2009/04/09

ഇന്നത്തെ വികസന നയം തിരുത്തണം

സമാജവാദി ജനപരിഷത്ത് അഖിലേന്ത്യാ ഉപാദ്ധ്യക്ഷന്‍ അഡ്വ. ജോഷി ജേക്കബ് സംസ്ഥാന പ്രസിഡന്റ് അഡ്വ. വിനോദ് പയ്യട, ജനറല്‍ സെക്രട്ടറി എബി ജോണ്‍ വന്‍നിലം എന്നിവര്‍ കോട്ടയം പ്രസ്  ക്ളബില്‍ 2009ഏപ്രില്‍ 2നു് നടത്തിയ പത്രസമ്മേളനത്തില്‍ പുറപ്പെടുവിച്ച പ്രസ്താവന.

 

 ജനങ്ങളുടെ അടിസ്ഥാനപ്രശ്നങ്ങള്‍ പൊതു തെരഞ്ഞെടുപ്പില്‍ മുക്കി കളയുവാനാണ് കോണ്‍ഗ്രസ്- ബി.ജെ.പി- ഇടതുപക്ഷ ചേരികള്‍ ശ്രമിയ്ക്കുന്നത്. മൂന്നാം മുന്നണിയെന്ന് പറയുന്നവരും വ്യത്യസ്തരല്ല. തെരഞ്ഞെടുപ്പിന് ശേഷം ഏതു ചേരിയില്‍ നിലയുറപ്പിയ്ക്കുമെന്ന് മൂന്നാം മുന്നണിയായി പറയുന്നവര്‍ക്ക് ഉറപ്പില്ലാത്തത്, കോണ്‍ഗ്രസ്- ബി.ജെ.പി ചേരികളില്‍ നിന്ന് വേറിട്ട യാതൊന്നും വാഗ്ദാനം ചെയ്യുവാനില്ലാത്തതുകൊണ്ടാണ്.

 

 മുപ്പത്തിയഞ്ച് കോടി ജനങ്ങളുടെ പട്ടിണി മാറ്റി അന്തസുള്ള ജീവിതം നല്‍കുന്നതിനെക്കുറിച്ച് വ്യവസ്ഥാപിത പാര്‍ട്ടികളെല്ലാം മൌനം പാലിയ്ക്കുന്നു. പരസ്യങ്ങളിലൂടെയും മറ്റും ഉപഭോഗ സംസ്കൃതി അടിച്ചേല്‍പ്പിക്കുന്നുണ്ടെങ്കിലും ഓരോ ദിവസവും സാധാരണക്കാരുടെ ജീവിത പ്രതിസന്ധി രൂക്ഷമാവുകയാണ്. അതിനെല്ലാം പുറമെയാണ് പ്രത്യേക സാമ്പത്തിക മേഖലകള്‍ക്കും മറ്റു വന്‍കിടപദ്ധതികള്‍ക്കും വേണ്ടി രാജ്യത്തിന്റെ മിക്കവാറും ഭാഗങ്ങളിലായി ലക്ഷക്കണക്കിനാളുകളെ കുടിയൊഴിപ്പിയ്ക്കുന്നത്. കിടപ്പാടങ്ങള്‍ തല്ലിത്തകര്‍ത്ത് മൂലമ്പിള്ളിയിലേത് പോലെ തെരുവിലേയ്ക്കെറിയുന്ന ജീവിതങ്ങളെ തിരിഞ്ഞു നോക്കുവാന്‍ പോലും വ്യവസ്ഥാപിത രാഷ്ട്രീയ കക്ഷികളില്ല. ബഹുഭൂരിപക്ഷം ജനങ്ങളുടെയും ജീവിത ക്ളേശങ്ങള്‍ വര്‍ദ്ധിപ്പിയ്ക്കുക മാത്രം ചെയ്യുന്ന ഇന്നത്തെ വികസന നയം തിരുത്തണം.

 

എല്ലാ കുടുംബങ്ങള്‍ക്കും കുടിവെള്ളം ഉറപ്പു വരുത്താന്‍ സര്‍ക്കാരിന് കഴിയണം. ദുര്‍ലഭമായി വരുന്ന ശുദ്ധജലം പാവപ്പെട്ടവര്‍ക്കും സാധാരണക്കാര്‍ക്കും കിട്ടാക്കനിയാക്കുവാന്‍ കുടിവെള്ളത്തിന്റെ കച്ചവടം കാരണമാകുന്നു. വിദേശ കുത്തക കമ്പനികള്‍ ജനങ്ങളെ കൊള്ളയടിച്ച് ഇന്ത്യയിലെ കുടിവെള്ള കമ്പോളത്തില്‍ നിന്ന് കോടികള്‍ വാരിക്കൂട്ടുമ്പോഴും കോണ്‍ഗ്രസ്, ബി.ജെ.പി., മൂന്നാം മുന്നണി - ഇടതു ചേരികള്‍ ജനങ്ങള്‍ക്ക് യാതൊന്നും വാഗ്ദാനം ചെയ്യുന്നില്ല. കുടിവെള്ളത്തിന്റെ കച്ചവടം അവസാനിപ്പിക്കുന്നത് ഒന്നാമത്തെ പരിപാടിയാക്കി സമാജവാദി ജനപരിഷത്ത് പുതിയ രാഷ്ട്രീയത്തിനുള്ള തെരഞ്ഞെടുപ്പ് പ്രകടന പത്രിക ജനങ്ങള്‍ക്ക് മുന്നില്‍ വയ്ക്കുന്നു.

 

 സാമ്പത്തിക സംവരണം പാവപ്പെട്ടവരെ കബളിപ്പിയ്ക്കുന്നതും പിന്നോക്ക ജനവിഭാഗങ്ങളെ വഞ്ചിക്കുന്നതുമാണ്. ഇടതുപക്ഷമുള്‍പ്പടെ എല്ലാ ചേരികളും സാമ്പത്തിക സംവരണത്തെ പിന്താങ്ങുകയാണ്. സംവരണത്തിന്റെ ഉദ്ദേശ്യലക്ഷ്യങ്ങളെ തകിടം മറിക്കരുത്. ജാതി സംവരണം നിലനിര്‍ത്തണം. സംവരണത്തെ കാലോചിതവും സമഗ്രവുമായി പരിഷ്ക്കരിക്കുകയും വേണം. സംവരണത്തില്‍ നിന്ന് പുറത്താക്കപ്പെട്ട പട്ടികജാതിക്കാരിലെ ക്രൈസ്തവര്‍ക്കും മുസ്ളീങ്ങള്‍ക്കും പട്ടികജാതി സംവരണം നല്‍കണം. എന്നാല്‍ മതാടിസ്ഥാനത്തില്‍ സംവരണം വ്യാപിപ്പിക്കരുത്.

 

 SAMAJAWADI  JANAPARISHAD

National Office : Parivartan, 62 Kautilya Nagar, B.M.P Road, Patna - 800014

Phone : 0612-2280851

          Camp Office : Samata Bhawan, Bargarh, Orissa, Ph : 09337310913

0 പ്രതികരണം:

അഭിപ്രായം പറയൂ

കുറിപ്പ്: ഈ ബ്ലോഗിലെ ഒരു അംഗത്തിനു മാത്രമേ അഭിപ്രായം പോസ്റ്റ് ചെയ്യാന്‍ കഴിയൂ.