2008/10/15

കിഷന്‍ പട്‌നായക്‌ സ്‌മാരക ദേശീയ സെമിനാര്‍: 'കോട്ടയം വാര്‍ത്ത' നല്കിയ വാര്‍ത്താപരിഗണന

സാംസ്‌കാരികത അട്ടിമറിക്കപ്പെടുന്നു

കോട്ടയം, ശനിയാഴ്ച, സെപ്തംബര്‍ 27, 2008: മന്ത്രം ചൊല്ലിയും മണിമുഴക്കിയും ന്യൂനപക്ഷ സമുദായങ്ങള്‍ ഇന്ത്യയുടെ സാംസ്‌കാരിക ജീവിതത്തെ അട്ടിമറിക്കുന്നുവെന്ന്‌ പ്രശസ്‌ത എഴുത്തുകാരന്‍ പെരുമ്പടവം ശ്രീധരന്‍ പറഞ്ഞു. കോട്ടയം റിട്രീറ്റ്‌ സെന്ററില്‍ നടത്തുന്ന സമാജവാദി ജനപരിഷത്തിന്റെ കിഷന്‍ പട്‌നായക്‌ സ്‌മാരക ദേശീയ സെമിനാര്‍ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ജാതീയമായ വേര്‍തിരിവാണ്‌ മനുഷ്യന്റെ അന്തസ്സിനെ ഹനിച്ചുകൊണ്ടിരിക്കുന്നതെന്നും അതുകൊണ്ട്‌ മതം തകര്‍ക്കുകയാണ്‌ ആദ്യം ചെയ്യേണ്ടത്‌. മതം പോകുമ്പോള്‍ ജാതി താനേ പൊയ്‌ക്കോളുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

സാമൂഹിക അസമത്വമാണ്‌ ഇന്നത്തെ തിന്മയെന്നും ജാതിയും മതവും നിലനിര്‍ത്തിക്കൊണ്ട്‌ മാനവികത അസാധ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 
സമാജവാദി ജനപരിഷത്തിന്റെ അഖിലേന്ത്യാ ഉപാദ്ധ്യക്ഷന്‍ അഡ്വ. ജോഷി ജേക്കബ്ബ്‌ അദ്ധ്യക്ഷനായിരുന്നു. പ്രമുഖ രാഷ്‌ട്രീയ ചിന്തകനും തെരഞ്ഞെടുപ്പ്‌ വിശകലന വിദഗ്‌ധനുമായ യോഗേന്ദ്രയാദവ്‌, പ്രൊഫ. എസ്‌ ജോസഫ്‌ എന്നിവര്‍ പങ്കെടുത്തു.

ജാതി സംവരണം സാമൂഹിക വിപ്ലവത്തിന്‌ സമഗ്രമായ സംവരണ നയം വേണം എന്നതാണ്‌ ഇന്നും നാളെയും നടക്കുന്ന സെമിനാറിലെ വിഷയം.

http://myvartha.com/ver02/FullStory/?NewsID=927200831507PM1956&Sid=10&Opps=1&Cnt=2131

© Copyright 2008. myvartha.com

കടപ്പാടു്: കോട്ടയം വാര്‍ത്ത

2008/10/06

യോഗേന്ദ്രയാദവിന്റെ കേരളപര്യടനം: 'മംഗളം ദിനപത്രം' നല്കിയ വാര്‍ത്താപരിഗണന

യു.പി.എയും എന്‍.ഡി.എയും ദുര്‍ബലമാകും: യോഗേന്ദ്രയാദവ്‌

കോട്ടയം: പൊതുതെരഞ്ഞെടുപ്പില്‍ യു.പി.എ, എന്‍.ഡി.എ. കക്ഷികള്‍ ദുര്‍ബലപ്പെടുമെന്നു പ്രമുഖ രാഷ്‌ട്രീയ നിരീക്ഷകന്‍ യോഗേന്ദ്രയാദവ്‌. കോണ്‍ഗ്രസിനും ബി.ജെ.പിക്കും ഘടകകക്ഷികളില്‍ ഉണ്ടാവുന്ന നഷ്‌ടം ബി.എസ്‌.പി, എ.ഐ.എ.ഡി.എം.കെ, പി.ഡി.പി. തുടങ്ങിയ കക്ഷികള്‍ക്കാവും നേട്ടമാവുന്നതെന്നും അദ്ദേഹം പറഞ്ഞു. കോട്ടയത്ത്‌ പ്രസ്‌ക്ലബിന്റെ മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
89 മുതലുള്ള കാലഘട്ടങ്ങളില്‍ നിലവില്‍വന്നിരുന്ന തൂക്കു പാര്‍ലമെന്റ്‌ തന്നെയാവും ഈ തെരഞ്ഞെടുപ്പിലും നിലവില്‍വരിക. നിലവിലുള്ള രാഷ്‌ട്രീയ അസ്‌ഥിരതയ്‌ക്കു മൂന്നാം മുന്നണി പരിഹാരമാവില്ല. ഒന്നും രണ്ടും മുന്നണികളില്‍ ആദ്യാവസരം ലഭിക്കാത്തവരാണു മൂന്നാം മുന്നണിയിലുള്ളത്‌. നിലവിലുള്ള രാഷ്‌ട്രീയ സംഘടനയ്‌ക്കു ബദലായി സജീവമായ ബഹുജന മുന്നേറ്റങ്ങള്‍ ഉയര്‍ന്നുവരുമെന്നാണു കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു.
നര്‍മ്മദാ ബച്ചാവോ ആന്ദോളന്‍ മുതല്‍ ചെങ്ങറ വരെയുള്ള സമരങ്ങള്‍ നിസാര സംഭവമല്ലെന്നും ഭാവിയിലെ നിര്‍ണായക രാഷ്‌ട്രീയ വ്യതിയാനങ്ങള്‍ക്ക്‌ ഇവ ഇടയാക്കുമെന്നും യോഗേന്ദ്രയാദവ്‌ പറഞ്ഞു. പ്രസ്‌ക്ലബ്‌ പ്രസിഡന്റ്‌ പുന്നൂസ്‌ മാത്തന്‍ സ്വാഗതവും സെക്രട്ടറി ഇ.പി. ഷാജുദ്ദീന്‍ നന്ദിയും പറഞ്ഞു


Sunday, September 28, 2008 - 11:59 pm

© Copyright Mangalam Publishers 2007.

http://www.mangalam.com/index.php?page=detail&nid=79377

2008/10/04

ജാതി സംവരണം സമഗ്രമായസംവരണ നയത്തിലൂടെ സഫലമാക്കണം: യോഗേന്ദ്രയാദവ്





കോട്ടയം, ൧൧൮൪ കന്നി ൧൨: ജാതിവ്യവസ്ഥയുടെ ഫലമായുണ്ടായ പിന്നോക്കാവസ്ഥയ്ക്ക് പരിഹാരമുണ്ടാക്കുവാന്‍ ജാതി സംവരണം ആവശ്യമാണെന്നും എന്നാല്‍ സമഗ്രമായ ഒരു സംവരണനയത്തിലൂടെ അര്‍ത്ഥവത്താക്കിയാല്‍ മാത്രമെ പട്ടികജാതി,വര്‍ഗ്ഗ, മറ്റു പിന്നോക്ക സമൂഹങ്ങളുടെ പിന്നോക്കാവസ്ഥ പരിഹരിച്ച് സംവരണത്തിന്റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ സഫലമാക്കാന്‍ കഴിയുകയുള്ളൂവെന്നും പ്രമുഖ രാഷ്ട്രീയ, വിദ്യാഭ്യാസ ചിന്തകന്‍ യോഗേന്ദ്രയാദവ് (Yogendra Yadav) അഭിപ്രായപ്പെട്ടു. സമാജവാദി ജനപരിഷത്തിന്റെ ആഭിമുഖ്യത്തില്‍ സോഷ്യലിസ്റ്റ് പ്രസ്ഥാനത്തിന്റെ 75-ആം വാര്‍ഷികത്തിന്റെഭാഗമായും കിഷന്‍ പട്നായക് സമാരകമായും നടത്തിയ സമഗ്രമായ സംവരണനയം വേണമെന്ന സെമിനാറില്‍ മുഖ്യ പ്രബന്ധമവതരിപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ദില്ലി സി.എസ്.ഡി.എസ്. സീനിയര്‍ ഫെലോ ആയ യോഗേന്ദ്രയാദവ് എന്‍.സി.ആര്‍.റ്റി.ഇയുടെ സോഷ്യല്‍ സയന്‍സ് പാഠപുസ്തക പരിഷ്ക്കരണത്തിന്റെ മുഖ്യ ഉപദേശകനും അവസര സമത്വ കമ്മീഷന്‍‍‍ നിയമിക്കുന്നതിനെക്കുറിച്ച് പഠിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നിയോഗിച്ച വിദഗ്ദ്ധസമിതി അംഗവും ഏഷ്യയിലെ അറിയപ്പെടുന്ന തെരഞ്ഞെടുപ്പ് വിശകലന വിദഗ്ദ്ധനുമാണ്.

കഴിവ്, പ്രയത്നം തുടങ്ങിയവ സൃഷ്ടിക്കുന്ന അന്തരം സ്വാഭാവികമാണെങ്കിലും അസ്വാഭാവികമായ അസമത്വങ്ങളും വിവേചനങ്ങളും അധാര്‍മ്മികമാണ്. ജന്മം കൊണ്ടതിന്റെ അടിസ്ഥനത്തില്‍ വിവേചനവും മാറ്റിനിര്‍ത്തലും ഉറപ്പുവരുത്തുന്ന ജാതിപരമായ അസമത്വം ഏറ്റവും അധാര്‍മ്മികമാണ്. അത്തരം സമൂഹത്തില്‍ അവസരങ്ങളും സമൂഹത്തിലെ വിഭവങ്ങളും മാറ്റിനിര്‍ത്തപ്പെടുന്നവര്‍ക്ക് ഉറപ്പു വരുത്തുവാന്‍ ഇടപെടുമ്പോഴേ സമത്വ സമൂഹം സൃഷ്ടിക്കാനാവുകയുള്ളൂ. ഔപചാരികമായ സമത്വം എന്നതിനു പകരം ഫലപ്രദവും യഥാര്‍ത്ഥത്തിലുള്ളതുമായ അവസരസമത്വം ഉറപ്പുവരുത്തുകയും വേണം.

എന്റെ ജീവിത പന്ഥാവ് നിര്‍ണയിക്കേണ്ടത് ഞാന്‍ ഏത് സാഹചര്യങ്ങളില്‍ ജനിച്ചുവെന്നത് ആകരുത്. എന്നാല്‍ അന്‍പത് വര്‍ഷം മുമ്പല്ല ഇക്കാലത്തു പോലും വിവേചനത്തിന്റെ അന്യായങ്ങള്‍ നിലനില്‍ക്കുകയാണ്. വിവേചനത്തിന്റെ തത്വം തന്നെ അതിനുള്ള പരിഹാരത്തിനും ഉപയോഗിക്കണം. സമൂഹം നിര്‍ണ്ണയിച്ച മാനദണ്ഡമെന്ന നിലയില്‍ അത് മാറ്റാനാവില്ല. അതുകൊണ്ട് മതാടിസ്ഥാനത്തിലുള്ള സംവരണ നിഷേധം അന്യായമാണ്. ജാതിയാണ് സംവരണത്തിന്റെ അടിസ്ഥാനമെന്ന് അടിവരയിട്ട് പറയുമ്പോഴും മാനവചരിത്രത്തിലെ ഏറ്റവും മഹത്തരവും വിപുലവുമായ ഒരു പരീക്ഷണാനുഭവമായ സംവരണത്തെ ആറു പതിറ്റാണ്ടിനോടടുക്കുമ്പോള്‍ വിലയിരുത്തേണ്ടത് അത്യാവശ്യമാണ്. അതിന്റെ അടിസ്ഥാനത്തില്‍ സമഗ്രമായ സംവരണനയം രൂപീകരിച്ച് പദ്ധതി തയ്യാറാക്കണം.

പട്ടികജാതി സംവരണത്തില്‍ മുഖ്യപങ്ക് ചില ജാതി സമൂഹങ്ങളില്‍ ചുരുങ്ങുകയും വാല്‍മീകി പോലുള്ള തൂപ്പുകാരുടെ സമൂഹങ്ങള്‍ പിന്നണിയില്‍ തന്നെ കഴിയുകയും ചെയ്യുന്നത് അതിന്റെ ആവശ്യകത സൂചിപ്പിക്കുന്നു. ചമാര്‍, മഹര്‍ തുടങ്ങിയ ജാതികള്‍ സിംഹഭാഗം കയ്യടക്കുന്നതും ആന്ധ്രപ്രദേശിലെ മാല, മാദിക ജാതികളുടെ അസന്തുലിതാവസ്ഥയും പഠനങ്ങള്‍ക്ക് വിധേയമായിട്ടുണ്ട്.

പട്ടികവര്‍ഗ്ഗ സംവരണത്തില്‍ മീണ വിഭാഗം ദേശീയ ശരാശരിയേക്കാള്‍ ഉയര്‍ന്നു നില്‍ക്കുന്ന നേട്ടങ്ങള്‍ കൈവരിച്ചു കഴിഞ്ഞു. അതനുസരിച്ച് അവരേയും സംവരണത്തില്‍ പുനര്‍ വിന്യസിക്കണം. പട്ടിക ജാതി- വര്‍ഗ്ഗ സംവരണത്തില്‍ കുറേ കാലത്തേക്ക് കൂടി ജാതി ഇതരമായ ഘടകങ്ങള്‍ മാനദണ്ഡമാക്കുകയുമരുത്. എന്നാല്‍ മറ്റു പിന്നോക്ക വിഭാഗങ്ങളുടെ സംവരണത്തെ ഫലപ്രദമാക്കുവാന്‍ ജാതി ഇതര ഘടകങ്ങള്‍ കൂടി പരിഗണിക്കണം.

ക്രീമിലെയര്‍ എന്ന വാക്ക് തീര്‍ത്തും ഉചിതമല്ല . പിന്നോക്കരിലെ ജാതിപരമായ താഴ്ച, ഗ്രാമീണ വാസം, ലിംഗ വിവേചനം, സര്‍ക്കാര്‍ സ്കൂളിലെ വിദ്യാഭ്യാസം, സാമ്പത്തിക സ്ഥിതി തുടങ്ങിയവപരിഗണിക്കണം. എന്നാല്‍ ഒ.ബി.സി. ക്വോട്ട ഒഴിവുകിടന്നാല്‍ അത് പൊതുവാക്കാനുള്ള സുപ്രീം കോടതിയുടെ വിധി ശരിയല്ല. ഒഴിവുള്ള പിന്നോക്ക ക്വോട്ടയില്‍ പിന്നോക്ക സമൂഹങ്ങളിലെ മാറ്റി നിര്‍ത്തിയ അപേക്ഷകര്‍ക്ക് നല്‍കണം.

പിന്നോക്ക സംവരണത്തില്‍ ഉദ്യോഗം ലഭിച്ചവരുടെ മക്കള്‍ക്ക് അതേ നിലയിലുള്ള സംവരണത്തിന് അര്‍ഹത ഉണ്ടാകരുത്. എന്നാല്‍ അതിനേക്കാള്‍ ഉയര്‍ന്ന നിലവാരത്തിലെ ഉദ്യോഗങ്ങള്‍ക്ക് സംവരണം ലഭിക്കണം. ചില ജാതികളെ വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തില്‍ മാത്രം പിന്നോക്ക സംവരണത്തില്‍ നിന്ന് ഒഴിവാക്കാം. അതിന് ദേശീയ അവസര സമത്വ കമ്മീഷനെ നിയമിക്കണം. അവസര സമത്വം നിഷേധിക്കപ്പെടുന്നവരുടെ അവകാശങ്ങള്‍ കമ്മീഷന്‍ സ്ഥാപിച്ചു നല്‍കുകയും വേണം. പട്ടിക ജാതി, പട്ടിക വര്‍ഗ്ഗ, മറ്റു പിന്നോക്ക സംവരണങ്ങളില്‍ മുന്‍ പറഞ്ഞ മാനദണ്ഡങ്ങള്‍ അനുസരിച്ച് സംവരണത്തിനുള്ളില്‍ ഉപവര്‍ഗ്ഗീകരണവും, ജനസംഖ്യാടിസ്ഥാനത്തില്‍ അളവുകളുടെ നിര്‍ണയവും വേണം.

സര്‍ക്കാര്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കു പുറമെ സംവരണത്തിന്റെ വ്യാപ്തി സ്വകാര്യ മേഖലയിലേയ്ക്കും വ്യാപിപ്പിക്കുകയും വേണം. സര്‍ക്കാരില്‍ നിന്ന് രജിസ്ട്രേഷന്‍, കരാര്‍, സഹായധനം തുടങ്ങിയവ ലഭിക്കുന്നതിന് സംവരണം വ്യവസ്ഥ ചെയ്യുകയും ഓരോ സ്ഥാപനത്തിലെയും ജീവനക്കാരില്‍ പിന്നണി വിഭാഗങ്ങളുടെ പ്രാതിനിധ്യം ആണ്ടു തോറും പരസ്യപ്പെടുത്തുന്നത് നിര്‍ബന്ധമാക്കുകയുമാണ് സ്വകാര്യ മേഖലയിലെ സംവരണത്തിന് ആവശ്യം.

രാജ്യത്തെ പ്രബലശക്തികള്‍ എതിര്‍ത്തിരുന്ന കാലഘട്ടത്തില്‍ സംവരണത്തിനുവേണ്ടി നിലകൊണ്ട് സോഷ്യലിസ്റ് പ്രസ്ഥാനം ആര്‍ജ്ജവം കാണിച്ചു. അസമത്വം വര്‍ദ്ധിതമാക്കുന്ന ഇന്നത്തെ വ്യവസ്ഥപിത രാഷ്ട്രീയ കക്ഷികള്‍ സമഗ്രമായ സംവരണ നയത്തിനുവേണ്ടി നിലകൊള്ളുവാന്‍ തയ്യാറാവുകയില്ല. അതിന് തെക്കന്‍ ബംഗാള്‍, ത്സാര്‍ഖണ്ട്, പടിഞ്ഞാറന്‍ ഒറീസ്സ, വടക്കന്‍ ആന്ധ്രപ്രദേശ്, തെക്കന്‍ മധ്യപ്രദേശ്, തെക്കന്‍ ഗുജറാത്ത്, തെക്കന്‍ രാജസ്ഥാന്‍ പ്രദേശങ്ങളിലെ മഹാഭൂരിപക്ഷം വരുന്ന ഒന്നും ലഭിക്കാത്ത ആദിവാസികളുടെയും, പട്ടിക ജാതി, മറ്റു പിന്നോക്ക സമൂഹങ്ങളുടെ പിന്നണിയില്‍ തള്ളപ്പെട്ടവരുടെയും ക്രൈസ്തവ, മുസ്ളീം ദലിതരുടെയും ഉയര്‍ത്തെഴുന്നേല്‍പ്പ് ലക്ഷ്യമിടുന്ന പുതിയ ഒരു രാഷ്ട്രീയ ശക്തി ഉണ്ടാകണം. സമഗ്രമായ ഒരു സംവരണ നയം നടപ്പിലാക്കുവാനുള്ള ഇച്ഛാശക്തി സൃഷ്ടിക്കുവാന്‍ അതാവശ്യമാണ്. പുതിയ രാഷ്ട്രീയത്തിനു വേണ്ടി നിലകൊള്ളുന്ന സമാജവാദി ജനപരിഷത്ത് ആ ഉദ്യമത്തിന് മുന്നിട്ടിറങ്ങുമെന്നും രജ്യത്തൊട്ടാകെയുള്ള ചര്‍ച്ചകളുടെ ഭാഗമായി അവതരിപ്പിച്ച പ്രബന്ധം സമാപിപ്പിച്ചുകൊണ്ട് യോഗേന്ദ്രയാദവ് പറഞ്ഞു.




സമാജവാദി ജനപരിഷത്ത് ദേശീയ ഉപാദ്ധ്യക്ഷന്‍ അഡ്വ.ജോഷി ജേക്കബ്ബിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സെമിനാറില്‍ സംസ്ഥാന ജന: സെക്രട്ടറി അഡ്വ. വിനോദ് പയ്യട, സുരേഷ് നരിക്കുനി, കുറിച്ചി സദന്‍, അഡ്വ. ജയ്മോന്‍ തങ്കച്ചന്‍, അഡ്വ. കെ.എം. ഡേവിഡ്, ഡോ. കെ. ശ്രീകുമാര്‍, എബി ജോണ്‍ വന്‍നിലം, ജോര്‍ജ്ജ് ജേക്കബ്ബ്, അഡ്വ. പി. റെജിനാര്‍ക്ക്, ഇ.വി ജോസഫ്, സനീഷ് ജോസഫ്, വേണു പറമ്പത്ത്, കെ.കെ വിജയന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

(C)Some Rights Reserved.This post is licensed under a Creative Commons Attribution-ShareAlike License.



യോഗേന്ദ്രയാദവിന്റെ കേരളപര്യടനം: 'കോട്ടയം വാര്‍ത്ത' നല്കിയ വാര്‍ത്താപരിഗണന

കക്ഷികള്‍ വര്‍ഗീയ ധ്രുവീകരണം ഉണ്ടാക്കുന്നു




കോട്ടയം: വര്‍ഗീയ ധ്രുവീകരണം ഉണ്ടാക്കാനാണ്‌ എല്ലാ രാഷ്‌ട്രീയ പാര്‍ട്ടികളും ശ്രമിക്കുന്നതെന്ന്‌ സമാജവാദി ജനപരിഷത്ത്‌ ദേശീയ നേതാവ്‌ യോഗേന്ദ്ര യാദവ്‌ അഭിപ്രായപ്പെട്ടു. കോട്ടയം പ്രസ്‌ ക്ലബ്‌ ഹാളില്‍ സംഘടിപ്പിച്ച മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.


സാധനങ്ങള്‍ ഒരുപാട്‌ ഉണ്ടെങ്കിലും ഉപഭോക്താക്കള്‍ക്ക്‌ ഒന്നും ലഭിക്കാത്തതു പോലത്തെ അവസ്ഥയാണ്‌ ഇന്ത്യന്‍ രാഷ്‌ട്രീയത്തിലുള്ളത്‌. ഒരു രാഷ്‌ട്രീയ പാര്‍ട്ടിയും ജനങ്ങളുടെ ആവശ്യങ്ങള്‍ പരിഗണനയ്‌ക്ക്‌ എടുക്കുന്നില്ലെന്നു് അദ്ദേഹം കുറ്റപ്പെടുത്തി.




ഇന്ത്യാ രാജ്യത്തെ മുസ്ലീങ്ങളെല്ലാം ഭയത്തിലാണ്‌. ഇന്ന്‌ അറസ്റ്റ്‌ ചെയ്യപ്പെടുന്നതില്‍ കൂടുതല്‍ മുസ്ലീം യുവാക്കളാണെന്നും ഇത്‌ വര്‍ഗീയ ലഹളകള്‍ക്കു് കാരണമായേക്കുമെന്നും അദ്ദേഹം പറഞ്ഞു.ആണവക്കരാര്‍ രാജ്യത്തിന്റെ പുരോഗതിയ്ക്കു് ആവശ്യമാണെന്നാണ്‌ യു പി എ സര്‍ക്കാര്‍ പറയുന്നത്‌.


ബി ജെ പി ഒരിക്കലും ആണവക്കരാറിനെ എതിര്‍ക്കുന്നില്ല. മറിച്ച്‌ ചില വ്യവസ്ഥകളെ മാത്രമാണ്‌ ചോദ്യം ചെയ്യുന്നത്‌. ന്യൂക്ലിയര്‍ എനര്‍ജി രാജ്യത്തിന്റെ വികസനത്തി നാവശ്യമാണെന്നും ആയുധങ്ങള്‍ രാജ്യത്തിന്റെ സുരക്ഷയ്‌ക്ക്‌ ആവശ്യമാണെന്ന കാര്യത്തില്‍ എല്ലാ രാഷ്‌ട്രീയ പാര്‍ട്ടികളും സമാന ചിന്താഗതിക്കാരണെന്നും അദ്ദേഹം പറഞ്ഞു.


മുഖ്യധാരാ മാധ്യമങ്ങള്‍ രാജ്യപുരോഗതിയ്‌ക്ക്‌ ആവശ്യമായ വാര്‍ത്തകള്‍ക്കു് വളരെ കുറച്ച്‌ പ്രാധാന്യമാണ്‌ നല്‍കുന്നത്‌. എന്നാല്‍ താഴേക്കിടയില്‍ ഉള്ളവയാണ്‌ ഇതില്‍ നല്ലൊരു പങ്ക്‌ വഹിക്കുന്നതെന്ന്‌ അദ്ദേഹം ചൂണ്ടിക്കാട്ടി.പ്രസ്‌ ക്ലബ്‌ പ്രസിഡന്റ്‌ പുന്നൂസ്‌ മാത്തന്‍, സെക്രട്ടറി ഇ പി ഷാജുദ്ദീന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.


(C)കോട്ടയം വാര്‍‍ത്ത
2008 സെപ്തംബര്‍‍ 27 ശനി


2008/10/01

യോഗേന്ദ്രയാദവിന്റെ കേരളപര്യടനം: 'മലയാള മനോരമ ' നല്കിയ വാര്‍ത്താപരിഗണന

'യുപിഎയും എന്‍ഡിഎയും നേട്ടമുണ്ടാക്കില്ല'

തിരുവനന്തപുരം: അടുത്ത ലോകസഭാ തിരഞ്ഞെടുപ്പില്‍ യുപിഎയും എന്‍ഡിഎയും ഭൂരിപക്ഷത്തിന് അടുത്തൊന്നും എത്തില്ലെന്നു പ്രശസ്ത തിരഞ്ഞെടുപ്പു പ്രവചന വിദഗ്ധനും ഡല്‍ഹിയിലെ സെന്റര്‍ ഫോര്‍ സ്റ്റഡി ഓഫ് ഡവലപിങ് സൊസൈറ്റീസിലെ ഫെലോയുമായ ഡോ. യോഗീന്ദ്ര യാദവ് പറഞ്ഞു. യുപിഎയില്‍ കോണ്‍ഗ്രസിനു വലിയ ക്ഷീണം സംഭവിക്കില്ലെങ്കിലും ഘടകകക്ഷികള്‍ക്കു നഷ്ടം വരും. എന്‍ഡിഎയില്‍ ബിജെപിക്കായിരിക്കും സീറ്റുകള്‍ നഷ്ടപ്പെടുകയെന്നും അദ്ദേഹം പറഞ്ഞു.

ഇന്‍സ്റ്റ്യൂട്ട് ഫോര്‍ പാര്‍ലമെന്ററി അഫയേഴ്സും കേരള സര്‍വകലാശാല പൊളിറ്റിക്കല്‍ സയന്‍സ് വിഭാഗവും ചേര്‍ന്നു നടത്തിയ സെമിനാറില്‍ 'ലോക്സഭാ തിരഞ്ഞെടുപ്പ്-2009, സാഹചര്യങ്ങളും സാധ്യതകളും എന്ന വിഷയത്തെക്കുറിച്ചു പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

യുപിഎയ്ക്കും എന്‍ഡിഎക്കും നഷ്ടമുണ്ടാകുമെങ്കിലും ഇടതുപക്ഷത്തിനോ മൂന്നാം മുന്നണിക്കോ നേട്ടമുണ്ടാകുമെന്നര്‍ത്ഥമില്ല. ബിഎസ്പിക്കു സീറ്റുകള്‍ കൂടുമെങ്കിലും അവര്‍ പ്രതീക്ഷിക്കുന്ന രീതിയില്‍ സര്‍ക്കാര്‍ രൂപവല്‍ക്കരണത്തില്‍ നിര്‍ണായക പങ്കു വഹിക്കാന്‍ മാത്രം സീറ്റു കിട്ടില്ല. തൃണമൂല്‍ കോണ്‍ഗ്രസ്, തെലുങ്കുദേശം, അണ്ണാ ഡിഎംകെ തുടങ്ങിയ കക്ഷികളുടെ നിലപാട് സര്‍ക്കാര്‍ രൂപീകരണത്തെ സ്വാധീനിക്കും.

ഗ്രാമീണ തൊഴിലുറപ്പു നിയമം, വിവരാവകാശ നിയമം, വനാവകാശ നിയമം തുടങ്ങി പുരോഗമനപരമായ ഏറെ നിയമങ്ങള്‍ യുപിഎ സര്‍ക്കാര്‍ കൊണ്ടുവന്നെങ്കിലും അവര്‍ക്ക് അതിന്റെ നേട്ടം തിരഞ്ഞെടുപ്പില്‍ കിട്ടില്ല. നിയമങ്ങള്‍



നടപ്പാക്കുന്നതില്‍ കാണിച്ച അലംഭാവം മൂലമാണിത്. കോണ്‍•സിന്റെ ഉന്നത നേതൃത്വം അരാഷ്ട്രീയവല്‍ക്കരിക്കപ്പെട്ടതാണ് ഇതിനു കാരണം.

ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ പാര്‍ട്ടികളുടെ എണ്ണം കൂടുന്നുണ്ടെങ്കിലും നയപരമായ കാര്യങ്ങളില്‍ പാര്‍ട്ടികള്‍ തമ്മിലുള്ള അന്തരം കുറയുകയാണ്. വോട്ടര്‍മാര്‍ക്കു തിരഞ്ഞെടുക്കാവുന്ന സാധ്യതകള്‍ വിരളമാകുന്നു. തങ്ങള്‍ ഉദ്ദേശിക്കുന്ന ആളുകള്‍ക്കു വോട്ട് ചെയ്യാം, എന്നാല്‍ നയങ്ങള്‍ക്കു വോട്ട് ചെയ്യാനാവില്ലെന്ന എന്ന പ്രതിസന്ധിയാണു ജനം നേരിടുന്നത്. യുപിഎയും എന്‍ഡിഎയും ഇടതുപക്ഷവുമെല്ലാം നവലിബറല്‍ നയങ്ങളാണു പിന്തുടരുന്നത്. സിപിഎം ജനാധിപത്യ പാര്‍ട്ടിയായി മാറിക്കൊണ്ടിരിക്കുന്നു. കമ്യൂണിസ്റ്റ് പാര്‍ട്ടിയെന്ന പേര് കൈവിടുന്നില്ലെന്നേയുള്ളൂ.

തിരഞ്ഞെടുപ്പിനു ശേഷമുണ്ടാകുന്ന അനിശ്ചിതത്വം വലിയ ആപത്തിനൊന്നും വഴിവയ്ക്കില്ല. ഈ അനിശ്ചിതത്വം ഒട്ടേറെ സാധ്യതകള്‍ സൃഷ്ടിക്കും. ഇതില്‍ നിന്നായിരിക്കും ബദല്‍ രാഷ്ട്രീയ മാതൃക ഉരുത്തിരിയുക. രാഷ്ട്രീയ പ്രതിബദ്ധതയുള്ള സാമൂഹ്യ പ്രസ്ഥാനങ്ങളായിരിക്കും അതിനു തുടക്കം കുറിക്കുകയെന്നു വേണം കരുതാന്‍-ഡോ. യാദവ് പ്രവചിച്ചു.

ആ•ാളവല്‍ക്കരണവും വര്‍ഗീയതയുമായിരിക്കും അടുത്ത തിരഞ്ഞെടുപ്പിലെ മുഖ്യവിഷയങ്ങള്‍ എന്നു ചടങ്ങില്‍ അധ്യക്ഷത വഹിച്ച മന്ത്രി എം. വിജയകുമാര്‍ പറഞ്ഞു. ഏകകക്ഷി ഭരണമെന്ന വികലമായ നയം കോണ്‍‍‍ഗ്രസ് നേരത്തെ ഉപേക്ഷിച്ചിരുന്നെങ്കില്‍ വര്‍ഗീയ കക്ഷികള്‍ കേന്ദ്രത്തില്‍ ഒരിക്കലും അധികാരത്തില്‍ വരില്ലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ പാര്‍ലമെന്ററി അഫയേഴ്സ് ഡയറക്ടര്‍ ഡോ.ജെ. പ്രഭാഷ്, പൊളിറ്റിക്കല്‍ സയന്‍സ് വിഭാഗം മേധാവി ഡോ.ജി. ഗോപകുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.

കടപ്പാടു് :-മലയാള മനോരമ 2008 സെപ്തംബര്‍‍ 30, ചൊവ്വ