- ഭരണഘടനയുടെ ആമുഖത്തില്‍ നിന്നു് സോഷ്യലിസം എന്ന വാക്കു് ഒഴിവാക്കേണ്ട
- സോഷ്യലിസത്തിനു കൃത്യമായ അര്‍ഥമില്ല
- സോഷ്യലിസം വിശ്വാസ പ്രമാണമായ രാഷ്ട്രീയ പാര്‍ട്ടിയ്ക്കേ അംഗീകാരം കൊടുക്കാവൂ എന്ന ജനപ്രാതിനിധ്യ നിയമത്തിലെ വകുപ്പു് നീക്കണമോയെന്നു് പരിഗണിയ്ക്കും
നവദില്ലി: ഭരണഘടനയുടെ ആമുഖത്തില്‍ നിന്നു് സോഷ്യലിസം എന്ന വാക്കു് ഒഴിവാക്കണമെന്ന ആവശ്യപ്പെടുന്ന കൊല്‍ക്കത്തയിലെ ഗുഡ് ഗവേണന്‍സ് ഇന്ത്യാ ഫൌണ്ടേഷന്‍ എന്ന സന്നദ്ധ സംഘടനയുടെ പൊതുതാല്‍പര്യ ഹര്‍ജിയിലെ പ്രധാന ആവശ്യം ചീഫ് ജസ്റ്റിസ് കെ.ജി. ബാലകൃഷ്ണന്റെ നേതൃത്വത്തിലുള്ളതും ജസ്റ്റിസുമാരായ ആര്‍. വി. രവീന്ദ്രന്‍, ജെ. എം. പഞ്ചാല്‍ എന്നിവര്‍കൂടി ഉള്‍പ്പെട്ടതുമായ മൂന്നംഗ ബെഞ്ച് നിരാകരിച്ചു. ' കമ്യൂണിസ്റ്റുകാര്‍ നിര്‍വചിക്കുന്ന സങ്കുചിതമായ അര്‍ഥത്തില്‍ മാത്രം എന്തിനാണു് സോഷ്യലിസത്തെ കാണുന്നത്? വിശാലമായ അര്‍ഥത്തില്‍ പൌരക്ഷേമമാണ് അതുകൊണ്ടുദ്ദേശിക്കുന്നത്. അതു ജനാധിപത്യത്തിന്റെ ഒരു മുഖമാണ്. അതിനു കൃത്യമായ എന്തെങ്കിലും അര്‍ഥമല്ല. വ്യത്യസ്ത സമയങ്ങളില്‍ വ്യത്യസ്ത അര്‍ഥമാണുള്ളത്' കോടതി അഭിപ്രായപ്പെട്ടു.
എന്നാല്‍ സോഷ്യലിസത്തോടുള്ള പ്രതിബദ്ധത വ്യക്തമാക്കുന്ന പാര്‍ട്ടികള്‍ക്കേ അംഗീകാരം നല്‍കൂ എന്ന ജനപ്രാതിനിധ്യ നിയമത്തിലെ വ്യവസ്ഥ (29എ) നീക്കംചെയ്യണമെന്ന ഹര്‍ജിയിലെ അഭ്യര്‍ഥന പരിഗണിക്കാന്‍ ഡിവിഷന്‍ ബെഞ്ച് തീരുമാനിച്ചു. യഥാര്‍ഥ നിലപാടു മറിച്ചാണെങ്കിലും ഈ നിയമവ്യവസ്ഥ കാരണം എല്ലാ പാര്‍ട്ടികളും സോഷ്യലിസത്തോടു് കൂറുണ്ടെന്നു് പ്രകടനപത്രികകളില്‍ വ്യാജപ്രസ്താവന നടത്തുകയാണെന്നു് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.സോഷ്യലിസത്തിനോടു് കൂറു പ്രഖ്യാപിച്ചിട്ടു് അതിനെതിരായുള്ള ലക്ഷ്യങ്ങള്‍ക്കു് വേണ്ടി പ്രവര്‍ത്തിയ്ക്കുന്ന പാര്‍ട്ടികളുടെ അംഗീകാരം പിന്‍വലിയ്ക്കാമോ എന്നും ഡിവിഷന്‍ ബഞ്ച് പരിശോധിയ്ക്കും. ഇക്കാര്യത്തില്‍ നിലപാടു് വ്യക്തമാക്കാനാവശ്യപ്പെട്ടു് കേന്ദ്ര സര്‍ക്കാരിനും തെരഞ്ഞെടുപ്പു് കമീഷനും നോട്ടീസ് അയയ്ക്കാന്‍ കോടതി തീരുമാനിച്ചു.
ഒരു പ്രത്യേക മനോഭാവത്തോടോ പ്രത്യയശാസ്ത്രത്തോടോ മാത്രം കൂറുപുലര്‍ത്തണം എന്നു് നിര്‍ബന്ധിയ്ക്കുന്നതു് ഭരണഘടനാവിരുദ്ധമാണെന്നും ജനാധിപത്യത്തിന്റെ അടിസ്ഥാന തത്വങ്ങള്‍ക്കു് നിരക്കുന്നതല്ലെന്നും ഹര്‍ജിക്കാരുടെ അഭിഭാഷകനായ സീനിയര്‍ കോണ്‍സല്‍ ഫാലി എസ്. നരിമാന്‍ വാദിച്ചു.
ഒരു പ്രത്യേക പ്രത്യയശാസ്ത്ര നിലപാടു് അംഗീകരിയ്ക്കാന്‍ നിര്‍ബന്ധിക്കുന്നതു് ഭരണഘടനതന്നെ വാഗ്ദാനം ചെയ്യുന്ന പൗരാവകാശ സങ്കല്‍പത്തിനു് വിരുദ്ധമാണെന്നും നരിമാന്‍ ആരോപിച്ചു. സോഷ്യലിസ്റ്റ് എന്ന വാക്കു് ആദ്യം ഭരണഘടനയില്‍ ഇല്ലായിരുന്നുവെന്നും ഇടയ്ക്കുവച്ചു് അതുള്‍പ്പെടുത്തിയതോടെ ഭരണഘടന പൊളിച്ചെഴുതിയതുപോലെയായെന്നും ഹര്‍ജിക്കാര്‍ ബോധിപ്പിച്ചു.
42-ആം ഭേദഗതിയിലൂടെ 1976-ല്‍ അടിയന്തരാവസ്ഥക്കാലത്തായിരുന്നു സോഷ്യലിസ്റ്റ് എന്ന വാക്ക് ഭരണഘടനയുടെ ആമുഖത്തില്‍ കൂട്ടിച്ചേര്‍ത്തത്.
0 പ്രതികരണം:
അഭിപ്രായം പറയൂ
കുറിപ്പ്: ഈ ബ്ലോഗിലെ ഒരു അംഗത്തിനു മാത്രമേ അഭിപ്രായം പോസ്റ്റ് ചെയ്യാന്‍ കഴിയൂ.