2009/04/09

മേരി ഫ്രാന്‍സിസിന്റെ തിരഞ്ഞെടുപ്പ്‌ കണ്‍വെന്‍ഷന്‍


ഗോശ്രീ: മൂലമ്പിള്ളിയില്‍നിന്ന്‌ കുടിയൊഴിപ്പിക്കപ്പെട്ടവരുടെ പ്രശ്നങ്ങളുയര്‍ത്തി എറണാകുളം ലോക്സഭാ മണ്ഡലത്തില്‍ മൂലമ്പിള്ളി കോ-ഓര്‍ഡിനേഷന്‍ കമ്മറ്റി മത്സരിപ്പിക്കുന്ന  മേരി ഫ്രാന്‍സിസിന്റെ തിരഞ്ഞെടുപ്പ്‌ കണ്‍വെന്‍ഷന്‍ മാര്‍‍ച്ച് 29 ഞായറാഴ്‌ച രാവിലെ 11ന്‌ സാഹിത്യകാരി സാറാ ജോസഫ്‌ ഉദ്‌ഘാടനംചെയ്തു. സി. അച്യുതമേനോന്‍ഹാളിലായിരുന്നു കണ്‍വെന്‍ഷന്‍. 

വികസനത്തിന്റെ പേരില്‍ മൂലമ്പിള്ളിയില്‍ കുടിയിറക്കു നടത്തി ഒരു വര്‍ഷം കഴിഞ്ഞിട്ടും പുനരധിവാസ പാക്കേജ് പൂര്‍ണമായി നടപ്പാക്കാത്തതില്‍ സര്‍ക്കാരിനോടുള്ള പ്രതിഷേധത്തിന്റെ ഭാഗമായാണു മൂലമ്പിള്ളി കോ-ഓര്‍ഡിനേഷന്‍ കമ്മറ്റി മത്സരിക്കുന്നതു്. കേരളത്തിന്റെ മനഃസാക്ഷിയെ തൊട്ടുണര്‍ത്തിക്കൊണ്ട്  ഒന്നരമാസത്തോളം മൂലമ്പിള്ളി നിവാസികള്‍ കോ-ഓര്‍ഡിനേഷന്‍ കമ്മറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ സമരത്തിലൂടെ നേടിയെടുത്ത പുനരധിവാസ പാക്കേജ് അട്ടിമറിക്കാനുള്ള അണിയറ നീക്കങ്ങള്‍ നടക്കുന്നുവെന്നു് കോ-ഓര്‍ഡിനേഷന്‍ കമ്മറ്റി ജനറല്‍ കണ്‍വീനര്‍ ഫ്രാന്‍സിസ് കളത്തുങ്കല്‍ പറയുന്നു.

പുനരധിവാസം പൂര്‍ത്തിയാക്കിയെന്ന്  വരുത്തിത്തീര്‍ക്കുവാന്‍ വേണ്ടി മുഖ്യമന്ത്രിയെ പങ്കെടുപ്പിച്ചുകൊണ്ട് നടത്തിയ  പട്ടയമേള, വെറും പ്രഹസനമായിരുന്നെന്ന് തെളിഞ്ഞിരിക്കുകയാണ്. കോടതിയും സര്‍ക്കാരും അസന്നിഗ്ധമായി ഉത്തരവിട്ട അടിസ്ഥാന സൌകര്യങ്ങളോടുകൂടിയ എ ക്ളാസ് ഭൂമി നല്‍കുന്നതിനു പകരം  ചതുപ്പ് പ്രദേശങ്ങള്‍ പുനരധിവാസ ഭൂമിയെന്ന വ്യാജേന നല്‍കുവാനുള്ള ഗൂഢനീക്കത്തെ മൂലമ്പിള്ളി, മുളവുകാട്, ചേരാനെല്ലൂര്‍, ഏലൂര്‍ എന്നിവിടങ്ങളിലെ കുടുംബങ്ങള്‍ എതിര്‍ക്കുകയാണു്. സര്‍ക്കാരിന്റെ ഈ ജനവിരുദ്ധ നിലപാടിനെ തെരഞ്ഞെടുപ്പു് വിഷയമാക്കാനാണു്  കോ-ഓര്‍ഡിനേഷന്‍ കമ്മറ്റി ശ്രമിയ്ക്കുന്നതു്.

വല്ലാര്‍പാടം കണ്ടെയ്നര്‍ ടെര്‍മിനലിലുള്ള റോഡ്-റെയില്‍ കണക്ടിവിറ്റിക്കുവേണ്ടി കുടിയൊഴിപ്പിയ്ക്കുമ്പോഴുള്ള   മൂലമ്പിള്ളി പാക്കേജ്  മൂലമ്പിള്ളിക്കാര്‍ക്ക് മാത്രമുള്ള ഒരു പുനരധിവാസ പാക്കേജല്ലെന്നും അത് വരാനിരിക്കുന്ന മുഴുവന്‍ കുടിയൊഴിപ്പിക്കലിനും മാതൃകയാക്കേണ്ടുന്ന പുനരധിവാസ പാക്കേജാണെന്നും അവര്‍ ചൂണ്ടിക്കാണിയ്ക്കുന്നു. വല്ലാര്‍പാടം കണ്ടെയ്‌നര്‍ ടെര്‍മിനലിലേക്ക്‌ റോഡ്-റെയില്‍ ഗതാഗത മാര്‍ഗ്ഗം നിര്‍മ്മിക്കുന്നതിനു് വേണ്ടി എല്‍ഡിഎഫ് സര്‍ക്കാര്‍ 2008-ല്‍ മൂലമ്പിള്ളി ദ്വീപിലുള്ള പത്ത്‌ വീടുകള്‍ പൊളിച്ചു് മൂലമ്പിള്ളി നിവാസികളെ നിഷ്ഠൂരമായി കുടിയൊഴിപ്പിച്ചതിന്റെ വാര്‍ഷികം കഴിഞ്ഞ ഫിബ്രവരി ആറിനായിരുന്നു.വികസനത്തിന്‍െറ പേരില്‍ ഇതുപോലൊരു കുടിയിറക്ക് ഇനിയുണ്ടാവരുത്, പുനരധിവാസം നടപ്പാക്കിയശേഷം മാത്രമേ വികസനത്തിനു ഭൂമിയെടുക്കാവൂ എന്നിവയായിരിക്കും  തെരഞ്ഞെടുപ്പു വിഷയങ്ങള്‍. പുനരധിവാസപ്രദേശത്തെ അടിസ്ഥാനസൗകര്യം ഒരുക്കണമെന്നുസ്ഥലം വാസയോഗ്യമാക്കുമെന്നും മൂലമ്പിള്ളിയിലെ കുടുംബങ്ങള്‍ മുഖ്യമന്ത്രിക്കു തുറന്നകത്തു നല്‍കിയിട്ടു മാസങ്ങളായി. ഇതുവരെ നടപടിയൊന്നുമുണ്ടായിട്ടില്ല. തങ്ങള്‍ക്കു മുഖ്യമന്ത്രി നല്‍കിയ വാഗ്ദാനങ്ങള്‍ മണ്ഡലത്തില്‍ എല്ലായിടത്തും പ്രദര്‍ശിപ്പിച്ചായിരിക്കും പ്രചാരണം.

പുനരധിവാസഭൂമി സംബന്ധിച്ച കോടതി മാനദണ്ഡങ്ങളും സര്‍ക്കാര്‍ പാലിച്ചില്ലെന്ന്‌ ആരോപിയ്ക്കപ്പെടുന്നു കുടിയൊഴിപ്പിക്കപ്പെട്ടവരുടെ പ്രശ്നം പരിഹരിക്കുന്നതില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ഒരുപോലെ അലംഭാവം തുടരുകയാണ് .1894 ല്‍ ബ്രിട്ടീഷുകാര്‍  നടപ്പാക്കിയ പൊന്നുംവില നിയമമനുസരിച്ചാണ് ഇപ്പോഴും സര്‍ക്കാര്‍ ബലംപ്രയോഗിച്ചു ഭൂമി ഏറ്റെടുക്കുന്നതുംകുടിയൊഴിപ്പിക്കലുകള്‍ നടക്കുന്നതും. നഷ്ടപ്പെട്ട സ്ഥലത്തിന് പകരം സ്ഥലം എന്ന കാഴ്ചപ്പാടില്ലാത്തതും നക്കാപ്പിച്ച തുക മാത്രം കുടിയൊഴിപ്പിക്കപ്പെടുന്നവര്‍ക്ക് നല്‍കുന്നതുമായ നിയമം റദ്ദാക്കണമെന്നും വ്യക്തമായ പുനരധിവാസനിയമം പ്രഖ്യാപിക്കണമെന്നും കോ-ഓര്‍ഡിനേഷന്‍ കമ്മറ്റി തെരഞ്ഞെടുപ്പില്‍ ആവശ്യപ്പെടുന്നു. നന്ദീഗ്രാം സംഭവത്തെ തുടര്‍ന്ന് പുനരധിവാസനയം പ്രഖ്യാപിച്ചെങ്കിലും അത് നിയമമാക്കാനുള്ള ഒരു നടപടിയും സര്‍ക്കാരുകള്‍ സ്വീകരിച്ചിട്ടില്ല. ഈ വിഷയങ്ങള്‍ തെരഞ്ഞെടുപ്പ് വേദിയില്‍ കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി ഉയര്‍ത്തുന്നു.

മൂലമ്പിള്ളിയില്‍നിന്നും 2008 ഫെബ്രുവരി 6 ന് കുടിയൊഴിപ്പിക്കപ്പെട്ട പത്ത് കുടുംബങ്ങളിലൊന്നിന്റെ ഗൃഹനാഥയായിരുന്ന മേരി ഫ്രാന്‍സിസ് കുടിയൊഴിപ്പിക്കലിനെതിരെ കോ-ഓര്‍ഡിനേഷന്‍ കമ്മറ്റിയുടെ നേതൃത്വത്തില്‍ നടന്ന സമരത്തില്‍ സജീവമായി പങ്കെടുത്തിരുന്നു. മേരി ഫ്രാന്‍സിസിന്റെ കുടുംബത്തിന് ആകെയുണ്ടായിരുന്ന 24 സെന്റ് സ്ഥലവും വീടും പൂര്‍ണമായി ഏറ്റെടുത്തതിലുള്‍പ്പെടുന്നു. കുടുംബത്തിന്റെ ഉപജീവനമാര്‍ഗമായിരുന്ന ഭര്‍ത്താവ് പനയ്ക്കല്‍ ഫ്രാന്‍സിസിന്റെ മരപ്പണിശാലയും അന്ന് ഇടിച്ചുനിരത്തിയിരുന്നു. ഇപ്പോള്‍ ഭര്‍ത്താവിനും മകന്‍ ജോയ്സിക്കുമൊപ്പം ബന്ധുവീട്ടിലാണ് മേരി ഫ്രാന്‍സിസ് താമസം.

0 പ്രതികരണം:

അഭിപ്രായം പറയൂ

കുറിപ്പ്: ഈ ബ്ലോഗിലെ ഒരു അംഗത്തിനു മാത്രമേ അഭിപ്രായം പോസ്റ്റ് ചെയ്യാന്‍ കഴിയൂ.