മാതൃഭൂമി
കോട്ടയം: വോട്ടിന്റെ കണക്കുകള്‍ക്കപ്പുറം തങ്ങള്‍ പ്രതിനിധീകരിക്കുന്ന രാഷ്‌ട്രീയ പ്രസ്ഥാനങ്ങളുടെ ആശയങ്ങളും ആദര്‍ശങ്ങളും ജനങ്ങളിലെത്തിക്കുകയും നാടിന്റെ പ്രശ്‌നങ്ങളില്‍ സജീവമായി ഇടപെടുകയും ചെയ്യുന്ന ചില സ്ഥാനാര്‍ത്ഥികള്‍കൂടി കോട്ടയത്ത് തിരഞ്ഞെടുപ്പുഗോദായിലുണ്ട്.
അവരില്‍, സമാജ്‌വാദി ജനപരിഷത്തിന്റെ അഡ്വ.ജയ്‌മോന്‍ തങ്കച്ചന്‍, ബി.എസ്.പി.യുടെ അഡ്വ.സ്‌പെന്‍സര്‍ മാര്‍ക്കസ്, സി.പി.ഐ. (എം.എല്‍.)സ്ഥാനാര്‍ത്ഥി ശശിക്കുട്ടന്‍ വാകത്താനം എന്നിവര്‍ മണ്ഡലത്തില്‍ ശ്രദ്ധേയരാണ്.
കോട്ടയം ബാറിലെ അഭിഭാഷകനായ ജയ്‌മോന്‍ തങ്കച്ചന്‍ സമാജ്‌വാദി ജനപരിഷത്തിന്റെ കേരളത്തിലെ ആദ്യത്തെ ലോക്‌സഭാ സ്ഥാനാര്‍ത്ഥിയാണ്. നിരവധി ജനകീയസമരങ്ങളില്‍ പങ്കെടുത്തിട്ടുള്ള ഈ 39 കാരന്റെ കന്നിയങ്കമാണിത്. ഗ്ലാസ് ടംബ്ലറാണ് ചിഹ്നം.
വിദ്യാര്‍ഥിയായിരിക്കുമ്പോള്‍ സോഷ്യലിസ്റ്റ് പ്രസ്ഥാനത്തില്‍ ആകൃഷ്ടനായി. 1992 മുതല്‍ ലോഹ്യാവിചാരവേദിയില്‍ പ്രവര്‍ത്തനം തുടങ്ങി. ഡങ്കല്‍ വിരുദ്ധജാഥ, പൂയംകുട്ടി പദ്ധതിവിരുദ്ധ പദയാത്ര, പ്ലാച്ചിമടയിലെ കൊക്കക്കോള വിരുദ്ധസമരം തുടങ്ങിയവയില്‍ പങ്കാളിയാണ്. ദളിത് ക്രൈസ്‌തവര്‍, മിശ്രവിവാഹിതരുടെ മക്കള്‍ തുടങ്ങിയ വിഭാഗങ്ങളെ ഏകോപിപ്പിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്നു. സമാജ്‌വാദി ജനപരിഷത്തിന്റെ കോട്ടയം ജില്ലാ ജനറല്‍ സെക്രട്ടറിയുമാണ് ഈ കടപ്പൂര്‍സ്വദേശി. സ്‌കൂളധ്യാപികയായ ശാലിനിയാണ് ഭാര്യ. ആര്‍ദ്ര മകളും.
ലോക്‌സഭാ മണ്ഡലത്തിലെ പിന്നാക്കം നില്‍ക്കുന്ന പ്രദേശങ്ങളിലുള്‍പ്പെടെ ചെന്ന് സമ്മതിദായകരെ നേരില്‍ക്കണ്ട് വോട്ടുചോദിക്കുകയാണ് ജയ്‌മോന്‍. അവരുടെ പ്രശ്‌നങ്ങള്‍ കണ്ടുമനസ്സിലാക്കുയും ചെയ്യുന്നു.
ബി.എസ്.പി. സ്ഥാനാര്‍ത്ഥി അഡ്വ.സ്‌പെന്‍ഡര്‍ മാര്‍ക്കസ് മത്സരിക്കുന്നത് ആന ചിഹ്നത്തിലാണ്. കൊട്ടാരക്കര വിലങ്ങറ സ്വദേശിയായ ഈ നാല്‌പതുകാരന്‍ കൊല്ലം ബാറിലെ അഭിഭാഷകനാണ്. പാര്‍ട്ടിയുടെ മുന്‍ സംസ്ഥാനസമിതിയംഗമായ ഇദ്ദേഹത്തിന് ഇത് കന്നിയങ്കവും. അവിവാഹിതനാണ്.
കേരളത്തിലെ ദളിത്-ആദിവാസി സമരങ്ങളുടെ മുന്നണിപ്പോരാളിയാണ് ഇദ്ദേഹം. ആദിവാസിഭൂമിപ്രശ്‌നവുമായി ബന്ധപ്പെട്ട് 1992ല്‍ സി.കെ.ജാനുവിന്റെ നേതൃത്വത്തില്‍ സെക്രട്ടേറിയറ്റിനുമുന്നില്‍ നടന്ന നിരാഹാരസമരം, 2000ല്‍ നടന്ന കുടില്‍കെട്ടിസമരം എന്നിവയുടെ കണ്‍വീനറായിരുന്നു സ്‌പെന്‍സര്‍. ചെങ്ങറ ഐക്യദാര്‍ഢ്യസമിതിയുടെ കണ്‍വീനര്‍മാരിലൊരാളുമാണ്.
ദളിത് ക്രൈസ്‌തവരുടെ സംവരണം, ഭൂമിയുടെ പ്രശ്‌നം തുടങ്ങിയവ ഉയര്‍ത്തിയാണ് തിരഞ്ഞെടുപ്പുപ്രചാരണം. ഗ്രാമങ്ങളും ഉള്‍പ്രദേശങ്ങളും കോളനികളും കേന്ദ്രീകരിച്ച് ഊര്‍ജ്ജിതമായ പ്രചാരണം നടത്തുന്നുണ്ട്.
സി.പി.ഐ. (എം.എല്‍.) സ്ഥാനാര്‍ത്ഥി ശശിക്കുട്ടന്‍ വാകത്താനം കവിയും ശില്‌പിയുമാണ്. 15 വര്‍ഷമായി പാര്‍ട്ടിയുടെ സജീവപ്രവര്‍ത്തകനായ ഇദ്ദേഹം ജില്ലാ സെക്രട്ടേറിയറ്റംഗം, കള്‍ച്ചറല്‍ ഫോറം ജില്ലാ കണ്‍വീനര്‍ എന്നീ ചുമതലകളും വഹിക്കുന്നു. സിവില്‍ എന്‍ജിനിയറിങ്ങില്‍ ഡിപ്ലോമയുണ്ട് ഈ 53 കാരന്. 'ഒരുപിടി മണ്ണ്', 'സ്വാതന്ത്ര്യത്തിന്റെ നാനാര്‍ത്ഥങ്ങള്‍' എന്നീ കവിതാസമാഹാരങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
തിരഞ്ഞെടുപ്പ് വര്‍ഗ്ഗസമരത്തിനുള്ള പോരാട്ടവേദിയായി ഇദ്ദേഹം കാണുന്നു. ജയപരാജയങ്ങള്‍ സാങ്കേതികം മാത്രം. ജനങ്ങളിലേക്കിറങ്ങിച്ചെന്ന് രാഷ്‌ട്രീയനിലപാടുകള്‍ വിശദീകരിച്ച് വോട്ടുതേടുകയാണ് ഇദ്ദേഹം. നാട്ടുകാരില്‍നിന്നു പിരിവെടുത്ത് കെട്ടിവയ്‌ക്കാനുള്ള തുക സ്വരൂപിച്ചു. പ്രചാരണത്തിനുള്ള ധനം സമാഹരിച്ചതും പൊതുജനങ്ങളില്‍നിന്നുതന്നെ. സി.പി.എം., കോണ്‍ഗ്രസ്, ബി.ജെ.പി. എന്നിവയ്‌ക്കെതിരെ ജനകീയജനാധിപത്യബദല്‍ എന്ന സന്ദേശം ഉയര്‍ത്തി തിരഞ്ഞെടുപ്പുപൊതുയോഗങ്ങളും വാഹനപര്യടനങ്ങളും സംഘടിപ്പിക്കുന്നുണ്ട്. ബീനയാണ് ഭാര്യ. മീനു മകളും. പട്ടമാണ് ശശിക്കുട്ടന്‍ വാകത്താനത്തിന്റെ തിരഞ്ഞെടുപ്പുചിഹ്നം.
കടപ്പാടു് : ഏപ്രില്‍ 10 2009 മാതൃഭൂമി
0 പ്രതികരണം:
അഭിപ്രായം പറയൂ
കുറിപ്പ്: ഈ ബ്ലോഗിലെ ഒരു അംഗത്തിനു മാത്രമേ അഭിപ്രായം പോസ്റ്റ് ചെയ്യാന്‍ കഴിയൂ.