വാദി പരിഷത്ത്‌ തിരഞ്ഞെടുപ്പിനൊരുങ്ങി
18 സമാജവാദി ജനപരിഷത്ത് ഏഴിടത്ത് മത്സരിക്കും
19 വിദ്യാഭ്യാസ അവകാശ സമ്മേളനം നടത്തും
20 സംവരണനയം പരിഷ്‌കരിക്കണം - സമാജ്‌വാദി പരിഷത്ത്‌
21 സി.പി.എമ്മിന്‌ രാഷ്ട്രീയ പാപ്പരത്തം - സമാജ്‌വാദി പരിഷത്ത്‌
22 സമാജവാദി ജനപരിഷത്ത് തെരഞ്ഞെടുപ്പ് കണ്‍വന്‍ഷന്‍
23 ബദല്‍ രാഷ്ട്രീയം കെട്ടിപ്പടുക്കുക: ജോഷി ജേക്കബ്
24 കോട്ടയം മണ്ഡലം സമാജവാദി ജനപരിഷത്ത് തെരഞ്ഞെടുപ്പ് കമ്മിറ്റി
25 സമാജവാദി ജനപരിഷത്ത് സ്ഥാനാര്‍ത്ഥിയുടെ പിറവം നിയോജക മണ്ഡല പര്യടനം വെളളിയാഴ്ച തുടങ്ങും
26 സമാജവാദി ജനപരിഷത്ത് സ്ഥാനാര്‍ത്ഥിയുടെ തെരഞ്ഞെടുപ്പു്ചിഹ്നം ചില്ല് ഗ്ലാസ്
27 സമാജവാദി ജനപരിഷത്ത് തെരഞ്ഞെടുപ്പു് പ്രകടനപത്രിക-2009
28 മണ്‍കലത്തില്‍ നിന്ന്‌ വെള്ളം പകര്‍ന്ന്‌ വ്യത്യസ്‌തമായൊരു തുടക്കം, ഇതു് മാറ്റത്തിനുള്ള തുടക്കമണ്‌ - വിളയോടി വേണുഗോപാല്‍
29 പ്ലാച്ചിമടയെ ലോകത്തെത്തിച്ചവരെ ഇടതുമുന്നണി തഴഞ്ഞു- സാറാ ജോസഫ്‌
30 മേരി ഫ്രാന്‍സിസിന്റെ തിരഞ്ഞെടുപ്പ്‌ കണ്‍വെന്‍ഷന്‍
31 ഇന്നത്തെ വികസന നയം തിരുത്തണം
32 പ്രകടനപത്രികയുടെ പ്രസക്തി
33 പോരാട്ടവീര്യത്തോടെ ഇവരും.....
34 മുന്നണികള്‍‍ക്കു് പുറത്തുള്ള രാഷ്ട്രീയം സ്വാധീനമാര്‍‍ജിയ്ക്കം - ജോഷി
35.