2009/04/06

സമാജവാദി ജനപരിഷത്ത് തെരഞ്ഞെടുപ്പു് പ്രകടനപത്രിക-2009


ആമുഖം

 

സ്വതന്ത്രഭാരതത്തിന്റെ 15-ആം ലോകസഭയിലേക്ക് നടക്കുന്ന ഈ പൊതുതെരഞ്ഞെടുപ്പില്‍ ഏതെങ്കിലും ഒരു രാഷ്ട്രീയ കക്ഷിക്കോ ചേരിക്കോ കേവലഭൂരിപക്ഷം ലഭിക്കുകയില്ല എന്നുള്ളത് തര്‍ക്കമറ്റ സംഗതിയാണ്. കോണ്‍ഗ്രസിന്റെയും പിന്നീട് നെഹ്റു ഇന്ദിര കുടുംബത്തിന്റെയും മാറ്റമില്ലാത്ത അധികാര കുത്തക തകര്‍ന്നടിഞ്ഞ 1977-നു ശേഷം രണ്ടു തവണ കോണ്‍ഗ്രസ് അധികാരത്തില്‍ എത്തിയെങ്കിലും പിന്നീട് 1989-ലെ 9-ആം ലോകസഭയിലേക്കുള്ള തെരെഞ്ഞെടുപ്പ് മുതല്‍ ഇന്നോളം എല്ലാ ലോക്സഭാ തെരെഞ്ഞെടുപ്പുകളിലും തുടരുന്ന സ്ഥിതി വിശേഷമാണിത്.

 

ദീര്‍ഘകാലം ഭരണകുത്തക കയ്യാളിയ കോണ്‍ഗ്രസിന്റെയും ഭൂരിപക്ഷം ഹിന്ദുക്കള്‍ ഉള്ള രാജ്യത്ത് തികഞ്ഞ ഭിന്നിപ്പ് ലക്ഷ്യമിട്ട് ഹിന്ദുവര്‍ഗീയത ഊതിവീര്‍പ്പിക്കുവാന്‍ ശ്രമിക്കുന്ന ഭാരതീയ ജനതാ പാര്‍ട്ടി (ഭാ ജ പ) യുടെയും ചേരികള്‍ക്ക് വ്യക്തമായ ഭൂരിപക്ഷം നേടുവാന്‍ കഴിയാത്തത് എന്തുകൊണ്ടാണ്?  മാറിമാറി തരം പോലെ ഇന്ദിരാകോണ്‍ഗ്രസിന്റെയും ഭാജപയുടെയും ഒപ്പംചേരുവാന്‍ മടിച്ചിട്ടില്ലാത്ത ചില കക്ഷികളും സി.പി.എം. നേതൃത്വത്തിലുള്ള ഇടതുപക്ഷ പാര്‍ട്ടികളും ഉള്‍പ്പെടുന്ന മൂന്നാം മുന്നണിയ്ക്കും കേവല ഭൂരിപക്ഷം കിട്ടുകയില്ലെന്നുള്ളതും വ്യക്തമാണ്. തെരെഞ്ഞെടുപ്പിന് ശേഷം ഉണ്ടാക്കാവുന്ന അധാര്‍മ്മികമായ ഏതുതരം കൂട്ടുകെട്ടിലൂടെയും അധികാരം നേടുവാന്‍ കോഴിക്കൂട്ടില്‍ കണ്ണുംനട്ടിരിക്കുന്ന കുറുക്കനെപ്പോലെയാണ് എല്ലാ വ്യവസ്ഥാപിത കക്ഷികളുമെന്നു പറയാം.

 

ജനങ്ങള്‍ക്ക് തെരെഞ്ഞെടുക്കുവാന്‍ ഒന്നുമില്ലെന്ന അവസ്ഥയില്‍ ഒരു മാറ്റമുണ്ടാക്കുവാന്‍ രാഷ്ട്രീയത്തിലെ ശാക്തികചേരികള്‍‍ക്കൊന്നും കഴിയുന്നില്ല.

 

മാറിമാറി ഭരണത്തിലെത്തുന്ന വ്യവസ്ഥാപിത പാര്‍ട്ടികള്‍ക്ക് ജനങ്ങണ്‍ളുടെ നിത്യജീവിതത്തിലെ ദുരിതങ്ങള്‍ക്ക് പരിഹാരമുണ്ടാക്കുവാന്‍ ഉതകുന്ന യാതൊന്നും സംഭാവന ചെയ്യുവാന്‍ ഇല്ലാത്തതാണ് അതിന് കാരണം.

 

പാര്‍ട്ടികളും ചേരികളും തിരിഞ്ഞും മറിഞ്ഞും വന്നാലും ജനങ്ങള്‍ക്ക് പ്രതീക്ഷിക്കുവാന്‍ യാതൊന്നുമില്ല. വലതായാലും ഇടതായാലും മതേതരമായാലും വര്‍ഗീയമായാലും അധികാരത്തിലെത്തുമ്പോള്‍ കക്ഷികളുടെയെല്ലാം പരിപാടികള്‍ ഒന്നുതന്നെയായി മാറുന്നു.

 

ജനങ്ങള്‍ പാപ്പരാകുമ്പോള്‍ കുത്തക വ്യവ‍സായ വാണിജ്യ ശക്തികളും അഴിമതിക്കാരായ രാഷ്ട്രീയനേതാക്കളും ഉദ്യോഗസ്ഥപ്രഭുക്കളും മാഫിയകളും തടിച്ചുകൊഴുക്കുന്നു.

 

1991 മുതല്‍ കോണ്‍ഗ്രസ് നടപ്പിലാക്കി തുടങ്ങിയതും പിന്നീട് മൂന്നാംമുന്നണി, ഭാജപാ നേതൃത്വത്തിലുണ്ടായ എന്‍.ഡി... സര്‍ക്കാരുകളും മാറിമാറി സംസ്ഥാനഭരണത്തില്‍ വരുന്നവരുമെല്ലാം നടപ്പിലാക്കി വരുന്നതുമായ ആഗോളവല്‍ക്കരണസാമ്പത്തിക നയം ഏതാണ്ട് രണ്ടു ദശകത്തോട് അടുക്കുകയാണ്. കുത്തക വ്യവസായ വാണിജ്യശക്തികളും അഴിമതിക്കാരായ രാഷ്ട്രീയ നേതാക്കളും ഉദ്യോഗസ്ഥ പ്രഭുക്കളും സര്‍വ്വോപരി മാഫിയകളും തടിച്ചുകൊഴുത്ത ഒരുകാലഘട്ടമാണിത്. എന്നാല്‍ രാജ്യമെമ്പാടും സാധാരണക്കാരും പാവപ്പെട്ടവരും, പാപ്പരാവുന്നു. ലക്ഷക്കണക്കിന് കര്‍ഷകരും നെയ്ത്തുകാരും പരമ്പരാഗത തൊഴിലുകാരും ഇക്കാല ഘട്ടത്തില്‍ കടക്കെണിയില്‍പെട്ട് മറ്റ് മാര്‍ഗം കാണാതെ ആത്മഹത്യ ചെയ്തു. രാജ്യത്തിന്റെ മിന്നിത്തിളങ്ങുന്ന പുരോഗതിയെക്കുറിച്ചുള്ള എല്ലാ അവകാശവാദങ്ങളും ചീട്ടുകൊട്ടാരം പോലെ തകരുന്ന യഥാര്‍ത്ഥ്യമാണിത്.

 

രാജ്യത്തെ ഭൂരിപക്ഷം ജനങ്ങളെയും പാപ്പരാക്കുന്ന സാമ്പത്തിക നയം പിന്‍വലിക്കണമെന്ന് ആവശ്യപ്പെടുന്ന യാതൊരു കക്ഷികളും വ്യവസ്ഥാപിത ചേരികളില്‍ ഇല്ല. കോണ്‍ഗ്രസ്, ബി.ജെ.പി., ശിവസേന, ജനതാദള്‍, എന്‍.സി.പി., സമാജവാദി പാര്‍ട്ടി, ബി..എസ്.പി, രാഷ്ട്രീയ ജനതാദള്‍, തൃണമൂല്‍കോണ്‍ഗ്രസ് ലോക്ജനശക്തി തുടങ്ങിയ പാര്‍ട്ടികളും അധികാരം സേവിക്കുവാന്‍ മാത്രം നിലകൊള്ളുന്ന പ്രാദേശിക കക്ഷികളും, സി.പി.എം, സി.പി.. തുടങ്ങിയ പാര്‍ട്ടികളും ഈ സാമ്പത്തിക നയം തുടരുന്നതിന് വേണ്ടി പ്രവര്‍ത്തിയ്ക്കുന്നു. ആഗോളവല്‍ക്കരണത്തില്‍ തടിച്ചു കൊഴുക്കുന്നവരുടെ നിയന്ത്രണത്തിലാണ് ആ പാര്‍ട്ടികളെല്ലാം. മറ്റു പാര്‍ട്ടികളെപ്പോലെ കമ്യൂണിസ്റ് പാര്‍ട്ടികളിലും കോര്‍പറേറ്റ് യജമാനന്‍മാരുടെ പിണിയാളുകളും കൂട്ടാളികളും ദാസ്യവൃത്തി ചെയ്യുന്നവരും പിടിമുറുക്കിക്കഴിഞ്ഞു. നന്ദിഗ്രാമും ലാവലിനും ലാന്‍കോയും മെര്‍ക്കിസ്റ്റണും മറ്റും അതിന്റെ ഒന്നാന്തരം ഉദാഹരണങ്ങളാണ്.

 

ജനവിരുദ്ധ നയങ്ങളില്‍ തടിച്ചു കൊഴുക്കുന്ന വര്‍ഗം നമ്മുടെ രാജ്യത്ത് നിന്നും കള്ളപ്പണമായി സ്വിസ് ബാങ്കുകളില്‍ രഹസ്യനിക്ഷേപമായി ഇട്ടിരിക്കുന്നത് 1456 ബില്യണ്‍ ഡോളര്‍ (എഴുപത്തി രണ്ടു ലക്ഷത്തി എണ്‍പതിനായിരം കോടി രൂപ) ആണ്. അത് 2006ലെ സ്വിസ് ബാങ്കിംഗ് അസോസിയേഷന്റെ റിപ്പോര്‍ട്ടില്‍ പ്രസിദ്ധീകരിച്ചിട്ടുള്ള കണക്ക് പ്രകാരമാണ്. ലോകത്തില്‍ ഏറ്റവും കൂടുതല്‍ കള്ളപ്പണം സ്വിസ് ബാങ്കുകളിലെ രഹസ്യനാമത്തില്‍ നിക്ഷേപിച്ചിട്ടുള്ള രാജ്യം ഇന്ത്യയാണെന്നതും മറ്റൊരു ഞെട്ടിപ്പിക്കുന്ന സത്യമാണ്. ഏറ്റവും മുന്നിലുള്ള ചൈന ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ ഇന്ത്യയ്ക്ക് പിന്നിലുള്ള നാലു രാജ്യങ്ങളുടെയും ആകെ തുക കൂട്ടിയാല്‍ പോലും ഇന്ത്യയില്‍ നിന്നും കടത്തിയ തുകയ്ക്ക് അടുത്ത് വരില്ല. രാജ്യത്തിനും ജനങ്ങള്‍ക്കും ദോഷകരവും അമേരിക്കയുടെ സേവകഗണത്തില്‍ ഇന്ത്യയെ പെടുത്തുന്നതുമായ ആണവ കരാറില്‍ മന്‍മോഹന്‍ സിംഗും കോണ്‍ഗ്രസും അര്‍ത്തി പിടിച്ച് ഒപ്പ് വയ്ക്കുവാനുള്ള കാരണം ആണവ റിയാക്ടര്‍ കച്ചവടത്തിലെ കോടാനുകോടി രൂപയുടെ വെട്ടുമേനി തന്നെയാണ്.

 

മൂര്‍ച്ഛിക്കുന്ന പ്രതിസന്ധി

 

ജനങ്ങളുടെ ജീവിത ദുരിതങ്ങള്‍ അനുദിനം വഷളാക്കുന്ന സാമ്പത്തിക പാപ്പരീകരണം മാത്രമല്ല നിലവിലുള്ള സാമ്പത്തിക, സാമൂഹിക നയങ്ങളുണ്ടാക്കുന്ന പ്രതിസന്ധി. ഭക്ഷ്യവസ്തുക്കളുടെ ദൌര്‍ലഭ്യവും വിലക്കയറ്റവും ഏതു നിമിഷവും ഒരു കൊടുങ്കാറ്റായി ആഞ്ഞുവീശാവുന്നതാണ്. അത്തരമൊരു ക്ഷാമക്കാറ്റ് ആഞ്ഞടിച്ചാല്‍ പിതനായിരങ്ങള്‍ പട്ടിണി കിടന്ന് മരിക്കുവാനും ഇടയാക്കും.

 

മണ്ണും വെള്ളവും കാടും കടലും നദികളും കായലുകളും വിളഭൂമികളും എല്ലാം നാശത്തിന്റെ പ്രതിസന്ധികളെയാണ് ഇന്നത്തെ വികസന നയത്തില്‍ നേരിടുന്നത്. പ്രകൃതിയുടെയും ജീവജാലങ്ങളുടെയും അതിജീവനം തന്നെ പ്രതിസന്ധിയിലാക്കുന്ന പടിഞ്ഞാറന്‍ മാതൃക വികസനം ഏറ്റവും വലിയ ഭീഷണിയായി മാറിക്കഴിഞ്ഞു. സാധാരണക്കാര്‍ക്ക് കുടിവെള്ളം പോലും ലഭിക്കാത്ത ലോകക്രമമാണ് ആഗോളവല്‍ക്കരണം. ലോകത്തിലെ ആറിലൊന്ന് ആളുകള്‍ക്ക് ഇപ്പോള്‍ തന്നെ ശുദ്ധമായ കുടിവെള്ളം ലഭിക്കുന്നില്ല. ശുദ്ധമായ കുടിവെള്ളം ലഭിക്കാതെ 40 ലക്ഷം ആളുകള്‍ പ്രതിവര്‍ഷം മരിക്കുന്നു. അതില്‍ 20 ലക്ഷത്തോളം കുഞ്ഞുങ്ങളാണ്.

 

പ്രകൃതി വിഭവങ്ങള്‍ക്കുവേണ്ടി അമേരിക്കന്‍ സാമ്രാജ്യത്വം ഇറാക്കിലും മറ്റും നടത്തുന്ന അധിനിവേശത്തിന്റെ മറ്റൊരു രൂപമാണ് മന്‍മോഹന്‍ സിംഗ് സര്‍ക്കാര്‍ വ്യാപകമാക്കിയിട്ടുള്ള പ്രത്യേക സാമ്പത്തിക മേഖലകള്‍ (സ്പെഷല്‍ ഇക്കണോമിക് സോണ്‍) സ്ഥാപിച്ച് കര്‍ഷകരെയും പാവപ്പെട്ടവരെയും കുടിയൊഴിപ്പിക്കുന്നത്. നൂറ് കണക്കിന് കേന്ദ്രങ്ങളില്‍ സര്‍ക്കാര്‍ ബലപ്രയോഗത്തിലൂടെ ജനങ്ങളുടെ കിടപ്പാടങ്ങള്‍ ഇടിച്ചു നിരത്തിയും ഭൂമി പിടിച്ചെടുത്തും കുത്തക കമ്പനികള്‍ക്ക് കാഴ്ചവയ്ക്കുന്നു.

 

നന്ദിഗ്രാമില്‍ സി.പി.എം നടത്തിയ കിരാതമായ അക്രമങ്ങള്‍ കോര്‍പറേറ്റ് ശക്തികളോട് കൂറ് കാണിക്കുന്ന കേന്ദ്രസാമ്പത്തിക നയങ്ങള്‍ വിശ്വസ്തതയോടെ നടപ്പിലാക്കിയതിന്റെ ഫലമാണ്. കമ്യൂണിസ്റ് പാര്‍ട്ടിയുടെ സുസംഘടിത ഫാസിസ്റ് സംഘടനാരൂപവും സര്‍ക്കാരിനൊപ്പം ജനങ്ങളെ നേരിടുവാന്‍ ഉണ്ടായിരുന്നു എന്നു മാത്രം.

 

മൂലമ്പള്ളിയില്‍ കിടപ്പാടങ്ങളും മറ്റും ഇടിച്ചുനിരത്തി കുഞ്ഞുണ്‍ങ്ങളും വൃദ്ധരും രോഗികളും സ്ത്രീകളും ഉള്‍പ്പെടെയുള്ള ജനങ്ങളെ തെരുവിലേക്ക് കുടിയിറക്കിവിട്ടത് കേരളജനതയ്ക്ക് മറക്കാനാവില്ല. വോട്ടു ചെയ്യുന്നതുവരെ മാത്രം ജനങ്ങള്‍ മതിയെന്ന് സംസ്ഥാനത്തെ കോണ്‍ഗ്രസ്സ് (യു.ഡി.എഫ്), സി.പി.എം. (എല്‍.ഡി.എഫ്), ബി.ജെ.പി. ചേരികള്‍ കരുതുന്നതു കൊണ്ടാവും മൂലമ്പള്ളിക്കാരെ അവരാരും തിരിഞ്ഞു നോക്കാത്തത്.

 

പുതിയ രാഷ്ട്രീയ ശക്തി

 

ജനങ്ങളില്‍ പ്രതീക്ഷയും ആത്മവിശ്വാസവും ജനിപ്പിക്കുന്ന നയപരിപാടികള്‍ മുന്നോട്ട് വച്ച് അടിസ്ഥാനപരമായ ഒരു രാഷ്ട്രീയ മാറ്റത്തിന് വേണ്ടി പ്രവര്‍ത്തിക്കുകയാണ് ആവശ്യം. പാശ്ചാത്യ വികസനരീതിയും മാതൃകയും ഉയര്‍ത്തിപ്പിടിയ്ക്കുന്ന മുതലാളിത്തവും കമ്യൂണിസവും തിരസ്കരിച്ച് ജനങ്ങളുടെ പങ്കാളിത്തം വിപുലണ്‍മാക്കുന്ന, പ്രകൃതിയും മനുഷ്യനും അതിജീവിക്കുന്ന, വികേന്ദ്രീകൃതമായ ഒരു വികസന രീതിയാണ് നമുക്കാവശ്യം. മഹാത്മാ ഗാന്ധിയും ഡോ. ലോഹിയയും മുന്നോട്ട് വച്ച വികസന സങ്കല്പങ്ങളും ദര്‍ശനങ്ങളും നമ്മുടെ തനതായ ഒരു വികസനരീതി കരുപ്പിടിക്കുവാന്‍ നമുക്ക് കരുത്ത് നല്‍കും. എന്നാല്‍ ഇന്നത്തെ വ്യവസ്ഥാപിത കക്ഷികള്‍ ഏതെല്ലാം ലേബലുകള്‍ ഒട്ടിച്ചിരുന്നാലും അതുപോലൊരു ദൌത്യം ഏറ്റെടുക്കുവാന്‍ ശേഷിയുള്ളയവയല്ല. പുതിയ ഒരു രാഷ്ട്രീയ ശക്തി ഈ രാജ്യത്തുണ്ടാകണം.

 

1995-ല്‍ വിവിധ ജനകീയ പ്രസ്ഥാനങ്ങള്‍ ചേര്‍ന്ന് രൂപം കൊടുത്ത സമാജവാദി ജനപരിഷത്ത് ആ ലക്ഷ്യത്തോടെ പുതിയ ഒരു രാഷ്ട്രീയം മുന്നോട്ട് വച്ചാണ് പ്രവര്‍ത്തിച്ചു വരുന്നത്. 1934-ല്‍ ആവിര്‍ഭവിച്ച ഇന്ത്യന്‍ സോഷ്യലിസ്റ് പ്രസ്ഥാനത്തിന്റെ പുതിയ ഘട്ടമാണ് സമാജവാദി ജനപരിഷത്ത്. രാജ്യത്തിന്റെ വിവിധ സംസ്ഥാനങ്ങളില്‍ അനവധിയായ ജനകീയ സമരങ്ങള്‍ നയിക്കുകയും ബദല്‍ ജീവിത സംസ്കൃതിയുടെ പ്രവര്‍ത്തനങ്ങള്‍ നടത്തുകയും ചെയ്യുന്ന ജനപരിഷത്ത് രാജ്യത്തിന്റെ പുനര്‍നിര്‍മ്മിതിയ്ക്കുള്ള ദേശീയ തല പ്രസ്ഥാനമാണ്. സര്‍വ്വസേവാസംഘം ഉള്‍പ്പടെയുള്ള ജനകീയ പ്രസ്ഥാനങ്ങളുടെ ദേശീയ സഖ്യത്തിലെ (എന്‍,.പി.എം) ഘടക സംഘടനയെന്ന നിലയില്‍ രാജ്യത്തെ ജനകീയ സമരങ്ങളെ കോര്‍ത്തിണക്കുന്നതിനും ജനപരിഷത്ത് ശ്രമിച്ചുവരുന്നു.

 

ആഗോളവല്‍ക്കരണത്തിന ു് അറുതി വരുത്തണം

 

സാധാരണക്കാര്‍ക്കും പാവപ്പെട്ടവര്‍ക്കും ഉപയുക്തമായ മാറ്റമുണ്ടാക്കുവാന്‍ ഒഴിച്ചു കൂടാനാവാത്ത ഒരു മൂന്നുപാധിയാണ് ആഗോളവല്‍ക്കരണ സാമ്പത്തികനയങ്ങള്‍ പാടേ അവസാനിപ്പിക്കുക എന്നത്. ഇന്നത്തെ രൂപത്തിലുള്ള വിദേശ മൂലധനത്തെയും ലോകബാങ്ക്, .ഡി.ബി, ഡബ്ളിയു.ടി.., ഡി.എഫ്. .ഡി, .എം.എഫ്. തുടങ്ങിയവയെയും നിരാകരിക്കാതെ അത് സാദ്ധ്യമാവില്ല. ജനപരിഷത്ത് അതിനുവേണ്ടി നിലകൊള്ളുന്നു. തകര്‍ന്നടിഞ്ഞ കാര്‍ഷികമേഖലയും പരമ്പരാഗത, ചെറുകിട വ്യവസായങ്ങളും ഗ്രാമീണ തൊഴില്‍ മേഖലയും പുനഃരുദ്ധരിക്കുവാന്‍ അതുപോലൊരു സാഹചര്യത്തില്‍ മാത്രമേ നമുക്ക് കഴിയുകയുള്ളു. നയങ്ങളില്‍ മാറ്റമില്ലാത്ത മറ്റെന്തെല്ലാം സംഗതികള്‍ സര്‍ക്കാരുകള്‍ ചെയ്താലും ജനങ്ങളെ കബളിപ്പിക്കുന്ന പ്രചാരണ തട്ടിപ്പുകളായി അവയെല്ലാം അവശേഷിക്കും.

 

എന്നാല്‍ ചെറിയൊരു വിഭാഗത്തിന് മാത്രമുള്ള ഇന്നത്തെ പല ആഢംബരങ്ങളും നഷ്ടപ്പെടുത്തി കൊണ്ടല്ലാതെ അതു പോലെയുള്ള നയപരിപാടികള്‍ നടപ്പാവില്ല. അതിനുള്ള സന്നദ്ധതയും അഭിലാഷങ്ങളും പുലര്‍ത്തുവാന്‍ കഴിയുന്ന ദലിത, ആദിവാസി, പിന്നോക്ക വിഭാഗങ്ങളില്‍ നിന്നുള്ള സാമൂഹിക ശക്തികളെയും കര്‍ഷക, ഗ്രാമീണ, പരമ്പരാഗത തൊഴില്‍രംഗത്തെ ജനവിഭാഗങ്ങളെയും ഉണര്‍ത്തുകയും വിശാലമായി ഒന്നിച്ചണിനിരത്തുകയുമാണ് മാര്‍ഗം.

 

ജാതിസംവരണം നിലനിര്‍ത്തി സമഗ്രമായി പരിഷ്കരിക്കണം

 

പ്രതീക്ഷിക്കുവാന്‍ യാതൊന്നുമില്ലാതെ മുങ്ങിത്താഴ്ന്നവരെപ്പോലെ നൂറ്റാണ്ടുകള്‍ കഴിഞ്ഞ ദലിതരിലെ പട്ടികജാതി സംവരണത്തില്‍ നിന്ന് ചവുട്ടി പുറത്താക്കപ്പെട്ട ക്രൈസ്തവരിലെയും മുസ്ളീംങ്ങളിലെയും ദലിതരുടെ പട്ടികജാതി സംവരണാവകാശം പുനഃസ്ഥാപിക്കുവാന്‍ ജനപരിഷത്ത് പ്രതിജ്ഞാബദ്ധമാണ്. കോണ്‍ഗ്രസ്സും മറ്റു പാര്‍ട്ടികളും സി.പി.എം. തുടങ്ങിയ കമ്യൂണിസ്റ്റ് കക്ഷികളും സംവരണത്തെ സംബന്ധിച്ച് പ്രസക്തമായ രാഷ്ട്രീയ ദര്‍ശനവും പ്രത്യയശാസ്ത്രങ്ങളുമില്ലാതെ സംവരണത്തിന്റെ ഉദ്ദേശ്യലക്ഷ്യങ്ങളെ തന്നെ തകര്‍ക്കുവാനാണ് ശ്രമിക്കുന്നത്.

 

സംവരണം മതാടിസ്ഥാനത്തില്‍ നല്‍കേണ്ടതല്ല. സാമൂഹിക പിന്നോക്കാവസ്ഥയില്‍ മാറ്റം വരുത്തുന്നതിനുള്ള ജാതി സംവരണം തകര്‍ക്കുവാനാണ് അക്കൂട്ടര്‍ ശ്രമിക്കുന്നത്. മുസ്ളീങ്ങള്‍ക്കും ക്രൈസ്തവര്‍ക്കും ഹിന്ദുക്കള്‍ക്കുമല്ല ഏതു മതത്തിലുമുള്ള ദലിതര്‍‍ക്കും പിന്നോക്ക സമൂഹങ്ങള്‍ക്കുമാണ് സംവരണം നല്‍കേണ്ടത്.

 

അതോടൊപ്പം പത്ത് ശതമാനം സാമ്പത്തിക സംവരണം നല്‍കുവാന്‍ കോണ്‍ഗ്രസ്, ഭാജപാ, സി.പി.എം., ജനതാദള്‍, സമാജവാദി പാര്‍ട്ടി തുടങ്ങിയ കക്ഷികളോടൊപ്പമാണ് മായാവതിയുടെ ബി.എസ്.പി.യും. സാമ്പത്തിക സംവരണം മുന്നോട്ട് വയ്ക്കുന്നവരും സാമൂഹിക സംവരണത്തെയാണ് അട്ടിമറിക്കുന്നത്. എന്നാല്‍ മുന്നോക്ക സമൂഹങ്ങളില്‍പ്പെട്ട പാവപ്പെട്ടവരെയും വ്യവസ്ഥാപിത കക്ഷികള്‍ സാമ്പത്തിക സംവരണ മുദ്രാവാക്യത്തിലൂടെ വഞ്ചിക്കുകയാണ്.

 

പിന്നോക്ക സമൂഹങ്ങളിലെപ്പോലെ മുന്നോക്ക സമൂഹങ്ങളിലെയും പാവപ്പെട്ടവരില്‍ മഹാഭൂരിപക്ഷത്തിനും സംവരണം വഴി തൊഴില്‍ നല്‍കുവാന്‍ കഴിയില്ല. സംവരണം തൊഴില്‍ ദാന പദ്ധതിയുമല്ല. എല്ലാവര്‍ക്കും അന്തസും തൊഴിലും ലഭിക്കുന്ന ഒരു സാമ്പത്തിക വ്യവസ്ഥ ഉണ്ടാക്കുന്നതിന് പകരം, ജനങ്ങളില്‍ ഭൂരിപക്ഷവും പുറന്തള്ളപ്പെടുന്ന സാമ്പത്തിക, വികസനനയങ്ങളാണ് സാമ്പത്തിക സംവരണം ഉയര്‍ത്തിപ്പിടിക്കുന്ന വ്യവസ്ഥാപിത കക്ഷികളെല്ലാം പിന്തുടരുന്നത്.

 

മിശ്രവിവാഹിതരെയും പട്ടികജാതി പട്ടികവര്‍ഗക്കാരെയും ഓരോരോ കാരണങ്ങള്‍ പറഞ്ഞ് സംവരണത്തില്‍ നിന്ന് പുറത്താക്കുവാന്‍ കിര്‍ത്താഡ്സ് ശ്രമിക്കുകയാണ്. കീര്‍ത്താഡ്സിന്റെ ദുഷ്ചെയ്തികള്‍മൂലം സംവരണാനുകൂല്യങ്ങള്‍ നിഷേധിക്കുന്നത് അവസാനിപ്പിക്കേണ്ടതുണ്ട്. മറ്റു പിന്നോക്ക ജനസമൂഹങ്ങള്‍ക്കുള്ള സംവരണത്തിലെ അസന്തുലിതാവസ്ഥയും മാറ്റേണ്ടതുണ്ട്. ജാതി സംവരണം നിലനിര്‍ത്തിക്കൊണ്ട് സംവരണത്തില്‍ പഠനങ്ങളുടെ അടിസ്ഥാനത്തില്‍ സമഗ്രമായ പരിഷ്ക്കാരങ്ങള്‍ നടപ്പിലാക്കേണ്ടതുണ്ട്.

 

നൂറ്റാണ്ടുകളായി പിന്നാമ്പുറത്തേക്ക് തള്ളപ്പെട്ട സ്ത്രീകള്‍ പൊതുജീവിതത്തില്‍ മുന്നണിയിലേക്ക് കടന്നുവരുവാന്‍ ആവശ്യമായതെല്ലാം ചെയ്യേണ്ടതുണ്ട്. അതുപോലെ സ്ത്രീകള്‍ക്കെതിരെയുള്ള പീഢനങ്ങളും ചൂഷണവും അറുതി വരുത്തേണ്ടവയാണ്. മനുഷ്യനന്മയെ ഉണര്‍ത്തുന്ന ഒരു ജനകീയ സംസ്കാരം തീര്‍ക്കുകയാണ് വേണ്ടത്.

 

 

വര്‍ഗീയ ശക്തികളെ തോല്പിക്കണം

 

കിരാതമായ വര്‍ഗീയ അക്രമങ്ങള്‍ ഗുജറാത്ത്, ഒറീസ, കര്‍ണ്ണാടക തുടങ്ങി പല സംസ്ഥാനങ്ങളിലും ഇളക്കിവിടുന്ന ഭാജപായും ആര്‍.എസ്.എസ്. ആശയ ഗതിക്കാരും ജനങ്ങളുടെ ഐക്യം തകര്‍ത്ത് രാജ്യത്തെ ശിഥിലമാക്കുവാനാണ് ശ്രമിക്കുന്നത്. മനുഷ്യ ചരിത്രത്തിലെ ഏറ്റവും പൈശാചികമായ ഭരണ സംവിധാനം കൊണ്ടുവന്ന ഹിറ്റ്ലറെ മഹാനായി ചിത്രീകരിക്കുന്ന ആര്‍.എസ്.എസ്. ആശയ ഗതിക്കാര്‍ ലക്ഷ്യമിടുന്ന ഫാസിസം നമ്മുടെ തുറന്ന ജനാധിപത്യ വ്യവസ്ഥിതിയെ തകര്‍ത്ത് ശ്വാസം മുട്ടുന്നതും ഇരുട്ടുനിറഞ്ഞതുമായ വലിയൊരു തടങ്കല്‍ പാളയമാക്കി രാജ്യത്തെ മാറ്റും. അത് മഹാത്മാഗാന്ധിയുടെയും സ്വാതന്ത്യ്ര പോരാട്ടങ്ങള്‍ക്ക് ധീരനേതൃത്വം കൊടുത്ത നേതാജി സുഭാഷ് ചന്ദ്രബോസും ഭഗത്സിംഗും ഉള്‍പ്പടെയുള്ള ആയിരക്കണക്കിന് സ്വാതന്ത്യ്രപോരാളികളുടെയും പൈതൃകത്തിന് എതിരാണ്. ലോകത്തിലെ എല്ലാ മതണ്‍ങ്ങള്‍ക്കും നമ്മുടെ ഭാരതത്തില്‍ പൌരാണിക കാലം മുതല്‍ അഭയം നല്‍കിയിരുന്നു. അതുപോലെ മതങ്ങളിലെ ന്മയുടെ സാരാംശസന്ദേശങ്ങളെ സഹവര്‍ത്തിത്വത്തിനുള്ള പ്രമാണങ്ങളാക്കി മാറ്റിയ അക്ബര്‍ ചക്രവര്‍ത്തിയുടെയും ഭക്തി പ്രസ്ഥാനത്തിന്റെയും സൂഫി വര്യന്‍മാരുടെയും സാമൂഹിക പരിഷ്ക്കര്‍ത്താക്കളുടെയും പാരമ്പര്യങ്ങളെയാണ് വര്‍ഗീയ ഫാസിസം പിച്ചിച്ചീന്തുക.

 

ഭൂരിപക്ഷമായാലും ന്യൂനപക്ഷമായാലും എല്ലാത്തരം വര്‍ഗീയതകളെയും എതിര്‍ക്കണം. സാഹചര്യത്തില്‍ മുസ്ളീംങ്ങളിലെ ഒരു വിഭാഗത്തെ വര്‍ഗീയതയില്‍ തളച്ചിടുന്നതിനും ചെറുപ്പക്കാരെ ഭീകരപ്രവര്‍ത്തകരാക്കി മാറ്റുന്നതിനും ചില പ്രസ്ഥാനങ്ങള്‍ നടത്തുന്ന ശ്രമങ്ങളെയും നാം തിരിച്ചറിയണം. ഇന്ത്യാ വിഭജനത്തെ എതിര്‍ത്ത അതിര്‍ത്തി ഗാന്ധി ഖാന്‍ അബ്ദുള്‍ ഗാഫര്‍ ഖാന്റെയും സ്വാതന്ത്യ്രസമരത്തിലെ ഉജ്ജ്വലനേതാവ് അബ്ദു റഹ്മാന്‍ സാഹിബിന്റെയും തിരുവിതാംകൂറിലെ ആധുനിക ദേശീയ രാഷ്ട്രീയ ചിന്തയുടെ പിതാവായ വക്കം മൌലവിയുടെയും പൈതൃകമാണ് ഉയര്‍ത്തിപ്പിടിക്കേണ്ടത്. സാമ്രാജ്യത്ത വിരുദ്ധതയുടെ മറവില്‍ മത രാഷ്ട്രീയത്തിലേക്ക് ചുരുങ്ങുന്നതും ഭീകര പ്രവര്‍ത്തകരെ സൃഷ്ടിക്കുന്ന പശ്ചാത്തലം സമുദായത്തിനുള്ളില്‍ ഒരുക്കുന്നതും മുസ്ളീങ്ങള്‍ക്കും വിനാശകരമാണ്.

 

പശ്ചാത്തലത്തില്‍ മുന്നണിയ്ക്കപ്പുറത്ത് നിന്നും പി.ഡി.പി. യുമായി ബാന്ധവം സ്ഥാപിക്കുന്ന സി.പി.എം കേരള ഘടകത്തിന്റെ നിലപാട് അപകടകരമാണ്. വര്‍ഗീതയും ഭീകരത പ്രവര്‍ത്തനങ്ങളും ഇന്നത്തെ നിലയില്‍ വളര്‍ന്ന് പന്തലിക്കുന്നതില്‍ ഇന്ദിരാഗാന്ധിമുതലുള്ള കോണ്‍ഗ്രസ്സ് നേതാക്കളും ഇതര രാഷ്ട്രീയ കക്ഷികളും വര്‍ഗീയ ശക്തികളുമായി കഴിഞ്ഞ കാലങ്ങളില്‍ അവസരവാദപരമായി ഉണ്ടാക്കിയിട്ടുള്ള കൂട്ടുകെട്ടുകള്‍ ചെറുതല്ലാത്ത പങ്ക് വഹിച്ചിട്ടുണ്ട്.

 

അബ്ദുള്‍ നാസര്‍ മ്അദനിയെ ദീര്‍ഘകാലം വിചാരണകൂടാതെ തടവില്‍ പാര്‍പ്പിച്ച മനുഷ്യാവകാശ നിഷേധത്തെ എതിര്‍ക്കുന്നതും മദനിയുടെ ഇന്നത്തെ നിലയിലുള്ള പാര്‍ട്ടിയുമായി കൂട്ടുകെട്ടുണ്ടാക്കുന്നതും രണ്ടു വേറിട്ട സംഗതികളാണ്. എല്‍.ഡി.എഫും യു.ഡി.എഫും മാറിമാറി മ്അദനി തടങ്കലില്‍ കിടക്കുമ്പോള്‍ മ്അദനിയുടെ മോചനത്തിന് യാതൊന്നും ചെയ്യാതെ പി.ഡി.പി.യുമായി അവിശുദ്ധ കൂട്ടുകെട്ടുണ്ടാക്കിയിട്ടുണ്ട്.

 

മ്അദനിയ്ക്കും പി.ഡി.പി.യ്ക്കു മെതിരെയുള്ള തീവ്രവാദി- ഭീകരപ്രവര്‍ത്തന ബന്ധങ്ങളെക്കുറിച്ചുള്ള ആരോപണങ്ങള്‍ നിയമത്തിന് മുന്നില്‍ തെളിയിക്കപ്പെടേണ്ടവയാണെങ്കിലും പി.ഡി.പി.യുടെ ഇന്നത്തെ രാഷ്ട്രീയ സ്വഭാവം ആശാസ്യമായ ഒരു ബന്ധത്തിന് നിരക്കുന്നതല്ല.

 

കൂടാതെ അമേരിക്കയുടെ നേതൃത്വത്തില്‍ പാശ്ചാത്യ ശക്തികള്‍ മുസ്ളീം ജനവിഭാഗങ്ങള്‍ ഭൂരിപക്ഷമായ രാജ്യങ്ങളില്‍ നടത്തുന്ന അധിനിവേശങ്ങളും ആക്രമണങ്ങളും ലോകമൊട്ടുക്കും മുസ്ളീം ജനവിഭാഗങ്ങളില്‍ സാമ്രാജ്യത്തവിരോധം വളര്‍ത്തുന്നുണ്ട്. പ്രകൃതി വിഭവങ്ങള്‍ കയ്യടക്കുന്നതിനും അതിന്‍മേലുള്ള രാഷ്ട്രീയ നിയന്ത്രണങ്ങള്‍ പിടിക്കുന്നതിനുമാണ് പാശ്ചാത്യ ശക്തികള്‍ അധിനിവേശവും ആക്രമണങ്ങളും മറ്റും നടത്തുന്നത്. എന്നാല്‍ സാമ്രാജ്യത്വത്തെ നേരിടുവാന്‍ ഭീകരത പര്യാപ്തമല്ല. മറിച്ച് വിനാശകരവുമാണ്. സാമ്രാജ്യത്വത്തിനെതിരെയുള്ള വിശാലമായ ജനമുന്നേറ്റങ്ങളാണ് ആവശ്യം. സാമ്രാജ്യത്വം തന്നെ ഭീകരതയെ പടച്ചുവിടുകയും സഹായിക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ സമാധാനപരമായ സാമ്രാജ്യത്ത വിരുദ്ധ മുന്നേറ്റം അത്യന്തം ആവശ്യമാണ്.

 

മാലേഗാവ് ബോംബ് സ്ഫോടനത്തിന്റെ ഉത്തരവാദികള്‍ ആര്‍.എസ്.എസ് ആശയഗതിക്കാരാണെന്ന് തെളിഞ്ഞത് എല്ലാവരും ഗൌരവത്തോടെ കാണണം. ഏതെങ്കിലും ഒരു അക്രമസംഭവത്തിന് തിരിച്ചടി എന്ന നിലയില്‍ മറ്റൊരു അക്രമസംഭവം ഉണ്ടാക്കുന്നതും ന്യായീകരിക്കുന്നതുമായ പ്രവണത ഇന്ദിരാഗാന്ധിയുടെ കൊലപാതകത്തെ മറയാക്കി നടത്തിയ സിഖ് കൂട്ടക്കൊലയെ ന്യായീകരിച്ച് കോണ്‍ഗ്രസ് നേതാവ് രാജീവ് ഗാന്ധി ഊട്ടിയുറപ്പിച്ചു. എല്ലാ തരം വര്‍ഗീയ ശക്തികളും അതേ തന്ത്രമാണ് പ്രയോഗിച്ചുവരുന്നത്.

 

 എന്നാല്‍ നിരപരാധികളായ അനവധി ആളുകളെ കൊന്നൊടുക്കുന്ന അക്രമങ്ങളും ബോംബ് സ്ഫോടനങ്ങളും ഹിന്ദു, മുസ്ളീം, വര്‍ഗീയ ശക്തികള്‍ മത്സരിച്ച് നടത്തിയാല്‍ ആരും അവശേഷിക്കുകയില്ല.

 

ആശയപരമായി വിശാല വീക്ഷണങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച് വര്‍ഗീയ ആശയങ്ങളെ എതിര്‍ക്കുവാന്‍ എല്ലാവരും മുന്നോട്ടു വരണം. എന്നാല്‍ അതുകൊണ്ട് മാത്രമായില്ല സാധാരണ ജനങ്ങളെ അന്യവല്‍ക്കരിക്കുന്ന സാമ്പത്തിക സാമൂഹിക, രാഷ്ട്രീയ ക്രമങ്ങളെ മാറ്റുന്നതിലേക്ക് ജനങ്ങളെ അണിനിരത്തുകയും വേണം. അല്ലാത്തപക്ഷം, പ്രതീക്ഷിക്കുവാന്‍ സമൂഹത്തിലും രാഷ്ട്രീയത്തിലും ഒന്നുമില്ലാതാകുമ്പോള്‍ വര്‍ഗീയ, സങ്കുചിത ആശയങ്ങളിലേക്ക് ജനങ്ങള്‍ ആകര്‍ഷിക്കപ്പെടും.

 

പ്രതീക്ഷയുടെ പുതിയ മുന്നണി

 

 വിശാലമായ രാഷ്ട്രീയ മുന്നേറ്റങ്ങള്‍ ഉണ്ടാക്കുന്നതിന് വേണ്ടി വ്യവസ്ഥാപിതകക്ഷികള്‍ക്ക് പുറത്ത് ജനാധിപത്യ, സോഷ്യലിസ്റ്റ് ധാരകളില്‍ പ്രവര്‍ത്തിച്ചു വരുന്നതും മാറ്റത്തോട് പ്രതിബദ്ധതയുള്ളതുമായ വിവിധ പാര്‍ട്ടികളും പ്രസ്ഥാനങ്ങളും പ്രമുഖ വ്യക്തികളും ചേര്‍ന്ന് അഖിലേന്ത്യാ തലത്തില്‍ ലോക രാജ് നീതി മഞ്ച് (എല്‍.ആര്‍.എം.) എന്ന ഒരു രാഷ്ട്രീയ മുന്നണി രൂപം കൊടുത്തിട്ടുള്ളതും പ്രതീക്ഷയുണര്‍ത്തുന്നതാണ്.

 

കര്‍ഷക പ്രസ്ഥാനമായ കര്‍ണ്ണാടക രാജ്യറയത്ത സംഘവും ദലിത സംഘര്‍ഷ സമിതിയും ചേര്‍ന്ന് രൂപം കൊടുത്ത രാഷ്ട്രീയകക്ഷിയായ സര്‍വോദയ കര്‍ണ്ണാടക, ഉത്തരാഖണ്ഡ് മുക്തി സംഘര്‍ഷ വാഹിനി, ആസാദിബച്ചാവോ ആന്ദോളന്‍ തുടങ്ങിയവയും ജനപരിഷത്തിനൊപ്പം എല്‍.ആര്‍.എം.ല്‍ അണിനിരന്നിട്ടുണ്ട്. കുല്‍ദീപ് നയ്യാര്‍ അദ്ധ്യക്ഷനായ എല്‍.ആര്‍.എം. ന് ജസ്റീസ് രജീന്ദര്‍ സച്ചാര്‍, യോഗേന്ദ്രയാദവ് തുടങ്ങിയ പ്രമുഖ വ്യക്തികളും നേതൃത്വം നല്‍കുന്നു.

 

പുതിയ രാഷ്ട്രീയം കെട്ടിപ്പടുക്കുവാന്‍ മാറ്റത്തോട് പ്രതിബദ്ധതയുള്ളവര്‍ മുന്നോട്ട് വരേണ്ട സമയം അതിക്രമിച്ചിരിക്കുകയാണ്. ജനങ്ങളുടെ ന്മകാംഷിക്കുന്നവര്‍ക്കും രാജ്യത്തെ സ്നേഹിക്കുന്നവര്‍ക്കും മനുഷ്യവംശത്തിന്റെയും ജീവജാലങ്ങളുടെയും അതിജീവനം ആഗ്രഹിക്കുന്നവര്‍ക്കും അതുമാത്രമാണ് ഒരേ ഒരു വഴി.

 

അതിനുള്ള തുടക്കം കുറിക്കുവാന്‍ ഈ വരുന്ന തെരെഞ്ഞെടുപ്പില്‍ ജനപരിഷത്തിന്റെയും അല്ലാത്തിടങ്ങളില്‍ ആഗോളവല്‍ക്കരണത്തെയും വര്‍ഗീയതയേയും എതിര്‍ക്കുന്ന ജനകീയ സ്ഥാനാണ്‍ര്‍ത്ഥികളെയും വോട്ടു നല്‍കി വിജയിപ്പിക്കുവാന്‍ അഭ്യര്‍ത്ഥിക്കുന്നു.

 

പരിപാടികള്‍

 

1. കുടിവെള്ളത്തിന്റെ കച്ചവടം നിരോധിക്കും; എല്ലാ കുടുംബങ്ങണ്‍ള്‍ക്കും ശുദ്ധമായ കുടിവെള്ളം ഉറപ്പുവരുത്തും, വന്‍കിട പദ്ധതികളേക്കാള്‍ മുതല്‍മുടക്ക് കുറഞ്ഞതും പരിസ്ഥിതി സംരക്ഷിക്കുന്നതും നാട്ടറിവുകളും നൂതന സങ്കേതങ്ങളും സംയോജിപ്പിക്കുന്നതുമായ പദ്ധതികള്‍ ആവിഷ്കരിക്കും, എല്ലാ ജലസ്രോതസ്സുകളും ജലാശയങ്ങളും സംരക്ഷിക്കുവാന്‍ യുദ്ധകാലാടിസ്ഥാനത്തില്‍ നടപടികളെടുക്കും, കിണറുകളും കുളങ്ങളും നിരുത്സാഹപ്പെടുത്തുന്ന നയംതിരുത്തി അവയുടെ പരിപാലനത്തെ പ്രോത്സാഹിപ്പിക്കും. ബസ് സ്റാന്റുകള്‍, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ മുതലായ കേന്ദ്രങ്ങളില്‍ പൊതുജനങ്ങള്‍ക്ക് കുടിവെള്ള സൌകര്യം ഏര്‍പ്പെടുത്തും.

 

 2. ജലചൂഷണവും മലിനീകരണവും ആരോഗ്യത്തിന് ഹാനികരമായ ശീലങ്ങളും സാംസ്കാരികാധിനിവേശവും അടിച്ചേല്പിക്കുന്ന വിദേശ കോള കമ്പനികളായ കൊക്കക്കോള, പെപ്സി എന്നവയെ പുറത്താക്കും; ഭക്ഷണ, പാനീയരംഗത്ത് നിന്നും എല്ലാ വിദേശ കമ്പനികളേയും പുറത്താക്കും. പ്രകൃതിദത്തമായ ഗണമൂല്യങ്ങള്‍ പരമാവധി നിലനിര്‍ത്തുന്നതും രാസവിഷങ്ങള്‍ ഒഴിവാക്കുന്നതുമായ ഭക്ഷ്യസംസ്കരണം വികേന്ദ്രീകൃതമായി പ്രോത്സാഹിപ്പിക്കും.

 

3. ഇന്നത്തെ രീതിയിലുള്ള വിദേശമൂലധനത്തെ പുറന്തള്ളും.

 

4. .ഡിബി., ലോകബാങ്ക്, .എം.എഫ്., ഡബ്ളിയു.ടി.. എന്നിവയുടെ വായ്പ, സഹായം, നിബന്ധനകള്‍ എന്നിവ നിരാകരിക്കുകയും അവയുമായുളള എല്ലാ കരാറുകളും റദ്ദു ചെയ്യുകയും കേന്ദ്രസംസ്ഥാനങ്ങളില്‍ ഭരണ, വികസന രംഗത്തുള്ള ഉദ്യോഗസ്ഥ ചുമതലകള്‍ അവസാനിപ്പിക്കുകയും ചെയ്യും.

 

5. തകര്‍ന്നുപോയ കാര്‍ഷികമേഖലയെയും പരമ്പരാഗത, ചെറുകിട മേഖലയെയും പുനരുദ്ധരിക്കുവാന്‍ വന്‍കിട വ്യവസായ വാണിജ്യ മേഖലകളുടെ പ്രത്യക്ഷവും പരോക്ഷവുമായ ചൂഷണത്തിന് അറുതിവരുത്തും. വ്യവസായ-കാര്‍ണ്‍ഷിക ഉല്പന്നണ്‍ങ്ങളുടെ വില സന്തുലനവും വില നിജപ്പെടുത്തലും നടപ്പിലാക്കും.

 

6. കാര്‍ഷിക, പരമ്പരാഗത, ചെറുകിട മേഖലകളില്‍ പലിശരഹിത വായ്പകള്‍ നല്‍കും.

 

 7. സംസ്ഥാനത്ത് ഉല്പാദിപ്പിക്കുന്ന നെല്ല് കര്‍ഷകരില്‍ നിന്ന് ക്വിന്റലിന് 3000/- രൂപ നിരക്കില്‍ സര്‍ക്കാര്‍ നേരിട്ട് സംഭരിക്കും. പാവപ്പെട്ടവര്‍ക്കും സാധാരണക്കാര്‍ക്കും പൊതുവിതരണ സംവിധാനത്തിലൂടെ കുറഞ്ഞ നിരക്കില്‍ അരി നല്‍കുന്നതിന് പുറത്ത് നിന്ന് വാങ്ങുന്നകിനേക്കാള്‍ മുന്‍ഗണന സംസ്ഥാനത്ത് സംഭരിക്കുന്ന നെല്ലിന് നല്‍കും.

 

8. പഞ്ചായത്ത്, ജില്ലാ അടിസ്ഥാനത്തില്‍ ഭക്ഷ്യസ്വയം പര്യാപ്തത കൈവരിക്കുന്നതിനുള്ള നയവും മുന്‍ഗണനയും പ്രഖ്യാപിച്ച് നടപ്പിലാക്കും.

 

9. പഞ്ചായത്ത് ലൈസന്‍സിന് കീഴില്‍ തെങ്ങ് ചെത്തിപോഷകസമ്പുഷ്ടമെന്ന് തെളിഞ്ഞിട്ടുള്ള ലഹരി ഇല്ലാത്ത നീര ഉല്പാദിപ്പിക്കുവാനും വിപണനം നടത്തുവാനും കര്‍ഷകരെയും ചെത്തുതൊഴിലാളികളെയും അനുവദിക്കും.

 

10. വിദ്യാഭ്യാസത്തിന്റെ കച്ചവടവല്‍ക്കരണവും ആഗോളീകരണത്തിനുള്ള ഉപകരണമാക്കലും അവസാനിപ്പിക്കും. സ്വാശ്രയത്വം. വികേന്ദ്രീകരണം, എല്ലാവര്‍ക്കും തൊഴില്‍ എന്നിവയിലുറച്ച ഒരു വികസനത്തിന് നിരക്കുന്ന രീതിയില്‍ വിദ്യാഭ്യാസത്തെ പുനഃസ്സംവിധാനം ചെയ്യും. സ്വാശ്രയം എന്ന പേരില്‍ വിദ്യാഭ്യാസത്തെ വാണിജ്യവല്‍ക്കരിക്കുന്ന സ്വകാര്യ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും കോഴ്സുകള്‍ക്കും അറുതിവരുത്തും. പഠിതാക്കളുടെ പൂര്‍ണ്ണവികാസത്തിനുപകരിക്കുന്ന മാതൃഭാഷയിലൂടെയുള്ള ഒരേതരം വിദ്യാഭ്യാസത്തിനുള്ള അവസ്ഥ സംജാതമാക്കും.

 

 11. ജനകീയമായ ഒരു നയപ്രഖ്യാപനത്തിന്റെയും അടിസ്ഥാന തത്വങ്ങളുടേയും ചട്ടക്കൂടിനുള്ളില്‍നിന്നുകൊണ്ട് പ്രയോഗിക്കുന്നതിന് പരമാവധി അധികാരം ഗ്രാമ, ബ്ളോക്ക്, ജില്ലാ സര്‍ക്കാരുകള്‍ക്ക് കൈമാറും. അധികാരവികേന്ദ്രീകരണ തത്വത്തിലൂന്നി പോലീസ് സംവിധാനത്തെ സമഗ്രമായി പരിഷ്കരിക്കും.

 

12. മദ്യവില്പന, മദ്യനിരോധനം എന്നിവ സംബന്ധിച്ച് ഗ്രാമ, നഗര സര്‍ക്കാരുകള്‍ക്ക് പരമാധികാരം നല്‍കും.

 

13. സമഗ്രമായ ആരോഗ്യനയം ആവിഷ്കരിച്ച് ആരോഗ്യമേഖലയിലെ ചൂഷണവും കൊള്ളയും അവസാനിപ്പിക്കും. ബദല്‍ ആരോഗ്യപരിപാലനക്രമങ്ങള്‍ പ്രോത്സാഹിപ്പിക്കുവാന്‍ ഗ്രാമ, ബ്ളോക്ക്, ജില്ലാ ഭരണകൂടങ്ങളെ ചുമതലപ്പെടുത്തും.

 

14. പട്ടികജാതികളില്‍പ്പെട്ട ദലിതക്രൈസ്തവരെയും ദലിത മുസ്ളീംങ്ങളെയും മതത്തിന്റെ പേരില്‍ പട്ടികജാതി സംവരണത്തില്‍ണ്‍നിന്ന് പുറംതള്ളുന്ന ഉത്തരവ് റദ്ദ് ചെയ്ത് സംവരണം ഉറപ്പ് വരുത്തും.

 

15. സമഗ്രമായ സംവരണനയം ആവിഷ്കരിക്കും. മിശ്രവിവാഹിതരുടെ കുട്ടികള്‍ക്ക് സംവരണം ഉറപ്പുവരുത്തും. ഓരോരോ തെറ്റായ കാരണങ്ങള്‍ കണ്ടുപിടിച്ച് സംവരണത്തില്‍നിന്നും പട്ടികജാതി, വര്‍ഗ, പിന്നോക്ക വിഭാഗങ്ങളെ പുറംതള്ളുന്ന നടപടികള്‍ക്ക് അറുതി വരുത്തും. വ്യാജരേഖകള്‍ കണ്ടുപിടിയ്ക്കുന്ന ജോലിമാത്രമായി നിജപ്പെടുത്തി കിര്‍ത്താഡ്സിന്റെ പട്ടികജാതി, പട്ടികവര്‍ഗ്ഗ ദ്രോഹങ്ങള്‍ക്ക് അവസാനം വരുത്തുക. അകാരണമായി അര്‍ഹമായ ജാതി സര്‍ട്ടിഫിക്കറ്റ് പട്ടികജാതി - പട്ടികവര്‍ഗ്ഗ ജനവിഭാഗങ്ങള്‍ക്ക് നിഷേധിക്കുന്ന റവന്യൂ അധികാരികളുടെ നടപടികള്‍ അവസാനിപ്പിക്കും.

 

16. മുഴുവന്‍ വിദ്യാര്‍ത്ഥിനികള്‍ക്കും ദാരിദ്യ്രരേഖയുടെ താഴെയുള്ള കുടുംബങ്ങളില്‍ നിന്ന് ഹൈസ്ക്കൂള്‍, +2 കോഴ്സ് ക്ളാസുകളില്‍ എത്തുന്ന വിദ്യാര്‍ത്ഥികള്‍ണ്‍ക്കും സൌജന്യമായ സവാരി സൈക്കിള്‍ നല്‍കും. സൈക്കിള്‍ ഉപയോഗിച്ചുള്ള സഞ്ചാരത്തെ സംസ്ഥാനത്ത് പ്രോത്സാഹിപ്പിക്കും. സൈക്കിള്‍ നിര്‍മാണശാല സഹകരണ മേഖലയില്‍ ആരംഭിക്കും.

 

 17. ഭൂപരിധിനിയമം തോട്ടവിളകള്‍ക്കും ബാധമാക്കും വന്‍കിട, വിദേശ കമ്പനികളുടെയെല്ലാം കൈവശമുള്ള കൃഷിഭൂമി നഷ്ടപരിഹാരം കൂടാതെ പിടിച്ചെടുക്കും. മിച്ചഭൂമിയും പ്ളാന്റേഷന്‍ കോര്‍പറേഷന്റെ കൈവശമുള്ള കൃഷിഭൂമിയും ആദിവാസികള്‍, ദലിതര്‍, പിന്നോക്ക ജനവിഭാഗങ്ങള്‍, പാവപ്പെട്ടവര്‍ എന്നിവര്‍ക്ക് മുന്‍ഗണനാ അടിസ്ഥാനത്തില്‍ വിതരണം ചെയ്യും. നയപരിപാടികള്‍ മേല്‍പ്പറഞ്ഞവിധം അഴിച്ചുപണിത് ചെങ്ങറ സമരണ്‍ത്തിന് ഒത്തുതീര്‍പ്പുണ്ടാക്കും.

 

 18. വിത്ത്, കാര്‍ഷികോല്പന്നങ്ങള്‍ തുടങ്ങിയവയുടെ സംഭരണം, വിപണനം, കാര്‍ഷികവൃത്തി എന്നിവയില്‍നിന്നും കമ്പനികളെ നിരോധിക്കും. എല്ലാ കാര്‍ഷികോല്പന്നങ്ങള്‍ക്കും ന്യായവില ഉറപ്പുവരുത്തും. ജൈവകൃഷി പ്രോത്സാഹിപ്പിക്കും. രാസവള, കീടനാശിനി കമ്പനികളുടെ ഉല്പന്നങ്ങള്‍ വിതരണം ചെയ്യുവാന്‍ കൃഷിവകുപ്പിനെ ഉപയോഗപ്പെടുത്തുന്നത് തടയും.

 

19. ഖാദി, കൈത്തറി നെയ്ത്തുകള്‍, തഴപ്പായ നിര്‍മാണം, ഈറ്റ, മുള, ഒട്ടല്‍ എന്നിവയുടെ കൈത്തൊഴില്‍ ഉല്പന്ന നിര്‍മാണം മുതണ്‍ലായ അതിജീവന സംസ്കൃതിയോട് ഇണങ്ങിയ മേഖലകളെ പുനരുദ്ധരിക്കുവാന്‍ സമഗ്രമായ പദ്ധതികള്‍ ആവിഷ്കരിക്കും. പ്ളാസ്റ്റിക് നിര്‍മ്മാണം, വിപണനം, ഉപയോഗം എന്നിവയില്‍ കര്‍ശനമായ വ്യവസ്ഥകള്‍ വച്ച് നിരുത്സാഹപ്പെടുത്തും.

 

 20. വൈദ്യുതി ബോര്‍ഡ് ലാഭകേന്ദ്രങ്ങളായി വിഭജിക്കുവാനുള്ള ശ്രമം ഉപേക്ഷിക്കും. ബോര്‍ഡിന്റെ കേന്ദ്രീകൃതമായ ഘടന അഴിച്ചുപണിയും. വികേന്ദ്രീകൃതവും മുതല്‍മുടക്ക് കുറഞ്ഞ തും നശീകരണം ഒഴിവാക്കുന്നതുമായ വൈദ്യുതി പദ്ധതികള്‍ ആവിഷ്കരിക്കും. കുടുംബങ്ങള്‍ ഗ്രാമങ്ങള്‍, നഗരവാര്‍ഡുകള്‍ എന്നിവയെ ആധാരമാക്കി ജൈവമാലിന്യങ്ങള്‍, കാറ്റ്, സൌരോ ര്‍ജ്ജം തുടങ്ങിയവയില്‍നിന്ന് വൈവിധ്യമാര്‍ന്ന ഊര്‍ജ്ജ ഉല്പാദനപദ്ധതികള്‍ നടപ്പിലാക്കും.

 

21. സര്‍ക്കാര്‍, അര്‍ദ്ധസര്‍ക്കാര്‍, സ്വകാര്യ മേഖലകളിലെ എല്ലാ ശമ്പളവും ഏറ്റവും കുറഞ്ഞത് 5,000/- രൂപയും കൂടിയത് 25,000/- രൂപയും ആയി നിജപ്പെടുത്തും. രാജ്യത്തെ മുഴുവനാളുകളുടേയും വരുമാനം കുറഞ്ഞത് പ്രതിമാസം 5000/- രൂപയും കൂടിയത് 25,000/- രൂപയും ആകുന്ന സാമ്പത്തികനയം ആവിഷ്കരിക്കും.

 

 22. സ്വിസ്ബാങ്കുകളില്‍ ഇന്ത്യയില്‍ നിന്ന് കടത്തി രഹസ്യ നിക്ഷേപമായി ഇട്ടിരിക്കുന്ന 1456 ബില്യണ്‍ ഡോളര്‍ (എഴുപത്തി രണ്ടു ലക്ഷത്തി എണ്‍പതിനായിരം കോടി രൂപ) സ്വിറ്റ്സര്‍ലന്‍ഡിലെ പുതിയ നിയമമനുസരിച്ച് പണം ആരുടേതെന്ന് വെളിപ്പെടുത്താനാവശ്യപ്പെട്ട് ഇന്ത്യയിലേക്ക് ആ പണം തിരികെ കൊണ്ടുവരും.

 

0 പ്രതികരണം:

അഭിപ്രായം പറയൂ

കുറിപ്പ്: ഈ ബ്ലോഗിലെ ഒരു അംഗത്തിനു മാത്രമേ അഭിപ്രായം പോസ്റ്റ് ചെയ്യാന്‍ കഴിയൂ.