2009/04/09

പ്രകടനപത്രികയുടെ പ്രസക്തി

യോഗേന്ദ്ര യാദവ്‌ 

 

 

പ്രകടനപത്രികകള്‍ സസൂക്ഷ്‌മം വിലയിരുത്താന്‍ മാധ്യമങ്ങളും മറ്റും ശുഷ്‌കാന്തി കാട്ടാത്തതിനാല്‍ അത്യന്തം സ്വാസ്ഥ്യജനകമായ ഒരു രാഷ്ട്രീയ യാഥാര്‍ഥ്യം ശ്രദ്ധിക്കപ്പെടാതെപോവുന്നുണ്ട്‌. പ്രധാനപ്പെട്ട പല വിഷയങ്ങളിലും പ്രമുഖ രാഷ്ട്രീയകക്ഷികള്‍ തമ്മിലുള്ള ആദര്‍ശപരമായ ഐക്യം വര്‍ധിച്ചുവരുന്നു എന്നതാണ്‌ ആ യാഥാര്‍ഥ്യം. 

തി രഞ്ഞെടുപ്പ്‌ പ്രകടനപത്രികകളുടെ പ്രാധാന്യം കുറച്ചുകാട്ടുകയാണ്‌ നമ്മുടെ മാധ്യമങ്ങള്‍. രാഷ്ട്രീയ വാചകക്കസര്‍ത്തുകളും നിരുത്തരവാദപരമായ വാഗ്‌ദാനങ്ങളും മാത്രമേ പ്രകടനപത്രികകളിലുള്ളൂവെന്ന പ്രതീതിയാണ്‌ മാധ്യമ റിപ്പോര്‍ട്ടുകള്‍ സൃഷ്‌ടിക്കുന്നത്‌. 
എന്നാല്‍ യാഥാര്‍ഥ്യം അതല്ലെന്ന്‌, പ്രകടനപത്രികകള്‍ വായിച്ചുനോക്കിയാല്‍ മനസ്സിലാവും. രാജ്യത്തെ പ്രധാന പ്രശ്‌നങ്ങള്‍ സംബന്ധിച്ച നമ്മുടെ അവബോധം വര്‍ധിപ്പിക്കാന്‍ ഈ വായനയിലൂടെ സാധിക്കും. നമ്മുടെ ദേശീയ പത്രങ്ങളുടെ എഡിറ്റോറിയല്‍ പേജ്‌ നിത്യേന വായിച്ചാലും ഈവക പ്രശ്‌നങ്ങളെപ്പറ്റി ഇത്ര വ്യക്തമായ ചിത്രം ലഭിച്ചെന്നുവരില്ല. 
ചുരുങ്ങിയ പക്ഷം നമ്മുടെ പ്രമുഖ രാഷ്ട്രീയ കക്ഷികളെങ്കിലും സാമാന്യം പഠിച്ചും പണിപ്പെട്ടുമാണ്‌ പ്രകടനപത്രികകള്‍ തയ്യാറാക്കുന്നത്‌. സാധാരണഗതിയില്‍ പ്രകടനപത്രിക പുറത്തിറക്കാത്ത ബി.എസ്‌.പി. പോലും ഇത്തവണ വിശദമായ ഒരു 'അഭ്യര്‍ഥന' പുറപ്പെടുവിച്ചിരിക്കുന്നു. ചില സുപ്രധാന സമകാലീന പ്രശ്‌നങ്ങളില്‍ പാര്‍ട്ടിയുടെ നിലപാട്‌ എന്തെന്ന്‌ ഈ രേഖയില്‍ സ്‌പഷ്‌ടമാക്കിയിട്ടുണ്ട്‌. ബി.ജെ.പി.യുടെ പത്രികയും വിവിധ വിഷയങ്ങളെപ്പറ്റി വിശദമായി പ്രതിപാദിച്ചിട്ടുണ്ട്‌. 
പക്ഷേ, പത്രികയിലെ വാഗ്‌ദാനങ്ങള്‍ പാര്‍ട്ടി എത്രത്തോളം ഗൗരവത്തോടെയാണ്‌ മുന്നോട്ടുവെച്ചിട്ടുള്ളത്‌ എന്ന കാര്യത്തില്‍ ആര്‍ക്കെങ്കിലും സംശയം തോന്നിയാല്‍ കുറ്റം പറയാനാവില്ല. ഏതായാലും, കഴിഞ്ഞ ഒരു ദശാബ്ദമായി എന്‍.ഡി.എ.യുടെ പൊതു പ്രകടനപത്രിക പുറത്തിറക്കുന്ന രീതിയില്‍ നിന്ന്‌ വ്യതിചലിച്ച്‌ ബി.ജെ.പി. ഇത്തവണ സ്വന്തം പ്രകടനപത്രികയിറക്കിയിരിക്കുകയാണ്‌. 
കോണ്‍ഗ്രസ്സിന്റെ പ്രകടനപത്രികയില്‍ രാഷ്ട്രീയ വാചാടോപം തന്നെയാണേറെയും. നെ'ു- ഗാന്ധി കുടുംബത്തിനുള്ള പ്രശംസാ വചനങ്ങളും പത്രികയില്‍ എമ്പാടുമുണ്ട്‌. 
തങ്ങളുടെ രാഷ്ട്രീയ പ്രത്യയശാസ്‌ത്രത്തിന്റെ കാലികമായ പ്രയോഗത്തെക്കുറിച്ചുള്ള ഗൗരവതരമായ ആലോചനകളാണ്‌ സി.പി.എമ്മിന്റെ പ്രകടനപത്രികയിലുള്ളത്‌. സി.പി.എം. നയിക്കുന്ന സംസ്ഥാന സര്‍ക്കാരുകളെപ്പറ്റിയുള്ള അസുഖകരമായ ചോദ്യങ്ങള്‍ നമുക്ക്‌ തത്‌കാലം മാറ്റിവെക്കാം. 
പ്രാദേശിക കക്ഷികളായ സമാജ്‌വാദി പാര്‍ട്ടിയും ശിവസേനയും മറ്റും പ്രകടനപത്രികയെ ഗൗരവപൂര്‍വമല്ല സമീപിക്കുന്നത്‌. എന്നാല്‍ സി.പി.ഐ. (എം.എല്‍.) പോലുള്ള ചില ചെറുകക്ഷികള്‍ അങ്ങനെയല്ല. 
രാഷ്ട്രീയകക്ഷികള്‍ക്ക്‌ പുറമെ, ഒട്ടേറെ സന്നദ്ധസംഘടനകളും മറ്റും തിരഞ്ഞെടുപ്പു കാലത്ത്‌ സമാന്തര പ്രകടനപത്രികകള്‍ പുറത്തിറക്കാറുണ്ട്‌. തങ്ങളുടെ ആവശ്യങ്ങള്‍ രാഷ്ട്രീയകക്ഷികള്‍ക്ക്‌ മുന്‍പാകെ അവതരിപ്പിക്കാനും സമ്മര്‍ദം ചെലുത്താനുമാണിത്‌. മാധ്യമങ്ങള്‍ പക്ഷേ, ഇതിനൊന്നും സ്ഥലം/സമയം നീക്കിവെക്കാറില്ല. 
പ്രകടനപത്രികകളോടുള്ള മാധ്യമ അവഗണനമൂലം, രാഷ്ട്രീയകക്ഷികള്‍ മുന്നോട്ടുവെക്കുന്ന ചില സുപ്രധാന നിര്‍ദേശങ്ങളെക്കുറിച്ചുപോലും ജനകീയസംവാദം നടക്കാതെപോവുന്നുണ്ട്‌. ഇപ്രാവശ്യം ഒട്ടുമിക്ക രാഷ്ട്രീയപാര്‍ട്ടികളുടെയും വാഗ്‌ദാനങ്ങളിലൊന്ന്‌ ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതി തുടരുമെന്നതാണ്‌. മറ്റൊരു രാജ്യവുമായുണ്ടാക്കുന്ന ഏത്‌ കരാറിനും പാര്‍ലമെന്റിന്റെ അനുമതി നിര്‍ബന്ധമാക്കുന്നതരത്തില്‍ ഭരണഘടനാ ഭേദഗതി കൊണ്ടുവരുമെന്ന്‌ ബി.ജെ.പി.യും സി.പി.എമ്മും പറയുന്നു. ഭക്ഷ്യസുരക്ഷാ നിയമമുണ്ടാക്കുമെന്നാണ്‌ കോണ്‍ഗ്രസ്സിന്റെ വാഗ്‌ദാനം. തുല്യാവകാശക്കമ്മീഷന്‍ എന്ന നിര്‍ദേശം കോണ്‍ഗ്രസ്സും സി.പി.എമ്മും മുന്നോട്ടുവെക്കുന്നു. സ്വകാര്യമേഖലയിലും സംവരണത്തിന്റെ വ്യവസ്ഥ ചെയ്യുമെന്ന്‌ സി.പി.ഐ. സ്വിസ്‌ ബാങ്കുകളില്‍ ഇന്ത്യക്കാര്‍ നിക്ഷേപിച്ചിട്ടുള്ള കള്ളപ്പണം തിരിച്ചുപിടിക്കുമെന്ന്‌ ബി.ജെ.പി. തറപ്പിച്ചു പറയുന്നു. ഒന്നിലേറെ മാധ്യമ മേഖലകളില്‍ ഒരേ കമ്പനി ഉടമസ്ഥാവകാശം വഹിക്കുന്നതിന്‌ വിലക്ക്‌ ഏര്‍പ്പെടുത്തുമെന്ന്‌ സി.പി.എം. 
ഇതൊന്നും കേവലം ജനപ്രിയ വാഗ്‌ദാനങ്ങളോ വിലകുറഞ്ഞ തന്ത്രങ്ങളോ അല്ല. രാഷ്ട്രീയക്കാര്‍ പരസ്‌പരം നടത്തുന്ന തെറിയഭിഷേകങ്ങള്‍ക്കായി സ്ഥലവും സമയവും കളയുന്ന മാധ്യമങ്ങള്‍ക്ക്‌ ഗൗരവപൂര്‍വമായ ഇത്തരം നിര്‍ദേശങ്ങളെപ്പറ്റി എന്തുകൊണ്ട്‌ ചര്‍ച്ച ചെയ്‌തുകൂടാ. 
വരുണ്‍ഗാന്ധി വിവാദത്തില്‍ വന്‍ശ്രദ്ധ പതിപ്പിച്ച മാധ്യമങ്ങള്‍, ന്യൂനപക്ഷങ്ങളോടുള്ള സമീപനത്തില്‍ ബി.ജെ.പി. സ്വീകരിച്ച സുപ്രധാനമായ മാറ്റത്തെപ്പറ്റി നമ്മെ അറിയിച്ചതേയില്ല. ഇന്ത്യന്‍ മുസ്‌ലിങ്ങള്‍ ദുര്‍ബല വിഭാഗമാണെന്ന്‌ ബി.ജെ.പി.യുടെ പ്രകടനപത്രിക അംഗീകരിക്കുന്നു. ന്യൂനപക്ഷകാര്യ മന്ത്രാലയം ശക്തിപ്പെടുത്തണമെന്നും ഉറുദുഭാഷ പ്രോത്സാഹിപ്പിക്കണമെന്നും പത്രികയില്‍ പറയുന്നു. മതപരിവര്‍ത്തനം നിരോധിക്കണമെന്നല്ല, അക്കാര്യത്തില്‍ കൂടിയാലോചനകള്‍ വേണമെന്നാണ്‌ പാര്‍ട്ടിയുടെ പുതുനിലപാട്‌. ഇപ്പറഞ്ഞതുകൊണ്ടൊന്നും പക്ഷേ, ബി.ജെ.പി. വര്‍ഗീയകക്ഷിയല്ലാതാവുന്നില്ല. കുറേ മുസ്‌ലിം വോട്ടുകള്‍ ഉറപ്പാക്കുന്നതിനുള്ള ചെറുതെങ്കിലും സുപ്രധാനമായ നീക്കമാണ്‌ പാര്‍ട്ടി നടത്തിയിരിക്കുന്നത്‌. 
പ്രകടനപത്രികകള്‍ സസൂക്ഷ്‌മം വിലയിരുത്താന്‍ മാധ്യമങ്ങളും മറ്റും ശുഷ്‌കാന്തി കാട്ടാത്തതിനാല്‍ അത്യന്തം അസ്വാസ്ഥ്യജനകമായ ഒരു രാഷ്ട്രീയ യാഥാര്‍ഥ്യം ശ്രദ്ധിക്കപ്പെടാതെപോവുന്നുണ്ട്‌. പ്രധാനപ്പെട്ട പല വിഷയങ്ങളിലും പ്രമുഖ രാഷ്ട്രീയകക്ഷികള്‍ തമ്മിലുള്ള ആദര്‍ശപരമായ ഐക്യം വര്‍ധിച്ചുവരുന്നു എന്നതാണ്‌ ആ യാഥാര്‍ഥ്യം. ഇതുമൂലം വോട്ടര്‍മാര്‍ക്ക്‌ മുന്‍പാകെയുള്ള സാധ്യതകള്‍ ചുരുങ്ങുകയാണ്‌. 
പുതു സാമ്പത്തിക നയങ്ങള്‍ സംബന്ധിച്ച്‌ കോണ്‍ഗ്രസ്സും ബി.ജെ.പി.യും തമ്മിലുണ്ടായ അഭിപ്രായൈക്യമാണ്‌ ഈ പ്രവണതയ്‌ക്ക്‌ തുടക്കമിട്ടത്‌. സാമ്പത്തിക ഉദാരീകരണ നയങ്ങള്‍ ക്രമേണ എല്ലാ രാഷ്ട്രീയകക്ഷികളും അംഗീകരിക്കുന്ന സ്ഥിതിവിശേഷമുണ്ടായി; കമ്യൂണിസ്റ്റ്‌ പാര്‍ട്ടികള്‍പോലും. 
ഈ ആദര്‍ശൈക്യം പുതിയ മേഖലകളിലേക്കുകൂടി വ്യാപിച്ചതിന്റെ സൂചനയാണ്‌ ഇപ്രാവശ്യത്തെ തിരഞ്ഞെടുപ്പ്‌ പ്രകടനപത്രികകള്‍ നല്‌കുന്നത്‌. ഇന്ത്യ-യു.എസ്‌. ആണവക്കരാറിനെച്ചൊല്ലി രാഷ്ട്രീയനാടകങ്ങളേറെ ആടിയെങ്കിലും കോണ്‍ഗ്രസ്സിന്റെയും ബി.ജെ.പി.യുടെയും പത്രികകള്‍ മുന്നോട്ടുവെക്കുന്നത്‌ ഏറെക്കുറെ സമാനമായ വിദേശനയസമീപനങ്ങള്‍തന്നെയാണ്‌. യഥാര്‍ഥത്തില്‍ കമ്യൂണിസ്റ്റ്‌ പാര്‍ട്ടികള്‍ക്ക്‌ മാത്രമേ ഇക്കാര്യത്തില്‍ വേറിട്ട സ്വരമുള്ളൂ. 
ദേശരക്ഷാ വിഷയത്തില്‍ ബി.ജെ.പി.യുടെ ആരോപണങ്ങളുടെ മുനയൊടിക്കാനാണ്‌ കോണ്‍ഗ്രസ്‌ പ്രകടനപത്രിക ശ്രമിക്കുന്നത്‌. പക്ഷേ, ബി.ജെ.പി.യുടെ നിലപാടുകളിലേക്ക്‌ അടുത്തുകൊണ്ടാണ്‌ ഇത്‌ സാധ്യമാക്കിയിരിക്കുന്നതെന്നുമാത്രം. 
പ്രധാനപ്പെട്ട നയപ്രശ്‌നങ്ങളില്‍ പ്രമുഖ രാഷ്ട്രീയകക്ഷികള്‍ ഒരേ നിലപാട്‌ പുലര്‍ത്തുന്നത്‌ നല്ല കാര്യമായിട്ടാവും പലര്‍ക്കും തോന്നുന്നത്‌. പ്രത്യക്ഷത്തില്‍ സംഘര്‍ഷം ലഘൂകരിക്കാന്‍ ഇത്‌ ഉപകരിക്കുമെങ്കിലും ജനാധിപത്യത്തിന്‌ ഭീഷണിയുയര്‍ത്തുന്ന അവസ്ഥാവിശേഷമാണത്‌. രാഷ്ട്രീയകക്ഷികള്‍ തമ്മില്‍ ആദര്‍ശപരമായ ഭിന്നതകള്‍ ഇല്ലാതാവുമ്പോള്‍, കാതലായ പല കാലികപ്രശ്‌നങ്ങളും സമൂഹത്തിന്റെ ശ്രദ്ധയില്‍നിന്ന്‌ അപ്രത്യക്ഷമാവും. കര്‍ഷക ആത്മഹത്യകള്‍ വലിയ ഒച്ചപ്പാടുകള്‍ക്കിടയാക്കുമ്പോഴും കാര്‍ഷികമേഖലയിലെ അടിസ്ഥാനപരമായ പ്രതിസന്ധി ചര്‍ച്ചാവിഷയമല്ലാതാവും. സാമൂഹികനീതിയെപ്പറ്റി എല്ലാവരും ആണയിടുമെങ്കിലും ദുര്‍ബല-പീഡിത വിഭാഗങ്ങള്‍ രാഷ്ട്രീയ അജന്‍ഡയില്‍ അപ്രസക്തരാവും. പോലീസ്‌ സേനയിലെ പരിഷ്‌കാരങ്ങളെപ്പറ്റി ചര്‍ച്ച നടക്കുമ്പോള്‍, ഛത്തീസ്‌ഗഢിലെ 'സാല്‍വ ജുദൂമി'നെപ്പോലെ ഭരണകൂട പിന്‍ബലത്തോടെ മനുഷ്യാവകാശ ധ്വംസനങ്ങളഴിച്ചുവിടുന്ന സ്വകാര്യസേനകളെപ്പറ്റി ആര്‍ക്കും മിണ്ടാട്ടമില്ലാതാവും. ആദര്‍ശപരമായ ഭിന്നതകളില്ലാതാവുകയെന്നാല്‍ രാഷ്ട്രീയസംവാദത്തിന്‌ അന്ത്യം കുറിക്കപ്പെട്ടു എന്നാണര്‍ഥം. 

(
ലേഖകന്‍ സി.എസ്‌.ഡി.എസ്സിലെ സീനിയര്‍ ഫെലോയും 'സാമായിക്‌ വാര്‍ത്ത'യുടെ പത്രാധിപരുമാണ്‌) 

കടപ്പാടു് മാതൃഭൂമി 2009ഏപ്രില്‍ 9

1 അഭിപ്രായം:

  1. ഇതൊന്നും കേവലം ജനപ്രിയ വാഗ്‌ദാനങ്ങളോ വിലകുറഞ്ഞ തന്ത്രങ്ങളോ അല്ല. രാഷ്ട്രീയക്കാര്‍ പരസ്‌പരം നടത്തുന്ന തെറിയഭിഷേകങ്ങള്‍ക്കായി സ്ഥലവും സമയവും കളയുന്ന മാധ്യമങ്ങള്‍ക്ക്‌ ഗൗരവപൂര്‍വമായ ഇത്തരം നിര്‍ദേശങ്ങളെപ്പറ്റി എന്തുകൊണ്ട്‌ ചര്‍ച്ച ചെയ്‌തുകൂടാ.
    വളരെ കാര്യപ്രസക്തിയുള്ള ഒരു ചോദ്യം ?
    പക്ഷെ ആര് കേള്‍ക്കാന്‍.

    മറുപടിഇല്ലാതാക്കൂ

കുറിപ്പ്: ഈ ബ്ലോഗിലെ ഒരു അംഗത്തിനു മാത്രമേ അഭിപ്രായം പോസ്റ്റ് ചെയ്യാന്‍ കഴിയൂ.