2008/01/18

ഭരണഘടനയിലെ സോഷ്യലിസം

മാധ്യമം മുഖപ്രസംഗം
2008 ജനുവരി18

നമ്മുടെ ഭരണഘടനയുടെ ആമുഖത്തുനിന്നു് 'സോഷ്യലിസ്റ്റ്' വിശേഷണം എടുത്തുകളയണമെന്ന ആവശ്യവുമായി പരമോന്നത നീതിപീഠത്തെ സമീപിയ്ക്കാന്‍ കൊല്‍ക്കത്തയിലെ ഒരു സന്നദ്ധ സംഘടനയെ പ്രേരിപ്പിച്ചതു് മുതലാളിത്തത്തിന്റെ സ്വാധീനമാവണം. സോഷ്യലിസം ഇന്ത്യ പോലൊരു രാജ്യത്ത് മരീചിക മാത്രമാണെന്നു് ജ്യോതിബസുവടക്കമുള്ള കമ്യൂണിസ്റ്റ് നേതാക്കള്‍ തുറന്നുപറയാന്‍ ആര്‍ജവം കാണിച്ചൊരു ചുറ്റുപാടിലാവാം അടിയന്തരാവസ്ഥയില്‍ 42-ആം ഭരണഘടനാ ഭേദഗതിയിലൂടെ ഇന്ദിരാഗാന്ധി തുന്നിപ്പിടിപ്പിച്ച തൊങ്ങല്‍ അറുത്തുമാറ്റണമെന്ന ചിന്തയുണര്‍ന്നിട്ടുണ്ടാവുക. 'പരമാധികാര ജനാധിപത്യ റിപ്പബ്ലിക്' എന്നതിനുപകരം 'പരമാധികാര സോഷ്യലിസ്റ്റ് മതേതര ജനാധിപത്യ റിപ്പബ്ലിക്' എന്നു് തിരുത്തിയെഴുതിയതോടെ ഭരണഘടനയുടെ അടിസ്ഥാന ചട്ടക്കൂടിനു് ഭംഗം വന്നിരിയ്ക്കയാണെന്നാണു് ഹരജിക്കാരുടെ വാദം.

സോഷ്യലിസത്തിനു് സ്പഷ്ടവും കൃത്യവുമായ ഒരര്‍ഥമില്ലെന്നും ക്ഷേമസങ്കല്‍പമാണു് അതിന്റെ വിശാലതാല്‍പര്യമെന്നും പറഞ്ഞു് ഹരജിക്കാരന്റെ ആവശ്യത്തെ കോടതി നിരാകരിച്ചിരിക്കുകയാണു്. അതേസമയം സോഷ്യലിസം അടിസ്ഥാന പ്രമാണമായി സ്വീകരിക്കുന്ന രാഷ്ട്രീയ പാര്‍ട്ടികള്‍ക്കേ അംഗീകാരം നല്‍കുകയുള്ളൂ എന്ന 1989ലെ ജനപ്രാതിനിധ്യ നിയമത്തിലെ വ്യവസ്ഥ എടുത്തുകളയണമെന്ന ആവശ്യം മൂന്നംഗ ബെഞ്ചു് പരിഗണനയ്ക്കെടുത്തിട്ടുണ്ടു്. ഈ നിയമവ്യവസ്ഥക്കെതിരെ സ്വതന്ത്ര പാര്‍ട്ടി മുമ്പ് ബോംബെ ഹൈക്കോടതിയില്‍ നല്‍കിയ കേസ് വിധി കാത്തിരിപ്പുണ്ടു്. ജനാധിപത്യ വ്യവസ്ഥയില്‍ പാര്‍ട്ടിയോ വ്യക്തിയോ ഒരു പ്രത്യേക ആശയഗതിയോടു് കൂറുപുലര്‍ത്തിയേ പറ്റൂ എന്നു് ശഠിയ്ക്കുന്നതിലെ സ്വാതന്ത്ര്യനിരാസവും അയുക്തികതയുമാണു് ചോദ്യം ചെയ്യപ്പെടുന്നതു്. വിപണി മാല്‍സര്യത്തിലും മുതലാളിത്തത്തിലും അടിയുറച്ചു് വിശ്വസിക്കുകയും അതു് പ്രയോഗവത്കരിക്കാന്‍ ഭരണയന്ത്രം തിരിയ്ക്കുകയും ചെയ്യുന്ന രാഷ്ട്രീയ നേതാക്കള്‍ സോഷ്യലിസം തൊട്ടു് ശപഥം ചെയ്യുന്നതു്തന്നെ തനി കാപട്യമല്ലേ എന്ന ചോദ്യമാണു് കോടതി മുമ്പാകെ ഉയരാന്‍ പോകുന്നതു്. വിധി കാത്തിരിയ്ക്കാം.

0 പ്രതികരണം:

അഭിപ്രായം പറയൂ

കുറിപ്പ്: ഈ ബ്ലോഗിലെ ഒരു അംഗത്തിനു മാത്രമേ അഭിപ്രായം പോസ്റ്റ് ചെയ്യാന്‍ കഴിയൂ.