2024/05/12

മുസ്ലിങ്ങളെ വശത്താക്കാനൊരു നെട്ടോട്ടം!


അഡ്വ. ജോഷി ജേക്കബ്‌


കേരളത്തിലെ പ്രബല വോട്ട്‌ ബാങ്കായ മുസ്ലിം ജനവിഭാഗത്തിന്റെ പിന്തുണ ഉറപ്പാക്കണമെന്ന ഉദ്ദേശത്തോടെ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ മുന്നണിഭേദമില്ലാതെ എല്ലാവരും കഠിന യത്നത്തിലായിരുന്നു. അതിനെ വയനാട്‌ ലോക്‌സഭാ സീറ്റിന്റെ പശ്‌ചാത്തലത്തില്‍ വിശകലനം ചെയ്യുന്നത്‌ അഭികാമ്യമായിരിക്കും.

വോട്ട്‌ ബേയ്‌സ് വര്‍ധിപ്പിക്കാനുള്ള ശ്രമം ഊര്‍ജിതമാക്കണമെന്ന പ്രതിസന്ധിയിലായിരുന്നു ഇത്തവണ സി.പി.എം. അതിനാല്‍ രാഹുല്‍ ഗാന്ധിയുടെ വയനാട്ടിലെ സ്‌ഥാനാര്‍ത്ഥിത്വത്തിനെതിരേ ഒളിഞ്ഞും തെളിഞ്ഞും തെരഞ്ഞെടുപ്പിനു മുമ്പേതന്നെ അവര്‍ ശബ്‌ദ കോലാഹലമുണ്ടാക്കി.

വയനാട്ടില്‍ മുസ്ലീം ലീഗിന്റെ പച്ചകൊടിയെ പാകിസ്‌താന്‍ പതാകയായി ചിത്രീകരിച്ച്‌ രാഹുല്‍ ഗാന്ധി ആ രാജ്യത്തിന്റെ പതാകയുമായാണ്‌ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതെന്ന്‌ ബി.ജെ.പി. നേതൃത്വത്തിലുള്ള ഹിന്ദുത്വ ഫാഷിസ്‌റ്റ് ശക്‌തികള്‍ ഇത്തവണയും രാജ്യമൊട്ടാകെ പ്രചരിപ്പിച്ചു. ഇതിനെ ജാഗ്രതയോടെ നേരിടാനാണ്‌ കോണ്‍ഗ്രസ്‌ നേതൃത്വം തീരുമാനിച്ചത്‌. അത്‌ പൗരത്വനിയമം മറയാക്കി കോണ്‍ഗ്രസിനെ ആക്രമിച്ചുവന്ന സി.പി.എമ്മിന്റെ കൈയില്‍ ആയുധമായി.

ജന്മനാ സ്വാഭാവിക പൗരത്വം നേടാത്തവര്‍ക്ക്‌ ഇനി പൗരത്വം നല്‌കുന്നത്‌ മുസ്ലീം മതവിശ്വാസികളെ ഒഴിവാക്കിയായിരിക്കും എന്ന പ്രാകൃതവും കിരാതവുമായ ഭേദഗതിയാണ്‌ ഇന്ത്യാ ഗവണ്‍മെന്റ്‌ കൊണ്ടുവന്നത്‌. അതിനെ എതിര്‍ക്കുന്നതില്‍ ഇന്ത്യാ മുന്നണിയിലെ എല്ലാ കക്ഷികളും അണിനിരന്നിരുന്നു. രാഹുല്‍ ഗാന്ധിയും കോണ്‍ഗ്രസും അക്കാര്യത്തില്‍ മുന്നില്‍തന്നെയുണ്ടായിരുന്നു. എന്നാല്‍, കോണ്‍ഗ്രസ്‌ പാര്‍ട്ടി പൗരത്വ നിയമ ഭേദഗതി തള്ളിക്കളയുമെന്ന്‌ തങ്ങളുടെ പ്രകടന പത്രികയില്‍ എടുത്തുപറഞ്ഞിട്ടില്ല. അത്‌ അവരുടെ വിശ്വാസ്യതയെ ചോദ്യം ചെയ്യുന്നതാണ്‌ എന്ന്‌ വിമര്‍ശനമുന്നയിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയനും സി.പി.എമ്മിനും അവകാശമുണ്ട്‌. എന്നാല്‍, അതിനപ്പുറത്തേക്ക്‌ വിമര്‍ശനം കടക്കുന്നതാണ്‌ കേരളത്തില്‍ കണ്ടത്‌.

" മുഖ്യമന്ത്രി പിണറായി വിജയന്‍ 24 മണിക്കൂറും എന്നെ വിമര്‍ശിക്കുന്നു. ബി.ജെ.പിയെ വിമര്‍ശിക്കുന്നതിനേക്കാള്‍ അധികമാണ്‌ അദ്ദേഹം എന്നെ വിമര്‍ശിക്കുന്നത്‌. അദ്ദേഹത്തിന്റെ ശത്രു ഞാനാണെന്ന്‌ തോന്നും." രാഹുല്‍ ഗാന്ധിയുടെ ഈ വാക്കുകള്‍ ചില സൂചനകള്‍ തരുന്നുണ്ട്‌. ലീഗിന്റെ പച്ചപതാക മറക്കുന്നതിനുവേണ്ടി ഒരു പതാകയും ഉപയോഗിക്കാതെ രാഹുല്‍ ഗാന്ധിയുടെ മണ്ഡലത്തിലെ പ്രചാരണം നടക്കവെ പിണറായി വിജയന്റെ കടന്നാക്രമണം രൂക്ഷമായി. ഇന്ത്യയിലെ ഒരു പാര്‍ട്ടിയുടെ പതാകയ്‌ക്ക് പാകിസ്‌താന്റെ പതാകയുടെ നിറമായതിനാല്‍ അത്‌ ഒരു രാജ്യദ്രോഹ പ്രവൃത്തിയായി ചിത്രീകരിക്കുന്നത്‌ ഹിന്ദുത്വാനാന്തര ഫാഷിസത്തിന്റെ വികലമായ സമീപനമാണ്‌. ഈ അടിസ്‌ഥാന പ്രശ്‌നം മറന്നുകൊണ്ട്‌ കോണ്‍ഗ്രസിന്റെ പതാകമുക്കല്‍ പ്രവൃത്തിയെ അടര്‍ത്തിമാറ്റി വിമര്‍ശിക്കുന്നത്‌ രാഷ്‌ട്രീയ പാപ്പരത്തമാണ്‌. അതിലെ ഫാഷിസത്തിന്റെ കുപ്രചാരണവും അസത്യങ്ങള്‍ സത്യങ്ങളായി അവതരിപ്പിക്കുന്ന ഗീബത്സ്യന്‍ തന്ത്രങ്ങളും ഏറ്റവും ശക്‌തമായി ചോദ്യം ചെയ്യാന്‍ കമ്യൂണിസ്‌റ്റുകള്‍ക്ക്‌ ധാര്‍മിക ഉത്തരവാദിത്വം ഇല്ലാന്നാണോ മുഖ്യമന്ത്രി ഉദ്ദേശിച്ചത്‌?

ഇന്ത്യയിലെ നുഴഞ്ഞുകയറ്റക്കാരാണ്‌ മുസ്ലിംകളെന്നും അവര്‍ക്കാണ്‌ രാജ്യത്തിന്റെ സമ്പത്തില്‍ ആദ്യ അവകാശമെന്ന്‌ കോണ്‍ഗ്രസ്‌ പറഞ്ഞുവെന്നും നിങ്ങളുടെ സമ്പത്ത്‌ പിടിച്ചടക്കി മുസ്ലിംകള്‍ക്ക്‌ വീതം വയ്‌ക്കുമെന്നും താലിമാല പോലും പൊട്ടിച്ചെടുക്കുമെന്നും നരേന്ദ്ര മോദി തെരഞ്ഞെടുപ്പ്‌ യോഗങ്ങളില്‍ തുടരേ പ്രസംഗിച്ചു. മുഖ്യമന്ത്രി ഒരു പ്രതികരണം അക്കാര്യത്തില്‍ നടത്തിയതായി കണ്ടില്ല. അദ്ദേഹത്തിന്റെ ഒരു സന്ധിചെയ്യലായി അതിനെ വ്യാഖ്യാനിക്കാമോ? അത്തരം ആവര്‍ത്തിക്കുന്ന നുണകള്‍ സത്യമാക്കാന്‍ ഗീബത്സ്‌ മാതൃക യന്ത്രമല്ലാതെ മറ്റൊരു മന്ത്രവാദവും മോദിയുടേയും ബി.ജെ.പിയുടേയും കൈയിലില്ല. അത്‌ ഏതൊരു ജനാധിപത്യവാദിയേയും ആശങ്കയിലാഴ്‌ത്തുന്നതും അവരെ കര്‍മ്മനിരതരാക്കേണ്ടതുമാണ്‌. എന്നാല്‍, ഇക്കാര്യത്തില്‍ പിണറായി വിജയന്‍ സംശയത്തിന്റെ നിഴലിലാകുന്ന സംഭവവികാസങ്ങളാണ്‌ പിന്നീടുള്ള ഇ.പി. ജയരാജന്‍ വെളിപ്പെടുത്തല്‍ സംഭവത്തില്‍ ഉണ്ടായത്‌. മുസ്ലിംകളിലെ വോട്ടുചെയ്യാനിടയുള്ള ഏതാണ്ട്‌ 90% ആളുകള്‍ രാജ്യത്തെ ഇന്നത്തെ സ്‌ഥിതി വിശേഷം മനസിലാക്കുന്നവരും തിരിച്ചറിയുന്നവരുമാണ്‌. അവരുടെ വോട്ടുകളില്‍ വലിയ മാറ്റം പ്രതീക്ഷിക്കേണ്ടതില്ല. ഏതാണ്ട്‌ 10% ആളുകളുടെ വോട്ട്‌ വശത്താക്കാനുള്ള തത്രപ്പാട്‌ എന്ന നിലയില്‍ മാത്രമേ പിണറായി വിജയന്റെ സമീപനത്തെ കാണാന്‍ കഴിയൂ. മുഖ്യമന്ത്രിയെന്നനിലയില്‍ അധികാരം നിലനിര്‍ത്താന്‍ അത്‌ അദ്ദേഹത്തിന്‌ അത്യാവശ്യമായിരിക്കാം.

മത-സാമുദായിക സംഘടനയായ സമസ്‌തയില്‍ അനാവശ്യമായ ഭിന്നിപ്പുണ്ടാക്കുവാന്‍ മാത്രമാണ്‌ പിണറായി വിജയന്റെ നിലപാട്‌ ഇടയാക്കിയത്‌. ആളുകളെയും ജനവിഭാഗങ്ങളേയും അവിഹിതമായി സ്വാധീനിക്കാന്‍ മോദി എങ്ങനെയാണോ പ്രവര്‍ത്തിക്കുന്നത്‌ അതേ ചാലകശക്‌തി കേരളത്തില്‍ സജീവമാക്കുന്നത്‌ അത്രനല്ല കീഴ്‌വഴക്കമല്ല. കാലങ്ങളായി ഇവിടുത്തെ കോണ്‍ഗ്രസും കമ്യൂണിസ്‌റ്റുകളും സ്വീകരിക്കുന്ന ഒരു മാര്‍ഗമാണ്‌ അത്‌. എന്നാല്‍ ഹിന്ദുത്വ ഫാഷിസ്‌റ്റാനന്തര യുഗത്തില്‍ അത്തരം തന്ത്രങ്ങളെക്കുറിച്ച്‌ പുനര്‍ചിന്തനം നടത്താന്‍ എല്ലാവരും തയാറാകണം. അത്‌ ബി.ജെ.പി. പ്രചരിപ്പിക്കുന്നതുപോലെ ന്യൂനപക്ഷ വിഭാഗങ്ങളുടെ പ്രീണനം എന്ന നിലയില്‍ കാണേണ്ടതില്ല. കാരണം, സംഘടനകള്‍ക്കും ചില സമുദായ പ്രവര്‍ത്തകര്‍ക്കും നേതാക്കള്‍ക്കും നേട്ടമുണ്ടാകുമെന്നല്ലാതെ അത്തരം അവിഹിതമായ കിടപ്പറ പങ്കാളിത്തംകൊണ്ട്‌ ജനങ്ങള്‍ക്ക്‌ നേട്ടമുണ്ടാകുന്നില്ല.


ജാതി സെന്‍സസിന്റെ പ്രധാന്യം അവഗണിക്കുന്നവര്‍


പൗരത്വ നിയമം പോലെ തന്നെ പ്രാധാന്യമുള്ളതാണ്‌ ജാതി സെന്‍സസും. ഇന്ത്യാ മുന്നണി ആ വിഷയത്തിലും ധാരണയുണ്ടാക്കുകയും കോണ്‍ഗ്രസ്‌ നേതാവ്‌ രാഹുല്‍ ഗാന്ധി പരസ്യമായി പ്രഖ്യാപിക്കുകയും ചെയ്‌തിട്ടുള്ളതാണ്‌. എന്നാല്‍ കേരളത്തില്‍ ഇന്ത്യാ മുന്നണിയില്‍ ഉള്‍പ്പെട്ട പാര്‍ട്ടികള്‍ ആരും ജാതി സെന്‍സസ്‌ രാഷ്‌ട്രീയ പ്രശ്‌നമായി അവതരിപ്പിക്കുന്നില്ല. സി.പി.എമ്മിന്‌ ബഹുജനാടിത്തറയുള്ള കേരളത്തില്‍പ്പോലും മൊത്തം ജനസംഖ്യയുടെ പകുതിയിലധികം വരുന്ന വിഭാഗങ്ങളെ ബാധിക്കുന്ന ജാതി സെന്‍സസ്‌ ഉന്നയിക്കാത്തത്‌ ഒരു പ്രഹേളികയായി തുടരുന്നു.

മിത്തുകള്‍ക്കുപരിയായി കേരളത്തിലെ മുസ്ലിംകളുടെ സാമൂഹിക സ്‌ഥിതിയും അറിയേണ്ടതുണ്ട്‌. കേരളത്തില്‍ ദളിത്‌ ൈക്രസ്‌തവര്‍, വേളാര്‍ സമുദായം/കുശവന്‍, വിവിധ മതവിശ്വാസികളായ മുക്കുവ സമുദായം, ഏറെ പിന്നാക്കാവസ്‌ഥയിലുള്ള ആദിവാസി ഗോത്രങ്ങള്‍ മുതല്‍ മറ്റു പിന്നാക്ക സമുദായങ്ങള്‍ വരെയുള്ള അനവധിയായ വിഭാഗങ്ങള്‍ ജാതി സെന്‍സസിനെ വളരെ പ്രതീക്ഷയോടെ കാത്തിരിപ്പുണ്ട്‌. എന്നാല്‍ അവരെയെല്ലാം നിരാശരാക്കി ഇവിടുത്തെ പാര്‍ട്ടികള്‍ ജാതി സെന്‍സസിനെ സംബന്ധിച്ച്‌ നിശബ്‌ദരായിരിക്കുകയാണ്‌.

വടകര സീറ്റില്‍ യു.ഡി.എഫ്‌. സ്‌ഥാനാര്‍ത്ഥിയായിരുന്ന ഷാഫി പറമ്പിലിനെ വര്‍ഗീയ വാദിയെന്ന്‌ മുദ്രകുത്താനുള്ള സിപി.എം. ശ്രമം ഈ പശ്‌ചാത്തലത്തില്‍ പരിശോധിക്കുന്നത്‌ രസാവഹമായിരിക്കും. കോണ്‍ഗ്രസ്‌ ഐയുടെ മുസ്ലീം സമുദായത്തില്‍പ്പെട്ട ഏക സ്‌ഥാനാര്‍ത്ഥിയാണ്‌ ഷാഫി പറമ്പില്‍. ഇടതു-വലതു മുന്നണികളുടെ രണ്ടു കൂട്ടരുടേയും ആകെ മുസ്ലീം സ്‌ഥാനാര്‍ത്ഥികള്‍ രണ്ടു പേരാണ്‌. ആലപ്പുഴയില്‍ സി.പി.എമ്മിന്റെന്റെ എ.എം. ആരിഫും, ഷാഫിയും. ഷാഫിയെ വര്‍ഗീയവാദിയെന്ന്‌ ചിത്രീകരിക്കുമ്പോള്‍ സി.പി.എം. മാത്രമാണ്‌ വര്‍ഗീയത തൊട്ടുതീണ്ടാത്ത മതേതര മുസ്ലീമിനെ സ്‌ഥാനാര്‍ത്ഥിയാക്കിയ പ്രസ്‌ഥാനമെന്ന്‌ അവര്‍ അവകാശപ്പെടുന്നു.

സ്‌ഥാനാര്‍ഥിയെ നിശ്‌ചയിക്കുമ്പോള്‍ മണ്ഡലത്തിലെ സാമുദായിക ബലാബലവും മറ്റും നോക്കുന്നതില്‍ കോണ്‍ഗ്രസുള്‍പ്പെടെയുള്ള വ്യവസ്‌ഥാപിത പാര്‍ട്ടികളില്‍നിന്ന്‌ സി.പി.എമ്മിന്‌ എന്തെങ്കിലും പ്രത്യേകത അവകാശപ്പെടാനുണ്ടോ? അങ്ങനെയെങ്കില്‍ കഴിഞ്ഞ തവണ പാലക്കാട്‌ നിയമസഭാ സീറ്റില്‍ ഷാഫി പറമ്പില്‍ മത്സരിച്ചപ്പോള്‍ സി.പി.എം. അത്തരമൊരു ആക്ഷേപം ഉയര്‍ത്തിയോ? എതിര്‍ സ്‌ഥാനാര്‍ത്ഥിയുടെ സമുദായ, ജാതി ഘടകങ്ങള്‍ തങ്ങളുടെ രാഷ്‌ട്രീയ ഘടകങ്ങളെ നിര്‍വീര്യമാക്കികളയുമോയെന്ന ഭയം ശരിയായ രാഷ്‌ട്രീയം ഉയര്‍ത്തുന്നവര്‍ക്ക്‌ സ്വാഭാവികമായും ഉണ്ടാകാം. വൈകാരികത കൂടുതലായുള്ള സമുദായങ്ങളില്‍നിന്ന്‌ ഒരു സ്‌ഥാനാര്‍ഥി ഉണ്ടാകുമ്പോള്‍ അയാളോടുണ്ടാകുന്ന വൈകാരിക അടുപ്പം കൂടുതലായിരിക്കും. അതിനെ വര്‍ഗീയതയെന്ന്‌ മുദ്രകുത്തുന്നതില്‍ അര്‍ഥമില്ല. സി.പി.എം അത്‌ ചൂഷണം ചെയ്യുവാന്‍ മുന്നില്‍ നില്‍്‌ക്കുന്ന ഒരു പാര്‍ട്ടിയാണ്‌. അതുകൊണ്ട്‌ പെട്ടെന്നൊരു ദിവസം അതെല്ലാം വര്‍ഗീയതയാണെന്ന്‌ പ്രചരിപ്പിക്കുമ്പോള്‍ അത്‌ സ്വാഭാവികമായും ചില സമുദായങ്ങളെ ഒറ്റപ്പെടുത്തുന്നതായിത്തീരും. പ്രത്യേകിച്ചും സവര്‍ണേതര സമൂഹങ്ങളെയായിരിക്കും.

സമൂഹത്തില്‍ അധികാര പ്രാപ്‌തിയും പ്രാതിനിധ്യവും കുറവുള്ള വിഭാഗങ്ങളെ പ്രത്യേക പരിഗണനയോടെ സ്‌ഥാനാര്‍ഥികളാക്കുന്നത്‌ ഡോ. റാം മനോഹര്‍ ലോഹ്യയുടെ രാഷ്‌ട്രീയാധികാര സിദ്ധാന്തപ്രകാരം സോഷ്യലിസ്‌റ്റ് പ്രസ്‌ഥാനം ഇന്ത്യയില്‍ വ്യാപകമായി പ്രയോഗിച്ചിട്ടുള്ളതാണ്‌. അത്തരം വിശാലവും മഹത്തരവുമായ ലക്ഷ്യത്തോടെയുള്ള പ്രവര്‍ത്തനവും സമുദായ പ്രീണന ലക്ഷ്യത്തോടെ നടത്തുന്ന സ്‌ഥാനാര്‍്‌ഥി നിര്‍ണയവും തമ്മിലുള്ള വ്യത്യാസം നിര്‍ണയിക്കുവാന്‍ വലിയ പ്രയാസമാണ്‌. ഒരു നേര്‍രേഖയായി ആ വ്യത്യസ്‌തതകളെ കാണുകയാണെങ്കില്‍ അധികാരം പിടിക്കാനുള്ള അവസരവാദം ആ രേഖയെ നേര്‍ത്തില്ലാതെയാക്കും. കമ്യൂണിസ്‌റ്റുകള്‍ മേല്‍ പറഞ്ഞ അധികാര പ്രാപ്‌തിയുടെ സാമൂഹിക ഘടകങ്ങളെ ഒരിക്കലും മനസിലാക്കാത്തവരാണ്‌. അവര്‍ വര്‍ഗ=സമരം മാത്രം ഒറ്റമൂലിയായി കാണുന്നു. കോണ്‍ഗ്രസുള്‍പ്പെടെയുള്ള എല്ലാ വ്യവസ്‌ഥാപിത കക്ഷികളും സാമൂഹികവശങ്ങളെ കാണാത്തവര്‍ തന്നെ. ഡോ. ലോഹ്യ സാമൂഹികവശങ്ങള്‍ക്ക്‌ രാഷ്‌ട്രീയത്തില്‍ പ്രാധാന്യം കൊടുത്തപ്പോള്‍ ഒരിക്കലും അത്‌ സാമ്പത്തികവും രാഷ്‌ട്രീയവും സാംസ്‌കാരികവുമായ ഘടകങ്ങളെ ഒട്ടും അപ്രധാനമാക്കിയിരുന്നില്ല. എന്നാല്‍ പിന്നീട്‌ അദ്ദേഹത്തിന്റെ കാലശേഷം ആ വിശാല ലക്ഷ്യങ്ങളെ അവഗണിച്ച്‌ ജാതി രാഷ്‌ട്രീയമായി അത്‌ പരിണമിച്ചത്‌ ഖേദകരമാണ്‌.

അവസരവാദപരമായ രാഷ്‌ട്രീയത്തെ ആദര്‍ശരാഷ്‌ട്രീയമായി ചിത്രീകരിച്ച്‌ മുതലെടുക്കുന്നത്‌ സമൂഹത്തില്‍ ഉണ്ടാക്കുന്ന ദൂരവ്യാപകമായ പ്രത്യാഘാതം മനസിലാക്കാതെ നടത്തുന്ന പ്രചാരണ പ്രവര്‍ത്തനങ്ങള്‍ ആരുടെ ഭാഗത്തുനിന്നുണ്ടായാലും അപലപനീയമാണ്‌. അതുപോലെ വിശാലവും മഹത്തരവുമായ ലക്ഷ്യങ്ങളെ കാറ്റില്‍ പറത്തി അവസരവാദ സമുദായക്കളി രാഷ്‌ട്രീയത്തെ കീഴടക്കുന്നതും വന്‍ വിപത്താണ്‌. പ്രത്യേകിച്ചും ഹിന്ദുത്വ രാഷ്‌ട്രീയം ഉയര്‍ത്തിപ്പിടിക്കുന്ന ശ്രേണീബദ്ധമായ ബ്രാമ്‌ണവാദം പ്രച്‌ഛന്നവേഷത്തില്‍ അവതരിപ്പിച്ച്‌ ആദിവാസി, ദളിത്‌, മറ്റു പിന്നാക്ക, ന്യൂനപക്ഷ, സ്‌ത്രീ പ്രാതിനിധ്യമെന്ന കാപട്യം വലിയ വിഭാഗം ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച ഈ കാലഘട്ടത്തില്‍. ഹിന്ദുത്വ രാഷ്‌ട്രീയത്തിന്റെ മുഖംമൂടിയായി കുറേക്കാലത്തേക്കുകൂടി അത്തരം തന്ത്രങ്ങള്‍ ഇറക്കുമെന്നതിനാല്‍, അത്‌ ഗൗരവമായി രാഷ്‌ട്രീയത്തെ കാണുന്നവര്‍ ഇടപെടേണ്ട ഒരു പ്രശ്‌നമാണ്‌.

2024 മെയ് 12 മംഗളം ദിനപത്രം

അഡ്വ. ജോഷി ജേക്കബ്‌


( ലേഖകന്റെ ഫോണ്‍: 9447347230. )

https://www.mangalam.com/news/detail/708960-opinion.html

2024/01/05

സ. ജോസ് വാഴാംപ്ലാവന്റെ സംസ്കാരം നടന്നു



പൂവരണി (പാലാ), 2024 ജനവരി 5:
സമാജവാദി ജനപരിഷത്ത് മുൻ കോട്ടയം ജില്ലാ പ്രസിഡന്റും സോഷ്യലിസ്റ്റ് നേതാവുമായ ജോസ് വാഴാംപ്ലാവന്റെ സംസ്കാരം പൂവരണിയിൽ നടന്നു.

ജനുവരി 4 വ്യാഴാഴ്ച പുലർച്ചെ അന്തരിച്ച അദ്ദേഹത്തിന്റെ സംസ്കാരചടങ്ങുകൾ 2024 ജനുവരി അഞ്ച് വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് മൂന്നരയ്ക്ക്  പാലാ പൂവരണി വിളക്കുമരുതിലെ വാഴാംപ്ലാക്കൽ വീട്ടിൽ ആരംഭിച്ച് പൂവരണി തിരുഹൃദയ കത്തോലിക്കാപള്ളി സെമിത്തേരിയിൽ നാലേമുക്കാലോടെ പൂർത്തിയായി.

സംസ്കാര ചടങ്ങുകൾക്ക് ഇംഗ്ലണ്ടിലെ പ്രിസ്റ്റൺ ആസ്ഥാനമായ സീറോ മലബാർ കത്തോലിക്കാ രൂപതയുടെ മെത്രാൻ ജോസഫ്‌ സ്രാമ്പിക്കലും ഇടവക വികാരിയും വൈദീകരും നേതൃത്വം നല്കി.

ഇന്നു രാവിലെയാണ് മൃതദേഹം മോർച്ചറിയിൽ നിന്ന് വീട്ടിലെത്തിച്ചത്. പാലായെ പ്രതിനിധാനം ചെയ്യുന്ന നിയമസഭാംഗം മാണി സി കാപ്പൻ എം എൽ എ അടക്കമുള്ള നിരവധി പൊതുപ്രവർത്തകർ അദ്ദേഹത്തിന്  അന്ത്യോപചാരം അർപ്പിച്ചു.

സമാജവാദി ജനപരിഷത്ത് ദേശീയ നിർവാഹക സമിതി അംഗവും മുൻ അദ്ധ്യക്ഷനുമായ ജോഷി ജേക്കബ്, ലോഹിയാ വിചാരവേദി മുൻ സംസ്ഥാനപ്രസിഡന്റ് ഡോ. കെ. ശ്രീകുമാർ ,സമാജവാദി ജനപരിഷത്ത് സംസ്ഥാനപ്രസിഡന്റ് എബി ജോൺ വൻനിലം ജനറൽ സെക്രട്ടറി ജയ്മോൻ തങ്കച്ചൻ കോട്ടയം ജില്ലാ പ്രസിഡന്റ് പി.ഒ പീറ്റർ ജില്ലാ സമിതി അംഗം ജെയിംസ് കുട്ടി തോമസ്എന്നിവർ അന്ത്യോപചാരം അർപ്പിച്ച് സംസ്കാരച്ചടങ്ങിൽ പങ്കെടുത്തു.

ചിത്രം- സംസ്കാര ചടങ്ങുകൾക്കുശേഷം സമാജവാദി ജനപരിഷത്ത് ദേശീയ നിർവാഹക സമിതി അംഗവും മുൻ അദ്ധ്യക്ഷനുമായ ജോഷി ജേക്കബ്, ജോസ് വാഴാംപ്ലാവന്റെ ഭാര്യ ഫിലോമിന ജോസുമായി സംസാരിയ്ക്കുന്നു. ജോസ് വാഴാംപ്ലാവന്റെ മകൻ ഡോ. സുഖിൽ ജോസ്, സമാജവാദി ജനപരിഷത്ത് സംസ്ഥാന ജനറൽ സെക്രട്ടറി ജയ്മോൻ തങ്കച്ചൻ ലോഹിയാ വിചാരവേദി മുൻ സംസ്ഥാനപ്രസിഡന്റ് ഡോ. കെ. ശ്രീകുമാർ എന്നിവർ സമീപം.

2024/01/04

സ. ജോസ് വാഴാംപ്ലാവൻ അന്തരിച്ചു

 

പൂവരണി (കോട്ടയം): സമാജവാദി ജനപരിഷത്തിന്റെ കോട്ടയം ജില്ലാ പ്രസിഡന്റും പ്രമുഖ സോഷ്യലിസ്റ്റും ആയിരുന്ന ജോസ് വാഴാംപ്ലാവൻ (വി ജെ ജോസ്)  2024 ജനുവരി 4 വ്യാഴാഴ്ച പുലർച്ചെ അന്തരിച്ചു. ഒന്നരവർഷമായി കിടപ്പിലായിരുന്ന അദ്ദേഹം പാലാ പൂവരണി വിളക്കുമരുതിലെ തന്റെ വാഴാംപ്ലാക്കൽ വസതിയിൽ വച്ചാണ് അന്ത്യശ്വാസം വലിച്ചത്. അറുപത്തേഴു വയസ്സായിരുന്നു.


സമാജവാദി ജനപരിഷത്തിന്റെ കോട്ടയം ജില്ലാ പ്രസിഡന്റായി ദീർഘകാലം പ്രവർത്തിച്ച അദ്ദേഹം മുൻ സംസ്ഥാന സമിതി അംഗവുമാണെന്ന് മരണവാർത്ത അറിയിച്ച സമാജവാദി ജനപരിഷത്ത് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. ജയ് മോൻ തങ്കച്ചൻ അറിയിച്ചു. ലോഹിയാ വിചാരവേദിയുടെ ജില്ലാ പ്രസിഡന്റായും പ്രവർത്തിച്ചിട്ടുണ്ട്.

കരൂർ വാളിപ്ലാക്കൽ കുടുംബാംഗമായ ഭാര്യ ഫിലോമിനയും മകൾ സ്വീറ്റി ജോസ് (യുണൈറ്റഡ് കിങ്ഡം) മകൻ ഡോ. സുഖിൽ ജോസ് മരുമകൻ ഷിന്റോ ടോം ഓടക്കാൽ, കൊച്ചുമക്കൾ ഷോൺ, സ്റ്റീവ് എന്നിവരുമടങ്ങിയതാണ് അദ്ദേഹത്തിന്റെ കുടുംബം.

സംസ്കാര ചടങ്ങുകൾ ജനുവരി 5 വെള്ളിയാഴ്ച ഉച്ച കഴിഞ്ഞ് മൂന്നരയ്ക്ക് വീട്ടിൽ ആരംഭിച്ച് പൂവരണി തിരുഹൃദയ പള്ളിയിലും (സേക്രഡ് ഹാർട്ട് ചർച്ച്)  സെമിത്തേരിയിലുമായി പൂർത്തിയാക്കും.

 വാഴാംപ്ലാവന്റെ വിയോഗം സംസ്ഥാനത്തെയും ജില്ലയിലെയും സോഷ്യ പ്രസ്ഥാനത്തിന് വലിയ നഷ്ടമാണെന്ന് സമാജവാദി ജനപരിഷത്ത് ദേശീയ നിർവാഹകസമിതി അംഗവും മുൻ അദ്ധ്യക്ഷനുമായ ജോഷി ജേക്കബ് അനുശോചിച്ചു കൊണ്ടു പറഞ്ഞു. ദേശീയ സെക്രട്ടറി സുരേഷ് നരിക്കുനി,  സംസ്ഥാന പ്രസിഡന്റ് എബി ജോൺ വൻനിലം, സംസ്ഥാന ഖജാൻജി ഈ വി ജോസഫ് ,  സംസ്ഥന സമിതി അംഗങ്ങളായ  എം. എൻ തങ്കപ്പൻ,  പ്രഭാത് എം സോമൻ , സജി അബ്രാഹം പുകടിയിൽ, ജില്ലാ പ്രസിഡന്റ് പി.ഒ പീറ്റർ , അംഗം ജെയിംസുകുട്ടി തോമസ് എന്നിവരും അനുശോചിച്ചു.

 

വാഴാംപ്ലാവൻ ഓർമ്മയാകുകുമ്പോൾ.
ആദർശത്തിന്റെ വഴിയെ വ്യതിചലനമില്ലാതെ നടന്ന വാഴംപ്ലാവന് ആദരാഞ്ജലികൾ
 

 സമാജവാദി ജനപരിഷത്ത് ദേശീയ നിർവാഹകസമിതി അംഗവും മുൻ അദ്ധ്യക്ഷനുമായ ജോഷി ജേക്കബ് അനുസ്മരിയ്ക്കുന്നു

സോഷ്യലിസ്റ്റ് പ്രസ്ഥാനത്തിന് വലിയ വേരോട്ടമില്ലാത്ത പാലായുടെ മണ്ണിൽ ജീവിച്ച ജോസ് വാഴാംപ്ലാവൻ വിദ്യാർത്ഥിയായിരിക്കുമ്പോൾ അതിൽ ചേർന്നയാളാണ്. ഡോ. ലോഹിയായുടെ അടിയുറച്ച അനുയായി ആയി അദ്ദേഹം അവസാനത്തിലും നിലകൊണ്ടു.

ഒരു ഇടത്തരം കർഷക കുടുംബത്തിലാണ് ജോസ് വാഴാംപ്ലാവൻ ജനിച്ചത്.  പാലാ സെയ്ന്റ് തോമസ് കോളജിൽ ഐഎസ്ഒ യിൽ പ്രവർത്തിച്ചുകൊണ്ട് അദ്ദേഹം പ്രവർത്തനമാരംഭിച്ചു. പാലായ്ക്ക് അടുത്ത് പൂവരണി സ്വദേശി ആയ അദ്ദേഹത്തിന്റെ സുഹൃത്തുക്കളെയും പ്രസ്ഥാനത്തിൽ കൊണ്ടു വന്നു. അവരിൽ ജെയിംസ് കുട്ടി, ഡോ. കെ. ശ്രീകുമാർ എന്നിവർ പിന്നീട് എന്നോടും ബന്ധപ്പെട്ടവരായിരുന്നു. ശ്രീകുമാറിന്റെ ജ്യേഷ്ഠനായ കെ. ഹരിദാസാണ് വാഴംപ്ലാവന്റെ സഹപ്രവർത്തകനായി ആദ്യം പ്രവർത്തിച്ചത്.  അടിയന്തിരാവസ്ഥയുടെ വെളിച്ചം ഇരുണ്ടു പോയ ഘട്ടത്തിലും അടിയന്തിരാവസ്ഥാ വിരുദ്ധ നിലപാട് സ്വീകരിച്ച അദ്ദേഹം അഭിവാദ്യം അർഹിക്കുന്നു.. വാഴാംപ്ലാവൻ കൂട്ടത്തിൽ ഒരു നേതാവായിരുന്നു. ആ തലയെടുപ്പോടെ തന്നെ അദ്ദേഹം പെരുമാറുകയും ചെയ്തു.
ഗവ. ലോ കോളജിൽ ചേരുന്നതിന്  മുൻപിലെ വർഷം തീരുന്നതിന് മുമ്പാണ് ഞാൻ സാമ്പത്തിക ശാസ്ത്രം മാർക്സിനു ശേഷം എന്ന ഡോ. ലോഹിയായുടെ പുസ്തകം വായിച്ച് ആ ആശയത്തിൽ ആകൃഷ്ടനായി ലോഹിയാ വിചാര വേദിക്കാരുടെ ഒരു യോഗത്തിന് ചെന്നു ചേരുന്നത്. ആദ്യമായി കണ്ട അദ്ദേഹത്തെ സൂക്ഷ്മമായി നിരീക്ഷിച്ചു. ആരെയും കൂസാത്ത ഒരു വ്യക്തിയെയും നിലപാടിൽ ഉറച്ചു നിൽക്കുന്ന ആളിനെയും സത്യസന്ധത വെടിയാത്ത ഒരാളെയും ഞാൻ വാഴംപ്ലാവനിൽ കണ്ടെത്തി. ആളിന്റെ എണ്ണം നോക്കി നിലപാട് പരസ്യപ്പെടുത്താൻ അദ്ദേഹം കാത്തു നിൽക്കുന്നില്ല. നിർഭാഗ്യവശാൽ സോഷ്യലിസ്റ്റ് പ്രസ്ഥാനത്തിന്റെ ദിശ നഷ്ടപ്പെട്ട് അത് ജനതാ പാർട്ടിയിൽ ലയിച്ചു ചേർന്നതിന് അധികം കാലമായില്ല അദ്ദേഹം പ്രവർത്തനമാരംഭിച്ചിട്ട്. പിന്നാലെ അഡ്വ ഒ ജെ ജോസഫ് അദ്ദെഹത്തെ നയിച്ചു. അതിലൊന്നും അദ്ദേഹം തൃപ്തനായിരുന്നില്ല.  അപ്പോഴാണ് അടുക്കം ജോണി (കെജെ ജോൺ) എന്നറിയപ്പെട്ട കരുത്തനായ സോഷ്യലിസ്റ്റുമെല്ലാം ചേർന്ന് പി.വി. കുര്യൻ സാറിന്റെ നേതൃത്വത്തിൽ വിചാര വേദി സംഘടിപ്പിച്ചത്. വാഴാംപ്ലാവൻ വിചാരവേദിയിൽ പ്രവർത്തിച്ചു. ജില്ലാപ്രസിഡന്റ് ആയും പ്രവർത്തിച്ചു. താമസിയാതെ അദ്ദേഹം തമിഴ്നാട്ടിൽ അദ്ധ്യാപക വൃത്തി സ്വീകരിച്ചു പോയി.
ഞാൻ ഈ ആശയങ്ങളിൽ പ്രവർത്തിക്കുവാൻ ആരംഭിച്ച് താമസംവിനാ അദ്ദേഹം നാട്ടിൽ നിന്ന് പോയി. എന്നാലും അദ്ദേഹം അവധിക്ക് വന്നാൽ ജെയിംസ്കുട്ടിയുമായി വീട്ടിൽ എത്തിച്ചേരും. ഏറെ നേരം ഇരുന്ന് ചർച്ച ചെയും. ചില പ്രവർത്തനങ്ങളും ആസൂത്രണം ചെയ്യും. റിട്ടയർ ചെയ്ത് വന്നതിന് ശേഷമാണ് സമാജവാദി ജനപരിഷത്തിന്റെ ജില്ലാ പ്രസിഡന്റായത്.
വാഴാംപ്ലാവൻ ജോർജ് ഫെർനാന്റസിനോട് പറഞ്ഞ് അദ്ദേഹം യുജിസി ചെയർമാൻ പ്രഫ. മാധുരി ഷായോട് പറഞ്ഞാണ് മുമ്പ് അദ്ദേഹത്തിന്റെ ഒരു സുഹൃത്ത് കോളജദ്ധ്യാപകനായി പാലാ സെയ്ന്റ് തോമസിൽ ജോലിക്ക് കയറിയത്. ആ അദ്ധ്യാപക സുഹൃത്ത് പിന്നീട് ഒരു പരിപാടിക്കും വരാതിരുന്നതും അദ്ദേഹം അനുസ്മരിച്ചു. എന്നാൽ വ്യക്തിപരമായി വലിയ സ്നേഹം കാണിച്ചുവെങ്കിലും വ്യവസ്ഥാപിത രാഷ്ട്രീയ നിലപാടുകൾ വിട്ട് പ്രവർത്തിപ്പിക്കുവാൻ ഒട്ടധികം പ്രയത്നിക്കേണ്ടതായി വന്നു. ജോർജ് ഫെർനാന്റസ് അദ്ദേഹത്തിന് ആരാധനാപത്രമായിരുന്നു. അതെല്ലാം വിട്ടെറിഞ്ഞ് നിലപാടെടുക്കുവാൻ ഏറെ മാറേണ്ടിയിരുന്നു.

എന്നാൽ ആദർശത്തിന്റെ വഴിയെ വ്യതിചലനമില്ലാതെ നടന്ന വാഴംപ്ലാവന് ആദരാഞ്ജലികൾ.

എന്നാൽ അതിനോടു പൊരുതി ആദർശത്തിന്റെ വഴിയെ വ്യതിചലനമില്ലാതെ നടന്ന വാഴംപ്ലാവന് ആദരാഞ്ജലികൾ.

 

സ. ജോസ് വാഴാംപ്ലാവന് ആദരാഞ്ജലികൾ
സമാജവാദി ജനപരിഷത്ത് ദേശീയ സെക്രട്ടറി സുരേഷ് നരിക്കുനിയുടെ അനുശോചന കുറിപ്പ്
അടിയുറച്ച സോഷ്യലിസ്റ്റും സമാജവാദി ജനപരിഷത്ത് നേതാവുമായിരുന്ന സഖാവ് ജോസ് വാഴാം പ്ലാവന്റെ വേർപാടിൽ ആദരാഞ്ജലികൾ അർപ്പിക്കുന്നു.
 ഡോ.രാം മനോഹർ ലോഹിയാ, ജയപ്രകാശ് നാരായൺ എന്നിവരുടെ ദർശനവഴികളിലൂടെ അടിയുറച്ച സോഷ്യലിസ്റ്റായി തീർന്ന സഖാവ് വാഴാംപ്ലാവൻ ഇന്ത്യൻ സോഷ്യലിസ്റ്റ് അന്വേഷണങ്ങളിൽ പുതിയ കാര്യങ്ങളെ മനസ്സിലാക്കാൻ എപ്പോഴും ശ്രമിച്ചിരുന്ന വ്യക്തിത്വമായിരുന്നു. ഗാന്ധി-ലോഹിയാ-അംബേഡ്കർ ചിന്തകളെ ആധാരമാക്കിയ സോഷ്യലിസ്റ്റ് രാഷ്ട്രീയത്തിന്റെ പുതുശക്തിയായ സമാജവാദി ജനപരിഷത്തിനെ സ്വീകരിക്കാനും സജീവ പ്രവർത്തനം നടത്താനും തയ്യാറായി. എവിടെയും, എപ്പോഴും എത്തിപ്പെടാൻ വാഴാംപ്ലാവൻ തയ്യാറായിരുന്നു.
ജനപരിഷത്തിന്റെ ദേശീയ പരിപാടികളിൽ പങ്കെടുത്തിരുന്ന അദ്ദേഹം സംസ്ഥാന സമിതി അംഗം, കോട്ടയം ജില്ലാ പ്രസിഡന്റ് എന്നീ പദവികളും വഹിച്ചു.

അകാലത്തിലുള്ള അദ്ദേഹത്തിന്റെ വേർപാട് ജനപരിഷത്ത് കുടുംബത്തിനും, പൊതു സമൂഹത്തിനും തീരാ നഷ്ടമാണ്. അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളുടെയും, സുഹൃത്തുക്കളുടെയും ദു:ഖത്തിൽ പങ്കുചേരുന്നു


2023/11/05

ജാതി സെന്‍സസും രാഷ്ട്രീയ പാര്‍ട്ടികളും

 അഡ്വ. ജോഷി ജേക്കബ്

കാനേഷുമാരിയില്‍ ജാതിപരമായ സ്ഥിതി വിവരങ്ങളും ശേഖരിക്കണമെന്ന നിലപാട് വിവാദമായി തുടരുകയാണ്. ബിഹാര്‍ സര്‍ക്കാര്‍ ജാതി സെന്‍സസ് നടത്തി റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത് ചിലരെ പ്രകോപിപ്പിച്ചിരിക്കുകയാണ്. ജാതി സെന്‍സസ് നടത്താനുള്ള ശ്രമം രാജ്യം വിഭജിക്കുന്ന നടപടിയാണെന്ന് ബി.ജെ.പി നേതാക്കള്‍ വിമര്‍ശനം ഉന്നയിച്ചിരിക്കുന്നു. കേരളത്തില്‍ എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജാതി സെന്‍സസിനെതിരേ രംഗപ്രവേശം ചെയ്തു കഴിഞ്ഞു.

കോണ്‍ഗ്രസ് അധികാരത്തില്‍ എത്തിയാല്‍ ജാതി സെന്‍സസ് നടത്തുമെന്ന് പ്രഖ്യാപിച്ചാണ് ബിഹാര്‍ നടപടിയെ രാഹുല്‍ ഗാന്ധി സ്വാഗതം ചെയ്തത്. പിന്നോക്ക വിഭാഗങ്ങളുടെയും അതി പിന്നോക്ക വിഭാഗങ്ങളുടെയും അംഗബലത്തിന്റെ സത്യം ബി.ജെ.പിയെയും ആര്‍.എസ്.എസിനെയും ഭയപ്പെടുത്തുന്നുണ്ട്. കഴിഞ്ഞ മൂന്ന് ദശകങ്ങളായി ന്യൂനപക്ഷ പ്രീണനം എന്ന ആരോപണത്തിന്റെ അടിത്തറയില്‍ രൂക്ഷമായ ജാതി അസമത്വവും ക്രൂരമായ വിവേചനങ്ങളും മറച്ചുവച്ച് ഹിന്ദു വര്‍ഗീയതയില്‍ ജനങ്ങളെ ഏകീകരിച്ച വോട്ടു ബാങ്ക് ചോര്‍ന്നുപോകുമെന്ന ഭയമാണ് ബി.ജെ.പിയെയും ആര്‍.എസ്.എസിനെയും വിറളി പിടിപ്പിക്കുന്നത്. ജാതി സെന്‍സസ് ഓരോ ജാതിയും പരസ്പരമുള്ള ഏറ്റുമുട്ടല്‍ സൃഷ്ടിക്കും എന്നാണ് അവര്‍ അനുയായികളെയും ജനങ്ങളെയും തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിക്കുന്നത്.

ജാതി അതിനീചവും ക്രൂരവുമായ സാമൂഹിക വ്യവസ്ഥയും വിവേചനത്തിന്റെയും മാറ്റി നിര്‍ത്തലിന്റെയും അസമത്വത്തിന്റെയും പ്രതിഭാസവുമാണ്. ചിലര്‍ കരുതിയതു പോലെ ജാതി ഒരു മനോഭാവവും വേണ്ടെന്നു വച്ചാല്‍ ഇല്ലാതാകുന്നതുമായ ഒന്നല്ല. ജാതി ഒരു ഘടന കൂടിയാണ്. കാള്‍ മാക്‌സിന്റെ വിശകലനത്തില്‍ പറയുന്നതുപോലെ അത് കേവലം ഉപരിഘടന അല്ലെങ്കില്‍ മേല്‍ക്കൂര മാത്രമല്ല. അദ്ദേഹത്തിന്റെ സിദ്ധാന്തത്തെ സംബന്ധിച്ച് മറ്റെല്ലാ ഘടകങ്ങളെയും മതം, ജാതി, വംശബോധം, വര്‍ണം, ലിംഗം തുടങ്ങി എല്ലാ ഭേദചിന്തകളും ഉപരിഘടനയുമായി മാത്രം ബന്ധപ്പെട്ടതാണ്. ശാസ്ത്രീയം എന്ന് പരിവേഷംകൂടി നല്‍കിക്കഴിഞ്ഞതോടെ ആ ചിന്ത ചോദ്യം ചെയ്യപ്പെടാത്ത ഒന്നായി ലോകത്തെല്ലായിടത്തും രൂഢമൂലമായി. തല്‍ഫലമായാണ് ഇന്ത്യയില്‍ ജാതിവ്യവസ്ഥ ഒരു സ്ഥായീഭാവംപോലെ കഴിഞ്ഞ മൂവായിരത്തിലധികം വര്‍ഷങ്ങളായി നിലനിന്നിട്ടും കമ്യൂണിസ്റ്റുകള്‍ അതിനെ കേവലമൊരു ഉപരിഘടനയാണെന്നും അടിസ്ഥാന ഘടനയായ സാമ്പത്തിക ഘടനയില്‍ മാറ്റം വരുന്നതിനനുസരിച്ച് താനെ മാറ്റംവരുമെന്നും കാണുവാന്‍ ഇടയായത്. അതിനാല്‍ സാമ്പത്തിക മാറ്റത്തിന് വേണ്ടിയാണ് പ്രവര്‍ത്തിക്കേണ്ടതെന്നും ജാതിപോലുള്ള ഉപരിഘടനയിലെ ഒരു പ്രശ്‌നം കാംപയിന്‍ എന്ന നിലയിലെ എടുക്കേണ്ടതുള്ളൂ എന്ന് അന്ധമായി വിശ്വസിച്ചത്. ജാതിയെയും മതത്തെയും ഒരേ ഗണത്തില്‍ പെടുത്തി പിന്‍തിരിപ്പന്‍ ആശയങ്ങളെ പ്രതിനിധീകരിക്കുന്ന ശക്തികളായി അവര്‍ പ്രചാരണം നടത്തുകയും ചെയ്തു. ജാതീയത ഒരാളുടെ ജന്മംകൊണ്ട് സമൂഹം ആ വ്യക്തിക്കുമേല്‍ ചാര്‍ത്തുന്നതാണ്. അതിന് രണ്ടുവശം ഉണ്ട്. ഒരു വ്യക്തി സ്വയം തെരഞ്ഞെടുക്കുകയല്ല ജാതി എന്നതുപോലെ വ്യക്തിപരമായ ആചരണം താന്‍ നടത്തുന്നില്ല എന്നതുകൊണ്ട് സാമൂഹികമായി ജാതി ഇല്ലാതാകുന്നില്ല. അക്കാര്യത്തില്‍ കമ്യൂനിസ്റ്റുകളെ വലിയ പിഴവിലേയ്ക്കാണ് അവരുടെ ‘ശാസ്ത്രീയ’ പ്രത്യയശാസ്ത്രം വഴിതെറ്റിച്ചത്. കമ്യൂനിസ്റ്റുകള്‍ തുടക്കംമുതലേ സംവരണനയത്തെ എതിര്‍ത്തതിന് കാരണവും അതല്ലാതെ മറ്റൊന്നുമല്ല. ജാതി വിജ്ഞാനത്തിലും അധികാരത്തിലും അവസരങ്ങള്‍ നിഷേധിക്കുന്നു. അത് കഴിവുകള്‍ മുരടിപ്പിക്കുന്നു. കഴിവുകള്‍ മുരടിപ്പിക്കുന്നത് വീണ്ടും അവസരങ്ങള്‍ നിഷേധിക്കുന്നു. കഴിവില്ലാത്തത് അല്ല മറിച്ച് അവസരങ്ങള്‍ ലഭ്യമല്ലാത്തതാണ് പ്രശ്‌നം.


1957 ല്‍ മുഖ്യമന്ത്രി ഇ.എം.എസ് നമ്പൂതിരിപ്പാട് അധ്യക്ഷനായി ഭരണ പരിഷ്‌കാര കമ്മിറ്റി രൂപീകരിക്കുകയും ജാതി സംവരണം അവസാനിപ്പിച്ച് സാമ്പത്തിക സംവരണം നടപ്പിലാക്കണമെന്ന് ശുപാര്‍ശ നടത്തുകയും ചെയ്തു. ഇന്ത്യന്‍ ഭരണഘടനപ്രകാരം പട്ടികജാതി, പട്ടികവര്‍ഗ സംവരണം ഏര്‍പ്പെടുത്തിയതിനാല്‍ അത് മാറ്റാന്‍ കഴിഞ്ഞില്ല. സാമ്പത്തിക സംവരണമെന്ന വിചിത്ര വാദം ഇടതുപക്ഷ സര്‍ക്കാര്‍ ഏറ്റെടുക്കുകയും ചെയ്തു. അന്ന് മുതല്‍ ഇന്നോളം സാമ്പത്തിക സംവരണം എന്ന ജാതി സമൂഹത്തിലെ നല്ല മുദ്രാവാക്യമായി കമ്യൂനിസ്റ്റുകള്‍ അതിനെ കാണുന്നു. സാമ്പത്തിക സമത്വത്തിന് പകരം സാമ്പത്തിക സംവരണം ഉയര്‍ത്തിപ്പിടിക്കുന്നു. 1989 ല്‍ ദേശീയ മുന്നണിയുടെ വി.പി സിങ് സര്‍ക്കാര്‍ അധികാരത്തിലേറി 1,990 മണ്ഡല്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് നടപ്പിലാക്കാന്‍ പ്രഖ്യാപിക്കുന്നത് വരെ അവര്‍ സാമ്പത്തിക സംവരണം മാത്രം ഉയര്‍ത്തിപ്പിടിച്ചു.
സോഷ്യലിസ്റ്റ്‌നേതാവ് മധു ലിമായുടെ ലേഖനത്തിന്റെ ആദ്യഭാഗം തുടങ്ങുന്നത് പാര്‍ലമെന്റില്‍ മണ്ഡല്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കുമെന്ന് പ്രഖ്യാപിച്ചപ്പോള്‍ കോണ്‍ഗ്രസ് നേതാവ് ബ്രാഹ്മണനായ നെഹ്‌റുവിന്റെ കൊച്ചുമകന്‍ രജീവ്ഗാന്ധി, ബി.ജെ.പിയുടെ സിന്ധി ബ്രാഹ്മണന്‍ ലാല്‍ കൃഷ്ണ അഡ്വാണി, സി.പി.എമ്മിലെ ബംഗാളി ബ്രാഹ്മണന്‍ സോമനാഥ ചാറ്റര്‍ജി, സി.പി.ഐയിലെ മൈഥിലി ബ്രാഹ്മണന്‍ ഭോഗേന്ദ്ര ത്സാ എന്നിവര്‍ ആദ്യം എതിര്‍ക്കുകയുണ്ടായി എന്ന വസ്തുതയാണ്. മണ്ഡല്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് ഉദ്ധരിച്ചു ആ പരാമര്‍ശം ജാതിപരമായ 54 ശതമാനം പിന്നോക്ക വിഭാഗങ്ങളുടെ അധികാരപങ്കാളിത്തം കേവലം ആറ് ശതമാനത്തില്‍ താഴെമാത്രമാണ് എന്ന് സൂചിപ്പിക്കുന്നതായിരുന്നു. രാജ്യത്തെ വിഭജിക്കുമെന്ന വാദം അന്ന് വളരെ ശക്തിയോടെ ഉന്നയിച്ചതാണ്. അര്‍ഥമില്ലാത്ത അത്തരം വാദഗതികളെയെല്ലാം ഖണ്ഡിച്ചു പിന്നോക്ക സംവരണത്തിന്റെ ആവശ്യകത മധു ലിമായെ സമര്‍ഥിച്ചു. അത് രാജ്യത്തൊട്ടാകെ പുതിയ ചിന്താഗതി ശക്തമായി വേരുറപ്പിച്ചെടുത്തു. രാഷ്ട്രീയത്തിന്റെ ഒരു കേന്ദ്രവിഷയമായിതീര്‍ന്നു ജാതി. എന്നാല്‍ പ്രതിലോമ ശക്തികള്‍ വെറുതെ ഇരിക്കുകയായിരുന്നില്ല. അതിനെ പരാജയപ്പെടുത്തുന്നതിനുള്ള തന്ത്രങ്ങളാണ് നൂറ്റാണ്ടുകളായുള്ള ജാതിയുടെ മനസ് ശ്രമിച്ചത്.

നമ്പൂതിരിപ്പാടും രാഷ്ട്രീയ നിലനില്‍പ്പിനായി നടപ്പിലാക്കുമെന്ന് പ്രഖ്യാപിച്ച് വിജ്ഞാപനമിറക്കിയ വി.പി സിംഗും അക്കൂട്ടത്തില്‍ വരുമെന്ന് പറഞ്ഞാല്‍ അത്ഭുതപ്പെടുന്നവരുണ്ടാകാം. സംവരണം നൂറ്റാണ്ടുകളായി അധികാരപങ്കാളിത്തം കിട്ടാതെ വന്നവര്‍ക്ക് മുന്‍ഗണനാപരമായി അവസരങ്ങള്‍ ഉറപ്പാക്കുന്നത് അട്ടിമറിക്കുന്നവിധം സാമ്പത്തികമായി പാവപ്പെട്ടവര്‍ക്ക്കൂടി സംവരണം നല്‍കണമെന്ന വാദ ഗതിയാണ് അവര്‍ ഉയര്‍ത്തിയത്. പിന്നീട് വി.പി സിംഗ് 10 ശതമാനം സാമ്പത്തികമായ വിഷമതകള്‍ അനുഭവിക്കുന്നവര്‍ക്ക് സംവരണം വേണമെന്ന് വാദിച്ചു. ഏറെ വാചക കസര്‍ത്ത് നടത്തി, ബഹളം കൂട്ടിയ യോഗ്യത (മെരിറ്റ്) പ്രശ്‌നമല്ലാതായി മാറി. അതിന്റെ ജാതി പരമായ ഉദ്ദേശ്യം പിന്നീട് പ്രകടമായി കാണാവുന്നതാണ്. മുന്നോക്ക വിഭാഗത്തില്‍പെട്ടവര്‍ക്ക് മാത്രമാണ് സാമ്പത്തിക സംവരണം. പാവപ്പെട്ടവര്‍ ജാതിപരമായ പിന്നോക്ക വിഭാഗത്തില്‍പെട്ടവരുടെ ഇടയില്‍ ഇല്ലാത്തതുകൊണ്ടാണോ. ജാതി സംവരണം താഴ്ന്ന ജാതികളിലെ പാവപ്പെട്ടവര്‍ക്ക് അല്ല. അത് സാമൂഹിക പിന്നോക്കാവസ്ഥയ്ക്ക് ആണല്ലോ. ഫലത്തില്‍ പകുതിപ്പേര്‍ക്ക് പിന്നോക്ക, മുന്നോക്ക അടിസ്ഥാനത്തില്‍ സംവരണം നല്‍കുന്നത് അധികാരകുത്തക നിലനിര്‍ത്തുന്ന മുന്നോക്ക വിഭാഗത്തിന് 10 ശതമാനം സംവരണം എന്ന അവസ്ഥയുണ്ടാക്കും.

ബി.ജെ.പിയുടെ നരേന്ദ്രമോദി സര്‍ക്കാര്‍ മുന്നോക്ക സംവരണം പാര്‍ലമെന്റില്‍ കൊണ്ടുവരുന്നതിന് കുറച്ച് മുമ്പ് മാത്രമാണ് ഇടതു ജനാധിപത്യ മുന്നണിയുടെ പിണറായി വിജയന്‍ സര്‍ക്കാര്‍ ദേവസ്വം ബോര്‍ഡില്‍ മുന്നോക്ക സംവരണം കൊണ്ടുവന്നത്, 90 ശതമാനം മുന്നോക്ക വിഭാഗം ജോലി ചെയ്യുന്ന അവിടെ വീണ്ടും 10 ശതമാനം മുന്നോക്ക സംവരണം. ജാതിപരമായ അസമത്വം നീക്കണമെന്നും സാമൂഹികസമത്വം സാമ്പത്തിക സമത്വം പോലെ കൈവരിക്കണമെന്നും വാദിക്കുമ്പോള്‍ സവര്‍ണരെ ഒറ്റപ്പെടുത്തുകയും ആക്രമിക്കുകയും ചെയ്യണമെന്നോ അല്ല, സമത്വപൂര്‍ണമായ സമൂഹം കൈവരിക്കുകയാണ് ലക്ഷ്യം. തൊഴില്‍ എന്ന ആവശ്യത്തിനല്ല മറിച്ച് അധികാര പങ്കാളിത്തമാണ് സംവരണത്തിന്റെ ലക്ഷ്യം. വീതം വച്ചു കൊടുക്കല്‍ അല്ല, മറിച്ച് സമൂഹത്തിന്റെ പൊതുവായ ജനാധിപത്യവല്‍ക്കരണവും ലക്ഷ്യമാണ്. അതിന് മുന്നോക്ക, പിന്നോക്ക വിഭാഗങ്ങളുടെ ഐക്യമാണ് കൈവരിക്കേണ്ടത്. അതുകൊണ്ട് തന്നെ സമവാക്യ സംഖ്യാബലത്തിന്റെ കണക്കുകൂട്ടലുകള്‍ക്കല്ല പ്രസക്തി. അതേസമയം, സാമൂഹികമായ പിന്നോക്ക വിഭാഗങ്ങളുടെ ഉയര്‍ത്തെഴുന്നേല്‍പ്പിനെ കുറിച്ച് ആ വിഭാഗങ്ങളില്‍ അവബോധം ഉണ്ടാക്കുകയും വേണം.

ജാതി സെന്‍സസിനെ ഭയക്കുന്നതാര്?


പട്ടിക ജാതി, വര്‍ഗ സംവരണം വ്യവസ്ഥ ചെയ്ത ഭരണഘടനയില്‍ മറ്റു പിന്നോക്ക വിഭാഗങ്ങളുടെ സംവരണത്തെ സംബന്ധിച്ച് ഉന്നയിച്ചപ്പോള്‍ അംബേദ്കറുടെ മറുപടി അത് തന്റെ കാര്യമല്ലെന്നായിരുന്നു. അതുകൊണ്ടാണ് ഭരണഘടനയിലെ മറ്റു പിന്നോക്ക വിഭാഗങ്ങള്‍ക്ക് സാമൂഹികമായും വിദ്യാഭ്യാസപരമായും പിന്നോക്കം നില്‍ക്കുന്ന വിഭാഗങ്ങള്‍ക്ക് സംവരണം ഏര്‍പ്പെടുത്താവുന്നതാണെന്ന് പൊതുവായ വ്യവസ്ഥയ്ക്ക് പകരം ജാതികളുടെയും ഗോത്ര വിഭാഗങ്ങളുടെയും പട്ടികകള്‍പോലെ ഭരണഘടനയില്‍ മറ്റുപിന്നോക്ക വിഭാഗങ്ങളുടെ ജാതിപ്പട്ടിക ഉണ്ടാകാതിരുന്നത്.
ഡോ. ലോഹ്യയാണ് ഡോ. അംബേദ്കറിന് ശേഷം രാഷ്ട്രീയത്തിന്റെ കേന്ദ്ര സ്ഥാനത്ത് ജാതിയെ കൊണ്ടുവന്നത്. അദ്ദേഹത്തിന്റെ ആശയങ്ങളും പ്രവര്‍ത്തനങ്ങളും നേതൃത്വം കൊടുത്ത സമരങ്ങളും ആണ് മറ്റു പിന്നോക്ക വിഭാഗങ്ങളുടെ ശക്തമായ ഉയര്‍ത്തെഴുന്നേല്‍പ്പിനും മുന്നേറ്റത്തിനും വഴിവച്ചത്. അദ്ദേഹം വൈശ്യസമുദായത്തില്‍ പിറന്ന വ്യക്തിയാണ്. ലോഹ്യയുടെ ശിഷ്യരും അതിന് വേണ്ടി നിലകൊണ്ടവരായ മധു ലിമായെ ബ്രാഹ്മണനായി ജനിച്ച സ്വാതന്ത്ര്യസമരസേനാനിയാണ്. കിഷന്‍ പട്ട്ണായ്ക്ക്, സച്ചിദാനന്ദസിന്‍ഹ, കേരളത്തില്‍നിന്നുള്ള ആര്‍.എം മനയ്ക്കലാത്ത്, ഇന്ദുമതി കേല്‍ക്കര്‍, വിനായക് റാവും കുല്‍ക്കര്‍ണി, ഡോ. യു.ആര്‍ അനന്തമൂര്‍ത്തി, പി.വി കുര്യന്‍ തുടങ്ങിയവര്‍ ഡോ. ലോഹ്യയുടെ അടുത്ത അനുയായികളും പി.എസ്.പിയില്‍നിന്ന് ലോഹ്യയെ പുറത്താക്കിയപ്പോള്‍ അദ്ദേഹത്തോടൊപ്പം നിലകൊണ്ടവരും ആണ്. ജാതിയെ കേന്ദ്ര സ്ഥാനത്തേക്ക് കൊണ്ടുവന്നതും ചെറുകിടയന്ത്രത്തിന്റെ ഉല്‍പാദനരീതിയും സോഷ്യലിസത്തിന് പുതിയ അര്‍ഥവും നല്‍കിയതാണ് പി.എസ്.പിയില്‍ പിണര്‍പ്പ് ഉണ്ടാകാന്‍ കാരണം. മേല്‍ പരാമര്‍ശിച്ച സവര്‍ണ സമൂഹങ്ങളിലെ നേതാക്കന്മാരോടൊപ്പം നല്ല ശിവം, രവി റായ്, മണിറാം ബാഗ്രി, ശാന്തവരി ഗോപാല ഗൗഡ, കെ.കെ അബു സാഹിബ്, കെ.കെ കണ്ണന്‍മാഷ്, പി.പി വില്‍സണ്‍, കെ.പി മുഹമ്മദ് തുടങ്ങിയ അവര്‍ണ സമൂഹങ്ങളിലെ നേതാക്കന്മാരും ലോഹ്യയക്കൊപ്പം ഉറച്ച് നിന്നവരാണ്. സമാജവാദി ജനപരിഷത് രൂപം കൊടുത്തപ്പോള്‍ അതിന്റെ ആദ്യ സെക്രട്ടറിമാരില്‍ ഒരാളായിരുന്ന സഞ്ജീവ് സാനെയുടെ ബ്രാഹ്മണനായ പിതാവ് സോഷ്യലിസ്റ്റ് പാര്‍ട്ടിയോടൊപ്പവും മാതാവ് പി.എസ്.പിയില്‍ തുടരുകയായിരുന്നു. ഡോ. ലോഹ്യ പുതിയ സോഷ്യലിസ്റ്റ് പാര്‍ട്ടി രൂപീകരിച്ചപ്പോള്‍ അതിനൊപ്പം 1956ല്‍ നിലകൊണ്ടവരാണ് അവര്‍. അന്ന് ആദ്യമായി, മറ്റൊരു പാര്‍ട്ടിയിലും അംഗീകരിക്കപ്പെടാത്ത നടപടിയായിരുന്നു കമ്മിറ്റികളിലെ 60 ശതമാനം അംഗങ്ങള്‍ ന്യൂനപക്ഷ, പട്ടികജാതി, പട്ടികവര്‍ഗ, മറ്റു പന്നോക്ക, സ്ത്രീ വിഭാഗങ്ങളില്‍നിന്ന് ആയിരിക്കണം എന്ന് നിബന്ധന നടപ്പിലാക്കിയത്. രാജ്യത്തും അധികാരങ്ങള്‍ അപ്രകാരമായിരിക്കണം എന്ന തത്വമാണ് സോഷ്യലിസ്റ്റ് പാര്‍ട്ടി ഉയര്‍ത്തിപിടിച്ചത്. അന്ന് അംഗീകരിക്കപ്പെടാത്ത ഒരു തത്വത്തിന് വേണ്ടി സവര്‍ണ വിഭാഗത്തില്‍പ്പെട്ട അനവധി ആളുകള്‍ ആദര്‍ശപരമായ പ്രതിജ്ഞാബദ്ധത കാണിച്ചത് പ്രത്യയ ശാസ്ത്ര കാഴ്ചപ്പാട് വിഭിന്നമായതു കൊണ്ടാണ്.

ഹിന്ദു കൃതികളുടെ ശരിയായ വായന എന്നതിനപ്പുറം പ്രത്യയശാസ്ത്രപരമായ മുന്‍വിധികളാണ് പ്രശ്‌നം. ജാതിയെ മൗലികമായി മനസ്സിലാക്കുന്നതിന് സഹായിക്കുന്ന പ്രത്യയശാസ്ത്രം ഇല്ലെങ്കില്‍ ജാതി വിരുദ്ധമായ എതിര്‍പ്പുകൊണ്ട് ജാതി നിര്‍മൂലനം സാധ്യമാവില്ല. കമ്യൂണിസ്റ്റുകളും മുതലാളിത്ത വാദികളും പുരോഗമന വാദികളും ജാതിയ്‌ക്കെതിരായ നിലപാട് സ്വീകരിച്ചെങ്കിലും ജാതിയെ വിമര്‍ശന വിധേയമാക്കിയെങ്കിലും സംവരണത്തിന് അവര്‍ എതിരായ നിലപാട് സ്വീകരിക്കാന്‍ മറ്റൊരു കാരണവുമില്ല.

ജാതി സെന്‍സസ് ആവശ്യത്തിന് മണ്ഡല്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പച്ചിടത്തോളം പഴക്കമുണ്ട്. മണ്ഡല്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് ജാതി അടിസ്ഥാനത്തിലുള്ള ജനസംഖ്യ ഗണന കണക്കാക്കിയത് ബ്രട്ടിഷുകാര്‍ 1931ല്‍ നടത്തിയ സെന്‍സസ് ആശ്രയിച്ചാണെന്നും അത് മാനദണ്ഡമായി കാണാനാവില്ലെന്നുമാണ് പിന്നോക്ക സംവരണത്തിന് എതിരേ ഉയര്‍ത്തിയ ഒരു വാദം. അന്നേ സംവരണത്തിന് ജെനുവിനായി വാദിച്ചവര്‍ മേലാല്‍ ജാതി സെന്‍സസ് നടത്തി സംവരണത്തിന്റെ ആവശ്യകത ബോധ്യപ്പെടണമെന്ന് ആവശ്യപ്പെട്ടിരുന്നു. അതൊരു വനരോദനമായി അവശേഷിച്ചതല്ലാതെ ജാതി കണക്കെടുപ്പില്ലാതെ സംവരണത്തിനെതിരേ ആശയപ്രചാരണങ്ങള്‍ നടത്തിക്കൊണ്ടിരുന്നു. കഴിഞ്ഞ 2011ലെ സെന്‍സസ് ആരംഭിക്കുന്നതിന് മുന്‍പ് ജാതികൂടി ഉള്‍ച്ചേര്‍ക്കണം എന്നൊരാവശ്യം ഉയര്‍ന്നു. എന്നാല്‍, അപ്പോഴത്തെ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങും കോണ്‍ഗ്രസും കമ്യൂണിസ്റ്റുകളും മാത്രമല്ല ഒട്ടുമിക്ക വ്യവസ്ഥാപിത കക്ഷികളും അനുകൂലനിലപാട് സ്വീകരിച്ചില്ല. അന്ന് സമാജവാദി ജനപരിഷത് ആ ആവശ്യം ഉന്നയിക്കുകയും ചെയ്തു. അതിനെതുടര്‍ന്ന് ബിഹാറില്‍ നിന്നുള്ള ജാതി ജനഗണന അഭിയാന്‍, കാംപയ്ന്‍ ഫോര്‍ കാസ്റ്റ് സെന്‍സസ് ബിഹാറിലെ രാജ് നാരായന്‍ എന്ന യുവാവിന്റെ നേതൃത്തില്‍ പ്രചാരണ പരിപാടി യോജിപ്പുള്ളവരെല്ലാം ചേര്‍ന്ന് ആരംഭിച്ചു. ബിഹാര്‍, ഉത്തരപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ വേരുറപ്പിച്ച സമാജ് വാദിപാര്‍ട്ടി, ലാലു യാദവിന്റെ രാഷ്ട്രീയ ജനതാദള്‍ എന്നിവ ജാതി സെന്‍സസ് എന്ന നിലപാട് എടുത്തിരുന്നെങ്കിലും അതില്‍ ഗൗരവമായ തുടര്‍ പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടില്ല. എന്നാല്‍, ബിഹാറിന്റെ സാമൂഹിക മണ്ഡലത്തില്‍ അത് നിറഞ്ഞുനിന്നു.

ഇപ്പോള്‍ പുറത്തുവിട്ട ജാതി സെന്‍സസ് വിവരങ്ങള്‍ പുറത്തുവരാന്‍ ഇടയാക്കിയ തീരുമാനം ഉചിതമായമാണ്. എന്നാല്‍, തെരഞ്ഞെടുപ്പിനെ മാത്രം കണക്കിലെടുത്താണ് ആ തീരുമാനമെങ്കില്‍ താല്‍കാലികമായ ഫലത്തിന് അപ്പുറമൊന്നും സംഭവിക്കില്ല. ജാതി നിര്‍മൂലനം ഉയര്‍ത്തിപ്പിടിച്ച് ആ ലക്ഷ്യത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്നില്ലെങ്കില്‍ സമൂഹത്തില്‍ മാറ്റം വരുത്താത്ത നാട്യ കലാ പ്രകടനമയി തീരും. ജാതി നിര്‍മൂലനമെന്നത് സമുദായങ്ങളെ ഇല്ലായ്മ ചെയ്യല്‍ അല്ല. അത് സാമൂഹിക സമത്വം കൈവരിക്കുന്ന സമൂര്‍ത്തമായ പദ്ധതികളാണ്. ഇതുവരെ മാറ്റിനിര്‍ത്തപ്പെട്ടവര്‍ മുന്നിലേക്ക് വരുമ്പോള്‍ അത് സാമൂഹിക സമത്വത്തിലേയ്ക്കുള്ള ആദ്യ ചവിട്ടുപടി കയറുകയാണ്. ജാതി സെന്‍സ് ഭിന്നതയല്ല, ജാതിയുടെ സംഖ്യയോടൊപ്പം അതിന്റെ പ്രാതിനിധ്യക്കുറവ് ബോധ്യപ്പെടുത്തുന്ന ഒരു വിശകലനവും പ്രാതിനിധ്യത്തിന്റെ അപര്യാപ്തത പരിഹരിക്കേണ്ട ബോധ്യവും ആണ് നല്‍കുന്നത്.
ജാതി സെന്‍സിനെ സമൂഹത്തില്‍ ഒരു ശരിയായ ബ്രാഹ്മണ വാദ ധ്രുവീകരണം ഉണ്ടാക്കിയെങ്കില്‍ കൃത്യമായ ബ്രാഹ്മണ വാദ വിരുദ്ധ രാഷ്ട്രീയം, ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ മൗലികമായ മാറ്റം വരുത്താന്‍ ശേഷിയുള്ളതാണ്. അത് കേവലം ബ്രാഹ്മണ വാദത്തിനെതിരേയുള്ള ആക്രോശങ്ങളോ ബ്രാഹ്മണര്‍ക്കെതിരേയുള്ള മുന്നേറ്റമല്ലെന്ന് തിരിച്ചറിവ് ഉണ്ടാകുമ്പോഴെ സമൂഹത്തില്‍ ആ മാറ്റം പ്രതിഫലിപ്പിക്കുവാന്‍ സാധിക്കൂ. ബി.ജെ.പി നയിക്കുന്ന എന്‍.ഡി.എ മുന്നണിയിലെ ഘടക കക്ഷികളായ നിരവധി പാര്‍ട്ടികള്‍ ജാതിസെന്‍സിന് അനുകൂലമായി നിലപാടു പ്രഖ്യാപിച്ചു കഴിഞ്ഞു. ഹിന്ദുസ്ഥാനി അവാം മോര്‍ച്ച സെക്യുലാര്‍ അപ്ന ദള്‍, നി ഷാ ദ് പാര്‍ട്ടി, സുഗല്‍ ദേവ് ഭാരതീയ സമാജ് പാര്‍ട്ടി, തമിഴ്‌നാട്ടിലെ പട്ടാളി മക്കള്‍ കച്ചി, വോള്‍ ജാര്‍ഖണ്ഡ്, സുറ്റവാന്‍സ് യൂനിയന്‍ പാര്‍ട്ടി തുടങ്ങിയ എന്‍.ഡി.എ കക്ഷികളാണ് നിലപാട് പ്രഖ്യാപിച്ചത്. അവയില്‍ പലതും എണ്ണത്തില്‍ കൂടുതലുള്ള പിന്നോക്ക സമുദായങ്ങളുടെ പാര്‍ട്ടികളില്‍ അവഗണിക്കപ്പെട്ട അതി പിന്നോക്ക സമുദായങ്ങളുടെ പാര്‍ട്ടികളാണ്. അത് ബി.ജെ.പിയുടെ സ്വകാര്യത വര്‍ധിപ്പിക്കാനുള്ള ഒരു രാഷ്ട്രീയ ചതുരംഗ കളിയാണ് .

മുസ് ലിം സാമൂഹിക സ്ഥിതികളെക്കുറിച്ച് പഠിച്ച് തയാറാക്കി സമര്‍പ്പിച്ച ജസ്റ്റിസ് രജീന്ദര്‍ സച്ചാര്‍ റിപ്പോര്‍ട്ട് രാജ്യത്തെ ഏറ്റവും പതിതരായവര്‍ മുസ് ലിംകളിലെ ദലിത് ജാതികളില്‍ പെട്ടവരാണെന്നത് പുറത്ത് കൊണ്ടുവന്നു. അവര്‍ക്ക് അധികാര പങ്കാളിത്തം ഇല്ലാത്തതാണ് അതിന് പ്രധാന കാരണം. ദലിത് സ്റ്റാറ്റസ് നല്‍കുന്ന സംരക്ഷണം അവര്‍ക്ക് ഇല്ല. ഭരണഘടന ഡോ. അംബേദ്കറുടെ നേതൃത്തില്‍ തയാറാക്കിയപ്പോള്‍ അവരെപ്പോലുള്ളവര്‍ പട്ടികയില്‍ ഉണ്ടായിരുന്നു. എന്നാല്‍, ഒരു പ്രസിഡന്‍ഷ്യല്‍ ഉത്തരവ് വഴിയാണ് ഹിന്ദുക്കള്‍, സിഖുകാര്‍, ബുദ്ധ, ജൈനമതക്കാര്‍ അല്ലാത്തവരെ പട്ടികയില്‍നിന്ന് ഒഴിവാക്കിയത്. അവരെ ഒഴിവാക്കിയ സവര്‍ണ ബുദ്ധി എത്രയോ കുടിലമാണ്. മുസ് ലിം മതത്തില്‍ ഉള്‍പ്പെട്ടവരെപോലെ മാറ്റി നിര്‍ത്തിയവരാണ് ക്രൈസ്തവ വിഭാഗത്തിലുള്ളവരും. അധികാരപങ്കാളിത്തം നിഷേധിക്കപ്പെട്ട അത്തരം ജനവിഭാഗങ്ങളുടെ പ്രത്യേകമായ കണക്കെടുപ്പ് ഒഴിച്ചുകൂടാനാവാത്തതാണ്.

ജാതി വിവരങ്ങള്‍ കാനേഷുമാരിയില്‍ ഉള്‍പ്പെടുത്തുന്നതോടൊപ്പം സര്‍ക്കാര്‍ സര്‍വിസിലെ ജാതി തിരിച്ചുള്ള വിവരശേഖരം ലഭ്യമാക്കുന്നില്ലെങ്കില്‍ ജാതി സെന്‍സസ് ലക്ഷ്യം നേടാത്ത അശ്വമേധം പോലെയാകും.
---

ജാതി സെന്‍സസും രാഷ്ട്രീയ പാര്‍ട്ടികളും എന്ന ആദ്യ ഭാഗം 2023 നവംബർ 4നും  ജാതി സെന്‍സസിനെ ഭയക്കുന്നതാര്?  എന്ന അടുത്ത ഭാഗം 2023 നവംബർ 5നും സുപ്രഭാതം ദിനപത്രം പ്രസിദ്ധീകരിച്ചു

 -0-


2022/12/24

വിഷ്‌ണുദേവ്‌ ഗുപ്‌ത

 വിഷ്‌ണുദേവ്‌ ഗുപ്‌ത (विष्णुदेव गुप्त ,Vishnu Dev Gupta) (1920 നവംബർ 15 -2001 നവംബർ 25) സ്വാതന്ത്ര്യ സമര സേനാനി, ജനാധിപത്യ സമര സേനാനി, സോഷ്യലിസ്റ്റ് നേതാവ്, ബിഹാറിലെ മുൻ എംഎൽഎ, സമാജവാദി ജനപരിഷത്തിന്റെ ദേശീയ പ്രസിഡന്റ് എന്നീനിലകളിൽ സേവനമനുഷ്ഠിച്ചു.


1920 നവംബർ 15 ന്, അസംഗഡ് (ഇപ്പോൾ മൗ) ജില്ലയിലെ നന്ദൗർ (മധുബൻ) ഗ്രാമത്തിൽ അദ്ദേഹം ജനിച്ചു. ഭഗത് സിങ്ങിന്റെ സോഷ്യലിസ്റ്റ് റിപ്പബ്ലിക്കൻ ആർമിയിൽ അംഗമായിരുന്ന അദ്ദേഹം രാം മനോഹർ ലോഹിയാ, കിഷൻ പട്നായിക്, ജോർജ്ജ് ഫെർണാണ്ടസ് എന്നിവരോടൊപ്പം സോഷ്യലിസ്റ്റു പാർട്ടിയിലും പ്രവർത്തിച്ചു.


സമാജവാദി ജനപരിഷത്തിന്റെ രണ്ടാമത്തെ ദേശീയ അദ്ധ്യക്ഷനായിരുന്നു.1997 ജനുവരി 18,19 തീയതികളിൽ ബീഹാറിലെ സിവാൻ ജില്ലയിൽ പഞ്ച്‌വാർ എന്ന സ്ഥലത്തു ചേർന്ന സമാജവാദി ജനപരിഷത്തിന്റെ ഒന്നാം ദ്വൈവാർഷിക ദേശീയസമ്മേളനത്തിൽ (2-ആമത് ദേശീയ സമ്മേളനം) ദേശീയ അദ്ധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ടു. 1999 ഫെബ്രുവരി 13,14 തീയതികളിൽ സാരനാഥിൽ കൂടിയ 2-ആമത് ദ്വൈവാർഷിക സമ്മേളനം (3-ആമത് ദേശീയ സമ്മേളനം) വരെ തുടർന്നു. മഹാരാഷ്ട്രയിൽ രത്നഗിരിജില്ലയിൽ എൻറോൺ എന്ന ബഹുരാഷ്ട്ര കമ്പനിക്കെതിരെ സമാജവാദി ജനപരിഷത്തിന്റെ മറ്റു നേതാക്കളോടൊപ്പം സമരം നയിച്ച് അദ്ദേഹം അവസാനത്തും ജയിലിൽ  പോയി.


വാർദ്ധക്യസഹജമായ അസുഖത്തെത്തുടർന്ന്‌ 2001 നവംബർ 25 അന്തരിച്ചു. 2002 ഫെബ്രുവരി 28 മുതൽ മാർച്ച്‌ വരെ രിവായിൽ കൂടിയ സമാജവാദി ജനപരിഷത്തിന്റെ നാഷണൽ എക്‌സിക്യുട്ടീവ്‌ (രാഷ്ട്രീയകാരിണി) അനുശോചനം രേഖപ്പെടുത്തി. 2003 -ലെ ദേശീയസമ്മേളനനഗരിക്ക്‌ (ഇട്ടാർസി, മദ്ധ്യപ്രദേശ്‌ - ഫെബ്രുവരി 1,2,3) വിഷ്‌ണുദേവഗുപ്‌ത നഗർ എന്നാണ്‌ പേര്‌ നൽകിയിരുന്നത്‌.

2022/11/25

അതികാരിൽ അതികായനായ നരേന്ദ്രദേവ



ഇന്ത്യൻ സോഷ്യലിസ്റ്റ് പ്രസ്ഥാനത്തിന്റെ എക്കാലത്തെയും നേതാവായ ആചാര്യ നരേന്ദ്രദേവയുടെ വ്യക്തിത്വം തലമുറകൾക്ക് അതീതമായി ഉയർന്നുനിൽക്കുന്നു. മനുഷ്യരത്നം എന്ന് ഗാന്ധിജി വിശേഷിപ്പിച്ച ആചാര്യ നരേന്ദ്രദേവ  ഇന്ത്യൻ സോഷ്യലിസ്റ്റ് ചിന്താഗതിക്ക് കനത്ത സംഭാവനകൾ നൽകിയ നേതാവായി ഗണിയ്ക്കപ്പെടുന്നു

അഡ്വക്കേറ്റ് പോൾ വി.കുന്നിൽ എഴുതിയത്


സമകാലികരുടെ ഇടയിൽ എവറസ്ററ് കൊടുമുടി പോലെ ഉയർന്നു നിന്ന മഹാനായ ഒരു സോഷ്യലിസ്റ്റ് ആചാര്യനായിരുന്നു ആചാര്യ നരേന്ദദേവ (1889 ഒക്ടോബർ 31 - 1956 ഫെബ്രുവരി 19). ഒരു സമ്പന്ന കുടുംബത്തിൽ 1889 ഒക്ടോബർ 31 ന് അദ്ദേഹം സീതാപുരിൽ ജനിച്ചു. അയോദ്ധ്യാ, സീതാപുർ, ഫൈസാബാദ് എന്നീ മൂന്നു പട്ടണങ്ങൾ അടുത്തടുത്ത് സ്ഥിതിചെയ്യുന്നു. പിതാവ് നല്ല ഒരു അഭിഭാഷകൻ ആയിരുന്നു. പിതാവിന്റെ പ്രാക്ടീസ് മെച്ചപ്പെടുത്തുന്നതിനുവേണ്ടി കുറെ കഴിഞ്ഞു് ഫെയിസാബാദിലേക്ക് കുടുംബതാമസം മാറ്റി.

ഫെയിസാബാദിൽ കൊട്ടാരതുല്യമായ ഒരു വീടാണ് അവർക്കുണ്ടായിരുന്നത്. അവിടെയായിരുന്നു നരേന്ദദേവ ബാല്യവും സ്കൂൾ വിദ്യാഭ്യാസകാലവും ചിലവഴിച്ചത്.

ആചാര്യ നരേന്ദദേവിന്റെ പിതാവ് രാഷ്ട്രീയത്തിലും സ്വാതന്ത്യസമര പ്രസ്ഥാനത്തിലും അതീവതൽപരനായിരുന്നു. തൻമൂലം ചെറുപ്പത്തിൽ തന്നെ നരേന്ദ്ര ദേവ് രാഷ്ട്രീയത്തിലേക്ക് കടന്നു. പത്താമത്തെ വയസിനുള്ളിൽ തുളസീദാസിന്റെ രാമചരിതം അദ്ദേഹം വായിച്ചു. അതിലെ 700 ശ്ലോകങ്ങൾ കാണാപ്പാഠം പഠിച്ചു. ലക്നൗവിൽനിന്ന് കോൺഗ്രസ് ദേശീയ സമ്മേളനത്തിൽ പിതാവിനോടൊത്ത് പത്താമത്തെ വയസിൽ അദ്ദേഹം സംബന്ധിച്ചു. 10-ാം സ്റാൻഡേർഡ് പരീക്ഷ ഫെയിസബാദിൽ നിന്നു ജയിച്ചശേഷം ഇൻറർമീഡിയറ്റും ബി എ യും അലഹബാദിലെ മ്യൂർ സെൻട്രൽ കോളേജിൽ നിന്നും പാസായി. അവിടെ വച്ച് ലാലാ ലജ്പത്റായി,  ബാലഗംഗാധര തിലകൻ തുടങ്ങിയ നേതാക്കളുടെ പ്രസംഗങ്ങൾ കേൾക്കാൻ ഇടയായി. പിന്നീട് ബനാറസിൽപോയി എം.എ. പാസ്സായി. ബനാറീസിൽനിന്നും വീണ്ടും അലഹബാദിൽ പോയി അവിടെ നിന്നും എൽ.എൽ.ബി. ബിരുദം എടുത്തു. 1916-ൽ ഫെയിസാബാദിൽ മടങ്ങിയെത്തി അഭിഭാഷകനായി പ്രാക്ടീസ് തുടങ്ങി. ആനിബസൻറ് മദാമ്മ ആരംഭിച്ചിരുന്ന ഹോംറൂൾ പ്രസ്ഥാനത്തിൽ അദ്ദേഹം സജീവമായി പങ്കെടുത്തു. 1921-ൽ നിസ്സഹകരണ പ്രസ്ഥാനം ആരംഭിച്ചപ്പോൾ പ്രാക്ടീസ് നിറുത്തി. ബാബു ശിവപ്രസാദ് ഗുപ്തയും മറ്റും ചേർന്ന് സ്വാതന്ത്ര്യസമരസേനാനികൾക്ക് പഠിക്കാൻ കാശി വിദ്യാപീഠ് എന്ന കോളേജ് ആരംഭിച്ചിരുന്നു. ഇദ്ദേഹത്തിന്റെ ഇംഗിതമനുസരിച്ച് കാശി വിദ്യാപീഠിൽ അദ്ധ്യാപകനായി. 1926-ൽ പ്രിൻസിപ്പാളുമായി. 1929-ൽ ഈ കോളേജിലെ ബിരുദ ദാന ചടങ്ങു് ഗാന്ധിജിയാണ് നിർവ്വഹിച്ചത്. അന്ന് ഗാന്ധിജിയും നരേന്ദ്രദേവും തമ്മിൽ പരിചയപ്പെട്ടു. ശ്രീപ്രകാശമാ യിരുന്നു പരിചയപ്പെടുത്തിയത്. അന്നുമുതൽ അവർ സുഹത്തുക്കളായി മാറി. 1921 മുതൽ 1930 വരെ കാശി വിദ്യാപീഠിൽ ചിലവഴിച്ച വർഷങ്ങൾ ജീവിതത്തിലെ ഏറ്റവും നല്ല വർഷങ്ങളായിഅദ്ദേഹം പരിഗണിച്ചിരുന്നു. വളരെയേറെ സമയം അക്കാലത്ത് വായനയ്ക്കായി അദ്ദേഹം ചിലവഴിച്ചു.

നരേന്ദ്രദേവ് ഒരു മാർക്സിസ്റ്റായിരുന്നു. എന്നാൽ മാർക്സിന്റെ പല സിദ്ധാന്തങ്ങളും അദ്ദേഹത്തെ ആകർഷിച്ചില്ല. തൊഴിലാളിവർഗ്ഗസർവ്വാധിപത്യം കേന്ദ്രീകൃത ജനാധിപത്യം, എക്കണോമിക് ഡിറ്റർമിനിസം തുടങ്ങിയവ അദ്ദേഹം സ്വീകരിച്ചില്ല. വർഗ്ഗ സമരത്തിലും വർഗ്ഗരഹിത സമൂഹത്തിലും അദ്ദേഹം വിശ്വസിച്ചിരുന്നു. 1920-ൽ ആയിരുന്നു ഇൻഡ്യൻ കമ്മ്യൂണിസ്റ്റ് പാർട്ടി രൂപം കൊണ്ടത്. എന്നാൽ അതിൽ ചേരുവാൻ അദ്ദേഹം കൂട്ടാക്കിയില്ല. റഷ്യയുടേയും ചൈനയുടെയും ഉപദേശങ്ങൾ അനുസരിച്ചായിരുന്നു കമ്മ്യൂണിസ്റ്റ് പാർട്ടികൾ പ്രവർത്തിച്ചിരുന്നത്. ഇത്അദ്ദേഹത്തിന് ഇഷ്ടപ്പെട്ടിരുന്നില്ല. 

1934 ൽ കോൺഗ്രസിലെ യുവ സോഷ്യലിസ്റ്റുകൾ നാസിക് ജയിലിൽ കിടന്നിരുന്നപ്പോൾ ഒരു സോഷ്യലിസ്റ്റ് ഗ്രൂപ്പ് സംഘടിപ്പിച്ചിരുന്നു. ഇവർ കോൺഗസിനുള്ളിൽ ഒരു പ്രസ്ഥാനം സംഘടിപ്പിക്കുവാൻ തീരു മാനിച്ചു.പട്ടണയിൽചേർന്ന ആദ്യത്തെ കോൺഗ്രസ് സോഷ്യലിസ്ററ് യോഗത്തിൽ ആദ്ധ്യക്ഷ്യം വഹിക്കുവാൻ ജയപ്രകാശ് നാരായണൻ ക്ഷണിച്ചപ്പോൾ നരേന്ദദേവ് സമ്മതിച്ചു. നരേന്ദ്രദേവിന്റെ സോഷ്യലിസ്റ്റ് ചിന്താഗതി ജനാധിപത്യത്തെയും മാനുഷിക മൂല്യങ്ങളേയും അടിസ്ഥാനമാക്കിയുള്ള ഒന്നായിരുന്നു. ശാസ്ത്രം, ദേശീയത, ജനാധിപത്യം, ബുദ്ധമതതത്വങ്ങൾ, അഹിംസ എന്നിവയ്ക്ക് അതിൽ പ്രസക്തിയുണ്ടായിരുന്നു. ഡോ:ലോഹിയ, ജയപ്രകാശ്. നരേന്ദ്രദേവ് എന്നിവരായിരുന്നു ഇന്ത്യൻസോഷ്യലിസ്റ്റ് പ്രസ്ഥാനത്തിന്റെ താത്വികാചാര്യർ.

1948 -ൽ കോൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടി കോൺഗ്രസിൽ നിന്നും പിരിഞ്ഞ് ഇന്ത്യൻ സോഷ്യലിസ്റ്റ് പാർട്ടി രൂപവൽക്കരിച്ചു. ഇന്ത്യയിൽ സോഷ്യലിസത്തിലും ജനാധിപത്യത്തിലും വിശ്വസിക്കുന്ന ഒരു പ്രതിപക്ഷത്തെ വളർത്തിയെടുക്കാനും അധികാരം പിടിച്ചെടുത്ത് സോഷ്യലിസ്റ്റ് മാതൃകയിലുള്ള ഒരു സമൂഹം കെട്ടിപ്പടുക്കാനുമായിരുന്നു ഇങ്ങനെ ചെയ്തത്. ഇക്കാലത്ത് കോൺഗസ്സ് വർക്കിങ് കമ്മറ്റിയിൽ ഒരംഗമായിരുന്നു നരേന്ദ്ര ദേവ. കേന്ദ്രമന്ത്രി സ്ഥാനമോ ഏതെങ്കിലും സംസ്ഥാനത്തെ മുഖ്യമന്ത്രി സ്ഥാനമോ അദ്ദേഹത്തിന് അപാപ്യമായിരുന്നില്ല. നെഹ്രു, ഗാന്ധിജി എന്നിവരുടെ അടുത്ത സുഹൃത്തായിരുന്നു നരേന്ദദേവ്. അദ്ദേഹത്തെ കോൺഗ്രസ് പ്രസിഡൻറാക്കുവാൻ രണ്ടു തവണ ഗാന്ധിജി തയ്യാറായതാണ്. എന്നാൽ സർദാർ പട്ടേലിന്റെ എതിർപ്പുകാരണം അത് നടന്നില്ല എന്നു മാത്രം. കോൺഗസ്സ് സോഷ്യലിസ്കാർ കോൺഗ്രസ്സ് വിട്ടപ്പോൾ ജെ.പി. ലോഹിയാ തുടങ്ങിയവരോടൊപ്പം നരേന്ദദേവ കോൺഗ്രസ്സ് വിട്ട്പുറത്തുവന്നു. അദ്ദേഹത്തിൻറ മാഹാത്മ്യമാണ് ഈ സംഭവം വ്യക്തമാക്കുന്നത്. സി.എസ്.പി.-യിലെ പല നേതാക്കളും കോൺഗസ്സിൽതന്നെ നിലകൊണ്ടു. അവർ കേന്ദ്രമന്ത്രിമാരും സംസ്ഥാന മന്ത്രിമാരുമായി. പക്ഷേ ഇത്തരം പ്രലോഭനങ്ങൾ നരേന്ദദേവിനെ ബാധിച്ചില്ല. 

1947 ൽ അദ്ദേഹം ലക്നൌ സർവകലാശാലയുടെ വൈസ് ചാൻസലർ ആയി തെരഞ്ഞെടുക്കപ്പെട്ടു. വിദ്യാഭ്യാസപ്രവർത്തകൻ, പണ്ഡിതൻ,  രാഷ്ട്രീയ നേതാവ് എന്നീ നിലകളിൽ അദ്ദേഹം ശോഭിച്ചരുന്നു. നരേന്ദദേവ് എളിയ ജീവിതം നയിച്ച വിനയാന്വിതനായ ഒരു നേതാവായിരുന്നു. ദേശീയ സമരത്തിൽ പങ്കെടുത്ത് അനേക വർഷക്കാലം അദ്ദേഹം ജയിലുകളിൽ കഴിച്ചുകൂട്ടി. തൊഴിലാളികളെയും ദരിദ്രരായ കർഷകരെയും എങ്ങനെ ഉദ്ധരിക്കാം എന്നതിനെപ്പറ്റിയായിരുന്നു അദ്ദേഹത്തിന്റെ എപ്പോഴും ഉള്ള ചിന്ത. അദ്ദേഹം എല്ലാവരെയും സ്നേഹിച്ചു. യഥാർത്ഥത്തിൽ ഇന്ത്യൻ രാഷ്ട്രീയത്തിലെ അജാതശത്രു തന്നെയായിരുന്നു അദ്ദേഹം.

നരേന്ദ്ര ദേവ ഒരു ബഹുഭാഷാ പണ്ഡിതനായിരുന്നു. ടാഗോറിന്റെ കൃതികൾ വായിക്കാനും പഠിക്കാനും വേണ്ടി അദ്ദേഹം ബംഗാളി ഭാഷ പഠിച്ച് അതിൽ അളവറ്റ പാണ്ഡിത്യം നേടി. പാലി, സംസ്കൃതം തുടങ്ങിയ ഭാഷകളിൽ അദ്ദേഹം പ്രവീണനായിരുന്നു പല വിദേശ ഭാഷകളും അദ്ദേഹത്തിന് അറിയാമായിരുന്നു.

ഹിന്ദിയിൽ അക്കാലത്തെ ഏറ്റവും ഉജ്ജ്വല പ്രാസംഗികനായിരുന്നു നരേന്ദ്ര ദേവ. മൗലാന ആസാദ് കഴിഞ്ഞാൽ ഉർദുവിലെ ഏറ്റവും നല്ല പ്രാസംഗികനും.

ലളിത ജീവിതത്തിൽ രാജേന്ദ്രപ്രസാദിനോട് തുല്യൻ, രാഷ്ട്രീയ രംഗത്ത് രാജാജിയെ പോലെ സമർഥൻ , പാണ്ഡിത്യത്തിനും എഴുത്തിലും പ്രസംഗ പാടവത്തിലും മൗലാന ആസാദിനോടും സദൃശൻ. ജവഹർലാൽ നെഹ്രുവിന്റെ ആകർഷകത്വവും അദ്ദേഹത്തിനുണ്ടായിരുന്നു.

നരേന്ദ്ര ദേവ വളരെ കാലം രാജ്യസഭാംഗമായിരുന്നു ഓരോ വിഷയത്തെയും കുറിച്ച് പഠിച്ച് അദ്ദേഹം രാജ്യസഭയിൽ ചെയ്തിരുന്ന പ്രസംഗങ്ങൾ എല്ലാ അംഗങ്ങളെയും സ്വാധീനിച്ചിരുന്നു. നരേന്ദ്രദേവ ഒരു ബുദ്ധമത അനുയായിയായിരുന്നു. ബുദ്ധമതത്തിലെ പ്രാമാണിക ഗ്രന്ഥങ്ങൾ അദ്ദേഹം പഠിച്ചിരുന്നു. പല ഗ്രന്ഥങ്ങളും അദ്ദേഹം തർജ്ജമ  ചെയ്യുകയും ചില ഗ്രന്ഥങ്ങൾ പുത്തനായി രചിക്കുകയും ചെയ്തിരുന്നു.

 ഇന്ത്യൻ സോഷ്യലിസ്റ്റ് പ്രസ്ഥാനത്തിൻറെ ജനയിതാക്കളിൽ പ്രമുഖനായിരുന്നു നരേന്ദ്രദേവ.  ഡോക്ടർ ലോഹിയയുമായി അദ്ദേഹം വളരെ അടുപ്പത്തിലായിരുന്നു. ഗാന്ധിജി കഴിഞ്ഞാൽ ഇന്ത്യൻ രാഷ്ട്രീയത്തിലെ ഇന്ത്യൻ രാഷ്ട്രീയ രംഗത്തെ അതികായനായ നേതാവ് നരേന്ദ്രദേവ ആണ് എന്ന് ഡോക്ടർ ലോഹിയാ പലപ്പോഴും പറയാറുണ്ടായിരുന്നു. 1956 ൽ 67 ആമത്തെ വയസ്സിൽ അദ്ദേഹം നിര്യാതനായി. ഇന്ത്യൻ ജനത ഒരിക്കലും നരേന്ദ്രദേവയെ വിസ്മരിക്കുകയില്ല. ഇന്ത്യൻ സോഷ്യലിസ്റ്റ് പ്രസ്ഥാനത്തിന് അദ്ദേഹം നൽകിയിട്ടുള്ള സംഭാവനകൾ ഒരിക്കലും വിസ്മൃതമാവുകയില്ല.

(അവകാശരേഖ; 1991 ജനുവരി 22)

2021/07/21

പെഗാസസ്: സർവ്വം വിഴുങ്ങുന്ന അശരീരിയായ രാക്ഷസൻ

 ആദ്യ മോദി സർക്കാരിന്റെ കാലത്തെ തീഷ്ണമായ കർഷക സമരങ്ങളെ മധ്യപ്രദേശിലും രാജസ്ഥാനിലും നരേന്ദ്ര മോദി ഭരണത്തിന്റെ കീഴിൽ സംസ്ഥാന ബി.ജെ.പി. സർക്കാരുകൾ നിരായുധരായ കർഷകരുടെ നേരെ വെടിയുണ്ടകൾ പായിച്ചാണ് അടിച്ചമർത്തിയത്. സായുധമായ ഏറ്റുമുട്ടൽ അല്ലാതെ ജനങ്ങളെ പകൽ കൊള്ള നടത്തുകയും കോർപറേറ്റുകളുടെ പകൽ കൊള്ളയ്ക്ക് ഒത്താശ ചെയ്യുകയും ജനാധിപത്യ അവകാശങ്ങൾ പിച്ചി ചീന്തുകയും ചെയ്യുന്ന ഭരണാധികാരികൾക്ക് എതിരെ മറ്റൊരു മാർഗ്ഗവും ഇല്ലെന്ന് വരുന്നത് സാമൂഹികമായും രാഷ്ട്രീയമായും വലിയൊരു തകർച്ചയാണ് വരുത്തി വയ്ക്കുന്നത്.
ഇസ്രായേലി സൈബർ ആംസ് സംരംഭമായ എൻ.എസ്.ഒ. ഗ്രൂപ്പ് വികസിപ്പിച്ചെടുത്ത ചാരവൃത്തി നടത്തുന്നതിനുള്ള കമ്പ്യൂട്ടർ സോഫ്‍റ്റ് വെയറാണ് പെഗാസസ്. അതിന് ഏത് കമ്പ്യൂട്ടറിലും സ്മാർട്ട് ഫോൺ അല്ലെങ്കിൽ ഇന്റർനെറ്റ് കണക്ഷനുള്ള ഫോൺ ഇവയിലെല്ലാം നുഴഞ്ഞു കയറി വാസമുറപ്പിച്ച് അതിലെ ഫയൽ ഉൾപ്പെടെയുള്ള ഏതു വിവരങ്ങളും ചിത്രങ്ങളും മറ്റും ചോർത്തിയെടുക്കുവാൻ ശേഷിയുള്ളതാണ്.  ചാരവൃത്തിക്കുള്ള ആ സോഫ്‍റ്റ്‍വെയർ ലോകത്തിലെ സർക്കാരുകൾക്ക് മാത്രം നൽകുന്നതാണ്.
ലോകത്തുള്ള സകല ഭീകര സംഘടനകളെല്ലാം ചേർത്താലും അതിനെക്കാൾ ശക്തവും സൂക്ഷ്മമായ ഇടപെടലും നടത്തുവാൻ ശേഷിയുള്ള ഭീകര സ്വഭാവവും ഉൾച്ചേർന്ന ഒരു രാഷ്ട്ര ശക്തിയാണ് ഇസ്രാഈൽ. അമേരിക്കയിലെ ഏറ്റവും ശക്തരായ പണമിടപാട് സ്ഥാപനങ്ങളും മറ്റ് കോർപറേറ്റ് ബിസിനസ്സുകളും നിയന്ത്രിക്കുന്ന ഒരു വിഭാഗം ജൂതലോബി ഇസ്രാഈൽ രാഷ്ട്ര ശക്തിയുമായി കൂടിക്കുഴഞ്ഞതാണ്.
ലോകത്തിന്റെ പലഭാഗത്തുമുള്ള രാജ്യങ്ങളെയും ഭരണാധികാരികളെയും അട്ടിമറിക്കുവാനും മാറ്റിമറിക്കുവാനും ആ അമേരിക്കൻ കോർപറേറ്റ് ലോബിയ്ക്ക് ഇതുവരെ കഴിഞ്ഞിട്ടുണ്ട്. അവരുടെ നിയന്ത്രണത്തിലാണ് ലോകത്തിലെ ഏത് കാര്യത്തിലും സ്വമേധയാ കടന്നു ചെല്ലാൻ ശേഷിയുള്ള പെഗാസസ് എന്ന ചാരവൃത്തി സോഫ്റ്റ് വെയർ എന്ന് അറിയുമ്പോൾ അശരീരിയായ ആ രാക്ഷസീയ ശക്തിയുടെ ബലവും പ്രത്യാഘാതങ്ങളും എത്രമാത്രമെന്ന് തിരിച്ചറിയുവാൻ കഴിയുകയുള്ളൂ.
 നരേന്ദ്രമോദി സർക്കാരിൽ ഇൻഫർമേഷൻ ടെക്നോളജി വകുപ്പിന്റെ മന്ത്രി രവി ശങ്കർ പ്രസാദ് ചുമതലയിൽ ആയിരിക്കുമ്പോഴാണ് 2019 ൽ ഇന്ത്യ പെഗാസസ് വാങ്ങി ഉപയോഗിച്ചു തുടങ്ങിയത്. ഇന്ത്യക്ക് പുറത്തുള്ള ഏതെങ്കിലും ശത്രു രാജ്യങ്ങളുടെയോ ഭീകര സംഘടനകളുടെയോ വിവരങ്ങൾ ചോർത്തുകയെന്നതിനേക്കാൾ ഇന്ത്യക്ക് അകത്തുള്ള പ്രതിപക്ഷ നേതാക്കൾ, പത്രപ്രവർത്തകർ, ജഡ്ജിമാർ, സാമൂഹിക രാഷ്ട്രീയ പ്രവർത്തകർ, അഭിഭാഷകർ, തെരഞ്ഞെടുപ്പ് കമ്മീഷണർ തുടങ്ങിയ എല്ലാ മേഖലകളിലുള്ളവരും ഭരണാധികാരിയുടെ രഹസ്യ നോട്ടത്തിലായി. പെഗാസസ് സോഫ്റ്റ്വെയർ ഉപയോഗിച്ച് ഒരാളുടെ ഫോണിലും കമ്പ്യൂട്ടറിലും മൈക്രോഫോണും ക്യാമറയും സ്ഥാപിച്ച് വിവരങ്ങൾ ചോർത്തുവാനും കഴിയും.
ഫോണിലും കമ്പ്യൂട്ടറിലും എന്ത് വിവരങ്ങളും ഫയലുകളും നിക്ഷേപിക്കുവാനും പെഗാസസ് ചാര സോഫ്റ്റ് വെയർ ഉപയോഗപ്പെടുത്താം. ഒരാളെ ദേശദ്രോഹിയാക്കുന്നവിധം ദേശദ്രോഹപരമായ കാര്യങ്ങൾ കടത്തിവിട്ട് അധികാരികൾക്ക് ഇഷ്ടമുള്ളവരെ ഭീകര പ്രവർത്തകനാക്കി ശിക്ഷിപ്പിക്കുവാനും തുറുങ്കിൽ അടയ്ക്കുവാനും ആ സോഫ്‍റ്റ്‍വെയർ സഹായിക്കുന്നു.
ഫാ. സ്റ്റാൻ സാമി തന്റെ കമ്പ്യൂട്ടറിൽ അന്വേഷണ ഏജൻസി മാവോയിസ്റ്റ് ബന്ധങ്ങൾ കാണിക്കുന്ന ഫയലുകൾ കൃത്രിമമായി ചേർത്തതാണെന്ന് കോടതിയിൽ പറഞ്ഞത് നിസ്സഹായന്റെ ദീനരോദനമായി ഇന്ത്യയൊട്ടാകെ മുഴങ്ങുന്നു. നിരപരാധികളെ നിഷ്‌കരുണം കുറ്റവാളികളാക്കുന്ന മോദി സർക്കാരിന് ശുദ്ധജീവിതം നയിക്കുന്ന ആദിവാസികൾക്ക് നിസ്വാർത്ഥമായ സേവനം ചെയ്യുന്ന ഒരു പുരോഹിതനെപോലും ഇരയാക്കുവാൻ മടിയില്ല.
കുഷ്ഠ രോഗികൾക്ക് നിസ്വാർത്ഥമായി ജീവിതം സമർപ്പിച്ച ഗ്രഹാം സ്റ്റെയിൻസിനെയും രണ്ടു കുഞ്ഞുങ്ങളെയും ഹിന്ദുത്വ ഭീകരർ ചുട്ടുകരിച്ചു കൊലപ്പെടുത്തിയതിനോട് മാത്രമേ ഫാ. സ്റ്റാൻ സാമിയെ തുറുങ്കിൽ അടച്ചശേഷം കൃത്രിമമായി കമ്പ്യൂട്ടറിൽ ഫയൽ നിക്ഷേപിച്ചതിനെയും ജാമ്യം നിഷേധിച്ച് തടവറയിലിട്ട് കൊലപ്പെടുത്തിയതിനെയും സാമ്യപ്പെടുത്തുവാനുള്ളൂ. സർക്കാരിന്റെ ദുർബുദ്ധിയുടെ ആഴവും പരപ്പും അതിൽ പ്രകടമാണ്.
രാജ്യത്തെ ഞെട്ടിക്കുന്ന വിധം വിവരം ചോർത്തലിന് വിധേയമായവരുടെ വിവരങ്ങൾ പുറത്തുവന്നു കഴിഞ്ഞു. ദി വാഷിംഗ്ടൺ പോസ്റ്റ്, ദി ഗാർഡിയൻ, ലി മൊന്ദെ ഉൾപ്പെടെയുള്ള ലോകത്തെ പതിനാല് മാധ്യമങ്ങളിലൂടെ ഒരേ സമയം പുറത്തുവിട്ടിരിക്കുന്ന വിവരം അനുസരിച്ച് ഇന്ത്യയിൽ പ്രതിപക്ഷ നേതാക്കളുടെയും സഹായികളുടെയും വിവരങ്ങൾ ചോർത്തിയത് അധാർമ്മികവും ജനാധിപത്യ വിരുദ്ധവും ആണെങ്കിലും അധികാര ആർത്തിയുള്ള ഒരു ഭരണാധികാരിയിൽ നിന്ന് പ്രതീക്ഷിക്കാവുന്നതാണ്.
എന്നാൽ മോദിയെ കുറ്റവിമുക്തനാക്കിയ  തെരഞ്ഞെടുപ്പ് കമ്മീഷനിൽ അതിനോട് വിയോജിച്ച ഒരു കമ്മീഷണറുടെ ഫോണും സുപ്രീകോടതി ചീഫ് ജസ്റ്റീസിനെതിരെ പരാതിപ്പെട്ട സ്റ്റാഫിന്റെ ഫോണും ചോർത്തിയെന്ന് പറയുമ്പോൾ അധികാരത്തിലിരിക്കുന്നവരുടെ രഹസ്യനോട്ടത്തിൽ ഏതെല്ലാം ഉള്ളറകളാണ് തുറക്കുന്നതെന്ന് കാണാവുന്നതാണ്.
രാഷ്ട്രത്തിന്റെ എല്ലാ സ്തംഭങ്ങളും ഭരണാധികാരി  രഹസ്യമായി നീരിക്ഷിക്കുന്ന അവസ്ഥ  സമ്പൂർണ്ണമായ ഏകാധിപത്യത്തിന്റെ പെരുമ്പറയാണ് മുഴക്കുന്നത്. ഇന്ത്യയിൽ കഴിഞ്ഞ കാലങ്ങളിൽ ഉണ്ടായ ഏകാധിപത്യത്തിന്റെ  സ്വഭാവത്തിൽ നിന്ന് ഇപ്പോഴുണ്ടായിരിക്കുന്ന ഭീഷണിയുടെ വ്യത്യാസം പ്രത്യയശാസ്ത്ര അടിസ്ഥാനത്തിൽ ഫാഷിസ്റ്റ് സ്വഭാവത്തോടുകൂടിയ ഒരു സംഘടനയുടെ പിൻബലത്തിൽ സമഗ്രമായി സംഭവിക്കാവുന്നതാണെന്ന് എല്ലാവർക്കും അറിയാം.
സമ്പൂർണ്ണമായ അരാജകത്വവും സമ്പൂർണ്ണമായ ഏകാധിപത്യവും വിചിത്രമായി സമ്മേളിക്കുന്ന സാങ്കേതികവിദ്യയുടെ ഒരു അത്ഭുതമാണ് പെഗാസസ് ഉണ്ടാക്കിയിരിക്കുന്നത്.  പുറമെയുള്ള ജനാധിപത്യത്തിന്റെ പുറന്തോട് പൊട്ടിച്ച് ഏത് നേരവും ഫാഷിസ്റ്റ് ഏകാധിപത്യത്തിന്റെ കുഞ്ഞിനെ വിരിയിക്കുവാൻ ചരിത്രവും അക്കാദമിക മേഖലയും ദേശീയ പ്രതീകങ്ങളും തന്ത്രപ്രധാനമായ  സ്ഥാനങ്ങളും ഉൾപ്പെടെയുള്ളവയെല്ലാം മാറ്റി മറിക്കുന്ന തയ്യാറെടുപ്പുകൾ നടന്നു വരുമ്പോൾ ഏറെ ആശങ്കാ ജനകമാണ്.  സാമൂഹിക അസമത്വം ഊട്ടിയുറപ്പിക്കുന്ന ഹിന്ദുത്വ രാഷ്ട്രീയ ആശയങ്ങൾ മധുരം പൊതിഞ്ഞ് ജനങ്ങളെ കഴിപ്പിക്കുമ്പോൾ ഫാഷിസ്റ്റ് അടിച്ചമർത്തിലിന് അവകാശികളായി അധീശ വർഗവും ഉണ്ടാകും.
അവിശ്വാസവും വ്യക്തിഗതമായി മനസിലുളളത് യന്ത്രത്തിലാക്കിയത്, ആശയ വിനിമയം  എന്നിവ രഹസ്യമായി ചോർത്തിയെടുക്കുന്ന അവസ്ഥയും സ്വതന്ത്ര്യമായ പ്രവർത്തനങ്ങളെ തടയുന്നത് ജനാധിപത്യത്തിൽ സ്വതന്ത്രമായും നിർഭയമായും പ്രവർത്തിക്കേണ്ട പ്രതിപക്ഷം, മാധ്യമങ്ങൾ, നീതിന്യായ സംവിധാനം,  തെരഞ്ഞെടുപ്പ് കമ്മീഷൻ എന്നിവയെ നിശ്ചേതനമാക്കും. ജനാധിപത്യം രാഷ്ട്രം സ്തംഭിപ്പിക്കുകയാണ് നരേന്ദ്രമോദിയും അമിത് ഷായും ഉൾപ്പെടെയുള്ള ഭരണാധികാരികൾ ചെയ്യുന്നത്.
ലോകത്തെ ജനാധിപത്യ രാഷ്ട്രീയം പരിശോധിച്ചാൽ അത്തരം പ്രവർത്തികൾ ചെയ്യുന്നതായി തെളിയുമ്പോൾ അധികാരം വിട്ടൊഴിയുവാൻ ഭരണാധികാരി അല്ലെങ്കിൽ മന്ത്രിസഭ നിർബന്ധിതമാകുന്ന ചരിത്രമാണ് ഉള്ളത്. ജനങ്ങളുടെ ജീവൽ പ്രശ്നങ്ങൾ പോലും ഉയർത്തുവാൻ ശേഷിയില്ലാതെ ആക്കിയ ഒരു ജനതയായി നാം പരിണമിക്കുമ്പോൾ കേവലം രാജ്യത്തിന്റെ ജനാധിപത്യ പുറന്തോട് മാത്രം സംരക്ഷിക്കുവാൻ ജനശക്തിയെ ലഭ്യമാകില്ല.
 
പാർലമെന്റ് സ്തംഭിച്ചാലും ജനങ്ങൾ തെരുവുകൾ നിറച്ച് സമാധാനപരമായി കൈയ്യടക്കിയാലും കുലുങ്ങാത്ത ഭരണാധാകാരികൾ ആണ് ഇവിടെയുള്ളതെന്ന് അനേകമാസങ്ങൾ നീണ്ട കർഷക സമരം തെളിയിച്ചു കഴിഞ്ഞു.  സമാധാനപരമായ സമരങ്ങൾ ആണെങ്കിൽ ഫലരഹിതമായി തീരുന്നു. അല്പമെങ്കിലും തീഷ്ണത കാണിച്ചാൽ രാഷ്ട്രീയ ഗുണ്ടകളും പൊലീസ് സേനയും വെടിവെച്ച് അടിച്ചമർത്തുകയും  ചെയ്യും.
ആദ്യ മോദി സർക്കാരിന്റെ കാലത്തെ തീഷ്ണമായ കർഷക സമരങ്ങളെ മധ്യപ്രദേശിലും രാജസ്ഥാനിലും നരേന്ദ്രമോദി ഭരണത്തിന്റെ കീഴിൽ സംസ്ഥാന ബി.ജെ.പി. സർക്കാരുകൾ നിരായുധരായ കർഷകരുടെ നേരെ വെടിയുണ്ടകൾ പായിച്ചാണ് അടിച്ചമർത്തിയത്.
സായുധമായ ഏറ്റുമുട്ടൽ അല്ലാതെ ജനങ്ങളെ പകൽ കൊള്ള നടത്തുകയും കോർപറേറ്റുകളുടെ പകൽ കൊള്ളയ്ക്ക് ഒത്താശ ചെയ്യുകയും ജനാധിപത്യ അവകാശങ്ങൾ പിച്ചി ചീന്തുകയും ചെയ്യുന്ന ഭരണാധികാരികൾക്ക് എതിരെ മറ്റൊരു മാർഗ്ഗവും ഇല്ലെന്ന് വരുന്നത് സാമൂഹികമായും രാഷ്ട്രീയമായും വലിയൊരു തകർച്ചയാണ് വരുത്തി വയ്ക്കുന്നത്.
രാഷ്ട്രമെന്ന നിലയിൽ ഭരണാധികാരികൾ അതിന്റെ അടിത്തറ മാന്തുമ്പോൾ ജനാധിപത്യത്തിന്റെ ഒരു സംവിധാനവും രക്ഷയ്ക്ക് വരുവാൻ ശേഷിയില്ലെങ്കിൽ അത് ആപൽക്കരമായി തീരും. പ്രത്യക്ഷമായി ഇന്ത്യയുടെ ജനാധിപത്യത്തെ തകർക്കുന്ന ഒരു നടപടിയും എടുക്കുവാൻ അതിന് ആഗ്രഹമുണ്ടെങ്കിൽ കൂടി കോർപറേറ്റ് ശക്തികൾ പാശ്ചാത്യ പൊതുജനാഭിപ്രായത്തെ കണക്കിലെടുത്ത് മുതിരില്ല.
കോർപറേറ്റ് ശക്തികളുടെ പിൻബലത്തിലും കെട്ടുപിണഞ്ഞും കിടക്കുന്ന ഹിന്ദുത്വ ശക്തികൾ അവരുടെ ആജ്ഞകൾ അവഗണിക്കില്ല. അതിനാൽ പെട്ടെന്നൊരു സുപ്രഭാതത്തിൽ അവർ ആഗ്രഹിക്കുന്നെങ്കിൽ കൂടി ജനാധിപത്യത്തിന്റെ പുറന്തോട് തകർക്കുവാൻ ഇന്നത്തെ സാഹചര്യത്തിൽ തുനിയില്ലായെന്നു വേണം കരുതുവാൻ.
എന്നാൽ മുൻ പറഞ്ഞതുപോലെ ജനാധിപത്യത്തെ അരാജകത്വവും ഏകാധിപത്യവും കൂട്ടിക്കുഴച്ച് നിശ്ചേതനമാക്കുമ്പോൾ ക്രമേണയായി രാജ്യത്തെ ഒരു വേദിയും ജനങ്ങൾക്ക് പ്രതീക്ഷയർപ്പിക്കുവാൻ ഇല്ലാതാകും.
അത്തരമൊരു സാഹചര്യത്തിൽ രൂപപ്പെടാവുന്ന സായുധ സംഘർഷങ്ങളെ സമ്പൂർണ്ണാധിപത്യത്തിന് ഉപകരിക്കുമെന്ന തെറ്റായ കണക്കുകൂട്ടലിൽ ഹിന്ദുത്വ ശക്തികൾ ഇഷ്ടപ്പെട്ടേക്കാം. മുസ്ലീങ്ങളെ ശാശ്വതമായി തോൽപ്പിക്കാമെന്ന കണക്കുകൂട്ടൽ ആയിരിക്കും അതിന്റെ പ്രേരണാ ശക്തി. അതുപോലെ ജനങ്ങളുടെ സമാധാനപരമായ സമരങ്ങൾ ഒരുപാട് ഓരോ വൻകിട പദ്ധതികളുടെയും മേഖലകളിൽ നടക്കുന്നു.
അത്തരം മേഖലകളിൽ മുന്നോട്ടുള്ള പോക്ക് അസാധ്യമായ ഇടങ്ങളിൽ സായുധ സംഘർഷങ്ങൾ കോർപറേറ്റ് ശക്തികളും പശ്ചിമേഷ്യയിലെയും മധ്യേഷ്യയിലെയും പോലെ സ്വാഗതം ചെയ്യാം. മഹായുദ്ധങ്ങൾ ഇല്ലാതെ തന്നെ ലോകം അരാജകത്വത്തിന്റെയും സംഘർഷത്തിന്റെയും പുതിയൊരു ഭൂപടം നിർമ്മിക്കുന്നതിന്റെ വക്കിലാണ്.
പാരീസ് ആസ്ഥാനമാക്കിയ ഫൊർബിഡൻ സ്റ്റോറീസ് എന്ന സന്നദ്ധ സംഘടനയും ആംനസ്റ്റി ഇന്റർനാഷണലിന്റെ മനുഷ്യാവകാശ ഗ്രൂപ്പും നടത്തിയ അന്വേഷണങ്ങളാണ് മേൽ പരമാർശിച്ച മാധ്യമങ്ങളിലെ വാർത്തകൾക്ക് ഉറവിടമായത്. ആ വാർത്തകൾ പെഗാസസ് നിഷേധിച്ചെങ്കിലും എല്ലാ  'ദുരുപയോഗ'-ങ്ങളും 'അന്വേഷിക്കു'മെന്ന് പെഗാസസ് പറയുന്നു.
ആ അവകാകവാദങ്ങൾ മുഖവിലയ്ക്ക് എടുക്കുവാൻ പറ്റാത്ത സാഹചര്യമാണിപ്പോൾ ലോകത്ത്. എന്നാൽ പാശ്ചാത്യ രാജ്യങ്ങളെപ്പോലെ ഇസ്രാഈലിലെ തൊഴിലാളികക്ഷിയിലൂടെ കടന്നു വന്ന ജനാധിപത്യ സോഷ്യലിസ്റ്റ് ആശയങ്ങൾ സൃഷ്ടിച്ച ചില ജനാധിപത്യ സംവിധാനങ്ങളും അവകാശങ്ങളും ഒരു പക്ഷേ ഈ വിഷയത്തിൽ ഒരു കച്ചിതുരുമ്പായി തീരാം.
അതിനുള്ള മുറവിളി ലോകത്തെ മനുഷ്യാവകാശ പ്രവർത്തകരും ജനാധിപത്യ വാദികളും ഉയർത്തികൊണ്ടു വന്നാൽ അതൊരു പക്ഷേ ഇന്ത്യയിലെ ജനാധിപത്യത്തിനും രക്ഷയായി തീരാം. എന്നിരുന്നാലും നരഭോജികളുടെ സ്വഭാവമനുസരിച്ച് ജനാധിപത്യ സംവിധാനങ്ങളുടെയും പ്രതിപക്ഷങ്ങളുടെയും സ്വതന്ത്രമായ പ്രവർത്തനങ്ങളുടെയും മേലുള്ള ചാരവൃത്തി അവസാനിപ്പിക്കുവാൻ മറ്റു മാർഗ്ഗങ്ങൾ ഉറപ്പായും ഇന്നത്തെ ഭരണാധികാരികൾ തേടുമെന്നുള്ളതും ഉറപ്പായ കാര്യമാണ്.
 
രാജ്യത്തെ നിയമങ്ങൾ അനുസരിച്ച് ഒരാളുടെയും ഫോൺ ചോർത്തുവാൻ പാടില്ലായെന്നും കഴിയില്ലായെന്നുമാണ് മുൻ നിയമ - ഐ.റ്റി. മന്ത്രി  രവിശങ്കർ പ്രസാദിന്റെ പെഗാസസ് വിവാദത്തിലുള്ള പ്രതികരണം.  അപ്രകാരം നിയമാനുസരണം മാത്രം പ്രവർത്തിക്കുകയും ജനാധിപത്യ മര്യാദകൾ പാലിക്കുകയും ചെയ്യുന്ന ഒരു സർക്കാരിനുവേണ്ടി ഇനി നാം എത്രകാലം കാത്തിരിക്കണം.

 2021 ജൂലൈ 21ന്  ഡൂൾ ന്യൂസ് പ്രസിദ്ധീകരിച്ചത്