2008/01/26

സോഷ്യലിസ്റ്റ് പുനരേകീകരണം യാഥാര്‍ഥ്യമാകുമെന്നു് സുരേന്ദ്രമോഹനന്‍


കോഴിക്കോട്: മതനിരപേക്ഷതയും ജനാധിപത്യവും പുലരാന്‍ രാജ്യത്തു് സോഷ്യലിസ്റ്റു് ശക്തികളുടെ പുനരേകീകരണം ആവശ്യമാണെന്നും അതു് യാഥാര്‍ഥ്യമാവുകതന്നെ ചെയ്യുമെന്നും മതേതര ജനതാദളം ദേശീയ പ്രസിഡന്റ് സുരേന്ദ്രമോഹനന്‍ പറഞ്ഞു. ജനാധിപത്യ സോഷ്യലിസത്തിനു് മാത്രമേ അധ്വാനിയ്ക്കുന്ന വര്‍ഗങ്ങള്‍ക്കു് ആശ്വാസം പകരാനാവൂ എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. മതേതര ജനതാദളം കോഴിക്കോടു് ജില്ലാറാലിയുടെ ഭാഗമായി നടന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഇന്ദിരാ കാങ്ഗ്രസും ഭാ.ജ.പയും രാജ്യത്തെ ബഹുഭൂരിപക്ഷം ജനങ്ങളെയും പാര്‍ശ്വവത്കരിച്ചിരിക്കുകയാണു്. ഇവര്‍ക്കെതിരെ മൂന്നാംമുന്നണിയെന്ന ആശയം രൂപപ്പെടുകയാണു്. മൂന്നാം മുന്നണി രൂപപ്പെടുന്നപക്ഷം മതേതര ജനതാദളം അതിന്റെ ഭാഗമായിരിക്കും_സുരേന്ദ്രമോഹന്‍ പറഞ്ഞു.


സോഷ്യലിസ്റ്റ് ശക്തികള്‍ ഏകോപിച്ച് മഹാശക്തിയാകും


സോഷ്യലിസത്തിന്റെ സമവാക്യങ്ങള്‍ മാറിയെന്നും അതു് ആഗോളവത്കരണത്തിനു് പരിഹാരമല്ലെന്നുമുള്ള ചില അപശബ്ദങ്ങള്‍ ഉയരുന്ന സാഹചര്യമാണു് ഇന്നുള്ളതെന്നു് ചടങ്ങില്‍ മുഖ്യപ്രഭാഷണം നടത്തിയ മതേതര ജനതാദളം സംസ്ഥാന പ്രസിഡന്റ് എം.പി. വീരേന്ദ്രകുമാര്‍ എം.പി. പറഞ്ഞു. അതിനുള്ള മറുപടി ജനാധിപത്യ സോഷ്യലിസമാണെന്നു് പ്രഖ്യാപിയ്ക്കുന്ന സമ്മേളനമാണിതെന്നു് വീരേന്ദ്രകുമാര്‍ എം.പി. പറഞ്ഞു.
സോഷ്യലിസ്റ്റ് ശക്തികള്‍ ഏകോപിച്ചു് മഹാശക്തിയാകുമെന്നും ഈ സമ്മേളനം പ്രഖ്യാപിക്കുന്നു. ചില മൂല്യങ്ങളില്‍ ഉറച്ചുനില്‍ക്കാനായി മതേതര ജനതാദളം വലിയ വില നല്‍കിയിട്ടുണ്ടു്. മതനിരപേക്ഷത സംരക്ഷിക്കാനായി ശരദ് യാദവന്‍ മുതല്‍ ദേവഗൗഡ വരെയുള്ളവരുമായി നാം വിടപറയേണ്ടിവന്നു. രാഷ്ട്രത്തിന്റെ നിലനില്പിന്റെ അടിത്തറ ജനാധിപത്യവും മതേതരത്വവുമാണെന്ന മതേതര ജനതാദളം നയം ഇന്നും പ്രസക്തമാണ്. ഇന്ദിരാ കാങ്ഗ്രസ് പോലും മതേതര പ്ലാറ്റ്ഫോമില്‍ ഉറച്ചുനില്‍ക്കാന്‍ ചങ്കൂറ്റം കാണിക്കുന്നില്ല. ഗുജറാത്തു് തിരഞ്ഞെടുപ്പില്‍ അതു് കണ്ടതാണു്. ഇന്ദിരാ കാങ്ഗ്രസ്സിന്റെ ആ നയമാണു് അവിടെ നരേന്ദ്രമോദി വീണ്ടും തിരഞ്ഞെടുക്കപ്പെടാനിടയാക്കിയതു്.


സോഷ്യലിസ്റ്റുകള്‍ യോജിക്കേണ്ട ചരിത്രപരമായ ആവശ്യമുണ്ടു്. അതിനായി സോഷ്യലിസ്റ്റ് പുരോഗമനശക്തികളെ ഒരു വേദിയില്‍ കൊണ്ടുവരാന്‍ ശ്രമിയ്ക്കും.


ജനങ്ങള്‍ വലിയ പ്രതീക്ഷയോടെയാണു് കേരളത്തില്‍ എല്‍.ഡി.എഫിനെ അധികാരത്തിലേറ്റിയതു്. അധികാരവികേന്ദ്രീകരണത്തെ പാര്‍ട്ടി അംഗീകരിയ്ക്കുന്നു. എന്നാല്‍ ജനകീയാസൂത്രണത്തിന്റെ പേരില്‍ പിന്നിലൂടെ കടന്നുവരുന്നതു് വിദേശധനകാര്യ ശക്തികളല്ലേ? ചില്ലറ വ്യാപാര മേഖലയില്‍ കുത്തകകള്‍ കടന്നുവരുന്നതു് തടയാന്‍ നിയമനിര്‍മാണം നടത്തണമെന്നു് പാര്‍ട്ടി ആവശ്യപ്പെട്ടിട്ടുണ്ടു് _വീരേന്ദ്രകുമാര്‍ പറഞ്ഞു.


ജില്ലാ പ്രസിഡന്റ് അഡ്വ. എം.കെ. പ്രേംനാഥ് എം.എല്‍.എ. അധ്യക്ഷനായിരുന്നു. എച്ച്.എം.എസ്. അഖിലേന്ത്യാ പ്രസിഡന്റ് തമ്പാന്‍ തോമസ്, മഹിളാ ജനതാദളം അഖിലേന്ത്യാ പ്രസിഡന്റ് മഞ്ജുമോഹന്‍, മതേതര ജനതാദളം അഖിലേന്ത്യാ സെക്രട്ടറി ഡോ. വറു്ഗീസ് ജോര്‍ജ്, ഖജാന്‍ജി സി.കെ.നാണു, ഗതാഗതമന്ത്രി മാത്യു ടി. തോമസ്, എം.എല്‍.എ.മാരായ കെ.പി. മോഹനന്‍, എം.വി. ശ്രേയാംസ്കുമാര്‍, സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ ഇ.പി. ദാമോദരന്‍, മനയത്ത് ചന്ദ്രന്‍. സി.കെ. ഗോപി, അബ്രഹാംമാത്യു, യുവ മതേതര ജനതാദളം സംസ്ഥാന പ്രസിഡന്റ് സബാഹ് പുല്‍പ്പറ്റ, എസ്.എസ്.ഒ. സംസ്ഥാന പ്രസിഡന്റ് സി.സുജിത് തുടങ്ങിയവര്‍ സംസാരിച്ചു.

2008/01/18

ഭരണഘടനയിലെ സോഷ്യലിസം

മാധ്യമം മുഖപ്രസംഗം
2008 ജനുവരി18

നമ്മുടെ ഭരണഘടനയുടെ ആമുഖത്തുനിന്നു് 'സോഷ്യലിസ്റ്റ്' വിശേഷണം എടുത്തുകളയണമെന്ന ആവശ്യവുമായി പരമോന്നത നീതിപീഠത്തെ സമീപിയ്ക്കാന്‍ കൊല്‍ക്കത്തയിലെ ഒരു സന്നദ്ധ സംഘടനയെ പ്രേരിപ്പിച്ചതു് മുതലാളിത്തത്തിന്റെ സ്വാധീനമാവണം. സോഷ്യലിസം ഇന്ത്യ പോലൊരു രാജ്യത്ത് മരീചിക മാത്രമാണെന്നു് ജ്യോതിബസുവടക്കമുള്ള കമ്യൂണിസ്റ്റ് നേതാക്കള്‍ തുറന്നുപറയാന്‍ ആര്‍ജവം കാണിച്ചൊരു ചുറ്റുപാടിലാവാം അടിയന്തരാവസ്ഥയില്‍ 42-ആം ഭരണഘടനാ ഭേദഗതിയിലൂടെ ഇന്ദിരാഗാന്ധി തുന്നിപ്പിടിപ്പിച്ച തൊങ്ങല്‍ അറുത്തുമാറ്റണമെന്ന ചിന്തയുണര്‍ന്നിട്ടുണ്ടാവുക. 'പരമാധികാര ജനാധിപത്യ റിപ്പബ്ലിക്' എന്നതിനുപകരം 'പരമാധികാര സോഷ്യലിസ്റ്റ് മതേതര ജനാധിപത്യ റിപ്പബ്ലിക്' എന്നു് തിരുത്തിയെഴുതിയതോടെ ഭരണഘടനയുടെ അടിസ്ഥാന ചട്ടക്കൂടിനു് ഭംഗം വന്നിരിയ്ക്കയാണെന്നാണു് ഹരജിക്കാരുടെ വാദം.

സോഷ്യലിസത്തിനു് സ്പഷ്ടവും കൃത്യവുമായ ഒരര്‍ഥമില്ലെന്നും ക്ഷേമസങ്കല്‍പമാണു് അതിന്റെ വിശാലതാല്‍പര്യമെന്നും പറഞ്ഞു് ഹരജിക്കാരന്റെ ആവശ്യത്തെ കോടതി നിരാകരിച്ചിരിക്കുകയാണു്. അതേസമയം സോഷ്യലിസം അടിസ്ഥാന പ്രമാണമായി സ്വീകരിക്കുന്ന രാഷ്ട്രീയ പാര്‍ട്ടികള്‍ക്കേ അംഗീകാരം നല്‍കുകയുള്ളൂ എന്ന 1989ലെ ജനപ്രാതിനിധ്യ നിയമത്തിലെ വ്യവസ്ഥ എടുത്തുകളയണമെന്ന ആവശ്യം മൂന്നംഗ ബെഞ്ചു് പരിഗണനയ്ക്കെടുത്തിട്ടുണ്ടു്. ഈ നിയമവ്യവസ്ഥക്കെതിരെ സ്വതന്ത്ര പാര്‍ട്ടി മുമ്പ് ബോംബെ ഹൈക്കോടതിയില്‍ നല്‍കിയ കേസ് വിധി കാത്തിരിപ്പുണ്ടു്. ജനാധിപത്യ വ്യവസ്ഥയില്‍ പാര്‍ട്ടിയോ വ്യക്തിയോ ഒരു പ്രത്യേക ആശയഗതിയോടു് കൂറുപുലര്‍ത്തിയേ പറ്റൂ എന്നു് ശഠിയ്ക്കുന്നതിലെ സ്വാതന്ത്ര്യനിരാസവും അയുക്തികതയുമാണു് ചോദ്യം ചെയ്യപ്പെടുന്നതു്. വിപണി മാല്‍സര്യത്തിലും മുതലാളിത്തത്തിലും അടിയുറച്ചു് വിശ്വസിക്കുകയും അതു് പ്രയോഗവത്കരിക്കാന്‍ ഭരണയന്ത്രം തിരിയ്ക്കുകയും ചെയ്യുന്ന രാഷ്ട്രീയ നേതാക്കള്‍ സോഷ്യലിസം തൊട്ടു് ശപഥം ചെയ്യുന്നതു്തന്നെ തനി കാപട്യമല്ലേ എന്ന ചോദ്യമാണു് കോടതി മുമ്പാകെ ഉയരാന്‍ പോകുന്നതു്. വിധി കാത്തിരിയ്ക്കാം.

2008/01/15

സമാജവാദി ജനപരിഷത്ത് സെമിനാര്‍ 16-നു്

കോട്ടയം: സമാജവാദി ജനപരിഷത്തിന്റെ നേതൃത്വത്തില്‍ ജുഗല്‍ കിഷോര്‍ റായബീറിന്റെ സ്മരണയ്ക്കായി ജനുവരി 16ബുധനാഴ്ച തിരുവനന്തപുരം വൈ.എം.സി.എ. ഹാളില്‍ സെമിനാര്‍ സംഘടിപ്പിയ്ക്കും.
വികസനം, ആന്തരികകോളനീകരണം, ബദല്‍രാഷ്ട്രീയം എന്നീ വിഷയങ്ങളില്‍ ബനാറസ് ഹിന്ദു സര്‍വകലാശാലയിലെ ഡോ.സ്വാതി മുഖ്യപ്രഭാഷണം നടത്തും. ബുധനാഴ്ച രാവിലെ 10.30ന് ആരംഭിക്കുന്ന സെമിനാര്‍ മുന്‍ എം.പി. പി.വിശ്വംഭരന്‍ ഉദ്ഘാടനം ചെയ്യും.
സമാജവാദി ജനപരിഷത്ത് നേതാക്കളായ അഡ്വ. ജോഷി ജേക്കബ്, അഡ്വ. ജയിമോന്‍ തങ്കച്ചന്‍, കുരുവിള ജോണ്‍ തുണ്ടത്തില്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ പരിപാടികള്‍ വിശദീകരിച്ചു.

2008/01/09

ഭരണഘടനയുടെ ആമുഖത്തില്‍ 'സോഷ്യലിസം' തുടരാം

  • ഭരണഘടനയുടെ ആമുഖത്തില്‍ നിന്നു് സോഷ്യലിസം എന്ന വാക്കു് ഒഴിവാക്കേണ്ട
  • സോഷ്യലിസത്തിനു കൃത്യമായ അര്‍ഥമില്ല
  • സോഷ്യലിസം വിശ്വാസ പ്രമാണമായ രാഷ്ട്രീയ പാര്‍ട്ടിയ്ക്കേ അംഗീകാരം കൊടുക്കാവൂ എന്ന ജനപ്രാതിനിധ്യ നിയമത്തിലെ വകുപ്പു് നീക്കണമോയെന്നു് പരിഗണിയ്ക്കും

നവദില്ലി: ഭരണഘടനയുടെ ആമുഖത്തില്‍ നിന്നു് സോഷ്യലിസം എന്ന വാക്കു് ഒഴിവാക്കണമെന്ന ആവശ്യപ്പെടുന്ന കൊല്‍ക്കത്തയിലെ ഗുഡ് ഗവേണന്‍സ് ഇന്ത്യാ ഫൌണ്ടേഷന്‍ എന്ന സന്നദ്ധ സംഘടനയുടെ പൊതുതാല്‍പര്യ ഹര്‍ജിയിലെ പ്രധാന ആവശ്യം ചീഫ് ജസ്റ്റിസ് കെ.ജി. ബാലകൃഷ്ണന്റെ നേതൃത്വത്തിലുള്ളതും ജസ്റ്റിസുമാരായ ആര്‍. വി. രവീന്ദ്രന്‍, ജെ. എം. പഞ്ചാല്‍ എന്നിവര്‍കൂടി ഉള്‍പ്പെട്ടതുമായ മൂന്നംഗ ബെഞ്ച് നിരാകരിച്ചു. ' കമ്യൂണിസ്റ്റുകാര്‍ നിര്‍വചിക്കുന്ന സങ്കുചിതമായ അര്‍ഥത്തില്‍ മാത്രം എന്തിനാണു് സോഷ്യലിസത്തെ കാണുന്നത്? വിശാലമായ അര്‍ഥത്തില്‍ പൌരക്ഷേമമാണ് അതുകൊണ്ടുദ്ദേശിക്കുന്നത്. അതു ജനാധിപത്യത്തിന്റെ ഒരു മുഖമാണ്. അതിനു കൃത്യമായ എന്തെങ്കിലും അര്‍ഥമല്ല. വ്യത്യസ്ത സമയങ്ങളില്‍ വ്യത്യസ്ത അര്‍ഥമാണുള്ളത്' കോടതി അഭിപ്രായപ്പെട്ടു.


എന്നാല്‍ സോഷ്യലിസത്തോടുള്ള പ്രതിബദ്ധത വ്യക്തമാക്കുന്ന പാര്‍ട്ടികള്‍ക്കേ അംഗീകാരം നല്‍കൂ എന്ന ജനപ്രാതിനിധ്യ നിയമത്തിലെ വ്യവസ്ഥ (29എ) നീക്കംചെയ്യണമെന്ന ഹര്‍ജിയിലെ അഭ്യര്‍ഥന പരിഗണിക്കാന്‍ ഡിവിഷന്‍ ബെഞ്ച് തീരുമാനിച്ചു. യഥാര്‍ഥ നിലപാടു മറിച്ചാണെങ്കിലും ഈ നിയമവ്യവസ്ഥ കാരണം എല്ലാ പാര്‍ട്ടികളും സോഷ്യലിസത്തോടു് കൂറുണ്ടെന്നു് പ്രകടനപത്രികകളില്‍ വ്യാജപ്രസ്താവന നടത്തുകയാണെന്നു് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.സോഷ്യലിസത്തിനോടു് കൂറു പ്രഖ്യാപിച്ചിട്ടു് അതിനെതിരായുള്ള ലക്ഷ്യങ്ങള്‍ക്കു് വേണ്ടി പ്രവര്‍ത്തിയ്ക്കുന്ന പാര്‍ട്ടികളുടെ അംഗീകാരം പിന്‍വലിയ്ക്കാമോ എന്നും ഡിവിഷന്‍ ബഞ്ച് പരിശോധിയ്ക്കും. ഇക്കാര്യത്തില്‍ നിലപാടു് വ്യക്തമാക്കാനാവശ്യപ്പെട്ടു് കേന്ദ്ര സര്‍ക്കാരിനും തെരഞ്ഞെടുപ്പു് കമീഷനും നോട്ടീസ് അയയ്ക്കാന്‍ കോടതി തീരുമാനിച്ചു.

ഒരു പ്രത്യേക മനോഭാവത്തോടോ പ്രത്യയശാസ്ത്രത്തോടോ മാത്രം കൂറുപുലര്‍ത്തണം എന്നു് നിര്‍ബന്ധിയ്ക്കുന്നതു് ഭരണഘടനാവിരുദ്ധമാണെന്നും ജനാധിപത്യത്തിന്റെ അടിസ്ഥാന തത്വങ്ങള്‍ക്കു് നിരക്കുന്നതല്ലെന്നും ഹര്‍ജിക്കാരുടെ അഭിഭാഷകനായ സീനിയര്‍ കോണ്‍സല്‍ ഫാലി എസ്. നരിമാന്‍ വാദിച്ചു.
ഒരു പ്രത്യേക പ്രത്യയശാസ്ത്ര നിലപാടു് അംഗീകരിയ്ക്കാന്‍ നിര്‍ബന്ധിക്കുന്നതു് ഭരണഘടനതന്നെ വാഗ്ദാനം ചെയ്യുന്ന പൗരാവകാശ സങ്കല്‍പത്തിനു് വിരുദ്ധമാണെന്നും നരിമാന്‍ ആരോപിച്ചു. സോഷ്യലിസ്റ്റ് എന്ന വാക്കു് ആദ്യം ഭരണഘടനയില്‍ ഇല്ലായിരുന്നുവെന്നും ഇടയ്ക്കുവച്ചു് അതുള്‍പ്പെടുത്തിയതോടെ ഭരണഘടന പൊളിച്ചെഴുതിയതുപോലെയായെന്നും ഹര്‍ജിക്കാര്‍ ബോധിപ്പിച്ചു.

42-ആം ഭേദഗതിയിലൂടെ 1976-ല്‍ അടിയന്തരാവസ്ഥക്കാലത്തായിരുന്നു സോഷ്യലിസ്റ്റ് എന്ന വാക്ക് ഭരണഘടനയുടെ ആമുഖത്തില്‍ കൂട്ടിച്ചേര്‍ത്തത്.