2010/03/18

സീറോ ബജറ്റ് നാച്വറല്‍ ഫാമിങ് പരിശീലനക്കളരി കോട്ടയത്ത്



കോട്ടയം: സീറോ ബജറ്റ് നാച്വറല്‍ ഫാമിങ് (ചെലവില്ലാ സ്വാഭാവിക കൃഷി) എന്ന പരിസ്ഥിതി സൗഹൃദ കൃഷി രീതിയുടെ പരിശീലനക്കളരി പ്രകൃതി കൃഷി ശാസ്ത്രജ്ഞന്‍ സുഭാഷ് പാലേക്കരുടെ നേതൃത്വത്തില്‍ ഏപ്രില്‍ അഞ്ചുമുതല്‍ എട്ടുവരെ കോട്ടയത്ത് നടത്തുന്നു. രാസവളം ഉപയോഗിച്ചുള്ള കൃഷിയില്‍‍നിന്നും ജൈവകൃഷിയില്‍‍നിന്നും വ്യത്യസ്തമായ ഈ കൃഷിരീതി ഇന്ത്യയില്‍ മുപ്പതു ലക്ഷത്തോളം ആളുകള്‍ വിജയകരമായി പിന്തുടരുന്നതാണു്.


നാടന്‍ പശുവിന്റെ മൂത്രവും ചാണകവും ചേര്‍ത്തു നിര്‍മിക്കുന്ന മിശ്രിതം മണ്ണില്‍ പ്രയോഗിച്ച് വിളവ് വര്‍ധിപ്പിക്കുകയാണു സീറോ ബജറ്റ് ഫാമിങ്ങിലൂടെ പ്രധാനമായി ഉദ്ദേശിക്കുന്നത്. 30 ഏക്കര്‍ സ്ഥലത്ത് വരെ സുഖമായി കൃഷി നടത്താന്‍ ഒരു നാടന്‍ പശുവിന്റെ ചാണകവും മൂത്രവും മാത്രം മതി. ഇപ്പോള്‍ കൃഷിക്കായി ഉപയോഗിക്കുന്നതിന്റെ 10% വൈദ്യുതിയും ജലവും മതിയാകും.


ഈ ചെലവില്ലാ സ്വാഭാവിക കൃഷി രീതിയുടെ ഉപജ്ഞാതാവായ സുഭാഷ് പാലേക്കര്‍ (ഫോട്ടോ) മഹാരാഷ്ട്രയിലെ അമരാവതി മഹാരാഷ്ട്രയിലെ യവത്മാള്‍ ജില്ലയിലെ ഖഡക് സവാംഗ ഗ്രാമക്കാരനാണു്. 1949 ല്‍ ആണ് ജനനം. സ്വന്തം ഗ്രാമത്തിലും പിന്നീട് അമരാവതി നഗരത്തിലും പഠനം നടത്തി. കോളജ് പഠനം കഴിഞ്ഞ ഉടനെ കൃഷിയിടത്തിലേയ്ക്കുപോയി. വിനോബഭാവെയുടെ സാമൂഹിക ഇടപെടലുകളില്‍ അദ്ദേഹം ആകൃഷ്ടനായി. സന്ത് ജ്ഞാനേശ്വറും തുക്കാറാമും സ്വാധീനിച്ചു.

വിദേശ, സ്വദേശ ഫണ്ടിങ്ങുകളുടെ പിന്‍ബലം സുഭാഷ് പാലേക്കര്‍ക്കില്ല. കമ്പനികളില്‍നിന്നോ സംഘടനകളില്‍നിന്നോ സര്‍ക്കാരില്‍നിന്നോ പൈസ കൈപ്പറ്റുന്നുമില്ല. സെമിനാറുകളില്‍നിന്നും വര്‍ക്ഷോപ്പുകളില്‍നിന്നും ലഭിക്കുന്ന തുച്ഛമായ വരുമാനം ഉപയോഗിച്ചാണ് സീറോ ബജറ്റ് നാച്ചുറല്‍ ഫാമിങ് കൃഷിരീതി രാജ്യമൊട്ടാകെ പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്നത്.


കോട്ടയം ഗാന്ധിസ്മാരക സേവാകേന്ദ്രം, കോട്ടയം സര്‍വോദയ മണ്ഡലം, പത്തനംതിട്ട സര്‍വോദയ മണ്ഡലം, സമാജ്‌വാദി ജനപരിഷത്, കേരള കര്‍ഷകമുന്നണി, കോട്ടയം പ്രകൃതിജീവനസമിതി, കട്ടപ്പന ഗ്രീന്‍ലീഫ്, ആരോഗ്യ ജാഗ്രത, പൂഞ്ഞാര്‍ ഭൂമിക തുടങ്ങിയ സംഘടനകളാണ് കോട്ടയത്ത് പരിശീലനക്കളരി സംഘടിപ്പിക്കുന്നത്. പരിശീലനക്കളരിയുടെ സംഘാടകസമിതി രൂപവത്കരണം ജനു22ന് വൈകീട്ട് നാലിന് കോട്ടയം അയ്യപ്പസേവാസംഘം ഹാളിലാണു് ചേര്‍‍ന്നതു്.

ബന്ധപ്പെടുക: എം കുര്യന്‍ (കോട്ടയം ഗാന്ധിസ്മാരക സേവാകേന്ദ്രം ഗാന്ധി സ്മാരക സേവാ കേന്ദ്രം സെക്രട്ടറി) 9446390839

Zero Budget Natural Farming കാണുക

.

0 പ്രതികരണം:

അഭിപ്രായം പറയൂ

കുറിപ്പ്: ഈ ബ്ലോഗിലെ ഒരു അംഗത്തിനു മാത്രമേ അഭിപ്രായം പോസ്റ്റ് ചെയ്യാന്‍ കഴിയൂ.